പി കൃഷ്ണപ്രസാദ്
ഉല്‍പ്പാദനമേഖലയ്ക്ക് (കൃഷി, വ്യവസായം) മുന്‍ഗണന നല്‍കിയും അധ്വാനവര്‍ഗ ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചും തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ തോമസ് ഐസക് അഭിനന്ദനാര്‍ഹമാംവിധം വിജയിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ലിംഗസമത്വത്തിനും വിഭവങ്ങള്‍ വകയിരുത്തുന്നതിനും ബജറ്റ് തുടക്കംകുറിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഐടി, ടൂറിസം തുടങ്ങി സേവനമേഖലയ്ക്കും 50 ശതമാനം വിഹിതം വര്‍ധിപ്പിച്ചു. സാധാരണക്കാരനുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടി ബജറ്റിലുണ്ട്. ഫലത്തില്‍, രാഷ്ട്രീയപ്രേരിതമായ വിമര്‍ശങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കച്ചവടക്കാരടക്കം എല്ലാ ജനവിഭാഗങ്ങളും സ്വാഗതംചെയ്യുന്ന ഈ ബജറ്റ് കേരള മാതൃകാ വികസനത്തെ ശക്തിപ്പെടുത്തുന്നതും സംരക്ഷിക്കുന്നതുമാണ്. കൈയടി വാങ്ങാന്‍ കൈവിട്ടുകളി“എന്നാണ് മലയാള മനോരമ മുഖപ്രസംഗം ബജറ്റിനെ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ പകുതി കുടുംബങ്ങള്‍ക്കും (35 ലക്ഷം) രണ്ടു രൂപയ്ക്ക് അരി നല്‍കാനും അസുഖം വന്നാല്‍ 30,000 രൂപവരെയും ക്യാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം എന്നിവയ്ക്ക് 70,000 രൂപ വരെയും ചികിത്സാ സഹായം നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താനും തയ്യാറായതിനെ ലജ്ജയേതുമില്ലാതെ കൈയടി വാങ്ങാനുള്ള കേവലം കളിയായി മനോരമ വിശേഷിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വന്‍കിട മുതലാളിത്ത-ഭൂപ്രഭുക്കളെ എത്രമാത്രം പ്രകോപിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. പ്രണബ് മുഖര്‍ജി അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ കോര്‍പറേറ്റ് മുതലാളിമാരുടെ പ്രത്യക്ഷനികുതിക്ക് 80,000 കോടി രൂപയുടെ നികുതി ഇളവുനല്‍കിയതിനെ മനോരമ രാജ്യപുരോഗതിക്കുള്ള വഴിയെന്നാണ് വിശേഷിപ്പിച്ചത്. സമ്പന്നവിഭാഗങ്ങളോടു മനോരമയ്ക്കുള്ള പക്ഷപാതിത്വം തുറന്നുകാട്ടി മുഖപ്രസംഗം തുടരുന്നു. തോമസ് ഐസക്കിന്റെ ബജറ്റുകള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. സാമ്പത്തിക ഉദാരവല്‍ക്കരണ നടപടിയോടുള്ള വെല്ലുവിളിയും കേന്ദ്രനയങ്ങളെ കുറ്റപ്പെടുത്തലും. എന്നാല്‍, കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ചാലുകീറാനാകുന്നുമില്ല. ഉദാരവല്‍ക്കരണനയങ്ങളെ ചോദ്യംചെയ്യുന്നതും, പ്രസ്തുത നയങ്ങള്‍മൂലം പാപ്പരാകുകയും കടക്കെണിയില്‍പ്പെടുകയും ചെയ്യുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടക്കം ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേമപദ്ധതികള്‍ അനുവദിക്കുന്നതും തങ്ങളുടെ ധനികവര്‍ഗ പക്ഷപാതിത്വംമൂലം മനോരമയ്ക്ക് സഹിക്കാനാകുന്നില്ല. മനോരമയുടെ വായനക്കാരെല്ലാം ഉദാരവല്‍ക്കരണനയങ്ങളെ കണ്ണുമടച്ച് പിന്തുണയ്ക്കുന്നവരാണെന്ന മിഥ്യാബോധമാണ് അവരെ നയിക്കുന്നത്. മാര്‍ച്ച് ആറിന്റെ മനോരമയില്‍ത്തന്നെ ബജറ്റിനെ വിലയിരുത്തി എഴുതിയ ലേഖനത്തില്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസില്‍ അസോസിയറ്റ് പ്രൊഫസറായ വിശാന്തകുമാര് കൂലിവേലക്കാരെയാകെ മദ്യപാനികളെന്ന് അധിക്ഷേപിക്കാന്‍പോലും മുതിര്‍ന്നിരിക്കുന്നു. പ്രൊഫ. ശാന്തകുമാര്‍ പറയുന്നു; നമുക്ക് യഥാര്‍ഥ ദരിദ്രരോട് ഒരു സഹതാപവുമില്ല. തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രതിമാസം 300 രൂപ. നഗരപ്രദേശങ്ങളില്‍ തൊഴില്‍ നല്കാന് 20 കോടി. എന്നാല്‍, ഒരു ദിവസം കൂലിപ്പണിക്കു പോയി 300 രൂപ വരുമാനമുണ്ടാക്കുന്നവര്‍ക്ക് അരി സൌജന്യമായി നല്കാന് 500 കോടി. യഥാര്‍ഥ ദരിദ്രര്‍ക്ക് കൂടുതല്‍ നല്കിയാല് വോട്ടിന്റെ എണ്ണം കൂടില്ലല്ലോ. പിന്നെ ഒരു സ്വാഭാവിക നീതിയുണ്ടെന്നു പറയാം. 300 രൂപ കൂലി വാങ്ങി ബിവറേജസ് കോര്പറേഷന് കൌണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അവരുടെ കൈയില്‍നിന്നു വാങ്ങുന്നതിന്റെ ഒരു ഭാഗം രണ്ടു രൂപയ്ക്ക് അരിയായി തിരിച്ചുനല്കുന്നതിലുള്ള സ്വാഭാവിക നീതി. 2006ല്‍ കേവലം 110 രൂപയായിരുന്ന തൊഴിലാളികളുടെ ക്ഷേമ പെന്ഷന് തുക നാലു വര്‍ഷത്തിനകം 300 രൂപയായി വര്‍ധിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ക്ഷേമപെന്ഷന് വാങ്ങുന്ന കുടുംബങ്ങള്‍ക്കും നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലുറപ്പു പദ്ധതിയില്‍ 50 ദിവസത്തില്‍ കുറയാതെ പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്കുന്ന പദ്ധതി ബാധകമാണെന്ന് പ്രൊഫസര്‍ക്ക് അറിയാത്തതല്ല. മറിച്ച് കേരളത്തിലെ ഉയര്‍ന്ന മിനിമം കൂലി നിരക്കിനെയും അതു ലഭിക്കുന്ന തൊഴിലാളികളെയും മോശമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഉയര്‍ന്ന കൂലി ലഭിക്കുന്ന കൂലിത്തൊഴിലാളികള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ എത്ര ദിവസം തൊഴില്‍ ലഭിക്കുന്നുണ്ടെന്ന് സ്ഥിതിവിവര കണക്ക് മാസശമ്പളവും മെഡിക്കല്‍ അലവന്‍സും ടൂര്‍ അലവന്‍സും സുരക്ഷിതമായ പെന്ഷന് ആനുകൂല്യങ്ങളും ഉറപ്പുമുള്ള ബഹുമാന്യ പ്രൊഫസര്‍ക്ക് അപ്രാപ്യമല്ലല്ലോ. കര്‍ഷകത്തൊഴിലാളികള്‍ക്ക് വര്‍ഷം ശരാശരി 72 ദിവസമാണ് തൊഴില്‍ കിട്ടുന്നതെന്ന വസ്തുതകൂടി അടുത്ത ലേഖനത്തിലൂടെ മനോരമ വായനക്കാരെ അറിയിക്കാനുള്ള സന്മനസ്സ് അദ്ദേഹം കാണിക്കുമെന്നു കരുതാം. പൊതുമേഖലയ്ക്കു നല്കിയ പ്രാധാന്യമാണ് ഈ ബജറ്റിന്റെ പ്രധാന സവിശേഷത. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സമ്പദ്ഘടനയുടെ നേതൃസ്ഥാനത്ത് അവരോധിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ 51 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ വ്യവസായമന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ ലാഭത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത് പൊതുമേഖലയെ സംരക്ഷിക്കുക എന്ന തൊഴിലാളിവര്‍ഗ വീക്ഷണത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന കര്‍ക്കശ നിലപാടിന്റെ വിജയമാണ്. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്കു വ്യാപകമായി വിറ്റഴിക്കുകയും അവ അടച്ചുപൂട്ടുകയും ചെയ്യുമ്പോഴാണ് കേരളസര്‍ക്കാര്‍ ഈ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയത്. സംസ്ഥാനത്ത് പുതുതായി എട്ടു പൊതുമേഖലാ സ്ഥാപനം ആരംഭിക്കാന്‍ 125 കോടി രൂപ അനുവദിച്ച നടപടിയെ തികഞ്ഞ അസഹ്യതയോടെ മനോരമ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. മുഖപ്രസംഗത്തില്‍ നിന്ന്; പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഞ്ച് എണ്ണം ഒഴിച്ച് ബാക്കിയെല്ലാം ലാഭത്തിലായി എന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും അതിന്റെ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. ഈ ന്യായം പറഞ്ഞ് ഇനിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് അഭിലഷണീയമാണോ? ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ള സംസ്ഥാനമായ കേരളത്തില്‍ സമാനമായ സ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനുപകരം അവയുടെ എണ്ണം കൂട്ടുകയാണോ വേണ്ടത്?“ ഈ ബജറ്റില്‍ ഏറ്റവും ഉയര്‍ന്ന പരിഗണനയാണ് കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും നല്‍കിയിരിക്കുന്നത്. കൃഷിയുടെ വിഹിതം 419 കോടിയില്‍നിന്ന് 622 കോടി രൂപയാക്കി ഏതാണ്ട് 50 ശതമാനത്തിനു മുകളില്‍ വര്‍ധിപ്പിച്ചു. നെല്‍ക്കൃഷിക്ക് 500 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ഭക്ഷ്യസുരക്ഷയ്ക്ക് മുന്‍വര്‍ഷം 65 കോടി രൂപ നല്‍കിയിടത്ത് ഈവര്‍ഷം 130 കോടിയാക്കി ഉയര്‍ത്തി. 2006-07ല്‍ ഇത് കേവലം 34 കോടി രൂപ മാത്രമായിരുന്നു. 1974-75 കാലത്തെ വിലക്കയറ്റത്തിനുശേഷം ആദ്യമായാണ് രാജ്യത്തെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം ഇത്രയും രൂക്ഷമാകുന്നത്. നവഉദാരവല്ക്കരണനയങ്ങള്മൂലം പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത കുത്തനെ ഇടിഞ്ഞതും ഭക്ഷ്യോല്‍പ്പന്ന വിപണിയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അവധിവ്യാപാരം അനുവദിച്ചതുമാണ് ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ ഈ വിലക്കയറ്റത്തിനു കാരണം. മാത്രമല്ല, രാസവള സബ്സിഡി 3000 കോടി രൂപയും ഭക്ഷ്യ സബ്സിഡി 400 കോടി രൂപയും വെട്ടിക്കുറച്ച കേന്ദ്ര ബജറ്റ് ഭക്ഷ്യോല്‍പ്പാദനത്തെയും വിലക്കയറ്റ നിയന്ത്രണത്തെയും പ്രതിസന്ധിയിലാക്കി ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഇതില്‍നിന്നു കടകവിരുദ്ധമായ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. നെല്ല്, പാല്, മുട്ട, മാംസം എന്നിവയുടെ ഉല്‍പ്പാദനം 2008-09ല്‍ വര്‍ധിച്ചതായി സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കി. 2006ല്‍ കേവലം ഏഴു രൂപയായിരുന്ന നെല്ലിന്റെ വില കിലോക്ക് 12 രൂപയായും 9-11 രൂപയായിരുന്ന ഒരു ലിറ്റര്‍ പാലിന്റെ വില 15-20 രൂപയായും എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു നല്‍കിയത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി. കേന്ദ്രസര്‍ക്കാര്‍ ഒരു കിലോ നെല്ലിന് 9.50 രൂപ മാത്രമാണ് സംഭരണ വില നല്‍കുന്നത്. എന്നാല്‍, 82 ശതമാനം നാണ്യവിള കൃഷിയുള്ള കേരളത്തില്‍ എത്ര പ്രാധാന്യം നല്കിയാലും സമീപഭാവിയില്‍ ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാകില്ല. ഭക്ഷ്യധാന്യങ്ങള്‍ക്ക് നാം കേന്ദ്രസര്‍ക്കാരിനെ ആശ്രയിക്കേണ്ടി വരും. 1980കളുടെ അവസാനം 180 കിലോ ആയിരുന്ന പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത 1991നുശേഷം കുറഞ്ഞ് കുറഞ്ഞ് 2007ല്‍ 150 കിലോ ആയിട്ടും ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷികപ്രതിസന്ധിക്ക് കാരണമായ ഉദാരവല്‍ക്കരണനയം തിരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. മറിച്ച് കാര്‍ഷിക മേഖലയ്ക്ക് ദോഷമായ ആസിയന്‍ കരാറില്‍ ഒപ്പിടുകയാണുണ്ടായത്. വിലക്കയറ്റവും ഭക്ഷ്യദൌര്‍ലഭ്യവും നേരിടുമ്പോള്‍ അരിയും ഗോതമ്പും പഞ്ചസാരയും പരിപ്പുമെല്ലാം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാമെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്നോട്ടുവയ്ക്കുന്ന പരിഹാരമാര്‍ഗം. പ്രശസ്ത ബൂര്‍ഷ്വാ കാര്‍ഷിക-സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. എം എസ് സ്വാമിനാഥന് പറഞ്ഞ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്. ആയുധപ്പുരകളുള്ള രാജ്യങ്ങളല്ല, ഭക്ഷ്യധാന്യശേഖരമുള്ള രാജ്യങ്ങളാണ് ലോകത്ത് നിലനില്ക്കുക എന്നാണ് ലോകമുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ്് ഭരണകാലത്ത് 1938-42ലെ 152 കിലോഗ്രാമിനേക്കാളും താഴെ 2007ല്‍ 150 കിലോയായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത കുറഞ്ഞിരിക്കുകയാണെന്ന് പഠനത്തിലൂടെ ചൂണ്ടിക്കാട്ടിയ മാര്‍ക്സിസ്റ് സാമ്പത്തിക ശാസ്ത്രജ്ഞയായ പ്രൊഫ. ഉത്സ പട്നായിക് ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് പട്ടിണി മരണങ്ങളും ഭക്ഷ്യകലാപവുമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും യുപിഎ സര്‍ക്കാര്‍ അത് ഗൌനിക്കാന്‍ തയ്യാറായിട്ടില്ല. പ്രധാനമന്ത്രിമാരായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും നേതൃത്വത്തില്‍ നേടിയ ഭക്ഷ്യ സ്വയംപര്യാപ്തത മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഉദാരവല്‍ക്കരണനയങ്ങള്‍മൂലം നഷ്ടപ്പെട്ടിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മലയാള മനോരമ തയ്യാറാകാത്തത് ആ പത്രത്തിന്റെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കെതിരായ വര്‍ഗനിലപാടിന്റെ വ്യക്തമായ സൂചനയാണ്. വിലക്കയറ്റവും ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മയുമാണ് വരാനിരിക്കുന്ന നാളുകളില്‍ തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിനെതിരെ ഉയരുന്ന ബഹുജന പ്രക്ഷോഭത്തിന്റെ അടിത്തറയാകുക എന്ന് തിരിച്ചറിയുമ്പോഴാണ് ഭക്ഷ്യോല്പ്പാദനത്തിനുമുന്ഗണന നല്കുന്ന സംസ്ഥാന ബജറ്റിന്റെ രാഷ്ട്രീയ പ്രാധാന്യം അംഗീകരിക്കപ്പെടുക.
1 comment:
കേരള ബജറ്റ് ലക്ഷ്യം സമഗ്രവികസനം
പി കൃഷ്ണപ്രസാദ്
ഉല്‍പ്പാദനമേഖലയ്ക്ക് (കൃഷി, വ്യവസായം) മുന്‍ഗണന നല്‍കിയും അധ്വാനവര്‍ഗ ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചും തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ തോമസ് ഐസക് അഭിനന്ദനാര്‍ഹമാംവിധം വിജയിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ലിംഗസമത്വത്തിനും വിഭവങ്ങള്‍ വകയിരുത്തുന്നതിനും ബജറ്റ് തുടക്കംകുറിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഐടി, ടൂറിസം തുടങ്ങി സേവനമേഖലയ്ക്കും 50 ശതമാനം വിഹിതം വര്‍ധിപ്പിച്ചു. സാധാരണക്കാരനുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടി ബജറ്റിലുണ്ട്. ഫലത്തില്‍, രാഷ്ട്രീയപ്രേരിതമായ വിമര്‍ശങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കച്ചവടക്കാരടക്കം എല്ലാ ജനവിഭാഗങ്ങളും സ്വാഗതംചെയ്യുന്ന ഈ ബജറ്റ് കേരള മാതൃകാ വികസനത്തെ ശക്തിപ്പെടുത്തുന്നതും സംരക്ഷിക്കുന്നതുമാണ്. കൈയടി വാങ്ങാന്‍ കൈവിട്ടുകളി“എന്നാണ് മലയാള മനോരമ മുഖപ്രസംഗം ബജറ്റിനെ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ പകുതി കുടുംബങ്ങള്‍ക്കും (35 ലക്ഷം) രണ്ടു രൂപയ്ക്ക് അരി നല്‍കാനും അസുഖം വന്നാല്‍ 30,000 രൂപവരെയും ക്യാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം എന്നിവയ്ക്ക് 70,000 രൂപ വരെയും ചികിത്സാ സഹായം നല്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താനും തയ്യാറായതിനെ ലജ്ജയേതുമില്ലാതെ കൈയടി വാങ്ങാനുള്ള കേവലം കളിയായി മനോരമ വിശേഷിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വന്‍കിട മുതലാളിത്ത-ഭൂപ്രഭുക്കളെ എത്രമാത്രം പ്രകോപിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്.
Post a Comment