Wednesday, October 1, 2008

ന്യൂനപക്ഷങ്ങള്‍ക്കു നേരെ സംഘപരിവാറിന്റെ വേട്ട

2009 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ബംഗ്ളൂരില്‍ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം, കൂടുതല്‍ കര്‍ക്കശമായ ഹിന്ദുത്വവാദം പൊക്കിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനിച്ചത്. ജമ്മു-കാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനപാത ദേശസാല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രസിഡന്റ് രാജ്നാഥ്സിങ്, കാശ്മീര്‍ ജനതയ്ക്ക് പ്രത്യേകാവകാശം നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയണമെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനായി "പോട്ട'' നിയമം തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ലോകത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക കുഴപ്പത്തെയോ ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പരാധീനതകളെയോകുറിച്ച് ഒന്നും പരാമര്‍ശിക്കാതിരുന്ന ബിജെപി എക്സിക്യൂട്ടീവ്, ന്യൂനപക്ഷങ്ങള്‍ക്കുനേര്‍ക്ക് വിദ്വേഷം വളര്‍ത്തുന്നതിന് ഉതകുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ചചെയ്തത്. ഒറീസയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന അക്രമപരമ്പരകളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ്, ആ സംസ്ഥാനത്തിലെ അക്രമ സംഭവങ്ങളെ അപലപിച്ചില്ലെന്ന് മാത്രമല്ല. പ്രത്യക്ഷത്തില്‍ത്തന്നെ പിന്‍തുണയ്ക്കുകയും ചെയ്തു. കൊലവിളി നടത്തുന്ന സംഘപരിവാര്‍ സംഘങ്ങളെ ന്യായീകരിക്കുന്ന ബിജെപി നേതൃത്വം, ഒറീസയിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ക്രിസ്ത്യന്‍ മിഷണറിമാരുടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളാണെന്ന് കുറ്റപ്പെടുത്താനും മറന്നില്ല. (1991ലെയും 2001ലെയും സെന്‍സസ് കണക്കുകള്‍ കാണിക്കുന്നത് ഒറീസയിലെ ക്രിസ്ത്യന്‍ ജനസംഖ്യ പത്തുകൊല്ലത്തിനുള്ളില്‍ ഒട്ടും വര്‍ധിച്ചിട്ടില്ല, അല്‍പം കുറഞ്ഞിട്ടേയുള്ളു എന്നാണ്. ബിജെപിയുടെ "മതപരിവര്‍ത്തനവാദ''ത്തിന്റെ പൊള്ളത്തരമാണത് കാണിക്കുന്നത്.)
അമര്‍നാഥ് തീര്‍ത്ഥാടന പാത ദേശസാല്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി, അതുവഴി, ജമ്മു-കാശ്മീരിലെ ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കും ഇടയില്‍ തീര്‍ത്താല്‍ തീരാത്ത വിടവ് സൃഷ്ടിച്ചുവെയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ഹിന്ദു-മുസ്ളിം വിരോധവും ഹിന്ദു-ക്രിസ്ത്യന്‍ വിരോധവും ആളിക്കത്തിക്കാന്‍ ഉതകുന്ന നടപടികള്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളായി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപി നേതൃത്വം ബാംഗ്ളൂരിലെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കെ അവരുടെ അണികള്‍ അതേ സംസ്ഥാനത്തിന്റെ മറ്റൊരുഭാഗത്ത്, (മംഗലാപുരം, തെക്കന്‍ കനറ, ചിക്കമഗളൂര്‍ തുടങ്ങിയ ജില്ലകളില്‍) ആ തന്ത്രം പൈശാചികമായി നടപ്പാക്കിത്തുടങ്ങിയിരുന്നു. സപ്തംബര്‍ 14-ാം തീയതി ഞായറാഴ്ച യാതൊരു പ്രകോപനവുമില്ലാതെയാണ് സംഘപരിവാര്‍ സംഘങ്ങള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം ആരംഭിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പള്ളികളും ആരാധനാലയങ്ങളും ആക്രമിച്ച വിശ്വഹിന്ദു പരിഷത്ത്-ബജ്റംഗദള്‍-ശ്രീരാമസേന പ്രഭൃതികള്‍ സ്കൂളുകള്‍ക്കുനേരെയും ആക്രമണം നടത്തി; കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ദേഹോപദ്രവം ഏല്‍പിക്കുന്നതിനും അവര്‍ക്ക് മടിയുണ്ടായില്ല.
ഒറീസയില്‍ ആളിക്കത്തിയ ന്യൂനപക്ഷവേട്ട കര്‍ണാടകത്തിലേക്ക് പരക്കുമ്പോള്‍, ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അതിന്റെ അലയൊലികള്‍ പ്രത്യക്ഷപ്പെട്ടതായിട്ടാണ് വാര്‍ത്തകള്‍ കാണിക്കുന്നത്. ബാംഗ്ളൂരില്‍ നേതൃത്വം തീരുമാനം കൈക്കൊള്ളുന്ന സമയത്തുതന്നെ, അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവേശത്തോടുകൂടി നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങുന്ന അണികളുടെ കാര്യക്ഷമത അപാരംതന്നെ. ഒറീസയില്‍ മതപരിവര്‍ത്തനത്തെച്ചൊല്ലിയാണ് സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടതെങ്കില്‍ മംഗലാപുരത്ത് അങ്ങനെയൊരു നിമിത്തംപോലും അവര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല. ഒരു കാരണവും ഉന്നയിക്കാതെ ആരംഭിച്ച ന്യൂനപക്ഷ വേട്ട, ഈ കുറിപ്പ് എഴുതുമ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അക്രമങ്ങളെ കര്‍ശനമായി അമര്‍ച്ചചെയ്യാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്റ് ആകട്ടെ, എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന ഹിന്ദുവര്‍ഗ്ഗീയവാദികളെ തടയാന്‍ യാതൊരു നടപടിയും കൈക്കൊള്ളാത്ത പൊലീസ്, കുറ്റവാളികളായ വിശ്വഹിന്ദു പരിഷത്ത് - ശ്രീരാമസേനാ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്യാത്ത പൊലീസ്, ആക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുന്ന ന്യൂനപക്ഷങ്ങള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുന്നുവെന്നും അറസ്റ്റ് ചെയ്യുന്നുവെന്നും വാര്‍ത്തയുണ്ട്. വേട്ടപ്പട്ടികളെയല്ല ഇരകളെയാണ് പൊലീസും പിടികൂടുന്നതെന്ന് വാര്‍ത്താമാധ്യമങ്ങള്‍ സാക്ഷ്യംവഹിക്കുന്നു.
പക്ഷെ, ഒറീസയിലെ ന്യൂപക്ഷ വേട്ടയില്‍നിന്ന് കര്‍ണാടകത്തിലേതിന് ഒരു വ്യത്യാസമുണ്ട്. ഒറീസയില്‍ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ നിസ്സഹായരായി കാടുകളിലേക്ക് പലായനം ചെയ്യുകയാണെങ്കില്‍ മംഗലാപുരത്ത് വേട്ടയാടപ്പെടുന്നവര്‍ സംഘം ചേരുന്നു; പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നു; ചിലയിടങ്ങളിലെങ്കിലും തിരിച്ചടിക്കുന്നുമുണ്ട്. അത് വര്‍ഗീയ സംഘട്ടനങ്ങളിലേക്ക് വളരാതിരിക്കാന്‍ അതിനെ തടയുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന് ഉത്തരവാദിത്വമുണ്ടെങ്കിലും ആ ഉത്തരവാദിത്വം ബിജെപി സര്‍ക്കാര്‍ നിറവേറ്റുന്നില്ല. തീപ്പൊരി കാട്ടുതീയായി ആളിപ്പടരാവുന്ന സാഹചര്യമാണ് ബിജെപിയുടെ യദിയൂരപ്പ സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാക്കിവെച്ചിട്ടുള്ളത്. സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി മടങ്ങിയതിനുശേഷവും, അവിടെ സമാധാനം പുലരുന്നില്ല എന്നതും സംഘപരിവാര്‍ സംഘങ്ങള്‍ ബന്ദും ഗതാഗതസ്തംഭനവും ആക്രമണങ്ങളും നടത്തി വര്‍ഗീയ ഭ്രാന്ത് ഊതിക്കത്തിക്കുകയാണെന്നതും അതിന്റെ തെളിവാണ്.
ഇതില്‍നിന്ന് വ്യത്യസ്തമായ ചിത്രമാണ് കേരളം കാഴ്ചവെയ്ക്കുന്നത്. ദക്ഷിണ കര്‍ണാടകത്തിലെ വര്‍ഗീയാസ്വാസ്ഥ്യങ്ങളുടെ അലകള്‍ കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് കാലുനീട്ടിയപ്പോള്‍ സംഭവസ്ഥലത്ത് ഓടിയെത്തിയ കേരള ആഭ്യന്തരമന്ത്രി, അത് പടരാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊണ്ടു. സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ടികളുടെയും ജനങ്ങളുടെയാകെയും സഹായസഹകരണങ്ങളോടെ മതസൌഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തി. അതിന്റെ ഫലം കാണുകയും ചെയ്തു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ പ്രകടമാകുന്നത്.
സെപ്തംബര്‍ 14, 15, 16 തീയതികളിലെ ന്യൂനപക്ഷവേട്ട കര്‍ണാടകത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. ബിജെപി ഭരണം സംസ്ഥാനത്ത് ആരംഭിച്ചതിനുശേഷമുള്ള ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ 36 ഓളം ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിനുനേരെ ഉണ്ടായിട്ടുണ്ട്. ഒറീസയിലെ ന്യൂനപക്ഷ വേട്ടയില്‍ പ്രതിഷേധിച്ച് ആഗസ്ത് 29ന് രാജ്യത്തെങ്ങുമുള്ള ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടപ്പോള്‍, കര്‍ണാടകത്തിലെ ക്രിസ്ത്യന്‍ വിദ്യാലയങ്ങളും അടച്ചിട്ടു. പിറ്റേന്ന് അത്തരം സ്ഥാപനങ്ങളുടെ അധികൃതര്‍ക്ക് കേട്ടാലറയ്ക്കുന്ന അധിക്ഷേപങ്ങളും ഭീഷണികളുമാണ് നേരിടേണ്ടിവന്നത്. ന്യൂനപക്ഷമായതുകൊണ്ട് വിവേചനത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്ന കാര്യത്തില്‍ മുസ്ളിങ്ങളും പിന്നോട്ടല്ല. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ചില പ്രദേശങ്ങളില്‍ മുസ്ളിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭൂമി വാങ്ങുന്നതിനും വാടകയ്ക്ക് വീട് ലഭിക്കുന്നതിനും തടസ്സമുണ്ടെന്നുപറഞ്ഞാല്‍ അത് അത്ഭുതമല്ല. മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലേക്ക് സര്‍ക്കാരിന്റെ വികസന ഫണ്ടുകളൊന്നും എത്തിച്ചേരുന്നില്ല, കറന്റും വെള്ളവും റോഡുകളും വരുന്നില്ല എന്നതും അതിശയോക്തിയല്ല. എവിടെയെങ്കിലും അക്രമമുണ്ടായാല്‍, ഒരു തെളിവുമില്ലെങ്കിലും പൊലീസ് ആദ്യം പിടികൂടുക മുസ്ളിങ്ങളെയാണ്. ഈ അടുത്തകാലത്ത് ബംഗ്ളൂരില്‍ ബോംബ്സ്ഫോടനമുണ്ടായപ്പോഴും, മുസ്ളീങ്ങള്‍ കൂട്ടത്തോടെ സംശയത്തോടുകൂടി വീക്ഷിക്കപ്പെട്ടുവെന്നതും വസ്തുതയാണ്.
ഭൂരിപക്ഷവിഭാഗത്തില്‍പ്പെട്ട വര്‍ഗീയവാദികള്‍ ക്രിസ്ത്യന്‍ മതസ്ഥരെ ആക്രമിക്കുമ്പോള്‍, ക്രിസ്ത്യാനികള്‍ പൊലീസ് സ്റ്റേഷനില്‍ ആവലാതിയുമായി ചെല്ലുമ്പോള്‍ അവര്‍ക്ക് നീതി ലഭിക്കുന്നില്ല. പലപ്പോഴും പൊലീസ്തന്നെ അക്രമികളുടെ ഭാഗംചേര്‍ന്ന് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു. ഒറീസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആഗസ്ത് 29ന് അടച്ചിട്ട ക്രിസ്ത്യന്‍ വിദ്യാലയങ്ങളുടെ അധികൃതര്‍ക്കുനേരെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി വിശ്വേശ്വര ഹെഗ്ഡെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദ്ദേശംനല്‍കി. സ്കൂളുകളുടെ അംഗീകാരം പിന്‍വലിക്കും എന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്നുണ്ട്. അതുകൊണ്ട് അടച്ചിടുന്നതിനുമുമ്പ് സര്‍ക്കാരിന്റെ അനുവാദം വാങ്ങിയിരിക്കണം എന്നതാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്.
ഏതാനുംമാസംമുമ്പ് മംഗലാപുരത്തുതന്നെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തിനുനേര്‍ക്ക് നടന്ന ആക്രമണങ്ങളുടെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. തുംകൂര്‍ ജില്ലയിലെയും കാര്‍വാര്‍ ജില്ലയിലെയും ക്രിസ്ത്യാനികള്‍ക്കും പീഡനങ്ങളുടെയും ദുരിതങ്ങളുടെയും നീണ്ട കഥകള്‍ പറയാനുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഒറീസ, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ക്കും പറയാനുള്ളത്, ഹിന്ദു വര്‍ഗീയവാദികളില്‍നിന്ന് തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ആക്രമണങ്ങളുടെ കഥതന്നെയാണ്. ഡാങ്സ്, ഝാബുവ, ഭോപ്പാല്‍, കന്ദമല്‍, ജയ്പ്പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്ക് ക്രൂരമായ ന്യൂനപക്ഷ വേട്ടകളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പറയാനുണ്ട്. മുംബൈനഗരത്തില്‍ മുസ്ളീങ്ങള്‍ക്ക് വാടകവീട് കിട്ടാനും ഫ്ളാറ്റ്വാങ്ങാനും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ശബാനാആസ്മിതന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഫ്ളാറ്റ് നിര്‍മ്മിച്ചു കൊടുക്കുന്ന സൊസൈറ്റികള്‍ മുസ്ളിങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കാന്‍ തയ്യാറില്ല. ഒടുവില്‍ സുപ്രിംകോടതിവരെ പ്രശ്നം ചെന്നെത്തി. ഫ്ളാറ്റ് ആര്‍ക്ക് നല്‍കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അതത് സൊസൈറ്റികള്‍ക്കുതന്നെയാണെന്ന് വിധിച്ചുകൊണ്ട് സുപ്രിംകോടതി, ന്യൂനപക്ഷാവകാശത്തിനുമേല്‍ കോടാലിവെയ്ക്കുകയാണുണ്ടായത്.
മധ്യപ്രദേശില്‍നിന്നുള്ള ഒരു ഞെട്ടിപ്പിക്കുന്ന കണക്കുനോക്കൂ. ഇപ്പോഴത്തെ ബിജെപി ഗവണ്‍മെന്റ് അധികാരമേറ്റതില്‍ പിന്നീട് സംസ്ഥാനത്തെ 23 ജില്ലകളിലായി 135 പ്രധാനപ്പെട്ട ന്യൂപക്ഷാക്രമണസംഭവങ്ങള്‍ നടന്നു; അതില്‍ 42 മുസ്ളിങ്ങള്‍ കൊല്ലപ്പെട്ടു; 5000ല്‍ പരം കള്ളക്കേസുകള്‍ മുസ്ളിങ്ങള്‍ക്കെതിരായി ചുമത്തപ്പെട്ടു; മുസ്ളിങ്ങളുടെ 1500ല്‍പരം വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. കത്തിക്കപ്പെട്ടവയില്‍ പള്ളികളും ഉള്‍പ്പെടും. ഖുര്‍ആന്‍ ഗ്രന്ഥങ്ങളുടെ കോപ്പികള്‍ വാരിക്കൂട്ടി കത്തിക്കാനും വര്‍ഗീയവാദികള്‍ക്ക് ഒട്ടും മന:സാക്ഷിക്കുത്തുണ്ടായില്ല. 1994 മുതല്‍ 2005വരെ സംസ്ഥാനത്തെ ന്യൂനപക്ഷക്കമ്മീഷനില്‍ അംഗമായിരുന്ന ഇബ്രാഹിം ഖുറൈഷി നല്‍കുന്ന കണക്കുകളാണിവ.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിരന്തരം വേട്ടനടക്കുമ്പോള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി ഒരൊറ്റ പ്രധാനപ്പെട്ട വര്‍ഗീയ സംഘട്ടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു സംസ്ഥാനമുണ്ട്. 31 കൊല്ലമായി ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ഭരിക്കുന്ന പശ്ചിമബംഗാള്‍ ആണത്. ഹിന്ദു മുസ്ളിം സൌഹാര്‍ദ്ദത്തിനു പേരുകേട്ട പശ്ചിമബംഗാളിന്റെ പാതയില്‍ത്തന്നെയാണ്, ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള കേരളത്തിന്റേയും യാത്ര. ഇടതുപക്ഷ ശക്തികള്‍ക്ക് പ്രത്യേകിച്ചും സിപിഐ (എം)ന്, സ്വാധീനമുള്ള മേഖലകളിലും സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണം നടക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതരാണ് എന്ന വസ്തുതയുമായി താരതമ്യപ്പെടുത്തിക്കൊണ്ടുവേണം ഗുജറാത്തിലേയും ഒറീസ്സയിലേയും കര്‍ണാടകത്തിലേയും മധ്യപ്രദേശിലെയും മറ്റും ന്യൂനപക്ഷ വേട്ടകളുടെ ചരിത്രം പഠിക്കാന്‍. എന്നിട്ടും ഒറീസ്സയില്‍ എത്ര ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടാലും വേണ്ടില്ല കേരളത്തിലെ ഒരു ക്രിസ്ത്യാനിയും ഇടതുപക്ഷത്തേക്ക് നീങ്ങരുത് എന്ന് ശഠിക്കുന്ന പള്ളി മേലധികാരികളുടെ കമ്യൂണിസ്റ്റ് വിരോധം അത്ഭുതകരംതന്നെ. ഒറീസ്സയിലും കര്‍ണാടകത്തിലും മധ്യപ്രദേശിലും കൊല്ലപ്പെടുന്നത് പാവപ്പെട്ട ക്രിസ്ത്യാനികളായതുകൊണ്ടാണോ, ബിഷപ്പുമാര്‍ക്കിത്ര അലംഭാവം? ക്രിസ്ത്യാനികളുടെ ജീവനേക്കാള്‍ വലുതാണോ, സ്വാശ്രയ കോളേജുകളില്‍നിന്ന് വാരിക്കൂട്ടുന്ന ആസ്തികള്‍?

നാരായണന്‍ ചെമ്മലശ്ശേരി

1 comment:

ജനശബ്ദം said...