Tuesday, January 4, 2011

റെയില്‍വെ കടത്തുകൂലി വര്‍ദ്ധനവ്:

റെയില്‍വെ കടത്തുകൂലി വര്‍ദ്ധനവ്:
യുപിഎ സര്‍ക്കാരിന്റെ മറ്റൊരു 'നവവല്‍സര സമ്മാനം'


2004ല്‍ അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാരിന് ഭരിക്കാന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമുണ്ടായിരുന്നു. പ്രശ്നാധിഷ്ഠിതമായി ഇടതുപക്ഷം നല്‍കിയ പിന്തുണമൂലം ജനവിരുദ്ധനയങ്ങള്‍ തീവ്രതയോടെ അടിച്ചേല്‍പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കൊടിയ അഴിമതിയില്‍നിന്ന് വലിയ ഒരു പരിധിവരെ വിട്ടുനില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. മാത്രമല്ല പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തപ്പെട്ട ജനക്ഷേമകരമായ പദ്ധതികള്‍ ചിലതൊക്കെ മനസ്സില്ലാമനസ്സോടെയാണെങ്കിലും അവര്‍ക്ക് നടപ്പാക്കേണ്ടിവന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ദാന പദ്ധതി തന്നെ അവയില്‍ മികച്ച ഉദാഹരണം.

നവരത്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍കരിക്കാനും ഇടതുപക്ഷ സമ്മര്‍ദ്ദംമൂലം മന്‍മോഹന്‍സിങ് സര്‍ക്കാരിന് സാധിച്ചില്ല. നെയ്വേലി ലിഗ്നൈറ്റ് കമ്പനിയെ അവര്‍ സ്വകാര്യവല്‍കരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടുമൂലം അതില്‍നിന്ന് സര്‍ക്കാരിന് പിന്‍വലിയേണ്ടിവന്നു എന്നത് ചരിത്രം.

വിലക്കയറ്റത്തിന് കാരണമാകുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവില്‍നിന്ന് വലിയ ഒരു പരിധിവരെ സര്‍ക്കാരിനെ പിന്‍തിരിപ്പിക്കാനും ഇടതുപക്ഷ സമ്മര്‍ദ്ദത്തിന് സാധിച്ചു. എന്നാല്‍ ആ സര്‍ക്കാരിന്റെ അവസാനവര്‍ഷമായപ്പോഴേക്ക് സര്‍ക്കാര്‍ പൂര്‍ണമായും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടു. ഇന്ത്യയെ അമേരിക്കയുടെ തന്ത്രാത്മക പങ്കാളിയാക്കുന്ന ആണവക്കരാറില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ഒപ്പിട്ടു. അതോടെ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു. എല്ലാ മര്യാദകളും മറന്ന് കുതിരക്കച്ചവടം അരങ്ങേറുന്ന കാഴ്ചയാണ് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായത്. പല പാര്‍ടികളെയും എംപിമാരെയും സര്‍ക്കാര്‍ വിലയ്ക്കെടുത്തു. അങ്ങനെ അവിശ്വാസത്തെ അതിജീവിക്കാന്‍ അവര്‍ക്കു സാധിച്ചു.

ആണവക്കരാര്‍ വിഷയത്തിലാവട്ടെ ഇന്ത്യയിലെ ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ സാധ്യതകളും ഉപയോഗിച്ചു. ആണവക്കരാര്‍ നടപ്പാക്കിയാല്‍ ഉടനെ തന്നെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കപ്പെടും, രാഷ്ട്രം വികസനത്തിന്റെ വഴിയില്‍ മുന്നേറും. ഇങ്ങനെപോയി ഉളുപ്പില്ലാത്ത പ്രചരണങ്ങള്‍. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനും അതില്‍നിന്ന് ഊര്‍ജ്ജം ലഭിക്കുന്നതിനും രണ്ട് രണ്ടര പതിറ്റാണ്ട് കാലതാമസമുണ്ട്. മാത്രമല്ല രാഷ്ട്രത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ വെറും ഏഴു ശതമാനമേ അതില്‍നിന്ന് ലഭിക്കൂ. അതിനാവട്ടെ യൂണിറ്റ് ഒന്നിന് ഇപ്പോഴത്തെ നിരക്കില്‍ 12 രൂപയെങ്കിലും ഉല്‍പാദനച്ചെലവുണ്ടാകും. ഇപ്പോള്‍ ജലവൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ യൂണിറ്റ് ഒന്നിന് 3 രൂപയാണ് ചെലവാകുക. പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ചാലും അത്രയും രൂപയേ ആകൂ എന്നാണ് കണക്ക്. ഇറാനുമായി വാതകക്കരാര്‍ ഒപ്പുവെച്ചിരുന്നെങ്കില്‍ പ്രകൃതിവാതകം സുലഭമായി ലഭിക്കുമായിരുന്നു. അതില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നതുമൂലം രാഷ്ട്രത്തിന് വന്‍ പുരോഗതി ഉണ്ടാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട മന്‍മോഹന്‍ സര്‍ക്കാര്‍ ഇറാനുമായുള്ള വാതക പദ്ധതി വഴിയില്‍ ഉപേക്ഷിച്ചു. ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒറ്റമൂലിയായി ആണവക്കരാറിനെ അവതരിപ്പിച്ചത്.

ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ അഴിമതിക്കാര്‍ വെറുതെയിരുന്നില്ല. 1.76 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതിക്ക് തുടക്കമിട്ടത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷമായിരുന്നല്ലോ? അന്നേ അത് സിപിഐ എമ്മും മറ്റ് ഇടതുപക്ഷകക്ഷികളും ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ അത് അവഗണിക്കുകയായിരുന്നു.

ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ സമ്മര്‍ദ്ദംമൂലം ജനവിരുദ്ധനയങ്ങള്‍ തീവ്രതയോടെ അടിച്ചേല്‍പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴത്തെപ്പോലെ മറയില്ലാതെ അഴിമതി കാണിക്കാനും സാധിച്ചില്ല. അതുകൊണ്ടാണ് രണ്ടാമതും യുപിഎക്ക് അധികാരത്തിലേറാന്‍ സാധിച്ചത്.

2009 മേയില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതോടെ അവര്‍ തനിനിറം ശരിക്കും പുറത്തെടുത്തു. ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ അഴിമതി പരമ്പരകള്‍ തന്നെ നടത്തി. സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, ഐപിഎല്‍ അഴിമതി... അങ്ങനെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ ഉള്‍പ്പെട്ട കുംഭകോണങ്ങളുടെ പരമ്പര തന്നെ പുറത്തുവന്നു.

യാതൊരു തത്വദീക്ഷയുമില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റു. കോര്‍പറേറ്റുകള്‍ക്ക് കണക്കറ്റ നികുതി ആനുകൂല്യങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കോര്‍പറേറ്റുകള്‍ക്ക് ലഭിച്ചത്. സാധാരണക്കാരുടെമേല്‍ അമിതമായ വിലക്കയറ്റവും മറ്റ് ജീവിതഭാരവും അടിച്ചേല്‍പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇതൊക്കെ ചെയ്തത്.

ജനങ്ങള്‍ക്കുനേരെയുള്ള ഏറ്റവും രൂക്ഷമായ ആക്രമണം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഉള്ള വിലവര്‍ദ്ധനവിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. 2009 മെയ് മാസത്തില്‍ അധികാരമേറ്റതുമുതല്‍ ഈ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 9 തവണകളായി 15 രൂപയാണ് പെട്രോളിന് മാത്രമായി വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നരമാസം പിന്നിട്ടപ്പോള്‍ തന്നെ ജനങ്ങള്‍ക്കുകനത്ത പ്രഹരം നല്‍കി. 2009 ജൂലൈ ഒന്നിന് പെട്രോളിന് 4 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 2 രൂപയും. 2010 ഫെബ്രുവരിയില്‍ അവതരിപ്പിച്ച പൊതുബജറ്റിലൂടെയായി അടുത്ത ആക്രമണം. 2 രൂപ 71 പൈസയാണ് ഇക്കുറി പെട്രോളിന് വര്‍ദ്ധിപ്പിച്ചത്. ഡീസലിനാവട്ടെ 2 രൂപ 55 പൈസയും.

2010 ജൂണോടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ കയ്യൊഴിഞ്ഞു. അതോടെ 3 രൂപ 50 പൈസയാണ് പെട്രോളിന് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 2 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് മൂന്ന് രൂപയും പാചകവാതകം സിലിണ്ടര്‍ ഒന്നിന് 35 രൂപയും വര്‍ദ്ധിപ്പിച്ചു. 2010 സെപ്തംബര്‍ 7ന് പെട്രോളിന് വീണ്ടും 10 പൈസയും ഡീസലിന് 18 പൈസയും വര്‍ദ്ധിപ്പിച്ചു. സെപ്തംബര്‍ 15ന് പെട്രോളിന് വീണ്ടും 29 പൈസയും ഡീസലിന് 22 പൈസയും വര്‍ദ്ധിപ്പിച്ചു.

സെപ്തംബര്‍ 20ന് പെട്രോളിന്റെ വില വീണ്ടും 27 പൈസ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഒക്ടോബര്‍ 17ന് പെട്രോളിന് വീണ്ടും 72 പൈസ വര്‍ദ്ധിപ്പിച്ചു. നവംബര്‍ 9നാകട്ടെ 32 പൈസ വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ 15ന് വീണ്ടും 3 രൂപ 18 പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.

രണ്ടാംയുപിഎ അധികാരമേറ്റിട്ട് ഒന്നരവര്‍ഷം പിന്നിട്ടതേയുള്ളൂ. ഈ ചെറിയ കാലയളവിനുള്ളില്‍ പെട്രോളിന് 15 രൂപയാണ് വര്‍ദ്ധിച്ചത്. ഡീസലിന് 6 രൂപ 95 പൈസയും.

വിലക്കയറ്റംകൊണ്ട് ജീവിതം തന്നെ മുമ്പോട്ടുകൊണ്ടുപോകാന്‍ ആവാത്ത അവസ്ഥയിലാണ് സാധാരണക്കാരും ദരിദ്ര ജനകോടികളും. അവരുടെ ദുരിതങ്ങളെ പതിന്മടങ്ങ് തീവ്രമാക്കുന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റെയില്‍വെ കടത്തുകൂലി വര്‍ദ്ധനവ്. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ എക്സിക്യൂട്ടീവ് ഓര്‍ഡറിനെ തുടര്‍ന്ന് ഡിസംബര്‍ 27 മുതല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍, സിമന്റ്, കല്‍ക്കരി, ഉരുക്ക്, ഇരുമ്പ്, കാലിത്തീറ്റ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ റെയില്‍വെ കടത്തുകൂലി 4 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ ഇടവരുത്തും.

കേരളത്തെപ്പോലെയുള്ള ഉപഭോക്തൃ സംസ്ഥാനത്തെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുക. സംസ്ഥാനത്തിനാവശ്യമായ അരി ആന്ധ്രയില്‍നിന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമാണ് വരേണ്ടത്. ഗോതമ്പ് പഞ്ചാബില്‍നിന്നാണ് എത്തേണ്ടത്. ഉള്ളി, ഉരുളക്കിഴങ്ങ്, സവാള, പച്ചക്കറികള്‍, പാല്‍, മുട്ട, ഇറച്ചി എന്നുവേണ്ട എല്ലാ നിത്യോപയോഗ സാധനങ്ങളും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തണം. റെയില്‍വെ ചരക്കുകൂലി കൂടുന്നതോടെ ഇവയുടെയെല്ലാം വില വര്‍ദ്ധിക്കും. പെട്രോളിയം ഉല്‍പന്നങ്ങളുടെ കടത്തുകൂലി കൂടുന്നതിനെ തുടര്‍ന്ന് അതിന്റെ വില ഇനിയും ഉയരും. അത് മറ്റ് എല്ലാ രംഗങ്ങളിലും വിലക്കയറ്റത്തിനിടയാക്കും.

സിമന്റിന്റെയും കമ്പിയുടെയും വില വര്‍ദ്ധനവുമൂലം നിര്‍മ്മാണമേഖല പ്രതിസന്ധിയെ നേരിടുകയാണ്. അപ്പോഴാണ് സിമന്റിനും ഉരുക്കിനും ഇരുമ്പയിരിനും 4 ശതമാനം കടത്തുകൂലി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അതോടെ ആ മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്ക് സര്‍ക്കാര്‍ എടുത്തെറിഞ്ഞിരിക്കുകയാണ്.

കല്‍ക്കരിയുടെ കടത്തുകൂലിയിലും നാലുശതമാനത്തിന്റെ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. താപവൈദ്യുത നിലയങ്ങളില്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത് കല്‍ക്കരിയാണ്. കല്‍ക്കരിയുടെ വില വര്‍ദ്ധിക്കുന്നതോടെ സ്വാഭാവികമായും വൈദ്യുതി ഉല്‍പാദനച്ചെലവ് കൂടുന്നു. ജനങ്ങള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. വൈദ്യുതി വില വര്‍ദ്ധിക്കുന്നത് വ്യവസായ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഉന്തിനൊപ്പം ഒരു തള്ളുകൂടി എന്നു പറയുന്നതുപോലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവിനൊപ്പം റെയില്‍വെ കടത്തുകൂലിയിലുള്ള വര്‍ദ്ധനവ് കൂടിയായതോടെ രാജ്യം കടുത്ത നാണയപ്പെരുപ്പത്തിലേക്കാണ് പതിക്കാന്‍ പോകുന്നത്.

ജനങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതില്‍, അവര്‍ക്ക് താങ്ങാനാവാത്ത ഭാരം അടിച്ചേല്‍പിക്കുന്നതില്‍ എന്തെന്നില്ലാത്ത ആനന്ദം ആണ് യുപിഎ സര്‍ക്കാര്‍ അനുഭവിക്കുന്നത്. ശരിക്കും സാഡിസ്റ്റുകളുടെ മനോവൈകല്യം. വില വര്‍ദ്ധനവിനിടയാക്കുന്ന കാര്യങ്ങള്‍ പാര്‍ലമെന്റ് സമ്മേളനം സമാപിച്ചു കഴിയുമ്പോഴാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നതാണ് ഏറെ കൌതുകകരം.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പെട്രോളിന് 3 രൂപ 18 പൈസ വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ റെയില്‍വെ യാത്രാകൂലി വര്‍ദ്ധിപ്പിച്ചതും പാര്‍ലമെന്റ് കൂടാത്ത വേളയിലാണ്. റെയില്‍വെ/ പൊതുബജറ്റുകള്‍ അവതരിപ്പിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോഴാണ് ധൃതിപിടിച്ചുള്ള ഇപ്പോഴത്തെ ഉത്തരവ് എന്ന് ഓര്‍ക്കുക. പാര്‍ലമെന്റില്‍ ഉണ്ടാവേണ്ട പ്രതിഷേധത്തെ മറികടക്കാനുള്ള കുറുക്കുവഴിയായാണ് യുപിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ.

കഴിഞ്ഞ പൊതു ബജറ്റിനുശേഷം 1,30,000 കോടി രൂപയാണ് എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ അധികനികുതിയായി അടിച്ചേല്‍പിച്ചത്.

യുപിഎ സര്‍ക്കാരിനുമുമ്പില്‍ കോര്‍പറേറ്റുകളുടെയും അമേരിക്കയുടെയും താല്‍പര്യമേയുള്ളൂ. ജനങ്ങളോ അവരുടെ താല്‍പര്യങ്ങളോ പ്രശ്നമേ അല്ല എന്നാണ് ഓരോ ദിവസം ചെല്ലുന്തോറും അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ നല്‍കിയ അധികാരം ഗര്‍വ്വോടെ അവരുടെ തലയ്ക്കിട്ടുതന്നെ പ്രഹരിക്കാന്‍ ഉപയോഗിക്കുകയാണ് യുപിഎ സര്‍ക്കാര്‍. സര്‍ക്കാരിന്റെ മറ്റൊരു 'നവവല്‍സര സമ്മാന'മാണിത്.ഗിരീഷ് ചേനപ്പാടി


No comments: