Saturday, November 28, 2009

വില്‍പ്പനാവകാശത്തോടെ ഭൂമി നല്‍കില്ല: മുഖ്യമന്ത്രി

വില്‍പ്പനാവകാശത്തോടെ ഭൂമി നല്‍കില്ല: മുഖ്യമന്ത്രി

കൊച്ചി: ഒരിഞ്ചു ഭൂമിപോലും വില്‍പ്പനാവകാശത്തോടെ കൈമാറില്ലെന്ന സര്‍ക്കാര്‍നിലപാട് ടീകോം അംഗീകരിച്ചില്ലെങ്കില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പാക്കാന്‍ മറ്റു മാര്‍ഗം തേടുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആയിരത്തില്‍പ്പരം ഏക്കര്‍ സ്ഥലത്ത് ഐടി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന സംസ്ഥാനസര്‍ക്കാരിന് കാക്കനാട്ട് സ്മാര്‍ട്ട്സിറ്റിക്കായി ഏറ്റെടുത്ത 246 ഏക്കറിലും അതുചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട്സിറ്റിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിഭാവനംചെയ്തതുപോലെ മുന്നോട്ടുപോയിട്ടില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉണ്ടാക്കിയ കരാറില്‍ അടിസ്ഥാനപരമായ ഇളവുകള്‍ വേണമെന്ന ടീകോമിന്റെ ആവശ്യമാണ് പദ്ധതി വൈകാനിടയാക്കിയത്. ഒരിഞ്ചു ഭൂമിപോലും വില്‍പ്പനാവകാശത്തോടെ നല്‍കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് ടീകോമിനെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് യോജിക്കാനായില്ലെങ്കില്‍ അല്‍പ്പം വൈകിയാലും ഏറ്റെടുത്ത ഭൂമിയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുതന്നെ നിര്‍ദിഷ്ട സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പാക്കും. ഐടി മേഖലയില്‍ സര്‍ക്കാരിന്റെ നേരിട്ടുളള നിക്ഷേപം 10,000 കോടിയായി ഉയര്‍ത്തും. മൂന്നരവര്‍ഷവും സംസ്ഥാനത്തെ ഐടി മേഖലയുടെ സുവര്‍ണകാലമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ രണ്ട് ഐടി പാര്‍ക്കുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പത്തെണ്ണമായി. 15 വര്‍ഷത്തിനിടെ വികസിപ്പിച്ചതിന്റെ ഇരട്ടി ഭൂമി ടെക്നോപാര്‍ക്കില്‍ വികസിപ്പിച്ചു. ടെക്നോപാര്‍ക്കിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെയും കെട്ടിടവിസ്തൃതി മൂന്നുമടങ്ങ് വര്‍ധിച്ചു. കമ്പനികളുടെ എണ്ണവും ഇരട്ടിയായി. തൊഴിലാളികളുടെ എണ്ണം 50 ശതമാനം കൂടി. കഴിഞ്ഞവര്‍ഷം ഐടി കയറ്റുമതി 70 ശതമാനം വളര്‍ച്ചനിരക്ക് നേടി. മാന്ദ്യത്തെ അതിജീവിക്കാന്‍ ഐടി കമ്പനികള്‍ക്ക് വാടകയിനത്തില്‍ 50 ശതമാനം ഇളവും നല്‍കി. ഐടി മേഖലയുടെ അടിസ്ഥാനവികസനത്തിന് പ്രത്യേക കമ്പനി രൂപീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ പേരില്‍ മുന്‍ സര്‍ക്കാര്‍ വിറ്റുതുലയ്ക്കാനിരുന്ന ഇന്‍ഫോ പാര്‍ക്കിന്റെ ഗുണഫലങ്ങളാണ് ഇപ്പോള്‍ലഭിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സോഫ്റ്റ്വെയര്‍ കയറ്റുമതി 80 കോടിയില്‍നിന്ന് 480 കോടിയായി ഉയര്‍ന്നു. ടെക്നോപാര്‍ക്കിനെ ലോകോത്തര ഐടി പാര്‍ക്ക് ആക്കാനുള്ള മൂന്നാംഘട്ട വികസനപദ്ധതി നടപ്പാക്കുകയാണ്. 2012ഓടെ ഒരുകോടി ചതുരശ്ര അടി കെട്ടിടവും ഒരുലക്ഷം പ്രൊഫഷണലുകളുമുള്ള സ്ഥാപനമായി മാറും. അനുബന്ധമായി 507 ഏക്കറില്‍ ടെക്നോസിറ്റിയുടെ നിര്‍മാണവും ത്വരിതഗതിയില്‍ നടക്കുകയാണെന്ന് വി എസ് പറഞ്ഞു.

1 comment:

poor-me/പാവം-ഞാന്‍ said...

എല്ലാം കേരളത്തിന്റെ നന്മക്കായി ഭവിക്കട്ടെ...
http://paatha-thelichch.blogspot.com