Tuesday, March 15, 2011

സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കിയ ഉമ്മന്‍ചാണ്ടിയും കുടുങുന്നു



സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കിയ ഉമ്മന്‍ചാണ്ടിയും കുടുങുന്നു

അഴിമതിച്ചെളി പുരണ്ട് യുഡിഎഫ് നായകന്‍....

അഴിമതി, ജനവഞ്ചന, ഖജനാവ് കൊള്ളയടിക്കല്‍, രാഷ്ട്രീയത്തിന്റെ മാഫിയവല്‍ക്കരണം, പെവാണിഭവും സ്ത്രീപീഡനവുമടക്കമുള്ള ക്രിമിനല്‍കൃത്യങ്ങള്‍, വര്‍ഗീയത, തീവ്രവാദികള്‍ക്കുള്ള പ്രോത്സാഹനം തുടങിയ നേട്ടങള്‍ നിരത്തിയാണു യു ഡി എഫ് ജനങളോട് വോട്ട് ചൊദിക്കുന്നത്-യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇതൊക്കെ തുടരുമന്നവര്‍ ഉറപ്പ് തരുന്നു.

പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഏത് മാനദണ്ഡംവച്ച് അളന്നാലും ഉമ്മന്‍ചാണ്ടിക്കെതിരാണ്. രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതി സഖറിയ മാത്യുവും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളുടെ തുടര്‍ച്ചയാണ് ഈ വിധി. പാമൊലിന്‍ ഇറക്കുമതി നടന്ന കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ആ ഇടപാടില്‍ അനിഷേധ്യമായ പങ്കുണ്ടെന്നാണ് ഇരു ഹര്‍ജിയുടെയും കാതല്‍. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുപോലെ തങ്ങളെയും ഒഴിവാക്കണമെന്ന് കൂട്ടുപ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തുടരന്വേഷണം എന്ന ആശയംതന്നെ ഉണ്ടായത്. അതില്‍ മറ്റാരെയെങ്കിലും പഴി പറഞ്ഞിട്ടോ മാര്‍ക്സിസ്റ് ഗൂഢാലോചനയെന്ന് അലമുറയിട്ടിട്ടോ കാര്യമില്ല. കേരളത്തിലെ യുഡിഎഫിനെ നയിക്കുന്ന നേതാവ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുകയാണ്. അതാകട്ടെ, രാഷ്ട്രീയശത്രുക്കള്‍ വിരോധംകൊണ്ട് കെട്ടിച്ചമച്ച കേസല്ല. സ്വന്തം പാര്‍ടിക്കാര്‍തന്നെയാണ് തെളിവ് കോടതിയില്‍ കൊണ്ടുപോയി കൊടുത്തത്. പാമൊലിന്‍ ഇറക്കുമതിക്കാര്യം മന്ത്രിസഭയില്‍ വയ്ക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ച ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂഷന്‍ പ്രതിയാക്കിയില്ലെന്നും അതുകൊണ്ടുതന്നെ പ്രതിയാക്കിയത് അനീതിയാണെന്നുമാണ് ടി എച്ച് മുസ്തഫ വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചത്. ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയ മാത്യുവാകട്ടെ, പാമൊലിന്‍ ഇറക്കുമതിയുടെ ധനപരമായ ഉത്തരവാദിത്തം അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്നും വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ്, തുടരന്വേഷണത്തിന് അനുമതി തേടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് അപേക്ഷ സമര്‍പ്പിച്ചത്. പാമൊലിന്‍ ഇടപാടിനെക്കുറിച്ച് എല്ലാം അറിയാമെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് എസ്പി കോടതിയെ ബോധിപ്പിച്ചു. കേസില്‍ 2001 മാര്‍ച്ച് 23ന് കുറ്റപത്രം നല്‍കിയെങ്കിലും വിവിധ കോടതികളില്‍ സ്റേ ഉണ്ടായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താനായില്ലെന്നും എസ്പി കോടതിയെ അറിയിച്ചു. അന്വേഷണം നടത്താന്‍തന്നെയാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടത്. പാമൊലിന്‍ ഇടപാടിലെ ക്രമക്കേടുകള്‍ കോഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി 1996ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എണ്ണിപ്പറഞ്ഞതാണ്. 15 ശതമാനം കമീഷന്‍ നല്‍കിക്കൊണ്ടുള്ള ഇറക്കുമതിയെ സിഐജിയും നിശിതമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച പാമൊലിന്‍ ഇടപാട് തുടക്കംമുതലേ അഴിമതിനിറഞ്ഞതായിരുന്നെന്ന് അന്നത്തെ പ്രതിപക്ഷം ശക്തമായി നിയമസഭയിലും പുറത്തും ഉന്നയിച്ചു. അന്ന്, കോഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി കെ കരുണാകരനെ കുടുക്കാനുള്ള ആയുധമായാണ് ഉമ്മന്‍ചാണ്ടി ഈ കേസിനെ ഉപയോഗിച്ചത്. കരുണാകരന്‍ കുറ്റക്കാരനാണെന്നു സ്ഥാപിക്കാനുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കാനടക്കം ഉമ്മന്‍ചാണ്ടി തയ്യാറായി. കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചതോടെ കേസ് പിന്‍വലിക്കാനായി ഉമ്മന്‍ചാണ്ടിയുടെ തിടുക്കം. എന്നാല്‍, അത്തരം രക്ഷപ്പെടലുകള്‍ക്ക് പഴുതുകൊടുക്കാതെ പ്രതിപക്ഷം കേസ് തുടര്‍ന്നു. താനുംകൂടി പങ്കാളിയായ അഴിമതി, കെ കരുണാകരനുള്ള കെണിയാക്കി മാറ്റിയ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ സ്വന്തം പാര്‍ടിക്കാരനായ ടി എച്ച് മുസ്തഫയുടെ ചൂണ്ടയില്‍ കുരുങ്ങിയിരിക്കുന്നു. അന്ന് കരുണാകരനെ തകര്‍ക്കാനായിരുന്നു പാമൊലിന്‍ കേസ് കോഗ്രസില്‍ ഉപയോഗിക്കപ്പെട്ടതെങ്കില്‍, ഇന്ന് തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ഉമ്മന്‍ചാണ്ടിയെ മൂലയ്ക്കിരുത്താനുള്ള രമേശ് ചെന്നിത്തലയുടെ ആയുധമാണത്. തനിക്കെതിരെ തെളിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പണ്ട് കേസെടുത്തില്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. ഇവിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരെയും പ്രതിയാക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല. ടി എച്ച് മുസ്തഫ ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്ക് വിരല്‍ചൂണ്ടിയപ്പോള്‍, അതില്‍ വാസ്തവമുണ്ടോ എന്ന പരിശോധനമാത്രമാണ് വിജിലന്‍സ് നടത്തിയത്. ആരെയെങ്കിലും പ്രതി ചേര്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും കോടതിയും അന്വേഷണ ഏജന്‍സിയുമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് കോടതി തടഞ്ഞതാണ്. അന്ന് അങ്ങനെ ചെയ്തത്, പിന്നീട് തന്റെ പങ്കാളിത്തം പുറത്തുവരുമെന്ന് ഭയന്നാണോ എന്നുതന്നെ സംശയിക്കണം. യുഡിഎഫിന്റെ അതിദയനീയമായ അവസ്ഥയാണ് പാമൊലിന്‍ കേസോടെ കൂടുതല്‍ തെളിയുന്നത്. ആ മുന്നണിയുടെ സ്ഥാപക നേതാവായ ബാലകൃഷ്ണപിള്ള പൂജപ്പുര ജയിലില്‍. ഒന്നാംനിര നേതാക്കളിലൊരാളായ കുഞ്ഞാലിക്കുട്ടിമുതലുള്ളവര്‍ നിയമത്തിനു മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നു. എത്രയൊക്കെ കേസുകള്‍, ഏതൊക്കെ കോടതികളില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഉണ്ട് എന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍പോലും ആകാത്ത അവസ്ഥ. ഇപ്പോഴിതാ യുഡിഎഫിന്റെ നായകന്‍തന്നെ പ്രതിക്കൂട്ടിലേക്ക് കയറുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന അനേകം അഴിമതി ആരോപണങ്ങളില്‍ ഒന്നുമാത്രമാണ് ഈ കേസ് എന്നും ഓര്‍ക്കണം. യുഡിഎഫിലെതന്നെ ഘടക കക്ഷിനേതാവായ ടി എം ജേക്കബ് നിയമസഭയില്‍ രേഖാമൂലം ഉന്നയിച്ച അഴിമതി ആരോപണമുള്‍പ്പെടെയുള്ളവ വേറെയുണ്ട്. ഉമ്മന്‍ചാണ്ടിയില്‍മാത്രം ഒതുങ്ങുന്നതല്ല ഈ കേസിന്റെ പ്രത്യാഘാതം. കോഗ്രസിനകത്തും യുഡിഎഫിലും പുതിയ ധ്രുവീകരണത്തിനും കൂട്ടക്കുഴപ്പത്തിനും അത് വഴിമരുന്നിടും. ലക്ഷം കോടികളുടെ അഴിമതി നടത്തി ജനാധിപത്യം വിലയ്ക്കെടുക്കുന്നവരാണ് ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ നേതാക്കള്‍. ആ കാല്‍പ്പാടുകള്‍ തുടരുന്നത് കോഗ്രസിന്റെ ജനിതകഗുണംതന്നെ. എന്നാല്‍, സ്വയം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോഴും ഉമ്മന്‍ചാണ്ടിയെപ്പോലുള്ള കോഗ്രസ് നേതാക്കള്‍ നടത്തുന്ന സദാചാര-അഴിമതി വിരുദ്ധ പ്രസംഗങ്ങള്‍ അങ്ങനെ വിസ്മരിക്കാനാകുന്നതല്ല. സംശുദ്ധമായ പൊതുജീവിതം നയിക്കുന്ന, സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കി വേട്ടയാടാന്‍ എന്ത് വൃത്തികെട്ട വഴിയും സ്വീകരിക്കുമെന്ന് തെളിയിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഏതു നാറുന്ന കുഴിയിലും കമിഴ്ന്നുവീണ് കൈകാലിട്ടടിക്കാന്‍ മടിച്ചിട്ടില്ലാത്തതാണ് ആ നേതാവിന്റെ ചരിത്രം. അത്തരമൊരാള്‍ സ്വയം കുഴിച്ച കുഴിയില്‍ത്തന്നെയാണ് ഇപ്പോള്‍ വീണിരിക്കുന്നത്. ന്യായീകരണങ്ങളുടെ പെരുമഴ പെയ്യിച്ചും മാധ്യമ വക്കീലന്മാര്‍ക്ക് വക്കാലത്തു നല്‍കിയും മുഖം രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി കാട്ടുന്ന വെപ്രാളം പരിഹാസ്യമാകുന്നു. യുഡിഎഫ് നായകന്റെ മുഖത്തെ പരിഹാസ്യമായ വെപ്രാളംതന്നെയാണ് ആ മുന്നണിയുടെ മുഖത്തുമുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും യുഡിഎഫ് വിചാരണ ചെയ്യപ്പെടുന്നത് ഇത്തരം കെട്ട അഴിമതികളുടെ പേരിലായിരിക്കും. അഴിമതി, ജനവഞ്ചന, ഖജനാവ് കൊള്ളയടിക്കല്‍, രാഷ്ട്രീയത്തിന്റെ മാഫിയവല്‍ക്കരണം, പെവാണിഭവും സ്ത്രീപീഡനവുമടക്കമുള്ള ക്രിമിനല്‍കൃത്യങ്ങള്‍, വര്‍ഗീയത, തീവ്രവാദികള്‍ക്കുള്ള പ്രോത്സാഹനം- ഇങ്ങനെ നീണ്ട കുറ്റപ്പട്ടികയും ചുമന്ന് വോട്ട് തേടാനെത്തുന്ന യുഡിഎഫിനെ കേരളജനത അര്‍ഹിക്കുന്ന ഗൌരവത്തോടെ ശിക്ഷിക്കുമെന്നതില്‍ സംശയമില്ല.

1 comment:

ജനശബ്ദം said...

സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കിയ ഉമ്മന്‍ചാണ്ടിയും കുടുങുന്നു

അഴിമതിച്ചെളി പുരണ്ട് യുഡിഎഫ് നായകന്‍...
.
അഴിമതി, ജനവഞ്ചന, ഖജനാവ് കൊള്ളയടിക്കല്‍, രാഷ്ട്രീയത്തിന്റെ മാഫിയവല്‍ക്കരണം, പെവാണിഭവും സ്ത്രീപീഡനവുമടക്കമുള്ള ക്രിമിനല്‍കൃത്യങ്ങള്‍, വര്‍ഗീയത, തീവ്രവാദികള്‍ക്കുള്ള പ്രോത്സാഹനം തുടങിയ നേട്ടങള്‍ നിരത്തിയാണു യു ഡി എഫ് ജനങളോട് വോട്ട് ചൊദിക്കുന്നത്-യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇതൊക്കെ തുടരുമന്നവര്‍ ഉറപ്പ് തരുന്നു.