Thursday, May 12, 2011

തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക

തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക

ഫാദര്‍ അലോഷ്യസ് / ജനയുഗം
ഏതാണ്ടു 35 വര്‍ഷം മുമ്പ് ഞാന്‍ അന്നത്തെ കൊല്ലം കത്തോലിക്കാ രൂപതയിലെ ഇലവുംതിട്ട വികാരിയച്ചന്‍ ആയിരുന്നപ്പോള്‍ രൂപതയുടെ 'മിഷന്‍' ഇടവക(പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരുടെ ഇടവക)കളിലെ വൈദികരുടെ സഹായികളായി ഉണ്ടായിരുന്ന 'ഉപദേശി'മാരുടെ മാസശമ്പളം 50 നും 100 നും ഇടയ്ക്കായിരുന്നു. ഉപദേശിമാരുടെ മുഖ്യജോലിയായി ഉണ്ടായിരുന്നതു വൈദികന്‍ നിശ്ചയിക്കുന്ന ദിവസം നിശ്ചിത സമയത്ത് കുര്‍ബ്ബാന ഉണ്ടായിരിക്കും എന്ന് മിഷന്‍ സ്റ്റേഷനിലെ ഓരോ വീട്ടിലും ചെന്നറിയിക്കുക, അതുപോലെ മരണമുണ്ടായാല്‍ എല്ലാ വീട്ടിലും അറിയിക്കുക, എല്ലാ ദിവസവും വൈകിട്ടു പല വീടുകളിലായി ഒത്തുകൂടുന്ന കുടുംബപ്രാര്‍ത്ഥനയില്‍ പ്രമുഖസ്ഥാനം-വികാരിയച്ചന്റെ സ്ഥാനം- അലങ്കരിക്കുക, ബൈബിള്‍ പ്രഘോഷണം നടത്തുക, പിന്നെ ഓരോ വികാരിയച്ചനും നിര്‍ദ്ദേശിക്കുന്നതു മുഴുവന്‍ ചെയ്യുക എന്നിപ്രകാരമാണ്.
ഇങ്ങനെ കഷ്ടപ്പെട്ടു വികാരിയച്ചനും ഇടവകജനങ്ങള്‍ക്കും വേണ്ടി ജോലി ചെയ്യുന്ന ഉപദേശിമാര്‍ക്കു ഇത്ര തുച്ഛമായ ശമ്പളം നീതിയല്ല എന്നു ഞങ്ങള്‍, കുറച്ചു വൈദികര്‍ക്കു തോന്നി. കൊല്ലം രൂപതയിലെ മിഷന്‍ ഇടവകകളിലും സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ഉപദേശിമാരെയും ഞങ്ങള്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു. 250 രൂപയെങ്കിലും അവര്‍ക്കു കിട്ടണമെന്നും അവര്‍ക്കു മറ്റു അനുബന്ധ തൊഴില്‍സാദ്ധ്യതകള്‍ ഉണ്ടാക്കിക്കൊടുക്കണമെന്നുമുള്ള ഡിമാന്റുകള്‍ വച്ച് അവരെ 'ഹരിജന്‍ ക്രിസ്ത്യന്‍ ഫോറം' എന്ന പേരില്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ബിഷപ്പും അദ്ദേഹത്തിനൊപ്പം നിന്ന വൈദികഗണവും ഞങ്ങളുടെ ഈ നീക്കത്തെ മുളയിലേ നുള്ളിക്കളഞ്ഞു.
തുടര്‍ന്നു നടന്ന വൈദികരുടെ പല ജനറല്‍ കോണ്‍ഫ്രന്‍സിലും ഞങ്ങള്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തിട്ടെങ്കിലും, ശക്തിയും സ്വാധീനവും ആള്‍ബലവുമുള്ള വൈദികഗണവും ബിഷപ്പും യുവവൈദികരായ ഞങ്ങളുടെ ഡിമാന്റ് പുച്ഛിച്ചു തള്ളിക്കളഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തില്‍ മിഷന്‍ ഇടവകയില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ ചെറുസംഘത്തെ ഏതാണ്ടു മുഴുവനായിത്തന്നെ പരമ്പരാഗത ക്രൈസ്തവരുടെ വലിയ ഇടവകകളിലേയ്ക്കു സ്ഥലംമാറ്റി; മാത്രമല്ല, കൊല്ലം രൂപതയെത്തന്നെ രണ്ടാക്കി. അതിന്റെ അടിസ്ഥാനമോ, പരമ്പരാഗത ഇടവകകള്‍ക്കു കൊല്ലം രൂപത; മിഷന്‍ ഇടവകകള്‍ക്കു പുനലൂര്‍ രൂപത എന്നതായിരുന്നു. ഞാന്‍ കൊല്ലം രൂപതയുടെ ഭാഗമായി. പിന്നെ ഉപദേശിമാരുടെ ഗതി അറിയില്ലായിരുന്നു.
രണ്ടാഴ്ചയ്ക്കു മുമ്പു കൊട്ടാരക്കരയ്ക്കു പോയ വഴി അടൂര്‍ ബസ്സ്റ്റാന്റില്‍ ഇറങ്ങി. ചായ കുടിക്കാന്‍ അടുത്ത കടയില്‍ കയറി. എന്റെ എതിര്‍വശത്തിരുന്ന ചായകുടിക്കുന്ന വ്യക്തിയെ കണ്ടുമറക്കുന്നതായി തോന്നി. ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു. എന്റെ പഴയ ഇടവകക്കാരില്‍ ആരെങ്കിലുമായിരിക്കുമോ എന്നു മനസ്സില്‍ തെരഞ്ഞു അദ്ദേഹത്തെ നോക്കി ഞാന്‍ ചിരിച്ചിട്ടു 'അറിയുമോ?' എന്നു ചോദിച്ചു.
'അലോഷ്യസച്ചന്‍?' അദ്ദേഹം പ്രതികരിച്ചു.
'മത്തായി (പേര് മാറ്റിയിട്ടുണ്ട്) ഉപദേശി?'
'അതെ' എന്നുത്തരം
പ്രായാധിക്യം കൊണ്ടും പട്ടിണി-രോഗം കൊണ്ടും തീര്‍ത്തും ക്ഷീണിതന്‍. കുറച്ചുസമയം പഴയകാര്യങ്ങള്‍ ഞങ്ങള്‍ അയവിറക്കി; സംഘടിക്കാന്‍ ശ്രമിച്ച കാര്യം ഉള്‍പ്പെടെ. ഇപ്പോള്‍ എന്തുണ്ടു ശമ്പളം എന്നു ചോദിച്ചപ്പോള്‍ 'ഈയിടെ വന്ന ബിഷപ്പ് ഞങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 400 രൂപയുണ്ട്.'
'ഇതുകൊണ്ട് എങ്ങനെ ജീവിക്കു'മെന്ന എന്റെ ചോദ്യത്തിനു 'ഭാര്യ അണ്ടിയാപ്പീസില്‍ പോകുമായിരുന്നു. അതായിരുന്നു യഥാര്‍ത്ഥ വരുമാനമാര്‍ഗ്ഗം. ഇപ്പോള്‍ അവള്‍ക്കു ഇരുന്നു ജോലി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ നടുവിനു വേദന. ജീവിതം ദുരിതത്തിലാണ്.' ഒരു രൂപതയിലെ ഏതാണ്ടു 40 വര്‍ഷം സര്‍വ്വീസുള്ള ഉപദേശിയുടെ മാസശമ്പളമാണ് 400 രൂപ എന്ന വെളിപ്പെടുത്തല്‍ എന്നെ സ്തബ്ധനാക്കി. വൈകിട്ടു ജനജാഗൃതിയില്‍ എത്തി ന്യൂസ് കേള്‍ക്കാനായി ടി വി ഓണ്‍ ചെയ്തു. അന്നത്തെ പ്രധാനവാര്‍ത്തകളില്‍ ഒന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെ സി ബി സി)യുടെ തൊഴില്‍കാര്യ കമ്മീഷന്‍, കെ സി ബി സി യുടെ പേരില്‍ മെയ് ഒന്നിന്റെ സന്ദേശം സംയുക്ത ഇടയലേഖനമായി ഇറക്കിയിരിക്കുന്നു. അതില്‍ നോക്കുകൂലിയ്ക്ക് എതിരെയും ഉദ്യോഗസ്ഥര്‍ വേണ്ടവിധം ജോലി ചെയ്യാത്തതിനെതിരെയും വിരല്‍ ചൂണ്ടിയിരിക്കുന്നു. ഒപ്പം സഭ എന്നും തൊഴിലാളിയുടെ, പ്രത്യേകിച്ചും അസംഘടിത തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്നുണ്ട് എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ടിവിയില്‍ കാണുകയും കേള്‍ക്കുകയും ചെയ്തതും നേരത്തെ കണ്ട 40 വര്‍ഷം സര്‍വ്വീസുള്ള മത്തായി ഉപദേശിയുടെ വാക്കുകളും തമ്മിലുള്ള പൊരുത്തക്കേട് എന്നില്‍ വല്ലാത്ത മുറിവുണ്ടാക്കി.
സംയുക്ത ഇടയലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിക്കട്ടെ:
''വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കും ഉന്നമനത്തിനുമായിട്ടുള്ള ഉപാധിയായിട്ടാണ് സഭ തൊഴിലിനെ കാണുന്നത്. അതിനാല്‍ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും അന്തസ്സിനെയും എക്കാലവും സഭ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്'' (പാര. 2)
''തൊഴിലും ദാരിദ്ര്യവും തമ്മില്‍ ബന്ധമുണ്ട്. ...... നിയമാനുസൃതമായ മിനിമം കൂലി തൊഴില്‍ദാതാക്കള്‍ നല്കാനും പലപ്പോഴും തയ്യാറാകുന്നില്ല'' (പാര.5)
''തൊഴിലാളിയുടെ കൂലി അവന്റെയും അവനെ ആശ്രയിച്ചു കഴിയുന്നവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും, അല്പം മിച്ചം വച്ച് സ്വത്ത് സമ്പാദിക്കാനും ഉതകുന്നതായിരിക്കണം എന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ തന്റെ 'റേറും നൊവരും' എന്ന ചാക്രീയലേഖനത്തിലൂടെ പഠിപ്പിക്കുന്നുണ്ട്'' (പാര.6)
''ന്യായമായ കൂലി തൊഴിലാളികളുടെ അവകാശമാണ്. ന്യായമായ കൂലി കൊടുക്കാതിരിക്കുന്നതു തെറ്റാണെന്നാണ് തിരുസ്സഭ പഠിപ്പിക്കുന്നത്'' (പാര.7)
''അതുപോലെ തന്നെ അദ്ധ്വാനിക്കാതെ പണം വാങ്ങുന്നതും തെറ്റാണ്. നോക്കുകൂലി പോലെയുള്ള തെറ്റായ ശൈലികള്‍ പരിഷ്‌കൃത സമൂഹത്തിനു ഒട്ടും സ്വീകാര്യമല്ല .... സര്‍ക്കാര്‍ ഓഫീസുകളിലെ നല്ലൊരു വിഭാഗം ഉദ്യോഗസ്ഥരും ജോലിയൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. അതു ഏറെക്കുറെ സത്യമാണുതാനും ...'' (പാര.8)
''മിനിമം കൂലിയും നിലവിലുളഅള തൊഴില്‍ നിയമങ്ങളും തീക്ഷ്ണതയോടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനുള്ള ഉദ്യോഗസ്ഥ സംവിധാനം ശക്തിപ്പെടുത്തണം.'' (പാര.13)
ഇത് ഒപ്പിട്ടിരിക്കുന്നതോ ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം, ചെയര്‍മാന്‍ കെസിബിസി ലേബര്‍ കമ്മീഷന്‍, ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയും ബിഷപ് ഡോ. യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, വൈസ് ചെയര്‍മാന്‍ കെസിബിസി ലേബര്‍ കമ്മീഷന്‍.
നോക്കുകൂലി ശരിയല്ല, ഉദ്യോഗസ്ഥര്‍ ജോലിയില്‍ അലംഭാവം കാട്ടുന്നതും ശരിയല്ല. ഇവ തിരുത്തപ്പെടണം. പക്ഷേ എന്താണു ബിഷപ്പുമാരും വൈദിക-സന്യസ്ത-കന്യാസ്ത്രീ ഗണവും ചെയ്യുന്നത്? ധാരാളം കാര്യങ്ങള്‍ എടുത്തുകാട്ടാം. ചില കാര്യങ്ങള്‍ മാത്രം പറയട്ടെ.
ആയിരക്കണക്കിനു എയിഡഡ്-അണ്‍എയിഡഡ് സഭാസ്ഥാപനങ്ങളില്‍ പതിനായിരക്കണക്കിനു അദ്ധ്യാപകരും മറ്റുദ്യോസ്ഥരും പണിചെയ്യുന്നു. ഇവരെയൊക്കെ നിയമിക്കുന്നതു സഭാധികാരികള്‍ തന്നെ. ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യ ഘടകത്തിലൊന്നാണു സംവരണം. അതു സര്‍ക്കാര്‍ മാത്രം പാലിച്ചാല്‍ പോരാ. സര്‍ക്കാര്‍ ധനം വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും അതിനു ബാധ്യതയുണ്ട്. അദ്ധ്യാപകരുള്‍പ്പെടെ മുഴുവന്‍ സ്റ്റാഫിന്റെയും ശമ്പളവും അലവന്‍സുകളും സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കു(ചിലപ്പോള്‍ പള്ളിപ്പുരകള്‍ക്ക് വരെ)മുള്ള മെയിന്റനന്‍സ് ഗ്രാന്റും കണ്ടിന്‍ജന്റ് ഫണ്ടും മറ്റും പൊതുഖജനാവില്‍ നിന്നെടുത്തുതരുന്നതാണ്. ദുഷ്ടപാരമ്പര്യവും ദുരാചാരങ്ങളും ചവിട്ടിയരച്ച അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്റെ അവകാശമാണ് സംവരണം.
എസ്.സി.-എസ്.ടി-ഒ.ബി.സി വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സംവരണം നീതിബോധമുള്ള ഏതൊരു പ്രസ്ഥാനത്തലവനും അംഗീകരിക്കേണ്ടതല്ലേ? പക്ഷേ സഭ അതു നല്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയോടുള്ള വിധേയത്വത്തിനു പുറമേ, യേശുവിന്റെ അടിസ്ഥാന ദരിദ്രപക്ഷ കാഴ്ചപ്പാടോടു ഇവര്‍ക്കു വിശ്വസ്തതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍, സംവരണം 100% വും സഭാസ്ഥാപനങ്ങളില്‍ നടപ്പിലാക്കുമായിരുന്നു. പക്ഷേ സത്യം അതല്ല. ന്യായമായും അര്‍ഹരായ ഈ ദരിദ്രജനതയെ തഴഞ്ഞുകൊണ്ട്, തങ്ങള്‍ക്ക് 'ഊഴിയം' ചെയ്യുന്ന, 'ഓ ച്ചാ' മുളുന്ന, ആളുകളെ നിയമിച്ചു തങ്ങളുടെ അധികാരം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുന്ന സഭാനേതൃത്വത്തിനു എങ്ങനെ സാമൂഹ്യനീതിയെപ്പറ്റിയും തൊഴിലാളി താല്പര്യത്തെപ്പറ്റിയും പറയാന്‍ പറ്റും?
സഭയുടെ സ്വകാര്യസ്ഥാപനങ്ങളായ അനാഥശാലകള്‍, ആതുരാലയങ്ങള്‍, ആശുപത്രികള്‍, കരുണാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, തൊഴില്‍പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയവ. ഇവിടെ 'മിനിമം കൂലി' പോലും കൊടുക്കുന്നില്ല എന്നതു പച്ചയായ യാഥാര്‍ത്ഥ്യം. ഇവിടെ സഭാധികാരികള്‍ക്കു യാതൊരു മനക്കടിയുമില്ലാതെ 'നീതിപൂര്‍വ്വമായ കൂലി നല്കണ'മെന്നു പറയുന്ന സഭാനേതൃത്വത്തിന്റെ കാപട്യം അപാരം.
ഇടവക വികാരിമാരുടെ കുശിനികളിലും മഠങ്ങളിലെ അടുക്കളകളിലും സഭാസ്ഥാപനത്തിന്റെ പറമ്പിലും മറ്റും ജോലി ചെയ്യുന്നവരുടെ കൂലിയില്‍ എപ്പോഴും രക്ഷകരുടെ മൂടുപടമണിഞ്ഞു ക്രൂരമായി ചൂഷണം ചെയ്യുന്ന അവസ്ഥ ഇന്നും എവിടെയും കാണുന്നു.
വൈദികര്‍ (മെത്രാന്‍ ഉള്‍പ്പെടെ) ദേഹമനങ്ങാതെ ചെയ്യുന്ന അര മണിക്കൂര്‍ കുര്‍ബ്ബാനയ്ക്കും ഒന്നു-രണ്ടു മിനിട്ടു നേരത്തെ വിവിധ ഭക്തകൃത്യങ്ങള്‍ക്കും മറ്റും എന്തു കനത്ത ഫീസാണു വാങ്ങുന്നത് ! ഇതു അനീതിയാണെന്നു അവര്‍ക്കു തോന്നുന്നില്ലെന്നു മാത്രമല്ല, ഇതില്‍ വരുന്ന കുടിശിക എല്ലാം കൂട്ടിയിട്ടു മനുഷ്യന്റെ ഏറ്റവും വേദനാജനകമായ മരണനേരത്തോ, ഏറ്റവും ആനന്ദദായകമായ വിവാഹ സന്ദര്‍ഭത്തിലോ പലിശ സഹിതം നിര്‍ബന്ധപൂര്‍വ്വം വസൂലാക്കുന്ന ക്രൂരത മനുഷ്യത്വരഹിതമാണെന്നല്ലേ പറയാനാകൂ! പക്ഷേ ഇവിടെ സഭാനേതൃത്വം പൈസ പിരിക്കുന്ന ഒരവസരമായാണിതിനെ കാണുന്നത്. അതില്‍ അവര്‍ക്കു ഒരു മാനസിക പ്രയാസവുമില്ല.
എല്ലാംകൂടി നോക്കുമ്പോള്‍ കെസിബിസിയുടെ മേയ്ദിന തൊഴിലാളി സന്ദേശത്തില്‍ ക്രൂരമായ കാപട്യം പതിയിരിക്കുന്നു. ഒരു ബൈബിള്‍ വാചകം കൊണ്ടു അവസാനിപ്പിക്കട്ടെ - തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക; പിന്നെയാവട്ടെ അപരന്റെ കണ്ണിലെ കരട്.'

2 comments:

ജനശബ്ദം said...

തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക
LDF Keralam (Sat, 07/05/2011 - 00:55)
0 8Google Buzz1ഫാദര്‍ അലോഷ്യസ് / ജനയുഗം

ഏതാണ്ടു 35 വര്‍ഷം മുമ്പ് ഞാന്‍ അന്നത്തെ കൊല്ലം കത്തോലിക്കാ രൂപതയിലെ ഇലവുംതിട്ട വികാരിയച്ചന്‍ ആയിരുന്നപ്പോള്‍ രൂപതയുടെ 'മിഷന്‍' ഇടവക(പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരുടെ ഇടവക)കളിലെ വൈദികരുടെ സഹായികളായി ഉണ്ടായിരുന്ന 'ഉപദേശി'മാരുടെ മാസശമ്പളം 50 നും 100 നും ഇടയ്ക്കായിരുന്നു. ഉപദേശിമാരുടെ മുഖ്യജോലിയായി ഉണ്ടായിരുന്നതു വൈദികന്‍ നിശ്ചയിക്കുന്ന ദിവസം നിശ്ചിത സമയത്ത് കുര്‍ബ്ബാന ഉണ്ടായിരിക്കും എന്ന് മിഷന്‍ സ്റ്റേഷനിലെ ഓരോ വീട്ടിലും ചെന്നറിയിക്കുക, അതുപോലെ മരണമുണ്ടായാല്‍ എല്ലാ വീട്ടിലും അറിയിക്കുക, എല്ലാ ദിവസവും വൈകിട്ടു പല വീടുകളിലായി ഒത്തുകൂടുന്ന കുടുംബപ്രാര്‍ത്ഥനയില്‍ പ്രമുഖസ്ഥാനം-വികാരിയച്ചന്റെ സ്ഥാനം- അലങ്കരിക്കുക, ബൈബിള്‍ പ്രഘോഷണം നടത്തുക, പിന്നെ ഓരോ വികാരിയച്ചനും നിര്‍ദ്ദേശിക്കുന്നതു മുഴുവന്‍ ചെയ്യുക എന്നിപ്രകാരമാണ്.

ഇങ്ങനെ കഷ്ടപ്പെട്ടു വികാരിയച്ചനും ഇടവകജനങ്ങള്‍ക്കും വേണ്ടി ജോലി ചെയ്യുന്ന ഉപദേശിമാര്‍ക്കു ഇത്ര തുച്ഛമായ ശമ്പളം നീതിയല്ല എന്നു ഞങ്ങള്‍, കുറച്ചു വൈദികര്‍ക്കു തോന്നി. കൊല്ലം രൂപതയിലെ മിഷന്‍ ഇടവകകളിലും സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ഉപദേശിമാരെയും ഞങ്ങള്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു. 250 രൂപയെങ്കിലും അവര്‍ക്കു കിട്ടണമെന്നും അവര്‍ക്കു മറ്റു അനുബന്ധ തൊഴില്‍സാദ്ധ്യതകള്‍ ഉണ്ടാക്കിക്കൊടുക്കണമെന്നുമുള്ള ഡിമാന്റുകള്‍ വച്ച് അവരെ 'ഹരിജന്‍ ക്രിസ്ത്യന്‍ ഫോറം' എന്ന പേരില്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ബിഷപ്പും അദ്ദേഹത്തിനൊപ്പം നിന്ന വൈദികഗണവും ഞങ്ങളുടെ ഈ നീക്കത്തെ മുളയിലേ നുള്ളിക്കളഞ്ഞു.

മുക്കുവന്‍ said...

പോസ്റ്റിനോട് അത്ര യോജിക്കുന്നില്ലാ‍ാ.. എന്നാലും.. ഏതേലും ഒരു മെത്രാന്‍ ഏതെങ്കിലും ഒരു പാവപ്പെട്ടന്റെ കല്യാണമോ,ശവമടക്കോ നടത്താ‍ാന്‍ പോയതായി ഞാന്‍ കേട്ടിട്ടില്ലാ‍ാ.. എന്നാലോ നാലു തുട്ട് കിട്ടുന്നിടത്ത് എത്രയോ തവണ കണ്ടിരിക്കുന്നു!!!