Wednesday, June 15, 2011

സഭകളില്‍ മുഴങ്ങേണ്ടത് ക്രിസ്തുവിന്റെ ശബ്ദം: അഴീക്കോട്

സഭകളില്‍ മുഴങ്ങേണ്ടത് ക്രിസ്തുവിന്റെ ശബ്ദം: അഴീക്കോട്


മലപ്പുറം: ക്രൈസ്തവ സഭകളില്‍ മുഴങ്ങേണ്ടത് ക്രിസ്തുവിന്റെ ശബ്ദമാണെന്ന് ഡോ. സുകുമാര്‍ അഴീക്കോട്. കോട്ടക്കല്‍ അനശ്വര ഓഡിറ്റോറിയത്തില്‍ "ഇ എം എസിന്റെ ലോകം" ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സഭകള്‍ ളോഹയണിഞ്ഞ പുരോഹിതരുടെ ശരണകേന്ദ്രം മാത്രമായി ചുരുങ്ങരുത്. തെരഞ്ഞെടുപ്പ് അടുത്താല്‍ ചില പുരോഹിതരുടെ പ്രധാന ജോലി ഇടയലേഖനം എഴുതലാണ്. ക്രൈസ്തവ ലോകത്ത് ഒരു ഇടയനേയുള്ളൂ, അത് ക്രിസ്തുവാണ്. പുരോഹിതര്‍ എഴുതുന്ന പീറക്കടലാസുകള്‍ ഇടയലേഖനമെന്ന് പറയരുത്. യഥാര്‍ഥ ഇടയലേഖനങ്ങള്‍ ഇവര്‍ക്കു മുമ്പെ എഴുതപ്പെട്ടുകഴിഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഭയമില്ലാതെ പറയാന്‍ കരുത്തുപകരുന്നത് ഇ എം എസിനെപ്പോലുള്ളവരാണ്. യുപിഎ എന്നത് മധുരതരമായ പദമാണ്. എന്നാല്‍ , ഒളിച്ചുവച്ച കപട ആദര്‍ശങ്ങളുടെ കൂടാരമാണത്. അഴിമതിയെ സൗന്ദര്യാര്‍ധക വസ്തുക്കള്‍ ഉപയോഗിച്ച് മിനുസപ്പെടുത്താനാണ് ചിലരുടെ ശ്രമം. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രയോഗിക്കാന്‍ ആളില്ലാതെ വന്നപ്പോഴാണ് സോണിയാഗാന്ധിയെ പോലുള്ളവര്‍ കോണ്‍ഗ്രസിനെ നയിക്കാനാരംഭിച്ചത്. കേരളീയ സമൂഹത്തെ ഉറങ്ങാന്‍ അനുവദിക്കാത്ത നേതാവായിരുന്നു ഇ എം എസ്. നിരന്തരമായ ചോദ്യങ്ങളും വ്യാഖ്യാനങ്ങളും വിശകലനങ്ങളുംകൊണ്ട് അദ്ദേഹം നമ്മുടെ ഉറക്കം കെടുത്തി. രാഷ്ട്രീയ നേതൃത്വം അര്‍ധസുഷുപ്തിയിലും സുഖനിദ്രയിലും അഭിരമിക്കുന്ന ഈ കാലഘട്ടത്തില്‍ നിതാന്ത ജാഗ്രതയുടെ സന്ദേശമാണ് ഇ എം എസിന്റെ ജീവിതം സമ്മാനിക്കുന്നതെന്നും അഴീക്കോട്പറഞ്ഞു.

No comments: