Saturday, March 12, 2011

തൊഴിലാളികൾക്ക് ആശ്വാസമായി എൽ ഡി എഫ് സർക്കാർ

തൊഴിലാളികൾക്ക് ആശ്വാസമായി എൽ ഡി എഫ് സർക്കാർ

തൊഴിലാളികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയാണ് കേരളം. എല്ലാവിഭാഗം തൊഴിലാളികള്‍ക്കും ക്ഷേമനിധിയും പെന്‍ഷനും ചികിത്സാ ഇന്‍ഷുറന്‍സും രണ്ട് രൂപ നിരക്കില്‍ റേഷനരിയും ലഭ്യമാക്കുന്ന സംസ്ഥാനമാണിന്ന് കേരളം. തൊഴിലാളികളുടെ ക്ഷേമകാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് കേരളം അഭൂതപൂര്‍വ്വമായ നേട്ടമാണ് കൈവരിച്ചത്.
ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റിന്റെ ഈ വര്‍ഷത്തെ മെയ്‌ദിന സമ്മാനമാണ് കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി. വേനലും മഴയും വകവെക്കാതെ കഠിനാധ്വാനം ചെയ്യുന്ന നിര്‍മാണതൊഴിലാളികളാണ് കുടിയേറ്റ തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും. ബീഹാറില്‍നിന്നും ഒറീസയില്‍നിന്നും ബംഗാളില്‍നിന്നുമെല്ലാമെത്തി ഇവിടെ വിയര്‍പ്പൊഴുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുണ്ട്. അവര്‍ക്കായി സമഗ്രമായ ഒരു ക്ഷേമപദ്ധതിക്കാണ് നാം ഈവര്‍ഷത്തെ മെയ്‌ദിന വേളയില്‍ തുടക്കം കുറിച്ചത്. കായികാധ്വാനം ആവശ്യമായ തൊഴിലുകളില്‍ രൂക്ഷമായ ആള്‍ക്ഷാമമാണ് ഇപ്പോള്‍ കേരളം നേരിടുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്ന് പണിയെടുക്കാന്‍ ആളുകള്‍ വന്നില്ലെങ്കില്‍ പലജോലികളും മുടങ്ങുന്ന സ്ഥിതിയാണിന്ന് കേരളത്തില്‍. ഈ സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളി ക്ഷേമനിധിക്ക് പ്രസക്തിയേറുന്നു.
തൊഴില്‍രംഗത്ത് മികച്ച അന്തരീക്ഷം സൃഷ്‌ടിക്കാനും വികസനപശ്ചാത്തലം സൃഷ്‌ടിക്കാനും കഴിഞ്ഞു. തൊഴില്‍രംഗത്ത് സ്‌തംഭനമില്ലെന്നത് തന്നെ ഏറ്റവും പ്രധാനം. അടച്ചിടപ്പെട്ടിരുന്ന തൊഴില്‍ശാലകള്‍ തുറന്നു. അടച്ചിടപ്പെട്ടിരുന്ന തോട്ടങ്ങള്‍ തുറന്നു. സംസ്ഥാനത്തെ മുപ്പത്തേഴ് പൊതുമേഖലാ വ്യവസായങ്ങളും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട് അവിടെ തൊഴില്‍ കുഴപ്പമില്ല. പൊതുമേഖലാ വ്യവസായശാലകള്‍ പൂട്ടുകയോ വില്‍ക്കുകയോ ചെയ്യുമെന്ന് തൊഴിലാളികള്‍ക്ക് ആശങ്കയില്ല. കാരണം 37ല്‍ 32 പൊതുമേഖലാ വ്യവസായശാലകളും ലാഭത്തിലായിരിക്കുന്നു. ശേഷിച്ച അഞ്ചെണ്ണംകൂടി ഈ വര്‍ഷം ലാഭത്തിലാക്കാന്‍ ഒത്തൊരുമിച്ച പ്രവര്‍ത്തനം നടക്കുന്നു. കാര്‍ഷികമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞതിനാല്‍ ആ മേഖലയില്‍ തൊഴിലില്ലായ്‌മ ഇല്ലാതാക്കാന്‍ കഴിഞ്ഞു. പുനരുജ്ജീവന പാക്കേജുകള്‍ നടപ്പാക്കിയതുവഴി പരമ്പരാഗത വ്യവസായമേഖലയിലും തൊഴിലില്ലായ്‌മ എന്ന പ്രശ്‌നം ഇന്നില്ല. മാത്രമല്ല, കഴിഞ്ഞ മന്ത്രിസഭായോഗത്തിന്റെ തീരുമാനം നിങ്ങള്‍ വായിച്ചു കാണും. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി എട്ട് പൊതുമേഖലാ വ്യവസായശാലകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. നല്ല ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എം.എം.എല്ലില്‍ നിന്നും, മലബാര്‍ സിമന്റ്‌സില്‍നിന്നും നൂറ്റിരുപത്തഞ്ച് കോടിയോളം രൂപ കണ്ടെത്തിയാണ് പുതിയ എട്ട് പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പ്രാഥമിക മുടക്ക് മുതല്‍ സ്വരൂപിക്കുന്നത്. തൊഴിലാളി ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ മൂന്നാം ലോകത്തിനാകെ മാതൃകയാവുകയാണ് കേരളം.
അസംഘടിത മേഖലയില്‍ വരുന്ന പത്ത്‌ലക്ഷത്തോളം തൊഴിലാളികള്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും കൊണ്ടുവന്ന സര്‍ക്കാരാണിത്. ചെറുകിട തോട്ടംമേഖലയിലെ രണ്ട് ലക്ഷം തൊഴിലാളികള്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഏര്‍പ്പെടുത്തി. ക്ഷീരകൃഷിക്കാര്‍ക്കും നെല്‍കൃഷിക്കാര്‍ക്കും പെന്‍ഷന്‍ നല്‍കി. ആഭരണതൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ ക്ഷേമനിധി നിയമംകൊണ്ടുവന്നു. മറുനാടുകളില്‍ പോയി ജോലി ചെയ്യുന്ന ദശലക്ഷക്കണക്കിന് മലയാളികള്‍ക്കായി പ്രവാസിക്ഷേമനിധി നടപ്പിലാക്കി. മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടില്‍വന്ന് തൊഴില്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതിയും ആരംഭിച്ചു. ഇടതുപക്ഷജനാധിപത്യ മുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വരുമ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ നൂറ്റിപ്പത്ത് രൂപയായിരുന്നു. അതിപ്പോള്‍ മുന്നൂറ് രൂപയായി വര്‍ധിപ്പിച്ചു.
പാവപ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ക്ക് റേഷനരി രണ്ട് രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. ഇപ്പോള്‍ 26 ലക്ഷം കുടുംബങ്ങള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കുന്നു. പരമ്പരാഗത തൊഴില്‍മേഖലയിലെ ഒമ്പത് ലക്ഷം കുടുംബങ്ങള്‍ക്കുകൂടി ഈ ആനുകൂല്യം വ്യാപിപ്പിക്കാന്‍ പോവുകയാണ്. അതിന്റെ ഉദ്ഘാടനം എല്‍.ഡി.എഫ്. ഗവണ്‍മെന്റിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടിന് തിരുവനന്തപുരത്ത് നടക്കും. പരമ്പരാഗത തൊഴില്‍മേഖലയിലെ ഒരു പ്രധാന വിഭാഗമാണ് മത്സ്യത്തൊഴിലാളി മേഖല. മത്സ്യത്തൊഴിലാളികളുടെ കുടിശ്ശികയായ കടങ്ങള്‍ മുഴുവന്‍ എഴുതിത്തള്ളിയിരിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് എഴുപത് ലക്ഷത്തില്‍പ്പരം കുടുംബങ്ങളാണുള്ളത്. അതില്‍ പകുതി, അതായത് 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് റേഷനരി രണ്ട് രൂപ നിരക്കില്‍ നല്‍കുന്നത്. ഈ കുടുംബങ്ങളെ മുഴുവന്‍ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കളാക്കാന്‍ നടപടിയെടുത്തു. അതായത് മുപ്പത്തഞ്ച് ലക്ഷം തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം മുപ്പതിനായിരം രൂപയുടെ ചികിത്സാ സൗജന്യം. കേന്ദ്ര പ്ലാനിങ്ങ് കമ്മീഷന്‍ ഈ നടപടിയെ മാതൃകാപരമെന്ന് വിശേഷിപ്പിച്ച് അഭിനന്ദിച്ചു. അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവയുടെ ചികിത്സയാണെങ്കില്‍ ഒരുലക്ഷം രൂപയുടെ വരെ ചികിത്സാ സൗജന്യം അനുവദിക്കാന്‍ നടപടിയെടുത്തു. ഇത്തരം രോഗങ്ങള്‍ക്ക് 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ ചികിത്സാസൗജന്യം അനുവദിക്കാന്‍ നടപടിയെടുത്തു.
നമ്മുടെ സംസ്ഥാനത്ത് ആറ് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കേറിക്കിടക്കാന്‍ വീടില്ല. അതില്‍ രണ്ട് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലവുമില്ല. സ്വാഭാവികമായും തൊഴിലാളികളാണ് ഭൂരഹിതരും ഭവനരഹിതരും. ഇ.എം.എസ്. ഭവനപദ്ധതിയിലൂടെ അവര്‍ക്ക് മുഴുവന്‍ വീട് ലഭ്യമാക്കാന്‍ പോവുകയാണ്. ഇതോടൊപ്പംതന്നെ എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതിയും നടപ്പാക്കുന്നു. അങ്ങനെ എല്ലാ തൊഴിലാളി കുടുംബത്തിനും വീടുണ്ടാകാന്‍ പോവുകയാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ നാലാം വാര്‍ഷികവേളയില്‍ പ്രധാനമായും ശ്രദ്ധപതിപ്പിക്കുന്നത് ഇക്കാര്യത്തിലാണ്.
നമ്മുടെ സംസ്ഥാനത്ത് പതിനായിരക്കണക്കിന് വീടുകളില്‍ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. പാവപ്പെട്ട തൊഴിലാളികളുടെ വീടുകളിലാണ് വൈദ്യുതിവെട്ടം എത്താത്തത്. അടുത്ത ഒരുകൊല്ലത്തോടെ ആ പ്രശ്‌നവും പരിഹരിക്കപ്പെടുകയാണ്. രാജ്യത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകൃത സംസ്ഥാനമായി 2011ല്‍ കേരളം മാറാന്‍ പോവുകയാണ്. ഇങ്ങനെ തൊഴിലെടുത്ത് ജീവിക്കുന്ന പാവപ്പെട്ടവരുടെ ക്ഷേമത്തില്‍ വലിയൊരു മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ നമുക്ക് കഴിഞ്ഞു.
VS Achuthanandan

1 comment:

ജനശബ്ദം said...