Monday, January 23, 2012

മാറാട്: ഇനിയും നാടകമോ?



സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാറാട് കലാപത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താമെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയതിനുള്ള മറുപടി ആകുന്നില്ല. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥനെ പൊടുന്നനെ മാറ്റിയതിന് ന്യായീകരണമൊന്നും ഇതുവരെ വന്നിട്ടില്ല-അത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ് എന്ന ലീഗ് നേതാവും മന്ത്രിയുമായ എം കെ മുനീറിന്റെ പ്രസ്താവനയൊഴികെ. പുനരന്വേഷണം വേണമെന്ന് പൊതുആവശ്യം ഉയര്‍ന്നാല്‍ ലീഗ് എതിര്‍ക്കില്ലെന്ന് ആ പാര്‍ടിയുടെ സമുന്നത നേതാവും മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറയുന്നുണ്ട്. യഥാര്‍ഥത്തില്‍ വിശദീകരണം നടത്തേണ്ടത് ഉമ്മന്‍ചാണ്ടിയാണ്.

മാറാട് കലാപത്തിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുന്നത്, കേരളത്തിന്റെ ഹൃദയത്തിലേറ്റ ആഴമുള്ള മുറിവാണ് അതെന്നതിനാലാണ്. നേരായ വഴിയില്‍ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുപകരം പലഘട്ടങ്ങളിലായി അന്വേഷണത്തിന് ഇടങ്കോലിടാനും തുടരെത്തുടരെ ആശയക്കുഴപ്പമുണ്ടാക്കാനുമാണ് യുഡിഎഫ് ശ്രമിച്ചിട്ടുള്ളത്. കലാപത്തിന് പിന്നിലെ ശക്തികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിച്ചതിനുപിന്നില്‍ ആരാണ്; എന്താണവരുടെ ലക്ഷ്യം എന്ന് ആ അട്ടിമറിക്ക് കാര്‍മികത്വം വഹിച്ച മുഖ്യമന്തി വിശദീകരിച്ചേ തീരൂ. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ഒരു നേതാവ് അവിടെ സ്ഥലം വാങ്ങിക്കൂട്ടിയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയെന്നാണ് വാര്‍ത്ത വന്നിട്ടുള്ളത്. കൂട്ടക്കൊലയ്ക്ക് രണ്ട് ദിവസം മുമ്പ് ഈ ലീഗ് നേതാവിനെ കേസിലെ പ്രധാന പ്രതികള്‍ സന്ദര്‍ശിച്ചിരുന്നു. ഈ നേതാവ് സംഭവദിവസം തുടര്‍ച്ചയായി പ്രധാനപ്പെട്ട മറ്റൊരു നേതാവിനെ വിളിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം അന്വേഷണത്തില്‍ തെളിഞ്ഞു എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്്.

പുതുവത്സരാഘോഷവേളയില്‍ ഒരു കുട്ടിയുടെ കൈ മറുവിഭാഗത്തിലെ ആളുകള്‍ കടന്നുപിടിച്ചുവെന്നാരോപിച്ചാണ് ആദ്യകലാപം തുടങ്ങിയത്. ഈ കുട്ടി ആണ്‍കുട്ടിയായിരുന്നു. പക്ഷേ, വര്‍ഗീയവാദികള്‍ ഇത് പെണ്‍കുട്ടിയാണെന്ന് പ്രചരിപ്പിച്ചു. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപംകൊണ്ടു. അന്ന് ഇടതുപക്ഷ പാര്‍ടികള്‍ പ്രത്യേകിച്ച് സിപിഐ എം പ്രവര്‍ത്തകരും ജനപ്രതിനിധികളും അധികൃതരെ വിവരം അറിയിച്ചു; ഇടപെടണമെന്നാവശ്യപ്പെട്ടു. ആരും അനങ്ങിയില്ല. അഞ്ച് വിലപ്പെട്ട ജീവനുകള്‍ അന്ന് കവര്‍ന്നെടുത്തു. തുടര്‍ന്ന് പുറംമോടിക്ക് നടത്തിയ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനേ ഉപകരിച്ചുള്ളൂ. ഇടതുപക്ഷ പാര്‍ടികളും ജനപ്രതിനിധികളും തീവ്രവാദികള്‍ സംഘടിക്കുന്നതിനെക്കുറിച്ചും കലാപസാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നല്‍കി. രണ്ട് തവണയും ഭരണകര്‍ത്താക്കള്‍ കണ്ണടച്ചു. രണ്ടാം കലാപത്തില്‍ ഒമ്പതു പേരെയാണ് കൊന്നൊടുക്കിയത്. തുടര്‍ന്ന് ഹിന്ദു തീവ്രവാദികളുടെ അക്രമത്തില്‍ ന്യൂനപക്ഷസമുദായാംഗങ്ങള്‍ കൂട്ടത്തോടെ പിറന്ന മണ്ണില്‍നിന്ന് പലായനംചെയ്തു. അവരെ സംരക്ഷിക്കാന്‍ ഇടതുപക്ഷമാണ് അന്ന് മുന്നിട്ടിറങ്ങിയത്.

സിബിഐ അന്വേഷണം വേണോ വേണ്ടയോ എന്ന തര്‍ക്കം രൂക്ഷമായി അന്നും ഉയര്‍ന്നു. സിബിഐ അന്വേഷണം വേണമെന്ന് ആര്‍എസ്എസും ഹിന്ദുഐക്യവേദിയും. പറ്റില്ലെന്ന് മുസ്ലിം ലീഗ്. ജുഡീഷ്യല്‍ കമീഷന്‍ ആവശ്യപ്പെട്ടത് കൂട്ടക്കൊലയ്ക്കുപിന്നിലെ ഗൂഢാലോചനയും സാമ്പത്തിക-വിദേശ ഇടപെടലും സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാണ്. സംസ്ഥാന നിയമസഭയും ഇതേ ആവശ്യമുന്നയിച്ചു. എല്‍ഡിഎഫ് ഭരണകാലത്ത്, സിബിഐ അന്വേഷണത്തിനുവേണ്ടി സംസ്ഥാനം ആവശ്യപ്പെട്ടുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചില്ല. അതേ കേന്ദ്രസര്‍ക്കാരിലെ ആഭ്യന്തര വകുപ്പ് കൈകാര്യംചെയ്യുന്ന കേരളീയനായ മന്ത്രിയാണിപ്പോള്‍ , കേരളം ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് പറയുന്നത്. ഇതിന്റെ ഉദ്ദേശശുദ്ധി പ്രകടമായിത്തന്നെ സംശയാസ്പദമാണ്. കേന്ദ്രം സിബിഐ അന്വേഷണത്തിന് തയ്യാറല്ലാത്തതുകൊണ്ടാണ്, സംസ്ഥാന പൊലീസിലെ കഴിവുറ്റ ഉദ്യോഗസ്ഥരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ചത്. ആ സംഘത്തിന്റെ തലവനെയാണ് ഒരു കാരണവും പറയാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാറ്റിയത്. കാസര്‍കോട് വെടിവയ്പിനെക്കുറിച്ച് അന്വേഷിച്ച കമീഷന്റെ പ്രവര്‍ത്തനം അട്ടിമറിച്ചത് ഈയിടെയാണ്. അത് ലീഗ് നേതൃത്വം കുറ്റവാളികളുടെ സ്ഥാനത്താണ് എന്നതുകൊണ്ടായിരുന്നു. സമാനമായ രീതിയാണ് ഇവിടെയും തുടരുന്നത്.

അന്വേഷണം നേരായ ദിശയില്‍ നടക്കരുത്; അഥവാ അങ്ങനെ ശ്രമമുണ്ടായാല്‍ എങ്ങനെയും അട്ടിമറിക്കും എന്ന നിര്‍ബന്ധ ബുദ്ധിയാണ്, "മുഖ്യമന്ത്രിയുടെ വിവേചനാധികാരം" എന്ന ലേബലില്‍ ഇപ്പോള്‍ പ്രയോഗിക്കപ്പെട്ടത്. അത് സംബന്ധിച്ച വികാരവും വിവാദവും തിളച്ചുമറിയുമ്പോഴാണ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഇന്ന് യുഡിഎഫ് സര്‍ക്കാരും ഭരണകക്ഷിയായ മുസ്ലിം ലീഗും എത്തിനില്‍ക്കുന്ന വിഷമസന്ധി മറികടക്കാനുള്ള കൗശലമാകാം മുല്ലപ്പള്ളിയുടേത് എന്ന വ്യാഖ്യാനവും ഉയര്‍ന്നിട്ടുണ്ട്. മാറാട് ഗൂഢാലോചനയും നാദാപുരത്തെ നരിക്കാട്ടേരിയില്‍ ബോംബ് ഉണ്ടാക്കുകയായിരുന്ന അഞ്ച് മുസ്ലിംലീഗുകാര്‍ കൊല്ലപ്പെട്ട സംഭവവും അന്വേഷിച്ച ഉദ്യോഗസ്ഥനെയാണ് മാറ്റിയത്. നിസ്സംശയം പ്രതിസ്ഥാനത്താണ് ഉമ്മന്‍ചാണ്ടിയും ലീഗും. സിബിഐയെ രംഗത്തേക്കുകൊണ്ടുവന്ന് പുകമറ സൃഷ്ടിച്ച് താല്‍ക്കാലികമായി അവരെ രക്ഷപ്പെടുത്താനുള്ളതാണോ കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ ? അല്ലെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊരു വീണ്ടുവിചാരമെന്ന് കേന്ദ്രമന്ത്രി വിശദീകരിക്കണം. മുഖ്യമന്ത്രി അതിനോട് പ്രതികരിക്കുകയും വേണം. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റ ഉത്തരവ് പിന്‍വലിക്കാതെ ഇത്തരം നാടകമാടിയതുകൊണ്ട് ജനങ്ങളെ കബളിപ്പിക്കാമെന്ന വ്യാമോഹം അസ്ഥാനത്താണ്

No comments: