Wednesday, June 15, 2011

ആപ്പിള്‍ രുചിയറിഞ്ഞ് പൊലീസും മാധ്യമങ്ങളും

ആപ്പിള്‍ രുചിയറിഞ്ഞ് പൊലീസും മാധ്യമങ്ങളും


ഐജി ബി സന്ധ്യയുടെ ബന്ധുവായ വിദേശമലയാളിസ്ത്രീ ആപ്പിളിനെതിരെ രണ്ടുവര്‍ഷം മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 2006ല്‍ ആറുലക്ഷം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ളാറ്റ് നല്‍കിയില്ലെന്നായിരുന്നു പരാതി. ആപ്പിള്‍ ഉടമകളെ സ്റ്റേഷനില്‍ വിളിപ്പിച്ച് പണം തിരികെ വാങ്ങിനല്‍കി പ്രശ്നം അവസാനിപ്പിച്ചു. അതിനു മുമ്പും രണ്ടു പരാതി പൊലീസില്‍ ലഭിച്ചു. അതും ഒത്തുതീര്‍ത്തു. അന്നേ പൊലീസ് അല്‍പ്പം ജാഗ്രത കാട്ടിയിരുന്നെങ്കില്‍ പണം നിക്ഷേപിച്ച 510 പേരുടെ 25 കോടിയിലേറെ രൂപയെങ്കിലും സംരക്ഷിക്കാമായിരുന്നു. തകര്‍ച്ചയുടെ തുടക്കത്തിലാണ് കൊച്ചി ലേ മെറിഡിയനില്‍ നടന്ന കമ്യൂണിറ്റി പൊലീസിങ് സമ്മേളനം ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് സ്പോണ്‍സര്‍ചെയ്തത്. ജീവന്‍ ടിവിയുമായി ചേര്‍ന്ന് രണ്ടുകോടിയുടെ റിയാലിറ്റിഷോ നടത്തിയതും ഇതേ കാലത്ത്. തട്ടിപ്പിനു മറയിടാന്‍ പൊലീസിനെയും മാധ്യമങ്ങളെയും ഒപ്പം നിര്‍ത്താന്‍ മുങ്ങിത്താഴുമ്പോഴും ഇവര്‍ ശ്രമിച്ചു. ആവോളം പരസ്യങ്ങള്‍ കിട്ടിയ മാധ്യമങ്ങളും കണ്ണടച്ചു. ആപ്പിളിന്റെ കാക്കനാട്ടെ പ്ലോട്ടില്‍ നിര്‍മിച്ച വീടിനു മുന്നില്‍നില്‍ക്കുന്ന മുന്‍ സിറ്റി പൊലീസ് കമീഷണര്‍ പി വിജയന്‍ , മുന്‍ കലക്ടര്‍ ഡോ. എം ബീന എന്നിവരുടെ ചിത്രവും പരസ്യത്തിനുപയോഗിച്ചു. ദുബായിലും മറ്റും നടത്തിയ പ്രോപ്പര്‍ട്ടി എക്സ്പോയ്ക്കും കോടികള്‍ വാരിയെറിഞ്ഞു. അടുത്ത ആറുവര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ ഹൈറ്റ്സ്, ആപ്പിള്‍ ടവര്‍ , ആപ്പിള്‍ ഗസ്റ്റ്ഹൗസ്, ആപ്പിള്‍ കോം ലിമിറ്റഡ് എഡിഷന്‍ , ആപ്പിള്‍ സ്യൂട്ട്, ആപ്പിള്‍ ഐസ്, ന്യൂ കൊച്ചി തുടങ്ങി 21 പദ്ധതികള്‍ പ്രഖ്യാപിച്ചു. എല്ലാത്തിനും വമ്പന്‍ പരസ്യവും നല്‍കി. ഒരോ പദ്ധതി പ്രഖ്യാപിക്കുന്നതിലും പരസ്യപ്പെടുത്തുന്നതിലും വിറ്റഴിക്കുന്നതിലും ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് അസാധാരണ മിടുക്ക് കാട്ടി. എന്നാല്‍ , സാമ്പത്തിക അച്ചടക്കം പാടെ മറന്നു. ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഉണ്ടായ വഴി, തൊഴില്‍ , മലിനീകരണ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും പണം വഴിതിരിച്ചുവിട്ടു. പ്രഖ്യാപിച്ച പദ്ധതികള്‍ പലതും ആഗോള സാമ്പത്തികമാന്ദ്യത്തോടെ പ്രതിസന്ധിയിലായി. 2007 അവസാനം സാമ്പത്തികസ്ഥിതി തീര്‍ത്തും മോശമായി. ഇവയില്‍നിന്നെല്ലാം കരകയറുക അല്ലെങ്കില്‍ തൂത്തുവാരി മുങ്ങുക എന്ന ഉദ്ദേശ്യത്തോടെയാണ് അവസാനം ആപ്പിള്‍ ന്യൂ കൊച്ചി എന്ന പദ്ധതി വിഭാവനംചെയ്തത്. 72 ഏക്കറില്‍ നാനോ ഫ്ളാറ്റ്, 374 നാനോ പ്ലോട്ട്, 50 നാനോ വില്ല, 30 നാനോ ഹട്ട്, 200 നാനോ ഹോംസ് എന്നിവയാണ് പ്രഖ്യാപിച്ചത്. കായലിനുസമീപത്തെ 10 സെന്റ് ഭൂമിക്കും വില്ലയ്ക്കുമായി മലപ്പുറത്തെ വ്യവസായി ഒരുകോടി റൊക്കം നല്‍കി. ഈ പദ്ധതിക്ക് രണ്ടുകോടി മുടക്കി വാങ്ങിയ ഭൂമിയില്‍നിന്ന് 100 കോടിയിലേറെ സ്വരൂപിച്ച ശേഷമാണ് ഉടമകള്‍ മുങ്ങിയത്. മുങ്ങണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ച രീതിയിലായിരുന്നു പ്രവൃത്തി. 72 ഏക്കറിന് അഡ്വാന്‍സ് നല്‍കിയശേഷം 10 ഏക്കറിനാണ് പോക്കുവരവു നടത്തിയത്. ബാക്കിയുള്ള 62 ഏക്കര്‍കാട്ടി നിക്ഷേപകരുടെ പണം വാരി. സാജുവിന്റെ സഹോദരന്‍ സാബുവിന്റെ പേരില്‍ ഭൂമി രജിസ്റ്റര്‍ചെയ്തത് തട്ടിപ്പ് മുന്‍കൂട്ടി ആസൂത്രണംചെയ്താണെന്ന സംശയം ബലപ്പെടുത്തുന്നു. ഇതിനിടെ 2010 മേയില്‍ ഫെഡറല്‍ ബാങ്കില്‍നിന്ന് 10 കോടി രൂപ വായ്പയും വാങ്ങി. ബംഗളൂരു ആസ്ഥാനമാക്കി ആപ്പിള്‍ പ്രോപ്പര്‍ട്ടീസ് എന്ന പേരില്‍ മറ്റൊരു പബ്ലിക് ലിമിറ്റഡ് കമ്പനിയും രജിസ്റ്റര്‍ചെയ്തു. നഷ്ടം കിടപ്പാടവും കൂരയും സ്വപ്നം കണ്ട് ആപ്പിള്‍ പ്രോപ്പര്‍ട്ടീസില്‍ പണംമുടക്കിയ സാധാരണക്കാര്‍ക്കും. പൊലീസിലെത്തിയ പരാതികള്‍ എണ്ണംകൂടി 702 ആയി. തട്ടിച്ചത് 69 കോടിയും. എന്നാല്‍ , പരാതിപ്പെടാത്തവരാണ് ഭൂരിപക്ഷവുമെന്ന് പൊലീസ് പറഞ്ഞു. ഗള്‍ഫില്‍നിന്നുമാത്രം അഞ്ഞൂറിലേറെപ്പേര്‍ക്ക് അഞ്ചുമുതല്‍ 50 ലക്ഷംവരെ നഷ്ടപ്പെട്ടിട്ടുണ്ട്. നേരത്തെ പരാതി ഉണ്ടായിരുന്നെങ്കിലും മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സുതാര്യകേരളം പരിപാടിയില്‍ വന്ന പരാതിയെത്തുടര്‍ന്നു നടന്ന അന്വേഷണമാണ് ഈ തട്ടിപ്പിലേക്ക് വെളിച്ചം വീശിയത്. പക്ഷേ, പണം മുടക്കുന്നവനുമുണ്ട് ചില ഉത്തരവാദിത്തങ്ങള്‍ .
അതിന്റെ പ്രത്യാഘാതങ്ങളും നിക്ഷേപകനുള്ള നിര്‍ദേശങ്ങളും നാളെ

No comments: