Friday, October 16, 2009

കാറ്റ് വിതച്ചവരുടെ കൊടുങ്കാറ്റ് കൊയ്ത്ത്്


കാറ്റ് വിതച്ചവരുടെ കൊടുങ്കാറ്റ് കൊയ്ത്ത്് .

പി ഗോവിന്ദപ്പിള്ള.


ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് 1947 ആഗസ്ത് 14ന് പാകിസ്ഥാന്‍ രൂപംകൊണ്ടശേഷം ഇടയ്ക്ക് ഹ്രസ്വമായ ഇടവേളകളോടുകൂടി കഴിഞ്ഞ 62 വര്‍ഷവും അത് ഭീകരവാദികളുടെ പരിശീലനകേന്ദ്രവും അഴിഞ്ഞാട്ടഭൂമിയുമായിരുന്നു. ഇടയ്ക്കിടക്ക് അമേരിക്കയുടെ പിന്തുണയോടെ അധികാരത്തിലെത്തിയ പട്ടാളവാഴ്ചകള്‍ ഭീകരവാദത്തിന് വെള്ളവും വളവും നല്‍കി വളര്‍ത്തി. വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്കും പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കുമുണ്ടായ ഭയാനകമായ അഭയാര്‍ഥി പ്രവാഹത്തിന്റെ പിറകിലും ഇരുരാജ്യത്തെയും ഭീകരവാദികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും അത് താമസിയാതെ കെട്ടൊടുങ്ങി. പക്ഷേ, പാകിസ്ഥാന്‍ കശ്മീരിനെ ആക്രമിക്കാന്‍ അമേരിക്കന്‍ സൈനികോദ്യോഗസ്ഥനായ റസ്സല്‍ ഹൈറ്റിന്റെ നേതൃത്വത്തില്‍ ചില ഗോത്രവര്‍ഗക്കാരെയും ഉള്‍പ്പെടുത്തി കശ്മീരിനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെ പാകിസ്ഥാനിലെ ഭീകരവാദം ഔദ്യോഗിക വിദേശനയത്തിന്റെ ഭാഗമായിത്തീര്‍ന്നു. കശ്മീര്‍ ആക്രമണത്തിലും തുടര്‍ന്നും പാകിസ്ഥാനെ തങ്ങളുടെ ആഗോളാധിപത്യത്തിന് ചട്ടുകമായി ഉപയോഗിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ അധികാരികള്‍ നല്‍കിയ പണവും പടക്കോപ്പും ഭീകരവാദികള്‍ക്കുകൂടി പങ്കുവയ്ക്കുന്നതില്‍ അവര്‍ക്ക് വിരോധമില്ലായിരുന്നു. അമേരിക്കയുടെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമായി നിന്നവര്‍ എന്ന് അവര്‍ കരുതിയ പാകിസ്ഥാനിലെ പ്രഥമ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ സ്ഥാപകനുമായ മുഹമ്മദ് അലി ജിന്ന കഴിഞ്ഞാല്‍ രണ്ടാംസ്ഥാനക്കാരനായിരുന്ന നവാബ് സാദാ ലിയാഖത്ത് അലിഖാന്‍ ഉള്‍പ്പെടെ പല പ്രാമാണികന്മാരെയും വധിക്കാന്‍ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) സഹകരിച്ചിരുന്നെന്നത് പില്‍ക്കാലത്ത് അന്നത്തെ രഹസ്യരേഖകള്‍ നിയമാനുസൃത കാലയളവ് കഴിഞ്ഞ് പരസ്യമായപ്പോള്‍ വെളിപ്പെടുകയുണ്ടായി. സിഐഎ പരിശീലിപ്പിച്ച ഉദ്യോഗസ്ഥരാണ് പാകിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് എന്ന ഐഎസ്ഐ നടത്തിവരുന്നത്. ഈ നീണ്ടകാല പ്രക്രിയയുടെ യുക്തിയുക്തമായ പരിണതഫലമാണ് ചൊവ്വാഴ്ചയും ബുധനാഴ്ചയും വ്യാഴാഴ്ചയും ഇതെഴുതിയ ഇന്നലെയും (വെള്ളിയാഴ്ച) ലാഹോറും മറ്റു നഗരങ്ങളും കേന്ദ്രീകരിച്ച് പാകിസ്ഥാന്‍ ഭരണകൂടത്തെയാകെ കിടുകിടാ വിറപ്പിച്ച താലിബാന്‍ ആക്രമണം നടന്നത്. ഇതിനുമുമ്പും പാകിസ്ഥാനില്‍ സ്വാത് മേഖലയിലും വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ റാവല്‍പിണ്ടിയിലും ബലൂചിസ്ഥാനിലും വിഭജനത്തെത്തുടര്‍ന്ന് ബിഹാര്‍ അഭയാര്‍ഥികള്‍ വന്ന് തിങ്ങിപ്പാര്‍ക്കുന്ന സിന്ധിലും ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നുംതന്നെ വ്യാപ്തിയിലോ മരണസംഖ്യയിലോ ഇപ്പോഴത്തെ ലാഹോര്‍ കലാപത്തോട് താരതമ്യപ്പെടുത്തത്തക്കവിധം വലുതായിരുന്നില്ല. ലാഹോര്‍ പാകിസ്ഥാനിലെ നാലു പ്രവിശ്യയില്‍ ഒന്നിന്റെ തലസ്ഥാനംമാത്രമല്ല, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും പട്ടാളത്തിലേക്കും ഉദ്യോഗശ്രേണിയിലേക്കും ഏറ്റവും കൂടുതല്‍ ആളുകളെ സംഭാവനചെയ്തതുമായ ഒരു പ്രവിശ്യയുടെ തലസ്ഥാനമാണ്. പാകിസ്ഥാന്റെ നികുതിവരവിന്റെ ഭൂരിഭാഗവും പഞ്ചാബില്‍നിന്നാണ്. ഒരര്‍ഥത്തില്‍ പാകിസ്ഥാന്‍ എന്നുപറഞ്ഞാല്‍ പഞ്ചാബാണ്. മറ്റ് മൂന്ന് പ്രവിശ്യ പഞ്ചാബിന്റെ പ്രാന്തപ്രദേശങ്ങള്‍മാത്രം. അങ്ങനെയുള്ള പഞ്ചാബ് ഇപ്പോള്‍ ഒരു വാര്‍സോ എന്നുപറഞ്ഞാല്‍ അതിന്റെ അര്‍ഥം പാകിസ്ഥാന്‍ ആകെ 1971ലെ പാക്-ബംഗ്ളാദേശ് വിഭജനത്തെ ഓര്‍മിപ്പിക്കുംവിധം ശിഥിലീകരണത്തിന്റെ വക്കത്ത് എത്തിയിരിക്കുന്നുവെന്നാണ്. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിപ്രവിശ്യയിലെ ചരിത്രപ്രസിദ്ധവും തന്ത്രപ്രധാനവുമായ സ്വാത് മേഖലയിലെ താലിബാന്‍ ആക്രമണത്തെയും അതിന് നേരിട്ട തിരിച്ചടിയെയുംകുറിച്ച് ഈ പംക്തിയില്‍ വിസ്തരിച്ച് പറഞ്ഞിരുന്നത് ആവര്‍ത്തിക്കുന്നില്ല. ഒരുകാര്യംമാത്രം ഭേദഗതി ചെയ്യേണ്ടിയിരിക്കുന്നു. സ്വാതില്‍ താലിബാന് കനത്ത നഷ്ടങ്ങള്‍ ഉണ്ടായെങ്കില്‍ അന്തിമമായി അവര്‍ക്ക് നേരിട്ടത് തോല്‍വിയായിരുന്നില്ലെന്നും താല്‍ക്കാലികമായ ഒരു പിന്മാറ്റംമാത്രമായിരുന്നു അതെന്നും ഇപ്പോള്‍ ലാഹോര്‍ ആക്രമണത്തോടെ വ്യക്തമായിരിക്കുന്നു. താലിബാന്റെ പ്രമുഖ നേതാവായിരുന്ന ബെയ്ത്തുള്ള മെഹ്സൂദ് ഉള്‍പ്പെടെ അനേകം പോരാളികള്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന് സാധാരണ ഗറില്ല അടവുപ്രകാരമുള്ള ഒരു പിന്മാറ്റവും തുടര്‍ന്ന് എതിര്‍ശക്തികള്‍ തയ്യാറെടുത്ത് സമരസന്നദ്ധരായി കാണപ്പെടാത്ത സ്ഥലത്ത് തിരിച്ചടി നല്‍കുക എന്നതും ഒരു ഗറില്ലാമുറയാണ്. അങ്ങനെ പാകിസ്ഥാനാകെ ഗറില്ലാപ്പോരാട്ടങ്ങളില്‍ കുടുങ്ങി ഒരു ആഭ്യന്തര യുദ്ധത്തിന്റെ വക്കത്ത് എത്തിയിരിക്കുന്നുവെന്ന് പറയുന്നത് അതിശയോക്തി ആകാമെങ്കിലും കാര്യങ്ങള്‍ ആ വഴിക്കല്ല നീങ്ങുന്നതെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ വധത്തിനുശേഷം എതിര്‍പക്ഷത്തെ ഒതുക്കിനിര്‍ത്താന്‍ പട്ടാളമേധാവി പ്രസിഡന്റ് പര്‍വേസ് മുഷറഫ് കൈക്കൊണ്ട നടപടികള്‍ ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയാണ് ഈദൃശപ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. ഐഎസ്ഐ പലപ്പോഴും സ്വന്തം സര്‍ക്കാരിനെപ്പോലും മറികടന്ന് സിഐഎയുടെ നിര്‍ദേശങ്ങള്‍ക്ക് വഴങ്ങാറുണ്ട്. പിന്നീട് മുഷറഫ് അധികാരമൊഴിഞ്ഞ് തെരഞ്ഞെടുപ്പിലൂടെ ബേനസീറിന്റെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ടിയും ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയും അധികാരമേറ്റപ്പോള്‍ കശ്മീര്‍പ്രശ്നം ഒത്തുതീര്‍ക്കാന്‍ ഇന്ത്യയുമായി ചര്‍ച്ചചെയ്യുമെന്നും പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് കശ്മീരിലെത്തുന്ന ഭീകരവാദികളെ അതിര്‍ത്തിലംഘനം നടത്താന്‍ അനുവദിക്കുകയില്ലെന്നും പാകിസ്ഥാനിലെ കശ്മീര്‍ ഭീകരവാദി പരിശീലനകേന്ദ്രങ്ങള്‍ അടച്ചുപൂട്ടുമെന്നും മറ്റും വാഗ്ദാനം ചെയ്തെങ്കിലും അവ പാലിച്ചില്ലെന്നുമാത്രമല്ല പാക് പരിശീലിത ഭീകരന്മാരുടെ പ്രവര്‍ത്തനമേഖല ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ജയ്പുരിലേക്കും മറ്റും വ്യാപിപ്പിക്കുന്നതിന് സമ്മതം മൂളുകയുംചെയ്തു. അതോടുകൂടി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ കൂടിയാലോചനകള്‍ നടത്താനുള്ള ശ്രമങ്ങള്‍ അവസാനിക്കുകയുംചെയ്തു. മാത്രമല്ല, താലിബാന്‍ കേഡര്‍മാരോടൊപ്പം ബിന്‍ ലാദന്റെ ലഷ്കര്‍ ഇ തോയ്ബ, അല്‍ ഖായ്ദ, ജെയ്സ് ഇ മുഹമ്മദ് തുടങ്ങിയ മറ്റു ഗ്രൂപ്പുകളും കശ്മീരില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും ഇന്ത്യയില്‍ സ്ഫോടനങ്ങളും സംഘട്ടനങ്ങളും നടത്താനും വന്നുതുടങ്ങി. മുംബൈ കടന്നാക്രമണത്തിന്റെ ആസൂത്രിതരും കൈകാര്യകര്‍ത്താക്കളും പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരുമാണെന്ന് തെളിഞ്ഞിട്ടും അവര്‍ക്കെതിരെ കേസെടുക്കാനോ കേസ് രജിസ്റര്‍ചെയ്തിട്ടും നടപടികള്‍ ഊര്‍ജിതപ്പെടുത്താന്‍ പാകിസ്ഥാന്‍ തയ്യാറായില്ല. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായിരുന്ന സെയ്ദിനെ അറസ്റുചെയ്തു എന്നൊക്കെ പറഞ്ഞ് സ്വന്തം വീട്ടില്‍ സുഖിച്ച് താമസിക്കാന്‍ അനുവദിക്കുകയാണ് പാകിസ്ഥാന്‍ ചെയ്തത്. സെയ്ദിന്റെ വീട്ടുപടിക്കലെ പൊലീസുകാര്‍ അയാളുടെ സഞ്ചാരം നിയന്ത്രിക്കാനല്ല, അയാളുടെ പ്രതാപം വര്‍ധിപ്പിച്ച് അകമ്പടി സേവിക്കാനാണ് നിയുക്തരായത്. ഇപ്പോഴിതാ സെയ്ദിനെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിടുകയും ചെയ്തിരിക്കുന്നു. ഇതില്‍ പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിക്കുകയായിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. പാകിസ്ഥാനിലെ ബൂര്‍ഷ്വാ ഭരണാധികാരികളുടെയും ഭരണകക്ഷികളുടെയും പരാജയങ്ങള്‍ മൂടിവയ്ക്കാന്‍ അവര്‍ എപ്പോഴും കൈക്കൊണ്ടുവരുന്ന ഒരു അടവാണ് കശ്മീര്‍പ്രശ്നവും ഇന്ത്യാവിരോധവും. കശ്മീരിനുപുറമെ ബലൂചിസ്ഥാനിലെ കലാപത്തിന്റെ ഉത്തരവാദിത്തവും ഇന്ത്യയുടെ തലയില്‍ വച്ചുകെട്ടാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഏറ്റവും അവികസിതമായ മേഖലയാണ് ബലൂചിസ്ഥാന്‍. ഈ അവഗണനക്കെതിരെ വികസനത്തിനും കൂടുതല്‍ സ്വയംഭരണത്തിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങളാണ് ബലൂചിസ്ഥാനിലെ ഇന്ത്യന്‍ പ്രേരിത കലാപമായി പാക് അധികാരികള്‍ വിശേഷിപ്പിക്കുന്നത്. അങ്ങനെ പാകിസ്ഥാന്‍ അധികാരികള്‍ സ്വയം വിതച്ച കാറ്റാണ് ഇന്ന് കൊടുങ്കാറ്റായി അവരെ പിടിച്ചുലയ്ക്കുന്നത്. ഇപ്പറഞ്ഞതില്‍നിന്ന് ഇന്ത്യയുടെ കൈകള്‍ ഭീകരബന്ധമില്ലാതെ പരിശുദ്ധിയോടെ ഇരിക്കുന്നുവെന്ന് കരുതിക്കൂടാ. പാകിസ്ഥാനിലെ അളവില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും തങ്ങളുടെ വിദേശനയത്തിന്റെയും ആഭ്യന്തരനയത്തിന്റെയും ഒരു ഘടകമായി മാറ്റുകയും ചെയ്യാന്‍ ഇന്ത്യ മുതിര്‍ന്നിട്ടില്ലെങ്കിലും ചില അവസരവാദ നടപടികളുടെ ദുരന്തഫലങ്ങള്‍ ഇന്ത്യയും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. സിഖുകാരുടെ അകാലിദളുമായി സഹകരിച്ച് രൂപംകൊണ്ട് ജനതാ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ അകാലികളുടെ എതിരാളിയായിരുന്ന ഭിന്ദ്രന്‍വാല എന്ന ഭീകരനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രതിപക്ഷത്തായിരുന്ന ഇന്ദിരാഗാന്ധി ശ്രമിക്കുകയുണ്ടായി. ഒടുവില്‍ അയാള്‍ കൊക്കിലൊതുങ്ങാതെ വന്നപ്പോള്‍ അമൃതസരസ്സിലെ സുവര്‍ണക്ഷേത്രത്തില്‍ 'ബ്ളൂ സ്റാര്‍' ഓപ്പറേഷന്‍ നടത്തി പരാജയപ്പെടുത്തിയതും അതൊടുവില്‍ ഇന്ദിരാഗാന്ധിയുടെതന്നെ ജീവന്‍ അപഹരിച്ചതും മറക്കാറായിട്ടില്ല. ഇതിന്റെയൊക്കെ തുടര്‍ച്ചയായിരുന്നു രണ്ടുവര്‍ഷത്തോളം പഞ്ചാബില്‍ നടമാടിയ ഖാലിസ്ഥാന്‍ പ്രക്ഷോഭം എന്ന പേരിലറിയപ്പെടുന്ന രക്തപങ്കിലമായ അഴിഞ്ഞാട്ടം. തമിഴ്നാട്ടിലെ ചില അവസരവാദ സഖ്യങ്ങള്‍ക്കായി തമിഴ് ഈഴം പുലികള്‍ക്ക് (എല്‍ടിടിഇ) താവളം നല്‍കാനും പരിശീലനം നല്‍കാനും കേന്ദ്രത്തിലെ രാജീവ്ഗാന്ധി ഗവമെന്റ് അനുവാദം നല്‍കിയത് ഒടുവില്‍ അദ്ദേഹത്തിന്റെ ക്രൂരമായ അകാലചരമത്തിന് വഴിവച്ചതും ഓര്‍ക്കുക. ഇപ്പോള്‍ അതുപോലെ പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മമത ബാനര്‍ജിയും മാവോയിസ്റുകളും നക്സലൈറ്റുകളും ഒത്തൊരുമിച്ച് നന്ദിഗ്രാമിലും സിംഗൂരിലും നടത്തുന്ന ചോരക്കളികള്‍ കോഗ്രസിനെ എവിടെ കൊണ്ടെത്തിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

4 comments:

ജനശബ്ദം said...

കാറ്റ് വിതച്ചവരുടെ കൊടുങ്കാറ്റ് കൊയ്ത്ത്് .


പി ഗോവിന്ദപ്പിള്ള.




ഇന്ത്യാവിഭജനത്തെത്തുടര്‍ന്ന് 1947 ആഗസ്ത് 14ന് പാകിസ്ഥാന്‍ രൂപംകൊണ്ടശേഷം ഇടയ്ക്ക് ഹ്രസ്വമായ ഇടവേളകളോടുകൂടി കഴിഞ്ഞ 62 വര്‍ഷവും അത് ഭീകരവാദികളുടെ പരിശീലനകേന്ദ്രവും അഴിഞ്ഞാട്ടഭൂമിയുമായിരുന്നു. ഇടയ്ക്കിടക്ക് അമേരിക്കയുടെ പിന്തുണയോടെ അധികാരത്തിലെത്തിയ പട്ടാളവാഴ്ചകള്‍ ഭീകരവാദത്തിന് വെള്ളവും വളവും നല്‍കി വളര്‍ത്തി. വിഭജനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍നിന്ന് പാകിസ്ഥാനിലേക്കും പാകിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കുമുണ്ടായ ഭയാനകമായ അഭയാര്‍ഥി പ്രവാഹത്തിന്റെ പിറകിലും ഇരുരാജ്യത്തെയും ഭീകരവാദികള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും അത് താമസിയാതെ കെട്ടൊടുങ്ങി. പക്ഷേ, പാകിസ്ഥാന്‍ കശ്മീരിനെ ആക്രമിക്കാന്‍ അമേരിക്കന്‍ സൈനികോദ്യോഗസ്ഥനായ റസ്സല്‍ ഹൈറ്റിന്റെ നേതൃത്വത്തില്‍ ചില ഗോത്രവര്‍ഗക്കാരെയും ഉള്‍പ്പെടുത്തി കശ്മീരിനെതിരെ കടന്നാക്രമണം ആരംഭിച്ചതോടെ പാകിസ്ഥാനിലെ ഭീകരവാദം ഔദ്യോഗിക വിദേശനയത്തിന്റെ ഭാഗമായിത്തീര്‍ന്നു. കശ്മീര്‍ ആക്രമണത്തിലും തുടര്‍ന്നും പാകിസ്ഥാനെ തങ്ങളുടെ ആഗോളാധിപത്യത്തിന് ചട്ടുകമായി ഉപയോഗിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ അധികാരികള്‍ നല്‍കിയ പണവും പടക്കോപ്പും ഭീകരവാദികള്‍ക്കുകൂടി പങ്കുവയ്ക്കുന്നതില്‍ അവര്‍ക്ക് വിരോധമില്ലായിരുന്നു. അമേരിക്കയുടെ ഈദൃശ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധമായി നിന്നവര്‍ എന്ന് അവര്‍ കരുതിയ പാകിസ്ഥാനിലെ പ്രഥമ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ സ്ഥാപകനുമായ മുഹമ്മദ് അലി ജിന്ന കഴിഞ്ഞാല്‍ രണ്ടാംസ്ഥാനക്കാരനായിരുന്ന നവാബ് സാദാ ലിയാഖത്ത് അലിഖാന്‍ ഉള്‍പ്പെടെ പല പ്രാമാണികന്മാരെയും വധിക്കാന്‍ അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) സഹകരിച്ചിരുന്നെന്നത് പില്‍ക്കാലത്ത് അന്നത്തെ രഹസ്യരേഖകള്‍ നിയമാനുസൃത കാലയളവ് കഴിഞ്ഞ് പരസ്യമായപ്പോള്‍ വെളിപ്പെടുകയുണ്ടായി.

Joker said...

ഇക്കഴിഞ്ഞ ദിവസവും അമേരിക്ക പാകിസ്ഥാന് കോടിക്കണക്കിന് ഡോളറാണ് സഹായമായി നല്‍കിയത്.ഈ പണമെല്ലാം പാകിസ്ഥാന്‍ എന്തിന് ഉപയോഗിക്കുന്നു എന്നറിയില്ല. ചാ‍വേര്‍ ആക്രമണങ്ങളിലും മറ്റും കൊല്ലപ്പെടുന്നത് സാധാരണക്കാര്‍ മാത്രം.ഇതിനു മുമ്പു കഴിഞ്ഞു പോയ എല്ലാ പാകിസ്ഥാന്‍ ഭരണാധികാരികളും ധാരാളം പണം കവര്‍ന്‍ അവര്‍ സുഖലോലുപതയില്‍ ജീവിച്ചു. പാകിസ്ഥാനികളില്‍ നിറയെ ഇന്ത്യാ വിദ്വേഷം കുത്തി നിറക്കുകയും ചെയ്തു. ഇപ്പോഴും ലഭിക്കുന്ന പണം ഇവര്‍ സ്വന്തം സമ്പാദ്യത്തിലേക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഒടുക്കം പാകിസ്ഥാന്ന്ന്‍ ഏഷ്യക്കാകെ ഭീഷണിയായി നില നില്‍ക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ അമേരിക്കക്ക് ഇന്ത്യൌം പാകിസ്ഥാനുമടക്കം നല്ല ആയുധ കസ്റ്റമേര്‍സിനെയും അവര്‍ക്ക് ലഭിക്കുന്നു.

Joker said...

ഇക്കഴിഞ്ഞ ദിവസവും അമേരിക്ക പാകിസ്ഥാന് കോടിക്കണക്കിന് ഡോളറാണ് സഹായമായി നല്‍കിയത്.ഈ പണമെല്ലാം പാകിസ്ഥാന്‍ എന്തിന് ഉപയോഗിക്കുന്നു എന്നറിയില്ല. ചാ‍വേര്‍ ആക്രമണങ്ങളിലും മറ്റും കൊല്ലപ്പെടുന്നത് സാധാരണക്കാര്‍ മാത്രം.ഇതിനു മുമ്പു കഴിഞ്ഞു പോയ എല്ലാ പാകിസ്ഥാന്‍ ഭരണാധികാരികളും ധാരാളം പണം കവര്‍ന്‍ അവര്‍ സുഖലോലുപതയില്‍ ജീവിച്ചു. പാകിസ്ഥാനികളില്‍ നിറയെ ഇന്ത്യാ വിദ്വേഷം കുത്തി നിറക്കുകയും ചെയ്തു. ഇപ്പോഴും ലഭിക്കുന്ന പണം ഇവര്‍ സ്വന്തം സമ്പാദ്യത്തിലേക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഒടുക്കം പാകിസ്ഥാന്ന്ന്‍ ഏഷ്യക്കാകെ ഭീഷണിയായി നില നില്‍ക്കുകയും ചെയ്യുന്നു. കൂട്ടത്തില്‍ അമേരിക്കക്ക് ഇന്ത്യൌം പാകിസ്ഥാനുമടക്കം നല്ല ആയുധ കസ്റ്റമേര്‍സിനെയും അവര്‍ക്ക് ലഭിക്കുന്നു.

jayanEvoor said...

"കാറ്റ് വിതച്ചവരുടെ കൊടുങ്കാറ്റ് കൊയ്ത്ത്..."
തലക്കെട്ട്‌ അന്വര്ത്ഥം!

ഇതെവിടെ അവസാനിക്കും!?

ഒരു പിടിയുമില്ല...