യുഡിഎഫ് വിവാദം എന്‍ഡിഎഫ് ബന്ധം മറച്ചുവയ്ക്കാന്‍: പിണറായി
തിരു: തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവെക്കാനാണ് മഅ്ദനി വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ആ സഖ്യത്തെ വെള്ളപൂശാനും സിപിഐ എമ്മിന്റെ മതേതര പ്രതിഛായ തകര്‍ക്കാനുമാണ് യുഡിഎഫും ചില മാധ്യമങ്ങളും മഅ്ദനി വിവാദം ഉപയോഗിക്കുന്നതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മഅ്ദനി തീവ്രവ്രാദ നിലപാട് സ്വീകരിച്ചിരുന്നപ്പോള്‍ യുഡിഎഫും പിഡിപിയും രാഷ്ട്രീയ കൂട്ടുകെട്ടിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ യുഡിഎഫ് പിഡിപിക്ക്് നീക്കിവെച്ചു. തീവ്രവാദത്തിനെതിരെ സിപിഐ എം ഏതറ്റം വരെയും പോരാടും. പഴയതീവ്രവാദനിലപാടുകള്‍ മഅ്ദനി തിരസ്കരിച്ചത് സിപിഐ എം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, മഅ്ദനിയോ അനുയായികളോ പഴയ കാലത്ത് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കില്‍ അത് ന്യായീകരിക്കേണ്ട കാര്യം സിപിഐ എമ്മിനില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനി എല്‍ഡിഎഫിനെ പിന്താങ്ങുമെന്ന് പ്രഖ്യാപിച്ചു. പൊന്നാനിയില്‍ അവര്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. അതേസമയം എല്‍ഡിഎഫും പിഡിപിയുമായി എതെങ്കിലും വിധത്തിലുള്ള ധാരണയോ കൂട്ടുകെട്ടോ ഉണ്ടാക്കിയിരുന്നില്ല. യുഡിഎഫ് നല്‍കിയതുപോല സീറ്റുകള്‍ വിട്ടുകൊടുത്തുള്ള ഏര്‍പ്പാടിന് എല്‍ഡിഎഫ് പോയില്ല. എന്നിട്ടും പിഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതായി ദുര്‍വ്യാഖ്യാനം ചെയ്തു. പിഡിപിയുടെ സഹായം എല്‍ഡിഎഫിനെ പിന്താങ്ങുന്ന മതേതരവിശ്വാസികളില്‍ ചിലരില്‍ എതിര്‍പ്പുളവാക്കിയെന്ന് തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി വിലയിരുത്തിയതാണ്. പിഡിപിയുമായി വേദി പങ്കിട്ടത് ശരിയായില്ലെന്നും പാര്‍ടി കേന്ദ്രകമ്മറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അച്ചടിച്ച് പ്രസിദ്ധികരിച്ചതാണ്. അത് പലരും മറന്നു. അവലോകനം പുതിയ കണ്ടുപിടുത്തമെന്ന മട്ടിലാണ് ചില കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്നത്. മഅ്ദനി ഐഎസ്എസ് രൂപീകരിച്ചപ്പോള്‍ സിപിഐ എം അതിശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, അന്ന് യുഡിഎഫ് മഅ്ദനിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. പി പി തങ്കച്ചന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മഅ്നിയുടെ ഫോട്ടോ വച്ചാണ് 2001 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിന് നന്ദി അറിയിക്കാന്‍ അന്ന് യുഡിഎഫ് കവീനറായിരുന്ന ഉമ്മന്‍ചാണ്ടിയും ബെന്നി ബഹനാനുമാണ് കോയമ്പത്തുര്‍ ജയിലില്‍ പോയത്. തെരഞ്ഞെടുപ്പിനുശേഷം മഅ്ദനിയുടെ പാര്‍ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റിനെ ഹജ്ജ് കമ്മറ്റി അംഗമാക്കി. തീവ്രാവാദനിലപാട് സ്വീകരിച്ച ഘട്ടത്തില്‍ മഅ്ദനിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് പിശകായെന്ന് യുഡിഎഫിന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടോയെന്നും പിണറായി ചോദിച്ചു. മഅ്ദനി തീവ്രവാദ നിലപാട് പരസ്യമായി തള്ളിപ്പറഞ്ഞതോടെ ആ സ്ഥാനം തടിയന്റെവിട നസീറും എന്‍ഡിഎഫും ഏറ്റെടുത്തപ്പോള്‍ യുഡിഎഫ് അവരുമായി സഖ്യത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും എന്‍ഡിഎഫ് പരസ്യമായി യുഡിഎഫിനായി പ്രവര്‍ത്തിച്ചു. പിന്തുണ വേണ്ടെന്നു പറയാന്‍ യുഡിഎഫ് തയ്യാറായില്ല. എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകരായി ലീഗ് മാറിയതാണ് ഈയിടെ കാസര്‍കോട്ട് നടന്ന കലാപത്തില്‍ കണ്ടത്. മഅ്ദനിയെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അറസ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കുകയാണ് 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയ്തത്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസുകള്‍ അട്ടിമറിക്കാനാണ്് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് യുഡിഎഫ് ഭരണത്തിലാണ്. കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ബന്ധു പ്രതിയായ കേസ് അട്ടിമറിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ പുനരന്വേഷിച്ച് മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിക്ക് കേസില്‍ പങ്കുള്ളതായി കണ്ടെത്തി. തെളിവിന്റെ അടിസഥാനത്തില്‍ കേസെടുത്തു. നസീര്‍ ഉള്‍പ്പെട്ട നാല് കേസുകള്‍ യുഡിഎഫ് ഭരണത്തിലുണ്ടായി. എന്നാല്‍, ഒരു കേസില്‍ മാത്രമാണ് നസീറിനെ യുഡിഎഫ് പ്രതിയാക്കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി.
പ്രത്യേക ലേഖകന്‍
Deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment