Tuesday, January 24, 2012


ആ വഗ്ധോരണിയെ പയ്യാമ്പലം ഏറ്റുവാങ്ങി

കണ്ണൂര്‍ : ജ്വലിക്കുന്ന ഓര്‍മകളുമായി ഒത്തുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കി അഴീക്കോടിന് കണ്ണൂര്‍ പയ്യാമ്പലത്ത് അന്ത്യവിശ്രമം. സാമൂഹ്യമാറ്റത്തിന് സന്ധിയില്ലാതെ പൊരുതിയവരുടെ സ്മൃതികള്‍ ഇരമ്പുന്ന സാഗരതീരത്ത് മലയാളികള്‍ കാതോര്‍ത്ത ആ സിംഹഗര്‍ജനവും ഇനി നിദ്രകൊള്ളും.

പരമ്പരാഗത രീതിയില്‍ ചിതയൊരുക്കിയാണ് മൃതദേഹം സംസ്കരിച്ചത്. സഹോദരി പുത്രന്മാരായ മാനോജ്, രാജേഷ്, സഹായി സുരേഷ് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുരിക്കഞ്ചേരി കേളുമുതല്‍ നാടിനുവേണ്ടി സുധീരം പോരാടിയവരുടെ ഓര്‍മകള്‍ അലയടിക്കുന്ന ചരിത്രഭൂമിയാണ് പയ്യാമ്പലം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും എന്‍ സി ശേഖറും കെ പി ഗോപാലനും അഴീക്കോടന്‍ രാഘവനും ഇ കെ നായനാരും ചടയന്‍ ഗോവിന്ദനും സി കണ്ണനും പാമ്പന്‍ മാധവനുമടക്കമുള്ള മഹാരഥന്മാര്‍ അലിഞ്ഞുചേര്‍ന്ന മണ്ണില്‍ ഇനി അഴീക്കോടും. പാവങ്ങളുടെ പടത്തലവന്‍ ഏ കെ ജിയുടെ സ്മൃതിമണ്ഡപവും ഇവിടെയുണ്ട്.


സുകുമാര്‍ അഴീക്കോടിന് കണ്ണൂര്‍ ജന്മനാട് മാത്രമല്ല; ആ സര്‍ഗാത്മക ജീവിതത്തിന് ദിശാബോധം പകര്‍ന്നതും ഈ നാടാണ്. സ്വാമി വാഗ്ഭടാനന്ദന്റെ ചിന്തകള്‍ അഴീക്കോടിന്റെ മനസിലേക്ക് ആഴത്തില്‍ തറയ്ക്കുന്നതും ഉള്ളില്‍ നവോത്ഥാനത്തിന്റെ തീപടരുന്നതും ഇവിടെവച്ച്. ഈ മണ്ണിലേക്കുതന്നെ മടങ്ങിവരണമെന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു.

രാത്രി ഒരു മണിയോടെ കണ്ണൂരിലെത്തിച്ച മൃതദേഹം കണ്ണൂര്‍ മഹാത്മാ മന്ദരിത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. അഴീക്കോട് ഏറെ വൈകാരിക അടുപ്പം കാത്തുസൂക്ഷിച്ച മന്ദിരമാണിത്. അദ്ദേഹമടക്കമുള്ള ഒരുസംഘം ഗാന്ധിയന്മാരുടെ നേതൃത്വത്തിലാണ് നഗരമധ്യത്തില്‍ ഈ മന്ദിരം സ്ഥാപിച്ചത്. ഒടുവിലായി അഴീക്കോട് പങ്കെടുത്തതും പങ്കെടുക്കാനാവാതിരുന്നതും മഹാത്മാ മന്ദിരത്തിലെ പരിപാടിയിലായിരുന്നു. ബുധനാഴ്ച രാവിലെ ഏഴിന് മൃതദേഹം ടൗണ്‍സ്ക്വയറിലേക്ക് മാറ്റി. പതിനൊന്നു മണിയോടെ വിലാപയാത്രയായി പയ്യാമ്പലത്തേക്ക് കൊണ്ടു പോയി.


സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ , പൊളിറ്റ്ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ , പ്രതിപക്ഷ നേതാവ് വി എസ് അച്യുതാന്ദന്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ , ദേശാഭിമാനി ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി, ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ , എം എ ബേബി, എ കെ ബാലന്‍ , പന്ന്യന്‍ രവീന്ദ്രന്‍ , രാമചന്ദ്രന്‍ കടന്നപ്പിള്ളി, കേന്ദ്ര മന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍ , കെ സി വേണുഗോപാല്‍ , സംസ്ഥാന മന്ത്രിമാരായ കെ സി ജോസഫ്, എ പി അനില്‍കുമാര്‍ , സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ , എം വി രാഘവന്‍ , വി മുരളീധരന്‍ , എംപിമാരായ കെ സുധാകരന്‍ , എം കെ രാഘവന്‍ എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.


എഴുത്തുകാരായ ടി പത്മനാഭന്‍ , എം മുകുന്ദന്‍ , പി വത്സല, കെ പി സുധീര, കണ്ണൂര്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍ , കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ മൈക്കിള്‍ തരകന്‍ തുടങ്ങിയവരും ആദരാഞ്ജലിയര്‍ര്‍പ്പിച്ചു. ആദരസൂചകമായി കണ്ണൂര്‍ നഗരസഭാപരിധിയിലും അഴീക്കോട് പഞ്ചായത്തിലും ബുധനാഴ്ച ഉച്ചവരെ ഹര്‍ത്താലാചരിച്ചു.

No comments: