ഇന്ത്യക്ക് നഷ്ടം മാത്രം
വി ബി പരമേശ്വരന്‍
അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധവും സിവില്‍ ആണവകരാറും വഴി ഇന്ത്യക്ക് വന്‍ശക്തിയാകാന്‍ കഴിയുമെന്നായിരുന്നു പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. അമേരിക്കയെന്ന ഭീമന്റെ ചുമലിലേറി ലോകത്തിന്റെ നെറുകയില്‍ കയറിയിരിക്കാമെന്ന മോഹമായിരുന്നു എന്നും മന്‍മോഹന്‍സിങ്ങിനെ ഭരിച്ചിരുന്നത്. എന്നാല്‍, അഫ്ഗാന്റെ മണ്ണില്‍ മന്‍മോഹന്‍സിങ്ങിന്റെ സുരഭിലസുന്ദരമായ സ്വപ്നം തകര്‍ന്നടിയുകയാണ്. അമേരിക്കയുമായി ചേര്‍ന്ന് ഭീകരവാദത്തിനെതിരെ യുദ്ധംചെയ്യാന്‍ ഇന്ത്യ തയ്യാറായതിന്റെ പിന്നിലും പാകിസ്ഥാനിലെ തീവ്രവാദത്തെയും താലിബാനെയും തകര്‍ക്കുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. അതിനാല്‍ ഹൈഡ് ആക്ടില്‍ പറഞ്ഞതുപോലെ അമേരിക്കയുടെ വിദേശനയത്തിന് അനുരൂപമായി ഇന്ത്യന്‍ വിദേശനയത്തെയും മന്‍മോഹന്‍സിങ് മാറ്റിപ്പണിതു. എന്നാല്‍, കുറച്ചുദിവസമായി വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. അഫ്ഗാനില്‍ ഇന്ത്യന്‍ കേന്ദ്രങ്ങള്‍ക്കുനേരെ തുടര്‍ച്ചയായി ഭീകരവാദാക്രമണമുണ്ടാവുകയാണ്. കാബൂളിലെ ഇന്ത്യന്‍ എംബസിക്കുനേരെ മാത്രമല്ല കാബൂളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന മെഡിക്കല്‍ മിഷനെതിരെ വരെ ഫെബ്രുവരി 26ന് ആക്രമണമുണ്ടായി. ഇന്ദിരാഗാന്ധി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മറ്റും വസിക്കുന്ന നൂര്‍ ഗസ്റ്ഹൌസിനുനേരേയാണ് ആക്രമണമുണ്ടായത്. അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി നല്‍കിയ വിവരമനുസരിച്ച് ലഷ്കര്‍ ഇ തോയ്ബയാണ് ഈ ആക്രമണം നടത്തിയത്. പാകിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. എന്നാല്‍, ഇന്ത്യയേക്കാളും പാകിസ്ഥാനുമായുള്ള ബന്ധത്തിന് എന്നും പ്രാധാന്യം നല്‍കിയ അമേരിക്കയാകട്ടെ മിഷനുനേരെ നടന്ന ആക്രമണം ഇന്ത്യയെ ലക്ഷ്യംവച്ചല്ലെന്ന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്റെ പ്രത്യേക പ്രതിനിധിയായ റിച്ചാര്‍ഡ് ഹോര്‍ബ്രൂക്കാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. ഏറ്റവും ദുര്‍ബലമായ കണ്ണിയായതിനാലാണ് ഇന്ത്യന്‍ മിഷന്‍ ആക്രമിക്കപ്പെട്ടതെന്നും പെട്ടെന്ന് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നും പറഞ്ഞ ഹോള്‍ബ്രൂക്ക്, ഇന്ത്യക്കാര്‍ പാകിസ്ഥാനെയും മറിച്ചും കുറ്റപ്പെടുത്തുന്ന രീതി ഭൂഷണമല്ലെന്നും കൂട്ടിച്ചേര്‍ത്തു. വിയറ്റ്നാം, ബോസ്നിയ എന്നിവിടങ്ങളിലെ അധിനിവേശങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹോള്‍ബ്രൂക്കിന്റെ പ്രസ്താവനയെ അപലപിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഇന്ത്യക്കായില്ല. ഇന്ത്യയില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന 'ഇന്ത്യന്‍ എക്സ്പ്രസിന്' പോലും ധാര്‍മികരോഷം കൊള്ളാതിരിക്കാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് ആറിന്റെ മുഖപ്രസംഗത്തില്‍ 'ഒരു നയതന്ത്രപ്രതിനിധി എന്തുചെയ്യരുതെന്നതിന്റെ തെളിവാണ് ഹോള്‍ബ്രൂക്കിന്റെ പ്രസ്താവനയെന്ന്' പരിതപിച്ചു. ഇന്ത്യന്‍ ആരോഗ്യ സംഘത്തിനുനേരെയുള്ള ആക്രമണം ഇന്ത്യയുടെ മനസ്സിനെ ഉലച്ച സംഭവമായിരുന്നു. നേരത്തെ ഇന്ത്യന്‍ സൈനികര്‍ക്കും വിദഗ്ധതൊഴിലാളികള്‍ക്കുമെതിരെ മാത്രമായിരുന്നു ആക്രമണമുണ്ടായത്. എന്നാല്‍, ഇന്ത്യന്‍ സാന്നിധ്യത്തെ അതെത്ര മനുഷ്യകാരുണ്യപരമായിരുന്നാല്‍പോലും ആക്രമിക്കപ്പെടുമെന്ന സ്ഥിതി ഇതോടെ വന്നു. ഇന്ത്യന്‍ സംഘത്തിന്റെ അംഗസംഖ്യ കുറയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചു വരുന്നതായാണ് വാര്‍ത്ത. കാരണം അഫ്ഗാനിന്റെ നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഹമീദ് കര്‍സായി, സ്ഥലം സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ അറിയിക്കുകയുണ്ടായി. ഇതില്‍ തൃപ്തിയില്ലെങ്കില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി അര്‍ധസൈനിക സേനയെ നിയോഗിക്കണമെന്നും കര്‍സായി പറഞ്ഞു. അമേരിക്കന്‍ സേന പിന്‍വാങ്ങുന്ന പക്ഷം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൈന്യത്തെ അയച്ച് അഫ്ഗാനില്‍ ഭീകരവാദവിരുദ്ധ പോരാട്ടം തുടരണമെന്ന അമേരിക്കയുടെ അജന്‍ഡയാണ് കര്‍സായി മുന്നോട്ടു വച്ചിട്ടുള്ളത്. അമേരിക്കയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ താലിബാനും അല്‍ ഖായ്ദയും യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇത് പ്രായോഗികമല്ലതാനും. ഇന്ത്യന്‍ ഡോക്ടര്‍മാരും തൊഴിലാളികളും ഏറെ ഉല്‍ക്കണ്ഠയോടെയാണ് അഫ്ഗാനില്‍ കഴിയുന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ കാബൂളിലേക്ക് വിമാനം പറത്താന്‍ വിസമ്മതിക്കുകയുമാണ്. വരും മാസങ്ങളില്‍ അഫ്ഗാനിലെ ഇന്ത്യന്‍ സാന്നിധ്യം കുറയ്ക്കാന്‍ ന്യൂഡല്‍ഹി തയ്യാറാകേണ്ടി വരുമെന്നുറപ്പ്. ഇന്ത്യ ഒരിക്കലും ആഗ്രഹിക്കാത്തതും പാകിസ്ഥാന്‍ ഏറെ ആഗ്രഹിക്കുന്നതുമാണിത്. ഇന്ത്യയെക്കുറിച്ച് പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ അമേരിക്കക്കോ വേവലാതിയൊന്നുമില്ല എന്നര്‍ഥം. അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച നയതന്ത്ര നീക്കങ്ങളും ഇന്ത്യന്‍ സാന്നിധ്യത്തെ പരിമിതപ്പെടുത്തുന്നതാണ്. താലിബാനുമായി ചര്‍ച്ച നടത്തി അവരുംകൂടി ചേര്‍ന്ന ഒരു സര്‍ക്കാരിനെ കാബൂളില്‍ അധികാരത്തിലിരുത്താനുള്ള നീക്കങ്ങളാണ് കര്‍സായിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. 2011 ആവുമ്പോഴേക്കുംഅഫ്ഗാനില്‍ സേനയെ പിന്‍വലിപ്പിക്കുമെന്ന് പറഞ്ഞ ഒബാമ ഭരണകൂടത്തിനും മുഖം രക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ കാബൂളില്‍ അധികാരത്തില്‍ വരണം. എട്ടു വര്‍ഷം നീണ്ട യുദ്ധത്തിനുശേഷവും താലിബാനെ തോല്‍പ്പിക്കാന്‍ കഴിയാത്ത അമേരിക്കയ്ക്ക് അവിടെനിന്ന് തടിയൂരണമെങ്കില്‍ ഇത്തരമൊരു സംവിധാനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ അമേരിക്കയും ബ്രിട്ടനും നാറ്റോയും മറ്റും ഈ പദ്ധതിക്ക് പച്ചക്കൊടി വീശിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ജനുവരി 29ന് ലണ്ടന്‍ സമ്മേളനം വിളിച്ചു ചേര്‍ത്തത്. അമേരിക്കയും മറ്റും പിന്തുണയ്ക്കുന്ന അഫ്ഗാന്‍ നീക്കം വിജയിക്കണമെങ്കില്‍ പാകിസ്ഥാന്റെ സഹായം അനിവാര്യമാണ്. താലിബാനുമായി നേരിട്ട് ബന്ധമുള്ള രാജ്യമാണ് പാകിസ്ഥാന്‍. അതുകൊണ്ടുതന്നെ പാകിസ്ഥാന്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കര്‍സായി സര്‍ക്കാര്‍ തയ്യാറാകും. പ്രധാനമായും രണ്ട് ആവശ്യമാണ് പാകിസ്ഥാന്‍ മുന്നോട്ടു വയ്ക്കുന്നത്. അഫ്ഗാന്‍ ഭരണസംവിധാനത്തില്‍ പഷ്തൂ വിഭാഗത്തിന് തുടര്‍ന്നും മേല്‍കൈ ഉണ്ടായിരിക്കണമെന്നതും അഫ്ഗാനിലെ ഇന്ത്യന്‍ പങ്ക് പരിമിതപ്പെടുത്തണമെന്നതുമാണ് ഈ ആവശ്യങ്ങള്‍. ഇത് അംഗീകരിക്കുമെന്ന സൂചന കര്‍സായി നല്‍കുകയുംചെയ്തു. അഫ്ഗാന്‍ സേനയെ പരിശീലിപ്പിക്കുന്ന ചുമതലയും ഇന്ത്യക്ക് നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. പാകിസ്ഥാന്‍ അതിനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയായി മാറിയതിന്റെ ഫലമായി അഫ്ഗാനില്‍ ഉള്ള സ്വാധീനംകൂടി ഇന്ത്യക്ക് നഷ്ടമാകുകയാണ് എന്നര്‍ഥം.
No comments:
Post a Comment