Thursday, March 24, 2011

സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ പരസ്യമായി വിചാരണചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരം.


സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ പരസ്യമായി വിചാരണചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരം.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ എടുത്ത തീരുമാനത്തില്‍നിന്ന് പിന്മാറിയത് യുഡിഎഫിന്റെ സന്മനസ്സുകൊണ്ടാണെന്ന് കരുതാന്‍ ന്യായമില്ല. പിള്ളയുടെ സ്ഥാനാര്‍ഥിത്വം 'ഗുണകര'വും 'അഭിമാനകര'വുമായാണ് യുഡിഎഫ് അവതരിപ്പിച്ചിരുന്നത്. പക്ഷേ അത് ശരാശരി കേരളീയന്റെ മനസ്സില്‍ ലജ്ജയുടെ അമിതഭാരം കയറ്റിവയ്ക്കുന്നതായിരുന്നു. വരാനിരിക്കുന്ന സങ്കല്‍പ്പാതീതമായ അപകടത്തെക്കരുതിമാത്രമാണ് വൈകിയ വേളയില്‍ പിള്ളയെ പിന്മാറ്റിച്ചത്. എന്നാല്‍, അതുകൊണ്ട് ഇല്ലാതാകുന്നതല്ല യുഡിഎഫിന്റെ പാപ്പരത്തവും പരിഹാസ്യതയും. ജയിലില്‍ കിടന്ന് മത്സരിക്കുന്ന രണ്ടുതരം അനുഭവങ്ങളാണ് രാജ്യത്തിനുമുന്നിലുള്ളത്. ആദ്യത്തേത്, നാടിനും ജനങ്ങള്‍ക്കുംവേണ്ടി സുധീരം പ്രവര്‍ത്തിച്ചതിന്റെപേരില്‍ തുറുങ്കിലടയ്ക്കപ്പെട്ട ജനനേതാക്കള്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ പോകാനുള്ള അവസരംപോലുമില്ലാതെ മത്സരിച്ചതും ജനപിന്തുണ തെളിയിച്ചതുമായ അനുഭവമാണ്. 1965ല്‍ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചപ്പോള്‍ അവര്‍ ഇരുമ്പഴിക്കകത്ത് കിടന്നുകൊണ്ടുതന്നെയാണ് ജനവിധി തേടിയത്്. 1957ലെ ആദ്യമന്ത്രിസഭയില്‍ അംഗമായിരുന്ന വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പ്രമുഖരെപ്പോലും തോല്‍പ്പിച്ച് പാട്യം ഗോപാലനെപ്പോലുള്ള കമ്യൂണിസ്റുകാരെ അന്ന് ജനങ്ങള്‍ ജയിപ്പിച്ചു. നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി തുറുങ്കിലടയ്ക്കപ്പെട്ടവര്‍ക്കുവേണ്ടി, അവരെ ഒരുനോക്ക് കാണുകപോലും ചെയ്യാതെ ജനങ്ങള്‍ വോട്ടുചെയ്ത ആവേശകരമായ അനുഭവമാണ് അന്നുണ്ടായത്. രണ്ടാമത്തെ ഇനത്തില്‍പ്പെട്ട ജയിലില്‍കിടന്നുള്ള മത്സരം കേരളത്തിന് വലിയ പരിചയമില്ലാത്തതാണ്. ബിഹാര്‍, യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വസാധാരണമായിട്ടുള്ളത്. കൊള്ള, അക്രമം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ക്രിമിനലുകള്‍ ജയിലില്‍ കിടന്ന് ജനവിധി തേടി നിയമസഭയിലും പാര്‍ലമെന്റിലും എത്തുന്നു. വിവിധ കേസുകളില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയവെ മത്സരിച്ച് വോട്ടുനേടിയവരുടെ പട്ടികയില്‍ ബിഹാറിലെ പപ്പുയാദവ്, സൂരജ്ഭാന്‍ സിങ്, ഷഹാബുദീന്‍, ആനന്ദ് മോഹന്‍ എന്നിവരെ 2009ല്‍ മത്സരിക്കുന്നതില്‍നിന്ന് കോടതി വിലക്കിയിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോഗ്രസുകാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിരവധി അനുഭവങ്ങള്‍ ഉത്തരേന്ത്യയിലുണ്ട്. കേരളത്തില്‍, ഗ്രാഫൈറ്റ് കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി ഇതേ ആര്‍ ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. അതില്‍നിന്നെല്ലാം വ്യത്യസ്തമായ പ്രശ്നമാണ് ഇപ്പോള്‍ ഉടലെടുത്തത്. പിള്ളയ്ക്ക് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത് പരമോന്നത കോടതിയാണ്. ഇനി അപ്പീലില്ല. നിയമത്തെയും ജനാധിപത്യ തത്വങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് പിള്ള മത്സരിക്കാനൊരുങ്ങിയത് എന്നര്‍ഥം. പിള്ളയുടെ സ്ഥാനാര്‍ഥിവേഷം കൊട്ടാരക്കര മണ്ഡലത്തില്‍മാത്രം ഒതുങ്ങുന്ന വിഷയമല്ല. തമ്മിലടിയും തൊഴുത്തില്‍കുത്തും അധികാരകിടമത്സരവും മുന്‍കാല ചെയ്തികളുടെ പാപഭാരവുംകൊണ്ട് ക്ഷീണിച്ച യുഡിഎഫിന്റെ അഴിമതിമുഖം ജനങ്ങളുടെ മനസ്സില്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതുകൂടിയാണത്. യുഡിഎഫിലെ സാധാരണ നേതാവല്ല പിള്ള-ആ മുന്നണിയുടെ സ്ഥാപകനാണ്. അഴിമതിക്കേസില്‍ തടവും പിഴയുമടങ്ങുന്ന ശിക്ഷ ഏറ്റുവാങ്ങിയിട്ടും ആ മുന്നണിക്ക് പിള്ളയെ തള്ളിപ്പറയാന്‍ കഴിയുന്നില്ല. തെറ്റായ വിധിയിലൂടെയാണ് പിള്ളയെ ജയിലിലടച്ചതെങ്കില്‍, സുപ്രീം കോടതിയെത്തന്നെ യുഡിഎഫ് തള്ളിപ്പറയണം. പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങിയതിലൂടെ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ അന്തഃസത്തയെയാണ് കേന്ദ്ര ഭരണകക്ഷിയായ കോഗ്രസും ഇതര യുഡിഎഫ് കക്ഷികളും നിരാകരിച്ചത്. ഇത് കോഗ്രസിന്റെ ഔദ്യോഗികനയമാണോ എന്ന് അവര്‍ വിശദീകരിക്കേണ്ടിയിരുന്നു. പിള്ളയെ പിന്‍മാറ്റാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആ ബാധ്യത ഇല്ലാതായി എന്ന് കോഗ്രസിന് ആശ്വസിക്കാം. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കോഗ്രസ് പിന്തുണ നല്‍കുന്ന സ്ഥാനാര്‍ഥികളില്‍ പ്രധാനിയാണ്-യുഡിഎഫിന്റെ ഉപസേനാനായകന്‍. അദ്ദേഹത്തിനെതിരെ അനേകം കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നു; അന്വേഷണം നടക്കുന്നു. സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തെളിവു നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ജുഡീഷ്യറിയെ കോഴകൊടുത്ത് സ്വാധീനിക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുതന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍നിന്ന് പാതിവഴിയില്‍ ആരോപണവിധേയനായി ഇറങ്ങിപ്പോകേണ്ടിവന്ന കുഞ്ഞാലിക്കുട്ടിയെ, അന്നത്തേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കെ സ്ഥാനാര്‍ഥിയായി ചുമക്കുക എന്ന ഗതികേടാണ് യുഡിഎഫിനുണ്ടായിരിക്കുന്നത്്. പിള്ളയോടുന്നയിച്ച അതേ ആവശ്യം കുഞ്ഞാലിക്കുട്ടിയോടുന്നയിക്കാന്‍ കോഗ്രസിന് ധൈര്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അഴിമതി ആരോപണവിധേയരായ മറ്റ് നിരവധി സ്ഥാനാര്‍ഥികള്‍ വേറെയുണ്ട്. പിള്ള ഒഴിഞ്ഞാലും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ പരസ്യമായി വിചാരണചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന കൃത്യമായ അവസരമാകുമെന്നതില്‍ തര്‍ക്കമില്ല. കുറ്റവാളികളുടെ കൂട്ടമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്ന് പിള്ള ജയിലില്‍കിടന്നാണ് മത്സരിക്കാനൊരുങ്ങിയതെങ്കില്‍, നാളെ യുഡിഎഫ് സ്ഥാനാര്‍ഥിനിരയിലെ പലരും പിള്ളയ്ക്ക് കൂട്ടായി അങ്ങോട്ട് പോകാനാണിട. കൊള്ളക്കാരും അഴിമതി വീരന്മാരും യുഡിഎഫിന്റെ 'സാരഥി'കളായി രംഗത്തിറങ്ങുന്നതില്‍ ആ മുന്നണിക്കകത്തുനിന്നുതന്നെ പ്രതികരണമുയര്‍ന്നേ മതിയാകൂ. പിള്ള വേണ്ട; കുഞ്ഞാലിക്കുട്ടി ആകാം എന്ന തരത്തില്‍ കൈയൂക്കുള്ളവരെ പേടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സുധീരന്‍ മാതൃകയിലുള്ള കാപട്യമല്ല-കൊള്ളക്കാര്‍ക്കെതിരായ ഉറച്ച ശബ്ദമാണ് ഗാന്ധിജിയുടെ ഓര്‍മ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത സാധാരണ കോഗ്രസുകാരില്‍നിന്ന് നാട് പ്രതീക്ഷിക്കുന്നത്

2 comments:

ജനശബ്ദം said...

സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ പരസ്യമായി വിചാരണചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരം.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ എടുത്ത തീരുമാനത്തില്‍നിന്ന് പിന്മാറിയത് യുഡിഎഫിന്റെ സന്മനസ്സുകൊണ്ടാണെന്ന് കരുതാന്‍ ന്യായമില്ല. പിള്ളയുടെ സ്ഥാനാര്‍ഥിത്വം 'ഗുണകര'വും 'അഭിമാനകര'വുമായാണ് യുഡിഎഫ് അവതരിപ്പിച്ചിരുന്നത്.

മുക്കുവന്‍ said...

അതെയതെ.. കിളിരൂര്‍ മന്ത്രിപുത്രനെയും! ശബരീയുടെ കിങ്കിണി മന്ത്രിമകനേയും.. പിന്നെ ഇടിഗുണ്ടാ കുട്ടനേയും!