Sunday, January 29, 2012


ഓര്‍മ്മകളില്‍ അലയടിക്കുന്ന സാഗരഗര്‍ജനം

 

കേരളത്തിലെ കുഗ്രാമങ്ങള്‍ തൊട്ട് വന്‍നഗരങ്ങളിലെ വരേണ്യസദസ്സുകളില്‍ വരെ}ഒരുപോലെ മുഴങ്ങിക്കേട്ട വാഗ്ധോരണി. കേട്ടാലും കേട്ടാലും മതിവരാതെ, മലയാളികളുടെ മനസ്സിലേക്ക് ഒരു ലഹരിയായി പടര്‍ന്നിറങ്ങിയ "സാഗര ഗര്‍ജനം". വാക്കും ശബ്ദവും കൊണ്ട് അഴീക്കോട് മാഷ് ശ്രോതാക്കള്‍ക്ക് മുന്നില്‍ ഒരുക്കിയ ചിന്തയുടെ പ്രപഞ്ചത്തിന് സമുദ്രത്തിന്റെ അഗാധത; ആകാശത്തിന്റെ വിശാലത. ആറുപതിറ്റാണ്ടിലേറെ നീണ്ട പ്രഭാഷണ പര്യടനത്തില്‍ അഴീക്കോട് പിന്നിട്ടത് പന്ത്രണ്ടായിരത്തിലേറെ വേദികള്‍!
സംഗീതത്തില്‍ യേശുദാസിനുള്ള സ്ഥാനമാണ് പ്രഭാഷണകലയില്‍ മലയാളികള്‍ അഴീക്കോടിന് പതിച്ച് നല്‍കിയത്. ഭാവനയുടെ ചിറകുകളില്‍ ഉയര്‍ന്ന് പറന്ന് കേള്‍വിക്കാരനെ വിസ്മയിപ്പിക്കാനും ചിന്തയുടെ തീക്കനല്‍ കോരിയിട്ട് അവരെ പ്രകോപിപ്പിക്കാനും അഴീക്കോടിനുള്ള വൈദഗ്ധ്യം അത്ഭുതാവഹമായിരുന്നു. അതുകൊണ്ടാണ് ഉള്ളില്‍ അഭിപ്രായഭിന്നതകള്‍ നിലനില്‍ക്കുമ്പോള്‍ പോലും പലരും കക്ഷിരാഷ്ട്രീയഭേദമെന്യേ അഴീക്കോടിന്റെ പ്രഭാഷണങ്ങളെ മനസ്സിലേറ്റിയത്. വാക്കുകളുടെ തെരഞ്ഞെടുപ്പിലും പ്രയോഗത്തിലുമുള്ള കേവലമായ മനോഹാരിതക്കപ്പുറം അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കിയത് ആശയങ്ങള്‍ തുറന്നടിക്കുന്നതില്‍ പ്രകടിപ്പിച്ച നിര്‍ഭയത്വമായിരുന്നു. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുക- പ്രഭാഷകന്‍ എന്ന നിലയിലുള്ള തന്റെ വ്യക്തിത്വം അഴീക്കോട് മാഷ് നിലനിര്‍ത്തിയത് അങ്ങനെയായിരുന്നു.


 "ശുണ്ഠി"യുടെ കാര്യത്തിലെന്ന പോലെ വാശിയുടെ കാര്യത്തിലും ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. അത്തരമൊരു വാശിയാണ് അദ്ദേഹത്തെ പ്രഭാഷകനാക്കി മാറ്റിയത്. പ്രഗത്ഭ വാഗ്മിയായിരുന്ന എം ടി കുമാരന്റെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹത്തെക്കാള്‍ വലിയ പ്രഭാഷകനാകണമെന്ന് ചെറുപ്പത്തിലേ മനസ്സില്‍ മുളയെടുത്ത മനോഹരമായ വാശി. അതില്‍ നിന്നാണ് വൈക്കം മുഹമ്മദ് ബഷീര്‍ "സാഗരഗര്‍ജ്ജന"മെന്ന് വിശേഷിപ്പിച്ച അഴീക്കോടിന്റെ പ്രഭാഷണകല പിറവിയെടുത്തത്.


ടി എന്‍ ജയചന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് പോലെ പ്രഭാഷകനായ അഴീക്കോടിനെപ്പറ്റി പലരും പലപ്പോഴും എഴുതിയിട്ടുണ്ടെങ്കിലും, ഏറ്റവും ഭംഗിയായ അവതരണം ഡോ. അയ്യപ്പപ്പണിക്കരുടേതാണെന്ന് തോന്നുന്നു. അഴീക്കോടിന്റെ തത്വമസിക്ക് അയ്യപ്പണിക്കരെഴുതിയ സമകാലപ്രതിഭാസം എന്ന ആമുഖലേഖനത്തിലാണീ അവതരണം: "എവിടെ നിന്നാണ് ആ മുഴക്കം കേള്‍ക്കുന്നത്? ഇടതടവില്ലാത്ത ഒരു വാക്പ്രവാഹം എവിടെ നിന്നാരംഭിക്കുന്നു? ശ്രോതാക്കളുടെ കരഘോഷത്തില്‍ നിന്നാരംഭിച്ച് അടുത്ത കരഘോഷത്തില്‍ അലിഞ്ഞു ചേരുന്ന ആ പദധോരണിയുടെ ഉറവിടം അന്വേഷിച്ച്് ചെവിവട്ടം പിടിച്ച് പിടിച്ചു നാം ചെല്ലുമ്പോള്‍ കാണാം, ഒരു മെലിഞ്ഞ ദേഹം ക്ഷീണംകൊണ്ടോ ആവേശംകൊണ്ടോ വീണുപോകാതിരിക്കാന്‍ ഉച്ചഭാഷിണിയുടെ ഉരുക്കുദണ്ഡിനെതന്നെ ഇടം കൈകൊണ്ടൊരുമിച്ച് പിടിച്ചിരിക്കുന്നു. വളരെ മൃദുവായ ശബ്ദത്തില്‍ കീഴ്സ്ഥായിയില്‍ തുടങ്ങി പതുക്കെപ്പതുക്കെ ദൃഢമായി ഗൗരവം കലര്‍ന്ന സ്വരത്തില്‍ ഇടക്കല്‍പം ഫലിതവും പരിഹാസവും ചേര്‍ത്ത, ഉച്ചണ്ഡമായ കാലവര്‍ഷക്കൊടുങ്കാറ്റിന്റെ വീറും വീര്യവും പ്രദര്‍ശിപ്പിച്ച്, ഇത്രാമത്തെ മിനിറ്റില്‍ സദസ്സിനെക്കൊണ്ട് കയ്യടിപ്പിക്കാനുദ്ദേശിച്ചുവോ, ആ മിനിറ്റില്‍ തന്നെ കയ്യടിപ്പിക്കാന്‍ കഴിവുള്ള വാഗ്മിത്വവും വാചാലതയും കൂടിച്ചേര്‍ന്ന ഒരു പ്രകടനമാണത് എന്ന് നാം മനസ്സിലാക്കുന്നതോടൊപ്പം ഉച്ചഭാഷിണിയെ ആശ്രയിച്ചു നില്‍ക്കുന്ന മനുഷ്യന്‍ പ്രെഫസര്‍ സുകുമാര്‍ അഴീക്കോടാണെന്ന് കൂടി നാം മനസ്സിലാക്കുന്നു".

 വഴിവിളക്കായത് വാഗ്ഭടാനന്ദന്‍

ശ്രീനാരായണഗുരുവും മഹാത്മാ ഗാന്ധിയും വാഗ്ഭടാനന്ദനുമാണ് അഴീക്കോടിന്റെ ജീവിതത്തെ സ്വാധീനിച്ച മഹാ വ്യക്തിത്വങ്ങള്‍ . ഇതില്‍ വാഗ്ഭടാന്ദന്റെ ചിന്തയും പ്രഭാഷണവുമാണ് അഴീക്കോട് പിന്തുടര്‍ന്നത്. പ്രഭാഷണ കലയില്‍ വാഗ്ഭടാനന്ദന്റെ ശൈലി കടമെടുത്ത് വേദികള്‍ കീഴടക്കി. വാഗ്ഭടാനന്ദന്റെ "ആത്മവിദ്യ"യെന്ന ഗ്രന്ഥം വായിച്ചത് വഴിത്തിരിവായി. അന്ത്യംവരെ അഴീക്കോട് ഈ ഗ്രന്ഥത്തെ ആശ്രയിച്ചു. അഴീക്കോട്ട് പ്രവര്‍ത്തിച്ചിരുന്ന ആത്മവിദ്യാ
സംഘത്തിലൂടെയാണ് ഗുരുദേവന്റെ ആശയലോകത്തേക്ക് പ്രവേശിച്ചത്. അഴീക്കോട് വന്‍കുളത്ത് വയലിലെ വിശാഖാനന്ദന്‍ എന്ന പൊന്‍മഠത്തില്‍ കൃഷ്ണസ്വാമികളാണ് അനാചാരത്തിനെതിരെ ആദ്യം പടനയിച്ചത്. വാഗ്ഭടാനന്ദന്‍ ഗുരുവായി സ്വീകരിച്ചത് ഇദ്ദേഹത്തെയായിരുന്നു. 1885ല്‍ കണ്ണൂര്‍ പാട്യത്തെ വയലേരി തറവാട്ടില്‍ ജനിച്ച കുഞ്ഞിക്കണ്ണനാണ് കേരളത്തിന്റെ ആത്മീയനഭോമണ്ഡലത്തില്‍ തിളങ്ങിയ വാഗ്ഭടാനന്ദന്‍ . "അജ്ഞാനം, അടിമത്തം, മൃഗീയത എന്നിവ എവിടെ കണ്ടാലും എതിര്‍ക്കുക. അവയുള്ളപ്പോഴും നിങ്ങളുള്ളപ്പോഴും അടങ്ങിയിരിക്കരുത്". അഴീക്കോടിന്റെ രക്തത്തില്‍ അലിഞ്ഞതാണ് വാഗ്ഭടാനന്ദന്റെ ഈ ആഹ്വാനം.

ക്ഷേത്രാരാധനയെയും വിഗ്രഹപൂജയെയും വാഗ്ഭടാനന്ദന്‍ എതിര്‍ത്തു. ഗുരുദേവരുടെ ഈശ്വരന്‍ ചിദാകാശത്തിലാണെന്നും പ്രകാശിക്കുന്ന സദാനന്ദ സൂര്യനാണെന്നും ഒരു കുന്നിന്‍ ചെരുവിലെ ക്ഷണിക ജ്യോതിസല്ലെന്നും സുകുമാര്‍ അഴീക്കോട് നിരീക്ഷിക്കുന്നുണ്ട്. ആത്മവിദ്യയെന്ന ഗ്രന്ഥത്തില്‍ ഇന്ത്യക്കാരുടെ ദൈവവിശ്വാസ സംബന്ധിയായ അന്ധവിശ്വാസങ്ങളെ നര്‍മവും ഉജ്വലചിന്തയും കൊണ്ട് വിമര്‍ശിക്കുന്നത് അഴീക്കോട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ വ്യക്തമാക്കിയ മതേതരത്വം, സ്ഥിതിസമത്വം, മാനവികത തുടങ്ങിയവ ഭാരതീയ തത്ത്വചിന്തയില്‍ അന്തര്‍ലീനമാണെന്ന് വാഗ്ഭടാനന്ദന്റെ കൃതികളിലൂടെ സഞ്ചരിച്ച അഴീക്കോട് വ്യക്തമാക്കുന്നു.

പ്രസംഗം ബഹുത് ജോര്‍

മുതിര്‍ന്നതില്‍ പിന്നെ വൈക്കം മുഹമ്മദ് ബഷീര്‍ മൂന്ന് പ്രസംഗമാണത്രെ കേട്ടിട്ടുള്ളത്. ഒന്ന് മുണ്ടശ്ശേരിയുടെ. ഒന്ന് മഹാത്മാഗാന്ധിയുടെ. പിന്നെ ഒന്ന് സുകുമാര്‍ അഴീക്കോടിന്റെ. ഇതിലേതാണ് മെച്ചം? "അഴീക്കോടിന്റേത് ബഹുത് ജോര്‍!" എന്താണിതിന്റെ പ്രത്യേകത? "ഘനഗംഭീരമായ സാഗര ഗര്‍ജനമാണത്!" അതില്‍ നിന്നെന്തു പഠിച്ചു? "ഓ ഞാനൊന്നും പഠിച്ചില്ല. കേട്ടപ്പോള്‍ ഹരം തോന്നി. നല്ല സ്റ്റൈലില്‍ കേട്ടിരുന്നു. ഞാന്‍ പറഞ്ഞില്ലെ, സാഗര ഗര്‍ജനമാണത്. സാഗരഗര്‍ജനത്തില്‍ നിന്നെന്താണ് പഠിക്കുക? പത്രം നിവര്‍ത്തിയാല്‍ എന്നും ഏതെങ്കിലും പേജില്‍ അഴീക്കോടിന്റെ സാഗരഗര്‍ജനമുണ്ടാകും. എവിടെയെങ്കിലും പ്രസംഗിച്ചതിന്റെ മൂന്നു കോളം റിപ്പോര്‍ട്. പിന്നെ ഞാന്‍ പത്രം വായിക്കുകയില്ല. തീപ്പെട്ടിക്കൊള്ളി ഉരസ്സി അതിന് തീ കൊടുക്കുന്നു. എന്നിട്ട് ഒരു കാര്‍ഡ് വാങ്ങി അഴീക്കോടിന് എഴുതും: "താങ്കളുടെ സാഗരഗര്‍ജനം ഇന്നും പത്രത്തിലുണ്ടായിരുന്നു. ഇന്നത്തെ പത്രത്തിനും ഞാന്‍ തീകൊടുത്തു."
(ഡോ. എം എം ബഷീര്‍ എഡിറ്റുചെയ്ത "അഴീക്കോടിനെ അറിയുക" എന്ന പുസ്തകത്തിന് വേണ്ടി എഴുതിയത്)


 

വജ്രശുദ്ധിയാര്‍ന്ന പ്രണയം

ഡിസംബര്‍ മഞ്ഞിന്റെ മറനീക്കി വിലാസിനി ടീച്ചര്‍ വന്നു. കൈക്കുടന്നയിലേന്തിയ സ്വന്തം ഹൃദയം പ്രിയപ്പെട്ട അവിവാഹിതന്റെ വിറയാര്‍ന്ന കൈകളിലേക്ക് പകര്‍ന്നു. പിന്നെ വിളിച്ചു പറഞ്ഞു "ഈ പടുവൃദ്ധനോട് എനിക്കിപ്പോഴും പ്രണയം തന്നെ". 46 ആണ്ടിനുശേഷം പ്രൊഫ. വിലാസിനി, സുകുമാര്‍ അഴീക്കോടിനെ കാണാന്‍ എത്തിയത് 2011 ഡിസംബര്‍ 19ന്്. പൊട്ടിത്തെറിച്ചു ഇരുവരും. കഴിഞ്ഞുപോയ കാര്യങ്ങള്‍ കെട്ടഴിച്ചു, കലഹിച്ചു; കുട്ടികളെപ്പോലെ. പിന്നെ ചിരിച്ചു. ഒടുവില്‍ പൊന്നുപോലെ നോക്കാം കൂടെപോരുവാന്‍ ക്ഷണിച്ചു വിലാസിനി. ആ വാക്കുകള്‍ ഭാഗ്യമായിക്കണ്ടു അഴീക്കോട്. അരനൂറ്റാണ്ടോളം ഒരു പ്രണയത്തെ അതിന്റെ എല്ലാ തീഷ്ണതയോടെയും നിലനിര്‍ത്താനായ ഈ വജ്രത്തെളിമയെ കാണാതെപോയ ലോകത്തെ ഏതു പേരെടുത്താണ് വിളിക്കുക.
മകരനിലാവ് പോലെ ഒഴുകിപ്പരന്ന പ്രണയം അതിന്റെ എല്ലാ തെളിമയോടെയും എന്നും നെഞ്ചില്‍ കാത്തുവെച്ചിരുന്നു അഴീക്കോട്. പൂര്‍ണാര്‍ഥത്തില്‍ ആര്‍ക്കും അത് അനുഭവിക്കാന്‍ കഴിയാതെപോയത് കാലത്തിന്റെ ദുരന്തം. വിവാഹമെന്ന കെട്ടുവള്ളത്തിലേക്ക് കാല്‍വെച്ചുകയറാന്‍ അദ്ദേഹം മടിച്ചത് പ്രണയത്തിന്റെ മരണമാകും അതെന്ന ഉള്‍ക്കാഴ്ചകൊണ്ടുകൂടിയായിരുന്നു. വാര്‍ധക്യത്തിലേക്ക് കടന്നിട്ടും ആ ധിഷണയെ പ്രണയിച്ച പെണ്‍കിടാങ്ങളുണ്ടായിരുന്നു. ഒരു മാത്രപോലും അതിര്‍രേഖ ലംഘിക്കാതെ കാത്തു ഈ മനുഷ്യന്‍ . സ്ത്രീയോടുള്ള ബഹുമാനം അതിന്റെ ഔന്നത്യത്തില്‍ നിലനിര്‍ത്തിയതുകൊണ്ടുതന്നെയാണ് ഒരു സ്ത്രീസൗഹൃദവും പ്രതികാരത്തിലേക്ക് വഴിമാറാതെ പോയതെന്ന് അഴീക്കോട്് പലപ്പോഴും വെളിവാക്കിയിരുന്നു.

"എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു"

"മരിക്കും വരെ കോണ്‍ഗ്രസുകാരനാകാന്‍ ആഗ്രഹിച്ച ആളാണ് ഞാന്‍ . എന്നാല്‍ , എനിക്കു മുമ്പേ കോണ്‍ഗ്രസ് മരിച്ചു. അതോടെ ഞാന്‍ കോണ്‍ഗ്രസ് വിട്ടു..." എണ്ണമറ്റ വേദികളില്‍ നീണ്ട ഹര്‍ഷാരവങ്ങള്‍ക്കും കൂട്ടച്ചിരികള്‍ക്കുമിടയില്‍ ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞ വാക്കുകള്‍ മരണമില്ലാത്തവയായി മാറുന്നു. ഇടതുപക്ഷത്തിന്റെ വേദികളില്‍ മാത്രമല്ല, കോണ്‍ഗ്രസുകാര്‍ സംഘടിപ്പിച്ച യോഗങ്ങളിലും വിമര്‍ശത്തിന്റെ ആചാര്യന് ഇതു പറയാന്‍ മടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയം. ഇടതുപക്ഷക്കാരനായതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രഭാഷണങ്ങളിലും ലേഖനങ്ങളിലുമെല്ലാം പരസ്യമായി പറഞ്ഞ അഴീക്കോടിനെ മറ്റുള്ളവര്‍ കൈയൊഴിഞ്ഞില്ലെന്നതും ആ വ്യക്തിത്വത്തിന്റെ മഹിമയായി. തനിക്ക് വിയോജിപ്പുള്ള ഇടതുപക്ഷ നിലപാടുകളെ വിമര്‍ശിക്കാനും അഴീക്കോട് മടികാണിച്ചിട്ടില്ല.

അവസാനത്തേത് അനുഗ്രഹപ്രഭാഷണം


തൃശൂര്‍ : കേരളം കണ്ട എക്കാലത്തെയും മികച്ച പ്രഭാഷകന്റെ ഒടുവിലത്തെ പ്രസംഗം ചരിത്രമുറങ്ങുന്ന തൃശൂര്‍ തേക്കിന്‍കാട് മെതാനിയില്‍ . ഡിസംബര്‍ ആറിനു വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിനുസമീപം സജ്ജമാക്കിയ വേദിയിലായിരുന്നു അഴീക്കോട് അവസാനമായി പ്രസംഗിച്ചത്. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഭഗവദ്ഗീത പ്രഭാഷണയജ്ഞത്തിന്റെ സമാപനസമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷകനായിരുന്നു അഴീക്കോട്. പതിനായിരക്കണക്കിന് പ്രഭാഷണം നടത്തി മലയാളിയുടെ ചിന്തയില്‍ തീ കോരിയിട്ട ആചാര്യന്റെ ഒടുവിലത്തെ വാക്കുകള്‍ ഗീതയുടെ മഹത്വത്തെ കുറിച്ചായിരുന്നു. "ഗീതയെ അറിയുക എന്നത് ഒരോ വ്യക്തിയുടെയും ധര്‍മവും രാജ്യത്തോടുള്ള കടപ്പാടുമാണ്. ഗീതാജ്ഞാനയജ്ഞങ്ങള്‍ നമ്മുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നതാണ്. ഗീതയുടെ സന്ദേശത്തിന് ആഗോളപ്രസക്തിയുണ്ട്. അതിന്റെ മഹത്വം ഐക്യരാഷ്ട്രസഭയില്‍ വരെ എത്തണം" എന്നതായിരുന്നു മൂന്ന് മിനിറ്റുമാത്രം നീണ്ട പ്രസംഗത്തിന്റെ ഉള്ളടക്കം. കടുത്ത ക്ഷീണവും പനിയും ഉണ്ടായിരുന്ന അദ്ദേഹം തീരെ സുഖമില്ലെന്ന് പറഞ്ഞായിരുന്നു പ്രഭാഷണം തുടങ്ങിയത്. ഗീതാജ്ഞാനയജ്ഞമായതുകൊണ്ടു മാത്രമാണ് എത്തിയതെന്നും പറഞ്ഞു. പതിനെട്ടാം വയസ്സില്‍ തുടങ്ങി എണ്‍പത്തിയാറിലും ശക്തമായി തുടര്‍ന്ന പ്രസംഗപരമ്പരയുടെ അപ്രതീക്ഷിതമായ അന്ത്യമായി ആ വേദി മാറുമെന്ന് അന്നാരും കരുതിയില്ല. ആ രാത്രി എരവിമംഗലത്തെ വീട്ടിലെത്തി പതിവിലും നേരത്തെ ഉറങ്ങാന്‍ കിടന്ന അഴീക്കോട് രാവിലെ എഴുന്നേറ്റപ്പോഴാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചു

No comments: