5ന് ദേശീയ ഹര്‍ത്താല്‍,രാജ്യവ്യാപകമായി പ്രതിഷേധാഗ്നി ആളിപ്പടരുന്നു
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിക്കുകയും വിലനിയന്ത്രണം ഉപേക്ഷിക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂലൈ അഞ്ചിന് ദേശീയ ഹര്‍ത്താലിന് ഇടതുപക്ഷ പാര്‍ടികളും മറ്റ് മതനിരപേക്ഷ പാര്‍ടികളും ആഹ്വാനംചെയ്തു. ബിജെപിയും എന്‍ഡിഎ കക്ഷികളും അഞ്ചിന് ഭാരത്ബന്ദും പ്രഖ്യാപിച്ചു. ദുസ്സഹമായ വിലക്കയറ്റം സൃഷ്ടിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ കടുത്ത ജനരോഷമാണ് രാജ്യമെങ്ങും. ഈ സാഹചര്യത്തിലാണ് ദേശീയതലത്തില്‍ ഹര്‍ത്താലിനുള്ള തീരുമാനം. രണ്ടു ദശാബ്ദത്തിനുശേഷമാണ് കോഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഇടതുപക്ഷത്തോടൊപ്പം യോജിക്കാന്‍ മറ്റ് മതേതര കക്ഷികള്‍ ഒന്നടങ്കം തയ്യാറാകുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്ദന്, ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്, ഫോര്‍വേഡ് ബ്ളോക്ക് ജനറല്‍ സെക്രട്ടറി ദേവബ്രത ബിശ്വാസ് എന്നിവര്‍ സംയുക്തമായാണ് ദേശീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എഐഎഡിഎംകെ, തെലുങ്ക്ദേശം പാര്‍ടി, ജനതാദള്‍ എസ്, സമാജ്വാദി പാര്‍ടി, ബിജുജനതാദള്‍, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നിവയും ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. മറ്റ് മതനിരപേക്ഷ പാര്‍ടികളുമായും ചര്‍ച്ച നടത്തിവരികയാണ്. കൂടുതല്‍ കക്ഷികള്‍ ഹര്‍ത്താലില്‍ പങ്കെടുക്കും. എല്ലാവിഭാഗം ജനങ്ങളോടും ഹര്‍ത്താലില്‍ പങ്കെടുക്കാനും കേന്ദ്രസര്‍ക്കാരിന്റെ നയത്തില്‍ പ്രതിഷേധിക്കാനും ഇടതുപക്ഷ പാര്‍ടികള്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ബിജെപി ഭാരത്ബന്ദ് നടത്തുമെന്ന് പാര്‍ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഐക്യജനതാദള്‍ നേതാവ് ശരദ് യാദവ് എന്‍ഡിഎ ഘടകക്ഷികളും ഹര്‍ത്താലില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്ന വേളയിലാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. പ്രതിഷേധത്തിന് ചെവികൊടുക്കാതെ വഞ്ചനാപരമായ വാദങ്ങളാണ് വിലവര്‍ധനയെ ന്യായീകരിക്കാനായി സര്‍ക്കാര്‍ മുന്നോട്ട്വയ്ക്കുന്നതെന്നും ഇടതുപക്ഷം പറഞ്ഞു.
5 comments:
ജനങ്ങള്‍ അത്രമാത്രം വെറുക്കുന്ന പാര്‍ട്ടി ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകളോട് പിന്നെ എന്തിനാണ് ഈ ജനം സഹകരിക്കുന്നത് ? കടയടപ്പിക്കുന്നു, വാഹനങ്ങള്‍ എറിഞ്ഞു തകര്‍ക്കുന്നു, ഓഫിസിന്റെ ഗേറ്റിനരികില്‍ നിന്നു പേടിപ്പിക്കുന്നു.. ! കേരളത്തിലെ 300 ലക്ഷം ജനങ്ങളെ വിരട്ടി വീട്ടിലിരുത്താന്‍ മാത്രം സിപിഎമ്മുകാര്‍ സംസ്ഥാനത്തുണ്ടോ ? തീര്‍ച്ചയായും ഇല്ല. അപ്പോള്‍ കുഴപ്പം ഹര്ത്താലിന്റെയാണോ ഇവിടുത്തെ ജനങ്ങളുടെയാണോ ?
അപ്പോ എടുത്തു ചാടി ശനിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എന്തിനായിരുന്നു മാഷെ? കിടക്കട്ടെ മലയാളികളുടെ തലയില്‍ ഒരു അടി അല്ലെ? ദീര്‍ഘ ദൂര യാത്രക്കാര്‍ പലരും സംഭവം അറിയുന്നത് വണ്ടി ഇറങ്ങിയതിനു ശേഷമാണ്. യാത്ര ക്യാന്‍സല്‍ ചെയ്യാന്‍ പോലും അവസരം കൊടുത്തിട്ടില്ല.
ത്രിപുരയില്‍ ഹര്‍ത്താല്‍ ആചരിക്കേണ്ടതില്ലെന്നു പാര്‍ടി തീരുമാനിച്ചിട്ടുണ്ടല്ലോ? എന്താ അവിടെ വില കൂടിയിട്ടില്ലേ? നിങ്ങളൊക്കെ കൂടി ഇങ്ങനെ ഗുണ്ടാ സ്റ്റൈലില്‍ ഹര്‍ത്താല്‍ അടിച്ചേല്‍പ്പിക്കുന്നത് കൊണ്ടാണ് ഏറെ ജനകീയമാകേണ്ടിയിരുന്ന ഹര്‍ത്താല്‍ പ്രതിഷേധം ഇങ്ങനെ ജനങ്ങള്‍ പ്രാകുന്ന സമര മുറ ആകുന്നതു.
ജൂലൈ അഞ്ചിന് ദേശീയ ഹര്‍ത്താലിന് ഇടതുപക്ഷ പാര്‍ടികളും മറ്റ് മതനിരപേക്ഷ പാര്‍ടികളും ആഹ്വാനംചെയ്തു -
നല്ലത്, അവര്‍ക്ക് അതിന് അവകാശമുണ്ട്.
ബിജെപിയും എന്‍ഡിഎ കക്ഷികളും അഞ്ചിന് ഭാരത്ബന്ദും പ്രഖ്യാപിച്ചു. -
അതും നല്ലത്.
പക്ഷേ, ഇതിനെതിരെ പാവം ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചു കൊണ്ടു തന്നെ വേണാമോ പ്രതിഷേധം? വിലക്കയറ്റവും, അഴിമതിയും, ഗുണ്ടായിസവും, എന്നുവേണ്ടാ ലോകത്ത് ഒരിടത്തും ഇല്ലാത്ത സകല കൊള്ളരുതായമകളും ജനം ഇന്നിവിടെ അനുഭവിക്കുന്നു. അതൊക്കെ പോരാഞ്ഞ് ഇപ്പ ഒരു ഹര്‍ത്താലും. ആഹ്വാനം ചെയ്യാം, സഹകരിക്കണമെന്നു പറയാം, എന്നാല്‍ താല്പര്യമില്ലാത്തവരെ അടിച്ചേല്‍പ്പിക്കുന്നത് എവിടുത്തെ അവകാശമാണ്? ഇതാണോ ജനാതിപത്യം? ജനജീവിതം സ്തംഭിപ്പിക്കലാണോ നിങ്ങളുടെ ഉദ്ദേശം? പൗരസ്വാതന്ത്ര്യത്തേപറ്റിയും, ഫാസിസത്തിനെതിരേയുമെല്ലാം നിരന്തരം തൊള്ളകീറുന്ന സഖാക്കന്മാര്ക്ക് ഇതിനുത്തരമില്ലേ?
ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍, ജനങ്ങള്‍ തിരഞെടുത്തവര്‍!!!!! എത്ര കൃത്യം..
ഗുണ്ടകള്‍ക്കും, കള്ളപ്പണക്കാര്‍ക്കും ആണല്ലോ ഇന്ന് സമൂഹത്തില്‍ നിലയും വിലയും. പുത്തന്‍പാലം രാജേഷും, കാരിസതീശനും പിന്നെ നമ്മുടെ പ്രിയങ്കരനായ തച്ചങ്കരി ഏമാനും ഒക്കെയാണ് ഇന്നത്തെ യുവാക്കളുടെ ഹീറോകള്‍. റിയല്‍ എസ്റ്റേറ്റ് ബാബു നാട്ടുകാരെ പറ്റിച്ചതും, മമ്മദ് ഹാജി കൊഴല് പണം കടത്തിയതും, ഷെവലിയാര്‍ മാത്തച്ചന് കാട് കയ്യേറിയതും ഒക്കെ കേട്ടാല്‍ പുളകം കൊള്ളുംന്ന നാട്ടുകാരുള്ള, ബിനീഷ് കൊടിയേരിയുടെ മെയിന്‍ ഗഡിയാണ് ഓം പ്രകാശ് എന്നതില്‍ അഭിമാനം കൊള്ളുന്ന ഉറച്ച രാഷ്ട്രബോധമുള്ള യുവക്കള്‍ ഉള്ള നാട്ടില്‍ സാധനങ്ങള്‍ക്ക് വിലകൂടിയാല്‍ എന്തു പ്രശ്നം? ആര്‍ക്കു പ്രശ്നം? കുറെ സാധാരണക്കാര്‍ക്കോ? അവരോട് പോകാന്‍ പറ! നോട്ട് ഇരട്ടിപ്പ്, അക്ഷയ തൃതീയ, കുട്ടിച്ചാത്തന്, സുവിശേഷവിരുന്ന്, ജെ സി ബി, ഫാന്‍സ് അസോസ്സിയേഷന്‍സ്, ഐടി ലോകം, ഐഡിയാ സ്റ്റാര്‍ സിംഗര്‍, ആള്‍ദൈവം, ജ്യോതിഷം, റിയല്‍ എസ്റ്റേറ്റ് , വോഡാഫോണ്‍ കോമഡി, പൂവള്ളി ഇന്ദുചൂടന്, ജോയ് ആലൂക്കാസ്, കല്യാണ്‍(വിശ്വാസം അതല്ലേ എല്ലാം)തുടങ്ങി കേരളീയതയുടെ ആത്മാവിഷ്കാരങ്ങളായ ഘടകങ്ങള്‍ ഇവയാണെന്നിരിക്കേ, എന്തിനീ കോലാഹലങ്ങള്‍, ആര് ശ്രദ്ധിക്കാന്‍ ഇതൊക്കെ? എന്താ ഇന്ത്യയെ ലോകശക്തിയാകാനും വിടില്ലെന്നാണോ? സഖാക്കളേ ഹര്‍ത്താലുകളും കവലപ്രസംഗംകളും ഈ നാട്ടുകാരില്‍ യാതൊരു ചലനവും ഉണ്ടാക്കന്‍ പ്രാപ്തമല്ല എന്നു മാത്രമല്ല ഫലം വിപരീതമേ ആകൂ. താഴേക്കിടയിലുള്ളവരെ ഒരു വ്യാജസ്വര്ഗ്ഗത്തില് ആക്കി അവരുടെ പിന്തുണ ആര്‍ജ്ജിക്കാന്‍ ഒരുപക്ഷേ, ഇതുപകരിച്ചേക്കും. ഇനി അതുതന്നെയാണോ ഉദ്ദേശം! അല്ല ഒരു സംശയം, വിപ്ലവം കൊറെ നടത്തി, എല്ലാവരേയും ചെഞ്ചായത്തില്‍ മുക്കിയെടുക്കുകയും ചെയ്തു, അവിടെ തീര്‍ന്നോ വിപ്ലവം! 1950 ലെ ദളിതന് തന്നെ 2010ലും! അല്ലേ? എങ്കില്‍ സഖാക്കളെ നിങ്ങളിനി ഉദ്ധരിക്കല്‍ നിര്‍ത്തണം. "അയ്യൊ ഞങ്ങളില്ലെങ്കില്‍ അവരുടെ കാര്യം" എന്ന് ആരും പേടിക്കണ്ടാ. താഴേക്കിടയിലും താഴെ എന്ന ഒന്ന് ഇല്ലല്ലോ!
Post a Comment