Wednesday, May 26, 2010

ജമാഅത്തെ ഇസ്ളാമിയുടെ ശീര്‍ഷാസനം

ജമാഅത്തെ ഇസ്ളാമിയുടെ ശീര്‍ഷാസനം

ജമാഅത്തെ ഇസ്ളാമി ഏതെന്നും എന്തെന്നും കേരളീയ സമൂഹത്തിന് സംശയമില്ലാതെ അറിയാം. ആ സംഘടനയുടെ യഥാര്‍ഥ മുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്നുകാട്ടിയത് അതിന്റെ നേതാക്കളെ വിറളിപിടിപ്പിച്ചുവെന്ന് അവരുടെ സമചിത്തതയില്ലാത്ത പ്രതികരണങ്ങള്‍ ബോധ്യമാക്കുന്നു. സംഘടനയുടെ കേരള അമീര്‍ ടി ആരിഫലി മാധ്യമത്തിന്റെ ഒന്നാംപേജിലും മറ്റൊരു നേതാവ് ഉള്‍പ്പേജിലുമായി സിപിഐ എമ്മിനും പിണറായിക്കുമെതിരെ സമനിലവിട്ട ആക്രമണമാണ് അടുത്തനാള്‍ കെട്ടഴിച്ചുവിട്ടത്. അതിപ്പോഴും തുടരുന്നു. ഇതിനായി ചില പ്രത്യയശാസ്ത്രനിലപാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുവിജയത്തിനായി എല്ലാ ജാതി- മത- വര്‍ഗീയതയെയും ഉപയോഗപ്പെടുത്താനാണ് പിണറായി വിജയന്‍ ആഹ്വാനം നല്‍കിയിരിക്കുന്നതെന്ന ആക്ഷേപം ആരിഫലി ഉയര്‍ത്തി. ജാതി- മത- വര്‍ഗീയ പ്രീണനമാണ് സിപിഐ എമ്മിന്റേതെങ്കില്‍ ജമാഅത്തെ ഇസ്ളാമിയെ പേരുപറഞ്ഞ് പിണറായി വിമര്‍ശിക്കുന്നതെന്തിന്? ജമാഅത്തെ ഇസ്ളാമിയുടെ പ്രത്യയശാസ്ത്രത്തോടും നയപരിപാടിയോടും ഒരിക്കലും വിട്ടുവീഴ്ച സിപിഐ എം കാട്ടിയിട്ടില്ല; ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്ന നിലപാട് അവര്‍ സ്വമേധയാ പ്രകടിപ്പിച്ച അപൂര്‍വ അവസരങ്ങളില്‍പ്പോലും. 1941ല്‍ ലാഹോറില്‍ പിറന്ന ജമാഅത്തെ ഇസ്ളാമി രാജ്യാതിര്‍ത്തികള്‍ കടന്ന വര്‍ഗീയസംഘടനയാണ്. ഇവരിപ്പോള്‍ യുഡിഎഫിന്റെ വീട്ടിലെ പൊറുതിക്കാരാകാന്‍ ഭാണ്ഡംകെട്ടി ഇറങ്ങിയിരിക്കയാണ്. അതിനായി മുസ്ളിംലീഗ് നേതാക്കളുമായി 12 തവണ രഹസ്യചര്‍ച്ച കഴിഞ്ഞു. പുതിയ മുസ്ളിംപാര്‍ടിയുണ്ടാക്കി യുഡിഎഫില്‍ ചേക്കേറാമെന്ന് ആരിഫലിയും പുതിയ പാര്‍ടി വേണ്ട ഞങ്ങളുടെ ചിറകിന്നടിയില്‍ കഴിഞ്ഞ് മുന്നണിയുടെ സ്വാദ് നുകരാമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും. ഇതുസംബന്ധിച്ച തര്‍ക്കം തീര്‍ന്നില്ലെങ്കിലും യുഡിഎഫ് കുടിയില്‍ അന്തിയുറങ്ങാമെന്ന് ജമാഅത്തെ ഇസ്ളാമി ഉറച്ചു. ഈ രാഷ്ട്രീയ അജന്‍ഡയെ ശക്തിപ്പെടുത്താനുള്ള വാദമുഖവും വിമര്‍ശവുമാണ് ആരിഫലിയും കൂട്ടരും ഉയര്‍ത്തുന്നത്. അതുകൊണ്ടാണ് 1987ല്‍ ഭൂരിപക്ഷസമുദായവികാരത്തെ സ്വാധീനിക്കാന്‍ പാകത്തില്‍ ഇ എം എസ് ശരീഅത്ത് വികാരം ഇളക്കിയ കാര്‍ഡ് പിണറായി പുതിയ രൂപത്തില്‍ ഇറക്കുന്നുവെന്ന് ആക്ഷേപിക്കുന്നത്. മുസ്ളിം ജനസമുദായത്തിലെ പാവപ്പെട്ടവരെയും ചിന്തിക്കുന്നവരെയും കൂടെനിര്‍ത്തിക്കൊണ്ടാണ് ആ സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇ എം എസ് ശബ്ദിച്ചത്. അന്ന് 'എട്ടും കെട്ടും, പത്തും കെട്ടും, ഇ എം എസിന്റെ മോളേം കെട്ടും' എന്ന് മുദ്രാവാക്യം വിളിച്ച യാഥാസ്ഥിതികപക്ഷത്തിന്റെ കൂടെയല്ല, മുസ്ളിം സമുദായത്തിലെ പാവപ്പെട്ടവര്‍ അണിനിരന്നത്. ബഹുഭാര്യാത്വത്തിന്റെ ഇരകളായ സ്ത്രീകളടക്കം വോട്ടുചെയ്താണ് 1987ല്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്. അല്ലാതെ, ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷവികാരം ഉല്‍പ്പാദിപ്പിച്ചല്ല ഇടതുപക്ഷം വിജയം നേടിയത്. ന്യൂനപക്ഷത്തിലെയും ഭൂരിപക്ഷത്തിലെയും ആപല്‍ക്കരമായ വര്‍ഗീയതയെ നേരിടുന്നതില്‍ സിപിഐ എമ്മിന് അന്നും ഇന്നും സന്ധിയില്ല. ഈ രാഷ്ട്രീയത്തെ മറച്ചുവച്ചുകൊണ്ടാണ് ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന ആക്ഷേപം സിപിഐ എമ്മിനും പിണറായിക്കുമെതിരെ ഉന്നയിക്കുന്നത്. യുഡിഎഫും ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെയും കൂട്ടുകച്ചവടത്തിന്റെയും കഥ ബിജെപിയുടെ മുന്‍ നേതാവായിരുന്ന രാമന്‍പിള്ള തന്റെ ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ യുഡിഎഫിലെ ഘടകകക്ഷിയാകാന്‍ ജമാഅത്തെ ഇസ്ളാമി പരിശ്രമിക്കുകയാണല്ലോ. അതിന്റെ ഭാഗമായ ചര്‍ച്ചയാണ് മുസ്ളിംലീഗ് നേതാക്കളും ആരിഫലി ഉള്‍പ്പെടെയുള്ളവരും കോഴിക്കോട്ട് നടത്തിയത്. ഇതിനെ തുറന്നുകാട്ടേണ്ടത് തൊഴിലാളിവര്‍ഗരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ കടമയാണ്. അത് ചെയ്യുമ്പോള്‍ വര്‍ഗീയ- ജാതീയ ധ്രുവീകരണത്തിലൂടെ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനുള്ള കുത്സിതശ്രമം നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നത് വാദിയെ പ്രതിയാക്കലാണ്. ഭയരഹിതരായി മനുഷ്യരെ കൊല്ലുന്നത് സാക്ഷാല്‍ ദൈവാരാധനയാണെന്നു കണ്ട മുംബൈയിലെ ഭീകരാക്രമണകാരികള്‍ക്ക് പരോക്ഷമായി തുണയേകുന്ന പ്രത്യയശാസ്ത്രവീര്യമാണ് ജമാഅത്തെ ഇസ്ളാമിയുടേത്. ഇസ്ളാം എന്ന സൌമ്യപദത്തില്‍നിന്ന് ഇസ്ളാംഭീകരത എന്ന വിഷലിപ്തമായ വര്‍ഗീയ ആശയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അതിനെ വര്‍ഗീയലക്ഷ്യങ്ങള്‍ക്ക് ആയുധമാക്കുന്നതിനും സമര്‍ഥമായി ഇടപെടുന്ന സംഘടനകളെ ഒറ്റപ്പെടുത്തേണ്ടത് സ്വസമുദായത്തിലെ ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമാണ്. അതിനനുഗുണമായ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ളാമി ഭാഗികമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതിന് അവര്‍ പ്രഖ്യാപിച്ച ന്യായം, ആഗോളവല്‍ക്കരണത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഭൂരിപക്ഷവര്‍ഗീയവിപത്തിനെയും ഒറ്റപ്പെടുത്താന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നതായിരുന്നു. ആ നിലപാട് ഉപേക്ഷിച്ച് കോഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ പക്ഷത്തേക്ക് നീങ്ങാന്‍ എന്തു രാഷ്ട്രീയമാറ്റമാണ് ഇന്ത്യയില്‍ സംഭവിച്ചത്? അമേരിക്കന്‍ സാമ്രാജ്യത്വം സസ്യഭുക്കായോ? ഒന്നാം യുപിഎ സര്‍ക്കാരിന് നാലാംവര്‍ഷം ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത് വിദേശനയത്തിന്റെയും ആണവകരാറിന്റെയും വിപത്തിന്മേലായിരുന്നല്ലോ. ബുഷ് സായ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്ന പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ് അധഃപതിച്ചു. രാജ്യത്തിന്റെ വിദേശനയം അമേരിക്കയ്ക്ക് അടിയറവച്ച് ആണവകരാറുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാത്ത രണ്ടാം യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ ദാസ്യവൃത്തി യഥേഷ്ടം തുടരുന്നു. എന്നിട്ടാണ് ജമാഅത്തെ ഇസ്ളാമി യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകനായിരുന്ന ഈജിപ്തിലെ ജമാല്‍ അബ്ദുല്‍ നാസറിനെ ഇസ്ളാമിന്റെ അന്തകനായും യുഎസ് സാമ്രാജ്യത്വത്തെ ഇസ്ളാമിന്റെ രക്ഷകനായും ചിത്രീകരിച്ച പാരമ്പര്യത്തിലേക്ക് ഈ സംഘടന മടങ്ങുകയാണോ. അഫ്ഗാനില്‍ നജീബുള്ള ഭരണത്തിനെതിരെ അമേരിക്ക നീങ്ങിയപ്പോഴും അവരുടെ പക്ഷത്തായിരുന്നുവല്ലോ ഈ ശീര്‍ഷാസനക്കാര്‍. യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിനെതിരായ സമരത്തെ വര്‍ഗീയതയ്ക്കെതിരായ സമരത്തില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിയില്ല. ആഗോളവല്‍ക്കരണത്തിന്റെയും വര്‍ഗീയതയുടെയും താല്‍പ്പര്യങ്ങള്‍ ഒത്തുചേരുക സ്വാഭാവികമാണ്. ഇതുവരെ ജമാഅത്തെ ഇസ്ളാമി ആഗോളവല്‍ക്കരണ സംസ്കാരത്തിനും നയത്തിനുമെതിരായി നടത്തിയ പ്രസംഗവും ലിഖിതവും പൊള്ളയായിരുന്നുവെന്ന്, ആഗോളവല്‍ക്കരണത്തിന്റെ ഇന്ത്യയിലെ സംരക്ഷണക്കുത്തക ഏറ്റെടുത്ത കോഗ്രസ് പാര്‍ടി നയിക്കുന്ന യുഡിഎഫിനെ തുണയ്ക്കുന്ന നയത്തിലേക്ക് പോകുമ്പോള്‍ വ്യക്തമാകുന്നു. ആഗോളവല്‍ക്കരണത്തിനുകീഴില്‍ ഇന്ത്യയുടെ സാമ്പത്തികപരമാധികാരത്തെ അട്ടിമറിക്കുന്നതിനുള്ള എല്ലാ ശ്രമത്തിനും തടയായി, പൊതുമേഖലയെ നിലനിര്‍ത്തുന്നതിന് ഏറ്റവും ശക്തമായി പോരാടുന്നത് കമ്യൂണിസ്റുകാരാണ്. ചൂഷണവ്യവസ്ഥയ്ക്കെതിരായ ഇടതുപക്ഷത്തിന്റെ ബദല്‍നയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ആഗോളവല്‍ക്കരണശക്തിയും വര്‍ഗീയതയും കൂട്ടുചേര്‍ന്നതാണ് കിനാലൂരില്‍ കണ്ടത്. ജനങ്ങളെ ഭിന്നിപ്പിക്കാനും സംഘടിതപ്രസ്ഥാനങ്ങളെ ശിഥിലമാക്കാനും നടത്തിയ പരിശ്രമമാണ് കിനാലൂരിലുണ്ടായത്. വ്യവസായത്തിന് പശ്ചാത്തലസൌകര്യം വേണം. എന്നാല്‍, അതിനുവേണ്ടി ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിയാധാരമാക്കില്ല. ഈ സത്യം മറച്ചുവച്ച് നുണ ഉല്‍പ്പാദിപ്പിച്ച് സ്ത്രീകളെ സമരത്തിലെ ഇരകളാക്കിയതിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വിശ്വാസ്യതയില്‍ പോറലേല്‍പ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ജമാഅത്തെ ഇസ്ളാമിക്ക്. ദുരിതമയമായ ജീവിതപരിതസ്ഥിതിക്കെതിരായ ജനങ്ങളുടെ സമരത്തെ നയിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യയിലെ സിപിഐ എം. ആന്ധ്രയിലെയും വയനാട്ടിലെയും ഭൂസമരത്തിലടക്കം കാണുന്നത് അതാണ്. എന്നാല്‍, ഇതിനെ പാര്‍ടിയുടെ ഭൂമി പിടിച്ചെടുക്കല്‍ എന്നു ചിത്രീകരിച്ച് ഭൂരഹിതരുടെയും പാവപ്പെട്ടവരുടെയും പോരാട്ടത്തെ താഴ്ത്തിക്കെട്ടാന്‍ ആഗോളവല്‍ക്കരണകക്ഷിയും വര്‍ഗീയസംഘടനയും യോജിച്ചു. ഇക്കൂട്ടര്‍ കിനാലൂരില്‍ മറ്റൊരു മു:ഖം കാട്ടി. അവകാശസമരം നയിക്കുമ്പോഴെന്നപോലെ അരാജക സമര കോലാഹലങ്ങളെ എതിര്‍ക്കുമ്പോഴും സിപിഐ എമ്മിന്റെ മേക്കിട്ടുകേറുകയെന്ന അജന്‍ഡയാണ് ജമാഅത്തെ ഇസ്ളാമിക്ക്. ജനാധിപത്യസംഘടനയാണ് തന്റേതെന്ന് സ്ഥാപിക്കാന്‍ ആരിഫലി അടിയന്തരാവസ്ഥയ്ക്കെതിരായി പോരാടിയ നാളുകളെ അനുസ്മരിക്കുന്നുണ്ട്. പക്ഷേ, അതേ അടിയന്തരാവസ്ഥ കക്ഷിയുടെ ചിറകിനടിയിലല്ലേ ഇപ്പോള്‍ അഭയം തേടുന്നത്. സംഘടിതപ്രസ്ഥാനങ്ങളെ ശിഥിലീകരിക്കാന്‍ ജമാഅത്തെ ഇസ്ളാമി പരിശ്രമിക്കുന്നുവെന്ന പിണറായിയുടെ ആക്ഷേപം നേരിട്ട് നിഷേധിക്കാതെ ആരിഫലി ഒരു കുയുക്തി നിരത്തിയിട്ടുണ്ട്. സിപിഐ എമ്മിനെ ശിഥിലീകരിക്കാന്‍ അകത്തുള്ളവര്‍തന്നെ ആ പണി നടത്തുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐ എമ്മിനെ ശിഥിലീകരിക്കാന്‍ എം എന്‍ വിജയനാദികളും മാര്‍ക്സിസ്റ് പത്രികക്കാരും പാഠം മാസികക്കാരുമെല്ലാം വല്ലാതെ പരിശ്രമിച്ചിരുന്നു. അന്നെല്ലാം അവരുടെ ആശയഗതിക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് ജമാഅത്തെ ഇസ്ളാമിയും അവരുടെ മുഖപത്രമായ മാധ്യമവുമായിരുന്നു. ഇ എം എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണം, സിഐഎയുടെ പരിപാടിയാണെന്നുവരെ പ്രചരിപ്പിച്ചപ്പോള്‍ അതിന് ചൂടും വെളിച്ചവും പകര്‍ന്നില്ലേ? അതുവഴി ഇ എം എസ്, ഇ കെ നായനാര്‍ തുടങ്ങിയ കമ്യൂണിസ്റ് മഹാരഥന്മാരെ താഴ്ത്തിക്കെട്ടാനും അവരുടെ പ്രസ്ഥാനത്തെ ശിഥിലീകരിക്കാനും നോക്കിയില്ലേ. പക്ഷേ, നിങ്ങള്‍ കമ്യൂണിസ്റ് പുരോഗമനപ്രസ്ഥാനത്തിനുനേരെ നീട്ടുന്ന പട്ടില്‍ പൊതിഞ്ഞ കമ്പിക്കൊളുത്ത് മരണമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇവിടത്തെ പുരോഗമനജനവിഭാഗങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ഇ എം എസിന്റെയും നായനാരുടെയും പ്രസ്ഥാനം ഇവിടെ തകരാതെയും പിളരാതെയും മുന്നേറുന്നത്. യുഡിഎഫിന്റെ ശ്വാസംമുട്ടല്‍ മാറ്റാന്‍, വരുന്ന തെരഞ്ഞെടുപ്പില്‍ വിഴുങ്ങാന്‍ അധികാരമത്സ്യം ജമാഅത്തെ ഇസ്ളാമി വിചാരിച്ചാല്‍ കൊടുക്കുമെന്ന ഹുങ്കിലാണ് അതിന്റെ നേതാക്കള്‍. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ ഇടതുപക്ഷ വിജയത്തിന് നിദാനം ജമാഅത്തെ ഇസ്ളാമിയാണെന്ന അതിരുകടന്ന അവകാശവാദം ഇതേഹുങ്കിന്റെ മറുപുറമാണ്. ഇതിലൂടെ കേരളം ആരു ഭരിക്കണമെന്ന് ജമാഅത്തെ ഇസ്ളാമി തീരുമാനിക്കുമെന്ന തീസിസിലേക്കാണ് പോക്ക്. ഈ ഹുങ്ക് വകവച്ചുകൊടുക്കാന്‍ ഒരു സമുദായത്തിലെയും പാവപ്പെട്ടവരും പുരോഗമനചിന്താഗതിക്കാരും സമാധാനകാംക്ഷികളും ഉള്‍ക്കൊള്ളുന്ന പ്രബുദ്ധരായ ജനത ഒരുക്കമല്ല.

R S Babu.Deshabhimani

1 comment:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് 'ജനശബ്ദം' ആയി അനുഭവപ്പെടുന്നില്ല. മുന്‍ വിധിയില്‍ നിന്നുടലെടുത്ത തെളിവുകളുടെ പിന്‍ബലമില്ലാത്ത വെറുമൊരു നാലാം കിട രാഷ്ട്രീയക്കാരന്ന്റെ വര്‍ത്തമാനം പോലെ തോന്നിക്കുന്നു. കുറച്ചു കൂടി വ്യക്തത വരേണ്ടതുണ്ട്.എന്നാലേ വിശ്വാസ്യത ഉണ്ടാകൂ .
നന്മകള്‍ നേരുന്നു ...