Tuesday, November 3, 2009

മാധ്യമങ്ങളെ ആര് വിലക്കി?

മാധ്യമങ്ങളെ ആര് വിലക്കി?

ഊതിപ്പെരുപ്പിക്കുന്ന വാര്‍ത്തകള്‍ പ്രതികരണം സൃഷ്ടിച്ചും പ്രത്യാഘാതത്തെക്കുറിച്ച് കഥകള്‍ നെയ്തും രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നൊരു വാര്‍ത്ത മലയാളമനോരമ കൊണ്ടുവരികയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന സിപിഐ എമ്മിന്റെയും മാധ്യമവിരോധമാണ് നിയന്ത്രണങ്ങള്‍ക്കു പിന്നിലെന്ന് വ്യാഖ്യാനമുണ്ടാവുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഒരു നിയന്ത്രണവുമില്ലെന്നും വരുത്താന്‍ ഉദ്ദേശ്യമില്ലെന്നും അത്തരമൊന്ന് ചര്‍ച്ചചെയ്തിട്ടുപോലുമില്ലെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിട്ടും വിവാദക്കാര്‍ നിര്‍ത്തുന്നില്ല. യഥാര്‍ഥത്തില്‍ മാധ്യമങ്ങളെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കുന്ന ഒന്നുംതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആകെ സംഭവിച്ചത്, നിലവിലുള്ള വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിച്ച് പൊതുഭരണവകുപ്പിന്റെ ഒരു സര്‍ക്കുലര്‍ ഇറങ്ങി എന്നതുമാത്രമാണ്. അതാകട്ടെ മാധ്യമങ്ങളെ വിലക്കുന്നതല്ല; തന്നിഷ്ടപ്രകാരം പത്രസമ്മേളനം നടത്തുകയും വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥതലത്തിലെ അനാശാസ്യമായ പ്രവണത നിയന്ത്രിക്കുന്നതിനുള്ളതാണ്. സര്‍ക്കാരിനെതിരായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നത് ഉദ്യോഗസ്ഥരുടെ പണിയല്ല. അത് ഒരു വ്യവസ്ഥയിലും അംഗീകരിക്കാനാകുന്നതുമല്ല. നിങ്ങള്‍ പത്രസമ്മേളനം നടത്തരുത് എന്നല്ല, അങ്ങനെ നടത്തുന്നതിന് ഒരു വ്യവസ്ഥ വേണം എന്നാണ് സര്‍ക്കാര്‍സര്‍ക്കുലര്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെടുന്നത്. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് രഹസ്യമായി വിവരം ചോര്‍ത്തി നല്‍കുന്നതും ഒന്നോ രണ്ടോ ആളുകളെ വിളിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതും ആശാസ്യമല്ല. പബ്ളിക് റിലേഷന്‍സ് വകുപ്പ് ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവരങ്ങള്‍ നല്‍കാനുള്ളതാണ്. വിവര-പൊതുജന സമ്പര്‍ക്കവകുപ്പ് എന്നാണതിന്റെ ഔദ്യോഗിക പേര്. ആ വകുപ്പിന്റെ പണി എല്ലാ ഉദ്യോഗസ്ഥരും ഏറ്റെടുത്താല്‍ നാട്ടില്‍ ഭരണം നടക്കുമോ? തോന്നുന്നവര്‍ക്കെല്ലാം പത്രസമ്മേളനം വിളിക്കാമെന്നായാല്‍ സര്‍ക്കാരിന് മുന്നോട്ടുപോകാനാകുമോ? വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിന്റെ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാകും. അത് സംസ്ഥാന സര്‍ക്കാര്‍ വിലക്കിയിട്ടില്ല; വിലക്കാനാവുകയുമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏത് വിവരം ലഭ്യമാകാനും ആ നിയമത്തിന്റെ സൌകര്യം ഉപയോഗിക്കാവുന്നതേയുള്ളൂ. നേരിന്റെ കണ്ണാടി ഉടയ്ക്കരുതെന്ന് ഞങ്ങളുടെ ഒരു സഹജീവി വിലപിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പും പത്രമാരണനയങ്ങളും അടിച്ചേല്‍പ്പിച്ചപ്പോള്‍ അതിനൊപ്പംനിന്ന് അതിന്റെ ആനുകൂല്യം പറ്റി മാധ്യമ പ്രവര്‍ത്തനത്തെ നാണക്കേടിന്റെ പര്യായമാക്കി മറ്റിയവര്‍ ഇപ്പോള്‍ മാധ്യമസ്വാതന്ത്യ്രത്തിന്റെയും നേരിന്റെയും വക്താക്കളായി അവതരിക്കുന്നത് നല്ല മാറ്റംതന്നെ. മാധ്യമങ്ങളെ ഒരു നിയന്ത്രണവുമില്ലാതെ വിടുന്നത് ശരിയാണോ എന്ന ആത്മപരിശോധനയും നല്ലതാണ്. നാട്ടില്‍ 'പ്രസ്' സ്റിക്കറൊട്ടിച്ച് ആയിരക്കണക്കിനു വണ്ടി ഓടുന്നു. മത്സ്യം കൊണ്ടുപോകുന്ന വണ്ടിക്കുവരെ പ്രസ് സ്റിക്കറുണ്ട്- യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി 'പ്രസ്' സ്റിക്കര്‍ ഒട്ടിക്കാനുള്ള സ്വാതന്ത്യ്രം പരിമിതപ്പെടുത്തേണ്ടതല്ലേ? മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കാത്ത ഒട്ടേറെ പേര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പൊതുസൌകര്യങ്ങള്‍ ദുരുപയോഗിക്കുകയും പ്രസ് റൂമുകള്‍ കൈയടക്കുകയും ചെയ്യുന്നുണ്ട്- അത്തരക്കാരെ പറഞ്ഞുവിടേണ്ടതല്ലേ? മാധ്യമങ്ങള്‍ക്ക് പ്രത്യേക താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥര്‍ വാര്‍ത്തകളിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും താരങ്ങളായി മാറുകയും ഉപകാരസ്മരണയായി സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് യഥേഷ്ടം നല്‍കുകയും ചെയ്യുന്നത് ഏത് സര്‍ക്കാരിനാണ് കണ്ടില്ലെന്നു നടിക്കാനാവുക? ഏത് സ്വതന്ത്ര മാധ്യമത്തിനാണ് അതിനെ അനുകൂലിച്ച് പറയാനാവുക? ചിലര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മിടുക്കുകാട്ടിയും വിവരങ്ങള്‍ ശേഖരിച്ച് സ്വന്തമാക്കി മാറ്റുന്നു. എല്ലാവരും അറിയേണ്ട കാര്യങ്ങള്‍ ഒരു പ്രത്യേക പത്രത്തിന്റെയോ ചാനലിന്റെയോ എക്സ്ക്ളൂസീവ് വാര്‍ത്തയായി ചുരുങ്ങിപ്പോകുന്നു. അത്തരം വിവരങ്ങള്‍ സര്‍ക്കാരിന് ജനങ്ങളെ അറിയിക്കാനുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ലഭിച്ചിരിക്കണമെന്ന് ശഠിക്കുന്നതില്‍ എന്താണ് തെറ്റ്? സര്‍ക്കാരിനെതിരായി പത്രസമ്മേളനം നടത്താനോ വാര്‍ത്തകള്‍ നല്‍കാനോ ഏതെങ്കിലും നാട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ? ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും വരുത്തുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പൊള്ളുന്നതെന്തിന്? "മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും അസൌകര്യം തോന്നിയാല്‍, അക്കാര്യം അറിയിച്ചാല്‍ പരിഹരിക്കാം'' എന്നാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുള്ളത്. പുതുക്കിയ സര്‍ക്കുലറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ ചര്‍ച്ചചെയ്യാമെന്നും പരിഹരിക്കാമെന്നും മുഖ്യമന്ത്രിതന്നെ തുറന്ന മനസ്സോടെ പറഞ്ഞിരിക്കെ ഇപ്പോള്‍ മനോരമയും മറ്റും നടത്തുന്ന വികാരപ്രകടനത്തിന് അത് അച്ചടിച്ച കടലാസിന്റെ വില കല്‍പ്പിക്കാനാകുമോ? മനോരമവാര്‍ത്ത കണ്ടയുടന്‍ മാധ്യമ സ്വാതന്ത്യ്രസംരക്ഷകരായി രംഗത്തിറങ്ങിയ രമേശ് ചെന്നിത്തലയെയും എം വി രാഘവനെയും പോലുള്ളവരെ വിട്ടുകളയാം. താന്‍ ഒരു കേന്ദ്രമന്ത്രിയാണെന്നുള്ള ഓര്‍മയില്ലാതെ കോഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റിന്റെ നിലവാരത്തില്‍ പ്രതികരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് പരാമര്‍ശിക്കാതെ വയ്യ. അടിയന്തരാവസ്ഥക്കാലത്ത് പത്രമാരണം നടപ്പാക്കുമ്പോള്‍ അതിന് ഹല്ലേലുയ്യ പാടാന്‍ താനുമുണ്ടായിരുന്നു എന്നതും അദ്ദേഹം മറന്നുപോയി. മുല്ലപ്പള്ളി മന്ത്രിപദത്തിലിരിക്കുന്ന ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്രത്തോളം സ്വാതന്ത്യ്രമുണ്ടെന്ന് അദ്ദേഹം അന്വേഷിക്കുന്നത് നല്ലതാണ്. ഏത് മന്ത്രിയുടെ ഓഫീസിലാണ് പത്രപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി കടന്നുചെല്ലാനാവുക? പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രമെടുക്കാന്‍പോലും അവിടെ അക്രഡിറ്റേഷനുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കടന്നുചെല്ലാനാകുമോ? കേരളത്തിലേതായാലും അത്തരം വിലക്കുകളൊന്നുമില്ല. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരായി എഴുതുന്നതുകൊണ്ട് അവര്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള അവിവേകവും ഇവിടെയാര്‍ക്കുമില്ല. ഉദ്യോഗസ്ഥതലത്തില്‍ എന്തെങ്കിലും ഉത്തരവിറങ്ങുകയും അതില്‍ പരാതിയുണ്ടാവുകയും ചെയ്താല്‍ ആക്രോശത്തിന്റേതല്ല, കൂടിയാലോചനയുടേതാണ് പരിപക്വമായ വഴിയെന്ന് മനസ്സിലാക്കി ആ വഴിയേ പോകാന്‍ ഞങ്ങളുടെ മാന്യ സഹജീവികളോടഭ്യര്‍ഥിക്കുന്നു.
Dashabhimani

2 comments:

ജനശബ്ദം said...

മാധ്യമങ്ങളെ ആര് വിലക്കി?

ഊതിപ്പെരുപ്പിക്കുന്ന വാര്‍ത്തകള്‍ പ്രതികരണം സൃഷ്ടിച്ചും പ്രത്യാഘാതത്തെക്കുറിച്ച് കഥകള്‍ നെയ്തും രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നൊരു വാര്‍ത്ത മലയാളമനോരമ കൊണ്ടുവരികയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന സിപിഐ എമ്മിന്റെയും മാധ്യമവിരോധമാണ് നിയന്ത്രണങ്ങള്‍ക്കു പിന്നിലെന്ന് വ്യാഖ്യാനമുണ്ടാവുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഒരു നിയന്ത്രണവുമില്ലെന്നും വരുത്താന്‍ ഉദ്ദേശ്യമില്ലെന്നും അത്തരമൊന്ന് ചര്‍ച്ചചെയ്തിട്ടുപോലുമില്ലെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിട്ടും വിവാദക്കാര്‍ നിര്‍ത്തുന്നില്ല. യഥാര്‍ഥത്തില്‍ മാധ്യമങ്ങളെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കുന്ന ഒന്നുംതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആകെ സംഭവിച്ചത്, നിലവിലുള്ള വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിച്ച് പൊതുഭരണവകുപ്പിന്റെ ഒരു സര്‍ക്കുലര്‍ ഇറങ്ങി എന്നതുമാത്രമാണ്. അതാകട്ടെ മാധ്യമങ്ങളെ വിലക്കുന്നതല്ല; തന്നിഷ്ടപ്രകാരം പത്രസമ്മേളനം നടത്തുകയും വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥതലത്തിലെ അനാശാസ്യമായ പ്രവണത നിയന്ത്രിക്കുന്നതിനുള്ളതാണ്.

Joker said...

ഈ ചൊല്ല് ഇന്നത്തെ സാഹചര്യത്തില്‍ പറയാമോ എന്നറിയില്ല എന്നാലും പറയുകയാണ്. മലയാള പത്ര വേഷ്യകള്‍ ഇപ്പോള്‍ ചാരിത്യ പ്രസംഗം നട്റ്റത്തുകയാണ്. കോണ്‍ഗ്രസ്സും ചാരിത്യ പ്രസംഗം നടത്തുന്നു. പത്രങ്ങളുടെ വായ മൂടികെട്ടിയും മാധ്യമ സ്വാതന്ത്യം ഹനിച്ചും നടത്തിയ നരനായാടിന്റെ ആളുകള്‍ തന്നെ ഈ ചാരിത്യ പ്രസംഗം നടത്തുന്നതില്‍ ഹരമുണ്ട്. തീര്‍ച്ചയായും മാധ്യമങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. നിക്ഷപക്ഷരാവേണ്ട ഉദ്യോഗസ്ഥരും മറ്റും ഒന്നു പറഞ്ഞ് രണ്ടാമത്തേതിന്പത്ര സമ്മേളനം നട്റ്റത്തുന്ന പുലയാട്ട് അവസാനിക്കേണ്ട്റ്റതുണ്ട്. ഒരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തകള്‍ നല്‍കി സമൂഹത്തില്‍ ചിദ്രതയുണ്ട്റ്റാക്കുന്നതില്‍ മുന്‍ പന്തിയിലാണ് പല മാധ്യമങ്ങളും. പല വസ്തുതകളും ബന്ധപ്പെട്ട്റ്റ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കാന്‍ പല മാധ്യമ ഡിറ്റക്ടീവുകളും തയ്യാറല്ല. പല, പത്രങ്ങളും ഉച്ച പത്രത്തോളം തരം താഴുകയും ചെയ്യുന്നു.