Sunday, January 29, 2012

സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം മുതലാളിത്തത്തിനുള്ളില്‍ അസാധ്യം


സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം മുതലാളിത്തത്തിനുള്ളില്‍ അസാധ്യം

യൂറോ മേഖലയിലെ 9 രാജ്യങ്ങളുടെ വായ്പാക്ഷമതാ നിലവാരം (credit rating) താഴ്ത്തി നിശ്ചയിച്ച സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ എന്ന റേറ്റിങ് ഏജന്‍സിയുടെ തീരുമാനം യൂറോപ്പിലെ ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ കടുത്ത ചെലവ് ചുരുക്കല്‍ നടപടികള്‍ അടിച്ചേല്‍പിക്കാനുള്ള ധനമൂലധനത്തിന്റെ സമ്മര്‍ദ്ദതന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ഗ്രീസിലെ പുതിയ "ദേശീയ സമവായ" സര്‍ക്കാരും ഗ്രീക്ക് ബോണ്ടുകള്‍ കൈവശമുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞ അതേദിവസം, ജനുവരി 13ന്, തന്നെയാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവറിന്റെ തീരുമാനം പുറത്തുവന്നത്. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ആവശ്യപ്പെട്ടതുപോലെ, ഗ്രീസിന്റെ മുന്‍കടത്തില്‍ 50 ശതമാനം കുറവ് വരുത്തുന്നതിന് പകരമായി ഗ്രീക്ക് ബോണ്ടുകളുടെ പലിശനിരക്ക് ഉയര്‍ത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ഗ്രീക്ക് ചര്‍ച്ച പൊളിഞ്ഞത്. ഏറ്റവും ഉയര്‍ന്ന നിരക്കായ "മൂന്ന് എ" (AAA) ഉണ്ടായിരുന്ന ഫ്രാന്‍സിനെയും ആസ്ട്രിയയെയും "എഎ പ്ലസ്സാ"യും "ഡബ്ബിള്‍ എ" (AA) നിലവാരത്തില്‍നിന്ന് സ്പെയിനിനെ രണ്ട് തട്ട് താഴ്ത്തി "എ" ആയും ഇറ്റലിയെ "എ"യില്‍നിന്ന് രണ്ട് തട്ട് താഴ്ത്തി "മൂന്ന് ബി" (BBB) ആയുമാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ വായ്പാക്ഷമതാ നിലവാരം നിശ്ചയിച്ചത്. സൈപ്രസ്, മാള്‍ട്ട, പോര്‍ച്ചുഗല്‍ , സ്ലൊവാക് റിപ്പബ്ലിക്, സ്ലൊവേനിയ എന്നീ രാജ്യങ്ങളുടെയും റേറ്റിങ് ഓരോ പടി താഴ്ത്തി. ഇനിയും റേറ്റിങ് താഴ്ത്തേണ്ടതായി വരുമെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ സൂചിപ്പിക്കുന്നു.

യൂറോപ്യന്‍ കടബാധ്യതാ പ്രതിസന്ധി പിഗ്സ് രാജ്യങ്ങള്‍ എന്നറിയപ്പെടുന്ന പോര്‍ച്ചുഗല്‍ , ഇറ്റലി, അയര്‍ലണ്ട്, ഗ്രീസ്, സ്പെയിന്‍ എന്നിവയെ മാത്രമല്ല, യൂറോ മേഖലാ സമ്പദ്ഘടനയുടെ തന്നെ ചങ്ക് തകര്‍ത്തു തുടങ്ങിയിരിക്കുന്നു എന്നാണ് ഫ്രാന്‍സിന്റെയും ആസ്ട്രിയയുടെയും വായ്പാക്ഷമതാ നിലവാരം താഴ്ത്തപ്പെട്ടതോടെ വ്യക്തമായിരിക്കുന്നത്. ഈ രാജ്യങ്ങള്‍ക്ക് കടം വീട്ടാന്‍ ആവശ്യമായ തുക കുറച്ചൊന്നുമല്ല. ഇറ്റലിക്കുമാത്രം അടുത്ത മൂന്ന് മാസത്തിനകം കടം വീട്ടുന്നതിന് 13000 കോടി യൂറോ ആവശ്യമാണ്. സ്പെയിനിന് 2000 കോടി യൂറോയും ഗ്രീസിന് 1450 കോടി യൂറോയും കടം വീട്ടാനായി മാത്രം ഉടന്‍ ആവശ്യമാണ്. ഈ രാജ്യങ്ങള്‍ കടം വീട്ടാന്‍ വേണ്ട തുക എങ്ങനെ സ്വരൂപിക്കും എന്നറിയാതെ അങ്കലാപ്പിലായിരിക്കുകയാണ്. ഡിസംബര്‍ ആദ്യം ബ്രിട്ടന്‍ ഒഴികെയുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എത്തിച്ചേര്‍ന്ന ധാരണയും ഫലപ്രദമായില്ല എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

യൂറോപ്യന്‍ കേന്ദ്ര ബാങ്ക് കടബാധ്യതയുള്ള രാജ്യങ്ങള്‍ക്ക് നേരിട്ട് വായ്പ നല്‍കുകയോ അവയുടെ ബോണ്ടുകള്‍ വാങ്ങുകയോ ചെയ്യുന്നതിനു പകരം ഈ രാജ്യങ്ങളിലെ സ്വകാര്യ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങുന്നതിന് വായ്പ നല്‍കുന്നതിനാണ് ധാരണ ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്ര ബാങ്കില്‍നിന്ന് തുച്ഛമായ പലിശയ്ക്ക് 48900 കോടി യൂറോ വായ്പ ലഭിച്ചിട്ടും സ്വകാര്യ ബാങ്കര്‍മാര്‍ കുറഞ്ഞ പലിശയ്ക്ക് സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാന്‍ തയ്യാറാകുന്നില്ല. മാത്രമല്ല, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കൊള്ളപ്പലിശ ഈടാക്കുകയും ചെയ്തു. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ തരംതാഴ്ത്തലോടെ ഈ രാജ്യങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനോ അവയുടെ കടപ്പത്രങ്ങള്‍ വിറ്റഴിക്കുന്നതിനോ കൂടുതല്‍ പലിശ നല്‍കേണ്ടതായി വരുന്നു. ഇത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. യൂറോ മേഖലാ പ്രതിസന്ധി പരിഹരിക്കുന്നതിനായി രൂപീകരിച്ച 44000 കോടി യൂറോയുടെ യൂറോപ്യന്‍ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി ഫെസിലിറ്റി (ഇഎഫ്എസ്എഫ്)യില്‍ ജര്‍മ്മനി കഴിഞ്ഞാല്‍ കൂടുതല്‍ തുക വാഗ്ദാനം ചെയ്തിട്ടുള്ള ഫ്രാന്‍സിന്റെയും വായ്പാക്ഷമത തരംതാഴ്ത്തപ്പെട്ടതോടെ ഈ സംവിധാനത്തിന്റെ തന്നെ വിശ്വാസ്യതയും ഫലപ്രാപ്തിയും സംശയത്തിലായിരിക്കുകയാണ്. യൂറോയുടെ വിനിമയമൂല്യം കുത്തനെ ഇടിയുകയാണ്.

2011 ജനുവരിയില്‍ ഒരു യൂറോയ്ക്ക് 1.36915 ഡോളര്‍ ലഭിക്കുമായിരുന്നത് 2012 ജനുവരി 16ന് 1.2669 ഡോളറായി കുറഞ്ഞു. 2011 ജനുവരിയില്‍ പൗണ്ടുമായുള്ള വിനിമയനിരക്ക് ഒരു യൂറോ = 0.8551 ആയിരുന്നത് ഈ ജനുവരി 16ന് 0.82745 ആയി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പൗണ്ടും യൂറോയും തമ്മിലുള്ള വിനിമയനിരക്കില്‍ 0.29 ശതമാനമാണ് ഇടിവുണ്ടായത്. ഇപ്പോള്‍ തന്നെ തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ദ്ധിച്ചുവരുന്ന യൂറോമേഖലയില്‍ ഇനിയും ചെലവ് ചുരുക്കല്‍ നടപ്പാക്കുന്നത് ജനരോഷവും പ്രതിഷേധവും വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവറിന്റെ പ്രസ്താവനയില്‍ പറയുന്നത്. ഇന്ന് ഗ്രീസില്‍ നിലനില്‍ക്കുന്നതുപോലെയുള്ള കടബാധ്യത വര്‍ദ്ധിക്കുകയും വരുമാനം കുറയുകയും ചെയ്യുന്ന സ്ഥിതിയിലേക്കാണ് സ്പെയിന്‍ , ഇറ്റലി, പോര്‍ച്ചുഗല്‍ , ഫ്രാന്‍സ് തുടങ്ങിയ യൂറോ മേഖലയിലെ ഇതര രാജ്യങ്ങളും നീങ്ങുന്നതെന്നും യൂറോപ്പാകെ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയില്‍ വഴുതി വീഴുകയാണെന്നും സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ പ്രസ്താവിക്കുന്നു. എന്നാല്‍ , ധനമൂലധനത്തിന്റെ വക്താക്കളായ സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ വീണ്ടും നിര്‍ദ്ദേശിക്കുന്ന ഒറ്റമൂലി ചെലവ് ചുരുക്കല്‍ തന്നെയാണ്; ഒപ്പം സര്‍ക്കാര്‍ ആസ്തികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതലും.

ജര്‍മ്മനിയുടെ ചാന്‍സലര്‍ ഏംഗെല മെര്‍ക്കല്‍ പ്രസ്താവിക്കുന്നത് 2012 യൂറോ മേഖലയെ സംബന്ധിച്ചിടത്തോളം 2011നേക്കാള്‍ ദുരിതം പിടിച്ച വര്‍ഷമായിരിക്കുമെന്നാണ്. "എല്ലാ അപകടസാധ്യതകളും കൂടി ഒത്തുചേര്‍ന്നു വരുന്ന" വര്‍ഷമായിരിക്കും 2012 എന്നത്രെ ഫ്രഞ്ച് പ്രസിഡന്‍റ് സര്‍ക്കോസിയുടെ വിലയിരുത്തല്‍ . യൂറോപ്പ് നേരിടാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ച "ഭയാനകം" ആയേക്കുമെന്ന് നിരീക്ഷിക്കുന്ന "ഇക്കണോമിസ്റ്റ്" വാരിക ജനുവരി 7ന് എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നത്, "2012 സ്വയംകൃതാനര്‍ത്ഥംമൂലമുള്ള സാമ്പത്തികമാന്ദ്യത്തിന്റെ വര്‍ഷമായിരിക്കും" എന്നാണ്.

ഈ പ്രതിസന്ധി പെട്ടെന്ന് പൊട്ടിമുളച്ചതോ ഏതെങ്കിലും ചില ധനകാര്യസ്ഥാപനങ്ങളുടെയോ രാജ്യങ്ങളുടെയോ കെടുകാര്യസ്ഥതകൊണ്ട് ഉണ്ടായതോ ആണോ? അല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 2007 ആഗസ്തില്‍ ഇപ്പോഴത്തെ ധനപ്രതിസന്ധി (ലേമാന്‍ ബ്രദേഴ്സ് തകര്‍ച്ചയെ തുടര്‍ന്ന്) ആരംഭിക്കുന്നതിനും കൃത്യം 150 വര്‍ഷംമുമ്പ് നടന്ന ന്യൂയോര്‍ക്കിലെ ഓഹിയൊ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ തകര്‍ച്ച 1857-58ലെ "മഹാപ്രതിസന്ധി" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആ പ്രതിസന്ധിയും അമേരിക്കയുടെ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നില്ല. അത് യൂറോപ്പിലേക്കും അതിവേഗം പടരുകയാണുണ്ടായത്. 1850ല്‍ കാറല്‍ മാര്‍ക്സ് പ്രവചിച്ച അതേ വിധത്തില്‍ തന്നെ ആയിരുന്നു ആ പ്രതിസന്ധിയുടെ ഗതിക്രമം എന്നാണ് മാര്‍ക്സിന്റെ "ഗ്രുണ്ട്റീസ്" എന്ന കൃതിയെക്കുറിച്ച് പഠനം നടത്തിയ മൈക്കേല്‍ ക്രാട്കെയെ ഉദ്ധരിച്ചുകൊണ്ട് ലിയൊ പാനിച്ചും സാം ഗിന്‍ഡിനും നിരീക്ഷിക്കുന്നത്. (സോഷ്യലിസ്റ്റ് രജിസ്റ്റര്‍ -2011). ബാങ്കുകളുടെ പണലഭ്യതാ പ്രശ്നത്തിന് പരിഹാരം കാണാന്‍ 1844ലെ ബാങ്ക് നിയമത്തില്‍ ഭേദഗതി വരുത്തി ആവശ്യമായത്ര നോട്ട് അച്ചടിക്കാന്‍ ബാങ്കുകള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാര്‍ അനുവാദം നല്‍കാന്‍ ഇടയുണ്ടെന്ന ന്യൂയോര്‍ക്ക് ട്രിബ്യൂണില്‍ എഴുതിയ ലേഖനത്തിലെ മാര്‍ക്സിന്റെ പ്രവചനംപോലും അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയുണ്ടായി. ബാങ്കുകള്‍ക്ക്, ധനമൂലധനത്തിന്, മുതലാളിത്ത സമ്പദ്ഘടനയിലുള്ള സ്വാധീനത്തെക്കുറിച്ച് മാര്‍ക്സ് ആ കാലത്ത് തന്നെ വ്യക്തമായി മനസ്സിലാക്കിയിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

എന്നാല്‍ 1930കളിലെ മഹാമാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഓഹരിവിപണികള്‍ക്കും ബാങ്കുകള്‍ക്കും മറ്റു ധനകാര്യസ്ഥാപനങ്ങള്‍ക്കും മൂക്കുകയറിടുന്ന ചില നിയമങ്ങള്‍ കൊണ്ടുവരികയുണ്ടായി. എന്നാല്‍ 1980കളില്‍ അമേരിക്കയില്‍ റൊണാള്‍ഡ് റീഗനും ബ്രിട്ടനില്‍ മാര്‍ഗരറ്റ് താച്ചറും ഈ നിയമങ്ങളില്‍ അയവ് വരുത്തി ധനമൂലധനത്തെ സ്വതന്ത്രമായി വിഹരിക്കാന്‍ വിടുകയാണുണ്ടായത്. ധനമേഖലയ്ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് 1936ല്‍ പ്രസിഡന്‍റ് ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ് കൊണ്ടുവന്ന ഗ്ലാസ്സ് സ്റ്റീഗല്‍ നിയമം തന്നെ 1998ല്‍ ബില്‍ ക്ലിന്‍റണ്‍ റദ്ദ് ചെയ്യുകയാണുണ്ടായത്. ബ്രിട്ടനിലും ബ്ലെയറിന്റെ ഭരണത്തില്‍ സമാനമായ വിധം ധനമൂലധനത്തെ കയറൂരിവിടുന്നതിന് നിയമങ്ങളും നിയന്ത്രണങ്ങളും പൂര്‍ണമായി എടുത്തുകളയുകയാണുണ്ടായത്. രണ്ടാംലോക യുദ്ധാനന്തരകാലത്തെ മുതലാളിത്തത്തിന്റെ സുവര്‍ണകാലം അസ്തമിച്ചതിനെതുടര്‍ന്ന് 1970കള്‍ക്കുശേഷം അടിക്കടി രൂക്ഷമായി വന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാണ് ധനമൂലധനത്തെ കെട്ടഴിച്ചുവിട്ടത്.
ഉല്‍പാദനമേഖലയേക്കാള്‍ ഊഹക്കച്ചവടത്തിലേക്കാണ്, പെട്ടെന്ന് കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള മേഖലകളിലേക്കാണ്, 1980കള്‍ക്കുശേഷം മുതലാളിത്തം തിരിഞ്ഞത്. ഇതിനാവശ്യമായ സംവിധാനങ്ങള്‍ ഭരണകൂടങ്ങള്‍ ഒരുക്കിക്കൊടുക്കുകയാണുണ്ടായത്. ഇപ്പോഴത്തെ, 2007ല്‍ തുടങ്ങിയ ധനപ്രതിസന്ധിക്ക് പരിഹാരം ധനമേഖലയെ നിയന്ത്രിക്കലാണെന്ന ലളിത യുക്തിയിലേക്ക് നീങ്ങുന്ന ലിബറല്‍ ചിന്താഗതിക്കാര്‍ 1970കളിലെ പ്രതിസന്ധിക്കു പരിഹാരമായാണ് ധനമൂലധനത്തെ നിയന്ത്രണരഹിതമാക്കിയത് എന്ന യാഥാര്‍ത്ഥ്യത്തിനുനേരെ കണ്ണടയ്ക്കുകയാണ്. 1970കളിലെ പ്രതിസന്ധിയെ തരണം ചെയ്യുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ആ പ്രതിസന്ധിക്ക് പരിഹാരം കാണുകയല്ല ഉണ്ടായത്. മറിച്ച് അതിനാധാരമായ മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കുകയും ഇപ്പോഴത്തെ ഗുരുതരമായ അവസ്ഥയില്‍ എത്തിക്കുകയുമാണുണ്ടായത്.

വായ്പയെ ആശ്രയിച്ചുള്ള ചെലവഴിക്കല്‍ പ്രോല്‍സാഹിപ്പിക്കുകയും ക്ഷേമപദ്ധതികളില്‍നിന്നുള്ള സര്‍ക്കാരിന്റെ പിന്മാറ്റവും ധനമൂലധനത്തിന് ഒത്താശ ചെയ്യുന്നതിനായി വന്‍തോതില്‍ നികുതി ഇളവുകള്‍ നല്‍കുന്നതുമെല്ലാം 1980കളോടെ ശക്തമാക്കിയത് 1970കളില്‍ രൂക്ഷമായി വന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനായിരുന്നു. എന്നാല്‍ ആ പരിഹാര മാര്‍ഗങ്ങളെല്ലാം ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമാവുകയാണുണ്ടായത്. ഭവനരഹിതരായ സാധാരണക്കാര്‍ക്കു നല്‍കിയിരുന്ന ധനസഹായവും വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായങ്ങളും നിര്‍ത്തലാക്കുകയും തല്‍സ്ഥാനത്ത് വായ്പകള്‍ പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്തത് 1990കളില്‍ വലിയ അഭിവൃദ്ധി സൃഷ്ടിച്ചെങ്കിലും അത് പുതിയ തകര്‍ച്ചയ്ക്കും പ്രതിസന്ധിക്കും കാരണമാവുകയാണുണ്ടായത്.

അതേപോലെ തന്നെ യുദ്ധാനന്തരം 1980കള്‍ വരെ അതിസമ്പന്നരില്‍നിന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ കൂടുതല്‍ നികുതി ഈടാക്കുകയും സാമൂഹ്യക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക ചെലവിടുകയും ചെയ്തിരുന്നത് നിര്‍ത്തലാക്കി. 1980കള്‍ക്കുശേഷം, 1970 കളിലെ പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയില്‍ സമ്പന്നരില്‍നിന്നുള്ള നികുതികള്‍ വെട്ടിക്കുറയ്ക്കുകയും സാമൂഹ്യക്ഷേമ ചെലവുകള്‍ കുറയ്ക്കുകയും ചെയ്തു. വീണ്ടും 2007 മുതല്‍ , പുതിയ സാമ്പത്തികത്തകര്‍ച്ചയെ തുടര്‍ന്ന് സമ്പന്നരില്‍നിന്ന് നികുതി കൂടുതല്‍ ഈടാക്കി സാമൂഹ്യക്ഷേമ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് പുരോഗമന സ്വഭാവമുള്ളവരായ ലിബറല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ വാദിക്കുമ്പോള്‍ ബാങ്കര്‍മാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും കൂടുതല്‍ ഇളവനുവദിച്ചുകൊണ്ട് തൊഴിലാളികളുടെ കൂലിയും പെന്‍ഷനും വെട്ടിക്കുറച്ചും ചൂഷണം തീവ്രമാക്കിയും ക്ഷേമപദ്ധതികള്‍ പാടേ ഉപേക്ഷിച്ചും ചെലവ് ചുരുക്കല്‍ പദ്ധതികള്‍ നടപ്പാക്കണമെന്നാണ് യാഥാസ്ഥിതികരായ ധനമൂലധനത്തിന്റെ വക്താക്കള്‍ വാദിക്കുന്നത്. ഈ രണ്ട് നടപടികളും മുതലാളിത്ത തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുതലാളിത്തത്തിന്റെ, മൂലധനത്തിന്റെ സഹജമായ സ്വഭാവം തന്നെ ആര്‍ത്തിയും കൊള്ളലാഭക്കൊതിയുമായിരിക്കെ, മുതലാളിത്ത സാമ്പത്തികക്രമത്തിനുള്ളില്‍ ആദ്യത്തെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കപ്പെടാനുള്ള സാധ്യത വിരളമാണ്. അത്യാര്‍ത്തിപൂണ്ട മൂലധനശക്തികള്‍ സമ്പത്താകെ തങ്ങളില്‍ കേന്ദ്രീകരിക്കുന്നതിനുള്ള രണ്ടാമത്തെ മാര്‍ഗം മാത്രമേ സ്വീകരിക്കൂ.

സ്റ്റാന്‍ഡേര്‍ഡ് ആന്‍റ് പുവര്‍ ധനമൂലധനം മുന്നോട്ടുവെയ്ക്കുന്ന യാഥാസ്ഥിതികമായ പരിഹാരമാര്‍ഗത്തിനായാണ് വാദിക്കുന്നത്. "ഇക്കണോമിസ്റ്റ്" വാരിക അടുത്തകാലത്ത് എഴുതിയ ഒരു മുഖപ്രസംഗവും കോര്‍പ്പറേറ്റ് ലോകത്തിന്റെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതാണ് -"യുദ്ധാനന്തരകാലത്തെ സമൃദ്ധിയില്‍ കെട്ടിപ്പടുത്ത ക്ഷേമരാഷ്ട്രങ്ങള്‍ ഇപ്പോഴത്തെ ദുരിതം പിടിച്ച കാലത്തും അതേപടി തുടരണമെന്നത് വല്ലാത്ത വിലകൊടുക്കേണ്ട ഒന്നാണ്". സമൃദ്ധിയുടെ കാലത്ത് ചില എല്ലിന്‍കഷ ണങ്ങള്‍ സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും എറിഞ്ഞുകൊടുക്കാം എന്ന് ചുരുക്കം. അങ്ങനെ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളുടെ ചുഴിയില്‍ അകപ്പെട്ട് വട്ടം കറങ്ങുന്ന മുതലാളിത്തത്തെ യാണ് നാം ഇന്ന് കാണുന്നത്. ഈ പ്രതിസന്ധിയുടെ ദുരിതങ്ങളാകെ സാധാരണ ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കാന്‍ , അങ്ങനെ തങ്ങള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ആണ് ധനമൂലധനശക്തികള്‍ ശ്രമിക്കുന്നത്. അത് പ്രതിസന്ധി കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയും ചെയ്യുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇതില്‍നിന്ന് വ്യത്യസ്തമായ ചിത്രം കാണാന്‍ കഴിയുന്നത് ആ രാജ്യങ്ങള്‍ മുതലാളിത്തത്തിനുള്ള ബദലുകള്‍ കെട്ടിപ്പടുക്കാനുള്ള നീക്കത്തില്‍ആയതിനാലാണ്.

*
ജി വിജയകുമാര്‍ ചിന്ത വാരിക

No comments: