തകര്‍ന്നത് ചെന്നിത്തലയുടെ മനഃസമാധാനം
സര്‍ക്കാരും പൊലീസും ചേര്‍ന്ന് ക്രമസമാധാനം തകര്‍ത്തെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറയുന്നത്. ഒരര്‍ത്ഥത്തില്‍, ക്രമസമാധാനം തകര്‍ന്നെന്ന മലയാള മനോരമയുടെ പല്ലവി ഏറ്റുപാടുക മാത്രമേ രമേശ് ചെന്നിത്തല ചെയ്തിട്ടുള്ളൂ. കോഗ്രസിനു ബുദ്ധി ഉപദേശിക്കുന്നതില്‍ മുഖ്യപങ്ക് നിര്‍വഹിക്കുന്നത് ആ പത്രമാണല്ലോ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ക്രമസമാധാനത്തകര്‍ച്ചയെപ്പറ്റി ഒന്നും പറഞ്ഞില്ലെങ്കില്‍ അത് കോഗ്രസിന്റെ പാരമ്പര്യത്തിന് യോജിച്ചതുമാകില്ല. യഥാര്‍ഥത്തില്‍ ഇരുകൂട്ടരുടെയും മനഃസമാധാനത്തിനാണ് തകര്‍ച്ച സംഭവിച്ചത്. രമേശ് ചെന്നിത്തലയ്ക്കു പന്ത്രണ്ടുപേരുടെ പിന്തുണപോലുമില്ലെന്ന് പത്രക്കാരെ വിളിച്ചുകൂട്ടി പ്രഖ്യാപിച്ചത് സ്വന്തം പാര്‍ടിയുടെ നേതാവും പാര്‍ലമെന്റ് അംഗവും മുന്‍ മന്ത്രിയുമൊക്കെ ആയ പി സി ചാക്കോയാണ്. മുതിര്‍ന്ന നേതാവ് കെ കരുണാകരനാകട്ടെ സംസ്ഥാന നേതൃത്വത്തിനെതിരെ കത്ത് നല്കി കാത്തിരിക്കുന്നു. പ്രമുഖരായ മറ്റു ചില കോഗ്രസ് നേതാക്കളും രമേശ്ചെന്നിത്തലയെ നിഷ്കരുണം തള്ളിപ്പറഞ്ഞു. മാണി- ജോസഫ് ലയനം സൃഷ്ടിച്ച പ്രശ്നങ്ങള്‍ കീറാമുട്ടിയായി നിലനില്‍ക്കുന്നുമുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ ഇതിലൊന്നും ശ്രദ്ധിക്കാതെ സ്വന്തം കടമ നിര്‍വഹിക്കുന്നതിനായി സംസ്ഥാനത്തിന്റെ സമഗ്ര വികസനം, സാമൂഹ്യനീതി എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുകയാണ്. ചെന്നിത്തലയുടെയും കൂട്ടരുടെയും മനഃസമാധാനം തകരാന്‍ ഇതിലപ്പുറം മറ്റെന്താണ് വേണ്ടത്. ജനാധിപത്യത്തിലും നീതിന്യായവ്യവസ്ഥയിലുമുള്ള വിശ്വാസം വളരണമെങ്കില്‍ ഭരണവും പൊലീസും ആദ്യം നന്നാവണം എന്നാണ് മനോരമയുടെ പക്ഷം. പൊലീസിനെപ്പറ്റി മനോരമയില്‍ വന്ന വാര്‍ത്തയില്‍നിന്നുതന്നെ തുടങ്ങാം. ജൂ 10ന് മാവേലിക്കരയില്‍നിന്നുള്ള വാര്‍ത്തയില്‍ നാടിനെ നടുക്കിയ ചെറിയനാട് കാരണവര്‍ കൊലപാതകക്കേസില്‍ പ്രതികളെ വേഗം അറസ്റ്ചെയ്യാന്‍ കഴിഞ്ഞത് പൊലീസിന്റെ അന്വേഷണമികവാണെന്ന് മനോരമ തുറന്ന് സമ്മതിച്ചിരിക്കുന്നു. കേരളത്തിലെ പൊലീസിനെ എല്ലാ പത്രങ്ങളും ഈ വിഷയത്തില്‍ പ്രകീര്‍ത്തിച്ചു. 2009 നവംബര്‍ എട്ടിനാണ് ഭാസ്കരകാരണവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ ഭാര്യ ഉള്‍പ്പെടെ നാലു പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി ശിക്ഷവിധിക്കുകയുംചെയ്തു. റെക്കോഡ് വേഗത്തിലാണ് കുറ്റാന്വേഷണവും പ്രതികളെ കണ്ടെത്തലും കേസ് വിചാരണയും ശിക്ഷ വിധിക്കലുമൊക്കെ നടന്നത്. ചേലേമ്പ്ര ബാങ്കില്‍നിന്ന് ആഭരണം കവര്‍ന്ന സംഭവത്തില്‍ പ്രതികളെ കണ്ടെത്തി ജയിലിലടയ്ക്കാന്‍ മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ. അത്യന്തം സങ്കീര്‍ണത നിറഞ്ഞതായിരുന്നു സംഭവം. പുത്തൂര്‍ ഷീലവധക്കേസിലും പ്രതിയെ കണ്ടെത്താന്‍ താമസമുണ്ടായില്ല. മകനെ അടിച്ചുകൊന്ന അച്ഛന് അറസ്റില്‍, ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങി ഉടന്‍ അറസ്റില്‍, ക്ളോറോഫോം മണപ്പിച്ച് കവര്‍ച്ച: ദമ്പതികള്‍ കസ്റഡിയില്‍, അസം സ്വദേശിയുടെ മരണം: കൂടെ ഉണ്ടായിരുന്ന ആള് അറസ്റില്‍, വീട്ടമ്മയെ കൊന്ന് വനത്തില്‍ തള്ളിയെന്ന് തെളിഞ്ഞു; രണ്ടുപേര്‍ പിടിയില്‍.... ഇങ്ങനെ മനോരമയില്‍ ഒറ്റദിവസം വന്ന വാര്ത്തകള്മാത്രം പരിശോധിച്ചാല്‍ അറിയാന്കഴിയുന്നതാണ് രാഷ്ട്രീയ ഇടപെടലുകളില്ലാത്ത കര്‍മശേഷിയുള്ള പൊലീസാണ് നാട്ടില്‍ ഇന്നുള്ളതെന്ന്. ഇന്നലെ ഞങ്ങള്‍ എഴുതിയത് കേരളത്തിലെ പൊലീസിന്റെ കര്മശേഷിയെപ്പറ്റിയാണെന്നതുകൊണ്ട് അതൊന്നും ആവര്‍ത്തിക്കുന്നില്ല. പൊലീസ് സംവിധാനം കുറ്റമറ്റതാണെന്നൊന്നും ഞങ്ങള്‍ അവകാശപ്പെടുന്നില്ല. നിലവിലുള്ള ഭരണകൂടത്തിന്റെ അവിഭാജ്യഘടകമാണ് കേരളത്തിലെ പൊലീസും. എന്നാല്‍, നിലവിലുള്ള പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ക്രമസമാധാനനില കഴിയുന്നത്ര ഭദ്രമാക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രദ്ധിച്ചിട്ടുള്ളതെന്ന് നിസ്സംശയം പറയാം. പൊലീസുമായി ബന്ധപ്പെടുത്തി രമേശ് ചെന്നിത്തലയും കൂട്ടരും ഉയര്‍ത്തിയ മറ്റൊരുപ്രശ്നം വയനാട്ടിലെ ആദിവാസികളെ കുടിയിറക്കുന്നതിനുള്ള പൊലീസിന്റെ പ്രവര്‍ത്തനം നാടകമായിരുന്നുവെന്നാണ്. രമേശ്ചെന്നിത്തല- വീരന്കൂട്ടുകെട്ടിന് ആദിവാസികളെ തെരുവിലിറക്കിവിട്ട് ജയിലില്‍ അടയ്ക്കണം. യുഡിഎഫ് ഭരണകാലത്താണല്ലോ വയനാട്ടിലെ ആദിവാസികളെ കൈക്കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ജയിലിലടച്ചത്. എന്നിട്ടെന്തുണ്ടായി എന്നും അവരോര്ക്കുമല്ലോ. മുത്തങ്ങയില്‍ ആദിവാസിയെ വെടിവച്ചുകൊന്നതും സി കെ ജാനുവിന്റെ മുഖം അടിച്ചുപരത്തിയതും യുഡിഎഫ് നയിക്കുന്ന പൊലീസായിരുന്നല്ലോ. എന്നാല്‍, ചെങ്ങറയിലും ആദിവാസികളെ ഒഴിപ്പിക്കണമെന്നായിരുന്നു കോടതിവിധി. അവിടെ ബലപ്രയോഗം നടത്തി ആരെയും ഒഴിപ്പിച്ചിട്ടില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്കി, പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് ചെയ്തത്. അവിടെ റബര്‍ എസ്റ്റേറ്റിലാണ് കൈയേറി കുടില്‍കെട്ടിയത്. അന്ന് കൈയേറ്റക്കാര്‍ക്ക് ചികിത്സാസഹായം നല്‍കണമെന്നും ഭക്ഷണം എത്തിച്ചുകൊടുക്കണമെന്നുമാണ് ഇക്കൂട്ടര്‍ ആവശ്യപ്പെട്ടത്. വയനാട്ടിലും ആദിവാസികളെ ഒഴിപ്പിക്കണമെന്ന് കോടതി പറഞ്ഞു. വയനാട്ടില്‍ മിച്ചഭൂമിയിലാണ് ആദിവാസികള്‍ കുടില്‍കെട്ടിയത്. മിച്ചഭൂമി സര്‍ക്കാരിന് അവകാശപ്പെട്ടതാണല്ലോ. സുപ്രീംകോടതിതന്നെ പറഞ്ഞത് സര്‍ക്കാരിന് ഹൈക്കോടതിയെ സമീപിച്ച് സമയം ചോദിച്ചുവാങ്ങാമെന്നാണ്. ഇത്തരം ഇരട്ടത്താപ്പുമായി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാമെന്നുള്ളത് വ്യാമോഹം മാത്രമാണെന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. രമേശ്ചെന്നിത്തലയുടെയും കൂട്ടാളികളുടെയും മനഃസമാധാനം തകര്‍ന്നതില്‍ എല്‍ഡിഎഫ് ഭരണത്തിന് ഉത്തരവാദിത്തമില്ല. അത് സ്വയംകൃതാനര്ഥമാണെന്ന തിരിച്ചറിവുണ്ടാകണം എന്നുമാത്രം.
1 comment:
പാലക്കാട്ടെ സമ്പത്തിന്റെ കൊലപാതകത്തെ പറ്റി പത്രവാർത്തകൾ നിറയുന്നത് താങ്കളുടെ കണ്ണിൽ പെട്ടില്ലേ? കോടതി വരെ “പ്രകീർത്തിച്ചല്ലോ“ അതെ പറ്റി. അതോണ്ടാണല്ലോ അന്വേഷണം സി.ബി.ഐക്ക് വിട്ടത്.
വേറൊരു വകുപ്പിന്റെ മന്ത്രി ഇംഗ്ലീഷിൽ അസാധ്യപ്രസംഗം കാച്ചണ കക്ഷി. ദാണ്ടെ ആളുകൾ പനിച്ച് ചാവുകയും ആശുപത്രിയിൽ സൌകര്യം ഇല്ലാതെ ബുദ്ധിമുട്ടുകയും ചെയ്യുമ്പോൾ യാതൊരു ഉളുപ്പും ഇല്ലാതെ വിളിച്ചു കൂവുന്നു. മാധ്യമങ്ങൾ ചുമ്മാ പടച്ചുണ്ടാക്കുന്നതാണ് ഈ വാർത്തകൾ എന്ന്. അതായത് “മാധ്യമപ്പനിയെന്ന്“ ചുരുക്കം.
തീർന്നില്ല കിനാലൂരിൽ ഉമ്മമാരെയും പെങ്ങന്മാരെയും അടിച്ചൊതുക്കിയത് മാധ്യമങ്ങൾ മോർഫ് ചെയ്തുണ്ടാക്കിയതാണോ? പുറകെ വരുന്ന പ്രസ്ഥാവനകൾ കേട്ടാൽ സ്വബോധം ഉള്ള ഏതൊരാളും ഭരണ കക്ഷിക്കാർ ന്യൂനപ്ക്ഷങ്ങളെ തീവ്രവാദികൾ ആക്കി ചിത്രീകരിക്കുവാൻ ഉള്ള് ശ്രമമാണോ എന്ന് ഭയക്കും.
Post a Comment