മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന ബജറ്റ്
എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റും മനഷ്യത്വത്തിന്റെ സമുന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. കേരളത്തില്‍ പട്ടിണി കിടക്കുന്ന ഒരു കുടുംബം പോലുമുണ്ടാകില്ലെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് ഉറപ്പുവരുത്തുന്നു. 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് രണ്ടു രൂപയ്ക്ക് അരി ലഭിക്കുന്നത്. ഏതെങ്കിലുമൊരു ക്ഷേമപെന്‍ഷന്‍ കിട്ടുന്നവരാണ് ഈ കുടുംബങ്ങളിലേറിയ പങ്കും. പെന്‍ഷനുകള്‍ 300 രൂപയായി ഉയര്‍ത്തിയതോടെ കുടുംബത്തിനാവശ്യമായ അരിക്കു പുറമെ അത്യാവശ്യം പലവ്യഞ്ജനങ്ങള്‍ക്കുള്ള പണവും കിട്ടുന്നു. രണ്ടു രൂപയ്ക്ക് അരി ലഭിക്കുന്ന എല്ലാ കുടുംബങ്ങളും സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലുമുണ്ടാകും. ചെലവെല്ലാം കഴിഞ്ഞ് മിച്ചമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് എന്ന കീഴ്വഴക്കം പൊളിച്ചെഴുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍, പാവങ്ങള്‍ക്ക് കൊടുത്തിട്ട് ബാക്കി കാര്യം എന്ന രാഷ്ട്രീയ നിലപാടാണ് ഓരോ ബജറ്റിലും കൈക്കൊണ്ടത്. നീതിപൂര്‍വവും സ്ഥായിയുമായ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ഈ ബജറ്റും പ്രഖ്യാപിക്കുന്നു. പ്രതിസന്ധികളുടെയും ആത്മഹത്യയുടെയും ഇരുളിമയില്‍നിന്ന് കേരളത്തെ മോചിപ്പിച്ച സര്‍ക്കാര്‍ പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും പുരോഗതിയുടെയും പുതിയ നാളുകളിലേക്കാണ് ജനതയെ നയിക്കുന്നത്. ഭക്ഷ്യസുരക്ഷ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കാര്‍ഷിക രംഗത്തെ വളര്‍ച്ച ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്കൊപ്പം കേരളത്തിന്റെ പരിസ്ഥിതിസംരക്ഷണത്തിനും ബജറ്റ് പ്രാധാന്യം നല്‍കിയിരിക്കുന്നു. വ്യവസായമേഖലയിലെ ഉണര്‍വ് പകരുന്ന ആവേശമാണ് പുതിയ എട്ട് പൊതുമേഖലാസ്ഥാപനങ്ങള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നിലുള്ളത്. പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന നയം ചെറുത്താണ് ഈ നേട്ടം. സ്ത്രീപുരുഷ സമത്വം ഉറപ്പാക്കുന്നതാണ് ബജറ്റിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം. സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ബജറ്റ് നല്‍കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പകുതി സ്ഥാനങ്ങള്‍ സ്ത്രീകള്‍ക്കു സംവരണം ചെയ്തതിനൊപ്പമാണിത്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് ആപത്തിനെ അവസരമാക്കാനാണെന്ന് ധനമന്ത്രി ചുണ്ടിക്കാട്ടിയിരുന്നു. അത് ലക്ഷ്യം കണ്ടു. കേന്ദ്രസര്‍ക്കാരിന്റെ നിഷേധനിലപാട് വിഭവസമാഹരണത്തിന് തിരിച്ചടിയായെങ്കിലും ഉത്തേജകപാക്കേജുമായി സര്‍ക്കാര്‍ മുന്നോട്ടുപോയി. മൂലധനച്ചെലവിലുണ്ടായ വര്‍ധന എല്‍ഡിഎഫിന്റെ ബദല്‍ മാര്‍ഗം ചൂണ്ടിക്കാണിക്കുന്നു. മൂലധനച്ചെലവ് 0.6 ല്‍ നിന്ന് രണ്ടു ശതമാനമായി ഉയര്‍ന്നു. ധനമന്ത്രിതന്നെ വ്യക്തമാക്കിയപോലെ ഈ ബജറ്റ് കേന്ദ്രസര്‍ക്കാരിനും രാജ്യത്തെ കോഗ്രസ് സംസ്ഥാന സര്‍ക്കാരുകള്‍ക്കുമുള്ള മറുപടിയാണ്. നികുതി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തള്ളി. സാധാരണക്കാര്‍ക്കുമേല്‍ ഒരു പെസയുടെ നികുതിഭാരം ഏല്‍പ്പിച്ചിട്ടില്ല. ഇറക്കുമതിചെയ്യുന്ന പഞ്ചസാരയ്ക്ക് നികുതി വേണ്ടെന്നുവച്ചത് വിലക്കയറ്റത്തില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ്. വിദേശവായ്പകള്‍ ഉപയോഗിക്കുന്നതിലുണ്ടായ കുറവ് എല്‍ഡിഎഫ് സര്‍ക്കാര്‍ വിദേശമൂലധനത്തിന് കീഴടങ്ങുന്നു എന്ന ആക്ഷേപത്തിന്റെ മുനയൊടിക്കും. വിദേശവായ്പകളിലുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുമുണ്ട്. ജനങ്ങളുടെയും ജീവനക്കാരുടെയും ചെലവില്‍ ബജറ്റ് കമ്മി ഇല്ലാതാക്കാനാണ് കേന്ദ്രം നിര്‍ബന്ധിക്കുന്നത്. ഇത് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല. ക്ഷേമപ്രവര്‍ത്തനങ്ങളിലും ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും കുറവു വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുമില്ല. തുല്യതയുടെയും നീതിയുടെയും ഈരടികള്‍ "ചോരതുടിക്കും ചെറുകൈയുകളേ, പേറുക വന്നീ പന്തങ്ങള്‍'' എന്ന് മര്‍ത്ത്യപുരോഗതിയെക്കുറിച്ച് പാടിയ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജന്മശാബ്ദിവര്‍ഷമാണ് 2011. തുല്യതയുടെയും നീതിയുടെയും ഈരടികളാണ് കന്നിക്കൊയ്ത്തിലും കുടിയൊഴിക്കലിലും മറ്റും കാണുന്നതെങ്കില്‍ പരിസ്ഥിതി നീതിക്കുവേണ്ടി എഴുതപ്പെട്ട മഹത്തായ കവിതയാണ് സഹ്യന്റെ മകന്‍. സാമൂഹ്യനീതിയും പാരിസ്ഥിതിക അവബോധവും സന്നിവേശിപ്പിച്ച മഹാകവിയായിരുന്നു വൈലോപ്പിള്ളി. അഞ്ചു പതിറ്റാണ്ടുകള്‍ക്കുമുമ്പ് കവി വ്യാകുലപ്പെട്ടു: "പക്ഷേ, പരിഷ്കാരമെത്രവേഗം പച്ചയെ ധൂസരമാക്കി വിട്ടു'' പച്ച പരിസ്ഥിതി ബോധത്തിന്റെ വര്‍ണമെങ്കില്‍, സാമൂഹ്യനീതിയുടെ വര്‍ണമാണ് ചുവപ്പ്. ഇവയാണ് വൈലോപ്പിള്ളിക്കവിതകളുടെ വര്‍ണങ്ങള്‍. മഹാകവി വൈലോപ്പിള്ളിയുടെ ജന്മശതാബ്ദിവേളയില്‍ ചുവപ്പിന്റെയും പച്ചയുടെയും ഒരു ബജറ്റ്- റെഡ് ആന്‍ഡ് ഗ്രീന്‍ ബജറ്റ്- അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ട്. വൈലോപ്പിള്ളിക്കവിതകളുടെ ഒരു പ്രത്യേകത ഏറ്റവും കുറവ് വാക്കുകള്‍കൊണ്ട് സൃഷ്ടിക്കപ്പെടുന്ന വിസ്മയകരമായ കാവ്യബിംബങ്ങളാണ്. കാച്ചിക്കുറുക്കിയ കവിതകളാണ് അവ. ഓരോ അക്ഷരവും വാക്കും ഉപയോഗിക്കുന്നതില്‍ പിശുക്കുകാണിക്കുന്ന അദ്ദേഹം നൂറുകണക്കിന് മനോഹരമായ കാവ്യശില്‍പ്പങ്ങള്‍ ലോഭമില്ലാതെ നിര്‍മിച്ചു. ഏത് ധനമന്ത്രിക്കും പണത്തിന്റെ കാര്യത്തില്‍ പിശുക്കനാകാതെ വയ്യ. ഇതിന്റെ രാഷ്ട്രീയ സാമ്പത്തികശാസ്ത്രം രണ്ടുവര്‍ഷംമുമ്പ് പത്തുമ്മയുടെ ആടിന്റെ കഥയിലൂടെ ഞാന്‍ വ്യക്തമാക്കിയതാണ്. അന്ന് കഥാകാരന്റെ കൈയില്‍ അഞ്ചു രൂപയേ ഉണ്ടായിരുന്നുള്ളൂ. എന്നാലിന്ന് കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്. വരുമാനം കൂടി. എന്നാല്‍ എല്ലാ രംഗത്തുമില്ല. ഓരോ രൂപയുടെയും വരുംവരായ്കകള്‍ ആഴത്തില്‍ ആലോചിച്ചേ ചെലവ് പറ്റൂ. എന്നാല്‍, ജനങ്ങള്‍ക്ക് വേണ്ട ക്ഷേമപ്രവര്‍ത്തനങ്ങളുടെയോ വികസന പദ്ധതികളുടെയോ കാര്യത്തില്‍ ഒരു ലോഭവുമില്ല എന്നതിന് ഈ ബജറ്റ് സാക്ഷ്യപത്രമാകും. ആഗോള വ്യാപാരക്കരാറിനെതുടര്‍ന്ന് കേരളത്തില്‍ നടമാടിയ പട്ടിണിമരണങ്ങളും കര്‍ഷക ആത്മഹത്യകളും നാലുവര്‍ഷംകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞു. ദുസ്സഹമായ വിലക്കയറ്റവും ആസിയന്‍ കരാറും ചേര്‍ന്ന് ആ ഇരുണ്ട നാളുകളിലേക്ക് നമ്മുടെ നാടിനെ വീണ്ടും തള്ളിയിടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. കേരളത്തിലെ സാമൂഹ്യസാമ്പത്തിക തുല്യതയുടെ പാരമ്പര്യങ്ങളെ മുന്നോട്ടുകൊണ്ടുപോകണം. അതോടൊപ്പം സ്ത്രീപുരുഷ തുല്യതയുടെ പുതിയ പാരമ്പര്യം സൃഷ്ടിക്കണം. അന്തര്‍ദേശീയ വനിതാദിനത്തിന്റെ നൂറാം വാര്‍ഷികവേളയില്‍ കേരളത്തില്‍ സ്ത്രീപക്ഷ ബജറ്റിങ്ങിന് തുടക്കംകുറിക്കുന്നു. ബജറ്റ് തയ്യാറെടുപ്പിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ജന്‍ഡര്‍ ഓഡിറ്റ് ഒരു ഞെട്ടിപ്പിക്കുന്ന വസ്തുത വെളിപ്പെടുത്തി. മുഴുവന്‍ ഗുണഭോക്താക്കളും സ്ത്രീകളായിട്ടുള്ള പദ്ധതികളുടെ അടങ്കല്‍ 2008-09ല്‍ വാര്‍ഷികപദ്ധതിയുടെ വെറും 5.5 ശതമാനം മാത്രമായിരുന്നു (318 കോടി). 2009-10ല്‍ ഇത് 5.6 ശതമാനമാണ്. കേന്ദ്ര പദ്ധതിയേക്കാള്‍ മെച്ചപ്പെട്ട നിലയെന്ന് അവകാശപ്പെടാമെങ്കിലും പ്രാദേശിക സര്‍ക്കാരുകളുടെ വനിതാ ഘടകപദ്ധതിയുടെ പകുതിമാത്രമാണ് ഈ തുകയെന്നത് നമ്മുടെ കണ്ണുതുറപ്പിക്കണം. ഈ സ്ഥിതി തിരുത്തുകയാണ്. സ്ത്രീകള്‍മാത്രം ഗുണഭോക്താക്കളായ സ്കീമുകള്‍ക്ക് പദ്ധതിയില്‍ 620 കോടി രൂപ (8.5 ശതമാനം തുക) ഈ വര്‍ഷം നീക്കിവയ്ക്കുകയാണ്. നിക്ഷേപം വികസനക്കുതിപ്പിന് കഴിഞ്ഞ ബജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം, പതിനായിരം കോടി രൂപയുടെ ഉത്തേജക പാക്കേജായിരുന്നു. സംസ്ഥാന ആഭ്യന്തരവരുമാനത്തിന്റെ അഞ്ച് ശതമാനം വരുന്ന പതിനായിരം കോടിയുടെ ഉത്തേജക പാക്കേജിന് രാജ്യത്ത് സമാനതകളില്ല. വികസനക്കുതിപ്പിന് നമ്മള്‍ ആപത്തിനെ അവസരമാക്കുകയായിരുന്നു. രണ്ടുവര്‍ഷംകൊണ്ട് ഈ പാക്കേജ് നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നേരിട്ട് നടപ്പാക്കുന്ന 5000 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും 3000 കോടിയുടെ ഇ എം എസ് പാര്‍പ്പിടപദ്ധതിക്കും തുടക്കംകുറിച്ച് കഴിഞ്ഞു. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍, കോസ്റല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍, റോഡ് ഫണ്ട് ബോര്‍ഡ് തുടങ്ങിയ പൊതുസ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയ കാര്യങ്ങളും നടപ്പായി തുടങ്ങി. ഇവ മുഖ്യമായും ചെറുകിട ഇടത്തരം നിര്‍മാണ പ്രോജക്ടുകളായിരുന്നു. ഇത്തവണ ഭൌതികപശ്ചാത്തലമേഖലയില്‍ വന്‍കിട പ്രോജക്ടുകള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. കേരളത്തിന്റെ വാര്‍ഷികപദ്ധതി അഞ്ചക്കസംഖ്യയിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഈവര്‍ഷത്തെ അടങ്കലായ 10,000 കോടി രൂപ കഴിഞ്ഞ ബജറ്റിലെ പദ്ധതി അടങ്കലിനെ അപേക്ഷിച്ച് 12 ശതമാനം ഉയര്‍ന്നതാണ്. പദ്ധതി അടങ്കല്‍ ഗണ്യമായി ഉയര്‍ന്നതിനേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് സ്വതന്ത്ര പദ്ധതിവിഹിതം ഗണ്യമായി ഉയര്‍ന്നതാണ്. പദ്ധതിക്കുള്ള കേന്ദ്ര ധനസഹായം നിര്‍ദിഷ്ട പ്രോജക്ടുകള്‍ക്കുവേണ്ടിയുള്ള വായ്പകളിലും കേന്ദ്രാവിഷ്കൃത പദ്ധതികളിലും ഊന്നുന്നതുമൂലം ആസൂത്രകര്‍ക്ക് സ്വതന്ത്രമായി വിനിയോഗിക്കാവുന്ന പണം 2007-08ല്‍ 726 കോടി രൂപമാത്രമായിരുന്നു. എന്നാല്‍, 2010-11ല്‍ അത് 2874 കോടി രൂപയായി ഉയര്‍ന്നിരിക്കുന്നു. വിദേശവായ്പകളുടെ മേലുള്ള പദ്ധതികളുടെ ആശ്രിതത്വം ഗണ്യമായി കുറഞ്ഞുവെന്നത് എടുത്തുപറയട്ടെ. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിദേശവായ്പകള്‍ക്ക് കീഴടങ്ങുന്നുവെന്ന വിമര്‍ശത്തിന്റെ മുനയൊടിക്കുന്നതാണ് ഈ വസ്തുത. വിദേശവായ്പകള്‍ എടുക്കേണ്ടിവരാം. എന്നാല്‍, തികഞ്ഞ അവധാനതയോടെ നമ്മുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ചുകൊണ്ടുമാത്രമേ ചെയ്യൂ. അപ്പോഴും നമ്മുടെ നയം വിദേശവായ്പകളിന്മേലുള്ള ആശ്രിതത്വം കുറച്ചുകൊണ്ടുവരിക എന്നതുതന്നെയായിരിക്കും.
k.m mohandas .deshabhimani
1 comment:
ക്ഷേമത്തിന് കേന്ദ്രപണം; പിന്നാലെ പഴിയും
----------------
കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയുള്ള കുറ്റപത്രമായും ബദല്‍ സമീപനങ്ങളുടെ രൂപരേഖയായും ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ ക്ഷേമപരിപാടികള്‍ക്കുള്ള അടിസ്ഥാന വിഭവം മിക്കതും കേന്ദ്ര പദ്ധതികളില്‍ നിന്നുതന്നെ എന്ന് വ്യക്തമാകുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തോടൊപ്പം മാച്ചിങ് ഗ്രാന്റായി സംസ്ഥാന വിഹിതം കൂടി ചേര്‍ത്ത് സംസ്ഥാന പദ്ധതികളായി പലതിനെയും ജ്ഞാനസ്‌നാനം നടത്തിയിട്ടുമുണ്ട്. എന്നാല്‍ കേന്ദ്ര വിഹിതം ലഭ്യമാകുന്നതിലുള്ള കടപ്പാട് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി മറച്ചുവെയ്ക്കുകയും ചെയ്യുന്നു. പണത്തിനായി കേന്ദ്രത്തെ ഒരുവശത്തുകൂടി ആശ്രയിക്കുമ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കത്തിന്റെ പഴി മുഴുവന്‍ കേന്ദ്ര സര്‍ക്കാരില്‍ ചുമത്തുന്നതും കാണാം.
രണ്ട് രൂപയ്ക്ക് 35 ലക്ഷം കുടുംബങ്ങള്‍ക്ക് അരി നല്‍കുന്നതാണ് ബജറ്റിലെ ഏറ്റവും കൈയടി നേടിയ പ്രഖ്യാപനം. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്നുരൂപയ്ക്ക് 25 കിലോ അരി നല്‍കുന്ന പദ്ധതി മുന്‍ സര്‍ക്കാരിന്റെ കാലത്തേ നിലനിന്നിരുന്നു. കഴിഞ്ഞ ബജറ്റില്‍ രണ്ട് രൂപയ്ക്ക് അരി പ്രഖ്യാപിച്ചു. എന്നാല്‍ രണ്ട് രൂപയ്ക്ക് കിട്ടുന്ന അരി 17 കിലോയായി പരിമിതപ്പെടുത്തിയിരുന്നു. ഈ അരിയാകട്ടെ 12 രൂപ സബ്‌സിഡി നല്‍കി മൂന്ന് രൂപയ്ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നതാണ്. മൂന്നുരൂപയ്ക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന അരിക്ക് ഒരു രൂപ സംസ്ഥാനത്തിന്റെ സബ്‌സിഡി നല്‍കിയാണ് രണ്ടുരൂപയ്ക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ കേന്ദ്ര മാനദണ്ഡമനുസരിച്ചുള്ള എ.പി.എല്‍, ബി.പി.എല്‍. മാനദണ്ഡം സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്ക് ബാധകമാക്കിയില്ലെന്നത് നേട്ടമാണ്. പരമ്പരാഗത മേഖലയിലെ എല്ലാ കൂലിവേലക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുംവിധം പദ്ധതി വിപുലപ്പെടുത്തുകയുമുണ്ടായി.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാണ് മറ്റൊരുദാഹരണം. ഗ്രാമങ്ങളില്‍ നടപ്പാക്കിയ ഈ പദ്ധതി ഇപ്പോള്‍ നഗരത്തിലേക്ക് വ്യാപിപ്പിക്കുകയെന്നതിന്റെ ക്രെഡിറ്റ് ധനമന്ത്രിക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ നഗരങ്ങളിലേക്കുകൂടി പദ്ധതി വിപുലപ്പെടുത്തിയപ്പോള്‍ അതിന്റെ പേരിനും മാറ്റം വന്നു. മഹാത്മാഗാന്ധിയുടെ പേരിലുള്ള പദ്ധതി 'അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി' എന്നാക്കി മാറ്റി. പദ്ധതിക്കുവേണ്ടി വരുന്ന തുകയുടെ 90 ശതമാനം കേന്ദ്രം വഹിക്കുമെന്ന കാര്യം ബജറ്റില്‍ എടുത്തുപറയുന്നില്ല. സംസ്ഥാന വിഹിതമായി 20 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതേസമയം തൊഴിലുറപ്പ് പദ്ധതിയില്‍ മിനിമം കൂലി ഉറപ്പാക്കാന്‍ ഇന്‍കം സപ്പോര്‍ട്ട് സ്‌കീം പ്രഖ്യാപിച്ചത് സംസ്ഥാന ബജറ്റിന്റെ നേട്ടമാണ്. 50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
അഞ്ചുവര്‍ഷം കൊണ്ട് നടപ്പാക്കുന്ന 1000 കോടിയുടെ ഹരിതഫണ്ടിന് ഇക്കുറി നീക്കിവെച്ച 100 കോടിയിലേക്ക് പണം കണ്ടെത്തുന്നത് ഡാമുകളിലെ മണല്‍ വിറ്റാണ്. ഡാമുകളിലെ മണല്‍ വാരല്‍ കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടത്തുന്നതാണ്. ഇതിനുള്ള ചെലവില്‍ നേരിയ അംശമേ സംസ്ഥാന സര്‍ക്കാരിന് വഹിക്കേണ്ടി വരുന്നുള്ളൂയെന്നതാണ് യാഥാര്‍ത്ഥ്യം.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി രണ്ടുവര്‍ഷംകൊണ്ട് 10 കോടി മരങ്ങള്‍ നടുന്ന പദ്ധതി ബജറ്റിന്റെ പ്രകൃതിസംരക്ഷണ ആഭിമുഖ്യം വ്യക്തമാക്കുന്നു. 100 കോടി രൂപയുടെ ഈ പദ്ധതിക്ക് പണം കണ്ടെത്തുന്നത് ഒരുപിടി കേന്ദ്ര പദ്ധതികളില്‍ നിന്നാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതി, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഔഷധസസ്യ വികസന പരിപാടി, കശുമാവ് കൃഷി വികസന പരിപാടി, രാഷ്ട്രീയ കൃഷിവികാസ് യോജന, പശ്ചിമഘട്ട വികസന പരിപാടി എന്നീ കേന്ദ്ര പദ്ധതികളാണ് ഹരിതകേരളം പദ്ധതിയുടെ വിഭവസ്രോതസ്സുകള്‍. ചില തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും കൂടിച്ചേരും.
കുട്ടനാട്ടിലെ പരിസ്ഥിതി സന്തുലനത്തിനായി തണ്ണീര്‍മുക്കംബണ്ട് തുറന്നിടുന്നതിനുള്ള മുന്‍കരുതലിന് നഷ്ടപരിഹാരം നല്‍കാനും ആശ്രയിക്കുന്നതും കേന്ദ്രപദ്ധതികളെ തന്നെ. സ്വാമിനാഥന്‍ കമ്മീഷന്‍ പാക്കേജ്, പതിമൂന്നാം ധനകാര്യ കമ്മീഷനില്‍ നിന്നുള്ള സഹായം എന്നിവയില്‍ നിന്നാണ് ഇതിനുള്ള പണം കണ്ടെത്തുക. തുടക്കമെന്ന നിലയില്‍ ഹരിതഫണ്ടില്‍ നിന്ന് ഇന്‍ഷുറന്‍സിനായി 20 കോടി രൂപയാണ് സംസ്ഥാന വിഹിതമായി ഉള്‍പ്പെടുത്തിയത്.
Post a Comment