ബജറ്റ് സമ്മേളനത്തിനുശേഷം വീണ്ടും അഴിച്ചുപണിയും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബുധനാഴ്ച യുപിഎ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. വീണ്ടും അഴിച്ചുപണിയും എന്ന് ഇപ്പോള്‍തന്നെ പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവന്നത് ഇപ്പോഴത്തെ അഴിച്ചുപണിയില്‍ തൃപ്തിയില്ല എന്നതുകൊണ്ടാണെന്നത് വ്യക്തം. പ്രധാനമന്ത്രിയില്‍പോലും അസംതൃപ്തിയേ അവശേഷിപ്പിക്കുന്നുള്ളൂ എന്ന് വരുമ്പോള്‍ ആ അഴിച്ചുപണിയുടെ സാംഗത്യത്തിനുനേര്‍ക്ക് വലിയൊരു ചോദ്യചിഹ്നമുയരുന്നു. അഴിച്ചുപണികൊണ്ട് ഒരു പ്രയോജനവും ഉണ്ടാവുന്നില്ലെന്ന് പ്രധാനമന്ത്രിക്കുതന്നെ ഉറപ്പുണ്ടെന്നും വരുന്നു. എങ്കില്‍പ്പിന്നെ, അപൂര്‍ണവും അതൃപ്തവുമായ നിലവിലുള്ള ഈ അഴിച്ചുപണി എന്തിനായിരുന്നു? മേഖലാപരമായ പ്രാതിനിധ്യവുമായി ബന്ധപ്പെട്ടുള്ള അസന്തുലിതാവസ്ഥ നീക്കാനായിരുന്നില്ല. ദുഷിച്ച രക്തം ചോര്‍ത്തിക്കളയാനായിരുന്നില്ല. ശുദ്ധരക്തം സ്വീകരിക്കാനായിരുന്നില്ല. കഴിവില്ലാത്തവരെ ഒഴിവാക്കാനായിരുന്നില്ല. പ്രഗത്ഭരെ ഉള്‍പ്പെടുത്താനുമായിരുന്നില്ല. എന്നിട്ടും മന്ത്രിസഭ അഴിച്ചുപണിതു. അതുകൊണ്ടാണ്, ഇത് കണ്ണില്‍ പൊടിയിടാനുള്ള വിദ്യമാത്രമാണെന്ന് വിലയിരുത്തേണ്ടിവരുന്നത്. തുടര്‍ച്ചയായി വന്ന അഴിമതികളിലൂടെ യുപിഎ മന്ത്രിസഭയുടെ പ്രതിച്ഛായ കരിപുരണ്ടുനില്‍ക്കുകയായിരുന്നു. കോമവെല്‍ത്ത് ഗെയിംസ് സംഘാടനം, 2ജി സ്പെക്ട്രം, ആദര്‍ശ്ഫ്ളാറ്റ്, ഹൈവേ കരാര്‍ എന്നിങ്ങനെ തുടരെവന്ന അഴിമതികള്‍കൊണ്ട് നഷ്ടപ്പെട്ട പ്രതിച്ഛായ അഴിമതിയെയും അഴിമതിക്കാരെയും സംരക്ഷിച്ചുകൊണ്ടുതന്നെ തിരിച്ചുപിടിക്കാനുള്ള ഒരു ഞാണിന്മേല്‍ കളി! ആ അഭ്യാസമാണ് മന്‍മോഹന്‍സിങ് നടത്തിയത്. മന്ത്രിസഭയില്‍ മാറ്റംവരുത്തിയെന്ന് വരുത്തിതീര്‍ത്ത് ശുദ്ധമായ ഭരണമുന്നണിയുണ്ടാവുക എന്ന പ്രതീതി സൃഷ്ടിക്കുക. ഇതുമാത്രമാണ് മന്‍മോഹന്‍സിങ്ങിന്റെ മനസ്സിലുണ്ടായിരുന്ന പ്രധാനകാര്യം. അതുകൊണ്ടുതന്നെയാണ്, അഴിമതിക്ക് പ്രതിക്കൂട്ടിലായ മന്ത്രിമാരെയെല്ലാം അധികാരത്തില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ അദ്ദേഹം അഴിച്ചുപണി നടത്തിയത്. കുപ്രസിദ്ധമായ നീര റാഡിയ ടേപ്പ് സംഭവത്തില്‍ ജെറ്റ് എയര്‍വേസിനുവേണ്ടി പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ തകര്‍ത്തുകൊടുക്കുന്ന ദൌത്യം ഏറ്റെടുത്ത 'ദല്ലാള്‍' എന്ന് വിശദീകരിക്കപ്പെട്ടയാളാണ് പ്രഫുല്‍പട്ടേല്‍. അദ്ദേഹത്തെ പറഞ്ഞയക്കാനുള്ള ധൈര്യമില്ല പ്രധാനമന്ത്രിക്ക്. എന്നുമാത്രമല്ല, വകുപ്പുമാറ്റി ക്യാബിനറ്റ് റാങ്കിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുകകൂടി ചെയ്തിരിക്കുന്നു മന്‍മോഹന്‍സിങ്! നീര റാഡിയ ടേപ്പില്‍ റിലയന്‍സ് കമ്പനിയുടെ ഏജന്റ് എന്നാണ് മുരളി ദേവ്റ വിശേഷിപ്പിക്കപ്പെട്ടത്. റിലയന്‍സിന്റെ മുകേഷ് അംബാനിയാണ് ദേവ്റയ്ക്ക് പെട്രോളിയം വകുപ്പ് ഉറപ്പാക്കിക്കൊടുത്തതെന്ന് ബിഹാറില്‍നിന്നുള്ള രാജ്യസഭാംഗം എന്‍ കെ സിങ്ങും നീര റാഡിയയും തമ്മിലുള്ള ഫോ സംഭാഷണത്തില്‍ വെളിപ്പെട്ടിരുന്നു. ആ ദേവ്റയെയും മന്ത്രിസഭയില്‍നിന്ന് പുറത്താക്കാനുള്ള ധൈര്യം മന്‍മോഹന്‍ സിങ്ങിനുണ്ടായില്ല. കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ മുഖ്യരക്ഷാധികാരിയായ തരുദാസും നീര റാഡിയയുമായുള്ള ഫോസംഭാഷണത്തില്‍ ഏതു കരാറിലും പതിനഞ്ചുശതമാനം സ്വന്തമാക്കുമെങ്കിലും വളരെയധികം പ്രയോജനംചെയ്യുന്ന മന്ത്രി എന്നാണ് കമല്‍നാഥ് വിശേഷിപ്പിക്കപ്പെട്ടത്. ആ കമല്‍നാഥിനെയും തൊടാന്‍ കഴിയുന്നില്ല മന്‍മോഹന്‍സിങ്ങിന്. അദ്ദേഹവും മന്ത്രിസ്ഥാനത്തുതന്നെ തുടരുന്നു. കോമവെല്‍ത്ത് ഗെയിംസിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുംഭകോണങ്ങളുടെ കരിനിഴലിലാണ് ജയ്പാല്‍റെഡ്ഡി. അദ്ദേഹവും മന്ത്രിയായി തുടരുന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ, വിലാസ്റാവു ദേശ്മുഖ്, ഹജ്ജ്ക്വോട്ട കുംഭകോണത്തില്‍ ആരോപണവിധേയനായ ഇ അഹമ്മദ്, കോമവെല്‍ത്ത് ഗെയിംസ് സംഘാടനത്തിനുപിന്നിലെ അഴിമതിയുടെ കരിനിഴലില്‍ നില്‍ക്കുന്ന എം എസ് ഗില്‍ തുടങ്ങിയവരൊക്കെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തപ്പെട്ടിരിക്കുന്നു. ഇവരില്‍ ചിലരുടെയൊക്കെ വകുപ്പുമാറ്റിയല്ലോ എന്നാണ് യുപിഎ മന്ത്രിസഭയുടെ സ്തുതിപാടുന്ന ചില മുഖ്യധാരാമാധ്യമങ്ങള്‍ ആശ്വാസംകൊള്ളുന്നത്. അഴിമതി നടത്താന്‍ നിശ്ചയിച്ചവര്‍ക്ക് ഇന്ന വകുപ്പിലേ അഴിമതി നടത്തൂവെന്ന് ശാഠ്യമൊന്നുമില്ലല്ലോ. അവര്‍ ഏതു വകുപ്പിലും അഴിമതി നടത്തും. ഇത് മറച്ചുപിടിക്കാനാണ് അഴിമതിക്കാരെ വകുപ്പുമാറ്റാനുള്ള ധീരത പ്രധാനമന്ത്രി കാട്ടിയെന്ന വാദം. അഴിമതിക്കാരന്‍ പെട്രോളിയം വകുപ്പിലായാല്‍ അംബാനിയുടെ ഏജന്റാകും. വ്യോമയാന വകുപ്പിലായാല്‍ നരേഷ് ഗോയലിന്റെ ഏജന്റാകും. അത്രമാത്രം. പ്രഫുല്‍പട്ടേല്‍ വ്യോമയാനമന്ത്രിയായിരിക്കെ ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ ഏജന്റായിരുന്നുവെന്നാണ് നീര റാഡിയ ടേപ്പില്‍നിന്ന് വെളിപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ ഘനവ്യവസായത്തിന്റെയും പൊതുമേഖലയുടെയും മന്ത്രിയായിരിക്കുന്നു. അതും ക്യാബിനറ്റ് റാങ്കോടെ. നീര റാഡിയ ടേപ്പിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പറഞ്ഞയക്കുന്നതിനു പകരം ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയതിനെതിരെ ഒരു വാക്കുപോലും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പറയാനില്ല. മാധ്യമങ്ങളും ഭരണരാഷ്ട്രീയവും കോര്‍പറേറ്റ് കമ്പനികളും ഉള്‍പ്പെട്ട അവിശുദ്ധസഖ്യത്തിന് ഇതേക്കാള്‍ നല്ല ഉദാഹരണം വേറെ വേണ്ടതില്ല. കോഗ്രസ് പ്ളീനറി സമ്മേളനം പ്രഖ്യാപിച്ചത് അഴിമതിക്കെതിരെ കൃത്യമായ നടപടി വരുംദിവസങ്ങളിലുണ്ടാകുമെന്നാണ്. അഴിമതിക്കാരന് സ്ഥാനക്കയറ്റം നല്‍കുക എന്നതാണോ ആ നടപടി എന്നത് എഐസിസിയാണ് വിശദീകരിക്കേണ്ടത്. ഭരണം ഉചിതമായ തരത്തിലാവാത്തത് സഖ്യകക്ഷിസമ്മര്‍ദം മൂലമാണെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. ഏതു കക്ഷിയുടെ സമ്മര്‍ദംമൂലമാണ് കോഗ്രസ് അഴിമതിക്കാരായ സ്വന്തം മന്ത്രിമാരെ മന്ത്രിസഭയില്‍ സംരക്ഷിച്ചുനിലനിര്‍ത്തിയിരിക്കുന്നത്? ഒരു കല്ലനക്കിയാല്‍ കോട്ടയാകെ ഇടിഞ്ഞുപൊളിഞ്ഞുവീഴുമെന്ന് ഭയക്കുന്നുണ്ടാവണം പ്രധാനമന്ത്രി. അല്ലെങ്കില്‍, ഓരോ അഴിമതിക്കുപിന്നിലും ഏത് കരങ്ങളാണോ ഉള്ളത് ആ കരങ്ങളാണ് തന്നെ പ്രധാനമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തുന്നതെന്ന് വിശ്വസിക്കുന്നുണ്ടാവണം അദ്ദേഹം. അതുമല്ലെങ്കില്‍ മഹാകുംഭകോണങ്ങളുടെ കൂട്ടുകച്ചവടത്തില്‍ പങ്കാളിയായിരിക്കണം അദ്ദേഹം. ഇതില്‍ ഏതെങ്കിലും ഒന്നാകണം പ്രധാനമന്ത്രിയെ നയിക്കുന്നത്. അതല്ലെങ്കില്‍ അദ്ദേഹം ഇത്ര ഭയക്കേണ്ട കാര്യമില്ലല്ലോ. മന്ത്രിസഭ അഴിച്ചുപണിക്കു പിന്നിലുള്ള മറ്റ് രണ്ട് ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും ജാതിപരിഗണനകളുമാണ്. 2011ല്‍ കേരള നിയമസഭയിലേക്കും 2012ല്‍ യുപി നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബേനിപ്രസാദ് വര്‍മയെ മന്ത്രിസഭയിലെടുത്തത് അവിടത്തെ പ്രബല സമുദായമായ കുര്‍മി വിഭാഗത്തിന്റെ പിന്തുണ കിട്ടുമെന്ന കണക്കുകൂട്ടലോടെയാണ്. കേരളത്തിന്റെ പ്രാതിനിധ്യത്തിലും രാഷ്ട്രീയമോ വികസനപരിഗണനകളോ അല്ല, ജാതിപരിഗണനയാണ് വിലപ്പോയതെന്ന് കോഗ്രസ് തന്നെ മടികൂടാതെ പറയുന്ന നിലയായിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാട്ടുന്ന ഇത്തരം വിദ്യകള്‍കൊണ്ട് ഒരു സമുദായത്തെയാകെ കബളിപ്പിച്ച് കൂടെ നിര്‍ത്താമെന്നും അവര്‍ക്ക് അതുമതി എന്നുമുള്ള പുച്ഛം കലര്‍ന്ന ഈ സമീപനത്തെ സമൂഹം എങ്ങനെ കാണുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. കേരളത്തിന് മന്ത്രിയുണ്ടോ എന്നതല്ല, കേന്ദ്രത്തില്‍നിന്ന് കേരളത്തിനു നേര്‍ക്ക് പരിഗണനയുണ്ടോ എന്നതാണ് അതേക്കാള്‍ പ്രധാനം. അതുണ്ടാകുന്നില്ല എന്നതാണ് കേരളത്തിന്റെ ദുരന്തം.
Tuesday, January 25, 2011
അഴിച്ചുപണിയുടെ രാഷ്ട്രീയം
ബജറ്റ് സമ്മേളനത്തിനുശേഷം വീണ്ടും അഴിച്ചുപണിയും എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ബുധനാഴ്ച യുപിഎ മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്. വീണ്ടും അഴിച്ചുപണിയും എന്ന് ഇപ്പോള്‍തന്നെ പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കേണ്ടിവന്നത് ഇപ്പോഴത്തെ അഴിച്ചുപണിയില്‍ തൃപ്തിയില്ല എന്നതുകൊണ്ടാണെന്നത് വ്യക്തം. പ്രധാനമന്ത്രിയില്‍പോലും അസംതൃപ്തിയേ അവശേഷിപ്പിക്കുന്നുള്ളൂ എന്ന് വരുമ്പോള്‍ ആ അഴിച്ചുപണിയുടെ സാംഗത്യത്തിനുനേര്‍ക്ക് വലിയൊരു ചോദ്യചിഹ്നമുയരുന്നു. അഴിച്ചുപണികൊണ്ട് ഒരു പ്രയോജനവും ഉണ്ടാവുന്നില്ലെന്ന് പ്രധാനമന്ത്രിക്കുതന്നെ ഉറപ്പുണ്ടെന്നും വരുന്നു. എങ്കില്‍പ്പിന്നെ, അപൂര്‍ണവും അതൃപ്തവുമായ നിലവിലുള്ള ഈ അഴിച്ചുപണി എന്തിനായിരുന്നു? മേഖലാപരമായ പ്രാതിനിധ്യവുമായി ബന്ധപ്പെട്ടുള്ള അസന്തുലിതാവസ്ഥ നീക്കാനായിരുന്നില്ല. ദുഷിച്ച രക്തം ചോര്‍ത്തിക്കളയാനായിരുന്നില്ല. ശുദ്ധരക്തം സ്വീകരിക്കാനായിരുന്നില്ല. കഴിവില്ലാത്തവരെ ഒഴിവാക്കാനായിരുന്നില്ല. പ്രഗത്ഭരെ ഉള്‍പ്പെടുത്താനുമായിരുന്നില്ല. എന്നിട്ടും മന്ത്രിസഭ അഴിച്ചുപണിതു. അതുകൊണ്ടാണ്, ഇത് കണ്ണില്‍ പൊടിയിടാനുള്ള വിദ്യമാത്രമാണെന്ന് വിലയിരുത്തേണ്ടിവരുന്നത്. തുടര്‍ച്ചയായി വന്ന അഴിമതികളിലൂടെ യുപിഎ മന്ത്രിസഭയുടെ പ്രതിച്ഛായ കരിപുരണ്ടുനില്‍ക്കുകയായിരുന്നു. കോമവെല്‍ത്ത് ഗെയിംസ് സംഘാടനം, 2ജി സ്പെക്ട്രം, ആദര്‍ശ്ഫ്ളാറ്റ്, ഹൈവേ കരാര്‍ എന്നിങ്ങനെ തുടരെവന്ന അഴിമതികള്‍കൊണ്ട് നഷ്ടപ്പെട്ട പ്രതിച്ഛായ അഴിമതിയെയും അഴിമതിക്കാരെയും സംരക്ഷിച്ചുകൊണ്ടുതന്നെ തിരിച്ചുപിടിക്കാനുള്ള ഒരു ഞാണിന്മേല്‍ കളി! ആ അഭ്യാസമാണ് മന്‍മോഹന്‍സിങ് നടത്തിയത്. മന്ത്രിസഭയില്‍ മാറ്റംവരുത്തിയെന്ന് വരുത്തിതീര്‍ത്ത് ശുദ്ധമായ ഭരണമുന്നണിയുണ്ടാവുക എന്ന പ്രതീതി സൃഷ്ടിക്കുക. ഇതുമാത്രമാണ് മന്‍മോഹന്‍സിങ്ങിന്റെ മനസ്സിലുണ്ടായിരുന്ന പ്രധാനകാര്യം. അതുകൊണ്ടുതന്നെയാണ്, അഴിമതിക്ക് പ്രതിക്കൂട്ടിലായ മന്ത്രിമാരെയെല്ലാം അധികാരത്തില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ അദ്ദേഹം അഴിച്ചുപണി നടത്തിയത്. കുപ്രസിദ്ധമായ നീര റാഡിയ ടേപ്പ് സംഭവത്തില്‍ ജെറ്റ് എയര്‍വേസിനുവേണ്ടി പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ തകര്‍ത്തുകൊടുക്കുന്ന ദൌത്യം ഏറ്റെടുത്ത 'ദല്ലാള്‍' എന്ന് വിശദീകരിക്കപ്പെട്ടയാളാണ് പ്രഫുല്‍പട്ടേല്‍. അദ്ദേഹത്തെ പറഞ്ഞയക്കാനുള്ള ധൈര്യമില്ല പ്രധാനമന്ത്രിക്ക്. എന്നുമാത്രമല്ല, വകുപ്പുമാറ്റി ക്യാബിനറ്റ് റാങ്കിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തുകകൂടി ചെയ്തിരിക്കുന്നു മന്‍മോഹന്‍സിങ്! നീര റാഡിയ ടേപ്പില്‍ റിലയന്‍സ് കമ്പനിയുടെ ഏജന്റ് എന്നാണ് മുരളി ദേവ്റ വിശേഷിപ്പിക്കപ്പെട്ടത്. റിലയന്‍സിന്റെ മുകേഷ് അംബാനിയാണ് ദേവ്റയ്ക്ക് പെട്രോളിയം വകുപ്പ് ഉറപ്പാക്കിക്കൊടുത്തതെന്ന് ബിഹാറില്‍നിന്നുള്ള രാജ്യസഭാംഗം എന്‍ കെ സിങ്ങും നീര റാഡിയയും തമ്മിലുള്ള ഫോ സംഭാഷണത്തില്‍ വെളിപ്പെട്ടിരുന്നു. ആ ദേവ്റയെയും മന്ത്രിസഭയില്‍നിന്ന് പുറത്താക്കാനുള്ള ധൈര്യം മന്‍മോഹന്‍ സിങ്ങിനുണ്ടായില്ല. കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ മുഖ്യരക്ഷാധികാരിയായ തരുദാസും നീര റാഡിയയുമായുള്ള ഫോസംഭാഷണത്തില്‍ ഏതു കരാറിലും പതിനഞ്ചുശതമാനം സ്വന്തമാക്കുമെങ്കിലും വളരെയധികം പ്രയോജനംചെയ്യുന്ന മന്ത്രി എന്നാണ് കമല്‍നാഥ് വിശേഷിപ്പിക്കപ്പെട്ടത്. ആ കമല്‍നാഥിനെയും തൊടാന്‍ കഴിയുന്നില്ല മന്‍മോഹന്‍സിങ്ങിന്. അദ്ദേഹവും മന്ത്രിസ്ഥാനത്തുതന്നെ തുടരുന്നു. കോമവെല്‍ത്ത് ഗെയിംസിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുംഭകോണങ്ങളുടെ കരിനിഴലിലാണ് ജയ്പാല്‍റെഡ്ഡി. അദ്ദേഹവും മന്ത്രിയായി തുടരുന്നു. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണത്തില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെ, വിലാസ്റാവു ദേശ്മുഖ്, ഹജ്ജ്ക്വോട്ട കുംഭകോണത്തില്‍ ആരോപണവിധേയനായ ഇ അഹമ്മദ്, കോമവെല്‍ത്ത് ഗെയിംസ് സംഘാടനത്തിനുപിന്നിലെ അഴിമതിയുടെ കരിനിഴലില്‍ നില്‍ക്കുന്ന എം എസ് ഗില്‍ തുടങ്ങിയവരൊക്കെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്തപ്പെട്ടിരിക്കുന്നു. ഇവരില്‍ ചിലരുടെയൊക്കെ വകുപ്പുമാറ്റിയല്ലോ എന്നാണ് യുപിഎ മന്ത്രിസഭയുടെ സ്തുതിപാടുന്ന ചില മുഖ്യധാരാമാധ്യമങ്ങള്‍ ആശ്വാസംകൊള്ളുന്നത്. അഴിമതി നടത്താന്‍ നിശ്ചയിച്ചവര്‍ക്ക് ഇന്ന വകുപ്പിലേ അഴിമതി നടത്തൂവെന്ന് ശാഠ്യമൊന്നുമില്ലല്ലോ. അവര്‍ ഏതു വകുപ്പിലും അഴിമതി നടത്തും. ഇത് മറച്ചുപിടിക്കാനാണ് അഴിമതിക്കാരെ വകുപ്പുമാറ്റാനുള്ള ധീരത പ്രധാനമന്ത്രി കാട്ടിയെന്ന വാദം. അഴിമതിക്കാരന്‍ പെട്രോളിയം വകുപ്പിലായാല്‍ അംബാനിയുടെ ഏജന്റാകും. വ്യോമയാന വകുപ്പിലായാല്‍ നരേഷ് ഗോയലിന്റെ ഏജന്റാകും. അത്രമാത്രം. പ്രഫുല്‍പട്ടേല്‍ വ്യോമയാനമന്ത്രിയായിരിക്കെ ജെറ്റ് എയര്‍വേയ്സ് ചെയര്‍മാന്‍ നരേഷ് ഗോയലിന്റെ ഏജന്റായിരുന്നുവെന്നാണ് നീര റാഡിയ ടേപ്പില്‍നിന്ന് വെളിപ്പെട്ടത്. അദ്ദേഹം ഇപ്പോള്‍ ഘനവ്യവസായത്തിന്റെയും പൊതുമേഖലയുടെയും മന്ത്രിയായിരിക്കുന്നു. അതും ക്യാബിനറ്റ് റാങ്കോടെ. നീര റാഡിയ ടേപ്പിന്റെ അടിസ്ഥാനത്തില്‍ ഇദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് പറഞ്ഞയക്കുന്നതിനു പകരം ക്യാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയതിനെതിരെ ഒരു വാക്കുപോലും മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പറയാനില്ല. മാധ്യമങ്ങളും ഭരണരാഷ്ട്രീയവും കോര്‍പറേറ്റ് കമ്പനികളും ഉള്‍പ്പെട്ട അവിശുദ്ധസഖ്യത്തിന് ഇതേക്കാള്‍ നല്ല ഉദാഹരണം വേറെ വേണ്ടതില്ല. കോഗ്രസ് പ്ളീനറി സമ്മേളനം പ്രഖ്യാപിച്ചത് അഴിമതിക്കെതിരെ കൃത്യമായ നടപടി വരുംദിവസങ്ങളിലുണ്ടാകുമെന്നാണ്. അഴിമതിക്കാരന് സ്ഥാനക്കയറ്റം നല്‍കുക എന്നതാണോ ആ നടപടി എന്നത് എഐസിസിയാണ് വിശദീകരിക്കേണ്ടത്. ഭരണം ഉചിതമായ തരത്തിലാവാത്തത് സഖ്യകക്ഷിസമ്മര്‍ദം മൂലമാണെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. ഏതു കക്ഷിയുടെ സമ്മര്‍ദംമൂലമാണ് കോഗ്രസ് അഴിമതിക്കാരായ സ്വന്തം മന്ത്രിമാരെ മന്ത്രിസഭയില്‍ സംരക്ഷിച്ചുനിലനിര്‍ത്തിയിരിക്കുന്നത്? ഒരു കല്ലനക്കിയാല്‍ കോട്ടയാകെ ഇടിഞ്ഞുപൊളിഞ്ഞുവീഴുമെന്ന് ഭയക്കുന്നുണ്ടാവണം പ്രധാനമന്ത്രി. അല്ലെങ്കില്‍, ഓരോ അഴിമതിക്കുപിന്നിലും ഏത് കരങ്ങളാണോ ഉള്ളത് ആ കരങ്ങളാണ് തന്നെ പ്രധാനമന്ത്രിസ്ഥാനത്ത് നിലനിര്‍ത്തുന്നതെന്ന് വിശ്വസിക്കുന്നുണ്ടാവണം അദ്ദേഹം. അതുമല്ലെങ്കില്‍ മഹാകുംഭകോണങ്ങളുടെ കൂട്ടുകച്ചവടത്തില്‍ പങ്കാളിയായിരിക്കണം അദ്ദേഹം. ഇതില്‍ ഏതെങ്കിലും ഒന്നാകണം പ്രധാനമന്ത്രിയെ നയിക്കുന്നത്. അതല്ലെങ്കില്‍ അദ്ദേഹം ഇത്ര ഭയക്കേണ്ട കാര്യമില്ലല്ലോ. മന്ത്രിസഭ അഴിച്ചുപണിക്കു പിന്നിലുള്ള മറ്റ് രണ്ട് ഘടകങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയവും ജാതിപരിഗണനകളുമാണ്. 2011ല്‍ കേരള നിയമസഭയിലേക്കും 2012ല്‍ യുപി നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഉത്തര്‍പ്രദേശിലെ ബേനിപ്രസാദ് വര്‍മയെ മന്ത്രിസഭയിലെടുത്തത് അവിടത്തെ പ്രബല സമുദായമായ കുര്‍മി വിഭാഗത്തിന്റെ പിന്തുണ കിട്ടുമെന്ന കണക്കുകൂട്ടലോടെയാണ്. കേരളത്തിന്റെ പ്രാതിനിധ്യത്തിലും രാഷ്ട്രീയമോ വികസനപരിഗണനകളോ അല്ല, ജാതിപരിഗണനയാണ് വിലപ്പോയതെന്ന് കോഗ്രസ് തന്നെ മടികൂടാതെ പറയുന്ന നിലയായിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാട്ടുന്ന ഇത്തരം വിദ്യകള്‍കൊണ്ട് ഒരു സമുദായത്തെയാകെ കബളിപ്പിച്ച് കൂടെ നിര്‍ത്താമെന്നും അവര്‍ക്ക് അതുമതി എന്നുമുള്ള പുച്ഛം കലര്‍ന്ന ഈ സമീപനത്തെ സമൂഹം എങ്ങനെ കാണുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. കേരളത്തിന് മന്ത്രിയുണ്ടോ എന്നതല്ല, കേന്ദ്രത്തില്‍നിന്ന് കേരളത്തിനു നേര്‍ക്ക് പരിഗണനയുണ്ടോ എന്നതാണ് അതേക്കാള്‍ പ്രധാനം. അതുണ്ടാകുന്നില്ല എന്നതാണ് കേരളത്തിന്റെ ദുരന്തം.
Sunday, January 23, 2011
വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ ജനപ്രതിനിധികളുടെ താക്കീത്. രാജ്ഭവനു മുമ്പില്‍ ഉജ്വല ധര്‍ണ.
http://www.facebook.com/note.php?created&¬e_id=489384053020
Saturday, January 22, 2011
ഹിന്ദുത്വ ഭീകരതയുടെ വിശ്വരൂപം
ഭീകര - വിധ്വംസക പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യുക, എന്നിട്ടതിന്റെ കുറ്റം എതിരാളികളുടെ തലയില്‍ ചുമത്തി അവരെ വേട്ടയാടുക, മതത്തിന്റെപേരില്‍ ഒരു സാങ്കല്‍പിക ശത്രുവിനെ കണ്ടെത്തി ആ ശത്രുവിന്റെപേരില്‍ വിദ്വേഷം വളര്‍ത്തിക്കൊണ്ടുവരിക-ഇതൊക്കെ തീവ്ര വലതുപക്ഷ ഫാസിസ്റ്റ് സംഘടനകളുടെ സ്ഥിരം പ്രവര്‍ത്തനശൈലിയാണ്. ജര്‍മ്മനിയിലെ പാര്‍ലമെന്റ് ആയിരുന്ന റീഷ്സ്റ്റാഗിന് 1933 ഫെബ്രുവരി 27ന് തീവെച്ച ഹിറ്റ്ലറുടെ ഫാസിസ്റ്റ് കൂട്ടാളികള്‍, അതിന്റെപേരില്‍ കമ്യൂണിസ്റ്റുകാരെ വേട്ടയാടിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഏതോ സാങ്കല്‍പികമായ കാരണത്തിന്റെ മറവില്‍ ജൂതന്മാരോട് തോന്നിയ വിദ്വേഷം വളര്‍ത്തി, ഊതിക്കത്തിച്ച്, ഹിറ്റ്ലര്‍ ലക്ഷക്കണക്കിന് ജൂതന്മാരെ ആട്ടിത്തെളിച്ച് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലിട്ട് വധിച്ചതും കൊല്ലാക്കൊലചെയ്തതും ചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. ഈ ഫാസിസ്റ്റുകളില്‍നിന്നും അവരുടെ ഇറ്റാലിയന്‍ പതിപ്പായ നാസികളില്‍നിന്നും വിദ്വേഷത്തിന്റെ ആവേശം ഉള്‍ക്കൊണ്ട ഇന്ത്യയിലെ 'സ്വയം സേവക്സംഘ്' എന്ന ആര്‍എസ്എസിന്റെ നേതാവ് ഇറ്റലിയില്‍ച്ചെന്ന് മുസ്സോളിനിയുടെ ഫാസിസ്റ്റ് പട എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുകയും അത് ഇന്ത്യയില്‍ പകര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തുവെന്നതും ആര്‍എസ്എസിന്റെ ചരിത്രംതന്നെ സമ്മതിക്കുന്ന കാര്യമാണ്.
ഹിറ്റ്ലര്‍ ജൂതന്മാരെയാണ് ശത്രുക്കളായി സങ്കല്‍പിച്ചതെങ്കില്‍ ആര്‍എസ്എസുകാര്‍ മുസ്ളീങ്ങളെയാണ് തങ്ങളുടെ ആജന്മ ശത്രുക്കളായി മുന്നില്‍ പ്രതിഷ്ഠിച്ചത്. എല്ലാ മുസ്ളീങ്ങളും ഭീകര പ്രവര്‍ത്തകരല്ലെങ്കിലും ഭീകരപ്രവര്‍ത്തകരെല്ലാം മുസ്ളീങ്ങളാണെന്ന ഒരു സിദ്ധാന്തംതന്നെ അവര്‍ അടുത്തകാലത്തായി വളര്‍ത്തിയെടുത്തിട്ടുണ്ട്. സാമ്രാജ്യത്വ ഭീകരനായ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബുഷ്, ആര്‍എസ്എസിന്റെ ഈ ഭീകരവാദത്തിന് ആഗോളഭാഷ്യം ചമച്ചുകൊടുത്തിട്ടുമുണ്ട്. അതെന്തായാലും ഇന്ത്യയില്‍ എവിടെയെങ്കിലും ഭീകര പ്രവര്‍ത്തനങ്ങളോ ബോംബ് സ്ഫോടനങ്ങളോ സംഭവിച്ചാല്‍, അതിന്റെയെല്ലാം കുറ്റം മുസ്ളീങ്ങളുടെ തലയില്‍ വെച്ചുകെട്ടാന്‍ ഹൈന്ദവ സംഘടനകള്‍ കച്ചകെട്ടിയിറങ്ങുകയായി. (കുറ്റം പറയരുതല്ലോ, മൃദു ഹിന്ദുത്വ നയം അംഗീകരിക്കുന്ന കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഓശാന പാടുന്നുണ്ട്) എന്നാല്‍ ഈ അടുത്ത ചില വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ നടന്ന ഭീകരമായ ബോംബ്സ്ഫോടനങ്ങളുടെയെല്ലാം പിറകില്‍ പ്രവര്‍ത്തിച്ചത് ആര്‍എസ്എസും മറ്റ് ഹൈന്ദവ പരിവാര്‍ സംഘങ്ങളും ആയിരുന്നുവെന്നും തങ്ങള്‍ ചെയ്ത പൈശാചിക കുറ്റകൃത്യങ്ങളുടെ ഉത്തരവാദിത്വം അവര്‍ ബോധപൂര്‍വ്വം ചില മുസ്ളീം സംഘങ്ങളുടെ തലയില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നും ഈ വഞ്ചന അറിഞ്ഞിട്ടും കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ആര്‍എസ്എസ് - ഹൈന്ദവ സംഘടനകളോട് ഔദാര്യത്തോടുകൂടിയുള്ള അലംഭാവം കാണിക്കുകയായിരുന്നുവെന്നും മുസ്ളീം ചെറുപ്പക്കാരെ കള്ളക്കേസുകളില്‍ കുടുക്കി പീഡിപ്പിക്കുകയായിരുന്നുവെന്നും ഉള്ള ഞെട്ടിക്കുന്ന വാര്‍ത്തകളാണ്, ഇപ്പോള്‍ കാട്ടുതീപോലെ പരക്കുന്നത്.
2006ല്‍ മഹാരാഷ്ട്രയിലെ മാലേഗാവില്‍ നടന്ന ബോംബ് സ്ഫോടനത്തിനുപിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന സാധ്വി പ്രജ്ഞാസിങ്ങും കേണല്‍ പുരോഹിതും മറ്റുമാണ് ചുക്കാന്‍ പിടിച്ചത് എന്ന വിവരം ലഭിച്ചിട്ടും കര്‍ശനമായ നടപടി കൈക്കൊള്ളാതെ അലംഭാവം കാണിച്ച കേന്ദ്രഗവണ്‍മെന്റിനെ വീണ്ടും പ്രതിക്കൂട്ടിലാക്കിക്കൊണ്ടാണ്, 2010 നവംബര്‍ 19ന് ഹരിദ്വാറില്‍വെച്ച് അറസ്റ്റിലായ സ്വാമി അസീമാനന്ദ് സിബിഐ കോടതിയില്‍ ജനുവരി 7-ാം തീയതി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. 2007 ഫെബ്രുവരി 18ന് ഡെല്‍ഹി - ലാഹോര്‍ സംഝോധാ എക്സ്പ്രസില്‍ ബോംബ്സ്ഫോടനം നടത്തി 68 പേരെ കൊന്നതിനുപിന്നിലും 2007ല്‍ത്തന്നെ അജ്മീറിലെ ഷെരീഫ് ദര്‍ഗയിലും ഹൈദരാബാദിലെ മെക്കാമസ്ജിദിലും ബോംബ്സ്ഫോടനം നടത്തിയതിനുപിന്നിലും ആര്‍എസ്എസും അതിന്റെ പോഷക സംഘടനകളും ആയിരുന്നുവെന്ന് സ്വാമി അസീമാനന്ദ് എന്ന ജതിന്‍ ചക്രവര്‍ത്തി മജിസ്ട്രേട്ടിനുമുന്നില്‍ മൊഴി നല്‍കിയിരിക്കുന്നു. ആര്‍എസ്എസിന്റെ പരിവാരസംഘമായ വനവാസി കല്യാണ്‍ സമിതിയുടെ പ്രധാന സംഘാടകനായി ഗുജറാത്തിലും മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള അസീമാനന്ദിന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയേയും ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത്തിനെയും മുന്‍ മേധാവി സുദര്‍ശനനെയും എല്ലാം നേരിട്ട് അടുത്തറിയാം. അസീമാനന്ദ് സംഘടിപ്പിച്ച പല പരിപാടികളിലും അവര്‍ പങ്കെടുക്കാറുണ്ട്. സംഘപരിവാറിന്റെ നികുംഭിലയിലെ രഹസ്യങ്ങളില്‍ പങ്കുപറ്റുന്ന അയാളുടെ വെളിപ്പെടുത്തല്‍, സംഘപരിവാറിനുള്ളില്‍ത്തന്നെ ഒരു ബോംബ്സ്ഫോടനത്തിന്റെ പ്രതീതി ഉണ്ടാക്കിയിരിക്കുകയാണ്.
ഗുജറാത്തിലെ 2002ലെ കൂട്ട നരഹത്യയ്ക്ക് നരേന്ദ്രമോഡി നിമിത്തമാക്കിയ തീവണ്ടിയിലെ തീപ്പിടിത്തം, സംഘപരിവാറിന്റെ ഗൂഢ തന്ത്രത്തിന്റെ ഭാഗമായിരുന്നു എന്ന് അന്നേ വ്യക്തമായിരുന്നു. കാറ്റുവിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന സംഘപരിവാര്‍, തങ്ങളുടെ സാങ്കല്‍പിക ശത്രുവായ മുസ്ളീങ്ങളെ ആക്രമിക്കുന്നതിന് (പിന്നീട് ഗുജറാത്തിലും ഒറീസ്സയിലും കര്‍ണാടകത്തിലും മറ്റും അവര്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെയും ആക്രമണം അഴിച്ചുവിടുകയുണ്ടായി) ആയുധങ്ങള്‍ സജ്ജീകരിക്കുന്നതിനിടയില്‍, ബോംബ് കൈകാര്യംചെയ്യുന്നതിലെ പിശകുമൂലം പലപ്പോഴും അവരുടെ ഓഫീസുകളില്‍ത്തന്നെ ബോംബ്സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. തമിഴ്നാട്ടില്‍ തിരുനെല്‍വേലി, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലെ അവരുടെ ആസ്ഥാനങ്ങളിലും മഹാരാഷ്ട്രയിലെ ചില കേന്ദ്രങ്ങളിലും നടന്ന ഇത്തരം "കയ്യബദ്ധ''ങ്ങളും അവര്‍ എതിരാളികളുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമിച്ചിരുന്നു. ഇക്കാര്യം സിപിഐ (എം) അന്നുതന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്.
മാലേഗാവിലെ പള്ളിക്കുമുന്നിലുണ്ടായ ബോംബ് സ്ഫോടനത്തിനുപിന്നില്‍ സാധ്വി പ്രജ്ഞാസിങ്ങും കേണല്‍ പുരോഹിതും മറ്റ് ആര്‍എസ്എസ് പ്രവര്‍ത്തകരും ആണെന്ന വിവരം വെളിപ്പെട്ടപ്പോള്‍ത്തന്നെ, ഇത്തരം എല്ലാ സ്ഫോടന പരമ്പരകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തി, അവയ്ക്കുപിന്നിലുള്ള ആര്‍എസ്എസ് ബന്ധം പുറത്തുകൊണ്ടുവരണമെന്ന് സിപിഐ (എം) ആവശ്യപ്പെട്ടിരുന്നു. ലാഹോറിലേക്ക് പോകുന്ന എക്സ്പ്രസില്‍ ഭൂരിഭാഗവും മുസ്ളീങ്ങളായിരിക്കും എന്ന യുക്തിക്കു ചേര്‍ന്ന ചിന്തപോലും നടത്താതെ, അവര്‍ തങ്ങള്‍ക്കുതന്നെ വിനാശം വരുത്താന്‍ ശ്രമിക്കുകയില്ല എന്നുപോലും ചിന്തിക്കാതെ, സംഝോധാ എക്സ്പ്രസ് സ്ഫോടനത്തിന്റെ കുറ്റം മുസ്ളീങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ഭരണകക്ഷിയും കുത്തക മാധ്യമങ്ങളും തുനിഞ്ഞത്. ഹൈദരാബാദിലെ മെക്കമസ്ജിദില്‍ മുസ്ളീങ്ങള്‍ പ്രാര്‍ത്ഥനയ്ക്കെത്തുന്ന നേരത്ത് അവര്‍തന്നെ ബോംബ്വെയ്ക്കുമെന്ന് കരുതുന്നത് യുക്തിപൂര്‍വ്വമാണോ എന്നുപോലും ആലോചിക്കാതെയാണ്, മുസ്ളീങ്ങളായ ചെറുപ്പക്കാരെ പൊലീസ് പിടിച്ച് പീഡിപ്പിച്ചത്. മാലേഗാവിലും അജ്മീറിലും മറ്റും ഉണ്ടായതും അതുതന്നെയാണ്.
ഹിന്ദുക്കളും മുസ്ളീങ്ങളും തമ്മിലുള്ള അവിശ്വാസവും സ്പര്‍ദ്ധയും വര്‍ദ്ധിപ്പിക്കുക എന്നതുതന്നെയായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യം. മാലേഗാവിലെ ജനങ്ങളില്‍ 80 ശതമാനംപേരും മുസ്ളീങ്ങളായതുകൊണ്ടാണത്രേ ആദ്യ ബോംബ് അവിടെത്തന്നെ പൊട്ടിക്കാന്‍ സംഘപരിവാര്‍ തീരുമാനിച്ചത്. 63 വര്‍ഷം മുമ്പ് ഇന്ത്യ-പാക് വിഭജനകാലത്ത് ഹൈദരാബാദ് നൈസാം ഹൈദരാബാദ് നാട്ടുരാജ്യത്തെ പാകിസ്താനോട് ചേര്‍ക്കാന്‍ ആഗ്രഹിച്ചു എന്ന ന്യായംപറഞ്ഞാണ് അവര്‍ ഇപ്പോള്‍ ഹൈദരാബാദിലെ മെക്കമസ്ജിദില്‍ ബോംബുവെച്ചത്. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊല്ലുന്നതിനും, അവര്‍, ഇങ്ങനെ യുക്തിക്കു നിരക്കാത്ത ചില കാരണങ്ങളാണല്ലോ ഉന്നയിച്ചത്. വൈവിധ്യത്തിന്റെ വിളനിലമായ ഇന്ത്യയില്‍ ഭൂരിപക്ഷ മതവിഭാഗവും ന്യൂനപക്ഷ മതവിഭാഗങ്ങളും തമ്മില്‍ നിതാന്ത ശത്രുത നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം, വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ ഭീകര ദൃശ്യങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നാം ആദ്യം പ്രസ്താവിച്ച മിക്ക ബോംബ് സ്ഫോടന സംഭവങ്ങളിലും ബോംബ് സ്ഥാപിച്ച സുനില്‍ ജോഷിയും അയാളെ ഗൂഢമായി കൊലപ്പെടുത്തിയ ഇന്ദ്രേഷ്കുമാറും അസീമാനന്ദയും പ്രജ്ഞാസിങ്ങും കേണല്‍പുരോഹിതും ഭരത്ഭായിയും ജയന്തിഭായ് കേവടും രാംജി കലസാഗരെയും എല്ലാം വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിലേക്ക് ആകൃഷ്ടരായത്, സംഘപരിവാറിന്റെ, അതിന്റെ കേന്ദ്രബിന്ദുവായ ആര്‍എസ്എസിന്റെ ബോധപൂര്‍വ്വമായ വര്‍ഗ്ഗീയ ഫാസിസത്തിന്റെ പ്രചാരണത്തിന്റെ ഫലമായിട്ടാണ്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും മതനിരപേക്ഷതയ്ക്കും ജനാധിപത്യ സങ്കല്‍പത്തിനും സര്‍വോപരി പരമാധികാരത്തിനുതന്നെയും ഭീഷണിയായ ഈ തീവ്ര വലതുപക്ഷ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ക്രമസമാധാനപാലനരംഗത്തും കര്‍ശനമായി നേരിടേണ്ടതുണ്ട്. അവരുടെ ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങളെപ്പറ്റി വിവരം കിട്ടുമ്പോഴെല്ലാം, കാര്യക്ഷമമായും സമഗ്രമായും അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുപകരം, അവരോട് സഹജരോടെന്നപോലെയുള്ള സൌഹൃദവും അലംഭാവവും കാണിക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയും അവരുടെ കേന്ദ്രഗവണ്‍മെന്റും കുത്തക മാധ്യമങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് സ്വീകാര്യതയുണ്ടാക്കിക്കൊടുക്കുന്നത്.
മഹാത്മാഗാന്ധി വധത്തെതുടര്‍ന്ന് അല്‍പകാലം ഈ ദേശീയവിരുദ്ധ സംഘടനയെ നിരോധിക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് മുതിര്‍ന്നുവെങ്കിലും ഏറെ കഴിയുംമുമ്പ് നിരോധനംനീക്കിക്കൊടുക്കാന്‍ അവര്‍ സന്നദ്ധരായി. തുടര്‍ന്ന് ജനസംഘം, ഹിന്ദു മഹാസഭ, ബിജെപി, വിശ്വഹിന്ദുപരിഷത്ത്, ബജ്രംഗ്ദള്‍, അഭിനവ ഭാരത്സംഘ്, വനവാസി കല്യാണ്‍ സമിതി തുടങ്ങി എത്രയോ സംഘടനകളും ഉപസംഘടനകളുമായി പിരിഞ്ഞും കൂടിച്ചേര്‍ന്നും വേഷം മാറിയും മറിഞ്ഞും വലതുപക്ഷ തീവ്ര ഹിന്ദുത്വം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇടിച്ചുകയറുമ്പോള്‍ അതിനൊക്കെ ഒത്താശചെയ്തുകൊടുത്തതും പലപ്പോഴും പരസ്പരം സഹായിച്ചതും അതിന്റെ ഗുണംപറ്റിയതും കോണ്‍ഗ്രസ്തന്നെയാണ്. ഇന്ന് ഹൈന്ദവ ഫാസിസം ആസുരരൂപം കൈക്കൊണ്ടിട്ടുള്ളതിന്റെ ഉത്തരവാദിത്വവും കോണ്‍ഗ്രസിനുതന്നെ.
ഭീകര-വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സംഘപരിവാറിനുള്ള ഉത്തരവാദിത്വവും പങ്കും കയ്യോടെ തുറന്നു കാട്ടപ്പെടുമ്പോള്‍, അത്തരം സംഭവങ്ങളില്‍ പ്രതികളായ ചില വ്യക്തികളെ തല്‍ക്കാലം തള്ളിപ്പറയുക എന്നത് തന്ത്രപരമായ നീക്കമായി ആര്‍എസ്എസ് നേതൃത്വം സ്വീകരിച്ചിരുന്നു. 1948 ജനുവരി 30ന്റെ ഗാന്ധിവധംതൊട്ട് അത് കാണാം. ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടിട്ടുള്ള പ്രജ്ഞാസിങ് ഠാക്കൂര്‍, അസീമാനന്ദ, സുനില്‍ ജോഷി, ഇന്ദ്രേഷ്കുമാര്‍ തുടങ്ങിയവരുടെ കാര്യത്തിലും ഒരു താല്‍ക്കാലിക അടവെന്ന നിലയ്ക്ക് ആ നിലപാട് സ്വീകരിക്കാന്‍ ആര്‍എ്സ്എസ് നേതൃത്വം നിര്‍ബന്ധിതരാകുന്നുണ്ടെങ്കിലും, ഉത്തരക്ഷണത്തില്‍ത്തന്നെ, തങ്ങളെതൊട്ടാല്‍ തങ്ങള്‍ ഭീകരമായി തിരിച്ചടിക്കും എന്ന അവരുടെ നേതാക്കളുടെ ഭീഷണി, അവരുടെ കള്ളക്കളിയുടെ തെളിവാണ്. "സ്വയംസേവക്സംഘ്'' എന്ന് സ്വയം വിശേഷിപ്പിക്കുന്ന അവരുടെ ദേശവിരുദ്ധ-ജനാധിപത്യവിരുദ്ധ-മതാധിഷ്ഠിത പ്രത്യയശാസ്ത്രത്തെ, രാഷ്ട്രീയമായും ഭരണപരമായും ചെറുത്തുതോല്‍പിക്കാന്‍, ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാംക്ഷിക്കുന്നവരെല്ലാം മുന്നോട്ടുവരേണ്ടതുണ്ട്.നാരായണന്‍ ചെമ്മലശ്ശേരി
Tuesday, January 18, 2011
സഃ ഇ ബാലാനന്ദന്‍ ,കമ്യൂണിസ്റ് പാര്‍ടിയും തൊഴിലാളി വര്‍ഗപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് നിസ്തുലമായ പങ്ക് വഹിച്ച നേതാവ്.
Friday, January 14, 2011
പരമാധികാരികള്‍ ജനങ്ങളാണെന്ന് തിരിച്ചറിയണം
ജീവനക്കാരുടെ പ്രതിബദ്ധത പൂര്‍ണമായും പൊതുജനങ്ങളോടാണ്, രാഷ്ട്രീയ പാര്‍ടികളോടല്ല. ഈ പരമപ്രധാനമായ കാര്യം ഓരോ സംഘടനയും അവരുടെ അംഗങ്ങളെ ബോധ്യപ്പെടുത്തണം. ഇന്ന് സിവില്‍ സര്‍വീസിന്റെ ഏറ്റവും വലിയ ശാപം കാലപ്പഴക്കം ചെന്ന ചട്ടങ്ങളാണ്. അശാസ്ത്രീയമായ ഈ ചട്ടങ്ങള്‍ കാലോചിതമായി പരിഷ്കരിക്കണം. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രൂപത്തിലായിരിക്കണം സിവില്‍ സര്‍വീസിന്റെ ഘടന. പൊതുജനങ്ങള്‍ക്ക് ചട്ടങ്ങളെയും നിയമങ്ങളെയും കുറിച്ചുള്ള ധാരണപ്പിശകും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. വേഗത്തില്‍ കാര്യങ്ങള്‍ നടക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍, കാര്യങ്ങള്‍ വിചാരിച്ചപോലെ നടക്കുന്നില്ല. ഇതിനു കാരണം കാലപ്പഴക്കം ചെന്ന ചട്ടങ്ങളാണ്. ഉദാഹരണമായി, ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമീപിക്കുന്നത് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളെയാണ്. ഇവിടെയെത്തുന്ന പല അപേക്ഷയും ഒറ്റ ദിവസം കൊണ്ടു തീര്‍പ്പാക്കാന്‍ കഴിയാത്തതാണ്. കാരണം ഓരോന്നിനും നിശ്ചിത സമയപരിധി ആവശ്യമാണ്. പലപ്പോഴും പൊതുജനങ്ങള്‍ക്ക് ഇതു ദഹിക്കില്ല. ഇതിന് എളുപ്പത്തില്‍ പരിഹാരം കാണാന്‍ കഴിയും. ഒറ്റ കാര്‍ഡില്‍ ജാതി, വരുമാനം, ക്രീമിലെയര്‍, റസിഡന്‍സി, നേറ്റിവിറ്റി തുടങ്ങിയ വിവരം സംഗ്രഹിച്ച് ഉള്‍പ്പെടുത്താനും ഇതിന്റെ കാലപരിധി മൂന്നുവര്‍ഷം വരെയാക്കാനും സാധിച്ചാല്‍, ഈ ഓഫീസുകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയും. ഓഫീസുകളിലെ പ്രശ്നങ്ങള്‍ക്ക് ജീവനക്കാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. രാഷ്ട്രീയക്കാരും ഉത്തരവാദികളാണ്. വിവരാവകാശനിയമം കുറേക്കൂടി വിപുലീകരിക്കാന്‍ കഴിയണം. ജീവനക്കാരില്‍ ദിശാബോധം വളര്‍ത്തുന്നതിന് പൊതുജന സമ്പര്‍ക്ക പരിപാടികള്‍ വ്യാപകമാക്കണം. ജനങ്ങളെ ചൊടിപ്പിക്കുന്നത് വാസ്തവത്തില്‍ ചെറിയ ഒരുവിഭാഗം ജീവനക്കാരാണ്. അവരാണ് സിവില്‍ സര്‍വീസിന്റെ മുഖമായി വരുന്നത്. ജനത്തിന്റെ മുന്നില്‍ അവനാണ് ഉദ്യോഗസ്ഥന്‍. ഇതു മാറ്റിയെടുക്കാനും ജനസൌഹൃദ കേന്ദ്രങ്ങളായി സര്‍ക്കാര്‍ ഓഫീസുകളെ മാറ്റാനും കഴിയണം. പൊളിറ്റിക്കല്‍ എക്സിക്യൂട്ടീവിനാണ് ഉദ്യോഗസ്ഥരുടെ മേല്‍ പൂര്‍ണ നിയന്ത്രണം. അതുകൊണ്ട് ജനോപകാരപ്രദമായ ഭരണ നടപടികള്‍ കൈക്കൊള്ളുന്നതിലും നടപ്പാക്കുന്നതിലും രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ചുമതല വളരെ വലുതാണ്. ഭരണനേതൃത്വം തീരുമാനമെടുക്കുന്നതില്‍ ആര്‍ജവവും നടപ്പാക്കുന്നതില്‍ ഇച്ഛാശക്തിയും പ്രകടിപ്പിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കോ ജീവനക്കാര്‍ക്കോ വലിയ തടസ്സമൊന്നും സൃഷ്ടിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ജനോപകാര നടപടികള്‍ വിജയിപ്പിക്കുന്നതില്‍ പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്തം രാഷ്ട്രീയ നേതൃത്വത്തിനു തന്നെയാണ്. അതുപോലെതന്നെ, ഏകജാലക സംവിധാനമെന്നു പറയുന്നത് വളയമില്ലാത്ത ചാട്ടമാകാന്‍ പാടില്ല. കെട്ടിടനിര്‍മാണച്ചട്ടം, തീരദേശപരിപാലന നിയമം, നീര്‍ത്തടസംരക്ഷണ നിയമം തുടങ്ങിയ പരമപ്രധാന നിയമങ്ങളെയും ചട്ടങ്ങളെയും മറികടക്കാന്‍ വേണ്ടിയുള്ള എളുപ്പവഴിയായി ഈ സംവിധാനം പരിണമിക്കാനും പാടില്ല. അതേസമയം, സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുതകുന്ന നയങ്ങള്‍ അത് ഏതു ഭരണകൂടത്തിന്റേതാണെങ്കിലും വിജയകരമായി നടപ്പാക്കാന്‍ എല്ലാ ജീവനക്കാര്‍ക്കും ബാധ്യതയുണ്ട്.
എം എസ് ഇര്‍ഷാദ്
ഭീകര ജനതാ പാര്‍ടി അഥവാ ബിജെപി
ഭീകരവാദികളുമായി രാഷ്ട്രീയ നേതൃത്വത്തിന് ബന്ധമുണ്ടാകുന്നത് ഏറ്റവും അപകടകരമായ സൂചനയാണ്. ജനാധിപത്യ സംവിധാനത്തില്‍ പ്രത്യേകിച്ചും. രാഷ്ട്രീയ എതിരാളികളെ ഒതുക്കാനും വര്‍ഗീയ ലഹള സൃഷ്ടിക്കാനും ഭീകരവാദികളുടെ സഹായം തേടുന്ന സ്ഥിതി വന്നാല്‍ അത് രാജ്യത്തിന്റെ സുരക്ഷയെ തകര്‍ക്കും. ഇന്ത്യയിലെ ഏറ്റവും പ്രധാന പ്രതിപക്ഷ പാര്‍ടിയായ ബിജെപിക്ക് ഹിന്ദുത്വ ഭീകരവാദികളുമായുള്ള ബന്ധം മറനീക്കി പുറത്തുവരികയാണ്. 2007ലെ അജ്മീര്‍ സ്ഫോടനക്കേസില്‍ രാജസ്ഥാന്‍ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) നല്‍കിയ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസ് നേതാവാണ് ഇന്ദ്രേഷ് കുമാര്‍. ആര്‍എസ്എസിന്റെ ദേശീയ നിര്‍വാഹകസമിതി അംഗം. മുഖ്യ തന്ത്രജ്ഞന്‍. കഴിഞ്ഞ വര്‍ഷം നടന്ന അമര്‍നാഥ് കലാപത്തിന് നേതൃത്വം നല്‍കിയ ആള്‍. നേപ്പാളിലെ മാദേശികളെ മാവോയിസ്റുകള്‍ക്കെതിരെ തിരിച്ചുവിട്ടയാള്‍. അജ്മീര്‍ സ്ഫോടനക്കേസില്‍ അടുത്തയിടെ സിബിഐ പലവട്ടം ചോദ്യംചെയ്ത വ്യക്തി. മലേഗാവ്, മെക്ക മസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനം എന്നിവയിലും പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംശയിക്കുന്ന വ്യക്തി. ഈ സ്ഫോടനങ്ങളിലെല്ലാം പങ്കുണ്ടെന്നു സംശയിക്കുന്ന സുനില്‍ജോഷിയെ മധ്യപ്രദേശിലെ ദേവാസില്‍ വധിച്ചതിനു പിന്നിലും ഇന്ദ്രേഷ് കുമാര്‍തന്നെയാണെന്നാണ് എന്‍ഐഎയുടെ നിഗമനം. അസീമാനന്ദിന്റെ കുറ്റസമ്മതത്തില്‍ ഇക്കാര്യം പറയുന്നുമുണ്ട്. ഐഎസ്എ ഏജന്റായും ഇന്ദ്രേഷ് കുമാര്‍ പ്രവര്‍ത്തിച്ചതായി സാക്ഷിമൊഴിയുണ്ട്. അത്തരമൊരാളാണ് ബിജെപിയുടെ അശോകറോഡിലുള്ള കേന്ദ്ര ഓഫീസില്‍ പാര്‍ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ കൂടെ പൊതുചടങ്ങില്‍ പങ്കെടുത്തത്. രത്തന്‍ ശാരദ രചിച്ച 'ആര്‍എസ്എസിന്റെ രഹസ്യങ്ങള്‍' എന്ന പുസ്തകം പ്രകാശനച്ചടങ്ങിലാണ് ഗഡ്കരിയോടൊപ്പം ഇന്ദ്രേഷ് കുമാര്‍ പങ്കെടുത്തത്. ആര്‍എസ്എസിനെ വാനോളം പുകഴ്ത്തുകയും അതിന്റെ ദേശസ്നേഹത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്ന പുസ്തകമാണിത്. ഭീകരവാദ പ്രവര്‍ത്തനത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന ഇന്ദ്രേഷുമായി വേദി പങ്കിട്ടെന്നു മാത്രമല്ല അദ്ദേഹത്തിന്റെ പ്രവൃത്തികളെ ന്യായീകരിക്കാനും ഗഡ്കരി തയ്യാറായി. ഹിന്ദുത്വ ഭീകരവാദികളുമായി ആര്‍എസ്എസിനു മാത്രമല്ല ബിജെപിക്കും നാഭീനാള ബന്ധമാണുള്ളതെന്ന് ഇത് വ്യക്തമാക്കുന്നു. ഭീകരവാദികളും ബിജെപിയും തമ്മിലുള്ള ചങ്ങാത്തം ഇതിനുമുമ്പും പുറത്തുവന്നിട്ടുണ്ട്. 2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ ആദ്യം അറസ്റ് ചെയ്യപ്പെട്ട പ്രഗ്യാസിങ് താക്കൂറുമായി ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അദ്വാനിയും മുന്‍ പാര്‍ടി അധ്യക്ഷന്‍ രാജ്നാഥ്സിങ്ങും വേദി പങ്കിട്ടിരുന്നു. അതിന്റെ ചിത്രങ്ങള്‍ പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൌഹാന്‍ പ്രഗ്യാസിങ് താക്കൂറിനെ ജയിലില്‍ പോയി പല തവണ കാണുകയുണ്ടായി. മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ അറസ്റിലായ അസീമാനന്ദും ബിജെപി നേതൃത്വവുമായുള്ള ബന്ധവും കുപ്രസിദ്ധമാണ്. 2006ല്‍ അസീമാനന്ദ് ഗുജറാത്തിലെ ദാങ്സില്‍ സംഘടിപ്പിച്ച ശബരികുംഭമേളയില്‍ നരേന്ദ്രമോഡിയും ശിവരാജ്സിങ് ചൌഹാനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തിരുന്നു. അസീമാനന്ദിന്റെ അനുയായി വിജയ് പട്ടേലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ദാങ്സ് മണ്ഡലത്തില്‍ സീറ്റ് നല്‍കാനും മോഡി തയ്യാറായി. അസീമാനന്ദിനെ ഉപയോഗിച്ചാണ് കോഗ്രസിന്റെ കോട്ടയായിരുന്ന ദാങ്സില്‍ ബിജെപിയും നരേന്ദ്രമോഡിയും ചുവടുറപ്പിച്ചത്. സംഘടനയിലെ ചിലര്‍ക്കു മാത്രമാണ് തീവ്രവാദ ബന്ധമുള്ളതെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്ത് ആവര്‍ത്തിക്കുന്നത്. എന്നാല്‍, ബിജെപി, ആര്‍എസ്എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധമാണ് ഹിന്ദുത്വ ഭീകരവാദികള്‍ പുലര്‍ത്തുന്നതെന്ന് പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നു. സംഘപരിവാറിന്റെ ആശയങ്ങളാണ് ഹിന്ദുത്വ ഭീകരവാദികളെ സൃഷ്ടിക്കുന്നത്. അതായത് ഒരേ തോണിയില്‍ സഞ്ചരിക്കുന്നവരാണ് പരസ്പരം പുണരുന്നത്. വി ബി പരമേശ്വരന്‍
അതിരപ്പിള്ളി
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനും ശാസ്ത്രീയരീതിയില്‍ തെളിയിക്കപ്പെട്ട വിലയിരുത്തലുകള്‍ക്കും മീതെ ചിലരുടെ വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളാണ് വിലപ്പോവുക എന്നുവരുന്നത് ആശങ്കാജനകമാണ്. അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നേരിടുന്ന അനിശ്ചിതത്വം മുന്‍നിര്‍ത്തിയാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. സൈലന്റ്വാലിക്കും പാത്രക്കടവിനും പിന്നാലെ ഈ ജലവൈദ്യുതപദ്ധതിയും മരവിപ്പിക്കപ്പെട്ടുപോകുമോ എന്ന് സംശയിക്കാന്‍ കാരണങ്ങളുണ്ട്. 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. ജലവൈദ്യുതമേഖലയില്‍ അവശേഷിക്കുന്ന കേരളത്തിന്റെ ഏക മേജര്‍ പദ്ധതി. കുറഞ്ഞ ചെലവില്‍ നടത്താവുന്ന പദ്ധതി. ഈ പദ്ധതി ഒരുവിധ പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ലെന്ന് മൂന്ന് ശാസ്ത്രീയപഠനങ്ങള്‍ തെളിയിച്ചു. ആദിവാസി ജീവിതത്തിനോ വനത്തിനോ അപൂര്‍വ ജന്തുവര്‍ഗങ്ങള്‍ക്കോ കാര്യമായ ഒരു വിഷമതയും വരുത്തില്ല ഈ പദ്ധതിയെന്നും തെളിഞ്ഞു. പദ്ധതിക്കാവശ്യമായ ജല ഒഴുക്ക് ചാലക്കുടിപ്പുഴയിലുണ്ടെന്ന് കേന്ദ്ര ജല കമീഷന്‍ വ്യക്തമാക്കി. എന്നിട്ടും പരിസ്ഥിതി സംബന്ധമായ അനുമതി നിഷേധിച്ച് ഈ പദ്ധതിയെ തകര്‍ത്തുകളയാനാണ് കേന്ദ്രത്തിലുള്ള ചിലര്‍ക്ക് താല്‍പ്പര്യം. കരാറുകാരന്‍ കൂടുതല്‍ തുക ചോദിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം നിലവില്‍വന്നുകഴിയുമായിരുന്ന പദ്ധതിയാണിത്. അതിനെ പരിസ്ഥിതി സംബന്ധമായ കാരണങ്ങള്‍ പറഞ്ഞ് ഇല്ലായ്മചെയ്യാനാണ് ഇന്ന് നീക്കം നടക്കുന്നത്. ചാലക്കുടിപ്പുഴയില്‍ വെള്ളം നിലച്ചുപോകുമെന്നതാണ് പരിസ്ഥിതിമന്ത്രി ജയറാം രമേശിന്റെ കണ്ടുപിടിത്തം. കേന്ദ്ര ജലകമീഷന്‍ നടത്തിയ ശാസ്ത്രീയപഠനങ്ങള്‍പോലും ജലം നിലയ്ക്കില്ല എന്നുറപ്പുതരുന്നു. പക്ഷേ, ജയറാം രമേശ് സ്വന്തം വൈയക്തിക ഇഷ്ടാനിഷ്ടങ്ങളില്‍നിന്നുമാറാന്‍ തയ്യാറല്ല. മന്ത്രിയുടെ നിലപാടിനെ, അദ്ദേഹത്തിന്റെ മന്ത്രാലയത്തിലുള്ള ജലകമീഷന്‍ റിപ്പോര്‍ട്ടുപോലും പാടേ നിരാകരിക്കുന്നു. ജയറാം രമേശ്, പുനഃപരിശോധനയ്ക്കായിവച്ച സമിതിയുടെ നിര്‍ദേശപ്രകാരമാണ് ജലകമീഷന്‍ പഠനം നടത്തിയത്. ആ പഠനറിപ്പോര്‍ട്ട് തനിക്ക് ബാധകമല്ല എന്ന മട്ടിലാണ് മന്ത്രി. വെള്ളച്ചാട്ടം നിലയ്ക്കാതിരിക്കാന്‍ പ്രത്യേക സംവിധാനമുണ്ട്. ഇന്നത്തെ അളവില്‍ വെള്ളമെത്താന്‍ അതുമതി. വെള്ളച്ചാട്ടത്തെ സജീവമാക്കി നിലനിര്‍ത്തുന്നതുപോലും മുകളിലുള്ള ഷോലയൂര്‍-പെരിങ്ങല്‍ക്കുത്ത് പദ്ധതികളാണെന്നതോര്‍ക്കണം. 1977-93 ഘട്ടത്തില്‍ ചാലക്കുടിപ്പുഴയില്‍ 1197 ദശലക്ഷം ഘനയടി നീരൊഴുക്കുണ്ടായിരുന്നെന്നും ഇപ്പോഴും 1056 ദശലക്ഷം ഘനയടിയുണ്ടെന്നും, ഈ വ്യത്യാസം ഇത്തരം പുഴകളില്‍ സാധാരണമായ താല്‍ക്കാലിക ഏറ്റക്കുറച്ചിലുകള്‍ മാത്രമാണെന്നും കേന്ദ്രജലകമീഷന്‍ പറയുന്നുണ്ട്. ഇത് സ്വികരിക്കാന്‍ ജയറാം രമേശ് തയ്യാറാവുകയാണ് വേണ്ടത്. പദ്ധതികള്‍ക്ക് അനുമതികൊടുക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിന് ശാസ്ത്രീയപഠനമാര്‍ഗങ്ങളെയാണ് അവലംബിക്കേണ്ടത്; തോന്നലുകളെയല്ല. വ്യക്തിയുടെ തോന്നലുകളാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയും ശാസ്ത്രീയമായി പഠനം നടത്തുന്ന സമിതികളുടെ വൈദഗ്ധ്യത്തിനും മേലേ വിലപ്പോവുക എന്നുവന്നാല്‍ ജനാധിപത്യത്തിനും വികസനത്തിനുമൊക്കെ അപകടകരമാകും അത്. അതുണ്ടാകാതിരിക്കാനുള്ള ജാഗ്രത ഉണ്ടായേ തീരൂ.
വിലക്കയറ്റ നിയന്ത്രണം യുപിഎ ഭരണം പ്രഹസനം.
രാജ്യം അതിഗുരുതരമായ വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ പൊള്ളിപ്പിടയുമ്പോഴും അതിനെക്കുറിച്ച് ഒരുവിധ കരുതലുമില്ലാതെ നീങ്ങുകയാണ് യുപിഎ ഭരണം. ഇതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണ്, വിലക്കയറ്റം സംബന്ധിച്ച് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ഒരു തീരുമാനവുമെടുക്കാതെയാണ് പിരിഞ്ഞത് എന്ന വസ്തുത. വിലക്കയറ്റത്തെ നേരിടണമെങ്കില്‍ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള നടപടികളുണ്ടാകണം. അത്തരം നടപടികള്‍ക്ക് അനുവാദം നല്‍കുന്നതല്ല യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍. അതുകൊണ്ടുതന്നെ വിലക്കയറ്റത്തെ നേരിടാനുള്ള ഉന്നതതലയോഗം പ്രഹസനമാവാതെ വയ്യ. വിലക്കയറ്റത്തെക്കുറിച്ച് തങ്ങള്‍ക്ക് ഉല്‍ക്കണ്ഠയുണ്ട് എന്ന് ജനങ്ങളെ ധരിപ്പിക്കുക എന്നതില്‍കവിഞ്ഞ് ആ യോഗംകൊണ്ട് മന്‍മോഹന്‍സിങ്ങോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരോ ഒന്നും ഉദ്ദേശിച്ചിട്ടില്ല. വിലക്കയറ്റത്തില്‍ ജനങ്ങള്‍ പൊറുതിമുട്ടുന്നതിനെക്കുറിച്ച് യുപിഎ സര്‍ക്കാരിന് യഥാര്‍ഥത്തില്‍ ഉല്‍ക്കണ്ഠയുണ്ടായിരുന്നെങ്കില്‍, ഇന്ധനവില നിര്‍ണയാധികാരം പെട്രോള്‍ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിട്ട് സര്‍ക്കാര്‍ കൈയുംകെട്ടി മാറിനില്‍ക്കുമായിരുന്നില്ല. രാജ്യം ഗുരുതരമായ പഞ്ചസാരക്ഷാമം നേരിടുന്നുവെന്നറിഞ്ഞുകൊണ്ടുതന്നെ പഞ്ചസാര കയറ്റുമതിക്കമ്പനികള്‍ക്ക് സബ്സിഡി അനുവദിക്കുമായിരുന്നില്ല. ഉള്ളിക്ഷാമം രൂക്ഷമാകുന്നുവെന്നറിഞ്ഞുകൊണ്ടുതന്നെ ഉള്ളി കയറ്റുമതിക്ക് ആ രംഗത്തെ വമ്പന്‍ ലോബികള്‍ക്ക് സബ്സിഡി അനുവദിക്കുമായിരുന്നില്ല. ഗോതമ്പുമുതല്‍ ഉരുളക്കിഴങ്ങുവരെയുള്ള അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അനുവദിക്കുമായിരുന്നില്ല. പഞ്ചസാരയുടെ അവധിവ്യാപാരത്തിനുള്ള നിരോധനം നീക്കുന്ന കാര്യം ചര്‍ച്ചയ്ക്കെടുക്കുമായിരുന്നുമില്ല. മാസംതോറുമെന്നോണം പെട്രോള്‍വില വര്‍ധിപ്പിക്കുന്നതിന് പെട്രോള്‍ കമ്പനികളെ അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ പിന്‍വാങ്ങി നിന്നതുതന്നെ എല്ലാ അവശ്യവസ്തുക്കളുടെയും വില രൂക്ഷമായി വര്‍ധിക്കുന്നതിന് വഴിയൊരുക്കി. അവധിവ്യാപാരമടക്കമുള്ള കാര്യങ്ങളില്‍ ഊഹക്കച്ചവടക്കാര്‍മുതല്‍ വന്‍ കയറ്റുമതി ലോബിവരെയുള്ളവര്‍ക്ക് ഗുണകരമായ നിലപാടുകള്‍ കൈക്കൊണ്ടത് വിലയെ പിന്നെയും രൂക്ഷതരമാക്കി. വിദേശത്തു പോയി തുടര്‍ച്ചയായി പ്രധാനമന്ത്രി സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പിട്ടത് ആഭ്യന്തര കാര്‍ഷികോല്‍പ്പാദനം അടക്കമുള്ള രംഗങ്ങളെ മന്ദീഭവിപ്പിച്ചു. വിത്ത്-വള വ്യവസായരംഗങ്ങളില്‍വരെ വിദേശ മൂലധനത്തിന്റെ നിയന്ത്രണരഹിതമായ കടന്നുകയറ്റമനുവദിച്ചത് കാര്‍ഷികമേഖലയെയാകെ തളര്‍ത്തി. ബഹുരാഷ്ട്ര കമ്പനികള്‍ ഇടപെട്ടുതുടങ്ങിയതോടെ ആഭ്യന്തര കാര്‍ഷികരംഗം തകരാറിലായി. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില നിഷേധിക്കുന്ന നയം അവരെ കടക്കെണിയിലാക്കി. കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള വൈദ്യുതിനിരക്ക് ഉയര്‍ത്തിയതും വളംവില ക്രമാതീതമായി കൂട്ടിയതും വളംരംഗത്തെ പൊതുമേഖലാ ഉല്‍പ്പാദനം കുറയ്ക്കുന്ന നയം സ്വീകരിച്ചതും ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാവുന്ന വളംപോലും ഇറക്കുമതിചെയ്തതും അതിന്റെ വില നിയന്ത്രിക്കാന്‍ കൂട്ടാക്കാതിരുന്നതും വിളകള്‍ക്ക് മിനിമം താങ്ങുവിലപോലും ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ചതുമൊക്കെ ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമാണ്. അങ്ങനെ വന്ന നടപടികളാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. ആ നയങ്ങളില്‍നിന്ന് പിന്‍വാങ്ങാതെയുള്ള യുപിഎ സര്‍ക്കാരിന്റെ ഏതു വാചകമടിയും ജനങ്ങളെ കബളിപ്പിക്കാന്‍മാത്രമുള്ളതാണ്. ജീവിതച്ചെലവ് അസാധാരണമാംവിധം ഉയര്‍ന്നുനില്‍ക്കുന്നു. ഭക്ഷ്യ പണപ്പെരുപ്പം റെക്കോഡ് സൃഷ്ടിച്ച് കുതിക്കുന്നു. ഊഹക്കച്ചവടക്കാരും അവധിവ്യാപാരക്കാരും കോര്‍പറേറ്റ് സ്ഥാപനങ്ങളും കമ്പോളം കൈപ്പിടിയിലൊതുക്കുന്നു. പൊതുവിതരണ സമ്പ്രദായം എന്ന ആശയംപോലും സര്‍ക്കാര്‍ കൈയൊഴിയുന്നു. ഇത്തരം നടപടികളുടെ ആകത്തുകയാണ് രാജ്യം ഇന്നനുഭവിക്കുന്ന രൂക്ഷമായ വിലക്കയറ്റം. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍ വന്‍കിടക്കാര്‍ക്കുവേണ്ടി സൃഷ്ടിച്ചെടുത്തതാണ് ഈ വിലക്കയറ്റം. അതുകൊണ്ടുതന്നെ യുപിഎ സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. എന്നാല്‍, ഒഴിഞ്ഞുമാറാനാണ് യുപിഎ വക്താക്കളുടെ ശ്രമം. സംസ്ഥാനങ്ങളാണ് വില കുറയ്ക്കേണ്ടതെന്നാണ് മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞത്. സഖ്യകക്ഷിഭരണമാണ് കേന്ദ്രത്തില്‍ നിലവിലുള്ളത് എന്നതുകൊണ്ടാണ് വില കുറയ്ക്കാന്‍ കഴിയാത്തത് എന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. ഇതൊക്കെ ആരെ പറ്റിക്കാനാണ് എന്ന് കോഗ്രസ് നേതാക്കള്‍ ആലോചിക്കണം. പെട്രോള്‍ അടക്കമുള്ള ഇന്ധനങ്ങളുടെ വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികളില്‍നിന്ന് തിരിച്ചെടുത്ത് കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണോ? വില കുറയ്ക്കരുതെന്ന് സഖ്യകക്ഷികളിലാരെങ്കിലും കോഗ്രസിനോട് പറഞ്ഞിട്ടുണ്ടോ? അഥവാ, പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെക്കൂട്ടി ജനദ്രോഹഭരണം നടത്തുന്നതിന് എന്തു ന്യായീകരണമാണ് കോഗ്രസിന് പറയാനുള്ളത്? വിലക്കയറ്റം നിയന്ത്രിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോഗ്രസിനില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. അതു മറച്ചുപിടിക്കാന്‍ സംസ്ഥാനങ്ങളെയും സഖ്യകക്ഷികളെയുമൊക്കെ പഴി പറയുകയാണ് കേന്ദ്രം. പക്ഷേ, ഇതുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ല. ഇങ്ങനെയൊക്കെ ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിലക്കയറ്റം മുന്‍നിര്‍ത്തി ഉന്നതതലയോഗം വിളിച്ചാല്‍ അത് പ്രഹസനമാവുകയേ ഉള്ളൂ. അതുതന്നെയാണ് ചൊവ്വാഴ്ച സംഭവിച്ചത്. സവാള ഇറക്കുമതി ചെയ്യേണ്ടത് സ്വകാര്യ കമ്പനികളാണോ പൊതുമേഖലാ സ്ഥാപനങ്ങളാണോ എന്ന കാര്യത്തിലടക്കം മന്ത്രിമാര്‍ക്കിടയില്‍പ്പോലും തര്‍ക്കമായിരുന്നു. ജനങ്ങളെ പാടേ മറന്ന യുപിഎ ഭരണത്തിന് അഴിമതികള്‍ മറച്ചുവയ്ക്കാനുള്ള വ്യഗ്രതയല്ലാതെ പാവപ്പെട്ടവന്റെ ജീവിതദുരിതങ്ങള്‍ക്ക് ആശ്വാസംപകരാനുള്ള താല്‍പ്പര്യമില്ല. ആ താല്‍പ്പര്യരാഹിത്യമാണ് ചൊവ്വാഴ്ചത്തെ ഉന്നതതലയോഗത്തില്‍ പ്രതിഫലിച്ചത്.
Wednesday, January 12, 2011
പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട .2
പിണറായി വിജയന്‍
സംസ്ഥാനത്തിന്റെ പൊതുവികസനകാര്യത്തില്‍ എല്ലാവര്‍ക്കും യോജിക്കാന്‍ കഴിയണം. ഇപ്പോള്‍ രാഷ്ട്രീയപാര്‍ടികള്‍, ഇടതുപക്ഷമായാലും വലതുപക്ഷമായാലും എല്ലാവരും നാടിനുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണല്ലോ പറയുന്നത്. നാടിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ നാട്ടില്‍ വികസനമുണ്ടാകണ്ടേ? നാടിന് ദോഷം ചെയ്യുന്ന വികസനം വേണ്ട. ഒരു ദോഷവും ഇല്ലാത്ത വികസനമാണെങ്കില്‍ എന്തിന് അതിന് തടസ്സം നില്‍ക്കണം? അപ്പോള്‍ ഈ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം. അത് വികസനമെന്നത് ഭരണപക്ഷത്തിരിക്കുന്നവരുടെ ഒരു പ്രത്യേക അവകാശമായി കാണരുത്. ഭരണപക്ഷത്തിരിക്കുന്നവര്‍ വികസനത്തെക്കുറിച്ച് പറയേണ്ടവരും പ്രതിപക്ഷത്തിരിക്കുന്നവര്‍ എതിര്‍ക്കേണ്ടവരും എന്ന മനോഭാവത്തില്‍ മാറ്റം വരണം. കാരണം, നാടിന്റെ പൊതുവായ പ്രശ്നങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
ഭരണപക്ഷമായാലും പ്രതിപക്ഷമായാലും ഇനി ഇതില്‍ രണ്ടിലും പെടാത്ത ഒരു കൂട്ടര്‍ നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവരായാലും - ഇവരെല്ലാം നാടിനുവേണ്ടി നിലകൊള്ളുന്നവരാണ് എന്നതുകൊണ്ട് പൊതുവികസനകാര്യങ്ങളില്‍ യോജിപ്പ് പ്രകടിപ്പിക്കാനാകണം. ഇപ്പോള്‍, ഒരു പദ്ധതി വരുന്നു. ആ പദ്ധതിയുമായി ബന്ധപ്പെട്ട് ചിലപ്പോള്‍ ടെന്‍ഡറുകള്‍ വരും. ടെന്‍ഡറുകളില്‍ പങ്കെടുക്കുന്ന വിവിധ ആളുകള്‍, വിവിധ കമ്പനികളുണ്ടാകും. ആ കമ്പനികള്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നു. ഒരുകൂട്ടര്‍ക്കല്ലേ കിട്ടൂ. പലവിധത്തിലുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ആ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഒരുകൂട്ടര്‍ക്ക് ടെന്‍ഡര്‍ അനുവദിക്കുന്നു. ടെന്‍ഡര്‍ അനുവദിക്കപ്പെട്ടു കഴിയുന്നതോടെ ടെന്‍ഡര്‍ കിട്ടാത്തവര്‍ പുറപ്പെടുകയാണ്. എന്തിന്? ഈ ടെന്‍ഡര്‍ നടപ്പിലാകാതിരിക്കാന്‍. ആ പദ്ധതി നടപ്പിലാകാതിരിക്കാന്‍. അവരുടെ ഉദ്ദേശ്യം എന്താണ്? അവര്‍ക്ക് ടെന്‍ഡര്‍ കിട്ടണമെന്നുള്ളതാണ്. അവര്‍ക്ക് ടെന്‍ഡര്‍ കിട്ടിയില്ല. വെടക്കാക്കി തനിക്കാക്കുക എന്ന ഒരു പ്രയോഗമില്ലേ. അതായത്, ഒന്നിനെ മോശമാക്കിയിട്ട് അത് തന്റേതാക്കി മാറ്റുക. വടക്കന്‍ പ്രയോഗമാണ് ഇത്. ആ ഒരു പ്രയോഗത്തിലേക്ക് അവരങ്ങ് കടക്കും. അപ്പോള്‍ അവര്‍ക്ക് അതിനുള്ള മര്‍മങ്ങള്‍ അറിയാം. എവിടെയൊക്കെ സമീപിക്കണമെന്ന്. എങ്ങനെയൊക്കെ സമീപിക്കണമെന്ന്. അവര്‍ പ്രതിപക്ഷത്തെത്തുമ്പോള്‍ ഇതു കേള്‍ക്കേണ്ട താമസം. ഉടനെ അവര്‍ എടുത്തു പുറപ്പെടും. ഇതില്‍ വലിയ ക്രമക്കേടുകള്‍ നടന്നിരിക്കുന്നു. വലിയ അഴിമതിയാണ് എന്നൊക്കെ പറഞ്ഞ് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങും. അപ്പോള്‍ അഴിമതിയെന്നു കേള്‍ക്കുമ്പോള്‍ ഇതു കൈകാര്യംചെയ്യുന്ന ആള്‍ക്കും ആള്‍ക്കാര്‍ക്കും സ്വാഭാവികമായും ഒരു ശങ്ക വരും. എന്തിന് വെറുതെ പൊല്ലാപ്പ് നമ്മള്‍ തലയില്‍ എടുത്തുവയ്ക്കണം. എന്നാപ്പിന്നെ തല്‍ക്കാലം എങ്ങനെ ഒഴിയാന്‍ പറ്റും എന്നായി നോട്ടം. ഇങ്ങനെ ഒഴിവായിപ്പോയ പദ്ധതികള്‍ നമ്മുടെ കേരളത്തില്‍ എത്രയുണ്ട് എന്ന് ഇത്തരം കാര്യങ്ങളില്‍ താല്‍പ്പര്യമുള്ള ആളുകള്‍ ഒരു പഠനം നടത്തണം. അപ്പോള്‍ കാണാം എത്ര പദ്ധതികള്‍ ഇങ്ങനെ നഷ്ടപ്പെട്ടുപോയിട്ടുണ്ടെന്ന്. ഇതില്‍ മാറ്റം വരണ്ടേ?
ഇതു പ്രതിപക്ഷ രാഷ്ട്രീയപാര്‍ടികളുടെ സ്ഥിതി. എന്നാല്‍, അവര്‍ ആരെയെല്ലാം സമീപിക്കും? ചിലപ്പോള്‍ അവര്‍ വളരെ രഹസ്യമായി ചില മാധ്യമങ്ങളെ സമീപിക്കും. പലേ രീതികളും അവര്‍ സമീപിക്കുന്നുണ്ട്. ഉടനെ അതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരികയാണ്. അപ്പോള്‍ നമ്മുടെ നാടിന്റെ താല്‍പ്പര്യമാണല്ലോ അപകടത്തില്‍പ്പെടുന്നത്. ഇങ്ങനെ നാടിന്റെ താല്‍പ്പര്യം അപകടപ്പെടുത്താന്‍ പാടുണ്ടോ? നാട് അപകടത്തിലാകണമെന്ന് ആഗ്രഹിക്കില്ലല്ലോ പ്രതിപക്ഷമായാലും. രാഷ്ട്രീയമായി ഭരണപക്ഷത്തോട് എതിര്‍പ്പുണ്ടാകും. പക്ഷേ, നാടിന് വികസനം വേണ്ട എന്ന് അവര്‍ ആഗ്രഹിക്കുന്നില്ലല്ലോ. ഒരു മാധ്യമവും നാടിന്റെ വികസനത്തിന് എതിരായി നില്‍ക്കുന്നവരല്ലല്ലോ. തെറ്റായ കാര്യങ്ങളാണെങ്കില്‍ ആ തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കണം. തെറ്റല്ലാത്ത കാര്യങ്ങളെ വിമര്‍ശിക്കാന്‍ എന്തിന് പുറപ്പെടുന്നു? ആര്‍ക്കെങ്കിലും ടെന്‍ഡര്‍ ലഭിച്ചില്ല എന്നതിന്റെ മേലെ അവരുടെ കുതന്ത്രത്തില്‍പെട്ടുപോകുന്ന നില, അത് നല്ലതാണോ എന്ന് നമ്മുടെ കഴിഞ്ഞകാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അങ്ങനെ പറ്റിപ്പോയവര്‍ ഇനിയെങ്കിലും ആലോചിക്കണം.
നമ്മുടെ സമൂഹത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒരു ഭാഗമാണ് മാധ്യമങ്ങള്‍. ആ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് എപ്പോഴും നാടിന് നേട്ടങ്ങള്‍ ഉണ്ടാക്കാനുള്ളതായിരിക്കണം. വീര്‍ സാങ്വിയുടെയും ബര്‍ക്ക ദത്തിന്റെയുമൊക്കെ കാര്യം സഖാവ് സി കെ ചന്ദ്രപ്പന്‍ ഇവിടെ പറഞ്ഞു. ആ മാതിരി ആളുകളും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് നമ്മള്‍ മറന്നേക്കരുത്. പക്ഷേ, പൊതുവില്‍ മാധ്യമങ്ങള്‍ നാടിനുവേണ്ടിയാണല്ലോ നിലകൊള്ളേണ്ടത്. ഏതെങ്കിലും ഒരു കൂട്ടരെ എതിര്‍ക്കേണ്ടതാണ് എന്നു കണ്ടുകൊണ്ടുള്ള നിലപാട് സ്വീകരിച്ചു പോകാന്‍ പാടില്ലല്ലോ. രാഷ്ട്രീയമായി ചേരിതിരിഞ്ഞ് അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം ഉണ്ടാകും. പക്ഷേ, അതിലൊരു പക്ഷം പിടിച്ച് ഒരു വിഭാഗത്തെ തകര്‍ക്കലാണ് ഞങ്ങളുടെ പങ്ക് എന്ന നിലപാട് പല കൂട്ടരും എടുത്തു പോകുകയല്ലേ. അത് കേരളത്തില്‍ വലിയ തോതില്‍ തെറ്റായ ചില പ്രവണതകള്‍ ഉണ്ടാക്കുന്നില്ലേ എന്നതും നാം ആലോചിക്കേണ്ട ഒരു കാര്യമാണ്.
ഇവിടെ വ്യവസായങ്ങളുടെ കാര്യം പറയുമ്പോള്‍ വേറൊരു ഭാഗം പറയണം. അതു നേരത്തെ പറഞ്ഞതിന്റെ തുടര്‍ച്ചയായിട്ടുതന്നെ. നമ്മുടെ നാട്ടുകാരനായ ഒരാള്‍ ഒരുതവണ കണ്ടപ്പോള്‍ ഒരു അനുഭവം പറഞ്ഞു. ഒരു സംസ്ഥാനത്ത് ഒരു വ്യവസായത്തിന്റെ നിര്‍ദേശവുമായി അയാള്‍ ചെന്നു. ഒരു ഉദ്യോഗസ്ഥനെ കണ്ടു. അപ്പോള്‍ ആ ഉദ്യോഗസ്ഥന്‍ ഇന്ന ഉദ്യോഗസ്ഥനെയാണ് കണേണ്ടത് എന്നു പറഞ്ഞു. ആ ഉദ്യോഗസ്ഥനെ പോയി കണ്ടു ഒരു വ്യവസായത്തിന്റെ നിര്‍ദേശം വച്ചു. നിങ്ങള്‍ നാളെ വരിന്‍ എന്നു പറഞ്ഞു ആ ഉദ്യോഗസ്ഥന്‍. ഇദ്ദേഹം പിറ്റേദിവസം ചെന്നു. പിറ്റേദിവസം ചെന്നപ്പോള്‍ അവിടെ വ്യവസായവകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ഈ മനുഷ്യനെ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കാണ് കൊണ്ടുപോകുന്നത്. കാര്യങ്ങള്‍ സംസാരിച്ചു. എവിടെ വ്യവസായം തുടങ്ങണമെന്ന് നിശ്ചയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ വ്യവസായത്തിന്റെ കാര്യങ്ങളങ്ങ് നീങ്ങാമെന്നായി. പിന്നെ ഇദ്ദേഹം യാതൊന്നും അവിടെ ചെയ്യേണ്ടതില്ലായെന്നായി. ഇതിന്റെ പെര്‍മിഷന്‍ കിട്ടാന്‍വേണ്ടി യാതൊരു നടപടിയും ഇദ്ദേഹം ചെയ്യേണ്ട. അതീ ഡിപ്പാര്‍ട്ടുമെന്റ് ചെയ്യുകയാണ്. മുഴുവന്‍ പെര്‍മിഷനുകളും.
നമ്മുടെ സ്ഥിതിയൊന്ന് ആലോചിച്ചുനോക്കൂ. ഈ കേരളത്തില്‍ അങ്ങനെയൊരു നിര്‍ദേശവുമായി ഒരാള്‍ വന്നാല്‍ അയാള്‍ ഓടിയ ഓട്ടം ഏതു തരത്തിലുള്ളതായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ. ഏകജാലകമെന്നൊക്കെ പറയും. പക്ഷേ, ജാലകങ്ങളെത്രയാ നമ്മുടെ നാട്ടില്‍? അവസാനം എല്ലാ ജാലകങ്ങളുംകൂടി ഇതിനെ മുടക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും അതാണല്ലോ നോക്കുക. എന്തുകൊണ്ട് നമുക്ക് ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്നില്ല? നമ്മള്‍ വികസനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഈ വികസനത്തിന് തടസ്സമുണ്ടാക്കുന്ന ഒരുപാട് ഘടകങ്ങള്‍ നില്‍ക്കുകയാണല്ലോ. അതു ചെറിയ തടസ്സങ്ങളല്ലല്ലോ ഉണ്ടാക്കുന്നത്. നമ്മുടെ മനോഭാവത്തില്‍ മാറ്റം വരണം. രീതികളില്‍ മാറ്റം വരണം. സമ്പ്രദായങ്ങളില്‍ മാറ്റം വരണം. ആ പൊതുസമ്പ്രദായത്തോടൊപ്പം നില്‍ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തയ്യാറാകാത്തവര്‍ക്കെതിരെ കര്‍ക്കശമായ നടപടി എടുക്കാന്‍ തയ്യാറാകണം. നമുക്കങ്ങനെ കഴിയുന്നുണ്ടോ? അപ്പോള്‍, ഒരു പുതിയ സംസ്കാരം നമ്മുടെ കേരളത്തില്‍ ഉയര്‍ന്നുവരണം. അത് വികസനത്തിന് ഒന്നിച്ചുനില്‍ക്കുന്ന സംസ്കാരമായിരിക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, നല്ല രീതിയില്‍ അതിന് ശ്രമിക്കേണ്ടതുണ്ട് എന്ന് നാം കാണേണ്ടതായിട്ടുണ്ട്.
ഇവിടെ നമ്മള്‍ നല്ല രീതിയില്‍ അഭിമാനം കൊള്ളുന്ന കാര്യമാണ് അധികാരവികേന്ദ്രീകരണരംഗം. അധികാരവികേന്ദ്രീകരണ നടപടികളും അതിന്റെ ഭാഗമായി നടന്ന കാര്യങ്ങളും നേട്ടങ്ങളും വളരെ വലുതാണ്. ഒരു സംശയവുമില്ല. അധികാരവികേന്ദ്രീകരണത്തിന് ഏകദേശം പ്രായപൂര്‍ത്തിയായല്ലോ. യുവത്വത്തിലേക്ക് എത്തിക്കഴിഞ്ഞല്ലോ. അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായുള്ള ഉദ്യോഗസ്ഥ പുനര്‍വിന്യാസത്തിന്റെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ലാ എന്നു വന്നാല്‍ അതു നമ്മുടെ കുറവല്ലേ. ആ കുറവ് നമ്മള്‍ കണ്ടുപോകണമല്ലോ. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്തില്‍ ചെല്ലുന്ന ഉദ്യോഗസ്ഥന്‍ (ആ പാവം പ്രസിഡന്റ് നോക്കിനില്‍ക്കുകയാണ്) എന്റെ ശീലം ഇങ്ങനെയാണ്. അതിങ്ങു തന്നാല്‍ മാത്രമേ കാര്യം നടക്കൂ എന്നു പറഞ്ഞിട്ട് വാങ്ങുകയാണ്. എങ്ങനെയാണ് വാങ്ങാന്‍ കഴിയുന്നത്. ആ പഞ്ചായത്തിന് ആ ഉദ്യോഗസ്ഥനുമേല്‍ ഒരു നിയന്ത്രണവുമില്ല. അദ്ദേഹത്തിന്റെ നിയന്ത്രണം മേലെയാണ്. ഏതെങ്കിലും ഒരു വിഭാഗത്തെ പറഞ്ഞാല്‍ അവരെയാകെ ആക്ഷേപിക്കുകയാണെന്നു തോന്നുമെന്നുള്ളതുകൊണ്ട് ആ വിഭാഗം ഏതെന്നു ഞാന്‍ പറയുന്നില്ല. പക്ഷേ, ഇതു വന്നല്ലോ. വളരെ കടുത്ത അനുഭവം ഈ കേരളത്തിലുണ്ടായല്ലോ. ബില്‍ഡിങ് റൂള്‍സ് പാസായി കിട്ടിയപ്പോള്‍ പഞ്ചായത്തുകളില്‍ കൊയ്ത്തിന്റെ അവസരമായെന്നു ചിന്തിച്ച ചില ആളുകളുണ്ടായില്ലേ? അത് ഈ നിയന്ത്രണം ആ പഞ്ചായത്തിന് ഇല്ലാത്തതിന്റെ ഭാഗമായിട്ടാണല്ലോ. അപ്പോള്‍ പഞ്ചായത്തിന് ആവശ്യമായ ഉദ്യോഗസ്ഥന്മാരെ കൊടുക്കാന്‍ നമുക്കു കഴിയണം. ആ ഉദ്യോഗസ്ഥന്മാരുടെ നിയന്ത്രണം പഞ്ചായത്തുകള്‍ക്കുതന്നെ കൊടുക്കുകയും ചെയ്യണം. അത് ഇല്ലാത്തത് വലിയ തോതിലുള്ള കുറവുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നത് കണ്ടുപോകാന്‍ നമുക്കു കഴിയേണ്ടതായിട്ടുണ്ട്.
പൊട്ടിച്ചെറിയേണ്ട ചുവപ്പുനാട
Tuesday, January 11, 2011
കേരളത്തിലെ ക്രമസമാധാനവും മുതലാളിത്ത മാധ്യമങ്ങളുടെ വര്‍ഗതാല്പര്യവും
ഇത് യാചന യാത്ര
പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി ഉപ്പളയില്‍നിന്ന് ആരംഭിച്ച റോഡ്ഷോ അടുത്തമാസം നാലിന് പാറശ്ശാലവരെ തുടരും. കള്ളച്ചൂതില്‍ ശകുനിയെ തോല്‍പ്പിക്കുന്ന 'തോര്‍ത്തുമുണ്ട് വിപ്ളവക്കാര്‍' നിയമസഭാതെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം ശേഷിക്കെ പുതിയൊരു രഥയാത്രയ്ക്ക് ഇറങ്ങിയത് പലവിധ ഉദ്ദേശത്തോടെയാണ്. ഉമ്മന്‍ചാണ്ടിയുടേത് പുതിയൊരു അശ്വമേധമാണെന്ന് കോഗ്രസിന്റെ 'യഥാര്‍ഥ വക്താവ്' രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിട്ടുണ്ട്. അശ്വമേധം പൂര്‍ത്തിയാകുമ്പോള്‍ അശ്വത്തെ കൊല്ലുകയാണ് പതിവ്. ചില വൈദികര്‍ക്ക് ചോര കാണാന്‍ വയ്യാത്തതിനാല്‍ യാഗങ്ങളില്‍ അശ്വത്തെയോ അല്ലെങ്കില്‍ അജത്തിനെയോ കുക്കുടത്തെയോ ശ്വാസംമുട്ടിച്ച് കൊല്ലാറുണ്ട്. മോചനയാത്ര പൂര്‍ത്തിയാകുമ്പോള്‍ അറിയാം യാഗശാലയില്‍ ശ്വാസംമുട്ടി മരിക്കാന്‍ പോകുന്നത് ആരൊക്കെയാണെന്ന്. പുറമേയ്ക്കുകാണാന്‍ കുഴപ്പമില്ലെന്നു തോന്നുമെങ്കിലും ആഭ്യന്തരസംഘര്‍ഷങ്ങളില്‍ ആടിയുലയുകയാണ് കോഗ്രസും യുഡിഎഫും. നിയമസഭാതെരഞ്ഞെടുപ്പിനുശേഷം യുഡിഎഫിനെ നയിക്കേണ്ടത് ആരെന്നതിനെച്ചൊല്ലി കടുത്ത ശണ്ഠയാണ് കോഗ്രസില്‍. ഉമ്മന്‍ചാണ്ടിയെ മാറ്റി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ഒന്നാമനാക്കാനാണ് ചെന്നിത്തലപക്ഷക്കാര്‍ അരയും തലയും മുറുക്കിയിട്ടുള്ളത്. കെഎസ്യുവിനു പുറമെ യൂത്ത് കോഗ്രസും പിടിച്ച ബലവുമായി ഉമ്മന്‍ചാണ്ടിപക്ഷം പറയുന്നത് കെപിസിസി പ്രസിഡന്റ് നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ്. പതിറ്റാണ്ടുകളായി സംസ്ഥാന കോഗ്രസിലെ ആഭ്യന്തരരാഷ്ട്രീയം തിരിഞ്ഞത് കെ കരുണാകരന്‍- എ കെ ആന്റണി അച്ചുതണ്ടിലാണ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി- ചെന്നിത്തല അങ്കമാണെന്നുതോന്നാം. അതില്‍ പകുതി വാസ്തവമുണ്ട്. പക്ഷേ, യഥാര്‍ഥ അങ്കം എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും തമ്മിലാണ്. ഹൈക്കമാന്‍ഡില്‍ ആന്റണിക്കുള്ള സ്വാധീനം ഉമ്മന്‍ചാണ്ടിയെ ഭയപ്പെടുത്തുന്ന ഘടകമാണ്. അതുകൊണ്ടുതന്നെ മഹാരാഷ്ട്രാ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍, കേന്ദ്രമന്ത്രി വയലാര്‍ രവി, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരില്‍ ആരെയും ഉമ്മന്‍ചാണ്ടിക്കെതിരെ ആന്റണി അവതരിപ്പിച്ചേക്കാം. ഉപ്പളയില്‍ ഉമ്മന്‍ചാണ്ടി യാത്രതിരിക്കുന്ന ദിവസം ശങ്കരനാരായണന്‍ കേരളത്തില്‍ തമ്പടിച്ചു. അതിനുമുമ്പ് എന്‍എസ്എസ് ആസ്ഥാനത്തെത്തി ഗവര്‍ണര്‍പദവി വഹിക്കുന്നുവെന്ന കാര്യംപോലും മാറ്റിവച്ച് ചില രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയുംചെയ്തു. ശിവന്‍പോലും തപസനുഷ്ഠിച്ചത് കൈലാസം നന്നാക്കാനല്ലെന്നിരിക്കെ, ശങ്കരനാരായണന്‍ ചുമ്മാതൊന്നും ചെല്ലില്ല. ഉമ്മന്‍ചാണ്ടിയുടെ യാത്ര, പാര്‍ലമെന്ററിപാര്‍ടി നേതാവാക്കണേ എന്ന സോണിയയോടുള്ള യാചനയാണ്. പുത്തരിയില്‍ കല്ലുകടിച്ച അനുഭവമാണ് തുടക്കത്തില്‍ത്തന്നെ. ഘടകകക്ഷി നേതാക്കളെയെല്ലാം അണിനിരത്താന്‍ നോക്കിയെങ്കിലും പിണക്കം മാറാത്ത ഗൌരിയമ്മ ഉമ്മന്‍ചാണ്ടിയുടെ യാത്രയില്‍ ഒപ്പമില്ല. കൂട്ടത്തില്‍ കൂടിയ പി കെ കുഞ്ഞാലിക്കുട്ടിയാണോ കെ എം മാണിയാണോ രണ്ടാമന്‍ എന്ന തര്‍ക്കത്തിനും പരിഹാരമായിട്ടില്ല. ദുര്‍ഭരണത്തില്‍നിന്ന് നാടിനെ രക്ഷിക്കാനുള്ള കേരളമോചനയാത്ര എന്നാണ് ഉമ്മന്‍ചാണ്ടി തന്റെ രഥയാത്രയ്ക്ക് പേരിട്ടിരിക്കുന്നത്. ദുര്‍ഭരണം എന്നത് മോശപ്പെട്ട കാര്യമാണ്. അതിനെതിരെ ജാഥ നയിക്കുന്നത് നല്ലതുമാണ്. പക്ഷേ, ഇക്കാര്യത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഉപ്പളനിന്ന് പാറശ്ശാലയില്‍ എത്തിയശേഷം 'ഛലോ ഛലോ ദില്ലി' എന്നൊരു മുദ്രാവാക്യവും വിളിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തുകയാണ് വേണ്ടത്. മന്‍മോഹന്‍ഭരണം ലോകത്തിലെത്തന്നെ അഴിമതിയുടെ ഏറ്റവും വലിയ 'ഡിണ്ടിമ'യായി മാറിയിരിക്കുകയാണല്ലോ. 2ജി സ്പെക്ട്രം അഴിമതിയുടെ വലുപ്പം 1.76 ലക്ഷം കോടി രൂപയാണെന്നുകണ്ട് ലോകംതന്നെ നടുങ്ങിയവേളയാണിത്. കോമവെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം- ഇങ്ങനെ അഴിമതിയുടെ നടുക്കടലിലാണ് കോഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ ഭരണം. ഇതു തിരിച്ചറിഞ്ഞ ജനങ്ങള്‍ ഉടനെ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍, കോഗ്രസിനെ അധികാരഭ്രഷ്ടമാക്കുമെന്ന് ദേശീയ സര്‍വേ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. }മന്‍മോഹന്‍ ഭരണത്തിലെ അഴിമതിക്കു സമാനമായിരുന്നു കേരളത്തിലെ മുന്‍ യുഡിഎഫ് ഭരണകാലവും. ഉമ്മന്‍ചാണ്ടിയുടേതും അഴിമതിരഹിത ഭരണമായിരുന്നില്ലല്ലോ. മോചനയാത്രയുടെ ഉദ്ഘാടനപ്രസംഗത്തില്‍ എല്‍ഡിഎഫിനും സിപിഐ എമ്മിനുമെതിരെ വിഷം ചീറ്റുന്ന അസ്സലൊരു മൂര്‍ഖന്‍പാമ്പാണ് താനെന്ന് ഉമ്മന്‍ചാണ്ടി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ മറക്കുന്ന യാത്രയാണിത്. വിലക്കയറ്റത്തിന്റെ സുനാമിയില്‍പ്പെട്ട് ജനജീവിതം വഴിമുട്ടിയിരിക്കുകയാണ്. ഇതേപ്പറ്റി വിചാരമുണ്ടായിരുന്നെങ്കില്‍, വിലക്കയറ്റത്തിന് കാരണമായ കേന്ദ്രസര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണനയങ്ങള്‍ തിരുത്തിക്കാനല്ലേ യാത്ര വേണ്ടിയിരുന്നത്? രാജ്യം നേരിടുന്ന സങ്കീര്‍ണപ്രശ്നമാണ് വിലക്കയറ്റം. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങള്‍ക്കെതിരെ യുപിഎയിലെ ഘടകകക്ഷികള്‍പോലും പരസ്യമായി പ്രതിഷേധിക്കുന്നു. എന്നിട്ടും കേന്ദ്രം ചെവികൊടുക്കുന്നില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിയന്ത്രണം സര്‍ക്കാരില്‍നിന്ന് എടുത്തുമാറ്റി. ഇതുവരെ വില നിര്‍ണയിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെയായിരുന്നു. ഇപ്പോള്‍ കമ്പനികള്‍ക്ക് ഇഷ്ടംപോലെ വില കൂട്ടാനും കുറയ്ക്കാനും കഴിയും. അടിക്കടിയുള്ള ഇന്ധനവില വര്‍ധന നാണയപ്പെരുപ്പം രൂക്ഷമാക്കിയിരിക്കയാണ്. നാലുകോടി ട ഭക്ഷ്യധാന്യം കേന്ദ്രസര്‍ക്കാരിന്റെ ഗോഡൌണുകളില്‍ ചീഞ്ഞുനശിക്കുന്നു. സുപ്രീംകോടതി നിര്‍ദേശിച്ചിട്ടും പാവങ്ങള്‍ക്കതു വിതരണം ചെയ്യുന്നില്ല. എന്നാല്‍, വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുന്നത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണ്. സംസ്ഥാനത്തിന്റെ വെട്ടിക്കുറച്ച എപിഎല്‍ ഭക്ഷ്യധാന്യവിഹിതം പുനഃസ്ഥാപിക്കാനുള്ള സമരയാത്രയായിരുന്നില്ലേ വേണ്ടിയിരുന്നത്? കോഴിപ്പുറത്ത് മാധവമേനോന്‍ മുതല്‍ രമേശ് ചെന്നിത്തലവരെയുള്ളവര്‍ കെപിസിസി പ്രസിഡന്റായ കേരളത്തിലെ കോഗ്രസ് ചരിത്രമെടുത്താല്‍ സംസ്ഥാനതല രഥയാത്ര തുടങ്ങിയത് വിമോചനസമരകാലത്തായിരുന്നു. പക്ഷേ, കോഗ്രസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ സംസ്ഥാനതലയാത്രയ്ക്ക് തുടക്കമിട്ടത് എ കെ ആന്റണിയാണ്. 2001ല്‍ നായനാര്‍ ഭരണത്തിനെതിരെ വിമോചനയാത്ര സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. അതിന്റെ ചുവടുപിടിച്ചാണ് ഉമ്മന്‍ചാണ്ടി മോചനയാത്ര നടത്തുന്നതെങ്കിലും ചരിത്രം ആവര്‍ത്തിക്കാനുള്ള സൂചനകളൊന്നും കോണഗ്രസുകാര്‍പോലും കാണുന്നില്ല. ദേശീയ-സംസ്ഥാന രാഷ്ട്രീയം കോഗ്രസ് നയിക്കുന്ന ചേരിക്കെതിരെ അതിവേഗം തിരിയുകയാണ്. നാലരവര്‍ഷം പിന്നിട്ട എല്‍ഡിഎഫ് ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആശ്വാസവും നാടിന് പുരോഗതിയും സമാധാനവും പ്രദാനം ചെയ്തതാണ്. മതനിരപേക്ഷതയുടെ തുരുത്തായി കേരളം ശേഷിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍ക്കുമാത്രമേ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കരുത് എന്നു പറയാനാകൂ. അക്രമങ്ങള്‍ അഴിച്ചുവിട്ട് മതധ്രുവീകരണം ഉണ്ടാക്കാന്‍ ആര്‍എസ്എസും എന്‍ഡിഎഫും ബോധപൂര്‍വം ശ്രമിക്കുമ്പോള്‍ അതിനെ തടയുന്നത് ഇടതുപക്ഷമാണ്. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനുള്ള മനസ്സോ ആത്മാര്‍ഥതയോ യുഡിഎഫ് നേതൃത്വത്തിനില്ല. നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ പൊയ്ക്കാലില്‍ കെട്ടിപ്പടുത്ത പ്രസ്ഥാനമാണത്്. പരിഷ്കൃതസമൂഹത്തിനു ചേരാത്ത അതിക്രമങ്ങള്‍ക്കായിരുന്നു ആന്റണി-ഉമ്മന്‍ചാണ്ടി സര്‍ക്കാരുകള്‍ നേതൃത്വം കൊടുത്തത്. മുണ്ട് മുറുക്കിയുടുക്കാന്‍ പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു. എന്നാല്‍, ഒരു സര്‍ക്കാരിന്റെ ഭരണകാലയളവില്‍ത്തന്നെ രണ്ട് ശമ്പളപരിഷ്കരണം നടപ്പാക്കുന്നുവെന്ന പൊന്‍തൂവല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സ്വന്തം. അതുകൊണ്ടാണ് പുതുവര്‍ഷത്തെ 'ഹാപ്പി ന്യൂ സ്കെയില്‍' എന്നു വിശേഷിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ജിഹ്വപോലും തയ്യാറായത്. നാല്‍പ്പത്തൊന്നു ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി കിട്ടുന്ന കാലം. തല ചായ്ക്കാന്‍ ഇടമില്ലാത്തവര്‍ക്ക് കൂര കൊടുക്കുന്ന ഭരണം. പൊതുമേഖലാസ്ഥാപനങ്ങളെല്ലാം ലാഭത്തില്‍. ട്രഷറി പൂട്ടാത്ത കാലം. സര്‍ക്കാര്‍ ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്ക് കടന്നുചെല്ലാവുന്ന കാരുണ്യകാലം. സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് എയര്‍കണ്ടീഷന്‍ഡ് ക്ളാസ്റൂമുകള്‍വരെ നല്‍കുകയും ഉച്ചഭക്ഷണം കൊടുക്കുകയും വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുകയുംചെയ്ത കാലം. ഭദ്രമായ ക്രമസമാധാനം. ഇങ്ങനെ ശത്രുക്കള്‍ക്കുപോലും കുറ്റം പറയാനാകാത്ത ഭരണമാണ് കേരളം നാലരവര്‍ഷത്തിലധികമായി കാണുന്നത്. കേരളവികസനത്തെ ശക്തിപ്പെടുത്താന്‍ ഉതകുംവിധം കാര്‍ഷികമേഖലയില്‍ ഇടപെട്ടതാണോ പ്രതിപക്ഷനേതാവേ സംസ്ഥാനസര്‍ക്കാര്‍ ചെയ്ത കുറ്റം? അഖിലേന്ത്യാതലത്തില്‍ കാര്‍ഷികമേഖലയില്‍ നെഗറ്റീവ് വളര്‍ച്ച കാണിച്ചപ്പോള്‍ കേരളത്തില്‍ 2.8 ശതമാനം വളര്‍ച്ചയുണ്ടായി. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് കര്‍ഷക ആത്മഹത്യ തകര്‍ത്താടിയ വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഇന്ന് കര്‍ഷക ആത്മഹത്യ പഴങ്കഥയായില്ലേ? പാവങ്ങളില്‍ പാവപ്പെട്ടവരാണ് പരമ്പരാഗത തൊഴിലാളികള്‍. കശുവണ്ടി ഫാക്ടറികളില്‍ യുഡിഎഫ് ഭരിച്ചപ്പോള്‍ വര്‍ഷത്തില്‍ 12 ദിവസമല്ലേ പണി. എന്നാല്‍, ഇന്ന് എല്ലാദിവസവും പണിയുണ്ട്. എല്ലാവിഭാഗം ജനങ്ങള്‍ക്കുമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതാണോ എല്‍ഡിഎഫ് ഭരണത്തിന്റെ ദുഷ്ചെയ്തി. ഒരുമുറം ചാരത്തിന്റെ ലാഭത്തിനായി അയല്‍പ്പക്കത്തെ പുരയ്ക്കു തീ കൊടുക്കുന്ന ക്രൂരമായ നടപടിപോലെയാണ് ഉമ്മന്‍ചാണ്ടി കേരളത്തിന് സദ്ഭരണം പ്രദാനംചെയ്ത എല്‍ഡിഎഫിനെതിരെ കുറ്റപത്രവുമായി യാത്ര നടത്തുന്നത്.
ആര്‍ എസ് ബാബു
Monday, January 10, 2011
വിവാദസൃഷ്ടിയില്‍ വൈദഗ്ധ്യം തെളിയിച്ച് മാധ്യമങ്ങള്‍
വി വി ദക്ഷിണാമൂര്‍ത്തി
Sunday, January 9, 2011
പ്രവാസികള്‍ക്ക് നികുതി: ലക്ഷക്കണക്കിനാളുകള്‍ക്ക് ദോഷം ചെയ്യും
Thursday, January 6, 2011
വിവാദങ്ങള്‍ ഉണ്ടാക്കുന്നതെങ്ങനെ?
മൂന്നാം അന്താരാഷ്ട്ര പഠനകോഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശങ്ങളിലൊന്ന് വികസനരംഗത്ത് നമുക്കുവേണ്ടത് സംവാദങ്ങളാണ്, വിവാദമല്ല എന്നതായിരുന്നു. എന്നാല്‍ പഠനകോഗ്രസിനെത്തന്നെ 'ജനിതകവിവാദത്തില്‍ മുക്കി' എന്ന് ഊറ്റംകൊണ്ട ഒരു പത്രമെങ്കിലും കേരളത്തിലുണ്ട്. കേരളത്തില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച വിവാദപരമ്പരകളില്‍ ഒടുവിലത്തേതാണ് ജനിതകവിവാദം.
ആഗോളവല്‍ക്കരണകാലത്തെ കൃഷി എന്ന സിമ്പോസിയം ഉദ്ഘാടനംചെയ്ത്, ജനിതക സാങ്കേതികവിദ്യയെക്കുറിച്ചുളള സിപിഐ എം നിലപാട് പൊളിറ്റ് ബ്യൂറോ അംഗവും കിസാന്‍സഭാ പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍പിള്ള വിശദീകരിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞത് പലരും കരുതുന്നതുപോലെ പുതിയ നിലപാടേയല്ല. പാര്‍ടി കേന്ദ്ര കമ്മിറ്റി പ്രമേയമോ കിസാന്‍ സഭയുടെ റിപ്പോര്‍ട്ടോ പീപ്പിള്‍സ് ഡെമോക്രസി ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളോ വായിച്ചിട്ടുള്ള ഒരാള്‍ക്കും ഇതുസംബന്ധിച്ച് സംശയം ഉണ്ടാകേണ്ടതില്ല.
ജനിതക വിത്തുകളെ അടച്ചെതിര്‍ക്കുന്ന ചില സംഘടനകളുടെ നേതാക്കന്മാരും കലവറയില്ലാതെ സ്വാഗതംചെയ്യുന്ന ചില ശാസ്ത്രജ്ഞന്മാരും പഠന കോഗ്രസിലെ ഈ സിമ്പോസിയത്തില്‍ പ്രസംഗകരായിരുന്നു. പാര്‍ടിയുടെ നിലപാട് ഇതു രണ്ടുമല്ല എന്നാണ് എസ് ആര്‍പി പറഞ്ഞത്. എത്ര സ്വതന്ത്രമായ സംവാദമാണ് പഠന കോഗ്രസ് ഇക്കാര്യത്തില്‍ ഒരുക്കിയത് എന്നതിന് ഉദാഹരണമാണ് ഈ സെമിനാര്‍.
"ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതി പരമാവധി ഉപയോഗിക്കാന്‍ കഴിയണം. ഉല്‍പ്പാദനക്ഷമതയും ഉല്‍പ്പാദനവും വര്‍ധിപ്പിക്കുന്നതിന് ഇത് വളരെ പ്രധാനമാണ്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളെ മൊത്തത്തില്‍ എതിര്‍ക്കുന്നത് അശാസ്ത്രീയമായ സമീപനമാണ്. ജന്തുസസ്യജാലങ്ങള്‍ക്ക് അപകടമുണ്ടാവില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. അതുപോലെ വന്‍കിട കുത്തകക്കമ്പനികളുടെ ചൂഷണം ഒഴിവാക്കുകയും വേണം. ഈ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനു പകരം ജനിതകമാറ്റം വരുത്തിയ വിത്തുകളെ പൊതുവെ എതിര്‍ക്കുന്ന സമീപനം ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങളെ പ്രയോജനപ്പെടുത്തുന്നതിന് തടസ്സം സൃഷ്ടിക്കും.
ജനിതകമാറ്റം വരുത്തുന്ന ശാസ്ത്ര സാങ്കേതിക മേഖലകളില്‍ പൊതു മുതല്‍മുടക്കും ഗവേഷണവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്''. വ്യത്യസ്ത നിലപാടുകള്‍ സ്വാഭാവികമായും വേദിയില്‍ത്തന്നെ ഉയര്‍ന്നുവന്നു. എന്നാല്‍, അവ വസ്തുതാപരമായല്ല റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. സിപിഐ എം നയം എന്തെന്നറിയാതെ, നയം മാറ്റി എന്ന കിടിലന്‍ വ്യാഖ്യാനം മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു. ഏതായാലും ഒരു കാര്യം വ്യക്തമായി. പാര്‍ടി നയത്തെക്കുറിച്ച് ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് എസ് ആര്‍ പിയുടെ ഇടപെടല്‍ സഹായിച്ചു.
നയം മാറ്റത്തിനെതിരെ പ്രതികരിക്കുന്നു എന്ന വ്യാജേന സിപിഐ എം വിരുദ്ധരെ രംഗത്തിറക്കി വിവാദം കൊഴുപ്പിച്ചു. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം എന്തെന്നു പഠിക്കാന്‍ ശ്രമിക്കാതെ നിമിഷപ്രതികരണം നടത്തുന്ന നേതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നത് വിവാദകുതുകികള്‍ക്ക് സൌകര്യമാണ്.
ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്ക് സിപിഐ എം വഴങ്ങുന്നു എന്നതായിരുന്നു ഏറ്റവും വിചിത്രമായ വിമര്‍ശം. ജനിതകവിത്തുകളുടെയും അഗ്രിബിസിനസിന്റെയും അമേരിക്കന്‍ കാര്‍ഷിക വാണിജ്യ കുത്തകകളുടെയും വിമര്‍ശകരെ അമേരിക്കന്‍ സര്‍ക്കാര്‍ വിലയ്ക്കെടുക്കുന്നത് സംബന്ധിച്ച വിക്കി ലീക്സിന്റെ ഫ്രെയിമിനുള്ളിലാണ് സിപിഐ എമ്മിന്റെ "നയം മാറ്റ''ത്തെ ഒരു മാധ്യമം അവതരിപ്പിച്ചത്. മോസാന്റോ കമ്പനിയുടെ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നതെന്ന് പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകയായ വന്ദനാശിവയുടെ നിശിതമായ വിമര്‍ശവും അഭിമുഖവും വന്നു. ജനിതക വിത്തുകളെക്കുറിച്ചുളള സിപിഐ എം വിമര്‍ശത്തിന്റെ കുന്തമുന അവയുടെമേലുള്ള സാമ്രാജ്യത്വനിയന്ത്രണത്തിനു നേരെയാണ് എന്ന കാര്യം ഈ വിമര്‍ശകേസരികള്‍ മറന്നുപോയി. ബിടി കോട്ടണിന്റെ വ്യാപനത്തെ സിപിഐ എം എതിര്‍ക്കുന്നതും ഇക്കാരണത്താലാണ്.
ജനിതക വിത്തുകള്‍ മോസാന്റോപോലുളള കമ്പനികളുടെ നിയന്ത്രണത്തിലാകുമ്പോള്‍ എന്തെല്ലാം ദുരന്തങ്ങള്‍ സൃഷ്ടിക്കപ്പെടാമെന്നതിന്റെ തെളിവാണ് ഇന്ത്യയിലെ ബിടി കോട്ട. അതുകൊണ്ട് ജനിതക സാങ്കേതിക വിദ്യ ബഹുരാഷ്ട്ര കുത്തകകള്‍ക്കു വിട്ടുകൊടുക്കാതെ നമ്മുടെ സര്‍വകലാശാലകളും പഠനഗവേഷണ കേന്ദ്രങ്ങളും ഏറ്റെടുക്കണമെന്നാണ് പാര്‍ടിയുടെ നയം. കേന്ദ്രസര്‍ക്കാരാകട്ടെ, പൊതുമേഖലയെ ദുര്‍ബലപ്പെടുത്തി രണ്ടാം ഹരിതവിപ്ളവം ബഹുരാഷ്ട്ര കുത്തകകള്‍ക്ക് തീറെഴുതിക്കൊണ്ടിരിക്കുകയാണ്. ഗവേഷണഫണ്ടുകള്‍ വെട്ടിക്കുറച്ച് നമ്മുടെ സര്‍വകലാശാലകളെ മോസാന്റോയുടെയും മറ്റും വരുതിയിലാക്കുന്നതിന് അവര്‍ കൂട്ടുനില്‍ക്കുകയാണ്. ബിടി വഴുതന വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിന് അന്നുമിന്നും സിപിഐ എം എതിരാണ്.
മോസാന്റോ കമ്പനിയുടെ നിയന്ത്രണത്തിലാണ് ബിടി വഴുതന എന്നതു മാത്രമല്ല കാരണം. ഭക്ഷ്യവിളകളില്‍ ജനിതക വിത്തുകള്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഗൌരവമായ അഭിപ്രായവ്യത്യാസം ശാസ്ത്രലോകത്തുണ്ട്. അതിന്റെയടിസ്ഥാനത്തില്‍ പുതിയ ഇനങ്ങളുടെ ആരോഗ്യഫലം സംബന്ധിച്ച് വിശദമായ പഠനം പൂര്‍ത്തിയാകുന്നതുവരെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി പാടില്ല. മാത്രവുമല്ല, വഴുതനയുടെ ജൈവവൈവിധ്യകേന്ദ്രം ഇന്ത്യയാണ്. ഈ ജൈവവൈവിധ്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. ഇതാണ് പാര്‍ടിയുടെ നിലപാട്.
മേല്‍പ്പറഞ്ഞ നിലപാട് വിശദീകരിച്ച് ഞാന്‍ നടത്തിയ പത്രസമ്മേളനം രണ്ടു ചാനലിലെങ്കിലും ഹാസ്യപരിപാടികളില്‍ സ്ഥാനം പിടിച്ചു. മാരാരിക്കുളം വടക്കു പഞ്ചായത്ത് നടത്തിയ വഴുതനോത്സവത്തില്‍ പറഞ്ഞതിനു വിരുദ്ധമാണ് പുതിയ നിലപാട് എന്നാണ് വ്യാഖ്യാനം. ഒരു പത്രം നല്‍കിയ തലക്കെട്ട് "അന്ന് ഐസക് വഴുതന പൊക്കി, ഇന്നു വഴുതുന്നു, അന്തംവിട്ട് അണികള്‍'' എന്നായിരുന്നു. ചാനലുകളിലെയും പത്രങ്ങളിലെയും പലരും ആത്മാര്‍ഥമായി വിശ്വസിച്ചുതന്നെയാണ് ഇത്തരം വ്യാഖ്യാനങ്ങള്‍ ചമച്ചത്. വഴുതനോത്സവത്തിന്റെ രേഖകളൊന്ന് തപ്പിപ്പിടിച്ചു വായിക്കാന്‍ മെനക്കെട്ടിരുന്നെങ്കില്‍ ഈ മാധ്യമ സുഹൃത്തുക്കള്‍ക്ക് ഇങ്ങനെയൊരു അബദ്ധം പിണയില്ലായിരുന്നു.
ഏറ്റവും അര്‍ഥവത്തായ സംവാദമാണ് വഴുതനോത്സവവേദിയില്‍ നടന്നത്. രാജ്യത്തെ ഏറ്റവും പ്രാമാണികരായ പല ജനിതക ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ സംവാദത്തില്‍ പങ്കാളികളായി. സ്വാഭാവികമായും വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായി. പക്ഷേ, സംവാദത്തിന്റെ അവസാനം "മാരാരിക്കുളം വിജ്ഞാപനം'' എന്നൊരു രേഖ സമ്മേളനം അംഗീകരിച്ചു. ഇതിന്റെ പൂര്‍ണരൂപം പീപ്പിള്‍സ് ഡെമോക്രസി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ആ രേഖയില്‍ നിന്നു ചില പ്രസക്തഭാഗങ്ങള്‍ മാത്രം ഉദ്ധരിക്കട്ടെ;
"സമകാലീന ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ജനിതക സാങ്കേതിക വിദ്യക്ക് തങ്ങള്‍ എതിരല്ല എന്ന് ഗ്രാമപഞ്ചായത്ത് വ്യക്തമാക്കി. എന്നാല്‍, ഇവിടെ വിശദമായി ചര്‍ച്ചചെയ്ത ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഈ സാങ്കേതികവിദ്യ സംബന്ധിച്ച് മുന്‍കരുതല്‍ തത്വവും പൊതു ഉടമസ്ഥതയും പഞ്ചായത്ത് ഉയര്‍ത്തിപ്പിടിക്കുന്നു. ബിടി വഴുതനയുടെ കാര്യത്തില്‍ ഈ മുന്‍കരുതല്‍തത്വം പൂര്‍ണമായി കാറ്റില്‍ പറത്തിയിരിക്കുന്നു എന്നാണ് ഈ സെമിനാറിന്റെ ഏകകണ്ഠമായ അഭിപ്രായം. അമേരിക്കന്‍ കോര്‍പറേറ്റ് താല്‍പ്പര്യങ്ങള്‍ ഇതുസംബന്ധിച്ചുള്ള തീരുമാനങ്ങളെ ഗാഢമായി സ്വാധീനിച്ചിരിക്കുകയാണ്''.
ഇതിനുശേഷം ബിടി വഴുതന ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ചുള്ള മോസാന്റോ കമ്പനിയുടെ പരീക്ഷണഫലങ്ങളെ ചോദ്യംചെയ്യുകയും പുതിയ പഠനങ്ങളുടെ ആവശ്യകത ഉയര്‍ത്തുകയുംചെയ്തു.
"വഴുതന ജൈവവൈവിധ്യത്തിന്റെ പ്രഭവ കേന്ദ്രമായ ഇന്ത്യയില്‍ ബിടി വഴുതന സംബന്ധിച്ച് ഏറ്റവും കര്‍ശനമായ ജാഗ്രത'' പുലര്‍ത്തേണ്ടത് എന്തുകൊണ്ട് എന്നു രേഖ വിശദീകരിച്ചു. ഇതിനുശേഷം മോസാന്റോ കമ്പനിയുടെ വാണിജ്യതാല്‍പ്പര്യങ്ങളെയും കര്‍ഷകവിരുദ്ധ നിലപാടുകളെയും തുറന്നുകാണിച്ചു. ഇവയുടെ അടിസ്ഥാനത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരോഗ്യ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദമായ പഠനം പൂര്‍ത്തീകരിക്കുംവരെ വാണിജ്യാടിസ്ഥാനത്തില്‍ ബിടി വഴുതനകൃഷിക്ക് മോറട്ടോറിയം ആവശ്യപ്പെട്ടു. എങ്ങനെയാണ് ഈ വിജ്ഞാപനം പാര്‍ടി നിലപാടിനു വിരുദ്ധമാകുന്നത് എന്ന് വാര്‍ത്താചാനലുകളിലെ ഹാസ്യകലാകാരന്മാര്‍ ഒന്നു വിശദീകരിക്കുന്നത് നന്നായിരിക്കും.
പഠനകോഗ്രസിന്റെ സമാപന സമ്മേളനത്തില്‍ പാര്‍ടി സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പാര്‍ടി നിലപാട് അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമായി വിശദീകരിച്ചു. അപ്പോള്‍ "പിണറായി എസ് ആര്‍ പിയുടെ പ്രസ്താവനയെ മയപ്പെടുത്തി'' എന്നായി വ്യാഖ്യാനം.
ജനിതക സാങ്കേതികവിദ്യ സംബന്ധിച്ച് ഗൌരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വ്യത്യസ്ത നിലപാടുകള്‍ ഉണ്ട്. ഉല്‍പ്പാദനക്ഷമതയ്ക്കും കൃഷിച്ചെലവിനുംമേല്‍ എന്തു പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് പരീക്ഷണാടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണ്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ആവശ്യമായ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത്തരം വിഷയങ്ങളെക്കുറിച്ച് പഠനവും സംവാദവും വേണം. ഗവേഷണവും പരീക്ഷണങ്ങളും നടക്കണം. രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ആധുനിക സാങ്കേതികവിദ്യകളെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന അന്വേഷണത്തിനു നേരെ മുഖംതിരിക്കാന്‍ പാടില്ല.
സംവാദത്തിനു പകരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും പൊലിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ സമവായങ്ങള്‍ രൂപപ്പെടാനുളള സാധ്യതകള്‍ക്കു തുരങ്കം വയ്ക്കുന്നു. വികസന പദ്ധതികള്‍ക്കു തുരങ്കം വയ്ക്കുന്ന വിവാദങ്ങളെ കൊഴുപ്പിക്കുന്നതില്‍ മത്സരിക്കുന്ന മാധ്യമങ്ങള്‍ കേരള വികസനത്തിനു തടസ്സം നില്‍ക്കുകയാണ്.
Tuesday, January 4, 2011
റെയില്‍വെ കടത്തുകൂലി വര്‍ദ്ധനവ്:
യുപിഎ സര്‍ക്കാരിന്റെ മറ്റൊരു 'നവവല്‍സര സമ്മാനം'
2004ല്‍ അധികാരത്തില്‍ വന്ന ഒന്നാം യുപിഎ സര്‍ക്കാരിന് ഭരിക്കാന്‍ ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമുണ്ടായിരുന്നു. പ്രശ്നാധിഷ്ഠിതമായി ഇടതുപക്ഷം നല്‍കിയ പിന്തുണമൂലം ജനവിരുദ്ധനയങ്ങള്‍ തീവ്രതയോടെ അടിച്ചേല്‍പിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. കൊടിയ അഴിമതിയില്‍നിന്ന് വലിയ ഒരു പരിധിവരെ വിട്ടുനില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. മാത്രമല്ല പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തപ്പെട്ട ജനക്ഷേമകരമായ പദ്ധതികള്‍ ചിലതൊക്കെ മനസ്സില്ലാമനസ്സോടെയാണെങ്കിലും അവര്‍ക്ക് നടപ്പാക്കേണ്ടിവന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴില്‍ദാന പദ്ധതി തന്നെ അവയില്‍ മികച്ച ഉദാഹരണം.
നവരത്ന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍കരിക്കാനും ഇടതുപക്ഷ സമ്മര്‍ദ്ദംമൂലം മന്‍മോഹന്‍സിങ് സര്‍ക്കാരിന് സാധിച്ചില്ല. നെയ്വേലി ലിഗ്നൈറ്റ് കമ്പനിയെ അവര്‍ സ്വകാര്യവല്‍കരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും ഇടതുപക്ഷത്തിന്റെ ശക്തമായ നിലപാടുമൂലം അതില്‍നിന്ന് സര്‍ക്കാരിന് പിന്‍വലിയേണ്ടിവന്നു എന്നത് ചരിത്രം.
വിലക്കയറ്റത്തിന് കാരണമാകുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവില്‍നിന്ന് വലിയ ഒരു പരിധിവരെ സര്‍ക്കാരിനെ പിന്‍തിരിപ്പിക്കാനും ഇടതുപക്ഷ സമ്മര്‍ദ്ദത്തിന് സാധിച്ചു. എന്നാല്‍ ആ സര്‍ക്കാരിന്റെ അവസാനവര്‍ഷമായപ്പോഴേക്ക് സര്‍ക്കാര്‍ പൂര്‍ണമായും അമേരിക്കന്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടു. ഇന്ത്യയെ അമേരിക്കയുടെ തന്ത്രാത്മക പങ്കാളിയാക്കുന്ന ആണവക്കരാറില്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ഒപ്പിട്ടു. അതോടെ ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചു. എല്ലാ മര്യാദകളും മറന്ന് കുതിരക്കച്ചവടം അരങ്ങേറുന്ന കാഴ്ചയാണ് പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായത്. പല പാര്‍ടികളെയും എംപിമാരെയും സര്‍ക്കാര്‍ വിലയ്ക്കെടുത്തു. അങ്ങനെ അവിശ്വാസത്തെ അതിജീവിക്കാന്‍ അവര്‍ക്കു സാധിച്ചു.
ആണവക്കരാര്‍ വിഷയത്തിലാവട്ടെ ഇന്ത്യയിലെ ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാ സാധ്യതകളും ഉപയോഗിച്ചു. ആണവക്കരാര്‍ നടപ്പാക്കിയാല്‍ ഉടനെ തന്നെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കപ്പെടും, രാഷ്ട്രം വികസനത്തിന്റെ വഴിയില്‍ മുന്നേറും. ഇങ്ങനെപോയി ഉളുപ്പില്ലാത്ത പ്രചരണങ്ങള്‍. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിനും അതില്‍നിന്ന് ഊര്‍ജ്ജം ലഭിക്കുന്നതിനും രണ്ട് രണ്ടര പതിറ്റാണ്ട് കാലതാമസമുണ്ട്. മാത്രമല്ല രാഷ്ട്രത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ വെറും ഏഴു ശതമാനമേ അതില്‍നിന്ന് ലഭിക്കൂ. അതിനാവട്ടെ യൂണിറ്റ് ഒന്നിന് ഇപ്പോഴത്തെ നിരക്കില്‍ 12 രൂപയെങ്കിലും ഉല്‍പാദനച്ചെലവുണ്ടാകും. ഇപ്പോള്‍ ജലവൈദ്യുതി പദ്ധതിയില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ യൂണിറ്റ് ഒന്നിന് 3 രൂപയാണ് ചെലവാകുക. പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിച്ചാലും അത്രയും രൂപയേ ആകൂ എന്നാണ് കണക്ക്. ഇറാനുമായി വാതകക്കരാര്‍ ഒപ്പുവെച്ചിരുന്നെങ്കില്‍ പ്രകൃതിവാതകം സുലഭമായി ലഭിക്കുമായിരുന്നു. അതില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നതുമൂലം രാഷ്ട്രത്തിന് വന്‍ പുരോഗതി ഉണ്ടാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട മന്‍മോഹന്‍ സര്‍ക്കാര്‍ ഇറാനുമായുള്ള വാതക പദ്ധതി വഴിയില്‍ ഉപേക്ഷിച്ചു. ഈ വസ്തുതകളെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒറ്റമൂലിയായി ആണവക്കരാറിനെ അവതരിപ്പിച്ചത്.
ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതോടെ അഴിമതിക്കാര്‍ വെറുതെയിരുന്നില്ല. 1.76 ലക്ഷം കോടി രൂപയുടെ സ്പെക്ട്രം അഴിമതിക്ക് തുടക്കമിട്ടത് ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന വര്‍ഷമായിരുന്നല്ലോ? അന്നേ അത് സിപിഐ എമ്മും മറ്റ് ഇടതുപക്ഷകക്ഷികളും ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യധാരാ മാധ്യമങ്ങള്‍ അത് അവഗണിക്കുകയായിരുന്നു.
ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ സമ്മര്‍ദ്ദംമൂലം ജനവിരുദ്ധനയങ്ങള്‍ തീവ്രതയോടെ അടിച്ചേല്‍പിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴത്തെപ്പോലെ മറയില്ലാതെ അഴിമതി കാണിക്കാനും സാധിച്ചില്ല. അതുകൊണ്ടാണ് രണ്ടാമതും യുപിഎക്ക് അധികാരത്തിലേറാന്‍ സാധിച്ചത്.
2009 മേയില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരമേറ്റതോടെ അവര്‍ തനിനിറം ശരിക്കും പുറത്തെടുത്തു. ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ അഴിമതി പരമ്പരകള്‍ തന്നെ നടത്തി. സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ളാറ്റ്, ഐപിഎല്‍ അഴിമതി... അങ്ങനെ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ ഉള്‍പ്പെട്ട കുംഭകോണങ്ങളുടെ പരമ്പര തന്നെ പുറത്തുവന്നു.
യാതൊരു തത്വദീക്ഷയുമില്ലാതെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റു. കോര്‍പറേറ്റുകള്‍ക്ക് കണക്കറ്റ നികുതി ആനുകൂല്യങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തന്നെ ഏതാണ്ട് അഞ്ചുലക്ഷം കോടി രൂപയുടെ ആനുകൂല്യങ്ങളാണ് കോര്‍പറേറ്റുകള്‍ക്ക് ലഭിച്ചത്. സാധാരണക്കാരുടെമേല്‍ അമിതമായ വിലക്കയറ്റവും മറ്റ് ജീവിതഭാരവും അടിച്ചേല്‍പിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇതൊക്കെ ചെയ്തത്.
ജനങ്ങള്‍ക്കുനേരെയുള്ള ഏറ്റവും രൂക്ഷമായ ആക്രമണം പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കുമേല്‍ ഉള്ള വിലവര്‍ദ്ധനവിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയത്. 2009 മെയ് മാസത്തില്‍ അധികാരമേറ്റതുമുതല്‍ ഈ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 9 തവണകളായി 15 രൂപയാണ് പെട്രോളിന് മാത്രമായി വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നരമാസം പിന്നിട്ടപ്പോള്‍ തന്നെ ജനങ്ങള്‍ക്കുകനത്ത പ്രഹരം നല്‍കി. 2009 ജൂലൈ ഒന്നിന് പെട്രോളിന് 4 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 2 രൂപയും. 2010 ഫെബ്രുവരിയില്‍ അവതരിപ്പിച്ച പൊതുബജറ്റിലൂടെയായി അടുത്ത ആക്രമണം. 2 രൂപ 71 പൈസയാണ് ഇക്കുറി പെട്രോളിന് വര്‍ദ്ധിപ്പിച്ചത്. ഡീസലിനാവട്ടെ 2 രൂപ 55 പൈസയും.
2010 ജൂണോടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം സര്‍ക്കാര്‍ കയ്യൊഴിഞ്ഞു. അതോടെ 3 രൂപ 50 പൈസയാണ് പെട്രോളിന് വര്‍ദ്ധിപ്പിച്ചത്. ഡീസലിന് 2 രൂപയും മണ്ണെണ്ണയ്ക്ക് ലിറ്ററിന് മൂന്ന് രൂപയും പാചകവാതകം സിലിണ്ടര്‍ ഒന്നിന് 35 രൂപയും വര്‍ദ്ധിപ്പിച്ചു. 2010 സെപ്തംബര്‍ 7ന് പെട്രോളിന് വീണ്ടും 10 പൈസയും ഡീസലിന് 18 പൈസയും വര്‍ദ്ധിപ്പിച്ചു. സെപ്തംബര്‍ 15ന് പെട്രോളിന് വീണ്ടും 29 പൈസയും ഡീസലിന് 22 പൈസയും വര്‍ദ്ധിപ്പിച്ചു.
സെപ്തംബര്‍ 20ന് പെട്രോളിന്റെ വില വീണ്ടും 27 പൈസ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ഒക്ടോബര്‍ 17ന് പെട്രോളിന് വീണ്ടും 72 പൈസ വര്‍ദ്ധിപ്പിച്ചു. നവംബര്‍ 9നാകട്ടെ 32 പൈസ വര്‍ദ്ധിപ്പിച്ചു. ഡിസംബര്‍ 15ന് വീണ്ടും 3 രൂപ 18 പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.
രണ്ടാംയുപിഎ അധികാരമേറ്റിട്ട് ഒന്നരവര്‍ഷം പിന്നിട്ടതേയുള്ളൂ. ഈ ചെറിയ കാലയളവിനുള്ളില്‍ പെട്രോളിന് 15 രൂപയാണ് വര്‍ദ്ധിച്ചത്. ഡീസലിന് 6 രൂപ 95 പൈസയും.
വിലക്കയറ്റംകൊണ്ട് ജീവിതം തന്നെ മുമ്പോട്ടുകൊണ്ടുപോകാന്‍ ആവാത്ത അവസ്ഥയിലാണ് സാധാരണക്കാരും ദരിദ്ര ജനകോടികളും. അവരുടെ ദുരിതങ്ങളെ പതിന്മടങ്ങ് തീവ്രമാക്കുന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന റെയില്‍വെ കടത്തുകൂലി വര്‍ദ്ധനവ്. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ എക്സിക്യൂട്ടീവ് ഓര്‍ഡറിനെ തുടര്‍ന്ന് ഡിസംബര്‍ 27 മുതല്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍, സിമന്റ്, കല്‍ക്കരി, ഉരുക്ക്, ഇരുമ്പ്, കാലിത്തീറ്റ ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ റെയില്‍വെ കടത്തുകൂലി 4 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ ഇടവരുത്തും.
കേരളത്തെപ്പോലെയുള്ള ഉപഭോക്തൃ സംസ്ഥാനത്തെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുക. സംസ്ഥാനത്തിനാവശ്യമായ അരി ആന്ധ്രയില്‍നിന്നും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുമാണ് വരേണ്ടത്. ഗോതമ്പ് പഞ്ചാബില്‍നിന്നാണ് എത്തേണ്ടത്. ഉള്ളി, ഉരുളക്കിഴങ്ങ്, സവാള, പച്ചക്കറികള്‍, പാല്‍, മുട്ട, ഇറച്ചി എന്നുവേണ്ട എല്ലാ നിത്യോപയോഗ സാധനങ്ങളും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തണം. റെയില്‍വെ ചരക്കുകൂലി കൂടുന്നതോടെ ഇവയുടെയെല്ലാം വില വര്‍ദ്ധിക്കും. പെട്രോളിയം ഉല്‍പന്നങ്ങളുടെ കടത്തുകൂലി കൂടുന്നതിനെ തുടര്‍ന്ന് അതിന്റെ വില ഇനിയും ഉയരും. അത് മറ്റ് എല്ലാ രംഗങ്ങളിലും വിലക്കയറ്റത്തിനിടയാക്കും.
സിമന്റിന്റെയും കമ്പിയുടെയും വില വര്‍ദ്ധനവുമൂലം നിര്‍മ്മാണമേഖല പ്രതിസന്ധിയെ നേരിടുകയാണ്. അപ്പോഴാണ് സിമന്റിനും ഉരുക്കിനും ഇരുമ്പയിരിനും 4 ശതമാനം കടത്തുകൂലി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. അതോടെ ആ മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്ക് സര്‍ക്കാര്‍ എടുത്തെറിഞ്ഞിരിക്കുകയാണ്.
കല്‍ക്കരിയുടെ കടത്തുകൂലിയിലും നാലുശതമാനത്തിന്റെ വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. താപവൈദ്യുത നിലയങ്ങളില്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നത് കല്‍ക്കരിയാണ്. കല്‍ക്കരിയുടെ വില വര്‍ദ്ധിക്കുന്നതോടെ സ്വാഭാവികമായും വൈദ്യുതി ഉല്‍പാദനച്ചെലവ് കൂടുന്നു. ജനങ്ങള്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. വൈദ്യുതി വില വര്‍ദ്ധിക്കുന്നത് വ്യവസായ സ്ഥാപനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഉന്തിനൊപ്പം ഒരു തള്ളുകൂടി എന്നു പറയുന്നതുപോലെ പെട്രോളിയം ഉല്‍പന്നങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവിനൊപ്പം റെയില്‍വെ കടത്തുകൂലിയിലുള്ള വര്‍ദ്ധനവ് കൂടിയായതോടെ രാജ്യം കടുത്ത നാണയപ്പെരുപ്പത്തിലേക്കാണ് പതിക്കാന്‍ പോകുന്നത്.
ജനങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുന്നതില്‍, അവര്‍ക്ക് താങ്ങാനാവാത്ത ഭാരം അടിച്ചേല്‍പിക്കുന്നതില്‍ എന്തെന്നില്ലാത്ത ആനന്ദം ആണ് യുപിഎ സര്‍ക്കാര്‍ അനുഭവിക്കുന്നത്. ശരിക്കും സാഡിസ്റ്റുകളുടെ മനോവൈകല്യം. വില വര്‍ദ്ധനവിനിടയാക്കുന്ന കാര്യങ്ങള്‍ പാര്‍ലമെന്റ് സമ്മേളനം സമാപിച്ചു കഴിയുമ്പോഴാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നതാണ് ഏറെ കൌതുകകരം.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പെട്രോളിന് 3 രൂപ 18 പൈസ വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ റെയില്‍വെ യാത്രാകൂലി വര്‍ദ്ധിപ്പിച്ചതും പാര്‍ലമെന്റ് കൂടാത്ത വേളയിലാണ്. റെയില്‍വെ/ പൊതുബജറ്റുകള്‍ അവതരിപ്പിക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോഴാണ് ധൃതിപിടിച്ചുള്ള ഇപ്പോഴത്തെ ഉത്തരവ് എന്ന് ഓര്‍ക്കുക. പാര്‍ലമെന്റില്‍ ഉണ്ടാവേണ്ട പ്രതിഷേധത്തെ മറികടക്കാനുള്ള കുറുക്കുവഴിയായാണ് യുപിഎ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഇതൊക്കെ.
കഴിഞ്ഞ പൊതു ബജറ്റിനുശേഷം 1,30,000 കോടി രൂപയാണ് എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ അധികനികുതിയായി അടിച്ചേല്‍പിച്ചത്.
യുപിഎ സര്‍ക്കാരിനുമുമ്പില്‍ കോര്‍പറേറ്റുകളുടെയും അമേരിക്കയുടെയും താല്‍പര്യമേയുള്ളൂ. ജനങ്ങളോ അവരുടെ താല്‍പര്യങ്ങളോ പ്രശ്നമേ അല്ല എന്നാണ് ഓരോ ദിവസം ചെല്ലുന്തോറും അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ നല്‍കിയ അധികാരം ഗര്‍വ്വോടെ അവരുടെ തലയ്ക്കിട്ടുതന്നെ പ്രഹരിക്കാന്‍ ഉപയോഗിക്കുകയാണ് യുപിഎ സര്‍ക്കാര്‍. സര്‍ക്കാരിന്റെ മറ്റൊരു 'നവവല്‍സര സമ്മാന'മാണിത്.ഗിരീഷ് ചേനപ്പാടി