കരാര്‍ കേരളത്തിന് അനുകൂലമാക്കിയത് എല്‍ഡിഎഫ് .2 പ്രഭാവര്‍മ
കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണ് പദ്ധതി നടപ്പാക്കിയത് എന്നതാണ് സിബിഐ ചൂണ്ടിക്കാട്ടുന്ന നാലാമത്തെ കുറ്റം. നൂറുകോടി രൂപയ്ക്കു മുകളിലുള്ള കരാറുകള്‍ക്കു കേന്ദ്ര അതോറിറ്റിയുടെ അംഗീകാരം വേണമെന്നു വ്യവസ്ഥയുണ്ട് എന്നാണ് സിബിഐ പറയുന്നത്. ഇവിടെ 254 കോടി രൂപയുടേതാണു കരാര്‍. ഇതു നിയമലംഘനമാണ് എന്ന് സിബിഐ. ഇവിടെ, സിബിഐക്കു കാണാന്‍ കഴിയാതെ പോയത്, പള്ളിവാസല്‍-പന്നിയാര്‍-ശെങ്കുളം എന്നത് ഒറ്റ പദ്ധതിയല്ല എന്ന കാര്യമാണ്. മൂന്നും മൂന്നു പദ്ധതികളാണ്. മൂന്നിനും വെവ്വേറെ കസള്‍ട്ടന്‍സി കരാറുമാണ്. അതില്‍ ഒരു കരാറും നൂറു കോടിക്കു മേലെയുള്ളതാവുന്നില്ല. അതുകൊണ്ടുതന്നെ വ്യവസ്ഥകളുടെ ലംഘനവുമില്ല. ഇനി, എല്‍ഡിഎഫിന്റെ കാലത്തെ അനുബന്ധ കരാറിനെക്കുറിച്ചാണു സിബിഐ ഉദ്ദേശിക്കുന്നതെങ്കില്‍, സിബിഐ അറിയേണ്ട മറ്റൊരു കാര്യമുണ്ട്. അനുബന്ധ കരാര്‍ ഒപ്പിടുന്ന ഘട്ടമായപ്പോഴേക്ക് 500 കോടി രൂപയ്ക്കു മുകളിലുള്ള പദ്ധതികള്‍ക്കു മാത്രമേ കേന്ദ്രാനുമതി ആവശ്യമുള്ളൂ എന്ന ഉത്തരവ് കേന്ദ്രം ഇറക്കി കഴിഞ്ഞിരുന്നു എന്നാണത്. സിബിഐ, തങ്ങള്‍ക്ക് ഇഷ്ടമുള്ള ഉത്തരവു മാത്രമേ ഉത്തരവായി കണക്കാക്കൂ എന്നുണ്ടോ? നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫലവത്തായില്ല എന്നും അതുകൊണ്ടു സാമ്പത്തികനഷ്ടമുണ്ടായി എന്നുമാണ് സിബിഐ അഞ്ചാമത്തെ കുറ്റമായി പറയുന്നത്. നവീകരണത്തിനു മുമ്പ് ഈ പദ്ധതികളില്‍നിന്നുള്ള ഉല്‍പ്പാദനം 355 മില്യ യൂണിറ്റായിരുന്നത് നവീകരണശേഷം 589 മില്യ യൂണിറ്റായി ഉയര്‍ന്നു. നവീകരണ പ്രവര്‍ത്തനത്തിനു ചെലവഴിച്ചത് 254 കോടിയാണെങ്കില്‍ നവീകരണത്തിലൂടെ ലഭിച്ച വൈദ്യുതി വില്‍പ്പനയിലൂടെതന്നെ 1100 കോടി രൂപ ബോര്‍ഡിനു കിട്ടിയിരിക്കുന്നു. ഈ കണക്കുകള്‍ക്കു മുമ്പില്‍ ആ വാദവും പൊളിയുന്നു. നവീകരണത്തിനു ശേഷം ഉല്‍പ്പാദനം കൂടിയെന്നും അതിലൂടെ ബോര്‍ഡിന്റെ വരവ് ഗണ്യമായി വര്‍ധിച്ചെന്നുമാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത്. പല കാര്യങ്ങളും മന്ത്രിസഭയില്‍നിന്നു മറച്ചുവച്ചു എന്നാണ് സിബിഐ കണ്ടെത്തിയിട്ടുള്ള ആറാമത്തെ കുറ്റം. മന്ത്രിസഭയില്‍നിന്നു മറച്ചുവച്ചോ ഇല്ലയോ എന്ന് സിബിഐ ഡിവൈഎസ്പിക്ക് അറിയാന്‍ കഴിയില്ല. മറച്ചുവച്ചെങ്കില്‍ അത് പറയേണ്ടത് മന്ത്രിസഭയിലുണ്ടായിരുന്ന ആരെങ്കിലുമാണ്. ആ മന്ത്രിസഭയിലുണ്ടായിരുന്ന ഒരാളും അങ്ങനെ പറയുന്നില്ല. മന്ത്രിസഭയ്ക്കില്ലാത്ത പരാതി സിബിഐ ഡിവൈഎസ്പിക്ക് എങ്ങനെ ഉണ്ടാവുന്നു? ക്യാബിനറ്റ് നടപടിക്രമങ്ങളെക്കുറിച്ചു മനസിലാക്കാന്‍ ശ്രമിച്ചെങ്കില്‍ സിബിഐ ഇങ്ങനെ പറയുമായിരുന്നില്ല. മന്ത്രിസഭ അംഗീകാരം നല്‍കി എന്നതിനര്‍ഥം ആവശ്യമായ കാര്യങ്ങളെല്ലാം ബോധ്യപ്പെട്ട് ആ മന്ത്രിസഭയിലുള്ളവരെല്ലാം അത് അംഗീകരിച്ചു എന്നാണ്. ആവശ്യമായ രേഖകള്‍ പരിശോധിച്ച് അവര്‍ക്കു ബോധ്യപ്പെട്ടിരിക്കുന്നു എന്നാണ്. അതല്ല എന്നു പറയാന്‍ സിബിഐ ആരാണ്? കേന്ദ്രം എംഒയു റൂട്ട് ഉപേക്ഷിച്ചശേഷം അപ്രകാരമുള്ള പദ്ധതിയുമായി മുമ്പോട്ടുപോയി എന്നതാണ് സി ബി ഐ കണ്ടെത്തിയ ഏഴാമത്തെ കുറ്റം. ഒരു കരാര്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ പിന്നെ നിലനില്‍ക്കുന്നത് കരാറിലെ വ്യവസ്ഥകളാണ്. ഈ നിയമത്തിന്റെ ബാലപാഠം സിബിഐ അറിഞ്ഞ മട്ടില്ല. കേന്ദ്രം എംഒയു റൂട്ട് ഉപേക്ഷിച്ചാല്‍പ്പോലും അതുപ്രകാരം ഒപ്പുവച്ചു കഴിഞ്ഞ കരാറിലെ വ്യവസ്ഥകള്‍ അസാധുവാകുന്നില്ല. ആ കരാറില്‍നിന്നു കേരളം പിന്മാറിയിരുന്നുവെങ്കില്‍ കോടിക്കണക്കിനു ഡോളര്‍ ലാവ്ലിനു നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമായിരുന്നു കേരളം. പ്രാഥമികമായ ഈ ബോധംപോലും സിബിഐക്ക് ഉണ്ടായതായി കാണുന്നില്ല. ക്യാന്‍സര്‍ സെന്റര്‍ മലബാറില്‍ സ്ഥാപിക്കാന്‍ പിണറായി വിജയന്‍ പ്രത്യേക താല്‍പ്പര്യമെടുത്തു എന്നതാണ് സിബിഐയുടെ എട്ടാമത്തെ കുറ്റാരോപണം. സംസ്ഥാനത്തു പുതുതായി ആശുപത്രി തുടങ്ങുന്നെങ്കില്‍ അത് എവിടെയായിരിക്കണമെന്ന് നിശ്ചയിക്കാന്‍ ക്യാബിനറ്റിനല്ല, സിബിഐക്കാണ് അധികാരം എന്നുവരുമോ? ഇവിടെ ക്യാബിനറ്റാണു തീരുമാനമെടുത്തത്. ക്യാബിനറ്റ് എന്തു തീരുമാനമാണ് എടുക്കേണ്ടത്, ആശുപത്രി എവിടെയാണ് സ്ഥാപിക്കേണ്ടത് എന്നു തീരുമാനിക്കാന്‍ ക്യാബിനറ്റിനാണ് അവകാശം. ഒരു ജനപ്രതിനിധി എന്ന നിലയ്ക്ക് പിണറായി വിജയന്‍ ഇക്കാര്യത്തില്‍ താല്‍പ്പര്യമെടുത്തെങ്കില്‍ അത് എങ്ങനെ കുറ്റകൃത്യമാവും? തിരുവനന്തപുരത്ത് ക്യാന്‍സര്‍ സെന്ററുണ്ട്. മലബാറില്‍ അതില്ല. വടക്കന്‍പ്രദേശങ്ങളില്‍നിന്നു നിത്യേന നൂറുകണക്കിനു രോഗികള്‍ക്കു തിരുവനന്തപുരത്തു വരേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ രണ്ടാമത്തെ ക്യാന്‍സര്‍ സെന്റര്‍ തലശേരിയിലാകട്ടെ എന്നു നിശ്ചയിച്ചു, ക്യാബിനറ്റ്. അങ്ങനെ നിശ്ചയിക്കാന്‍ ക്യാബിനറ്റിന് അധികാരമില്ലെന്നു സിബിഐ പറഞ്ഞാല്‍ സിബിഐയുടെ ബുദ്ധിക്ക് അടിസ്ഥാനപരമായ എന്തോ തകരാറു പറ്റിയിട്ടുണ്ട് എന്നു വേണം കരുതാന്‍. ക്യാന്‍സര്‍ സെന്റര്‍ ആരോഗ്യവകുപ്പിനു കീഴിലാണു വരേണ്ടതെന്നും അതു തന്റെ വൈദ്യുതി വകുപ്പിനു കീഴിലാക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു എന്നുമാണു സിബിഐ കണ്ടെത്തുന്ന ഒമ്പതാമത്തെ കുറ്റം. വൈദ്യുതി വകുപ്പിന്റെ ഒരു പദ്ധതിക്കുള്ള പ്രത്യുപകാരമായാണ് ഈ ആശുപത്രി വരുന്നത്. സ്വാഭാവികമായും അത് ആദ്യഘട്ടത്തില്‍ വൈദ്യുതിവകുപ്പിന്റെ പരിഗണനയിലേ വരൂ. പിന്നീട് അത് വേണമെങ്കില്‍ ആരോഗ്യവകുപ്പിനു വിട്ടുകൊടുക്കാം. ഇതു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയേ വേണ്ടൂ. ലാവ്ലിന്‍ കരാര്‍ പ്രകാരമുള്ള പണികളും മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണവും ഒരുമിച്ചു പൂര്‍ത്തിയാക്കുക എന്ന വ്യവസ്ഥ ലംഘിക്കപ്പെട്ടു എന്നതാണ് സിബിഐ കണ്ടെത്തിയ പത്താമത്തെ കുറ്റം. ക്യാന്‍സര്‍ സെന്ററിനു പണം ലഭിക്കാന്‍ അതു സംബന്ധിച്ചു രണ്ടു കാര്യങ്ങള്‍ ചെയ്യണമായിരുന്നു. ഒന്ന്: ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മാണ പുരോഗതി സംബന്ധിച്ച ഒരു അപ്രൈസല്‍ റിപ്പോര്‍ട്ട് ഓരോ ആറുമാസത്തിലും അയക്കുക. രണ്ട്: ഇതുസംബന്ധിച്ച് ഒപ്പുവച്ച ധാരണപത്രം കരാറാക്കുക. എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തിലുണ്ടായിരുന്ന വേളയില്‍ ഈ അപ്രൈസല്‍ റിപ്പോര്‍ട്ട് അയച്ചു. അതു വിലയിരുത്തി കനഡയില്‍നിന്ന് ആദ്യഗഡുക്കള്‍ അനുവദിക്കുകയുംചെയ്തു. അങ്ങനെയാണ് 98 കോടിയുടെ ഗ്രാന്റില്‍ 12 കോടി കിട്ടിയത്. യുഡിഎഫ് ഗവമെന്റ് വന്നശേഷം, കനഡ ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചിട്ടും ഈ അപ്രൈസല്‍ റിപ്പോര്‍ട്ട് കൊടുത്തില്ല. അതുകൊണ്ടുതന്നെ അടുത്ത ഗഡുക്കള്‍ അവിടെനിന്നു കിട്ടിയതുമില്ല. ധാരണപത്രം കരാറാക്കാനുള്ള നടപടിയുമായി എല്‍ഡിഎഫ് ഗവമെന്റ് മുമ്പോട്ടു പോയപ്പോഴാണ് പൊക്രാന്‍ ആണവ പരീക്ഷണം നടന്നത്. അതേത്തുടര്‍ന്ന് ഇന്ത്യയുമായുള്ള അന്താരാഷ്ട്ര കരാറുകള്‍ എല്ലാം നീട്ടിവയ്ക്കപ്പെട്ടു. ഇതിനിടെ യുഡിഎഫ് ഭരണം വന്നു. അപ്പോഴേക്കും ഇന്ത്യക്കെതിരായ സാമ്പത്തിക ഉപരോധം നീങ്ങി. അപ്പോള്‍ ധാരണപത്രം കരാറാക്കണമായിരുന്നു. അതിനുള്ള കരട് വൈദ്യുതിമന്ത്രിയായ കടവൂര്‍ ശിവദാസന്റെ മേശപ്പുറത്ത് ലാവ്ലിന്‍തന്നെ എത്തിച്ചു. എന്നാല്‍, ശിവദാസന്‍ ഒപ്പിട്ടില്ല. അതു കരാറായില്ല. അങ്ങനെയാണ് ക്യാന്‍സര്‍ സെന്ററിനുള്ള സഹായമനുവദിക്കുക എന്ന ഉത്തരവാദിത്തത്തില്‍നിന്ന് ലാവ്ലിന്‍ ഒഴിവായത്. സിബിഐ ആകട്ടെ, ഈ വീഴ്ചയിലേക്കു കണ്ണോടിക്കുന്നതേയില്ല. ഇതു മാത്രമല്ല സിബിഐ കാണാന്‍ കൂട്ടാക്കാത്തത്. മലബാര്‍ ക്യാന്‍സര്‍ സെന്ററിനുളള ഗ്രാന്റ് ഇങ്ങോട്ടു വാങ്ങിയെടുക്കേണ്ട ഘട്ടത്തില്‍ അതു ചെയ്തില്ല എന്നു മാത്രമല്ല, ഇങ്ങോട്ടു പണം കിട്ടേണ്ട ഘട്ടത്തില്‍ പദ്ധതി നവീകരണത്തിന്റെ പേരില്‍ 103 കോടിരൂപ മന്ത്രിയായിരിക്കെ കടവൂര്‍ ശിവദാസന്‍ ലാവ്ലിന് അങ്ങോട്ടുകൊടുത്തു. ഇങ്ങോട്ടു കിട്ടേണ്ട പണം എവിടെ എന്നു ചോദിച്ചില്ല. ക്യാന്‍സര്‍ സെന്ററിനു സഹായം ചെയ്യുന്നില്ലെങ്കില്‍ തുക തരില്ല എന്നു പറയാമായിരുന്നു. അതും ചെയ്തില്ല. എന്തുകൊണ്ട് ഈ വീഴ്ച? സിബിഐ ഈ ചോദ്യം കടവൂര്‍ ശിവദാസനോടാണു ചോദിക്കേണ്ടത്. പക്ഷേ, ചോദിക്കുന്നില്ല. എല്‍ഡിഎഫ് ഗവമെന്റല്ല, യുഡിഎഫ് ഗവമെന്റാണ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയത്. എല്‍ഡിഎഫ് സര്‍ക്കാരാണ് തലശേരിയില്‍ 25 ഏക്കര്‍ സ്ഥലം വിലയ്ക്കെടുത്ത് ക്യാന്‍സര്‍ സെന്ററിന്റെ നിര്‍മാണം തുടങ്ങിവച്ചത്. ആ മുന്‍കൈ മൂലമാണ് നൂറുകണക്കിനു രോഗികള്‍ നിത്യേന എത്തുന്ന ക്യാന്‍സര്‍ സെന്റര്‍ ഇന്ന് അവിടെ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനായുള്ള കരാറിന്റെ ഭാഗമല്ല ക്യാന്‍സര്‍ ആശുപത്രിക്കുള്ള സഹായം. ലാവ്ലിന്‍ സമാഹരിച്ചു തരാമെന്നേറ്റ സൌജന്യ വിദേശസഹായമാണിത്. അവര്‍ ആവശ്യപ്പെട്ടിട്ടും ധാരണപത്രം കരാറാക്കാതെ തുക ലാപ്സാക്കാനും ആ കമിറ്റ്മെന്റില്‍ നിന്നു ലാവ്ലിന് ഒഴിയാനും വഴിയൊരുക്കിക്കൊടുത്തത് യുഡിഎഫ് സര്‍ക്കാരിന്റെ വീഴ്ചയാണ്. ക്യാന്‍സര്‍ സെന്ററിനു കിട്ടേണ്ടിയിരുന്ന 86 കോടി രൂപ എവിടെപ്പോയി എന്ന ചോദ്യത്തിന് ഇതാണുത്തരം. ആരുടെയും പോക്കറ്റിലേക്കു പോയതല്ല, ലാവ്ലിന്‍, യുഡിഎഫ് വീഴ്ച മൂലം തരാതിരുന്നതാണ്. നാഷണല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്റെ റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിച്ചില്ല എന്നതാണ് സിബിഐ പറയുന്ന പതിനൊന്നാമത്തെ കുറ്റം. നേരത്തെ തന്നെ ഒപ്പുവച്ചു പ്രാബല്യത്തില്‍ വരുത്തിയ ഒരു കരാര്‍എന്‍എച്ച്പിസിയുടെ അഭിപ്രായം പരിഗണിച്ചു പൊളിച്ചെഴുതാന്‍ കഴിയുമായിരുന്നില്ല. പൊളിച്ചാല്‍ നഷ്ടപരിഹാരം നല്‍കണം. അതിനു കഴിയുമായിരുന്നില്ല. എന്നു മാത്രമല്ല, എന്‍എച്ച്പിസി ഒരു പൊതുമേഖലാ സ്ഥാപനമാണ്. അതിന്റെ റിപ്പോര്‍ട്ട് ക്യാബിനറ്റ് തീരുമാനത്തിനു മേലേയാണോ? എന്‍എച്ച്പിസി റിപ്പോര്‍ട്ട് എഴുതിയാല്‍ അതു വള്ളിപുള്ളി വ്യത്യാസമില്ലാതെ ക്യാബിനറ്റ് അംഗീകരിച്ചുകൊള്ളണമെന്നുണ്ടോ? ഇതിനപ്പുറം ശ്രദ്ധിക്കേണ്ടത് കേരള സര്‍ക്കാര്‍ എന്‍എച്ച്പിസിയോട് ആവശ്യപ്പെട്ടത് ഒരേ ഒരു കാര്യം പരിശോധിക്കാനാണ്. യുഡിഎഫ് ഗവമെന്റ് ഒറിജിനല്‍ കരാര്‍ പ്രകാരം നിശ്ചയിച്ച ലാവ്ലിന്റെ യന്ത്രോപകരണങ്ങളുടെ വില അന്താരാഷ്ട്ര കമ്പോളവിലയ്ക്കു മേലേയാണോ എന്നകാര്യം. അല്ല എന്ന് അവര്‍ റിപ്പോര്‍ട്ടുചെയ്തു. അതുപ്രകാരം എല്‍ഡിഎഫ് ഗവമെന്റ് മുമ്പോട്ടു പോവുകയുംചെയ്തു. സിബിഐ ഇതും കാണുന്നില്ല. സിബിഐ കാണാന്‍ കൂട്ടാക്കാതിരുന്ന നിരവധി കാര്യങ്ങളുണ്ട്. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതി നവീകരിച്ചേ മതിയാവൂ എന്ന് കേന്ദ്രവൈദ്യുതി അതോറിറ്റി തന്നെ നിര്‍ദേശിച്ചിരുന്നു എന്നതാണ് ആദ്യത്തേത്. നാല്‍പ്പതുകളില്‍ ആരംഭിച്ച പദ്ധതികളാണിവ. മൂന്നരപ്പതിറ്റാണ്ടിന്റെ ആയുസ്സേ ഇവയ്ക്കുണ്ടായിരുന്നുള്ളു. ഫലപ്രദമായി അതു നവീകരിച്ചതുകൊണ്ടാണു കേരളത്തിനു വൈദ്യുതി കൂടിയതോതില്‍ ഇന്നും അവിടെനിന്ന് ലഭിക്കുന്നത് എന്നതാണ് രണ്ടാമത്തേത്. യുഡിഎഫ് ഒപ്പിട്ട കരാര്‍ കേരളത്തിന് അനുകൂലമായ ഒരുപാടു മാറ്റത്തിനു വിധേയമാക്കി എല്‍ഡിഎഫ് ഗവമെന്റ് എന്നതാണ് അടുത്തത്. യുഡിഎഫ് നിശ്ചയിച്ചിരുന്ന കസള്‍ട്ടന്‍സി ഫീ 24 കോടി, 17 കോടിയാക്കി കുറപ്പിച്ചു. വിദേശത്തുനിന്ന് ഇറക്കുമതിചെയ്യേണ്ട യന്ത്രസാമഗ്രികളുടെ വില, യുഡിഎഫ് നിശ്ചയിച്ചിരുന്നത് 182 കോടി എന്നായിരുന്നു. ഇത് 149 കോടിയാക്കി കുറപ്പിച്ചു. ലാവ്ലിന്‍ നിര്‍ദേശിച്ച പലിശ 7.81 ശതമാനമായിരുന്നു. ഇത് 6.8 ശതമാനമാക്കി കുറപ്പിച്ചു. 45 കോടി ഗ്രാന്റായി നല്‍കാം എന്നത് 98 കോടിയാക്കി വര്‍ധിപ്പിച്ചെടുത്തു. ഇതൊന്നും കാണാന്‍ സിബിഐക്ക് കണ്ണില്ല. എല്‍ഡിഎഫ് ഗവമെന്റ് യുഡിഎഫിന്റേതില്‍നിന്നു വ്യത്യസ്തമായി ഒരു കരാര്‍പോലും നേരിട്ട് ചര്‍ച്ചചെയ്തു ധാരണപത്ര രീതിയിലൂടെ ഉറപ്പിച്ചിട്ടില്ല. പകരം എല്ലാം ആഗോള ടെന്‍ഡര്‍ വിളിച്ച് കരാര്‍ കൊടുക്കുകയേ ചെയ്തിട്ടുള്ളൂ. അതിരപ്പിള്ളി മുതല്‍ കോഴിക്കോടു ഡീസല്‍ പ്ളാന്റുവരെ ഉദാഹരണങ്ങള്‍. ഇതൊന്നും സിബിഐ കാണുന്നില്ല. പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ പദ്ധതികള്‍ക്കു നവീകരണത്തിനുശേഷം വൈദ്യുതി ഉല്‍പ്പാദനം ഗണ്യമായി കൂടി. മുമ്പ് 35 മെഗാവാട്ടായിരുന്നത് ഇപ്പോള്‍ 59 മെഗാവാട്ടായി കൂടി. ഇതും സിബിഐ കാണുന്നില്ല. എന്തുകൊണ്ടു കാണുന്നില്ല? ആ ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ- രാഷ്ട്രീയമായി സൌകര്യപ്രദമല്ലാത്തതിനാല്‍ കാണുന്നില്ല. ഏതായാലൂം ഒരു കണക്കിനു സിബിഐ അന്വേഷണം വന്നതു നന്നായി. ഈ കരാറിനെ ചൂഴ്ന്ന് എന്തെല്ലാം ആരോപണങ്ങളും സംശയത്തിന്റെ പുകമറകളുമാണ് ഇവിടെ സൃഷ്ടിക്കപ്പെട്ടത്. അത് ഇപ്പോള്‍ നീങ്ങിയിട്ടുണ്ട്. അഴിമതിയുണ്ടായി എന്നു സിബിഐക്കു പറയാനാവുന്നില്ല. സ്വകാര്യ നിക്ഷേപത്തിലേക്കു പണം പോയി എന്നും സിബിഐ പറയുന്നില്ല. ആകെ പറയുന്നതു നടപടിക്രമങ്ങളിലെ അപാകതകളെക്കുറിച്ചാണ്. എന്തായിരുന്നു ഇവിടെ കഴിഞ്ഞ മൂന്നര വര്‍ഷം നടന്ന കുപ്രചാരണങ്ങള്‍. പിണറായി വിജയന്‍ സിംഗപ്പൂരില്‍ കമ്പനി നടത്തുന്നുണ്ടെന്നും പണം അതിലേക്ക് ഒഴുകി എന്നും പറഞ്ഞു. സിബിഐ സംഘം ഖജനാവിലെ പണം ഉപയോഗിച്ച് പലതവണ സിംഗപ്പൂരില്‍ പോയി ആ കമ്പനിയെ തേടി. അവിടെ അങ്ങനെയൊരു കമ്പനിയേയില്ലെന്നു വ്യക്തമായിരിക്കുന്നു. ടെക്നിക്കാലിയ, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണത്തിനുള്ള കസള്‍ട്ടന്‍സി സ്ഥാപനമായിരുന്നു. ഇത് ഒരു ബിനാമി സംഘടനയാണെന്നും സിപിഐ എം നേതാവിന്റെ ബിനാമി സ്ഥാപനമാണ് എന്നും പ്രചരിപ്പിച്ചു. സത്യം ഒടുവില്‍ ഇപ്പോള്‍ തെളിഞ്ഞു. ടെക്നിക്കാലിയ പ്രശസ്തമായ കസള്‍ട്ടന്‍സി സ്ഥാപനമാണ്. അതിനെ കേരളത്തില്‍ ആദ്യമായി കൊണ്ടുവന്നതു യുഡിഎഫാണ്. യുഡിഎഫ് മന്ത്രിസഭയില്‍ അംഗമായിരുന്ന എം വി രാഘവനാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി സ്ഥാപിക്കാനുള്ള കസള്‍ട്ടന്‍സി ടെക്നിക്കാലിയക്കായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം നിരവധി കസള്‍ട്ടന്‍സി ജോലികള്‍ അവര്‍ ഏറ്റെടുത്തു പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതെല്ലാം തെളിഞ്ഞു. സംശയങ്ങളുടെ പുകപടലം ഉയര്‍ത്തി സിപിഐ എം നേതൃത്വത്തെ കൊള്ളില്ലാത്തതെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണു നടന്നത്. അതെല്ലാം പൊളിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ തെളിയുന്ന ചിത്രം.
(അവസാനിച്ചു)
Subscribe to:
Post Comments (Atom)
No comments:
Post a Comment