Sunday, December 6, 2009

തൃണമൂല്‍ കോഗ്രസ് നേതാവും റെയില്‍മന്ത്രിയുമായ മമത ബാനര്‍ജിക്ക് മാവോയിസ്റുകളുമായി ഗാഢബന്ധം


തൃണമൂല്‍ കോഗ്രസ് നേതാവും റെയില്‍മന്ത്രിയുമായ മമത ബാനര്‍ജിക്ക് മാവോയിസ്റുകളുമായി ഗാഢബന്ധം


കഴിഞ്ഞദിവസം ഇടതുപക്ഷ പാര്‍ടികളുടെ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് പശ്ചിമബംഗാള്‍ സംബന്ധിച്ചുനല്‍കിയ നിവേദനത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും ഭദ്രതതന്നെയും തകര്‍ക്കാന്‍ ഒരു കേന്ദ്രമന്ത്രിയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ശക്തികളും നടത്തുന്ന ഹീനശ്രമങ്ങളുടെ ബീഭത്സരൂപം വരച്ചുകാട്ടുന്നതാണ്. തൃണമൂല്‍ കോഗ്രസ് നേതാവും റെയില്‍മന്ത്രിയുമായ മമത ബാനര്‍ജി മാവോയിസ്റുകളുമായി ഗാഢബന്ധം പുലര്‍ത്തുന്നതിന്റെ അനിഷേധ്യ തെളിവുകളാണ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ബസുദേവാചാര്യ, ശ്യാമള്‍ ചക്രവര്‍ത്തി (സിപിഐ എം), പ്രബോധ് പാണ്ഡ (സിപിഐ), മനോഹര്‍ തിര്‍ക്കി (ആര്‍എസ്പി), ബരു മുഖര്‍ജി (ഫോര്‍വേഡ് ബ്ളോക്ക്) എന്നിവര്‍ പ്രധാനമന്ത്രിക്ക് കൈമാറിയത്. സിഡികളും പത്രവാര്‍ത്തകളുടെ പകര്‍പ്പും ചിത്രങ്ങളും കൊല്ലപ്പെട്ട ഇടതുപക്ഷ പാര്‍ടിപ്രവര്‍ത്തകരുടെ പട്ടികയും പ്രധാനമന്ത്രിയെ ഏല്‍പ്പിച്ചു. ഗൌരവമായി ഇതെല്ലാം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി സംഘത്തിന് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ അത്തരമൊരു നീക്കം നടന്നുകാണുന്നില്ല. ബംഗാളില്‍നിന്ന് വന്നുകണ്ട ഒടുവിലത്തെ വാര്‍ത്തകളിലൊന്ന് അവിടത്തെ നിസാം പാലസ് എന്ന ഗസ്റ് ഹൌസ് കേന്ദ്രഭരണത്തിന്റെ സൌകര്യമുപയോഗിച്ച് തൃണമൂല്‍ കോഗ്രസ് പിടിച്ചെടുത്ത് സ്വന്തം സാമ്രാജ്യമാക്കി എന്നാണ്. കേന്ദ്രഷിപ്പിങ് സഹമന്ത്രിയും തൃണമൂല്‍ അഖിലേന്ത്യ സെക്രട്ടറിയുമായ മുകള്‍ റോയ് മാത്രം ഏഴു മുറി കൈവശപ്പെടുത്തി. കുറെയേറെ തൃണമൂല്‍ പ്രവര്‍ത്തകരുടെ സ്ഥിരതാമസവും അവിടെയാണത്രേ. അധികാരം എങ്ങനെ തൃണമൂല്‍ കോഗ്രസ് ഉപയോഗിക്കുന്നു എന്നതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണിത്. ഇന്ത്യ നേരിടുന്ന വലിയ ആഭ്യന്തരഭീഷണി നക്സലുകളില്‍നിന്നാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവര്‍ത്തിച്ചു പറയുന്നു; അതേസമയം അദ്ദേഹത്തിന്റെ മന്ത്രിസഭാംഗം പശ്ചിമബംഗാളിലെ മാവോയിസ്റുകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി അറസ്റിലായ മാവോയിസ്റ് നേതാവ് ഛത്രധര്‍ മഹാതോയെ വിട്ടയക്കണമെന്ന് പരസ്യമായി ആവശ്യപ്പെടാനും അതിനുവേണ്ടി അതിരുവിട്ട സമ്മര്‍ദം ചെലുത്താനും മമത ബാനര്‍ജി തയ്യാറായി. പശ്ചിമ ബംഗാളിലെ സാധാരണ ജനജീവിതം താറുമാറാക്കുന്ന മാവോയിസ്റ് ഭീകരതയെ ചെറുക്കാന്‍ പട്ടാളത്തെ വിട്ടുകൊടുക്കാന്‍ പാടില്ലെന്നാണ് മമതയുടെ ആവശ്യം. മാവോയിസ്റുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യമുന്നയിച്ചു. മാവോയിസ്റുകളും മമതയും യോജിച്ചാണ് നീങ്ങുന്നത്. മമത മുഖ്യമന്ത്രിയാകണമെന്നാണ് മാവോയിസ്റ് നേതാവ് കിഷന്‍ജി ആഗ്രഹം പ്രകടിപ്പിച്ചത്. ഇത്തരം കാര്യങ്ങളെല്ലാം എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു. പശ്ചിമബംഗാളിലെ ക്രമസമാധാനനില അന്വേഷിക്കാന്‍ തൃണമൂല്‍ കോഗ്രസിന്റെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്രം അയച്ച പ്രതിനിധിസംഘം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ലാല്‍ഗഢ് കലാപത്തിന്റെ നേതാവ് ഛത്രധര്‍ മഹാതോയോടൊപ്പം മമത ബാനര്‍ജി പൊതുയോഗത്തില്‍ പങ്കെടുത്തത്, നന്ദിഗ്രാമില്‍ തൃണമൂല്‍ എംപി സുഖേന്ദു അധികാരി മാവോയിസ്റ് നേതാവ് നാരായന്‍ സുകുമാറുമായി വേദിപങ്കിടുന്നത് എന്നിവയുടെ ചിത്രങ്ങള്‍ സഹിതമുള്ള രേഖ ഇടതുമുന്നണി ആ സംഘത്തിനും നല്‍കിയിരുന്നു. അതിനുപുറമെയാണ് കുടുതല്‍ വിവരങ്ങളും തെളിവുകളുമായി പാര്‍ലമെന്റ് അംഗങ്ങള്‍തന്നെ പ്രധാനമന്ത്രിയെ കാണാനെത്തിയത്. കോഗ്രസിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്. മമതയെ കയറൂരിവിട്ട് രാഷ്ട്രീയ ആക്രമണങ്ങള്‍ക്കും മാവോയിസ്റ് തേര്‍വാഴ്ചയ്ക്കും പ്രത്യക്ഷത്തില്‍ത്തന്നെ പിന്തുണ നല്‍കുകയാണ് ആ പാര്‍ടി. രാജ്യത്തിന് കൊടുംഭീഷണിയെന്ന് പ്രധാനമന്ത്രിതന്നെ വിശേഷിപ്പിച്ച ശക്തികളെ പശ്ചിമ ബംഗാളില്‍ അധികാരം തിരിച്ചുപിടിക്കുക എന്ന ഏകലക്ഷ്യത്തിലെത്താനായി പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്രമന്ത്രിമാരെത്തന്നെ അതിനായി വിട്ടുകൊടുക്കുന്നു. പശ്ചിമ ബംഗാളില്‍ കൂട്ടക്കൊല നടത്തിയും കാടന്‍രീതിയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍കോഗ്രസിന്റെ സംരക്ഷകവേഷംതന്നെയാണ് കോഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ആ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിനടത്തുകയും അര്‍ധ ഫാസിസ്റ് ഭീകരവാഴ്ച അഴിച്ചുവിടുകയും ചെയ്ത പാരമ്പര്യമുള്ള കോഗ്രസ് ഇന്ന് മാവോയിസ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുക്കുന്നതില്‍ അതിശയമില്ല. രാജ്യസഭയില്‍ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയപോലെ, സങ്കുചിത രാഷ്ട്രീയനേട്ടത്തിനായി ഖലിസ്ഥാന്‍ ഭീകരരെ പ്രോത്സാഹിപ്പിച്ച പാത പിന്തുടരുകയാണ് കോഗ്രസ്. ബംഗാളിലെ മാവോയിസ്റ് കൂട്ടക്കൊലകളും ഭീകരതയുമൊന്നും അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ല. അത്തരം സമീപനങ്ങള്‍ക്കെതിരായ ബഹുജനാഭിപ്രായം രാജ്യത്താകെ ഉയര്‍ന്നുവരികയും തൃണമൂല്‍-മാവോയിസ്റ് -കോഗ്രസ് ബന്ധത്തിലെ അശ്ളീലം തുറന്നുകാട്ടുകയുമാണ് ജനാധിപത്യം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും അടിയന്തര കടമ. എംപിമാര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനം അത്തരമൊരു തുറന്നുകാട്ടല്‍കൂടിയാണ്. അതില്‍ അക്കമിട്ടുനിരത്തിയ കാര്യങ്ങള്‍ പരിശോധിച്ച് സത്വര നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
from.deshabhimani

1 comment:

ജനശബ്ദം said...

തൃണമൂല്‍ കോഗ്രസ് നേതാവും റെയില്‍മന്ത്രിയുമായ മമത ബാനര്‍ജിക്ക് മാവോയിസ്റുകളുമായി ഗാഢബന്ധം