കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുന്നതിലുള്ള വൈദഗ്ധ്യം ആവര്‍ത്തിച്ച് തെളിയിച്ചുകൊണ്ടിരിക്കയാണ്. മനോരമയും മാതൃഭൂമിയും പരസ്പരം മത്സരിച്ച് മുന്നേറുന്ന കാഴ്ച വായനക്കാര്‍ക്ക് ഹരം പകരുന്നതുതന്നെ. ജനുവരി ഒന്നുമുതല്‍ മൂന്നുവരെ തിരുവനന്തപുരത്ത് നടന്ന മൂന്നാം അന്താരാഷ്ട്ര കേരള പഠനകോഗ്രസ് മാധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാത്ത പരിപാടിയായിരുന്നു. മൂവായിരത്തിലധികം പ്രതിനിധികളാണ് പഠനകോഗ്രസില്‍ ആദ്യാവസാനം താല്‍പ്പര്യത്തോടെ പങ്കെടുത്തത്. കേരളത്തിന്റെ ഭാവി വികസനമാണ് മുഖ്യമായും ചര്‍ച്ചചെയ്തത്. '94ല്‍ നടന്ന ഒന്നാം പഠനകോഗ്രസ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയതാണ്. കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ എം എസ് തന്നെയാണ് അതിന് നേതൃത്വം നല്‍കിയത്. 2005ല്‍ രണ്ടാം പഠനകോഗ്രസും പൂര്‍വാധികം ഭംഗിയായി നടന്നു. ആ പഠനകോഗ്രസാണ് 2006ല്‍ അധികാരത്തില്‍വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയായത്. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രതിപാദിച്ച മിക്കകാര്യങ്ങളും വിജയകരമായി നടപ്പാക്കിയശേഷമാണ് മൂന്നാം പഠനകോഗ്രസ് തിരുവനന്തപുരത്ത് നടന്നത്. ഈ പഠനകോഗ്രസ് വലതുപക്ഷ പിന്തിരിപ്പന്‍ ശക്തികളെ വല്ലാതെ സ്വൈരംകൊടുത്തിയതായി തോന്നുന്നു. അതില്‍ അവതരിപ്പിച്ച രേഖകള്‍ വായിച്ച് മനസിലാക്കി സ്വീകാര്യമായവയ്ക്ക് പ്രചാരണം നല്‍കാനോ വിമര്‍ശാത്മകമായി അതിനെ സമീപിക്കാനോ ഉള്ള സമചിത്തത മിക്ക മാധ്യമങ്ങളും പ്രകടിപ്പിച്ചതായി കണ്ടില്ല. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം എന്ന മട്ടിലാണ് മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. സിപിഐ എം പോളിറ്റ്ബ്യൂറോ അംഗവും കിസാന്‍സഭ അഖിലേന്ത്യാ അധ്യക്ഷനുമായ എസ് രാമചന്ദ്രന്‍പിള്ള കാര്‍ഷിക ഗവേഷണത്തെപ്പറ്റി ശ്രദ്ധേയവും പഠനാര്‍ഹവുമായ ഒരു പ്രസംഗം സെമിനാറില്‍ അവതരിപ്പിച്ചു. കാര്‍ഷികരംഗത്ത് നൂതനമായി വളര്‍ന്നുവരുന്ന ശാസ്ത്ര- സാങ്കേതിക വൈദഗ്ധ്യം തൊഴിലാളിവര്‍ഗം എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന വിഷയത്തില്‍ പാര്‍ടിയുടെ അഭിപ്രായം എസ്ആര്‍ പി വ്യക്തമായി അവതരിപ്പിച്ചു. മാധ്യമങ്ങള്‍ അത് വിവാദവിഷയമാക്കി. പ്രസംഗത്തിന് സ്വന്തം വ്യാഖ്യാനം നല്‍കിയാണ് അവര്‍ വാര്‍ത്ത നല്‍കിയത്. എസ് ആര്‍ പിയുടെയും ഡോ.തോമസ് ഐസക്കിന്റെയും മറ്റും വിശദീകരണക്കുറിപ്പുകള്‍ വന്നതോടെ ഇക്കൂട്ടരുടെ ശ്രമം വിഫലമായി. ഇപ്പോള്‍ പുതിയ ഒരു വിഷയവുമായി ചാനലുകളും മാതൃഭൂമി- മനോരമാദി പത്രങ്ങളും രംഗപ്രവേശനം ചെയ്തിരിക്കുന്നു. ഗുജറാത്ത് മോഡല്‍ ഇവിടെ പറ്റില്ലെന്ന് കേരള മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രസംഗിച്ചതായി മനോരമ ഒന്നാംപേജില്‍ നാലുകോളം വാര്‍ത്ത കൊടുത്തു. ഈ പ്രസംഗത്തില്‍ തര്‍ക്കിക്കാനുള്ള വിഷയം ഒന്നുമില്ല. ഗുജറാത്ത് മോഡലിനെ ആദ്യം പുകഴ്ത്തിയത് ഇപ്പോള്‍ കോഗ്രസില്‍ ചേക്കേറിയ അബ്ദുള്ളക്കുട്ടിയാണ്. സിപിഐ എം അതിനെതിരെ നടപടി സ്വീകരിച്ചതും ഗുജറാത്ത് മോഡല്‍ കേരളത്തിന് മാതൃകയല്ലെന്ന് വ്യക്തമാക്കിയതും ആരും അറിയാത്തതല്ല. പഠനകോഗ്രസില്‍ അവതരിപ്പിച്ച രേഖയിലൊന്നിലും ഗുജറാത്ത് മോഡലിനെപ്പറ്റി നേരിയ പരാമര്‍ശം പോലുമില്ല. ആരുടെയെങ്കിലും പ്രസംഗത്തില്‍ ഗുജറാത്ത് മോഡലിനെ പുകഴ്ത്തിയതായും അറിവില്ല. സമാപനയോഗത്തില്‍ പിണറായി വിജയന്‍ ചെയ്ത പ്രസംഗം ഇതെഴുതുന്നയാള്‍ ആദ്യാവസാനം ശ്രദ്ധാപൂര്‍വം കേട്ടതാണ്. ഗുജറാത്ത് മോഡലിനെപ്പറ്റിയോ നരേന്ദ്രമോഡിയെപ്പറ്റിയോ ഒരു പരാമര്‍ശവും പിണറായി നടത്തിയിട്ടില്ല. കേരളത്തിന്റെ വികസനത്തിന് തടസ്സമായി നില്‍ക്കുന്ന ചില കാര്യങ്ങള്‍ ബഹുജനശ്രദ്ധയില്‍ കൊണ്ടുവന്നു എന്നത് നേരാണ്. സിവില്‍സര്‍വീസില്‍ കാണുന്ന ചില പുഴുക്കുത്തുകളെപ്പറ്റി സൂചനനല്‍കി. ഒരു വ്യക്തിയെയും പ്രത്യേകം പരാമര്‍ശിച്ചില്ല. മാത്രമല്ല, ഒരു ഘട്ടത്തില്‍ പിണറായി ഇത്രകൂടി പറഞ്ഞു: "ഞാന്‍ ഉദാഹരണമൊന്നും പറയുന്നില്ല. ഉദാഹരണം പറഞ്ഞാല്‍ അത് ചില വ്യക്തികളെപ്പറ്റിയാണെന്ന വ്യാഖ്യാനം വരും. അങ്ങനെയൊരു വ്യാഖ്യാനത്തിന് വഴിയുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല''. അത്രയധികം ശ്രദ്ധയോടെയായിരുന്നു പിണറായി വിജയന്‍ പ്രസംഗത്തിലെ ഓരോ വാക്കും വാചകവും പറഞ്ഞുതീര്‍ത്തത്. എന്നിട്ടും മനോരമ ഗണിച്ചെടുക്കുകയാണ് 'കേരള പഠനകോഗ്രസില്‍ വ്യവസായരംഗത്തെ ഏകജാലകസംവിധാനം സംബന്ധിച്ച് പിണറായി വിജയന്‍ വിമര്‍ശനം നടത്തിയിരുന്നു. കൂടാതെ ഇന്ത്യയിലെ ഒരു സംസ്ഥാനം വ്യവസായികളോട് പുലര്‍ത്തുന്ന ഉദാരസമീപനത്തെ ശ്ളാഘിക്കുകയും ചെയ്തു. പിണറായി ഉദ്ദേശിച്ചത് ഗുജറാത്താണെന്ന ധാരണ ഉണ്ടായിരുന്നു. ഇതിന് മറുപടിയായാണ് ഗുജറാത്തും കണ്ടല്‍ക്കാടും ചേര്‍ത്ത് അച്യുതാനന്ദന്‍ നയം വ്യക്തമാക്കിയതെന്നാണ് സൂചന.' പിണറായി ഉദ്ദേശിച്ചത് ഗുജറാത്താണെന്ന് മനോരമ സ്വന്തം ഭാവനയില്‍ വായിച്ചെടുക്കുന്നു. 'അച്യുതാനന്ദന്‍ നയം വ്യക്തമാക്കിയതാണെന്ന' സൂചനയും ഭാവനയില്‍ കാണുന്നു. ഇത്രയും വാക്കുകൊണ്ട് വിവാദം സൃഷ്ടിച്ച് രംഗം കൊഴുപ്പിക്കാനാണ് മനോരമ ശ്രമിക്കുന്നത്. മാതൃഭൂമി വി എസിന്റെ പ്രസംഗം അഞ്ചാം പേജിലാണ് പ്രസിദ്ധീകരിച്ചത്. 'ഗുജറാത്ത് മാതൃക സ്വീകാര്യമല്ല. പുത്തന്‍ വികസനവാദികള്‍ക്കെതിരെ വി എസ്' എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. സ്വന്തം ലേഖകന്റെ കാഴ്ചപ്പാട് മൂന്നുകോളത്തില്‍ വേറെതന്നെ നല്‍കി. അതില്‍ 'പഠനകോഗ്രസിലെ കണ്ടെത്തലുകള്‍ക്ക് വിമര്‍ശനം. വി എസ് നിരാകരിച്ചത് പിണറായിയുടെ വ്യവസായ വികസനകാഴ്ചപ്പാടിനെ' എന്നതാണ് വ്യാഖ്യാനം. 'ഇതാണ് പിണറായി തന്റെ പ്രസംഗത്തില്‍ വ്യംഗ്യമായി ഉന്നയിച്ചത്' എന്നും മാതൃഭൂമി ലേഖകന്‍ തട്ടിവിടുന്നു. 'മുഖ്യമന്ത്രിതന്നെ വ്യവസായവകുപ്പ് കൈകാര്യംചെയ്യുന്ന സംസ്ഥാനത്തെയാണ് പിണറായി പ്രശംസിച്ചത്. ഈ സംസ്ഥാനത്തിന്റെ പേര് വ്യക്തമാക്കിയില്ലെങ്കിലും ഗുജറാത്തിനെയാണ് ഉദ്ദേശിച്ചതെന്ന വാദവും ഉയര്‍ന്നുവന്നിരുന്നു'. അതായത്, പിണറായിയുടെ പ്രസംഗത്തില്‍ മാധ്യമങ്ങളുടെ അഭിപ്രായം കുത്തിച്ചെലുത്തുക- പിന്നീട് അതിന് വ്യാഖ്യാനം നല്‍കി വിവാദം സൃഷ്ടിക്കുക. ഇതാണ് മനോരമയും മാതൃഭൂമിയും ചെയ്തത്. ഗുജറാത്ത് മോഡലല്ല കേരളത്തിന് മാതൃക. 1957ല്‍ അധികാരത്തില്‍വന്ന ഇ എം എസ് മന്ത്രിസഭ അംഗീകരിച്ച് നടപ്പാക്കിയ വ്യവസായ നയത്തില്‍നിന്നാണ് തുടക്കം. സ്വകാര്യ വ്യവസായികള്‍ക്കുകൂടി പങ്കാളിത്തം നല്‍കുന്നതാണ് അന്ന് തുടക്കം കുറിച്ച നയം. ഇന്ത്യയിലെ കുത്തകമുതലാളിമാരില്‍ ഒന്നായ ബിര്‍ലയെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുവന്നു. വ്യവസായത്തിനാവശ്യമായ സ്ഥലം പൊന്നുംവിലയ്ക്കെടുത്തു നല്‍കി. പള്‍പ്പ് നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുവായ മുള ടണ്ണിന് ഒരു രൂപാ നിരക്കില്‍ നല്‍കുകയുംചെയ്തു. അതുവഴി എല്ലാ പ്രോത്സാഹനവും സ്വകാര്യ കുത്തകയാണെങ്കില്‍പോലും നല്‍കി കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് തെല്ലെങ്കിലും പരിഹാരം കാണാനുതകുന്ന നയമാണ് സ്വീകരിച്ചത്. 2006ല്‍ വന്ന വി എസിന്റെ സര്‍ക്കാര്‍തന്നെയാണ് പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ ലാഭകരമാക്കാനുള്ള നടപടി സ്വീകരിച്ചത്. എട്ട് പുതിയ പൊതുമേഖലാ വ്യവസായങ്ങള്‍ ആരംഭിക്കുകയുംചെയ്തു. സ്വകാര്യ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കണമെന്ന് തീരുമാനിച്ചതും വി എസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍തന്നെയാണ്. ഏതാനും വ്യവസായങ്ങള്‍ക്ക് സ്പെഷ്യല്‍ സോ അനുവദിക്കണമെന്ന് ശുപാര്‍ശ നല്‍കുകയുംചെയ്തു. സ്വകാര്യ വ്യവസായങ്ങള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കണമെന്ന് പിണറായി വിജയന്‍ തന്നിഷ്ടപ്രകാരം തനിച്ച് തീരുമാനിച്ചതല്ല. സിപിഐ എം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. എല്‍ഡിഎഫ് ചര്‍ച്ചചെയ്ത് അംഗീകരിച്ചതുമാണ് കേരളത്തിന്റെ വ്യവസായനയം. ഇത് പിണറായി അനുകൂലിക്കുന്നുവെന്നും വി എസ് എതിര്‍ക്കുന്നുവെന്നും മനോരമയും മാതൃഭൂമിയും പ്രചരിപ്പിക്കുന്നത് തനി ഭോഷ്കാണ്. മറ്റൊരുകാര്യം കൂടി. ശ്രീനിജന്‍ എന്നൊരു യൂത്ത്കോഗ്രസുകാരന്‍ അമിതമായി സ്വത്ത് സമ്പാദിച്ചതായി വാര്‍ത്തവന്നു. ഏഷ്യാനെറ്റ് വാര്‍ത്താചാനലാണ് അത് ആദ്യം പുറത്തുവിട്ടത്. തൊട്ടടുത്തദിവസം ദേശാഭിമാനിയും മാധ്യമവും അതേവാര്‍ത്ത പ്രസിദ്ധീകരിച്ചു. അന്ന് 'മനോരമ'യും 'മാതൃഭൂമി'യും ആ വാര്‍ത്ത കണ്ടതായി നടിച്ചില്ല. തൊട്ടടുത്ത ദിവസവും വാര്‍ത്ത കൊടുക്കുകയല്ല അവര്‍ ചെയ്തത്. പ്രതികരണത്തിനുപിന്നാലെ പോകുകയായിരുന്നു. ശ്രീനിജനെതിരെയുള്ള ആരോപണം ഒരാള്‍ മുഖ്യമന്ത്രിക്ക് രേഖാമൂലം നല്‍കിയപ്പോള്‍ അത് വിജിലന്‍സ് അന്വേഷണത്തിനായി ആഭ്യന്തരമന്ത്രിക്കയച്ചു. അദ്ദേഹം പെട്ടെന്നുതന്നെ അതിന്മേല്‍ നടപടി സ്വീകരിച്ചു. സിപിഐ എം വെട്ടിലായിരിക്കുന്നെന്നാണ് മാതൃഭൂമി പറഞ്ഞത്. യൂത്ത്കോഗ്രസുകാരനെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സിപിഐ എം വെട്ടിലാകുന്ന വിദ്യ മാതൃഭൂമിക്കുമാത്രം അറിയാവുന്നതാണ്. അതേ പത്രത്തില്‍ ആറാംപേജില്‍ വന്ന വാര്‍ത്തകൂടി വായിക്കണം. 'യൂത്ത്കോഗ്രസ് തെരഞ്ഞെടുപ്പ്: ശ്രീനിജനുമായി ബന്ധപ്പെടുത്തി ഇനി ആരോപണമുന്നയിച്ചാല്‍ നടപടി: വിഷ്ണുനാഥ്'. ആരാണ് വെട്ടിലായതെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നില്ലേ? ഇതാണ് മാതൃഭൂതിയുടെ കകെട്ടുവിദ്യ. മനോരമ, മാതൃഭൂമി എന്നീ രണ്ട് മുഖ്യധാരാമാധ്യമങ്ങള്‍ 2 ജി സ്പെക്ട്രം അഴിമതിയോട് എടുക്കുന്ന സമീപനംകൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. 2 ജി സ്പെക്ട്രം അഴിമതിയില്‍ കേന്ദ്രഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടം വന്നതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തുകയും സിഎജി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയുംചെയ്തു. എന്നാല്‍, അതിവിചിത്രമെന്നുപറയട്ടെ; സിഎജി റിപ്പോര്‍ട്ട് തികച്ചും തെറ്റാണെന്നും കേന്ദ്രഖജനാവിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും കേന്ദ്രവും കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബലും വെളിപ്പെടുത്തിയിരിക്കുന്നു. സിഎജി ഒരു ഭരണഘടനാ സ്ഥാപനമാണെന്ന കാര്യം മറന്നുകൂടാ. ഈ വാര്‍ത്ത 'മാതൃഭൂമി' മൂന്നാംപേജില്‍ മൂന്നുകോളത്തില്‍ പ്രസീദ്ധീകരിച്ചു. ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതി കുഴിച്ചുമൂടാനുള്ള കോഗ്രസ് ശ്രമത്തിനെതിരെ മാതൃഭൂമിക്ക് ഒരു പ്രതികരണവുമില്ല പ്രതികരണം ആരോടും അന്വേഷിച്ചുമില്ല. മനോരമ ആറാംപേജിലാണ് വാര്‍ത്ത കൊടുത്തത്. ഇത്രയും ഗൌരവമായ ഒരു വാര്‍ത്തയോട് മനോരമയും പ്രതികരിക്കാന്‍ മടിക്കുന്നു. 1.76 ലക്ഷം കോടി രൂപ നഷ്ടംവരുത്തിയ അഴിമതി കുഴിച്ചുമൂടാനുള്ള കോഗ്രസ് നേതൃത്വത്തിന്റെ ശ്രമത്തിന് മനോരമയും മാതൃഭൂമിയും മത്സരിച്ച് പിന്തുണ നല്‍കുന്നതാണ് മുന്നിലെ കാഴ്ച. കേരള പഠനകോഗ്രസിന്റെ പ്രാധാന്യം അവഗണിക്കാനും വിവാദങ്ങള്‍ സൃഷ്ടിച്ച് ബഹുജനശ്രദ്ധ മറ്റു വിഷയത്തിലേക്ക് തിരിച്ചുവിടാനുമുള്ള വലതുപക്ഷ മാധ്യമങ്ങളുടെ നെറികെട്ട രീതിയാണ് ഇതിലൂടെ മറനീക്കുന്നത്.
വി വി ദക്ഷിണാമൂര്‍ത്തി
വി വി ദക്ഷിണാമൂര്‍ത്തി
No comments:
Post a Comment