അശോകന്‍ ചരുവില്‍.
ഏതാനും ദിവസം മുമ്പത്തെ മലയാള മനോരമ പത്രത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരു ചെറുവാര്‍ത്തയുണ്ട്. 'പോളണ്ടില്‍ ചെങ്കൊടി നിരോധിക്കുന്നു' എന്നാണ് തലവാചകം. 'ഒരു കാലത്ത് കമ്യൂണിസ്റ് കോട്ടയായിരുന്ന പോളണ്ടില്‍ ഇനി ചെങ്കൊടി പാറില്ല' എന്നിങ്ങനെ വാര്‍ത്ത ആരംഭിക്കുന്നു. കൊടികള്‍ക്കുമാത്രമല്ല, കമ്യൂണിസ്റ് ആഭിമുഖ്യമുള്ള വിപ്ളവ ഗാനങ്ങള്‍ക്കും അവിടെ നിരോധനമുണ്ടത്രേ. കമ്യൂണിസത്തെ പുകഴ്ത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം ജയില്‍ശിക്ഷ ലഭിക്കും. കമ്യൂണിസ്റുകാരായ വലിയ വിഭാഗം ജനങ്ങള്‍ പോളണ്ടിലുണ്ടെന്നും ഇനി അവര്‍ക്ക് കൊടിപിടിച്ച് ഗാനമാലപിച്ച് തെരുവിലൂടെ നടക്കാനാകില്ലെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാം എത്ര വളരെ സ്വാഭാവികം സാധാരണം എന്നമട്ടിലാണ് വാര്‍ത്തയുടെ പോക്ക്. കമ്യൂണിസ്റ് പാര്‍ടി ദീര്‍ഘകാലം ഭരണം നടത്തിയിരുന്ന ഒരു രാജ്യത്ത് ചുവന്ന കൊടിയും ഗാനങ്ങളും നിരോധിച്ചിരിക്കുന്നു എന്നതില്‍ തീര്‍ച്ചയായും വാര്‍ത്താപ്രാധാന്യമുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങളൊന്നും ഈ മനോരമ വാര്‍ത്തയില്‍ ഉണ്ടാകില്ലെന്ന് വിചാരിക്കാം. പക്ഷേ, വസ്തുത റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മനസ്സില്‍ തിരയടിക്കുന്ന ചെറിയൊരു ആഹ്ളാദം ലേഖകന് മറച്ചുപിടിക്കാനാകുന്നില്ല. നേരിയ നര്‍മവും പരിഹാസവുമൊക്കെയായിട്ടാണ് ഈ ആഹ്ളാദം ആവിഷ്കരിക്കപ്പെടുന്നത്. കമ്യൂണിസ്റുവിരുദ്ധ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മനോരമയ്ക്ക് സന്തോഷമുണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല. രണ്ടുദിവസം പിന്നിടുമ്പോള്‍ ഈ സന്തോഷം വാക്കുകളില്‍നിന്ന് വരയിലേക്ക് കടക്കുന്നു. 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത്' എന്ന സത്യന്‍ അന്തിക്കാട് സിനിമയിലെ സംഭാഷണം ഉപയോഗപ്പെടുത്തിക്കൊണ്ടും സ്ഥിരം ലക്ഷ്യമായ പിണറായി വിജയനെയും മറ്റ് സിപിഐ എം നേതാക്കളെയും കഥാപാത്രങ്ങളാക്കിക്കൊണ്ടും ഒരു കാര്‍ട്ടൂ. അതും എത്രമേല്‍ സ്വാഭാവികം. മനോരമയില്‍ ഇപ്പോള്‍ കാര്‍ട്ടൂ വരയ്ക്കുന്നത് ആരാണെന്ന് എനിക്ക് നിശ്ചയം പോരാ. പക്ഷേ, അത് പുറപ്പെടുവിക്കുന്ന 'ആക്ഷേപഹാസ്യം' അങ്ങേയറ്റം ദയനീയമായണെന്നു പറയാതിരിക്കാനാകില്ല. യേശുദാസന്‍ പുറത്തുപോയതുകൊണ്ടാണോ ഈ മൂല്യശോഷണം? അങ്ങനെയാകാന്‍ വഴിയില്ല. സങ്കുചിത താല്‍പ്പര്യങ്ങള്‍ ഏറുംതോറും ഹാസ്യത്തിന്റെ ഗ്രാഫ് താഴേക്ക് പോരുന്നത് സ്വാഭാവികം. മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ് ഗോപീകൃഷ്ണന്റെ സമകാലിക അവസ്ഥ ഇത് ഉദാഹരിക്കുന്നു. തന്റെ പ്രതിഭാവിലാസം മികച്ച രീതിയില്‍ പ്രകടിപ്പിച്ചിട്ടുള്ള ആളാണ് അദ്ദേഹം. പക്ഷേ, ഇപ്പോള്‍ ആ വര ഉപ്പിലിട്ടതുപോലെ മരവിച്ചതായി മാറി. തലവര എന്നല്ലാതെ എന്തു പറയാനാണ്? പോളണ്ടിനെക്കുറിച്ചുള്ള ഈ വാര്‍ത്തയില്‍ മലയാള മനോരമയ്ക്ക് സത്യത്തില്‍ ആഹ്ളാദിക്കാന്‍ വല്ല വകയുമുണ്ടോ? വാര്‍ത്തയിലെ ആഹ്ളാദവും നര്‍മവും മറ്റും അഴിച്ചുമാറ്റിയാല്‍ എന്താണ് ബാക്കിയാകുന്ന വസ്തുത? പോളണ്ടിലെ ഗവമെന്റ് കമ്യൂണിസ്റ് പാര്‍ടി പ്രവര്‍ത്തനത്തെ നിരോധിച്ചിരിക്കുന്നു. പാര്‍ടിയെമാത്രമല്ല, പാര്‍ടിയുടെ കൊടിയുടെ നിറമായ ചുവപ്പിനെയും ജനതയുടെ സംഗീതാഭിരുചിയെപ്പോലും ഭയക്കേണ്ടുന്നത്ര പ്രതിരോധത്തിലേക്ക് അവിടത്തെ ഭരണാധികാരികള്‍ ചെന്നെത്തിയിരിക്കുന്നു. ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളുടെപോലും പിന്തുണയോടെ വലിയൊരു തിരിച്ചുവരവിന് കമ്യൂണിസ്റ് പ്രസ്ഥാനം സന്നദ്ധമായിരിക്കുന്നു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ തലത്തിലേക്ക് ഭരണവര്‍ഗം ചെന്നെത്തിയിരിക്കുന്നു. എഴുത്തുകാരന്റെയും കലാകാരന്റെയും മാത്രമല്ല, സാമാന്യ മനുഷ്യന്റെതന്നെ സര്‍ഗാത്മക സ്വാതന്ത്യ്രം ഹനിക്കപ്പെട്ടിരിക്കുന്നു. ഏതൊരു ഘട്ടത്തിലാണ് ഭരണാധികാരികള്‍ ജനകീയപ്രസ്ഥാനങ്ങളെയും ജനങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ പ്രകടമാക്കുന്ന വാര്‍ത്തകളെയും കലാസാഹിത്യപ്രവര്‍ത്തനങ്ങളെയും ഭയപ്പെടുകയും നിരോധിക്കുകയും ചെയ്യുക എന്നതിന് നമുക്ക് വേണ്ടത്ര ഉദാഹരണങ്ങളുണ്ട്. അകലേക്കെങ്ങും പോകേണ്ടതില്ല. ഈ ലേഖകന്റെ കുട്ടിക്കാലത്ത് ഇന്ത്യയില്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥതന്നെ വലിയ തെളിവ്. ബിഹാറടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഗവമെന്റിന്റെ അഴിമതിക്കും ഏകാധിപത്യ പ്രവണതയ്ക്കുമെതിരെ നടന്ന ജനകീയപ്രക്ഷോഭങ്ങളുടെ ഒരു ഘട്ടത്തില്‍വച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ജനനേതാക്കളെ രായ്ക്കുരാമാനം അറസ്റുചെയ്ത് ജയിലിലടച്ചു. വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ സസ്പെന്‍ഡുചെയ്തു. സാഹിത്യ-കലാ ആവിഷ്കാരങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു. പത്രപ്രവര്‍ത്തകരും കലാകാരന്മാരും ജയിലുകളില്‍വച്ച് പീഡിപ്പിക്കപ്പെട്ടു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സര്‍ഗാത്മകതയാണല്ലോ പ്രത്യുല്‍പ്പാദനം എന്നത്. ആ സ്വാതന്ത്യ്രത്തിന്മേല്‍ കത്തിവച്ചു. കൂട്ടം കൂട്ടമായി ആട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വന്ധ്യംകരിച്ചു. ലോകത്തിലേക്കുവച്ച് ഏറ്റവും വലിയ ജനാധിപത്യരാജ്യമായി അവകാശപ്പെടുന്ന ഇന്ത്യയില്‍ നടന്ന ഈ സംഹാരതാണ്ഡവത്തെക്കുറിച്ച് മലയാള മനോരമ എപ്പോഴെങ്കിലും ആകുലത പ്രകടിപ്പിച്ചതായി അറിവില്ല. ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ കേരളത്തിലെ അപ്പോസ്തലന്മാരും ഇതുസംബന്ധമായി ഒരിക്കലും ആശങ്കപ്പെട്ടുകണ്ടിട്ടില്ല. പണിയെടുക്കുന്നവരും ദരിദ്രരും മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റപ്പെട്ടവരുമായ ജനതയുടെ സര്‍ഗാത്മകസ്വാതന്ത്യ്രം ഇവര്‍ക്ക് ഒരിക്കലും വിഷയമല്ല. പോളണ്ടിലേക്ക് തിരിച്ചുവരാം. പോളണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ് ഭരണവ്യവസ്ഥ തകര്‍ന്നതിനെക്കുറിച്ച് നമ്മുടെ വലിയ പത്രങ്ങള്‍ എന്തൊക്കെയാണ് നിരന്തരം എഴുതിയത്? ജനാധിപത്യത്തിന്റെ സൂര്യോദയം. സ്വാതന്ത്യ്രത്തിന്റെ വസന്തമാണ് അവിടെ ഉദ്ഘാടനംചെയ്യപ്പെടുന്നതെന്നും എഴുതി. സ്വാതന്ത്യ്രത്തിന്റെ അത്തരമൊരു നന്ദനോദ്യാനത്തിലാണ് ഒരു ഭരണകൂടം ചുവപ്പുകണ്ട കാളയെപ്പോലെ വിരണ്ട് മുക്രിയിട്ടുകൊണ്ട് നിന്നലറുന്നത്. പോളണ്ട് തകര്‍ന്ന് രണ്ടു പതിറ്റാണ്ട് ആകാറായിട്ടും നിരോധിക്കാന്‍മാത്രം അവിടെ ചെങ്കൊടി ഉയരുന്നു എന്നത് ആവേശകരമാണ്. ആരാണവിടെ ഇന്നും ചെങ്കൊടി ഭയക്കുന്നത്? എന്തുകൊണ്ട്?
2 comments:
പോളണ്ടിനെക്കുറിച്ച് ഒരക്ഷരം
അശോകന്‍ ചരുവില്‍
ഏതാനും ദിവസം മുമ്പത്തെ മലയാള മനോരമ പത്രത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരു ചെറുവാര്‍ത്തയുണ്ട്. 'പോളണ്ടില്‍ ചെങ്കൊടി നിരോധിക്കുന്നു' എന്നാണ് തലവാചകം. 'ഒരു കാലത്ത് കമ്യൂണിസ്റ് കോട്ടയായിരുന്ന പോളണ്ടില്‍ ഇനി ചെങ്കൊടി പാറില്ല' എന്നിങ്ങനെ വാര്‍ത്ത ആരംഭിക്കുന്നു. കൊടികള്‍ക്കുമാത്രമല്ല, കമ്യൂണിസ്റ് ആഭിമുഖ്യമുള്ള വിപ്ളവ ഗാനങ്ങള്‍ക്കും അവിടെ നിരോധനമുണ്ടത്രേ. കമ്യൂണിസത്തെ പുകഴ്ത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം ജയില്‍ശിക്ഷ ലഭിക്കും.
ആരാണവിടെ ഇന്നും ചെങ്കൊടി ഭയക്കുന്നത്? എന്തുകൊണ്ട്?
സ്വാഭാവികം ആ ചോദ്യം ദാരിദ്ര്യത്തെയും പട്ടിണി പാവങ്ങളെയും അറപ്പോടെ കാണുന്ന വലതുപക്ഷ സവര്‍ണര്‍ക്കു എന്നും ചുവപ്പിനെ പേടിയാ
Post a Comment