Tuesday, January 4, 2011

ശക്തിപ്പെടുന്ന ഇന്ത്യാ-ചൈന സൌഹൃദം

ശക്തിപ്പെടുന്ന ഇന്ത്യാ-ചൈന സൌഹൃദം
എസ് രാമചന്ദ്രന്‍പിള്ള

ചൈനയുടെ പ്രധാനമന്ത്രി വെന്‍ ജിയാ ബാവോയുടെ ഇന്ത്യാ സന്ദര്‍ശനത്തിനും എത്തിച്ചേര്‍ന്ന ധാരണകള്‍ക്കും ഇന്ത്യയിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന് മാത്രമല്ല, ചൈനാവിരുദ്ധ പ്രചാരവേല സംഘടിപ്പിക്കാനാണവര്‍ ശ്രമിച്ചത്. അമേരിക്കന്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ അത്തരം സമീപനം സ്വീകരിച്ചതില്‍ ഒട്ടും അല്‍ഭുതപ്പെടേണ്ടതില്ല. എന്നാല്‍, നടന്നുകൊണ്ടിരിക്കുന്ന ചൈനാവിരോധ പ്രചാരവേലയുടെ മലവെള്ളപ്പാച്ചിലില്‍ മറ്റൊരു വിഭാഗം മാധ്യമങ്ങളും അകപ്പെട്ടുപോയെന്ന് ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനാവസരത്തിലെ മാധ്യമ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ കാണാനാവും. അമേരിക്കയുടെ താല്‍പര്യങ്ങള്‍ പരിരക്ഷിക്കാന്‍ വളരെ സംഘടിതമായ കരുനീക്കങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. വീക്കിലീക്സിന്റെ വെളിപ്പെടുത്തലുകള്‍ ചില കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. കോര്‍പ്പറേറ്റുകളുടെ ദല്ലാള്‍ ആയ നീര റാഡിയായുടെ ഇതിനകം പുറത്ത് വന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍, കോര്‍പ്പറേറ്റുകളുടെ ബിസിനസ് താല്‍പര്യം സംരക്ഷിക്കാന്‍ നയരൂപീകരണത്തില്‍ മാത്രമല്ല മന്ത്രിസഭാ രൂപീകരണത്തിലും സ്വാധീനം ചെലുത്താന്‍ മാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തിയെന്ന് വെളിപ്പെടുത്തുന്നു. തുടര്‍ച്ചയായി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ചൈനാവിരുദ്ധ വാര്‍ത്തകളുടെ പിന്നില്‍ അമേരിക്കയുടെ ഇടപെടലുകള്‍ ഉണ്ടെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഇന്ത്യയും ചൈനയും തമ്മിലുള്ള സൌഹൃദം ശക്തിപ്പെടുന്നത് അമേരിക്കയുടെ ഭരണനേതൃത്വം ഒട്ടും ഇഷ്ടപ്പെടുന്ന കാര്യമല്ല. ചൈനയും ഇന്ത്യയും വികസ്വര രാജ്യങ്ങളുടെ കൂട്ടത്തില്‍ സാമ്പത്തിക വളര്‍ച്ച നേടുന്ന രണ്ട് രാജ്യങ്ങളാണ്. അവയില്‍ ചൈനയുടെ വളര്‍ച്ച അതിവേഗത്തിലാണ്. ചൈന 2007ല്‍ ജര്‍മനിയെയും 2010 ജൂലൈയില്‍ ജപ്പാനെയും സാമ്പത്തിക രംഗത്ത് പിന്തള്ളി കഴിഞ്ഞിരിക്കുകയാണ്. ചൈനയുടെ ഇന്നത്തെ വളര്‍ച്ചാനിരക്ക് നിലനിര്‍ത്തിയാല്‍ രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ തന്നെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ചൈനയ്ക്ക് മറികടക്കാനാവുമെന്ന് കണക്കാക്കപ്പെടുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സൌഹൃദം തകരാറിലാക്കി സംഘര്‍ഷം വളര്‍ത്താന്‍ കഴിഞ്ഞാല്‍ ചൈനയുടെയും ഇന്ത്യയുടെയും സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്താനാവുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു. അമേരിക്ക നേതൃത്വം നല്‍കുന്ന സാമ്പത്തിക - സൈനിക സഖ്യങ്ങളില്‍ രാഷ്ട്രങ്ങളെ അണിനിരത്തി ചൈനയ്ക്ക് ചുറ്റും ഒരു വലയം സൃഷ്ടിച്ച് ചൈനയെ ഒതുക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് വളരെ പ്രധാനപ്പെട്ടതാണെന്ന് അമേരിക്ക കാണുന്നു. ഇന്ത്യാ - ചൈന സൌഹൃദം ശക്തിപ്പെട്ടാല്‍ അമേരിക്കന്‍ തന്ത്രമാകെ പാളിപ്പോകും. ഇന്ത്യാ - ചൈന സൌഹൃദം ശക്തിപ്പെടുന്നതിന്റെ ഫലമായി അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരെ സ്വതന്ത്ര നിലപാടെടുക്കാന്‍ ഇന്ത്യക്ക് കരുത്ത് ഉണ്ടാകുമെന്നും അമേരിക്കയ്ക്കറിയാം.

ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും തമ്മിലുള്ള സൌഹൃദം വളര്‍ന്നു വരുന്നുണ്ടെന്ന്, സാര്‍വദേശീയ സമിതികളില്‍ ഈ രാജ്യങ്ങള്‍ എടുക്കുന്ന നിലപാടുകള്‍ സൂചിപ്പിക്കുന്നു. ബ്രിക് (ആഞകഇ) എന്ന പേരില്‍ അറിയപ്പെടുന്ന ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന സഖ്യം അമേരിക്കയുടെ ഏകപക്ഷീയ നീക്കങ്ങളെ ചെറുക്കാനും ബഹുധ്രുവത വളര്‍ത്താനും ഉപകരിക്കുന്ന ഘടകമാണ്. ബ്രസീലും റഷ്യയും ഇന്ത്യയും ചൈനയും ഒത്തുചേര്‍ന്നാല്‍ ലോകത്തിലെ ഭൂവിസ്തൃതിയുടെ 25 ശതമാനവും ജനസംഖ്യയുടെ 40 ശതമാനവും വരും. പല സാര്‍വദേശീയ സമിതികളിലും ബ്രിക് രാജ്യങ്ങള്‍ സമാന നിലപാടുകള്‍ എടുക്കുന്നത് അമേരിക്കയ്ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയെയും ചൈനയെയും തമ്മില്‍ ഏറ്റുമുട്ടിക്കാനും വിരുദ്ധ ചേരികളില്‍ അണിനിരത്താനും കഴിഞ്ഞാല്‍ അമേരിക്കയുടെ ലോക മേധാവിത്വ സ്ഥാനത്തിന് അടുത്ത കാലത്ത് യാതൊരു ഭീഷണിയും ഉയര്‍ന്ന് വരികയില്ലെന്നും അമേരിക്ക മനസ്സിലാക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സൌഹൃദം തകര്‍ക്കുന്നതിന് അമേരിക്ക എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുന്നത് ഇക്കാരണങ്ങളാലാണ്.

ഇന്ത്യയിലെ മാധ്യമങ്ങളെ ചൈനാവിരോധ പ്രചാരവേലയില്‍ അണിനിരത്താന്‍ അമേരിക്ക പല മാര്‍ഗങ്ങളും സ്വീകരിക്കുന്നു. ജനങ്ങളില്‍ ചൈനാവിരോധം വളര്‍ന്നാല്‍, വഴങ്ങുന്ന രാഷ്ട്രീയ നേതൃത്വത്തെ ഉപയോഗപ്പെടുത്തി അടുത്ത കരുക്കള്‍ എങ്ങനെ നീക്കണമെന്ന് അമേരിക്കയ്ക്ക് അറിയാം. ഉദ്യോഗസ്ഥ തലത്തിലും അക്കാദമിക് മേഖലയിലെ ബുദ്ധിജീവി വിഭാഗത്തിലും അമേരിക്കന്‍ അനുകൂല നിലപാട് ശക്തിപ്പെടുത്തുന്നതിന് പല നിലയിലുള്ള ബന്ധങ്ങളും ഇടപെടലുകളും വഴി അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥിരമായി ചൈനാവിരോധ നിലപാടെടുക്കുന്ന രാഷ്ട്രീയ കക്ഷികളെയും നേതാക്കളെയും അമേരിക്കയുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സമര്‍ത്ഥമായി പ്രയോജനപ്പെടുത്താനും ആവും. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത പല വാര്‍ത്തകളും ചൈനക്കെതിരെ അടുത്ത കാലത്ത് തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. പല വാര്‍ത്തകളും തെറ്റാണെന്ന് വ്യക്തമാക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തന്നെ മുന്നോട്ട് വരികയുമുണ്ടായി.

ചൈനയുടെ പ്രധാനമന്ത്രിയും ഇന്ത്യയുടെ പ്രധാനമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളും എത്തിച്ചേര്‍ന്ന ധാരണകളും ഒപ്പിട്ട പുതിയ കരാറുകളും രണ്ട് പ്രധാനമന്ത്രിമാര്‍ ഒരുമിച്ച് ചേര്‍ന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയും എല്ലാം ഇന്ത്യയും ചൈനയും തമ്മിലുള്ള സൌഹൃദം ശക്തിപ്പെട്ടുവരികയാണെന്ന് വ്യക്തമാക്കുന്നു. ചൈനയുടെ പ്രധാനമന്ത്രി വെന്‍ ജിയാ ബാവോ ഇന്ത്യന്‍ സ്കൂള്‍ ഓഫ് വേള്‍ഡ് അഫയേഴ്സില്‍ നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം വെട്ടിത്തുറന്ന് പ്രസ്താവിച്ചു: "ഞങ്ങള്‍ സ്നേഹിതരാണ്. ശത്രുക്കളല്ല. ഞങ്ങള്‍ എന്നും സ്നേഹിതരായിരിക്കും. ഒരിക്കലും ശത്രുക്കളാവില്ല. ഓരോ ചൈനക്കാരന്റെയും ഇന്ത്യക്കാരന്റെയും ഉറച്ച വിശ്വാസമാണിത്''.

ഇന്ത്യയും ചൈനയും തമ്മില്‍ പരിഹാരം കാണേണ്ട പല പ്രശ്നങ്ങളും ഉണ്ടെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ക്ഷമാപൂര്‍വമായ ചര്‍ച്ചകള്‍ വഴി അവയ്ക്കെല്ലാം പരിഹാരം കാണാനാവും. അതിര്‍ത്തി തര്‍ക്കമാണ് പരിഹാരം കാണേണ്ട ഒരു പ്രധാനപ്പെട്ട വിഷയം. ചൈനീസ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വഴി ഈ പ്രശ്നത്തിന് ഉടനെ പരിഹാരം കാണാനാവുമെന്ന് ആരും കരുതിയിട്ടില്ല. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയതലത്തിലും ഗൌരവപൂര്‍ണമായ ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്. ചര്‍ച്ച പുരോഗമിക്കുന്നുവെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പ്രസ്താവിച്ചിട്ടുള്ളത്. ഇന്ത്യയും ചൈനയും തമ്മിലുള്ള സൌഹൃദവും മറ്റ് മേഖലകളിലെ സഹകരണവും ശക്തിപ്പെടുന്നത് അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് അനുകൂലാന്തരീക്ഷം സൃഷ്ടിക്കും. ഭൂതകാല ചരിത്രം അടിച്ചേല്‍പിച്ച അതിര്‍ത്തിയെ പറ്റിയുള്ള തര്‍ക്കങ്ങള്‍ വര്‍ത്തമാന - ഭാവി കാല സൌഹൃദത്തിനും സഹകരണങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കരുതെന്ന സമീപനമാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നത്. ഇന്ത്യാ - ചൈന സംയുക്ത പ്രസ്താവനയില്‍ അതിര്‍ത്തി തര്‍ക്കം സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹാരം കാണാനുള്ള ശ്രമം തുടരുമെന്നും അതിര്‍ത്തിയില്‍ സുരക്ഷയും സമാധാനവും നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ 2005 ഏപ്രിലില്‍ ആണ് പ്രധാനമന്ത്രി എന്ന നിലയില്‍ ആദ്യമായി ഇന്ത്യ സന്ദര്‍ശിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ചൈനീസ് പ്രധാനമന്ത്രി പതിനൊന്ന് തവണ പരസ്പരം കാണുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഈ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യാ - ചൈന സൌഹൃദം കൂടുതല്‍ ശക്തിപ്പെട്ടുവെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമറാവു മാധ്യമങ്ങളെ അറിയിക്കുകയുണ്ടായി.

ഇന്ത്യയും ചൈനയും തമ്മിലുള്ള കച്ചവടബന്ധം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വ്യാപാരം മൂന്നിരട്ടി വളര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇത് ആറായിരം കോടി ഡോളറായി ഉയര്‍ന്നു. 2015 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 10,000 കോടി ഡോളറായി വളരുമെന്നാണ് കരുതുന്നത്. ഇന്ത്യാ - ചൈന വ്യാപാരത്തില്‍ ഇന്ന് ഇന്ത്യക്കുള്ള വ്യാപാരശിഷ്ടം പരിഹരിക്കാമെന്നും ചൈന വാഗ്ദാനം ചെയ്തു. ഇന്ത്യയില്‍നിന്നും വിവര സാങ്കേതികം, ഔഷധം തുടങ്ങിയ ഉല്‍പന്നങ്ങളുടെ ചൈനയിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാനാണ് ധാരണ. ചൈനയില്‍ നടക്കുന്ന പ്രാദേശിക വ്യാപാരമേളകളിലും വ്യാപാര കേന്ദ്രങ്ങളിലും പങ്കെടുക്കാന്‍ ഇന്ത്യക്ക് അവസരവും ലഭിക്കും. സാമ്പത്തികബന്ധം ശക്തിപ്പെടുത്താന്‍ ചൈനയിലെയും ഇന്ത്യയിലെയും വ്യവസായങ്ങളുടെ തലവന്മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ സമിതി രൂപീകരിക്കാനും ധാരണയായി. ബാങ്കിങ് മേഖലയിലെ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതാണ് ഇന്ത്യാ - ചൈന സഹകരണം വ്യാപിപ്പിച്ച പുതിയ മേഖല. ഇതുവഴി ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ചൈനയില്‍ ശാഖകള്‍ സ്ഥാപിക്കാന്‍ അവസരം ലഭിക്കും. ഇന്ത്യക്ക് ചൈനയിലും ചൈനക്ക് ഇന്ത്യയിലും വ്യവസായങ്ങള്‍ സ്ഥാപിക്കാനും മുതല്‍മുടക്കാനും പുതിയ അവസരങ്ങളുണ്ടാകും.

ഇന്ത്യയും ചൈനയും അന്താരാഷ്ട്ര വേദികളില്‍ സഹകരണം ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ധാരണയിലെത്തി. ദോഹാവട്ട ചര്‍ച്ചകള്‍, കാലാവസ്ഥാ മാറ്റം, ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, അന്താരാഷ്ട്ര സാമ്പത്തിക ക്രമത്തിലെ പരിഷ്കാരങ്ങള്‍, ജി 20 സഖ്യം എന്നീ വേദികളില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ശക്തമാക്കും. കിഴക്കനേഷ്യന്‍ ഉച്ചകോടി, ഏഷ്യാ - യൂറോപ്പ് ഉച്ചകോടി, ഷാങ്ഹായ് സഹകരണ സംഘടന, സാര്‍ക്ക്, റഷ്യ - ഇന്ത്യ - ചൈന ത്രിരാഷ്ട്ര സഖ്യം എന്നീ വേദികളിലും ഇന്ത്യയും ചൈനയും തമ്മില്‍ സഹകരണം വളര്‍ത്താനും ഇരുപ്രധാനമന്ത്രിമാരും തീരുമാനിച്ചു. ഐക്യരാഷ്ട്ര സംഘടനയില്‍, പ്രത്യേകിച്ച് രക്ഷാസമിതിയില്‍, കൂടുതല്‍ പങ്ക് വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹത്തെ പിന്തുണക്കുന്നതായി സംയുക്ത പ്രസ്താവന വ്യക്തമാക്കി. നിലവിലുള്ള രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗമായി ഇന്ത്യയെ തെരഞ്ഞെടുത്തതിനെ ചൈനീസ് പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

എല്ലാ രൂപങ്ങളിലുമുള്ള ഭീകരവാദത്തെയും ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനെയും ഇന്ത്യയും ചൈനയും ഒരുമിച്ചെതിര്‍ക്കുമെന്ന് രണ്ട് പ്രധാനമന്ത്രിമാരും പ്രഖ്യാപിച്ചു. ജമ്മു-കാശ്മീര്‍ നിവാസികള്‍ക്ക് കടലാസ് വിസയാണ് ചൈനീസ് എംബസി നല്‍കുന്നതെന്ന പ്രശ്നം അടുത്ത കാലത്ത് ഉയര്‍ന്ന് വരികയുണ്ടായി. ഇന്ത്യ ഈ പ്രശ്നം ഉന്നയിക്കുന്നതിന് മുമ്പ് വെന്‍ ജിയാ ബാവോ തന്നെ ഈ വിഷയം ചര്‍ച്ചയില്‍ അവതരിപ്പിച്ചു എന്നാണ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു പ്രസ്താവിച്ചത്. ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ വിശദമായ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുമെന്ന് ധാരണയായി.

ഇരുരാഷ്ട്രങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഹോട്ട്ലൈന്‍ ബന്ധം ആരംഭിച്ചതാണ് ഇന്ത്യാ- ചൈന സൌഹൃദം ശക്തിപ്പെടുത്താനെടുത്ത മറ്റൊരു നടപടി. ഇരുരാജ്യങ്ങളിലെയും വിദേശമന്ത്രിമാര്‍ തമ്മില്‍ വര്‍ഷംതോറും ചര്‍ച്ച നടത്താനും നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ വര്‍ദ്ധിപ്പിക്കാനും ഇരു പ്രധാനമന്ത്രിമാരും തീരുമാനിച്ചു. അടുത്തവര്‍ഷം ചൈന സന്ദര്‍ശിക്കാന്‍ മന്‍മോഹന്‍സിങ്ങിനെ വെന്‍ ജിയാ ബാവോ ക്ഷണിക്കുകയും മന്‍മോഹന്‍സിങ് ക്ഷണം സ്വീകരിക്കുകയും ചെയ്തു. തുറന്ന മനസ്സുള്ള വ്യക്തിയാണ് താനെന്ന മന്‍മോഹന്‍സിങ്ങിന്റെ പ്രസ്താവനയില്‍ വെന്‍ ജിയാ ബാവോ സന്തോഷം പ്രകടിപ്പിച്ചു. വ്യാളിയും (ചൈന) ആനയും (ഇന്ത്യ) ഒന്നിച്ച് നൃത്തം ചെയ്യട്ടെ എന്നാണ് പത്രാധിപന്മാരോടും ബുദ്ധിജീവികളോടും ചൈനീസ് പ്രധാനമന്ത്രി പറഞ്ഞത്. ഇന്ത്യയും ചൈനയും സുഹൃത്തുക്കളെ പോലെ മുന്നോട്ട് കുതിക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും പറയുകയുണ്ടായി. ഈ നൂറ്റാണ്ട് ഏഷ്യയുടേതാണെന്നും അതുകൊണ്ട് ഇന്ത്യക്കും ചൈനക്കും വളരാന്‍ ധാരാളം ഇടമുണ്ടെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം ഇന്ത്യാ - ചൈന സൌഹൃദത്തെ ശക്തിപ്പെടുത്തും. ഇന്ത്യാ - ചൈന സൌഹൃദം തകര്‍ക്കാനുള്ള അമേരിക്കയുടെയും സാമ്രാജ്യത്വ ദല്ലാളുകളുടെയും നീക്കം തുടര്‍ന്നുമുണ്ടാകുമെന്നാണ് മാധ്യമവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. അപകടകരമായ ഇത്തരം നീക്കങ്ങളെ പരാജയപ്പെടുത്താന്‍ ജനാധിപത്യശക്തികള്‍ വര്‍ദ്ധിച്ച ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

No comments: