പിണറായി വിജയന്‍
ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്യൂണിസ്റ് പാര്‍ടി രണ്ടു തരത്തിലുള്ള ഇടപെടലാണ് നടത്തുന്നത്. ഒന്നാമതായി, പാര്‍ലമെന്റിനു പുറത്ത് ജനങ്ങളെ അണിനിരത്തി ജനദ്രോഹനയങ്ങള്‍ തിരുത്തുന്നതിനായി പോരാടുക. രണ്ടാമതായി, പാര്‍ലമെന്റിനകത്തും ഈ സമരം വ്യാപിപ്പിക്കുക. ഒപ്പം സംസ്ഥാനങ്ങളിലും മറ്റും കിട്ടുന്ന അധികാരം ഉപയോഗിച്ച് പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍നയം നടപ്പില്‍വരുത്തുക. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം നടത്തുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായ പോരാട്ടം. ഇത് പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തിലും പാര്‍ടി സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ശക്തമായ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ബദല്‍നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലും സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ജനകീയബദലിന്റെ മാതൃകയായി ഇവ മാറുന്നു എന്നതാണ് പൊതുവിലുള്ള അനുഭവം. കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും തകര്‍ക്കുന്നതാണ് ആസിയന്‍ കരാര്‍. ഈ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ കാര്‍ഷികോല്‍പ്പന്നവില വന്‍തോതില്‍ കുറയുന്ന സാഹചര്യം വരും. കരാറിലെ ജനദ്രോഹവശങ്ങളെക്കുറിച്ച് പാര്‍ടി നല്‍കിയ മുന്നറിയിപ്പ് ജനങ്ങള്‍ ഉള്‍ക്കൊണ്ടു. ഈ വിഷയത്തില്‍ കേരളത്തിന്റെ ഇരമ്പുന്ന പ്രതിഷേധമാണുയര്‍ന്നത്. യുഡിഎഫ് ഘടകകക്ഷികള്‍ക്കുപോലും ഈ കരാറിനെ അനുകൂലിക്കാന്‍ പറ്റിയില്ല. വിവിധ കര്‍ഷകസംഘടനകളും മത്സ്യത്തൊഴിലാളി സംഘടനകളും സിപിഐ എം നിലപാടിനെ അംഗീകരിച്ചു. കേരളത്തെ തകര്‍ക്കുന്ന നയത്തിനെതിരായ പ്രതിഷേധമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കാന്‍ സിപിഐ എം ആഹ്വാനം ചെയ്തത്. ഗാന്ധി ജയന്തി ദിനത്തില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ നീണ്ട പ്രതിഷേധച്ചങ്ങലയില്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ കണ്ണികളായി. കനത്ത മഴയിലും ലക്ഷങ്ങള്‍ കൈകോര്‍ത്ത് നാടിന്റെ രക്ഷയ്ക്കായി പ്രതിജ്ഞയെടുത്തു. ആത്മാഭിമാനമുള്ള കേരളീയന്റെ പോരാട്ടത്തിന്റെ അടയാളമായി മാറിയ ഈ ജനമുന്നേറ്റത്തില്‍ കാല്‍ക്കോടിയോളംപേര്‍ പങ്കെടുത്തു. കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും പണയം വയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമായി അത് മാറി. വിലക്കയറ്റം ജനജീവിതത്തെ കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയമാണ് ഇതിനു കാരണം. കാര്‍ഷിക സബ്സിഡി വെട്ടിക്കുറയ്ക്കുക എന്നത് കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ മുഖമുദ്രയായി. ഇപ്പോള്‍ത്തന്നെ വളം സബ്സിഡി 3000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതില്‍നിന്നും അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതില്‍നിന്നും പിന്മാറിയതോടെ കര്‍ഷകന്‍ ദുരിതത്തിലായി. കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് സാര്‍വത്രികമായി. ഈ അവസരം ഉപയോഗിച്ച് വന്‍കിട കുത്തകകള്‍ കാര്‍ഷികമേഖലയില്‍ കടന്നുവരാന്‍ തുടങ്ങി. ഊഹക്കച്ചവടവും അവധി വ്യാപാരവും കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍നയവും എരിതീയില്‍ എണ്ണയൊഴിക്കുന്ന അനുഭവമാണ് സൃഷ്ടിച്ചത്. ഉല്‍പ്പന്നങ്ങള്‍ സ്വകാര്യകുത്തകകള്‍ക്ക് ഇഷ്ടംപോലെ സംഭരിച്ചുവയ്ക്കാന്‍ കഴിഞ്ഞു. എന്നിട്ട് അവ തോന്നിയ വിലയ്ക്ക് മറിച്ച് വില്‍ക്കാനും അവര്‍ക്ക് അവസരം നല്‍കി. ചുരുക്കത്തില്‍, ഇതിലൂടെ കര്‍ഷകന് വില ലഭിച്ചില്ലെന്നു മാത്രമല്ല ഉപയോക്താക്കള്‍ക്ക് വലിയ വിലകൊടുത്ത് ഉല്‍പ്പന്നം വാങ്ങേണ്ട അവസ്ഥയും രൂപപ്പെട്ടു. ജനങ്ങള്‍ വിലക്കയറ്റത്താല്‍ പൊറുതിമുട്ടി. സ്വകാര്യ വന്‍കിട കമ്പനിക്കാര്‍ വന്‍ ലാഭം കുന്നുകൂട്ടുകയും ചെയ്തു. കാര്‍ഷികമേഖലയിലെ ഈ നയത്തോടൊപ്പംതന്നെ പൊതുമേഖലയെ ദുര്‍ബലപ്പെടുത്തുന്ന സമീപനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. സംഭരണമേഖലയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. എഫ്സിഐ ഗോഡൌണുകളില്‍ മുമ്പ് ശേഖരിച്ച ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുമ്പോഴും അവയെ പൊതുമാര്‍ക്കറ്റിലേക്ക് കൊണ്ടുവന്ന് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കുന്നതിന് പണമില്ലെന്നു പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് 80,000 കോടി രൂപയുടെ നികുതി ഇളവ് നല്‍കി അവരെ സംതൃപ്തിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗനയം വെളിപ്പെടുത്തുന്ന സുപ്രധാന സംഭവമായിരുന്നു ഇത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും വലിയ വര്‍ധന ഇതോടൊപ്പം ഉണ്ടായി. റെയില്‍വേ ചരക്കുകൂലി വര്‍ദ്ധധനകൂടി ആകുമ്പോള്‍ സ്ഥിതിഗതികള്‍ ഗുരുതരമായി. കേരളംപോലുള്ള ഉപഭോഗ സംസ്ഥാനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കേരളത്തിന്റെ റേഷന്‍വിഹിതംതന്നെ വെട്ടിക്കുറയ്ക്കുന്ന സമീപനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. ഇത്തരം ജനദ്രോഹനയങ്ങള്‍ക്കെതിരായി വലിയ പ്രക്ഷോഭം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നതിന് പാര്‍ടി തീരുമാനിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പ്രതിഷേധം അലയടിച്ചു. മാര്‍ച്ച് എട്ടുമുതല്‍ 12 വരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കുന്ന സമരമുറയില്‍ വമ്പിച്ച ജനപങ്കാളിത്തം ദൃശ്യമായി. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ ഈ സമരത്തില്‍ ഒമ്പതു ലക്ഷത്തോളം ജനങ്ങളാണ് അണിചേര്‍ന്നത്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബസമേതം സമരമുഖത്തേക്ക് ഒഴുകി എത്തുന്നതിന്റെ ചിത്രമാണ് വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ളത്. ദുര്‍ബല ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും എല്ലാം ഈ സമരത്തില്‍ അണിചേര്‍ന്നത് ജീവിതദുരിതങ്ങളില്‍നിന്ന് രക്ഷനേടാന്‍ പ്രക്ഷോഭങ്ങളല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവിന്റെകൂടി അടിസ്ഥാനത്തിലാണ്. ഇവിടെ നടന്ന പ്രക്ഷോഭങ്ങള്‍ക്കു സമാനമായ വിവിധ രൂപങ്ങളിലുള്ള പ്രക്ഷോഭ-പ്രചാരണ പരിപാടികള്‍ക്കും ഇന്ത്യയാകമാനം സാക്ഷ്യം വഹിച്ചു. ഇതിന് നാന്ദി കുറിച്ച് വമ്പിച്ച ബഹുജനറാലി മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ നടന്നു. ഇടതുപക്ഷം സംഘടിപ്പിച്ച ഈ റാലി ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ അടുത്തകാലത്തായി നടന്നതില്‍ ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് ആകര്‍ഷിച്ചത്. ഇതുകൊണ്ടുമാത്രം ഭരണാധികാരികള്‍ നയം മാറ്റുമെന്ന് പാര്‍ടി കരുതുന്നില്ല. പ്രക്ഷോഭം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. ഘട്ടം ഘട്ടമായി ശക്തിപ്പെടുന്ന ഈ പ്രക്ഷോഭം ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതുവരെ തുടരുകതന്നെ ചെയ്യും. അതിന്റെ ഭാഗമായി അടുത്ത ഘട്ടം എന്ന നിലയില്‍ ഏപ്രില്‍ എട്ടിന് 25 ലക്ഷം പേര്‍ പങ്കെടുക്കുന്ന ജയില്‍ നിറയ്ക്കല്‍ സമരം അഖിലേന്ത്യാടിസ്ഥാനത്തില്‍ നടക്കാന്‍പോവുകയാണ്. ഇതില്‍ പങ്കാളിയായി ജനകീയ പോരാട്ടത്തില്‍ അണിചേരുക എന്നത് രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരു പൌരന്റെയും ഉത്തരവാദിത്തമാണ്. നാം നേടിയതെല്ലാം ഇത്തരം പ്രക്ഷോഭങ്ങളുടെ പരിണിതഫലമാണ് എന്ന ചരിത്ര പാഠം ഇവിടെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ പാര്‍ലമെന്റിനു പുറത്ത് നടക്കുമ്പോള്‍ പാര്‍ലമെന്റിനകത്ത് സമരമുഖം ശക്തിപ്പെടുത്തിയാണ് പാര്‍ടി മുന്നോട്ടുപോകുന്നത്. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഈ വര്‍ഷത്തെ പാര്‍ലമെന്റ് സമ്മേളനത്തിലും സജീവ വിഷയമായി. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ യുപിഎ സര്‍ക്കാരിലെ ഘടകകക്ഷികള്‍തന്നെ എതിര്‍ക്കുന്ന നില ഉണ്ടായി. ബജറ്റ് പ്രസംഗത്തില്‍ പ്രതിപക്ഷ നിരയാകെ ഇതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ജനകീയ അജന്‍ഡയ്ക്കു പിന്നില്‍ മറ്റു കക്ഷികള്‍ക്കും അണിചേരേണ്ടിവരുന്ന ചിത്രമാണ് ഇവിടെ കാണാനാകുന്നത്. ലോക്സഭയില്‍ ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പ് വളര്‍ത്തിയെടുക്കുമ്പോള്‍ത്തന്നെ സംസ്ഥാനത്തെ അധികാരം ഉപയോഗിച്ച് ജനകീയ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിലും പാര്‍ടി ഗൌരവമായി ഇടപെടുന്നുണ്ട്. ഈ നയത്തിന്റെ ഫലം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയങ്ങളില്‍ പ്രകടമായും കാണാനാകുന്നതാണ്. കാര്‍ഷികവ്യാവസായികമേഖലയിലെ പൊതുനിക്ഷേപങ്ങള്‍ പിന്‍വലിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പൊതുവായ സമീപനം. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായി അടിസ്ഥാനമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുക എന്ന സമീപനം സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ഇതിന്റെ ഫലമായി കാര്‍ഷികമേഖലയില്‍ വന്നിട്ടുള്ള മാറ്റം കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അഖിലേന്ത്യാതലത്തില്‍ കാര്‍ഷികവളര്‍ച്ച മുരടിച്ചപ്പോള്‍ കേരളത്തില്‍ 2.8 ശതമാനം വളര്‍ച്ച നേടുന്നതിന് നമുക്ക് കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 40,000 കോടി രൂപ സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ 200 കോടി രൂപ ലാഭത്തില്‍ എത്തിച്ചു എന്നു മാത്രമല്ല, 112 കോടി രൂപ ചെലവഴിച്ചുകൊണ്ട് പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുക എന്ന ബദല്‍നയവും സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ചു. സാമൂഹ്യസുരക്ഷാ പദ്ധതികളെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന നയമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, കേരളത്തില്‍ എല്ലാ വിഭാഗത്തിനും ക്ഷേമപെന്‍ഷന്‍ ഏര്‍പ്പെടുത്തിയെന്നു മാത്രമല്ല, അത് 300 രൂപയായി വര്‍ധിപ്പിക്കുക എന്ന നയത്തിലേക്കും സംസ്ഥാനസര്‍ക്കാര്‍ എത്തിച്ചേര്‍ന്നു. ഭക്ഷ്യസബ്സിഡി ഇനത്തില്‍ കൂടുതല്‍ തുക നീക്കിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നപ്പോള്‍ 400 കോടി രൂപയിലേറെ ഒറ്റവര്‍ഷംകൊണ്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ച സംസ്ഥാനസര്‍ക്കാരാണ് കേരളത്തിലുള്ളത്. സ്ത്രീകളുടെ പ്രശ്നവും പാരിസ്ഥിതിക പ്രശ്നങ്ങളും ഇന്ന് സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഈ മേഖലയിലെ വികസനത്തിനായി ഒരു തരത്തിലുള്ള ഇടപെടലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി വനിതാ സംവരണബില്‍ രാജ്യസഭയില്‍ പാസാക്കി എന്നല്ലാതെ മറ്റൊന്നും കോഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ യുപിഎതന്നെ ഭിന്നിക്കുന്ന നിലയുണ്ടായി. എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന് 1000 കോടി രൂപയും സ്ത്രീകളുടെ ഉന്നമനത്തിനായി 620 കോടി രൂപയും സംസ്ഥാനസര്‍ക്കാര്‍ നീക്കിവയ്ക്കുകയുണ്ടായി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയും ചെയ്തു. സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള ബദല്‍നയങ്ങള്‍തന്നെ മുന്നോട്ടുവയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്ന വിധമാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. ധനകാര്യ കമീഷനുകളുടെ ശുപാര്‍ശകളില്‍ കേരളത്തിനുള്ള പങ്ക് അനുദിനം കുറഞ്ഞുവരികയാണ്. ഉന്നത വിദ്യാഭ്യാസമേഖലയ്ക്കുവേണ്ടിയുള്ള ദേശീയ കമീഷന്‍ ഈ മേഖലയില്‍ സംസ്ഥാനത്തിന്റെ പങ്ക് ഗണ്യമായി കുറയ്ക്കുകയാണ്. ഫെഡറലിസത്തെ തകര്‍ക്കുന്ന ഇത്തരം നയങ്ങളെയും ചെറുത്തുകൊണ്ടേ ബദല്‍ മുന്നോട്ടുവയ്ക്കാനുള്ള സാധ്യതകള്‍പോലും നിലനിര്‍ത്താനാകൂ. ഇത്തരത്തിലുള്ള നയങ്ങള്‍ തിരുത്തുന്നതിന് പ്രക്ഷോഭങ്ങളല്ലാതെ മറ്റു വഴികളില്ല. കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തുന്നതുവരെയുള്ള പോരാട്ടമാണ് വിലക്കയറ്റത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഭാഗമായി രാജ്യത്ത് ഉയരാന്‍ പോകുന്നത്. അതിന്റെ ഭാഗമായി ഏപ്രില്‍ എട്ടിന് നടക്കുന്ന ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭത്തില്‍ എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
No comments:
Post a Comment