Friday, October 31, 2008

കേരളപ്പിറന്നാള്‍ .ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മംഗളാശംസകള്‍

കേരളപ്പിറന്നാള്‍ . ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മംഗളാശംസകള്‍

വി എസ് അച്യുതാനന്ദന്‍

ഇന്ന് ഐക്യകേരളത്തിന്റെ അമ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് നാം. മൂന്നായി മുറിഞ്ഞുകിടന്ന കേരളം ഒന്നുചേര്‍ന്ന് ഐക്യകേരളമായതിന്റെ സുവര്‍ണജൂബിലി നാം ഒരു വര്‍ഷം നീണ്ടുനിന്ന പരിപാടികളോടെ നടത്തുകയുണ്ടായി. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള ഒട്ടേറെ പദ്ധതിയും പ്രവര്‍ത്തനവും ആ കാലയളവില്‍ നാം ഏറ്റെടുക്കുകയുണ്ടായി. ഏറ്റവും അഭിമാനത്തോടെ നമുക്ക് പറയാന്‍ കഴിയും, കേരളത്തിന്റെ സമഗ്രപുരോഗതിക്ക് ഉതകുന്ന ഏറ്റവും കൂടുതല്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കാലയളവിലാണ് തുടക്കം കുറിച്ചതെന്ന്. ആ നടപടികള്‍ ഫലം കണ്ടുതുടങ്ങി. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍നിന്ന് മോചിപ്പിക്കാനും പുത്തനുണര്‍വ് സൃഷ്ടിക്കാനും പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കാനും കഴിഞ്ഞു. പരമ്പരാഗത തൊഴില്‍മേഖലകളില്‍ പുത്തനുണര്‍വ് സൃഷ്ടിച്ചു. അടിസ്ഥാന സൌകര്യ വികസനരംഗത്ത് വമ്പിച്ച കുതിച്ചുചാട്ടത്തിന് പശ്ചാത്തലമൊരുക്കാനും സാധ്യമായി. കഴിഞ്ഞ അമ്പത്തിരണ്ട് വര്‍ഷംകൊണ്ട് എല്ലാ മേഖലയിലും വമ്പിച്ച പുരോഗതി കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതേ സമയം ഉയര്‍ന്ന സാമൂഹ്യ നിലവാരവും താഴ്ന്ന സാമ്പത്തിക നിലവാരവും എന്ന 'ചരിഞ്ഞ വികസന'മാണ് കേരളത്തിന്റെ സവിശേഷത എന്ന് വിലയിരുത്തപ്പെട്ടുപോന്നിട്ടുണ്ട്. അത്തരമൊരു വികസനത്തിന് ആയുസ്സില്ലെന്നും ക്ഷേമകാര്യങ്ങള്‍ക്കായുള്ള വ്യയം ഉല്‍പ്പാദനക്ഷമമല്ലെന്നും അതിനാല്‍ കേരളവും പുതിയ സാമ്പത്തിക വികസനപാതയിലേക്ക് പൂര്‍ണമായും ചരിയണമെന്നും ശക്തമായ ഒരു വാദമുണ്ട്. മറ്റ് ചില അയല്‍ സംസ്ഥാനങ്ങളെ ചൂണ്ടി കേരളം എല്ലാ നിലയിലും പിറകോട്ടുപോകുന്നുവെന്ന ശക്തമായ പ്രചാരണവുമുണ്ട്. ഈ പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മാനവ വികസനംതന്നെയാണ് യഥാര്‍ഥ വികസനത്തിന്റെ അടിസ്ഥാനമെന്നും അടുത്തിടെ പുറത്തിറങ്ങിയ സംസ്ഥാന മാനവ വികസന റിപ്പോര്‍ട്ട് തെളിയിക്കുന്നു. ഈയിടെ അന്താരാഷ്ട്രപ്രസിദ്ധമായ ഒരു മാധ്യമസ്ഥാപനം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു സര്‍വെയില്‍ മാനവവികസനത്തിന്റെ വിവിധ അളവുകോലുകളില്‍ ആദ്യത്തെ അഞ്ചിനത്തില്‍ കേരളം ഒന്നാമതാണെന്നു കണ്ടെത്തുകയുണ്ടായി. സാമ്പത്തിക വളര്‍ച്ചയില്ലാതെ കേവല ജീവിത നിലവാര വളര്‍ച്ച എന്ന അര്‍ഥത്തില്‍ ഉള്ളു പൊള്ളയായ വികസനമാണ് കേരളത്തില്‍ എന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയുണ്ടായതിനാല്‍മാത്രം മാനവ വികസനം സംഭവിക്കില്ലെങ്കിലും മാനവവികസനം ആത്യന്തികമായി സാമ്പത്തിക വളര്‍ച്ചയിലേക്കും, സമഗ്രവളര്‍ച്ചയിലേക്കും നയിക്കുമെന്നതാണ് യാഥാര്‍ഥ്യം. ഉല്‍പ്പാദനംപോലെതന്നെ വിതരണവും പ്രധാനമാണ്. വിതരണത്തില്‍ അസന്തുലിതാവസ്ഥ താരതമ്യേന കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതാണ് കേരളത്തിലെ സവിശേഷ പുരോഗതിയുടെ അടിസ്ഥാനം. ഇതാകട്ടെ ഉയര്‍ന്ന രാഷ്ട്രീയ-സാമൂഹ്യ ബോധത്തിന്റെയും സംഘടിതശേഷിയുടെയും നിരന്തര സമരങ്ങളുടെയും ഫലമാണുതാനും. സാക്ഷരതയില്‍ അനുസ്യൂതം വളരെ മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതും ഭൂപരിഷ്കരണവും ജനകീയാരോഗ്യ പദ്ധതിയും പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളും സാര്‍ഥകമായ അധികാര വികേന്ദ്രീകരണവുമെല്ലാമാണ് കേരളത്തിലെ മാനവ വികസനത്തിന്റെ അടിസ്ഥാനം. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ സാധ്യത ഉപയോഗപ്പെടുത്തി തൊഴിലില്ലായ്മയുടെ തോത് വലിയൊരളവോളം കുറയ്ക്കാനും കഴിഞ്ഞു. അത് പ്രധാനപ്പെട്ട ഒരു വരുമാനസ്രോതസ്സാവുകയും ചെയ്തു. സര്‍വീസ് മേഖലയുടെ വികാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് ഇതാണ്. രാജ്യത്തെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രതയില്‍ വളരെ മുന്നിലാണെങ്കിലും കുടുംബാസൂത്രണം ഏറ്റവും ഫലപ്രദമായി നടപ്പാക്കി ജനന നിരക്കില്‍ വളരെ പിറകിലായി കേരളം. രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ധന നിരക്ക് 1.95 ശതമാനമാണെങ്കില്‍ കേരളത്തില്‍ 0.93 ശതമാനം മാത്രമാണ്. പകുതിയിലും താഴെ. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ വികസിത രാഷ്ട്രങ്ങളേക്കാളും മുന്നില്‍. സ്ത്രീ-പുരുഷ അനുപാതത്തില്‍ അഭിമാനകരമായ ഔന്നത്യത്തിലാണ് കേരളം. ആയിരം ആകുട്ടികള്‍ വളരുമ്പോള്‍ 1058 പെകുട്ടികള്‍ വളരുന്നു. വര്‍ധിച്ച ആത്മഹത്യയാണ് കേരളത്തെ ഏറ്റവും ആശങ്കപ്പെടുത്തേണ്ട ഒരു കാര്യം. ഇന്ത്യന്‍ ശരാശരിയേക്കാള്‍ ഇരട്ടിയിലുമേറെയാണ് സംസ്ഥാനത്തെ ആത്മഹത്യനിരക്ക്. ലക്ഷത്തിന് മുപ്പത്തിമൂന്ന് എന്ന തോതിലെത്തിയിരിക്കുന്നു അത്. കുടുംബ ബന്ധങ്ങളിലെ ശൈഥില്യവും പലതരം മനക്ളേശങ്ങളുമെല്ലാം ആത്മഹത്യ വരെ എത്തിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ അതീവ ശ്രദ്ധയോടെയുള്ള ഇടപെടലും ബോധവല്‍ക്കരണവുമെല്ലാം ആവശ്യമാണ്. സാമൂഹ്യമായ ബന്ധം ശക്തിപ്പെടുത്തുകയും ജീവിതത്തില്‍ സ്നേഹവും സഹാനുഭൂതിയും വളര്‍ത്തുകയും വേണം. തൊഴിലില്ലായ്മയാണ് നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതേ സമയം ചില മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ ആളെ കിട്ടാനില്ലെന്ന മുറവിളിയും പരക്കെ ഉയരുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തെ ദശലക്ഷക്കണക്കിനു യുവാക്കള്‍ അന്യരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുകയാണ്. അതായത് കേരളീയ യുവത്വത്തില്‍ നല്ലൊരു ഭാഗം പുറത്താണ്. നമ്മുടെ കേരളത്തിലാകട്ടെ നിര്‍മാണതൊഴില്‍ മേഖലയിലും മറ്റും ബീഹാറില്‍നിന്നും ബംഗാളില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമൊക്കെഉള്ളവരാണ് ഇപ്പോള്‍ അധികവും. തെങ്ങുകയറ്റത്തിനും വയലില്‍ പണിയെടുക്കുന്നതിനും അന്യസംസ്ഥാനക്കാര്‍ അധികമായി എത്താന്‍ തുടങ്ങിയിട്ടില്ല. അതുകൊണ്ട് ആ മേഖലകളില്‍ പലേടത്തും തൊഴിലാളിക്ഷാമം രൂക്ഷമാണ്. അപ്പോഴും ഒരു പണിയും ചെയ്യാതെ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. ആഗ്രഹിക്കുന്ന തൊഴില്‍ കിട്ടിയാലേ ചെയ്യൂ, സര്‍ക്കാര്‍ ജോലിതന്നെ വേണം, വെള്ളക്കോളര്‍ ജോലി വേണം എന്ന അവസ്ഥയാണ്. പറ്റുമെങ്കില്‍ പണിയൊന്നുമെടുക്കാതെ ജോളിയടിച്ച് യുവത്വം കഴിക്കണമെന്ന് വിചാരിക്കുന്ന ചെറിയൊരു ശതമാനം ആളുകളുമുണ്ട്. ജോലി ചെയ്യാത്ത യൌവനം പാഴായ യൌവനമാണ്. ജോലി ചെയ്യാനുള്ള താല്‍പ്പര്യമില്ലായ്മ, വെറുതെ ജോളിയടിച്ചു നടക്കാനുള്ള താല്‍പ്പര്യം മനുഷ്യരെ മനുഷ്യരല്ലാതാക്കും. രാവിലെ കുളിച്ച് കുപ്പായവുമിട്ട് പൌഡറും പൂശി സെല്‍ഫോണുമെടുത്ത് ചുറ്റിയടിക്കുക, അവസ്ഥാനുസരണം ലഹരി ഉപയോഗിക്കുക, അങ്ങനെ ടൈംപാസ് - രാഷ്ട്രീയവും കലയും സംസ്കാരവും ഒന്നും ബാധകമല്ല - അങ്ങനെയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇന്നുണ്ട്. തീരെ ചെറിയ സംഖ്യയല്ല അവരുടേത്. ജോലി ചെയ്ത് അന്തസ്സായി ജീവിതമര്‍ഗമുണ്ടാക്കുന്നത് വലിയ വിഷമമായി കാണുന്നവരും അതുകൊണ്ട് പണമുണ്ടാക്കാന്‍ എളുപ്പമാര്‍ഗം തേടുന്നവരുമുണ്ട്. സ്പിരിറ്റ് കടത്തും ചാരായംകടത്തും ഭീകരസംഘങ്ങളുടെ കൈയാളാവുകയും അന്യന്റെ പോക്കറ്റില്‍ കൈയിടലുമൊക്കെ വര്‍ധിച്ചുവരുന്നത് അതിന്റെ ഭാഗമാണ്. ആഗോളവല്‍ക്കരണ കാലഘട്ടം മനുഷ്യനെ പണത്തോട് അത്യാര്‍ത്തിയുള്ളവരാക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ചെറിയൊരു വിഭാഗം യുവാക്കളെങ്കിലും മെയ്യനങ്ങി പണിയെടുക്കാന്‍ നില്‍ക്കാതെ തെറ്റായ വഴിയില്‍ പണക്കാരാകാന്‍ ശ്രമിക്കുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിലേക്കാണ് ഇത് നയിക്കുന്നത്. ഐക്യകേരളം പ്രതീക്ഷിക്കുന്നത് ഇതല്ല. ഇന്ത്യയില്‍ ഏറ്റവും മദ്യാസക്തിയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. വില്‍ക്കുന്ന മദ്യത്തിന്റെ അളവു നോക്കിയാല്‍ ഭൂരിപക്ഷംപേരും മദ്യപാനികളാണെന്ന് കണക്കാക്കേണ്ടി വരും. ആരോഗ്യത്തിന് ഹാനികരമാണ് എന്നറിഞ്ഞിട്ടും കടക്കാരനാകും എന്നറിഞ്ഞിട്ടും മദ്യാസക്തി വളരുന്നു. നമ്മുടെ ജനതയ്ക്ക് എന്തുകൊണ്ട് ഇത്രമാത്രം അസ്വാസ്ഥ്യവും അതൃപ്തിയുമെന്ന് ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രനിര്‍മാണത്തിനുവേണ്ടിയുള്ള ഊര്‍ജമാണ് മദ്യത്തിലേക്ക് പോകുന്നത്. മദ്യപാനം ദുശ്ശീലമാണ്, ആപത്താണ്, കാശുപോകും, കുടുംബം കലങ്ങും എന്നൊക്കെ പറഞ്ഞും സാരോപദേശം നല്‍കിയുംമാത്രം ഈ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. കൂട്ടായ്മ വളര്‍ത്തിയും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിട്ടും മാത്രമേ പലായന പ്രവണതയില്‍നിന്ന് മോചിപ്പിക്കാനാവൂ. ഐക്യകേരളദിനത്തില്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കേണ്ടതാണിത്. മതതീവ്രവാദം അങ്ങിങ്ങ് ശക്തിപ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥ മതവിശ്വാസികള്‍ സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും പക്ഷത്തേ നില്‍ക്കുകയുള്ളൂ. എന്നാല്‍ മതത്തിന്റെ പേരില്‍ ചില ദുഷ്ടശക്തികള്‍ യുവാക്കളെ വശീകരിച്ചും പ്രലോഭിപ്പിച്ചും ഭീകരസംഘങ്ങളുടെ വലയിലാക്കുകയും കൊടും ക്രിമിനലുകളാക്കി മാറ്റുകയും ചെയ്യുകയാണ്. രാജ്യത്തിന്റെയും മനുഷ്യരുടെയാകെയും ശത്രുക്കളാണ് ഭീകരപ്രവര്‍ത്തകര്‍. ഏറ്റവും സംസ്കാരസമ്പന്നമായ കേരളത്തിലും അത്തരക്കാരുണ്ടെന്ന വിവരം നടുക്കമുണ്ടാക്കുന്നതാണ്. അത്തരം സാമൂഹ്യദ്രോഹികളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണം. ആഗോളവല്‍ക്കരണം മാത്രമാണ് ഇനി യാഥാര്‍ഥ്യമെന്നും പുരോഗതിക്ക് പോംവഴി അതു മാത്രമാണെന്നുമാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി മുതലാളിത്തവാദികള്‍ ഉദ്ഘോഷിച്ചുകൊണ്ടിരുന്നത്. ആഗോളവല്‍ക്കരണംകൂടി ആയതോടെ അമേരിക്കയുടെ ഏകധ്രുവലോകമോഹം ദൃഢമായി. എന്നാലിന്ന് സോപ്പുകുമിളകള്‍ പൊട്ടുംപോലെ ഓഹരിക്കമ്പോളങ്ങളില്‍ തകര്‍ച്ച തുടരുകയാണ്. അമേരിക്കയുടെ മാത്രമല്ല, ഇംഗ്ളണ്ടിന്റെയും ജപ്പാന്റെയുമെല്ലാം സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുന്നു. ലോകമാകെ സാമ്പത്തികമാന്ദ്യത്തിലാണ്. അടിസ്ഥാനപരമായ സാമ്പത്തിക വികാസത്തിനു പകരം ഊഹക്കച്ചവടത്തിന്റെ ഉത്സവംമാത്രം നടന്നാല്‍ എന്താകും അനുഭവം എന്നാണിത് തെളിയിക്കുന്നത്. സാമ്പത്തികമാന്ദ്യവും ഓഹരിക്കമ്പോളത്തിലെ തകര്‍ച്ചയും കേരളത്തെയും മോശമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സാമ്പത്തികമാന്ദ്യം കേരളത്തില്‍ ഏതൊക്കെ മേഖലയില്‍ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളു. അത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിഡിഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഗോളവല്‍ക്കരണം അഴിച്ചുവിട്ട ഭ്രമങ്ങളില്‍നിന്ന് മുക്തരാകാന്‍ ഇപ്പോഴത്തെ അനുഭവങ്ങള്‍ പാഠമാകേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യം ഉളവാക്കുന്ന പ്രതിസന്ധികളെ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. കാര്‍ഷിക-വ്യവസായ ഉല്‍പ്പാദനത്തില്‍ ഒരു കുതിച്ചുചാട്ടമുണ്ടാക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. അരിക്കും പലവ്യഞ്ജനത്തിനും പാലിനും മുട്ടയ്ക്കുമെല്ലാം അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വാഗണുകളും ലോറികളും കാത്തുനില്‍ക്കുകയാണ് നാം. നമുക്ക് ആവശ്യമായ അരിയുടെ അഞ്ചിലൊന്നില്‍ താഴെ മാത്രമാണിവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. അതില്‍ ഒരു മാറ്റം വരുത്താന്‍ കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്കായി ഒരു സമഗ്രപപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നാം. അടുത്ത മൂന്നുകൊല്ലത്തിനകം നെല്ലുല്‍പ്പാദനം അമ്പത് ശതമാനമെങ്കിലും വര്‍ധിപ്പിക്കണം. ഇപ്പോള്‍ തരിശിട്ടിരിക്കുന്ന മുഴുവന്‍ പാടത്തും കൃഷി ഇറക്കണം. ഓരോ പഞ്ചായത്തിലും പത്ത് ഹെക്ടര്‍ സ്ഥലത്തെങ്കിലും ഇക്കൊല്ലംതന്നെ പുതുതായി നെല്‍കൃഷി നടത്താന്‍ കഴിയണം. നെല്‍പ്പാടങ്ങള്‍ നികത്തുന്നതും തരം മാറ്റുന്നതും ഇനി അനുവദിച്ചുകൂടാ. പലിശരഹിത വായ്പയുള്‍പ്പെടെ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. നെല്ലിന്റെ സംഭരണവില രണ്ടുകൊല്ലംകൊണ്ട് ഏഴില്‍ നിന്ന് പതിനൊന്നു രൂപയായി വര്‍ധിപ്പിച്ചു. നെല്‍കൃഷി ലാഭകരമാകുമെന്ന പ്രതീക്ഷ ഉളവായിക്കഴിഞ്ഞിരിക്കുന്നു. നെല്ലുല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടായി തുടങ്ങിയിരിക്കുന്നു. അതുപോലെ പച്ചക്കറി, പാല്‍, മുട്ട എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയണം. ഇതിനുള്ള കര്‍മപദ്ധതി വിജയിപ്പിക്കാന്‍ ഉത്സാഹിക്കണമെന്നാണ് ഈ അവസരത്തില്‍ എല്ലാവരോടും എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. എല്ലാ കുടുംബത്തിനും ഭൂമി, എല്ലാ കുടുംബത്തിനും വീട് എന്ന ലക്ഷ്യം കൈവരിക്കുക, കാര്‍ഷിക--വ്യവസായ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും തൊഴിലില്ലായ്മ പരിഹരിക്കുകയും ചെയ്യുക, വരുമാനത്തിലെ അന്തരം കുറച്ചുകൊണ്ടുവരിക, മാനസികവും ശാരീരികവുമായി ഏറ്റവും ആരോഗ്യമുള്ള ഒരവസ്ഥ സൃഷ്ടിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍. അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്ന് ഈ ദിനത്തില്‍ ദൃഢനിശ്ചയം ചെയ്യാം. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മംഗളാശംസകള്‍

1 comment:

ജനശബ്ദം said...