Monday, January 2, 2012

സര്‍ക്കാരിന്റെ നാണംകെട്ട ഒളിച്ചോട്ടം..

സര്‍ക്കാരിന്റെ നാണംകെട്ട ഒളിച്ചോട്ടം..





തകാല സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ ജനകീയപ്രശ്നങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാനുള്ള അവകാശത്തിനു വേണ്ടിയാണ് പ്രതിപക്ഷം പോരാടിയത്. വോട്ടെടുപ്പില്ലാത്ത ചര്‍ച്ചയ്ക്ക് മനസ്സില്ലാമനസ്സോടെ സര്‍ക്കാര്‍ തയ്യാറായതോടെ രണ്ടാംഘട്ട സമ്മേളനം ശക്തമായ ചര്‍ച്ചകളിലൂടെ ശ്രദ്ധേയമായി. പാര്‍ലമെന്റ് തുടര്‍ച്ചയായി മുടങ്ങുന്നത് തടയാനാണ് വോട്ടെടുപ്പില്ലെങ്കിലും ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ചര്‍ച്ചയ്ക്ക് തയ്യാറായത്. ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റമാണ് ആദ്യം ചര്‍ച്ചയ്ക്കെടുത്തത്. ഒരു ദിവസം മുഴുവന്‍ നീണ്ട ചര്‍ച്ചയില്‍ പ്രതിരോധത്തിനുപോലും കഴിയാത്ത തരത്തില്‍ ദയനീയമായിരുന്നു സര്‍ക്കാരിന്റെ നില. ശക്തമായ നടപടിയെടുത്തുവെന്ന വാദഗതിക്ക് ഉപോല്‍ബലകമായി ഒന്നും തന്നെ ചൂണ്ടിക്കാണിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ജി-20 രാജ്യങ്ങളില്‍ വിലക്കയറ്റം ഏറ്റവും രൂക്ഷമായിട്ടുള്ളത് ഇന്ത്യയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം കുതിച്ചുയരുന്നു. ആവശ്യത്തിലധികം ഭക്ഷ്യധാന്യം ഉല്‍പ്പാദിപ്പിച്ചിട്ടും ഭക്ഷണം കിട്ടാതെ ജനങ്ങള്‍ നരകിക്കുന്നു. രണ്ടര ലക്ഷത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വസ്തുതകള്‍ അക്കമിട്ടുനിരത്തിയുള്ള ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും വിമര്‍ശങ്ങള്‍ക്കുമുമ്പില്‍ തലകുനിച്ചിരിക്കാനേ ഭരണകക്ഷി അംഗങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ. ബസുദേബ് ആചാര്യ, ഗുരുദാസ് ദാസ് ഗുപ്ത, ജസ്വന്ത് സിങ്, മുലായം സിങ് യാദവ്, ശരത് യാദവ്, ടി ആര്‍ ബാലു, പി സി ചാക്കോ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു. ഉന്നയിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ചൊന്നും പറയാതെ ഒരു ബജറ്റ് പ്രസംഗം നടത്തുകയാണ് ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി ചെയ്തത്. വിലകുറയുമെന്ന ശുഭപ്രതീക്ഷയോടെ വിമര്‍ശങ്ങളെ നേരിട്ട ധനമന്ത്രിക്ക് വിലക്കയറ്റ ചര്‍ച്ചയുടെ ചൂടില്‍നിന്നും മാറിനില്‍ക്കാന്‍ കഴിഞ്ഞില്ല. റൂള്‍ 193 അനുസരിച്ച് നടന്ന മറ്റൊരു ചര്‍ച്ച കള്ളപ്പണത്തെക്കുറിച്ചുള്ളതായിരുന്നു. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അത് മറ്റുരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും പറഞ്ഞ് ഒഴിയുകയാണ് ധനമന്ത്രി ചെയ്തത്. വന്‍കിടക്കാരെ സഹായിക്കാനാണ് കള്ളപ്പണക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. അഴിമതിക്കേസുകള്‍ തുടര്‍ച്ചയായി വരുന്നതിന്റെ പ്രധാനകാരണവും കള്ളപ്പണത്തിന്റെ സ്വാധീനം തന്നെയാണ്. സുപ്രീംകോടതി കള്ളപ്പണക്കാരെക്കുറിച്ചുപറഞ്ഞ വിമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് പ്രതിപക്ഷകക്ഷികള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. പതിവ് മറുപടിയില്‍നിന്നും വ്യത്യസ്തമായി ഒന്നും പറയാന്‍ ധനമന്ത്രിക്കോ പ്രധാനമന്ത്രിക്കോ കഴിഞ്ഞില്ല. സാമ്പത്തികരംഗത്തെ വളര്‍ച്ചയെക്കുറിച്ചുള്ള വിശദീകരണവുമായാണ് പ്രധാനമന്ത്രി രംഗത്തുവന്നത്. പൊതു ബജറ്റുമായി ബന്ധപ്പെട്ട ഉപധനാഭ്യര്‍ഥന സമയത്തുതന്നെയാണ് റെയില്‍വേ ഉപധനാഭ്യര്‍ഥനയും ചര്‍ച്ചചെയ്യപ്പെട്ടത്. ഉപധനാഭ്യര്‍ഥനകളായതുകൊണ്ട് കൂടുതല്‍ സമയം ഈ ചര്‍ച്ചകള്‍ക്ക് നീക്കിവച്ചിരുന്നില്ല. എന്നാല്‍ , റെയില്‍വേ രംഗത്തെ ചര്‍ച്ച ഓരോ സംസ്ഥാനത്തിന്റെയും റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശക്തമായിതന്നെ അംഗങ്ങള്‍ ഉയര്‍ത്തി. റെയില്‍വേ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ പലതും നടപ്പാക്കാന്‍ കഴിയാത്തത് ശക്തമായ വിമര്‍ശത്തിനിടയാക്കി. കേരളത്തോടുള്ള അവഗണനയ്ക്കെതിരെ എംപിമാര്‍ ഒന്നാകെ പ്രതിഷേധിച്ചു. കോച്ച് ഫാക്ടറി, വാഗണ്‍ഫാക്ടറി, പുതിയ റെയില്‍വേ ലൈനുകള്‍ , പുതിയവണ്ടികള്‍ , യാത്രക്കാരുടെ പ്രശ്നങ്ങള്‍ , സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പി കരുണാകരന്‍ , പി സി ചാക്കോ, എം ബി രാജേഷ്, എം കെ രാഘവന്‍ , ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെല്ലാം കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചു. പുതിയ റെയില്‍വേമന്ത്രി ദിനേഷ് ത്രിവേദി ചര്‍ച്ചകള്‍ പൂര്‍ണമായും ശ്രദ്ധിച്ചും ഇടയ്ക്കിടെ മറുപടി പറഞ്ഞും എംപിമാരെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ , മറ്റുചില വിഷയങ്ങളില്‍ സഭാ നടപടികള്‍ മുടങ്ങിയതിനാല്‍ മന്ത്രിക്ക് തന്റെ കന്നി മറുപടി പ്രസംഗം മേശപ്പുറത്ത് വയ്ക്കാനേ കഴിഞ്ഞുള്ളൂ. നിരവധി ബില്ലുകള്‍ ഈ ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് വന്നു. ചില ബില്ലുകള്‍ കുഴപ്പങ്ങള്‍ക്കിടയില്‍ ചര്‍ച്ചകൂടാതെ പാസാക്കി യെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. ഭരണഘടനാ ഭേദഗതി ബില്ലുകള്‍ , പ്രസാര്‍ഭാരതി ഭേദഗതി നിയമം, ബാങ്കിങ് ഭേദഗതി നിയമം, ഇന്‍ഷുറന്‍സ് ഭേദഗതിനിയമം, സഹകരണരംഗത്തെ ഭേദഗതിനിയമം, ജഡ്ജിമാരുടെ പ്രായപരിധി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയമം എന്നിങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ നിയമ നിര്‍മാണങ്ങള്‍ക്ക് സഭ സാക്ഷ്യം വഹിച്ചു. ഇതില്‍ ഇന്‍ഷുറന്‍സ് ഭേദഗതി നിയമത്തിനെതിരെ ചില ഭരണകക്ഷി അംഗങ്ങള്‍തന്നെ പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാല്‍ , സിപിഐ എം നല്‍കിയ ഭേദഗതി വോട്ടെടുപ്പിനിട്ടപ്പോള്‍ ഇടതുപക്ഷപാര്‍ടികളിലെ അംഗങ്ങള്‍ മാത്രമാണ് അനുകൂലമായി വോട്ടുചെയ്തത്. കോണ്‍ഗ്രസ്സും ബിജെപിയും അവസരവാദപരമായ സമീപനമാണ് സ്വീകരിച്ചത്. വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സഹകരണഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍നിന്നുള്ള എംപിമാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. എ സമ്പത്ത്, പി കെ ബിജു, ആന്റോ ആന്റണി, എം കെ രാഘവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ , ഇവിടെയും മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം അവതരിപ്പിച്ച ഭേദഗതിയെ അനുകൂലിക്കാന്‍ ഇടതുപക്ഷ എംപിമാര്‍ മാത്രമാണ് തയ്യാറായത്. ലോക്സഭയെപോലെ തന്നെ രാജ്യസഭയിലും ശക്തമായ പ്രതിരോധമാണ് ഇടതുപക്ഷ എംപിമാര്‍ സ്വീകരിച്ചത്. ഇന്‍ഷുറന്‍സ് ബില്‍ , സഹകരണ ഭേദഗതി നിയമം, ബാങ്കിങ് ഭേദഗതി നിയമം, വിലക്കയറ്റം, കള്ളപ്പണം തുടങ്ങിയവയുടെ ചര്‍ച്ചയിലെല്ലാം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിഞ്ഞു. സീതാറാം യെച്ചൂരി, കെ എന്‍ ബാലഗോപാല്‍ , പി രാജീവ്, ടി എന്‍ സീമ, തപന്‍സെന്‍ , എം പി അച്യുതന്‍ എന്നിവര്‍ വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. ലോക്പാല്‍ -ലോകായുക്ത ബില്‍ പാര്‍ലമെന്റ് പാസ്സാക്കിയെങ്കിലും ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാത്തതിനാല്‍ തള്ളി. അതുകൊണ്ട് ഇത് രാജ്യസഭയില്‍ ചര്‍ച്ചയ്ക്കുവരില്ല. ഈ ബില്ലിന്റെ വോട്ടെടുപ്പ് സമയത്ത് മന്ത്രിമാര്‍ ഉള്‍പ്പെടെ മുപ്പതോളം എംപിമാര്‍ ഹാജരായില്ല. ഇതില്‍ 12 പേര്‍ കോണ്‍ഗ്രസ് എംപിമാരാണ്. ബില്ലിന്റെ ഉള്ളടക്കത്തിലെ വൈകല്യംപോലെ തന്നെ പാര്‍ലമെന്റിനകത്തും നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. രാജ്യസഭയില്‍ ലോക്പാല്‍ ബില്‍ പ്രശ്നത്തില്‍ കോണ്‍ഗ്രസ് പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു. ചര്‍ച്ചയില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖരും ഭരണഘടനാ വിദഗ്ധരുമായ നേതാക്കള്‍ തന്നെയാണ് പങ്കെടുത്തത്. രാജ്യസഭയില്‍ കോണ്‍ഗ്രസ്സിനെ തൃണമൂല്‍ കോണ്‍ഗ്രസ് കൈവിട്ടതോടെ കേവല ഭൂരിപക്ഷംതന്നെ പ്രയാസമാണെന്ന് ബോധ്യപ്പെട്ടു. ഒരു കാരണവുമില്ലാതെ ചര്‍ച്ച രാത്രി 12 മണിവരെ നീട്ടിക്കൊണ്ടുപോയത് കോണ്‍ഗ്രസിന്റെ മറ്റൊരു തന്ത്രമായിരുന്നു. വോട്ടിനിട്ടാല്‍ പൂര്‍ണമായും പരാജയപ്പെടുമെന്ന് ബോധ്യമായതോടെ വോട്ടെടുപ്പ് ഒഴിവാക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. ബഹളത്തിനിടയില്‍ സഭ പിരിഞ്ഞതോടെ കോണ്‍ഗ്രസ് രക്ഷപ്പെടുകയായിരുന്നു. ഇനി ലോക്പാല്‍ ബില്‍ ചര്‍ച്ചചെയ്യാന്‍ ബജറ്റ് സമ്മേളനംവരെ കാക്കണം. അപ്പോഴും കോണ്‍ഗ്രസിന്റെ സമീപനത്തില്‍ മാറ്റം വന്നില്ലെങ്കില്‍ ലോക്പാല്‍ പാസ്സാക്കുക പ്രയാസമാകും. സഭയില്‍ ശ്രദ്ധേയമായ ചര്‍ച്ച നടന്ന വിഷയമായിരുന്നു ലോക്പാല്‍ ബില്‍ . അഴിമതിക്കെതിരെ ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരണമെന്ന ആവശ്യം നേരത്തെതന്നെ ഇടതുപക്ഷ പാര്‍ടികള്‍ ഉന്നയിച്ചതാണ്. മൂന്ന് ബില്ലുകള്‍ ഒന്നിച്ചാണ് അവതരിപ്പിച്ചത്. ലോക്പാല്‍ , ലോകായുക്ത്, ഭരണഘടനാ ഭേദഗതി എന്നിവ. പത്തുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ ബില്ലിനെ തലനാരിഴ കീറി പരിശോധിച്ചു. ബില്‍ സഭയില്‍ അവതരിപ്പിച്ച് സംസാരിച്ച നാരായണസ്വാമിക്ക് ശ്രദ്ധപിടിച്ചുപറ്റാനോ അംഗങ്ങളില്‍ സ്വാധീനം ചെലുത്താനോ കഴിഞ്ഞില്ല. ഇടതുപക്ഷപാര്‍ടികളും ബിജെപിയും ധാരാളം ഭേദഗതികള്‍ ഉന്നയിച്ചിരുന്നു. ശക്തമായ രക്ഷാകവചം തീര്‍ത്താണ് പ്രധാനമന്ത്രിയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത്. ഭരണകക്ഷിയുടെ ഉപകരണമായി മാറിയ സിബിഐയെ ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. അഴിമതിയുടെ സിരാകേന്ദ്രമായി മാറിയ കോര്‍പറേറ്റ് മാനേജ്മെന്റിനെയും പൂര്‍ണമായും ഒഴിവാക്കി. ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന നിലയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം നിഷേധിക്കുന്ന സമീപനമാണ് ലോകായുക്ത കൊണ്ടുവരുന്നതുവഴി ചെയ്തിട്ടുള്ളത്. ലോക്പാലിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ബില്ലിലുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാരിന് അകത്തുനിന്നും പുറത്തുനിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവന്നു. സര്‍ക്കാരിനെ അനുകൂലിച്ചിരുന്ന എസ്പി, ബിഎസ്പി, ആര്‍ജെഡി കക്ഷികള്‍ ബില്ലിനെ എതിര്‍ത്ത് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. യുപിഎ ഘടകകക്ഷികളായ ടിഎംസി, ഡിഎംകെ എന്നിവ അനുകൂലമായി വോട്ടുചെയ്തെങ്കിലും പ്രതിഷേധമുയര്‍ത്തി. ഇടതുപക്ഷവും ബിജെപിയും മറ്റു പാര്‍ടികളും എതിര്‍ക്കുക മാത്രമല്ല ഓരോ വകുപ്പിനും ഭേദഗതി നിര്‍ദേശിച്ചുകൊണ്ടുള്ള പോരാട്ടം തന്നെ സഭയില്‍ നടത്തി. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പന്ത്രണ്ടോളം ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. സംസ്ഥാനങ്ങളുടെ അനുവാദം വാങ്ങിയതിനു ശേഷം മാത്രമേ നിയമം നടപ്പിലാക്കൂ എന്ന് വ്യക്തമാക്കി. പ്രധാനമന്ത്രിക്കെതിരെയുള്ള അന്വേഷണത്തിന് നാലില്‍ മൂന്ന് ഭൂരിപക്ഷത്തിനുപകരം മൂന്നില്‍ രണ്ട് ഭൂരിപക്ഷം മതിയെന്ന ഭേദഗതിയും അംഗീകരിച്ചു. എംപിമാര്‍ക്കെതിരെയുള്ള നടപടിയുമായി ബന്ധപ്പെട്ട് 24ാം വകുപ്പ് പൂര്‍ണമായും എടുത്തുമാറ്റി. എന്നാല്‍ മര്‍മപ്രധാനമായ വിഷയങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പി കരുണാകരന്‍

No comments: