Tuesday, January 4, 2011

മദ്യാസക്തിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍.

മദ്യാസക്തിയില്‍ നിന്ന് കേരളത്തെ കരകയറ്റാന്‍.

പ്രശംസാര്‍ഹമായ വിധം സാമൂഹ്യ പുരോഗതി കൈവരിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. മനുഷ്യരുടെ ജീവിത നിലവാരത്തിലുണ്ടായ ക്രമാനുഗതവും ഗുണപരവുമായ മുന്നേറ്റത്തെയാണ് നാം സാമൂഹ്യ പുരോഗതിയായി അടയാളപ്പെടുത്തുന്നത്. സാക്ഷരത, ആരോഗ്യം, പരസ്പര സൌഹൃദം, സ്വാശ്രയത്വം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് സാമൂഹ്യപുരോഗതി വിലയിരുത്തുന്നത്. ഇവയിലെല്ലാം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കേരളം മുന്നിട്ടു നില്‍ക്കുന്നതായി നിരവധി സര്‍വ്വേകള്‍ സൂചിപ്പിക്കുന്നു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ നാം കൈവരിച്ച നേട്ടം ആയുര്‍ദൈര്‍ഘ്യത്തിലും പ്രതിഫലിച്ചിട്ടുണ്ട്. കേരളത്തിലെ സ്ത്രീ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. എന്നാല്‍ ഈ നേട്ടങ്ങളെല്ലാം നിഷ്പ്രഭമാക്കുന്ന രീതിയില്‍ വര്‍ത്തമാന കേരളം പല ദുസ്സ്വഭാവങ്ങള്‍ക്കും അടിമയാവുകയാണ്. മുന്‍ തലമുറ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത സാമൂഹ്യപരിഷ്കരണവും പുരോഗതിയും കേവലമായ ആസക്തിക്കും ദുരയ്ക്കും മുന്നില്‍ പണയം വെയ്ക്കുന്ന അവസ്ഥ ദുഃഖകരമാണ്. ലഹരി പദാര്‍ത്ഥങ്ങളോടുള്ള അമിതമായ അഭിനിവേശവും രതിവൈകൃതങ്ങളും കേരളീയ സമൂഹത്തിന്റെ അന്തസ്സ് കെടുത്തുന്നതായി നാം ഭയക്കുന്നു. കേരളത്തിന്റെ പ്രതിശീര്‍ഷ മദ്യ ഉപഭോഗം മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് (ശരാശരി 11-12 ലിറ്റര്‍). പ്രധാന ഭക്ഷ്യധാന്യമായിട്ടുള്ള അരിയുടെ കച്ചവടത്തേക്കാള്‍ മൂന്നിരട്ടിയോളം വരും കേരളത്തിലെ മദ്യക്കച്ചവടം. മുന്‍പൊക്കെ പ്രായപൂര്‍ത്തിയായ ആളുകളിലാണ് മദ്യപാനശീലം കൂടിയിരുന്നതെങ്കില്‍ ഇപ്പോള്‍ 12 വയസ്സു മുതല്‍ കുടി തുടങ്ങുകയാണ്. അത്തരക്കാര്‍ 25 വയസ്സിന് മുന്‍പ് തന്നെ പലതരം രോഗങ്ങള്‍ക്ക് അടിമയാവുന്നു; സമൂഹത്തിന് വേണ്ടി യാതൊരു ഗുണപരമായ സംഭാവനയും ചെയ്യാത്തവരായി മാറുന്നു. കേരളത്തിലെ ആശുപത്രികളില്‍ ഇത്തരത്തിലുള്ള രോഗികളുടെ എണ്ണം പെരുകുന്നതായി റിപ്പോര്‍ട്ടുണ്ട്. മദ്യവില്പന മൂലം ലഭ്യമാകുന്ന റവന്യൂ വരുമാനത്തിന്റെ വലിയൊരു ഭാഗം ആരോഗ്യ മേഖലയില്‍ ചിലവഴിക്കേണ്ടതായി വരുന്നുവെന്നര്‍ത്ഥം. കേരളത്തിലെ 50 വയസു വരെയുള്ള പുരുഷന്മാരില്‍ 45 ശതമാനം പേരും മദ്യപാനികളത്രെ.

മദ്യപാനം സമൂഹത്തിലുണ്ടാക്കുന്ന ദുരന്തങ്ങള്‍ നിരവധിയാണ്. റോഡ് അപകടങ്ങളില്‍ 60 ശതമാനവും മദ്യപിച്ച് വണ്ടിയോടിക്കുന്നതിന്റെ ഭാഗമായാണ് ഉണ്ടാകുന്നത്. ഗാര്‍ഹിക പീഡനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് കാരണവും മറ്റൊന്നല്ല. കേരളത്തിലെ സ്ത്രീകളില്‍ 65 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ഗാര്‍ഹിക പീഡനത്തിന് വിധേയരാകുന്നുവെന്നാണ് കണക്ക്. വിവാഹന മോചനങ്ങളുടെ എണ്ണം അടുത്ത കാലത്തായി വല്ലാതെ പെരുകിയിട്ടുണ്ട്. മദ്യപിച്ച് ബഹളമുണ്ടാക്കുകയും പരസ്പരം പഴിചാരുകയും ചെയ്യുന്ന രക്ഷിതാക്കളുടെ കുഞ്ഞുങ്ങള്‍ അരക്ഷിതാവസ്ഥയിലാവുകയും മദ്യത്തിനും മയക്കുമരുന്നിനും പുറകെ പോവുകയും ചെയ്യുന്നു. കുത്തഴിഞ്ഞ ജീവിതം സമ്മാനിക്കുന്നത് ശാരീരികവും മാനസികവുമായ രോഗാവസ്ഥയാണ്. ഇത് യുവതലമുറയെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കും വിധേയമാക്കുന്നു. ചിലര്‍ കൊടും ക്രിമിനലുകളായി പോലും മാറുന്നു.

മദ്യപാനം മനുഷ്യരുടെ അദ്ധ്വാനശേഷി മരവിപ്പിക്കുന്നു. അത് നാടിന്റെ ഉല്പാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു. ഭരണ പ്രക്രിയയില്‍ നിന്നും വികസന പ്രക്രിയയില്‍ നിന്നും യുവതലമുറ അകന്നു നില്‍ക്കുന്നതിന്റെ പ്രധാന കാരണം മദ്യപാനം തന്നെയാണ്. ജനങ്ങള്‍ ഒത്തുചേരുന്ന സാംസ്കാരിക സദസ്സുകളും ചര്‍ച്ചാ വേദികളും മദ്യസല്‍ക്കാരത്തില്‍ കലങ്ങിപോകുന്ന സ്ഥിതി ചിലയിടങ്ങളിലെങ്കിലും ഉണ്ടാകുന്നുണ്ട്. വിവാഹവേളയില്‍ സദ്യവട്ടങ്ങളുടെ സാധനങ്ങളുടെ ലിസ്റില്‍ മദ്യകുപ്പികളും എഴുതിചേര്‍ക്കുന്നതിന് മലയാളി മടികാണിക്കുന്നില്ല. പരസ്പര സൌഹൃദവും ആദരവും പങ്കിടേണ്ട വിവാഹ വീടുകളില്‍ മദ്യപിച്ച് ലക്കുകെട്ട് പരിഹാസ്യമായ രീതിയില്‍ ചെറുപ്പക്കാരെ കാണേണ്ടി വരുന്നത് ഒരു ശാപം തന്നെയാണ്. കുടിച്ച് ലക്കുകെട്ടവരാണ് കേട്ടാലറയ്ക്കുന്ന ഭാഷയും പ്രവര്‍ത്തനങ്ങളുമായി വിവാഹ 'റാഗിംഗ്' നടത്തുന്നത്. ആദ്യരാത്രിയില്‍ മദ്യപന്മാര്‍ മണിയറയില്‍ കയറിയിരുന്ന് ശല്യം ചെയ്യുക, കിടക്കയില്‍ നായ്ക്കുരുണ പൊടി വിതറുക, ഗര്‍ഭിണിയുടെ വേഷം കെട്ടി മുറിയിലെത്തി വരനോട് അവകാശ വാദം ഉന്നയിക്കുക തുടങ്ങിയ അസഭ്യ പ്രവര്‍ത്തനങ്ങളിലേക്കും ഈ വികൃതികള്‍ നീളുന്നു. ഈ ശല്യം സഹിക്കാനാവാതെ അന്നു തന്നെ വേര്‍പിരിഞ്ഞ വധൂവരന്മാര്‍ ഉണ്ട്. ആത്മഹത്യയുടെ വക്കിലെത്തിയവരുമുണ്ട്. മാനഭംഗങ്ങള്‍, കൊലപാതകങ്ങള്‍, പെണ്‍വാണിഭങ്ങള്‍ എന്നിവയുടെയെല്ലാം പിന്നില്‍ മദ്യപാനത്തിന് പ്രധാന പങ്കുണ്ട്.

വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കൂടുന്നുവെന്നതാണ് വസ്തുത. കലാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സാധ്യത കുറഞ്ഞതോടെ ആ മേഖല അരാജക വാദികള്‍ കൈയടക്കുകയാണ്. സ്റഡി ടൂറുകളിലും മറ്റും കുട്ടികള്‍ മദ്യകുപ്പികള്‍ കൂടെ കരുതുകയും അധ്യാപകരുടെ കണ്‍മുന്നില്‍ മദ്യപിക്കുകയും ചെയ്യുന്നതായി കേട്ടിട്ടുണ്ട്.

സമൂഹത്തിന് എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങള്‍ സമ്മാനിക്കുന്ന മദ്യാസക്തിയില്‍ നിന്ന് മോചനം നേടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചേ പറ്റൂ. മദ്യനിരോധനം വേണമെന്ന് ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അത് ഫലപ്രദമല്ലെന്ന് അനുഭവങ്ങള്‍ തെളിയിക്കുന്നു. കേരളത്തില്‍ മുന്‍പ് ചാരായം നിരോധിച്ചപ്പോള്‍ മദ്യപാനം കുറയുകയല്ല ചെയ്തത്. ചാരായത്തിന് പകരം വിദേശ മദ്യത്തിന്റെ ഉപഭോഗം കൂടിയെന്നുള്ളതാണ് വസ്തുത. ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം എന്ന ലേപലില്‍ വ്യാജമദ്യത്തിന്റെ കുത്തൊഴുക്കാണ് ഉണ്ടായത്. 2003 വരെ ഏറ്റവും കൂടുതല്‍ മദ്യപാനികള്‍ ഉള്ള സംസ്ഥാനം പഞ്ചാബായിരുന്നു. എന്നാല്‍ 2003 ല്‍ കേരളം ആ റെക്കോര്‍ഡ് ഭേദിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂലവെട്ടി, മണവാട്ടി തുടങ്ങിയ വ്യാജച്ചാരായം വ്യാപിച്ചതും ഈ കാലയളവിലാണ്. ഹരിയാന പോലുള്ള സംസ്ഥാനങ്ങളും മദ്യനിരോധനം ഫലപ്രദമല്ലെന്ന് കണ്ട് പിന്നീട് ഉപേക്ഷിക്കുകയാണ് ചെയ്തത്. കേരളത്തില്‍ ഇതുസംബന്ധിച്ച് പഠിക്കാന്‍ നിശ്ചയിച്ച ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടും വിരല്‍ ചൂണ്ടുന്നത് മദ്യനിരോധനം ഫലപ്രദമല്ലെന്ന കാര്യത്തിലാണ്.

മദ്യവിപത്ത് ഒഴിവാക്കാന്‍ കര്‍ശനമായ നിയന്ത്രണവും ബോധവല്‍ക്കരണവുമാണ് ആവശ്യം. സര്‍ക്കാര്‍ ലൈസന്‍സുള്ള മദ്യഷാപ്പുകളില്‍ വിതരണ സമയവും അളവും കൃത്യമായി പാലിക്കണം. അനധികൃത ഔട്ലെറ്റുകള്‍ ഒഴിവാക്കണം. 18 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നത് കുറ്റകരമാക്കണം. ഈ പ്രായപരിധി 21 വയസാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. മദ്യപിച്ച് വണ്ടിയോടിച്ചാല്‍ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കണം. വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കണം. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും പരിസരത്ത് മദ്യവ്യാപാരം കര്‍ശനമായി തടയണം. സ്കൂള്‍ പരിസരങ്ങളില്‍ എല്ലാ ലഹരി പദാര്‍ത്ഥങ്ങളുടെയും കച്ചവടങ്ങള്‍ നിരോധിക്കണം. മദ്യപാനത്തെ മഹത്വവല്‍ക്കരിക്കുന്ന പരസ്യം ഒഴിവാക്കണം. ആനുകാലിക സമൂഹത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ സാമൂഹ്യ തിന്മയില്‍ നിന്ന് രക്ഷനേടുന്നതിനാണ് ജനാധിപത്യ മഹിളാ അസോസിയേഷനും ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും ഒത്തുചേര്‍ന്ന് 'മദ്യാസക്തിക്കെതിരെ ജാഗ്രത' എന്ന ക്യാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. നവംബര്‍ 30 ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉജ്ജ്വലമായ കണ്‍വന്‍ഷനോടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എല്ലാ ജില്ലകളിലും പ്രചരണ ജാഥകള്‍, കണ്‍വെന്‍ഷനുകള്‍ എന്നിവ നടന്നുകൊണ്ടിരിക്കുന്നു. ഡിസംബര്‍ 25 ഓടെ പഞ്ചായത്തുതലത്തിലും വാര്‍ഡ് തലത്തിലും ജാഗ്രതാ സമിതികള്‍ നിലവില്‍ വന്നു. ഡിസംബര്‍ 31 ന് പഞ്ചായത്ത് കേന്ദ്രത്തില്‍ ജനങ്ങളെ ആകെ അണിനിരത്തി മദ്യവര്‍ജ്ജന പ്രതിജ്ഞയെടുക്കും. ജാഗ്രതാ സമിതികള്‍ തുടര്‍ച്ചയായി സമൂഹത്തില്‍ ഇടപെട്ട് മദ്യപാനാസക്തിയില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കും. സ്ത്രീകളും യുവാക്കളും കുട്ടികളും വീടുകള്‍ തോറും കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തും. നിയമങ്ങള്‍ അനുസരിക്കാന്‍ പ്രേരണ നല്‍കും. സമൂഹത്തെ രക്ഷിക്കാനുള്ള ഉദ്യമത്തിന് എല്ലാവരുടെയും പിന്തുണ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

കെ.കെ.ശൈലജ ടീച്ചര്‍ സെക്രട്ടറി, ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി





No comments: