മൊബൈല്‍ ഫോണില്‍ കാണുന്ന നമ്മുടെ ചിത്രം.
എം മുകുന്ദന്.
മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ നമുക്കൊക്കെ എന്ത് സന്തോഷമായിരുന്നു. വാങ്ങാന്‍ കീശയില്‍ കാശില്ല എന്ന ദുഃഖമേ അന്നുണ്ടായിരുന്നുള്ളൂ. കീശയില്‍ മൊബൈലുമായി നടക്കുന്നവരോട് അസൂയയും തോന്നി.
ആദ്യം പൊള്ളുന്ന വിലയായിരുന്നല്ലോ. അന്ന് ധനികര്‍ക്ക് മാത്രമേ മൊബൈല്‍ വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. അഥവാ കടം മേടിച്ചെങ്കിലും ഒരു ഫോണ്‍ വാങ്ങിയാല്‍ത്തന്നെ കണക്ഷനും കോളിനും വലിയ ചാര്‍ജായിരുന്നു.
ഞാന്‍ ഡല്‍ഹിയില്‍ മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ ഒരു മിനിറ്റിന് പതിനാറു രൂപയായിരുന്നു ചാര്‍ജ്. ഇന്‍കമിങ്ങിനും അത്രതന്നെ കൊടുക്കണമായിരുന്നു. അന്ന് മൊബൈല്‍ ഒരാഡംബര വസ്തുവായിട്ടാണ് പലരും കരുതിയത്.പക്ഷേ എനിക്കത് ഒരാവശ്യമായിരുന്നു.
ഔദ്യോഗിക കാര്യങ്ങള്‍ക്കായി ധാരാളം യാത്ര ചെയ്യുന്ന എനിക്ക് വീട്ടില്‍ തനിയെയിരിക്കുന്ന ഭാര്യയുമായി ബന്ധപ്പെടാന്‍ മൊബൈല്‍ വലിയ സഹായമായിരുന്നു. അവള്‍ക്കാണെങ്കില്‍ സൂര്യനസ്തമിച്ചു കഴിഞ്ഞാല്‍ ഡല്‍ഹിയിലെ പ്രേതങ്ങളെയും പിശാചുക്കളെയും ഭയങ്കര പേടിയാണ്. അതുകൊണ്ടുമാത്രമാണ് അന്ന് ഞാന്‍ മൊബൈല്‍ വാങ്ങിയത്.
ഇപ്പോള്‍ ആര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങാം എന്ന് വന്നിരിക്കുന്നു. ഇനിയാര്‍ക്കും അതിനെ ഒരാഡംബര വസ്തുവായി കാണാന്‍ കഴിയില്ല. മയ്യഴിയിലെ എന്റെ വീട്ടില്‍ എല്ലാ ശനിയാഴ്ചയും ഭിക്ഷ ചോദിക്കാന്‍ വരുന്ന ഒരു കിഴവന് ധര്‍മക്കാരന്റെ കൈത്തണ്ടയില്‍ ഡിജിറ്റല്‍ വാച്ചുണ്ട്. വൈകാതെ യാചകരുടെ കീറിയ കുപ്പായക്കീശയിലും മൊബൈല്‍ ഫോണ്‍ കണ്ടെന്നു വരാം. നാമതില്‍ സന്തോഷിക്കണം. ആധുനിക സൌകര്യങ്ങള്‍ പണക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതല്ല. പാവങ്ങള്‍ക്കും അതെല്ലാം വേണം.
മൊബൈല്‍ ഫോണ്‍ വളരെ ജനകീയമാണ്. അതിന് ജാതിയും മതവുമില്ല. പാര്‍ടിയും വിഭാഗീയതയുമില്ല. മുതലാളിയും തൊഴിലാളിയും എന്ന വകതിരിവില്ല. ആണും പെണ്ണും എന്ന വ്യത്യാസവുമില്ല. സമൂഹത്തിലെ എല്ലാ സംഘര്‍ഷ ഇടങ്ങളെയും മൊബൈല്‍ ഏകോപിപ്പിക്കുന്നു. സൌഹൃദത്തിന്റെ വലിയൊരു ശൃംഖല മൊബൈല്‍ സാധ്യമാക്കിയിരിക്കുന്നു.
ശ്രീനിവാസനല്ല, മൊബൈലാണ് ഇപ്പോള്‍ താരം.
പക്ഷേ മൊബൈലിന്റെ താരപദവി അവസാനിക്കാന്‍ പോകുകയാണ്. മൊബൈല്‍ ഇനി ഹീറോ ആയല്ല, വില്ലനായാണ് നമ്മുടെ ഇടയില്‍ അറിയപ്പെടുക.
ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ കുറ്റിക്കോലിലെ പ്രവിദ ആത്മഹത്യചെയ്ത വിവരം പത്രത്തില്‍ വായിച്ചപ്പോള്‍ നാമൊക്കെ എത്രമാത്രം വേദനിച്ചു. ഇപ്പോഴും ആ വേദന നെഞ്ചില്‍നിന്ന് മാറിയിട്ടില്ല.
അന്ന് എത്രയെത്ര ആളുകളാണ് മൊബൈല്‍ ഫോണിനെ ശപിച്ചത്...
തലശേരിയില്‍ കംപ്യൂട്ടര്‍ പഠിക്കാന്‍ പോകുന്ന കൊറ്റ്യത്തുമുക്കിലെ ഒരമ്മ മകളുടെ കൈയില്‍നിന്ന് മൊബൈല്‍ വാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ചതായി കേട്ടു... അമ്മമാര്‍ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
മൊബൈല്‍ ഒരു ദുഷ്ട കഥാപാത്രമായി മാറുകയാണ്.
കൊറ്റ്യത്തുമുക്കിലെ അമ്മ മാത്രമല്ല, എല്ലാ അമ്മമാരും ഇപ്പോള്‍ മൊബൈലിനെ ഭയപ്പെടുന്നു. ഒരിക്കല്‍ കണ്ണിനും കാതിനും അമ്പരപ്പും ആനന്ദവും നല്കിയ മൊബൈലിന്റെ കാഴ്ചയില്‍ ഇപ്പോള്‍ അച്ഛനമ്മമാര്‍ വിറയ്ക്കുന്നു.
മറ്റു നാടുകളിലും ഇങ്ങനെയാണോ?
ഇംഗ്ളണ്ടിലെയും ജര്‍മനിയിലെയും ജപ്പാനിലെയും അമ്മമാര്‍ പെണ്മക്കളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ കാണുമ്പോള്‍ പേടിച്ച് നടുങ്ങാറുണ്ടോ?
ഇല്ല.
പരിഷ്കൃതനാടുകളില് നമുക്കു വളരെ മുമ്പുതന്നെ മൊബൈല്‍ ഫോണ്‍ എത്തിയിരുന്നുവല്ലോ. ജപ്പാനില്‍ ഏറ്റവും ആധുനികമായ 4 ജി മൊബൈലുകള്‍ ഉപയോഗത്തില്‍ വന്നുകഴിഞ്ഞു. അതിവേഗത്തില്‍ ഉയര്‍ന്ന പിക്സലുകളിലുള്ള ഫോട്ടോകള്‍ എടുക്കുവാനും വീഡിയോകള്‍ ഡൌണ്‍ലോഡ് ചെയ്യാനും കൈമാറുവാനുമുള്ള സൌകര്യങ്ങള്‍ ഈ ഫോണിലുണ്ട്. വേണമെങ്കില്‍ ഒരാള്‍ക്ക് നഗ്നനായി നിന്നുകൊണ്ട് ആരെയെങ്കിലും മൊബൈലില്‍ വിളിച്ച് അപ്പുറത്തുള്ള ആളിനെ ആ ദൃശ്യം തല്‍സമയം കാണിക്കാന്‍ കഴിയും. ഇത്ര സാധ്യതകളുള്ള മൊബൈല്‍ പെണ്‍കുട്ടികള്‍ കൈയിലെടുത്ത് നടക്കുമ്പോള്‍ പരിഷ്കൃത നാടുകളിലെ അച്ഛനമ്മമാര്‍ ആരും വേവലാതികൊള്ളുന്നില്ല.
എന്തുകൊണ്ട്?
ഇതുപോലുള്ള സാങ്കേതിക സാധ്യതകളുള്ള മൊബൈല്‍ നമ്മുടെ നാട്ടില്‍ വന്നാല്‍ ഇവിടുത്തെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എന്താണ് ചെയ്യുകയെന്ന് നമുക്ക് ഊഹിക്കുവാന്‍ കഴിയും. അപ്പോള്‍ ഇവിടെ എന്നും കുരുന്നു പെണ്‍ജീവിതങ്ങള്‍ കയര്‍ത്തുമ്പില്‍ ഒടുങ്ങും.
എന്തുകൊണ്ടാണ് നമ്മുടെ നാട്ടില്‍മാത്രം ഇങ്ങനെ സംഭവിക്കുന്നത്?
പാശ്ചാത്യ നാടുകളില്‍ ആളുകള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് ആശയവിനിമയത്തിനാണ്. ആവശ്യത്തിന് മാത്രമേ അവരത് ഉപയോഗിക്കുന്നുള്ളൂ. വണ്ടിയിലും ബസ്സിലും റോഡുകളിലും സദാ മൊബൈല്‍ ചെവിയില്‍വച്ച് നടക്കുന്ന ആളുകളെ അവിടെ കാണില്ല.
നമ്മുടെ നാട്ടിലോ?
സാഹിത്യ അക്കാദമിയില്‍ മീറ്റിങ്ങുള്ളപ്പോള് രാവിലെ പരശുരാം എക്സ്പ്രസില്‍ ചെയര്‍ കാറിലാണ് ഞാന്‍ തൃശൂരിലേക്ക് പോകുക. തൃശൂര്‍ വരെയുള്ള നാലരമണിക്കൂര്‍ യാത്രയില്‍ കുറേ വായിക്കാം എന്നു വിചാരിക്കും. പക്ഷേ അടുത്തിരിക്കുന്ന യാത്രക്കാര്‍ അതിന് സമ്മതിക്കില്ല. അരികിലും മുമ്പിലും പിമ്പിലും ഇരിക്കുന്ന എല്ലാവരുടെയും കൈയില്‍ മൊബൈല്‍ ഉണ്ടല്ലോ. അവര്‍ നിര്‍ത്താതെ ഒച്ചവച്ച് സംസാരിക്കും. ഒരിക്കല്‍ മയ്യഴിയില്‍നിന്ന് വണ്ടിയില്‍ കയറുമ്പോള്‍തന്നെ എന്റെ അടുത്ത സീറ്റില്‍ ഇരിക്കുന്ന ആള് മൊബൈലില്‍ ഉച്ചത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു. വണ്ടി വടകര എത്തിയപ്പോള്‍ അയാള്‍ വീണ്ടും ആരെയോ വിളിച്ചു.
"ഇത് വീസിയാ. ട്രെയിന്‍ നിങ്ങളെ നാട്ടില്‍ എത്ത്യപ്പോ ഒന്ന് വിളിക്കാന്ന് വിജാരിച്ചു.''
എന്നിട്ട് അയാള്‍ ഉറക്കെ ചിരിച്ചു.
വണ്ടി കൊയിലാണ്ടിയിലെത്തിയപ്പോള്‍ അയാള്‍ വീണ്ടും ആരെയോ വിളിച്ചു.
ഇത് വീസിയാ. ട്രെയിനിപ്പോ നിങ്ങളെ നാട്ടിലാ. കൊയിലാണ്ടീലൂടെ വണ്ടി പോകുമ്പോ നിങ്ങളെ വിളിക്കാതിരിക്ക്യാന് കഴ്യോ?
എന്നിട്ട് അയാള്‍ കാതടപ്പിക്കുന്ന ശബ്ദ ത്തില്‍ ചിരിച്ചു.
വണ്ടി തിരൂരും പട്ടാമ്പിയും ഷൊര്‍ണൂരും കടന്നുപോകുമ്പോഴും അയാള്‍ അതാവര്‍ത്തിച്ചു. അവിടെയെല്ലാം അയാള്‍ക്ക് ബന്ധുക്കളോ പരിചയക്കാരോ ഉണ്ടായിരുന്നു.
വണ്ടിയിലിരുന്ന് വായിക്കാം എന്ന സ്വപ്നം എനിക്കിപ്പോഴില്ല.
ഞാന്‍ യാത്ര ചെയ്തിട്ടുള്ള ലോകത്തിലൊരിടത്തും നമ്മെപ്പോലെ മൊബൈല്‍ ദുരുപയോഗപ്പെടുത്തുന്നവരെ കണ്ടിട്ടില്ല.
യൂറോപ്പിലേയോ അമേരിക്കയിലേയോ ജപ്പാനിലേയോ ഏതെങ്കിലും ഒരു പയ്യന് ഏതെങ്കിലും ഒരു പെണ്‍കുട്ടിയുടെ നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചതായി നമ്മള് കേട്ടിട്ടില്ല.
ഇതൊക്കെ നമ്മുടെ നാട്ടില്‍ മാത്രം സംഭവിക്കുന്നതാണ്.
മൊബൈല്‍ ഫോണിനെ ദുഷ്ട കഥാപാത്രമായി കണ്ടതുകൊണ്ട് ഫലമില്ല. മൊബൈല്‍ നിലത്തെറിഞ്ഞ് പൊട്ടിച്ചതുകൊണ്ടും ഫലമില്ല.
കുറ്റം മൊബൈലിന്റേതല്ല. നമ്മുടേതാണ്. ഒന്നും ഉപയോഗിക്കുവാന്‍ നമുക്കറിയില്ല. ദുരുപയോഗം ചെയ്യാന്‍ മാത്രമേ നമുക്കറിയൂ.
മൊബൈല്‍ മാത്രമല്ല, മദ്യവും രതിയും ആത്മീയതയും ജനാധിപത്യവും പത്ര ടീവി മാധ്യമങ്ങളും എല്ലാം നാം ദുരുപയോഗം ചെയ്യുന്നു.
ഏത് ദൈവത്തിന്റെ ശാപമാണ് നമ്മള് പാവം മലയാളികളുടെ തലയില്‍ വന്നുവീണിരിക്കുന്നത് ആവോ. എന്നാണാവോ നമുക്കൊരു ശാപമോക്ഷം...
കടപ്പാട് ദേശാഭിമാനിവാരിക
1 comment:
മൊബൈല്‍ ഫോണില്‍ കാണുന്ന നമ്മുടെ ചിത്രം.
എം മുകുന്ദന്
മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ നമുക്കൊക്കെ എന്ത് സന്തോഷമായിരുന്നു. വാങ്ങാന്‍ കീശയില്‍ കാശില്ല എന്ന ദുഃഖമേ അന്നുണ്ടായിരുന്നുള്ളൂ. കീശയില്‍ മൊബൈലുമായി നടക്കുന്നവരോട് അസൂയയും തോന്നി.
Post a Comment