Sunday, January 29, 2012

പോലീസ് ഭരണകക്ഷിയുടെ ഭൃത്യസേനയോ


പോലീസ്  ഭരണകക്ഷിയുടെ ഭൃത്യസേനയോ

പൊലീസുകാര്‍ക്ക് സംഘടന വേണമോ എന്ന ചര്‍ച്ച ഉയര്‍ന്നപ്പോള്‍ കേരളത്തിലെ വലതുപക്ഷ-അരാഷ്ട്രീയ ശക്തികളും അവരുടെ മാധ്യമങ്ങളും അതിശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്. പൊലീസുകാര്‍ സംഘടിക്കുന്നത് സേനയുടെ അച്ചടക്കം തകര്‍ക്കുമെന്നായിരുന്നു വാദം. എന്നാല്‍ , പൊലീസ് അസോസിയേഷന്‍ രൂപീകരിക്കുകയും ഏറെക്കുറെ പരാതികള്‍ക്ക് ഇടനല്‍കാതെ അതിന്റെ പ്രവര്‍ത്തനം മുന്നേറുകയും ചെയ്തു. യുഡിഎഫ് ഭരണത്തില്‍ വന്ന ഘട്ടങ്ങളിലൊഴികെ സേനയും സംഘടനയും നേര്‍വഴിക്കാണ് മുന്നോട്ടുപോയത്. പൊലീസിനെയും അന്വേഷണ സംവിധാനങ്ങളെയും കക്ഷിതാല്‍പ്പര്യത്തിനായി ദുരുപയോഗം ചെയ്യുന്ന പതിവ് കോണ്‍ഗ്രസ് എക്കാലത്തും തുടര്‍ന്നു. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേസുകള്‍ സൃഷ്ടിക്കുക, പൊലീസിനെ കയറൂരിവിട്ട് ജനകീയസമരങ്ങളെ അടിച്ചമര്‍ത്തുക എന്നിങ്ങനെയുള്ള നടപടികള്‍ക്കു പുറമെ, പൊലീസ് സംഘടനയെ ഭീഷണിയിലൂടെയും അധികാരത്തിന്റെ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിച്ചും രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് പതിവായിരിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിനെ ക്രൂരന്മാരുടെ കൂട്ടമായി കോണ്‍ഗ്രസ് മാറ്റിയെങ്കില്‍ പില്‍ക്കാലത്ത് സേനയില്‍ ആജ്ഞാനുവര്‍ത്തികളെയും ഉപജാപകരെയും പാലൂട്ടി വളര്‍ത്തുന്നതിനാണ് ശ്രദ്ധിച്ചത്. അങ്ങനെ വളര്‍ത്തിയെടുത്ത ഒരു പൊലീസ് ഉന്നതനാണ്, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്ന ദിവസം ഉമ്മന്‍ചാണ്ടിക്ക് പാമൊലിന്‍ കേസില്‍ പച്ചക്കാര്‍ഡ് കാണിക്കുന്ന റിപ്പോര്‍ട്ട് സൃഷ്ടിച്ച് വിവാദനായകനായത്. യുഡിഎഫ് ഭരണത്തില്‍ കേരള പൊലീസിന്റെ അവസ്ഥ ദയനീയമാംവിധം അധഃപതിച്ചതിന് നിരവധി തെളിവ് ചൂണ്ടിക്കാട്ടാനാകും. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസ് നവീകരണത്തിനും സമൂഹനന്മയ്ക്കുമായി നടപ്പാക്കിയ പരിഷ്കരണങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കുകയാണ്. പൊലീസിനെ ജനകീയവല്‍ക്കരിക്കുന്നതിനായി നടപ്പാക്കിയ ജനമൈത്രീ സുരക്ഷാപദ്ധതി സമൂഹം സര്‍വാത്മനാ സ്വീകരിച്ച ഒന്നാണ്. ആ പദ്ധതി യുഡിഎഫ് ഏറെക്കുറെ ഉപേക്ഷിച്ചിരിക്കുന്നു. അതിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരെ ഘട്ടംഘട്ടമായി പിന്‍വലിച്ചു. സേനയുടെ പൊതുസ്ഥിതി പഴയ നിലയിലേക്ക് മടങ്ങാന്‍ ഇതൊരു കാരണമായിരിക്കുന്നു. ജനങ്ങളുടെ മിത്രങ്ങളാകേണ്ട പൊലീസിനെ ജനശത്രുക്കളാക്കി നിര്‍ത്തുന്നതിലാണ് യുഡിഎഫ് സര്‍ക്കാര്‍ അതീവ ശ്രദ്ധ കാണിക്കുന്നത്. കോഴിക്കോട്ട് വിദ്യാര്‍ഥിസമരത്തിനുനേരെ നിയമവും മര്യാദയും നഗ്നമായി ലംഘിച്ച് ഭ്രാന്തമായി വെടിവച്ച ഡിവൈഎസ്പിയുടെ നടപടിയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി തയ്യാറായത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ കേരള സിവില്‍ പൊലീസ് രൂപീകരണവും ഈ സര്‍ക്കാര്‍ പൂര്‍ണതയില്‍ എത്തിച്ചില്ല. പൊലീസ് അസോസിയേഷന്‍ ഭരണകക്ഷിയുടെ പാര്‍ശ്വവര്‍ത്തികള്‍ക്ക് പിടിച്ചെടുക്കാനുള്ള സൗകര്യമൊരുക്കുന്നതിന് നൂറുകണക്കിനു സ്ഥലംമാറ്റമാണ് നടത്തിയത്. ഭരണം നിയന്ത്രിക്കുന്ന പലരും പൊലീസുകാരെ ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചും അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ഇടപെട്ടത് വാര്‍ത്തകളായി പുറത്തുവന്നിരുന്നു. ഭൂമാഫിയയെ സഹായിക്കാന്‍ പൊലീസ് സേനയെ ദുരുപയോഗം ചെയ്തതിന് പൊലീസ് അസോസിയേഷന്റെ രണ്ട് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കേണ്ടിവന്നത് ഈയിടെയാണ്. അസോസിയേഷന്റെ തലപ്പത്ത് അവരോധിച്ചത് ചുരുങ്ങിയത് നാലുതവണ അച്ചടക്കനടപടിക്ക് വിധേയനായ ആളെയാണ്. യുഡിഎഫിനും കോണ്‍ഗ്രസിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് പദവികളും സംരക്ഷണവും മറയില്ലാതെ നല്‍കുന്നു. അത്തരം അരുതായ്മകള്‍ ചൂണ്ടിക്കാട്ടുന്ന ഉദ്യോഗസ്ഥരെ മ്ലേച്ഛമായി ആക്രമിക്കാനും ഭരണകക്ഷി മടിക്കുന്നില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂരില്‍ റിപ്പബ്ലിക് ദിനത്തില്‍ കണ്ടത്. പരേഡ് നടക്കുന്നതിനിടയില്‍ കണ്ണൂര്‍ എംപി സുധാകരന് അഭിവാദ്യം അര്‍പ്പിച്ച് കേരള പൊലീസ് അസോസിയേഷന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് പ്രദര്‍ശിപ്പിക്കാന്‍ അവിടത്തെ അസോസിയേഷന്‍ നേതാക്കള്‍ തയ്യാറായി. സുധാകരന്‍ കണ്ണൂരിലെ എംപിയാണ്; കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവാണ്; നിരവധി ക്രിമിനല്‍കേസില്‍ പ്രതിയുമാണ്. ആ സുധാകരന് എന്തിന് പൊലീസ് അസോസിയേഷന്‍ പ്രത്യേക അഭിവാദ്യ ബോര്‍ഡ് വയ്ക്കണം? സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടിയായ റിപ്പബ്ലിക് ദിനാഘോഷവും അതിനോട് അനുബന്ധിച്ചു നടക്കുന്ന പരേഡും കക്ഷി രാഷ്ട്രീയ പ്രചാരണവേദിയാക്കാന്‍ പൊലീസ് സംഘടനയ്ക്ക് ആരാണ് അധികാരം നല്‍കിയത്. അത്തരമൊരു അനൗചിത്യം പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ സ്വാഭാവികമായ രീതിയില്‍ നീക്കിയതായാണ് മനസ്സിലാക്കാനായത്. അങ്ങനെ നീക്കിയ ബോഡ് കണ്ണൂര്‍ ആംഡ് റിസര്‍വ്ഡ് പൊലീസ് ക്യാമ്പിനു മുന്നില്‍ വീണ്ടും സ്ഥാപിച്ച്, പൊലീസിലെ ഉന്നതരല്ല സുധാകരനെ പോലുള്ള ക്രിമിനല്‍ നേതാക്കളാണ് തങ്ങളെ നയിക്കുന്നതെന്ന് പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചു. സുധാകരന്റെ സംഘത്തോടൊപ്പം ചില പൊലീസുകാരും പരസ്യമായിത്തന്നെ ഇതില്‍ പങ്കെടുത്തെന്നത് പൊലിസിന്റെ അച്ചടക്ക നിബന്ധനകളെക്കുറിച്ച് അറിയാവുന്നവരെ അമ്പരപ്പിക്കുന്ന സംഗതിയാണ്. രാഷ്ട്രീയ പ്രചാരവേല നടത്തിയ ആറ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ ജില്ലാ പൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനാണ് ഭരണകക്ഷിനേതാക്കള്‍ മുതിര്‍ന്നത്. നീക്കിയ ബോര്‍ഡ് വീണ്ടും സ്ഥാപിക്കാനും നിയമത്തെയും പൊലീസ് സംവിധാനത്തെയും വെല്ലുവിളിക്കാനും ജില്ലാ പൊലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസ് മതിലില്‍ പോലും പോസ്റ്റര്‍ പതിച്ചു ഭീഷണി മുഴക്കാനും ഭരണകക്ഷി തയ്യാറായിരിക്കുന്നു. സംസ്ഥാനത്തെ പൊലീസ് എത്തിനില്‍ക്കുന്ന അവസ്ഥ എത്രമാത്രം ഗുരുതരമാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുകയാണ്. നാമമാത്രമായ ഭൂരിപക്ഷത്തിന്റെ ചരടില്‍ തൂങ്ങിനില്‍ക്കുന്ന യുഡിഎഫ് സംസ്ഥാനത്തിന് ചെയ്യുന്ന കടുത്ത ദ്രോഹങ്ങളിലൊന്നാണ് ഇത്. ഭരണകക്ഷിയുടെ ഗുണ്ടകളാക്കി പൊലീസ് സേനയെ അധഃപതിപ്പിക്കാനുള്ള ഈ നീക്കത്തെ എന്തുവിലകൊടുത്തും ചെറുക്കേണ്ടതുണ്ട്.

No comments: