Monday, June 14, 2010

ജമാഅത്തെ ഇസ്ളാമി രാഷ്ട്രീയ പാര്‍ടികളെ അധിക്ഷേപിക്കുന്നു: സിപിഐ എം

ജമാഅത്തെ ഇസ്ളാമി രാഷ്ട്രീയ പാര്‍ടികളെ അധിക്ഷേപിക്കുന്നു: സിപിഐ എം


കോഴിക്കോട്: ജമാഅത്തെ ഇസ്ളാമിക്ക് പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നതിനായി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കുന്ന നടപടികള്‍ സ്വീകരിക്കുകയാണെന്ന് സിപിഐ എം കക്കോടി ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. അതിന്റെ തെളിവാണ് കക്കോടിയില്‍ ഞായറാഴ്ച നടന്ന അക്രമം. കക്കോടി പഞ്ചായത്ത് ഭരണാധികാരികളും മറ്റ് ഭരണാധികാരികളും ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സ്വന്തം കീശയിലാക്കുകയാണ് എന്ന് പ്രചരിപ്പിക്കാന്‍ 'ജനകീയ വികസന മുന്നണി' എന്ന പേരില്‍ യോഗം വിളിച്ചുചേര്‍ത്ത് ബോധപൂര്‍വം കുഴപ്പങ്ങളുണ്ടാക്കുകയായിരുന്നു. ഇഎംഎസ് ഭവനപദ്ധതി പോലുള്ള പദ്ധതികളില്‍ ഭരണാധികാരികള്‍ തട്ടിപ്പ് നടത്തുകയാണെന്ന് യോഗത്തില്‍ വിശദീകരിച്ചു. ഇഎംഎസ് ഭവനപദ്ധതിയുടെ ആനുകൂല്യം ഗുണഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൌണ്ടിലേക്ക് ചെക്ക് മുഖാന്തരം ലഭ്യമാണല്ലോ എന്ന് ജനങ്ങള്‍ തിരിച്ചുചോദിച്ചു. ഇതില്‍ പ്രകോപിതരായ ജമാഅത്തെ ഇസ്ളാമി പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയ ജനങ്ങള്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇതിനോട് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക പ്രതികരണമാണ് കക്കോടിയിലുണ്ടായത്. സിപിഐ എമ്മിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. ജനാധിപത്യം അംഗീകരിക്കാത്ത മതതീവ്രവാദികള്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടത്തുന്ന ശ്രമത്തിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് സിപിഐ എം കക്കോടി ഏരിയാ കമ്മിറ്റി അഭ്യര്‍ഥിച്ചു. വിളിച്ചുവരുത്തി ജനങ്ങളെ ആക്രമിച്ചതിനും അതിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ ചുമലില്‍ കെട്ടിവയ്ക്കാനുമുള്ള ആസൂത്രിത ശ്രമത്തിനെതിരെ തിങ്കളാഴ്ച ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കോടിയില്‍ പ്രതിഷേധപ്രകടനം നടത്തും. ജനങ്ങളെ ഭിന്നിപ്പിക്കാനായി നടത്തുന്ന ഇത്തരം പ്രകോപനങ്ങളില്‍ വശംവദരാകരുതെന്നും ഏരിയാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

No comments: