Thursday, November 4, 2010

തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല മതനിരപേക്ഷത

തെരഞ്ഞെടുപ്പ് വിഷയം മാത്രമല്ല മതനിരപേക്ഷത .3.
പിണറായി വിജയന്‍
തീവ്ര ഇടതുപക്ഷ നിലപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കി അവരാണ് യഥാര്‍ഥ വിപ്ളവകാരികളെന്ന് പ്രചരിപ്പിക്കുക കേരളത്തിലും ബംഗാളിലും ഇപ്പോള്‍ നടക്കുന്ന രീതിയാണ്. ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള ഈ പ്രദേശങ്ങളില്‍ വലതുപക്ഷ നിലപാടുകളില്‍നിന്നുള്ള പ്രചാരണങ്ങള്‍ ഏശില്ല എന്നതിനാലാണ് തീവ്ര ഇടതുപക്ഷ നിലപാടുകാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതും കൂട്ടുകെട്ടുണ്ടാക്കുന്നതും. ഇടതുപക്ഷ മുദ്രാവാക്യമുയര്‍ത്തി വലതുപക്ഷ പാളയത്തിലേക്ക് ആളുകളെ എത്തിക്കുന്ന രാഷ്ട്രീയശക്തികള്‍ കേരളത്തില്‍ സജീവമാണ്. സംഘടിത ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരായി തീവ്രവാദ നിലപാടുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അത്തരം തീവ്രവാദ നിലപാടുകള്‍ ജനകീയ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയും വലതുപക്ഷത്തിന് സഹായംചെയ്യുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു മുമ്പുണ്ടായിരുന്നത്. ഇന്ന് ഈ നിലപാടുകാര്‍ നേരിട്ട് വലതുപക്ഷ ശക്തികളുമായി ചേര്‍ന്ന് ഇടതുപക്ഷത്തെ തകര്‍ക്കുന്നതിന് ഇടപെടുന്ന സ്ഥിതിവിശേഷം രൂപപ്പെട്ടുവരുന്നുണ്ട്. കേരളത്തില്‍ അടുത്തകാലത്തായി പ്രത്യക്ഷപ്പെടുന്ന ഈ നിലപാടുകാരുടെ സഹായം യുഡിഎഫിന് ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍നിന്ന് വിട്ടുപോയ സോഷ്യലിസ്റ് ജനതയുടെ ശക്തിയെക്കുറിച്ചുള്ള വാദഗതികള്‍ കേരളത്തില്‍ മുഴങ്ങിക്കേട്ടിരുന്നു. പെരിങ്ങളം, വടകര, ചിറ്റൂര്‍ എന്നീ മേഖലകളിലാണ് അവര്‍ക്ക് സ്വാധീനമുണ്ടായിരുന്നത്. ചിറ്റൂര്‍ മുമ്പുതന്നെ യുഡിഎഫിന്റെ കേന്ദ്രമാണ്. പെരിങ്ങളത്തെ രണ്ട് ജില്ലാ ഡിവിഷനില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. വടകര നഗരസഭയിലാകട്ടെ എല്‍ഡിഎഫ് മികച്ച വിജയം നേടി. ആ മേഖലയില്‍ ചില സീറ്റുകള്‍ സോഷ്യലിസ്റ് ജനതാദളിന് ലഭിച്ചതുതന്നെ സിപിഐ എം വിരുദ്ധരുമായുള്ള ബാന്ധവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. യുഡിഎഫിലേക്ക് ഒരു വിഭാഗം ഐഎന്‍എല്ലുകാര്‍ ചേക്കേറിയിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് മേഖലകളിലാണ് അവര്‍ക്ക് സ്വാധീനമുണ്ടായിരുന്നത്. എന്നാല്‍, ഈ മൂന്ന് ജില്ലയിലും മികച്ച വിജയമാണ് എല്‍ഡിഎഫിന് ഉണ്ടായിട്ടുള്ളത് എന്നു കാണാം. രാഷ്ട്രീയബാഹ്യമായ ശക്തികളെ ഇടപെടുവിച്ച് തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തെ സഹായിക്കുക എന്ന അജന്‍ഡയാണ് കേരളാ കോഗ്രസ്-ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ മറുകണ്ടം ചാടലിലൂടെ ചിലര്‍ ലക്ഷ്യംവച്ചത്. ആ നീക്കത്തിലൂടെ കേരളീയ സമൂഹത്തിന്റെ മതേതര പാരമ്പര്യത്തെ അപകടപ്പെടുത്തുന്ന നില ഉണ്ടാക്കുമെന്ന ചില സൂചനകള്‍ ഈ തെരഞ്ഞെടുപ്പ് ഫലം മുന്നോട്ടുവയ്ക്കുന്നുണ്ട്. മതവും രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ തെരഞ്ഞെടുപ്പിന്റെ മുമ്പേതന്നെ ഇവിടെ ഉയര്‍ന്നുവന്നതാണ്. മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന തരത്തിലുള്ള ഇടപെടലുകളെ രാഷ്ട്രീയ ലാഭം ലക്ഷ്യംവച്ച് പ്രോത്സാഹിപ്പിക്കുകയാണ് യുഡിഎഫ്. ഇത് കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷ പാരമ്പര്യത്തെ തകര്‍ക്കുന്നതിനേ ഇടയാക്കൂ എന്ന് ജനാധിപത്യവാദികള്‍ തിരിച്ചറിയണം. രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രീയത്തിലും ഇടപെടാന്‍ പാടില്ലെന്ന സമീപനം ഇന്ത്യന്‍ ഭരണഘടനയുടേതാണ്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിച്ച് വോട്ട് പിടിക്കുന്ന രീതിയെ തെരഞ്ഞെടുപ്പ് കമീഷന്‍തന്നെ വിലക്കിയത്. ഇന്ത്യന്‍ ഭരണഘടനയില്‍ പറയുന്ന ഈ കാര്യം ഉയര്‍ത്തിപ്പിടിച്ചു മുന്നോട്ടുപോകാനാണ് ഇടതുപക്ഷം ശ്രമിച്ചിട്ടുള്ളത്. മതനിരപേക്ഷതയുടെ ഈ പാരമ്പര്യത്തെ ഇല്ലാതാക്കുക എന്നതാണ് എല്ലാവിധ വര്‍ഗീയ തീവ്രവാദികളുടെയും ഭീകരവാദികളുടെയും ലക്ഷ്യം. അതിന് വഴങ്ങാതെ മുന്നോട്ടുപോകുന്ന നിലപാടാണ് എല്‍ഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവച്ചിട്ടുള്ളത്. ഇടതുപക്ഷം മുന്നോട്ടുവച്ച ഈ കാഴ്ചപ്പാടിനെ മതമേലധ്യക്ഷന്മാര്‍തന്നെ അംഗീകരിക്കുന്നു. വോട്ട് ചെയ്തശേഷം കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് വിനിയോഗിക്കുന്ന രീതി ശരിയല്ലെന്ന നിലപാട് അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഈ നിലപാട് മാത്രമേ ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളൂ. മതം രാഷ്ട്രീയത്തില്‍ ഇടപെടുക എന്ന കാഴ്ചപ്പാടിനെ എതിര്‍ത്തില്ലെങ്കില്‍ അത് സംഘപരിവാര്‍ ശക്തികള്‍ക്ക് വളരുന്നതിന് സഹായമാവുകയേയുള്ളൂ. അത് സ്വാഭാവികമായും മതന്യൂനപക്ഷങ്ങള്‍ക്ക് ആപത്തുണ്ടാക്കുകയുംചെയ്യും. രാഷ്ട്രീയം മതത്തിലും മതം രാഷ്ട്രീയത്തിലും ഇടപെടാന്‍ പാടില്ലെന്ന സമീപനം ഉയര്‍ന്നുവരേണ്ടത് കേവലമായ തെരഞ്ഞെടുപ്പ് പ്രശ്നമെന്ന നിലയിലല്ല. സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ആവശ്യമായ കാഴ്ചപ്പാട് എന്ന നിലയിലാണ്. ഏതൊരാള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തി ജീവിക്കുന്നതിന് അവകാശമുണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. സിപിഐ എമ്മിന്റെ പാര്‍ടി പരിപാടിയില്‍"ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലും പെട്ടവര്‍ക്ക് വിശ്വസിക്കുന്നതിനും, അതുപോലെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും, ഏതു മതത്തിന്റെ അനുഷ്ഠാനങ്ങള്‍ ചെയ്യാനും യാതൊരു അനുഷ്ഠാനത്തിലും ഏര്‍പ്പെടാതിരിക്കുന്നതിനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി'' പാര്‍ടി നിലകൊള്ളുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഹിന്ദുമതവിശ്വാസിക്കും ക്രൈസ്തവ-ഇസ്ളാംമത വിശ്വാസികള്‍ക്കും അതിനുള്ള അവകാശത്തിനുവേണ്ടി പൊരുതുന്നതിന് ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണ്. വിശ്വാസമില്ലാത്ത ആളുകള്‍ക്ക് അങ്ങനെ ജീവിക്കാനുള്ള അവകാശവും ഇതോടൊപ്പം ഉറപ്പുവരുത്തുന്നതിനും പാര്‍ടി നിലകൊള്ളുന്നു. വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ ജനവിഭാഗങ്ങള്‍ സാമ്പത്തികമായി വ്യത്യസ്ത തട്ടുകളില്‍ ജീവിക്കുന്നവരാണ്. തൊഴിലാളികളും കര്‍ഷകരും ഇടത്തരക്കാരും ഒക്കെയായി നിത്യജീവിതം കഴിക്കുന്നവരാണ് ഇവര്‍. ഇവരുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇടപെടുക എന്നതാണ് ഇടതുപക്ഷ രാഷ്ട്രീയം ലക്ഷ്യം വയ്ക്കുന്നത്. അത്തരത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കപ്പെട്ടു എന്നുവരാം. സ്വാഭാവികമായും അവര്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് എതിരായിത്തീരും. പക്ഷേ, ജനകീയമായ നിലപാടെടുക്കുന്ന ഇടതുപക്ഷത്തെ ജീവിതപ്രശ്നങ്ങള്‍ ഉയര്‍ത്തി ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താനാവില്ല. ഇത്തരം ഘട്ടങ്ങളില്‍ ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പറയുന്നതിനു പകരം വര്‍ഗീയ-തീവ്രവാദ വികാരങ്ങള്‍ ഇളക്കിവിട്ട് ജനകീയ പ്രശ്നങ്ങളെ പൊതുധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ഇത്തരക്കാര്‍ പരിശ്രമിക്കും. അതാണ് കേരളത്തില്‍ ഇടതുപക്ഷത്തിനെതിരായി ഇപ്പോള്‍ നടക്കുന്നത്. അല്ലാതെ ഏതെങ്കിലും മതവിശ്വാസത്തെ ഹനിക്കുന്നതിനോ അവരുടെ വിശ്വാസപരമായ ഏതെങ്കിലും കാര്യങ്ങള്‍ മാറ്റിമറിക്കുന്നതിനോ ഇടപെട്ടതുകൊണ്ടല്ല. മതപരമായ രീതികളിലും സമീപനങ്ങളിലും മാറ്റം വരുത്തേണ്ടത് അതിനകത്തുതന്നെ രൂപപ്പെട്ടുവരുന്ന ചിന്താധാരകളുടെ പശ്ചാത്തലത്തിലാണ്. ഏതെങ്കിലും രീതിയില്‍ എന്തെങ്കിലും കാര്യങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല. വിവിധ മതങ്ങളില്‍ രൂപപ്പെട്ടുവന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഇതാണ് നിര്‍വഹിച്ചത്. കൃത്യമായ ഈ നിലപാട് മുന്നോട്ടുവച്ചിട്ടും ഇടതുപക്ഷത്തിനെതിരെ തെറ്റിദ്ധാരണ പരത്താന്‍ ഇടപെടുന്നത് അവര്‍ക്ക് മതത്തോടുള്ള താല്‍പ്പര്യംകൊണ്ടല്ല. മറിച്ച്, അതിനെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പദ്ധതികളുടെ ഭാഗമാണ്. സമൂഹത്തില്‍ ഇത്തരത്തില്‍ നടത്തുന്ന ഇടപെടലുകള്‍ മതപരമായ സൌഹാര്‍ദത്തെയും ഐക്യത്തെയും പൊതുമണ്ഡലങ്ങളെയും തകര്‍ക്കുന്നതിന് ഇടയാക്കും. അത് ജനങ്ങളെ പരസ്പരം അകറ്റി സംഘര്‍ഷങ്ങളിലേക്ക് നയിക്കും. അതുകൊണ്ടാണ് മതേതരത്വത്തിനുവേണ്ടിയുള്ള നിലപാട് കേവലമായ തെരഞ്ഞെടുപ്പ് വിഷയമായി മാത്രം എല്‍ഡിഎഫ് കാണാത്തത്. ജനങ്ങള്‍ക്കായി നിലകൊള്ളുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് തെരഞ്ഞെടുപ്പ് വിജയത്തിനായി മതേതരത്വം പോലുള്ള അടിസ്ഥാന നിലപാടുകള്‍ കൈയൊഴിയാനാവില്ല. തെരഞ്ഞെടുപ്പെന്നത് മതനിരപേക്ഷത പോലുള്ള നിലപാടുകളെ സംരക്ഷിക്കാനുള്ള പോരാട്ടമായിത്തന്നെയാണ് ഇടതുപക്ഷം കാണുന്നത്. അതുകൊണ്ടാണ് വര്‍ഗീയശക്തികളുമായി സന്ധിയില്ലാത്ത നിലപാട് എല്‍ഡിഎഫ് സ്വീകരിക്കുന്നത്. രാഷ്ട്രീയലാഭത്തിന് മതനിരപേക്ഷത ഉപേക്ഷിക്കുന്ന സമീപനം ഇന്ത്യന്‍ ഭരണവര്‍ഗം എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളതാണ്. അതിന്റെ ഭാഗമായാണ് വലതുപക്ഷ ശക്തികള്‍ കേരളത്തിലും നിലപാട് എടുക്കുന്നത്. ഈ പ്രശ്നം സിപിഐ എമ്മി ന്റെ പാര്‍ടി പരിപാടിയില്‍ നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്. "ഭരണഘടനയില്‍ മതനിരപേക്ഷ തത്വങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്ന വന്‍കിട ബൂര്‍ഷ്വാസി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ഉദ്ഘോഷിക്കുകയുംചെയ്യുന്നു. എങ്കിലും പ്രയോഗത്തില്‍ ബൂര്‍ഷ്വാസിയുടെ മതനിരപേക്ഷത വികലമാണ്. മതനിരപേക്ഷത എന്ന കാഴ്ചപ്പാടിനെ അവര്‍ അപ്പാടെ വളച്ചൊടിക്കുന്നു. മതത്തെ പൂര്‍ണമായും രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുന്നതിനു പകരം ഭരണകൂട വിഷയങ്ങളിലും രാഷ്ട്രീയ ജീവിതത്തിലും ഒരുപോലെ ഇടപെടാന്‍ എല്ലാ മതവിശ്വാസങ്ങള്‍ക്കും സ്വാതന്ത്യ്രമെന്നാണ് മതനിരപേക്ഷതയുടെ അര്‍ഥമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു. മതനിരപേക്ഷതയ്ക്കു വിരുദ്ധമായ പ്രവണതകള്‍ക്കെതിരെ അടിയുറച്ചു നിന്ന് പോരാടുന്നതിനു പകരം ബൂര്‍ഷ്വാസി പലപ്പോഴും ഇളവുകള്‍ നല്‍കി അവയെ ശക്തിപ്പെടുത്തുന്നു.'' (പാര്‍ടി പരിപാടി, 5.7) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ കണക്കുകളുടെയും കേരളത്തിലെ കഴിഞ്ഞ 15 വര്‍ഷത്തെ വോട്ടിങ് നിലയുടെയും അടിസ്ഥാനത്തില്‍ കണ്ടെത്താവുന്ന രാഷ്ട്രീയ സ്ഥിതിഗതികളാണ് ഈ ലേഖനത്തില്‍ ഇതുവരെ വിലയിരുത്തിയിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഇടതുപക്ഷത്തിന് നേടാനായില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നതിന് ഒരു വൈമനസ്യവുമില്ല. കമ്യൂണിസ്റ് പാര്‍ടി തെരഞ്ഞെടുപ്പിനെ മാത്രമല്ല, പാര്‍ടി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും വിശകലനംചെയ്യാനും അതിലൂടെ അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും കണ്ടെത്തി കൂടുതല്‍ ശരിയായ പാതയിലൂടെ മുന്നോട്ടുപോകാനുമാണ് എല്ലാ കാലവും പരിശ്രമിച്ചിട്ടുള്ളത്. വിമര്‍ശ-സ്വയംവിമര്‍ശങ്ങളിലൂടെ കാര്യങ്ങളെ വിലയിരുത്തുന്നതാണ് കമ്യൂണിസ്റ് ശൈലി. അതാണ് പിന്തുടരുന്നതും. കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും നേട്ടം നല്‍കുന്ന വിധത്തിലുള്ളതാണ്. അതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ലഭിച്ചതിനേക്കാള്‍ എത്രയോ മികച്ച വിജയം എല്‍ഡിഎഫിന് ലഭിക്കേണ്ടതായിരുന്നു. ഇതിനെ മറികടക്കാന്‍ വര്‍ഗീയ-വിഭാഗീയ ചിന്താഗതികള്‍ പ്രചരിപ്പിച്ച് മുന്നോട്ടുപോകാനാണ് യുഡിഎഫ് പരിശ്രമിച്ചത്. ഇതോടൊപ്പംതന്നെ മറ്റു പല ഘടകങ്ങളും എല്‍ഡിഎഫിന്റെ മുന്നേറ്റത്തിന് തടസ്സമായിട്ടുണ്ടാകാം. അത്തരം ഘടകങ്ങളെ വിശദമായ പരിശോധനയിലൂടെ കണ്ടെത്തി തിരുത്തി മുന്നോട്ടുപോകുന്നതിനാണ് സിപിഐ എം പരിശ്രമിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. വന്ന പോരായ്മകള്‍ കൂട്ടായ പരിശോധനയിലൂടെ കണ്ടെത്തി തിരുത്തി മുന്നോട്ടുപോകും. നേട്ടങ്ങളെ മുറുകെപ്പിടിച്ചും അടിസ്ഥാന നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെയും പോരായ്മകള്‍ പരിഹരിക്കുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് ഈ അവസരത്തില്‍ ഉറപ്പു നല്‍കുന്നു. (അവസാനിച്ചു)


No comments: