Sunday, January 9, 2011

പ്രവാസികള്‍ക്ക് നികുതി: ലക്ഷക്കണക്കിനാളുകള്‍ക്ക് ദോഷം ചെയ്യും

പ്രവാസികള്‍ക്ക് നികുതി: ലക്ഷക്കണക്കിനാളുകള്‍ക്ക് ദോഷം ചെയ്യും
മലപ്പുറം: അന്‍പത്തൊമ്പത് ദിവസത്തിലധികം നാട്ടില്‍ തങ്ങുന്ന പ്രവാസികള്‍ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ജില്ലയിലെ ലക്ഷക്കണക്കിന് പ്രവാസികളെ ദോഷകരമായി ബാധിക്കുമെന്ന് കേരള പ്രവാസി സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തി 59 ദിവസത്തിലധികം നാട്ടില്‍ തങ്ങുന്നവര്‍ക്ക് നിക്ഷേപത്തിലും സ്വത്തിലും അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് നീക്കം. ഇതിനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിവരികയാണ്. നിലവില്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് മൂന്നുകൊല്ലംവരെ തങ്ങാന്‍ നിയമമുണ്ടായിരുന്നു. ഇവരുടെ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് നികുതിയുമില്ല. ഇതാണ് 59 ദിവസമാക്കി കുറക്കുന്നത്. 60 ദിവസം നാട്ടില്‍ കഴിഞ്ഞാല്‍ ബാങ്ക് ക്ളിയറന്‍സ്, സ്വത്ത് വിവരങ്ങള്‍ എന്നിവ നല്‍കിയാലെ എമിഗ്രേഷന്‍ ക്ളിയറന്‍സ് നല്‍കൂ എന്ന നിയമം കൊണ്ടുവരാനാണ് നീക്കം. മലയാളികളായ തൊഴിലാളികള്‍ മൂന്നുവര്‍ഷത്തോളം ഗള്‍ഫില്‍ കഴിഞ്ഞാണ് നാട്ടില്‍ അവധിക്കെത്തുന്നത്. ഇവരാകട്ടെ ആറുമാസത്തിലധികം നാട്ടില്‍ കഴിഞ്ഞാണ് തിരിച്ചുപോകുന്നത്. ഇവരെ നിയമം പ്രതികൂലമായി ബാധിക്കും. ഇതിനെതിരെ പ്രവാസിസംഘം പ്രക്ഷോഭം തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ പ്രവാസി ദ്രോഹനയത്തിനെതിരെ കേരള പ്രവാസി സംഘം തിങ്കളാഴ്ച മലപ്പുറം പാസ്പോര്‍ട്ട് ഓഫീസ് മാര്‍ച്ച് നടത്തും. സമഗ്ര കുടിയേറ്റ നിയമം കൊണ്ടുവരിക, കേരള സര്‍ക്കാര്‍ മാതൃകയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ക്ഷേമനിധി കൊണ്ടുവരിക, ഇന്ധന ഹാന്‍ഡ്്ലിങ് ചാര്‍ജ് പിന്‍വലിക്കുക, പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുക, വിമാനസര്‍വീസ് റദ്ദാക്കി യാത്രക്കാരെ വലയ്ക്കുന്ന എയര്‍ ഇന്ത്യാ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സമരം. കെ വി അബ്ദുള്‍ഖാദര്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്യും. പങ്കെടുക്കുന്നവര്‍ രാവിലെ 9.30ന് മലപ്പുറം കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് എത്തണമെന്നും അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി നാണത്ത് മുഹമ്മദാലി, സി കെ കൃഷ്ണദാസ്, ബാവഹാജി എന്നിവര്‍ പങ്കെടുത്തു.

No comments: