Tuesday, January 11, 2011

ഇത് യാചന യാത്ര

ഇത് യാചന യാത്ര

പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉപ്പളയില്‍നിന്ന് ആരംഭിച്ച റോഡ്ഷോ അടുത്തമാസം നാലിന് പാറശ്ശാലവരെ തുടരും. കള്ളച്ചൂതില്‍ ശകുനിയെ തോല്‍പ്പിക്കുന്ന 'തോര്‍ത്തുമുണ്ട് വിപ്ളവക്കാര്‍' നിയമസഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ പുതിയൊരു രഥയാത്രയ്ക്ക് ഇറങ്ങിയത് പലവിധ ഉദ്ദേശത്തോടെയാണ്. ഉമ്മന്‍ചാണ്ടിയുടേത് പുതിയൊരു അശ്വമേധമാണെന്ന് കോഗ്രസിന്റെ 'യഥാര്‍ഥ വക്താവ്' രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിട്ടുണ്ട്. അശ്വമേധം പൂര്‍ത്തിയാകുമ്പോള്‍ അശ്വത്തെ കൊല്ലുകയാണ് പതിവ്. ചില വൈദികര്‍ക്ക് ചോര കാണാന്‍ വയ്യാത്തതിനാല്‍ യാഗങ്ങളില്‍ അശ്വത്തെയോ അല്ലെങ്കില്‍ അജത്തിനെയോ കുക്കുടത്തെയോ ശ്വാസംമുട്ടിച്ച് കൊല്ലാറുണ്ട്. മോചനയാത്ര പൂര്‍ത്തിയാകുമ്പോള്‍ അറിയാം യാഗശാലയില്‍ ശ്വാസംമുട്ടി മരിക്കാന്‍ പോകുന്നത് ആരൊക്കെയാണെന്ന്. പുറമേയ്ക്കുകാണാന്‍ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ആഭ്യന്തരസംഘര്‍ഷങ്ങളില്‍ ആടിയുലയുകയാണ് കോഗ്രസും യുഡിഎഫും. നിയമസഭാതെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിനെ നയിക്കേണ്ടത് ആരെന്നതിനെച്ചൊല്ലി കടുത്ത ശണ്ഠയാണ് കോഗ്രസില്‍. ഉമ്മന്‍ചാണ്ടിയെ മാറ്റി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഒന്നാമനാക്കാനാണ് ചെന്നിത്തലപക്ഷക്കാര്‍ അരയും തലയും മുറുക്കിയിട്ടുള്ളത്. കെഎസ്യുവിനു പുറമെ യൂത്ത് കോഗ്രസും പിടിച്ച ബലവുമായി ഉമ്മന്‍ചാണ്ടിപക്ഷം പറയുന്നത് കെപിസിസി പ്രസിഡന്റ് നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ്. പതിറ്റാണ്ടുകളായി സംസ്ഥാന കോഗ്രസിലെ ആഭ്യന്തരരാഷ്ട്രീയം തിരിഞ്ഞത് കെ കരുണാകരന്‍- എ കെ ആന്റണി അച്ചുതണ്ടിലാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി- ചെന്നിത്തല അങ്കമാണെന്നുതോന്നാം. അതില്‍ പകുതി വാസ്തവമുണ്ട്. പക്ഷേ, യഥാര്‍ഥ അങ്കം എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തമ്മിലാണ്. ഹൈക്കമാന്‍ഡില്‍ ആന്റണിക്കുള്ള സ്വാധീനം ഉമ്മന്‍ചാണ്ടിയെ ഭയപ്പെടുത്തുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരില്‍ ആരെയും ഉമ്മന്‍ചാണ്ടിക്കെതിരെ ആന്റണി അവതരിപ്പിച്ചേക്കാം. ഉപ്പളയില്‍ ഉമ്മന്‍ചാണ്ടി യാത്രതിരിക്കുന്ന ദിവസം ശങ്കരനാരായണന്‍ കേരളത്തില്‍ തമ്പടിച്ചു. അതിനുമുമ്പ് എന്‍എസ്എസ് ആസ്ഥാനത്തെത്തി ഗവര്‍ണര്‍പദവി വഹിക്കുന്നുവെന്ന കാര്യംപോലും മാറ്റിവച്ച് ചില രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയുംചെയ്തു. ശിവന്‍പോലും തപസനുഷ്ഠിച്ചത് കൈലാസം നന്നാക്കാനല്ലെന്നിരിക്കെ, ശങ്കരനാരായണന്‍ ചുമ്മാതൊന്നും ചെല്ലില്ല. ഉമ്മന്‍ചാണ്ടിയുടെ യാത്ര, പാര്‍ലമെന്ററിപാര്‍ടി നേതാവാക്കണേ എന്ന സോണിയയോടുള്ള യാചനയാണ്. പുത്തരിയില്‍ കല്ലുകടിച്ച അനുഭവമാണ് തുടക്കത്തില്‍ത്തന്നെ. ഘടകകക്ഷി നേതാക്കളെയെല്ലാം അണിനിരത്താന്‍ നോക്കിയെങ്കിലും പിണക്കം മാറാത്ത ഗൌരിയമ്മ ഉമ്മന്‍ചാണ്ടിയുടെ യാത്രയില്‍ ഒപ്പമില്ല. കൂട്ടത്തില്‍ കൂടിയ പി കെ കുഞ്ഞാലിക്കുട്ടിയാണോ കെ എം മാണിയാണോ രണ്ടാമന്‍ എന്ന തര്‍ക്കത്തിനും പരിഹാരമായിട്ടില്ല. ദുര്‍ഭരണത്തില്‍നിന്ന് നാടിനെ രക്ഷിക്കാനുള്ള കേരളമോചനയാത്ര എന്നാണ് ഉമ്മന്‍ചാണ്ടി തന്റെ രഥയാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. ദുര്‍ഭരണം എന്നത് മോശപ്പെട്ട കാര്യമാണ്. അതിനെതിരെ ജാഥ നയിക്കുന്നത് നല്ലതുമാണ്. പക്ഷേ, ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഉപ്പളനിന്ന് പാറശ്ശാലയില്‍ എത്തിയശേഷം 'ഛലോ ഛലോ ദില്ലി' എന്നൊരു മുദ്രാവാക്യവും വിളിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തുകയാണ് വേണ്ടത്. മന്‍മോഹന്‍ഭരണം ലോകത്തിലെത്തന്നെ അഴിമതിയുടെ ഏറ്റവും വലിയ 'ഡിണ്ടിമ'യായി മാറിയിരിക്കുകയാണല്ലോ. 2ജി സ്പെക്ട്രം അഴിമതിയുടെ വലുപ്പം 1.76 ലക്ഷം കോടി രൂപയാണെന്നുകണ്ട് ലോകംതന്നെ നടുങ്ങിയവേളയാണിത്. കോമവെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം- ഇങ്ങനെ അഴിമതിയുടെ നടുക്കടലിലാണ് കോഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ ഭരണം. ഇതു തിരിച്ചറിഞ്ഞ ജനങ്ങള്‍ ഉടനെ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍, കോഗ്രസിനെ അധികാരഭ്രഷ്ടമാക്കുമെന്ന് ദേശീയ സര്‍വേ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. }മന്‍മോഹന്‍ ഭരണത്തിലെ അഴിമതിക്കു സമാനമായിരുന്നു കേരളത്തിലെ മുന്‍ യുഡിഎഫ് ഭരണകാലവും. ഉമ്മന്‍ചാണ്ടിയുടേതും അഴിമതിരഹിത ഭരണമായിരുന്നില്ലല്ലോ. മോചനയാത്രയുടെ ഉദ്ഘാടനപ്രസംഗത്തില്‍ എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ വിഷം ചീറ്റുന്ന അസ്സലൊരു മൂര്‍ഖന്‍പാമ്പാണ് താനെന്ന് ഉമ്മന്‍ചാണ്ടി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ മറക്കുന്ന യാത്രയാണിത്. വിലക്കയറ്റത്തിന്റെ സുനാമിയില്‍പ്പെട്ട് ജനജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഇതേപ്പറ്റി വിചാരമുണ്ടായിരുന്നെങ്കില്‍, വിലക്കയറ്റത്തിന് കാരണമായ കേന്ദ്രസര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങള്‍ തിരുത്തിക്കാനല്ലേ യാത്ര വേണ്ടിയിരുന്നത്? രാജ്യം നേരിടുന്ന സങ്കീര്‍ണപ്രശ്നമാണ് വിലക്കയറ്റം. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ യുപിഎയിലെ ഘടകകക്ഷികള്‍പോലും പരസ്യമായി പ്രതിഷേധിക്കുന്നു. എന്നിട്ടും കേന്ദ്രം ചെവികൊടുക്കുന്നില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം സര്‍ക്കാരില്‍നിന്ന് എടുത്തുമാറ്റി. ഇതുവരെ വില നിര്‍ണയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു. ഇപ്പോള്‍ കമ്പനികള്‍ക്ക് ഇഷ്ടംപോലെ വില കൂട്ടാനും കുറയ്ക്കാനും കഴിയും. അടിക്കടിയുള്ള ഇന്ധനവില വര്‍ധന നാണയപ്പെരുപ്പം രൂക്ഷമാക്കിയിരിക്കയാണ്. നാലുകോടി ട ഭക്ഷ്യധാന്യം കേന്ദ്രസര്‍ക്കാരിന്റെ ഗോഡൌണുകളില്‍ ചീഞ്ഞുനശിക്കുന്നു. സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും പാവങ്ങള്‍ക്കതു വിതരണം ചെയ്യുന്നില്ല. എന്നാല്‍, വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച എപിഎല്‍ ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കാനുള്ള സമരയാത്രയായിരുന്നില്ലേ വേണ്ടിയിരുന്നത്? കോഴിപ്പുറത്ത് മാധവമേനോന്‍ മുതല്‍ രമേശ് ചെന്നിത്തലവരെയുള്ളവര്‍ കെപിസിസി പ്രസിഡന്റായ കേരളത്തിലെ കോഗ്രസ് ചരിത്രമെടുത്താല്‍ സംസ്ഥാനതല രഥയാത്ര തുടങ്ങിയത് വിമോചനസമരകാലത്തായിരുന്നു. പക്ഷേ, കോഗ്രസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനതലയാത്രയ്ക്ക് തുടക്കമിട്ടത് എ കെ ആന്റണിയാണ്. 2001ല്‍ നായനാര്‍ ഭരണത്തിനെതിരെ വിമോചനയാത്ര സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. അതിന്റെ ചുവടുപിടിച്ചാണ് ഉമ്മന്‍ചാണ്ടി മോചനയാത്ര നടത്തുന്നതെങ്കിലും ചരിത്രം ആവര്‍ത്തിക്കാനുള്ള സൂചനകളൊന്നും കോണഗ്രസുകാര്‍പോലും കാണുന്നില്ല. ദേശീയ-സംസ്ഥാന രാഷ്ട്രീയം കോഗ്രസ് നയിക്കുന്ന ചേരിക്കെതിരെ അതിവേഗം തിരിയുകയാണ്. നാലരവര്‍ഷം പിന്നിട്ട എല്‍ഡിഎഫ് ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസവും നാടിന് പുരോഗതിയും സമാധാനവും പ്രദാനം ചെയ്തതാണ്. മതനിരപേക്ഷതയുടെ തുരുത്തായി കേരളം ശേഷിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ക്കുമാത്രമേ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കരുത് എന്നു പറയാനാകൂ. അക്രമങ്ങള്‍ അഴിച്ചുവിട്ട് മതധ്രുവീകരണം ഉണ്ടാക്കാന്‍ ആര്‍എസ്എസും എന്‍ഡിഎഫും ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ അതിനെ തടയുന്നത് ഇടതുപക്ഷമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനുള്ള മനസ്സോ ആത്മാര്‍ഥതയോ യുഡിഎഫ് നേതൃത്വത്തിനില്ല. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ പൊയ്ക്കാലില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമാണത്്. പരിഷ്കൃതസമൂഹത്തിനു ചേരാത്ത അതിക്രമങ്ങള്‍ക്കായിരുന്നു ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ നേതൃത്വം കൊടുത്തത്. മുണ്ട് മുറുക്കിയുടുക്കാന്‍ പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. എന്നാല്‍, ഒരു സര്‍ക്കാരിന്റെ ഭരണകാലയളവില്‍ത്തന്നെ രണ്ട് ശമ്പളപരിഷ്കരണം നടപ്പാക്കുന്നുവെന്ന പൊന്‍തൂവല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സ്വന്തം. അതുകൊണ്ടാണ് പുതുവര്‍ഷത്തെ 'ഹാപ്പി ന്യൂ സ്കെയില്‍' എന്നു വിശേഷിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ജിഹ്വപോലും തയ്യാറായത്. നാല്‍പ്പത്തൊന്നു ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി കിട്ടുന്ന കാലം. തല ചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് കൂര കൊടുക്കുന്ന ഭരണം. പൊതുമേഖലാസ്ഥാപനങ്ങളെല്ലാം ലാഭത്തില്‍. ട്രഷറി പൂട്ടാത്ത കാലം. സര്‍ക്കാര്‍ ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് കടന്നുചെല്ലാവുന്ന കാരുണ്യകാലം. സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് എയര്‍കണ്ടീഷന്‍ഡ് ക്ളാസ്റൂമുകള്‍വരെ നല്‍കുകയും ഉച്ചഭക്ഷണം കൊടുക്കുകയും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുകയുംചെയ്ത കാലം. ഭദ്രമായ ക്രമസമാധാനം. ഇങ്ങനെ ശത്രുക്കള്‍ക്കുപോലും കുറ്റം പറയാനാകാത്ത ഭരണമാണ് കേരളം നാലരവര്‍ഷത്തിലധികമായി കാണുന്നത്. കേരളവികസനത്തെ ശക്തിപ്പെടുത്താന്‍ ഉതകുംവിധം കാര്‍ഷികമേഖലയില്‍ ഇടപെട്ടതാണോ പ്രതിപക്ഷനേതാവേ സംസ്ഥാനസര്‍ക്കാര്‍ ചെയ്ത കുറ്റം? അഖിലേന്ത്യാതലത്തില്‍ കാര്‍ഷികമേഖലയില്‍ നെഗറ്റീവ് വളര്‍ച്ച കാണിച്ചപ്പോള്‍ കേരളത്തില്‍ 2.8 ശതമാനം വളര്‍ച്ചയുണ്ടായി. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് കര്‍ഷക ആത്മഹത്യ തകര്‍ത്താടിയ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്ന് കര്‍ഷക ആത്മഹത്യ പഴങ്കഥയായില്ലേ? പാവങ്ങളില്‍ പാവപ്പെട്ടവരാണ് പരമ്പരാഗത തൊഴിലാളികള്‍. കശുവണ്ടി ഫാക്ടറികളില്‍ യുഡിഎഫ് ഭരിച്ചപ്പോള്‍ വര്‍ഷത്തില്‍ 12 ദിവസമല്ലേ പണി. എന്നാല്‍, ഇന്ന് എല്ലാദിവസവും പണിയുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതാണോ എല്‍ഡിഎഫ് ഭരണത്തിന്റെ ദുഷ്ചെയ്തി. ഒരുമുറം ചാരത്തിന്റെ ലാഭത്തിനായി അയല്‍പ്പക്കത്തെ പുരയ്ക്കു തീ കൊടുക്കുന്ന ക്രൂരമായ നടപടിപോലെയാണ് ഉമ്മന്‍ചാണ്ടി കേരളത്തിന് സദ്ഭരണം പ്രദാനംചെയ്ത എല്‍ഡിഎഫിനെതിരെ കുറ്റപത്രവുമായി യാത്ര നടത്തുന്നത്.

ആര്‍ എസ് ബാബു

No comments: