Friday, August 15, 2008

സ്വാതന്ത്യ്രദിന ചിന്തകള്‍




സ്വാതന്ത്യ്രദിന ചിന്തകള്‍

ഒ രു സ്വാതന്ത്യ്രദിനംകൂടി കഴിഞ്ഞുപോകുക യാണ്; ഔദ്യോഗിക ആഘോഷങ്ങളുടെ അകമ്പടിയോടെ. 61 സംവത്സരം പിന്നിടുമ്പോള്‍ സ്വാതന്ത്യ്രലബ്ധി ഒരു ചരിത്രസംഭവംമാത്രമായി അവശേഷിക്കുന്നു. സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായിരുന്ന ആദര്‍ശങ്ങളും വൈകാരികതയും രാഷ്ട്രപ്രതിബദ്ധതയുമൊക്കെ അന്യമായിക്കൊണ്ടിരിക്കുകയാണ്. തല്‍ഫലമായി സ്വാതന്ത്യ്രംതന്നെ നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടോ എന്ന് പലരും സംശയിക്കാന്‍പോലും തുടങ്ങിയിരിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ മുമ്പന്തിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുന്ന ഇന്ത്യയെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നതില്‍ സാംഗത്യമുണ്ടോ? ഈ ചോദ്യം ഉന്നയിക്കുന്ന ഒരുപിടി ഉപചോദ്യമുണ്ട്. സ്വാതന്ത്യ്രസമരത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്തായിരുന്നു എന്നതാണ് അവയിലൊന്ന്. ആധുനിക ദേശീയതയുടെ സൃഷ്ടി ഇന്ത്യയില്‍ ആരംഭിക്കുന്നത് കൊളോണിയല്‍ ഭരണത്തെ പുറന്തള്ളാനുള്ള ശ്രമങ്ങളിലൂടെയാണ്. തല്‍ഫലമായാണ് 'ഇന്ത്യ എന്ന ആശയം' ഉരുത്തിരിയുന്നത്. ഈ ആശയം ഇന്ത്യന്‍ ജനതയെ ദേശീയതയുടെ ചരടില്‍ കോര്‍ത്തിണക്കാന്‍ ആവശ്യമായ പ്രത്യയശാസ്ത്രം സൃഷ്ടിക്കാന്‍ ശ്രമിച്ചു. അതൊരു സങ്കീര്‍ണപ്രക്രിയയായിരുന്നു. അതിന്റെ തുടക്കം ദേശി-പരദേശി വിവേചനത്തിലൂടെയാണ്. കൊളോണിയല്‍ ഭരണം നിലവില്‍വന്നപ്പോള്‍ വെള്ളക്കാരെ മുഴുവന്‍ 'അന്യരാ'യി കണക്കാക്കുന്ന ഒരു കാഴ്ചപ്പാട് ജാതിമതഭേദമെന്യേ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രകടമായിരുന്നു. വെള്ളക്കാരുമായി ചങ്ങാത്തമുണ്ടായിരുന്നവരില്‍ക്കൂടി ഈ ധാരണയുണ്ടായിരുന്നു. ഈ 'അന്യത്വ'ത്തിന് രണ്ട് ഉറവിടമുണ്ടായിരുന്നു- സാമ്പത്തികവും സാംസ്കാരികവും. ഈ തിരിച്ചറിവാണ് കൊളോണിയല്‍വിരുദ്ധ അവബോധത്തിലേക്കും ദേശീയതയിലേക്കും ഇന്ത്യന്‍ജനതയെ നയിച്ചത്. അതായത്, സ്വാതന്ത്യ്രം എന്നത് ഒരു സമഗ്രസങ്കല്‍പ്പമായിരുന്നു എന്നര്‍ഥം. കൊളോണിയല്‍ അടിമത്തത്തില്‍നിന്നുള്ള മുക്തി ആധുനികഭാരതം സൃഷ്ടിക്കുന്നതിന് ആവശ്യമായ ആദ്യപടിയായാണ് പരിഗണിക്കപ്പെട്ടത്. സ്വാതന്ത്യ്രത്തിന്റെ സങ്കല്‍പ്പം രാഷ്ട്രീയംമാത്രമായിരുന്നില്ല. സാമ്പത്തികവും സാംസ്കാരികവും സാമൂഹ്യവുംകൂടിയായിരുന്നു. അധിനിവേശത്തിന്റെ ദൌത്യം അടിമരാജ്യങ്ങളുടെ ആധുനികവല്‍ക്കരണമാണെന്ന് സ്ഥാപിക്കാന്‍ കൊളോണിയല്‍ ഭരണാധികാരികള്‍ ശ്രമിക്കുകയുണ്ടായി. ഇന്ത്യന്‍ ബുദ്ധിജീവികളില്‍ പലരും അത് ഏറ്റുപാടുകയുംചെയ്തു. പക്ഷേ, സാമ്പത്തിക-സാംസ്കാരിക രാഷ്ട്രീയ വിമര്‍ശങ്ങളില്‍ അധിഷ്ഠിതമായ ദേശീയതയുടെ വളര്‍ച്ചയോടെ ഈ അഭിപ്രായം പുറന്തള്ളപ്പെടുകയുണ്ടായി. സാമ്രാജ്യത്വം അടിസ്ഥാനപരമായി ഒരു ചൂഷണവ്യവസ്ഥയാണെന്ന തിരിച്ചറിവായിരുന്നു ഈ അഭിപ്രായത്തെ തിരസ്കരിക്കാന്‍ കാരണമായത്. പക്ഷേ, ഈയിടെ ഒരു തിരുത്തല്‍വാദത്തിന് സ്വാധീനം സിദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ വാദത്തിന്റെ സത്ത അധിനിവേശസ്വാധീനം അടിമരാജ്യങ്ങളില്‍ സാമ്പത്തിക സാമൂഹ്യപരിവര്‍ത്തനങ്ങള്‍ക്ക് വഴിവച്ചെന്നും അതിലൂടെ ഈ രാജ്യങ്ങളുടെ ആധുനീകരണത്തിന് കാരണമായി എന്നുമാണ്. അതുകൊണ്ട് അധിനിവേശം അപ്പാടെ തിരസ്കരിക്കേണ്ട ഒന്നല്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഈ വാദത്തിന്റെ ഏറ്റവും പുതിയ വക്താവാണ് പണ്ഡിതനായ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം 19-ാംനൂറ്റാണ്ടിലെ ബുദ്ധിജീവികളുടെ കാലഹരണപ്പെട്ട ആശയങ്ങളുടെ ആവര്‍ത്തനമായിരുന്നു. പക്ഷേ, പ്രസക്തമായ ചോദ്യം എന്തുകൊണ്ട് അധിനിവേശപ്രത്യയശാസ്ത്രത്തിന് സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്. പ്രധാനമന്ത്രിയുടെ പ്രസംഗം ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന നവ കൊളോണിയല്‍ വ്യവസ്ഥിതിയുടെ ന്യായീകരണമാണോ? ഈ ചോദ്യത്തിന്റെ ഉത്തരം ഇന്ത്യയെപ്പോലുള്ള വികസനോന്മുഖമായ രാജ്യങ്ങളിലെ സാമ്പത്തിക- സാമൂഹ്യ പ്രക്രിയകളെ എങ്ങനെ വായിച്ചെടുക്കുന്നു എന്നതുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യയിലെ ഭരണകര്‍ത്താക്കളും മധ്യവര്‍ഗവും ആഗോളവല്‍ക്കരണത്തെ വികസനത്തിനുള്ള അവസരമായി കാണുന്നു. ആധുനികസമൂഹം സൃഷ്ടിക്കാനുള്ള അവസരം. കഴിഞ്ഞ പത്തുകൊല്ലങ്ങളില്‍ ഒരു ചെറിയ വിഭാഗം ജനങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ അവര്‍ ഉയര്‍ത്തിക്കാണിക്കുന്നു. പക്ഷേ, ജനസംഖ്യയുടെ ഒരു വലിയ വിഭാഗം ഈ ആധുനികജീവിതത്തില്‍ പങ്കാളികളല്ലെന്ന ദുഃഖസത്യം വിസ്മരിക്കുന്നു. 70 ശതമാനം പൌരന്മാര്‍ ഒരു ദിവസം ചെലവഴിക്കുന്നത് 20 രൂപയാണെന്നാണ് ഔദ്യോഗികകണക്ക്. അതായത്, ഇന്ത്യന്‍സമൂഹത്തില്‍ രണ്ട് സമാന്തരപ്രക്രിയ സംഭവിച്ചുകൊണ്ടിരിക്കുന്നു- ആധുനികവികസനവും ദരിദ്രവല്‍ക്കരണവും. ആധുനികവികസനം ആവശ്യമില്ലെന്ന് വാദിക്കുന്നവരുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷേ, ആധുനികവല്‍ക്കരണം രാജ്യത്തിന്റെ പരമാധികാരത്തെ എങ്ങനെ ബാധിക്കുമെന്നത് പ്രസക്തമാണ്. ഈ സന്ദര്‍ഭത്തിലാണ് ആണവകരാറിനെക്കുറിച്ച് ഇടതുപക്ഷം പ്രകടിപ്പിച്ച ആശങ്കകള്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. ആണവകരാര്‍ ഊര്‍ജലഭ്യതയെക്കുറിച്ചല്ലെന്ന് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. കാരണം, കരാറിന്റെ ഫലമായി ഉണ്ടാകാന്‍പോകുന്ന ഊര്‍ജത്തിന്റെ വൃദ്ധി ഇന്ത്യയുടെ ആവശ്യത്തെ സാരമായി നികത്താന്‍ പോകുന്നില്ല. പക്ഷേ, കരാര്‍ ഇന്ത്യയുടെ ആഗോളനിലപാടില്‍ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിക്കാനിടയുണ്ടുതാനും. ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ പൈതൃകം നഷ്ടപ്പെടാനും സാധ്യതയുണ്ട്. സ്വാതന്ത്യ്രലബ്ധിക്കുശേഷം ഇന്ത്യ നിലയുറപ്പിച്ചത് സാമ്രാജ്യത്വവിരുദ്ധ ചേരിയിലായിരുന്നു. ചേരിചേരാനയത്തിന്റെ പ്രണേതാവായിരുന്നല്ലോ ഇന്ത്യ. ചേരിചേരാനയം വാസ്തവത്തില്‍ സാമ്രാജ്യത്വവിരുദ്ധനയമായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ അമേരിക്കയെ സംശയത്തോടെ വീക്ഷിച്ചത്. ഇന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തെ ആശ്ളേഷിക്കുമ്പോള്‍ രാജ്യത്തിന്റെ ഭാവിയെ അപകടപ്പെടുത്തുകയാണെന്ന യാഥാര്‍ഥ്യം ജനങ്ങള്‍ കാണാതിരുന്നുകൂടാ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഇന്ത്യയുടെ ആന്തരികപ്രശ്നങ്ങളില്‍ ഇടപെടാനുള്ള സാധ്യത തുറന്നിടുകയാണോ ഇന്ത്യന്‍ ഭരണവര്‍ഗം ചെയ്യുന്നത്? അത്തരം നിരവധി ഇടപാട് മറ്റു രാജ്യങ്ങളില്‍ നടത്തിയതാണ് അമേരിക്കയുടെ ചരിത്രം. കഴിഞ്ഞ വിശ്വാസപ്രമേയപ്രശ്നത്തില്‍ അമേരിക്കയുടെ ഭൂമിക എന്താണെന്നത് അജ്ഞാതമാണ്. പക്ഷേ, ഇത്രയുംകാലം ആണവകരാറിനെ എതിര്‍ത്തിരുന്ന സമാജ്വാദി പാര്‍ടി, അമര്‍സിങ്ങിന്റെ അമേരിക്കന്‍ ചികിത്സയ്ക്കുശേഷം അഭിപ്രായം മാറ്റിയെന്നത് ഗൌരവപൂര്‍വമായ അന്വേഷണം അര്‍ഹിക്കുന്നു. അതിനുകാരണം അബ്ദുള്‍കലാമിന്റെ അഭിപ്രായംമാത്രമാകാന്‍ ഇടയില്ല. ഇന്ത്യയുടെ സ്വാതന്ത്യ്രം നേരിടുന്ന ഏറ്റവും വലിയ ഭീഷണി സാമ്രാജ്യത്വത്തില്‍നിന്നാണ്. ഇന്ത്യയിലെ ഭരണവര്‍ഗവും പ്രതിപക്ഷത്തിരിക്കുന്ന ഭാരതീയ ജനതാപാര്‍ടിയും സാമ്രാജ്യത്വത്തിന്റെ കൈയേറ്റത്തിന് വഴിതുറന്നുകൊണ്ടിരിക്കുകയാണ്. ഭാരതീയ ജനതാപാര്‍ടി ആണവകരാറിനെ എതിര്‍ത്തെങ്കില്‍ക്കൂടി സാമ്രാജ്യത്വത്തിന്റെ ചേരിയിലാണ് അതിന്റെ സ്ഥാനം. ഭാരതീയ ജനതാപാര്‍ടിയില്‍ രണ്ട് അപകടം കുടിയിരിക്കുന്നു. സാമ്രാജ്യത്വവും വര്‍ഗീയതയും. ഇവ രണ്ടും ഇന്ത്യന്‍ സ്വാതന്ത്യ്രത്തെ അപകടപ്പെടുത്തുന്നവയാണ്. ഈ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷത്തിന്റെ നിലപാട് പ്രാധാന്യം അര്‍ഹിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷത്തില്‍ സാമ്രാജ്യത്വത്തിനെതിരായി സന്ധിയില്ലാത്ത നിലപാടെടുത്ത് ഇടതുപക്ഷം ഇന്ത്യയുടെ പരമാധികാരത്തെ കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധമാണ്. സ്വാഭാവികമായും ഇടതുപക്ഷത്തിന്റെ ജനസമ്മതി വര്‍ധിച്ചിരിക്കുന്നു. വര്‍ഗീയതയെയും സാമ്രാജ്യത്വത്തെയും ചെറുക്കുന്ന ഒരു രാഷ്ട്രീയകൂട്ടായ്മയാണ് ഇന്ന് ആവശ്യം. അതിന് നേതൃത്വവും ദിശാബോധവും നല്‍കാനുള്ള കഴിവും പ്രതിബദ്ധതയുമുള്ള രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്. ഇന്ന് ഇന്ത്യ നേരിടുന്ന ചരിത്രമുഹൂര്‍ത്തത്തില്‍ ഇടതുപക്ഷം ഈ ദൌത്യം ഏറ്റെടുക്കണമെന്നതായിരിക്കും സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയതയുടെയും കെടുതികള്‍ക്ക് ഇരയാകാനിടയുള്ള ബഹുഭൂരിപക്ഷം ജനങ്ങളുടെയും പ്രതീക്ഷ.
കെ എന്‍ പണിക്കര്‍

No comments: