Saturday, May 29, 2010

മാവോയിസ്റ്റ് ഭീകരതയ്ക്ക് മമതയുടെ സഹായം

മാവോയിസ്റ്റ് ഭീകരതയ്ക്ക് മമതയുടെ സഹായം.


നിരപരാധികളെ കൊന്നൊടുക്കുന്ന മവോയിസ്റ്റുകള്‍ക്ക് റെയില്‍വേമന്ത്രി മമതാ ബാനര്‍ജിയുടെ സംരക്ഷണവും സഹായവും. ബംഗാളിലെ പശ്ചിമ മിഡ്നാപുരിലെ സര്‍ദിഹയില്‍ ട്രെയിന്‍ പാളംതെറ്റിച്ചു നടത്തിയ കൂട്ടക്കൊലയില്‍ മാവോയിസ്റ്റുകള്‍ക്ക് ബന്ധമില്ലെന്നു സ്ഥാപിക്കാനാണ് മമത ശ്രമിക്കുന്നത്. എഫ്ഐആറില്‍പ്പോലും മാവോയിസ്റ്റുകളുടെ പേര് പരമാര്‍ശിക്കുന്നില്ല. മാവോയിസ്റ്റുകള്‍ എന്ത് ക്രൂരത കാട്ടിയാലും അവരെ നിശബ്ദം പിന്താങ്ങുന്ന മമത റെയില്‍വേയുടെ സ്വത്തും യാത്രക്കാരുടെ ജീവനും മാവോയിസ്റ്റുകള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുത്തതിന്റെ ദുരന്തമാണ് സര്‍ദിഹയില്‍ കണ്ടത്. മാവോയിസ്റ്റുകളെ താലോലിക്കുന്ന തൃണമൂലിന്റെ നിലപാടിനെ എതിര്‍ക്കാനും ശക്തമായ നടപടികള്‍ എടുത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നു. മാവോയിസ്റ്റുകളെ നേരിടാന്‍ തനിക്ക് കഴിയുന്നില്ലെന്നും തന്റെ കൈകള്‍ കെട്ടിയിട്ടിരിക്കയാണെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രഖ്യാപനം ഇതിന് തെളിവാണ്. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും മാവോയിസ്റ്റുകളെ പാലൂട്ടുന്ന മമതയുടെ നിലപാടിനെ എതിര്‍ക്കുന്നില്ല. പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെ എതിര്‍ക്കുന്ന തൃണമൂലിനെ സഹായിക്കുന്നവരാണ് മാവോയിസ്റ്റുകള്‍ എന്നതും കോണ്‍ഗ്രസിന് മാവോയിസ്റ്റുകളോടുള്ള മൃദുസമീപനത്തിനു കാരണമാണ്.പശ്ചിമബംഗാളിലെ സര്‍ദിഹ തീവണ്ടിയപകടത്തോടെ പ്രതിക്കൂട്ടിലായ മമത ഇതില്‍നിന്ന് തലയൂരാനാണ് ശ്രമിക്കുന്നത്. അനുകൂലമായി എഴുതുന്ന മാധ്യമങ്ങള്‍പോലും എതിരായത് മമതയെ വിഷമവൃത്തത്തിലാക്കി. മാവോയിസ്റ്റുകളുടെ ഭീഷണിക്ക് വഴങ്ങി റെയില്‍വേയുടെ സുരക്ഷാനടപടികള്‍ മന്ദീഭവിപ്പിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിമര്‍ശം. മാവോയിസ്റ്റുകള്‍ റെയില്‍വേയുടെ നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുമ്പോള്‍ പാതകളുടെ നിരീക്ഷണം ശക്തമാക്കാന്‍ അവര്‍ തയ്യാറായില്ല. പകരം നിരീക്ഷണം നിര്‍ത്തുകയായിരുന്നു. ഖരഗ്പുര്‍മുതല്‍ ടാറ്റാനഗര്‍വരെയുള്ള 134 പാതയില്‍ റെയില്‍വേ ഗാങ്മാന്മാര്‍ നിരീക്ഷണം നടത്തിയിട്ട് മാസങ്ങളായെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.ഇപ്പോള്‍ വിവാദമുണ്ടാക്കി മാവോയിസ്റ്റുകളെ വെള്ളപൂശാന്‍ കഴിയുമോ എന്നാണ് മമത ശ്രമിക്കുന്നത്. സ്ഫോടനം നടത്തിയാണോ പാളം നീക്കിയത് അതോ പാളവും ഫിഷ് പ്ളേറ്റുകളും ബന്ധിപ്പിക്കുന്ന പാന്‍ട്രോള്‍ ക്ളിപ്പുകള്‍ തകര്‍ത്തതാണോ എന്നതാണ് വിവാദവിഷയം. പാളം നീക്കിയ 50 മീറ്റര്‍ സ്ഥലത്ത് മണ്ണില്‍ ഒരു കുഴി ഉണ്ടായിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കിട്ടിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ പറഞ്ഞു. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. പ്രദേശത്ത് പാളം അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ക്കുമാത്രമേ കഴിയൂ എന്ന് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. മാവോയിസ്റ്റുകളല്ലാതെ ഈ മേഖലയില്‍ ഇത്തരമൊരു അട്ടിമറി നടത്താന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പറഞ്ഞു.(വി ജയിന്‍)

No comments: