Wednesday, January 12, 2011

പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട .2


പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട .2
പിണറായി വിജയന്‍




സംസ്ഥാനത്തിന്റെ പൊതുവികസനകാര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയണം. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടികള്‍, ഇടതുപക്ഷമായാലും വലതുപക്ഷമായാലും എല്ലാവരും നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണല്ലോ പറയുന്നത്. നാടിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നാട്ടില്‍ വികസനമുണ്ടാകണ്ടേ? നാടിന് ദോഷം ചെയ്യുന്ന വികസനം വേണ്ട. ഒരു ദോഷവും ഇല്ലാത്ത വികസനമാണെങ്കില്‍ എന്തിന് അതിന് തടസ്സം നില്‍ക്കണം? അപ്പോള്‍ ഈ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം. അത് വികസനമെന്നത് ഭരണപക്ഷത്തിരിക്കുന്നവരുടെ ഒരു പ്രത്യേക അവകാശമായി കാണരുത്. ഭരണപക്ഷത്തിരിക്കുന്നവര്‍ വികസനത്തെക്കുറിച്ച് പറയേണ്ടവരും പ്രതിപക്ഷത്തിരിക്കുന്നവര്‍ എതിര്‍ക്കേണ്ടവരും എന്ന മനോഭാവത്തില്‍ മാറ്റം വരണം. കാരണം, നാടിന്റെ പൊതുവായ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇനി ഇതില്‍ രണ്ടിലും പെടാത്ത ഒരു കൂട്ടര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരായാലും - ഇവരെല്ലാം നാടിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നതുകൊണ്ട് പൊതുവികസനകാര്യങ്ങളില്‍ യോജിപ്പ് പ്രകടിപ്പിക്കാനാകണം. ഇപ്പോള്‍, ഒരു പദ്ധതി വരുന്നു. ആ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ ടെന്‍ഡറുകള്‍ വരും. ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന വിവിധ ആളുകള്‍, വിവിധ കമ്പനികളുണ്ടാകും. ആ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നു. ഒരുകൂട്ടര്‍ക്കല്ലേ കിട്ടൂ. പലവിധത്തിലുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ആ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരുകൂട്ടര്‍ക്ക് ടെന്‍ഡര്‍ അനുവദിക്കുന്നു. ടെന്‍ഡര്‍ അനുവദിക്കപ്പെട്ടു കഴിയുന്നതോടെ ടെന്‍ഡര്‍ കിട്ടാത്തവര്‍ പുറപ്പെടുകയാണ്. എന്തിന്? ഈ ടെന്‍ഡര്‍ നടപ്പിലാകാതിരിക്കാന്‍. ആ പദ്ധതി നടപ്പിലാകാതിരിക്കാന്‍. അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് ടെന്‍ഡര്‍ കിട്ടണമെന്നുള്ളതാണ്. അവര്‍ക്ക് ടെന്‍ഡര്‍ കിട്ടിയില്ല. വെടക്കാക്കി തനിക്കാക്കുക എന്ന ഒരു പ്രയോഗമില്ലേ. അതായത്, ഒന്നിനെ മോശമാക്കിയിട്ട് അത് തന്റേതാക്കി മാറ്റുക. വടക്കന്‍ പ്രയോഗമാണ് ഇത്. ആ ഒരു പ്രയോഗത്തിലേക്ക് അവരങ്ങ് കടക്കും. അപ്പോള്‍ അവര്‍ക്ക് അതിനുള്ള മര്‍മങ്ങള്‍ അറിയാം. എവിടെയൊക്കെ സമീപിക്കണമെന്ന്. എങ്ങനെയൊക്കെ സമീപിക്കണമെന്ന്. അവര്‍ പ്രതിപക്ഷത്തെത്തുമ്പോള്‍ ഇതു കേള്‍ക്കേണ്ട താമസം. ഉടനെ അവര്‍ എടുത്തു പുറപ്പെടും. ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നു. വലിയ അഴിമതിയാണ് എന്നൊക്കെ പറഞ്ഞ് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങും. അപ്പോള്‍ അഴിമതിയെന്നു കേള്‍ക്കുമ്പോള്‍ ഇതു കൈകാര്യംചെയ്യുന്ന ആള്‍ക്കും ആള്‍ക്കാര്‍ക്കും സ്വാഭാവികമായും ഒരു ശങ്ക വരും. എന്തിന് വെറുതെ പൊല്ലാപ്പ് നമ്മള്‍ തലയില്‍ എടുത്തുവയ്ക്കണം. എന്നാപ്പിന്നെ തല്‍ക്കാലം എങ്ങനെ ഒഴിയാന്‍ പറ്റും എന്നായി നോട്ടം. ഇങ്ങനെ ഒഴിവായിപ്പോയ പദ്ധതികള്‍ നമ്മുടെ കേരളത്തില്‍ എത്രയുണ്ട് എന്ന് ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ആളുകള്‍ ഒരു പഠനം നടത്തണം. അപ്പോള്‍ കാണാം എത്ര പദ്ധതികള്‍ ഇങ്ങനെ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന്. ഇതില്‍ മാറ്റം വരണ്ടേ?

ഇതു പ്രതിപക്ഷ രാഷ്ട്രീയപാര്‍ടികളുടെ സ്ഥിതി. എന്നാല്‍, അവര്‍ ആരെയെല്ലാം സമീപിക്കും? ചിലപ്പോള്‍ അവര്‍ വളരെ രഹസ്യമായി ചില മാധ്യമങ്ങളെ സമീപിക്കും. പലേ രീതികളും അവര്‍ സമീപിക്കുന്നുണ്ട്. ഉടനെ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരികയാണ്. അപ്പോള്‍ നമ്മുടെ നാടിന്റെ താല്‍പ്പര്യമാണല്ലോ അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ നാടിന്റെ താല്‍പ്പര്യം അപകടപ്പെടുത്താന്‍ പാടുണ്ടോ? നാട് അപകടത്തിലാകണമെന്ന് ആഗ്രഹിക്കില്ലല്ലോ പ്രതിപക്ഷമായാലും. രാഷ്ട്രീയമായി ഭരണപക്ഷത്തോട് എതിര്‍പ്പുണ്ടാകും. പക്ഷേ, നാടിന് വികസനം വേണ്ട എന്ന് അവര്‍ ആഗ്രഹിക്കുന്നില്ലല്ലോ. ഒരു മാധ്യമവും നാടിന്റെ വികസനത്തിന് എതിരായി നില്‍ക്കുന്നവരല്ലല്ലോ. തെറ്റായ കാര്യങ്ങളാണെങ്കില്‍ ആ തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കണം. തെറ്റല്ലാത്ത കാര്യങ്ങളെ വിമര്‍ശിക്കാന്‍ എന്തിന് പുറപ്പെടുന്നു? ആര്‍ക്കെങ്കിലും ടെന്‍ഡര്‍ ലഭിച്ചില്ല എന്നതിന്റെ മേലെ അവരുടെ കുതന്ത്രത്തില്‍പെട്ടുപോകുന്ന നില, അത് നല്ലതാണോ എന്ന് നമ്മുടെ കഴിഞ്ഞകാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ പറ്റിപ്പോയവര്‍ ഇനിയെങ്കിലും ആലോചിക്കണം.

നമ്മുടെ സമൂഹത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒരു ഭാഗമാണ് മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എപ്പോഴും നാടിന് നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ളതായിരിക്കണം. വീര്‍ സാങ്വിയുടെയും ബര്‍ക്ക ദത്തിന്റെയുമൊക്കെ കാര്യം സഖാവ് സി കെ ചന്ദ്രപ്പന്‍ ഇവിടെ പറഞ്ഞു. ആ മാതിരി ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് നമ്മള്‍ മറന്നേക്കരുത്. പക്ഷേ, പൊതുവില്‍ മാധ്യമങ്ങള്‍ നാടിനുവേണ്ടിയാണല്ലോ നിലകൊള്ളേണ്ടത്. ഏതെങ്കിലും ഒരു കൂട്ടരെ എതിര്‍ക്കേണ്ടതാണ് എന്നു കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിച്ചു പോകാന്‍ പാടില്ലല്ലോ. രാഷ്ട്രീയമായി ചേരിതിരിഞ്ഞ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം ഉണ്ടാകും. പക്ഷേ, അതിലൊരു പക്ഷം പിടിച്ച് ഒരു വിഭാഗത്തെ തകര്‍ക്കലാണ് ഞങ്ങളുടെ പങ്ക് എന്ന നിലപാട് പല കൂട്ടരും എടുത്തു പോകുകയല്ലേ. അത് കേരളത്തില്‍ വലിയ തോതില്‍ തെറ്റായ ചില പ്രവണതകള്‍ ഉണ്ടാക്കുന്നില്ലേ എന്നതും നാം ആലോചിക്കേണ്ട ഒരു കാര്യമാണ്.

ഇവിടെ വ്യവസായങ്ങളുടെ കാര്യം പറയുമ്പോള്‍ വേറൊരു ഭാഗം പറയണം. അതു നേരത്തെ പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടുതന്നെ. നമ്മുടെ നാട്ടുകാരനായ ഒരാള്‍ ഒരുതവണ കണ്ടപ്പോള്‍ ഒരു അനുഭവം പറഞ്ഞു. ഒരു സംസ്ഥാനത്ത് ഒരു വ്യവസായത്തിന്റെ നിര്‍ദേശവുമായി അയാള്‍ ചെന്നു. ഒരു ഉദ്യോഗസ്ഥനെ കണ്ടു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ ഇന്ന ഉദ്യോഗസ്ഥനെയാണ് കണേണ്ടത് എന്നു പറഞ്ഞു. ആ ഉദ്യോഗസ്ഥനെ പോയി കണ്ടു ഒരു വ്യവസായത്തിന്റെ നിര്‍ദേശം വച്ചു. നിങ്ങള്‍ നാളെ വരിന്‍ എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥന്‍. ഇദ്ദേഹം പിറ്റേദിവസം ചെന്നു. പിറ്റേദിവസം ചെന്നപ്പോള്‍ അവിടെ വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഈ മനുഷ്യനെ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് കൊണ്ടുപോകുന്നത്. കാര്യങ്ങള്‍ സംസാരിച്ചു. എവിടെ വ്യവസായം തുടങ്ങണമെന്ന് നിശ്ചയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായത്തിന്റെ കാര്യങ്ങളങ്ങ് നീങ്ങാമെന്നായി. പിന്നെ ഇദ്ദേഹം യാതൊന്നും അവിടെ ചെയ്യേണ്ടതില്ലായെന്നായി. ഇതിന്റെ പെര്‍മിഷന്‍ കിട്ടാന്‍വേണ്ടി യാതൊരു നടപടിയും ഇദ്ദേഹം ചെയ്യേണ്ട. അതീ ഡിപ്പാര്‍ട്ടുമെന്റ് ചെയ്യുകയാണ്. മുഴുവന്‍ പെര്‍മിഷനുകളും.

നമ്മുടെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ. ഈ കേരളത്തില്‍ അങ്ങനെയൊരു നിര്‍ദേശവുമായി ഒരാള്‍ വന്നാല്‍ അയാള്‍ ഓടിയ ഓട്ടം ഏതു തരത്തിലുള്ളതായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. ഏകജാലകമെന്നൊക്കെ പറയും. പക്ഷേ, ജാലകങ്ങളെത്രയാ നമ്മുടെ നാട്ടില്‍? അവസാനം എല്ലാ ജാലകങ്ങളുംകൂടി ഇതിനെ മുടക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും അതാണല്ലോ നോക്കുക. എന്തുകൊണ്ട് നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്നില്ല? നമ്മള്‍ വികസനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ വികസനത്തിന് തടസ്സമുണ്ടാക്കുന്ന ഒരുപാട് ഘടകങ്ങള്‍ നില്‍ക്കുകയാണല്ലോ. അതു ചെറിയ തടസ്സങ്ങളല്ലല്ലോ ഉണ്ടാക്കുന്നത്. നമ്മുടെ മനോഭാവത്തില്‍ മാറ്റം വരണം. രീതികളില്‍ മാറ്റം വരണം. സമ്പ്രദായങ്ങളില്‍ മാറ്റം വരണം. ആ പൊതുസമ്പ്രദായത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുക്കാന്‍ തയ്യാറാകണം. നമുക്കങ്ങനെ കഴിയുന്നുണ്ടോ? അപ്പോള്‍, ഒരു പുതിയ സംസ്കാരം നമ്മുടെ കേരളത്തില്‍ ഉയര്‍ന്നുവരണം. അത് വികസനത്തിന് ഒന്നിച്ചുനില്‍ക്കുന്ന സംസ്കാരമായിരിക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, നല്ല രീതിയില്‍ അതിന് ശ്രമിക്കേണ്ടതുണ്ട് എന്ന് നാം കാണേണ്ടതായിട്ടുണ്ട്.

ഇവിടെ നമ്മള്‍ നല്ല രീതിയില്‍ അഭിമാനം കൊള്ളുന്ന കാര്യമാണ് അധികാരവികേന്ദ്രീകരണരംഗം. അധികാരവികേന്ദ്രീകരണ നടപടികളും അതിന്റെ ഭാഗമായി നടന്ന കാര്യങ്ങളും നേട്ടങ്ങളും വളരെ വലുതാണ്. ഒരു സംശയവുമില്ല. അധികാരവികേന്ദ്രീകരണത്തിന് ഏകദേശം പ്രായപൂര്‍ത്തിയായല്ലോ. യുവത്വത്തിലേക്ക് എത്തിക്കഴിഞ്ഞല്ലോ. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാ എന്നു വന്നാല്‍ അതു നമ്മുടെ കുറവല്ലേ. ആ കുറവ് നമ്മള്‍ കണ്ടുപോകണമല്ലോ. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ചെല്ലുന്ന ഉദ്യോഗസ്ഥന്‍ (ആ പാവം പ്രസിഡന്റ് നോക്കിനില്‍ക്കുകയാണ്) എന്റെ ശീലം ഇങ്ങനെയാണ്. അതിങ്ങു തന്നാല്‍ മാത്രമേ കാര്യം നടക്കൂ എന്നു പറഞ്ഞിട്ട് വാങ്ങുകയാണ്. എങ്ങനെയാണ് വാങ്ങാന്‍ കഴിയുന്നത്. ആ പഞ്ചായത്തിന് ആ ഉദ്യോഗസ്ഥനുമേല്‍ ഒരു നിയന്ത്രണവുമില്ല. അദ്ദേഹത്തിന്റെ നിയന്ത്രണം മേലെയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ പറഞ്ഞാല്‍ അവരെയാകെ ആക്ഷേപിക്കുകയാണെന്നു തോന്നുമെന്നുള്ളതുകൊണ്ട് ആ വിഭാഗം ഏതെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ഇതു വന്നല്ലോ. വളരെ കടുത്ത അനുഭവം ഈ കേരളത്തിലുണ്ടായല്ലോ. ബില്‍ഡിങ് റൂള്‍സ് പാസായി കിട്ടിയപ്പോള്‍ പഞ്ചായത്തുകളില്‍ കൊയ്ത്തിന്റെ അവസരമായെന്നു ചിന്തിച്ച ചില ആളുകളുണ്ടായില്ലേ? അത് ഈ നിയന്ത്രണം ആ പഞ്ചായത്തിന് ഇല്ലാത്തതിന്റെ ഭാഗമായിട്ടാണല്ലോ. അപ്പോള്‍ പഞ്ചായത്തിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കൊടുക്കാന്‍ നമുക്കു കഴിയണം. ആ ഉദ്യോഗസ്ഥന്മാരുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്കുതന്നെ കൊടുക്കുകയും ചെയ്യണം. അത് ഇല്ലാത്തത് വലിയ തോതിലുള്ള കുറവുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് കണ്ടുപോകാന്‍ നമുക്കു കഴിയേണ്ടതായിട്ടുണ്ട്.

No comments: