Monday, February 15, 2010

തളരാത്ത പോരാളി

തളരാത്ത പോരാളി

പാലോളി മുഹമ്മദ്കുട്ടി

കമ്യൂണിസ്റ്റുകാരന്റെ ആശയഗരിമയും സംഘടനാദൃഢതയും ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അന്തരിച്ച കെ സെയ്താലിക്കുട്ടി. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്ത കമ്യൂണിസ്റ്റുകാരനായിരിക്കെത്തന്നെ ഇതര ജനവിഭാഗങ്ങളുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് പരിഹാരംകാണാന്‍ മുന്‍നിരയില്‍നിന്ന് പൊരുതാനും അദ്ദേഹമുണ്ടായിരുന്നു. ഏറനാട്ടുകാരന്റെ സ്വഭാവഗുണങ്ങളാണ് സെയ്താലിക്കുട്ടിയെ തുടക്കത്തില്‍ പരുവപ്പെടുത്തിയത്. പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി നേതാവായി മാറിയപ്പോഴും ആ 'നാടത്വം' അദ്ദേഹം കൈവിട്ടില്ല. അതുകൊണ്ടുതന്നെ സമപ്രായക്കാര്‍ക്കും കൊച്ചുകുട്ടികള്‍ക്കും അദ്ദേഹം സ്വന്തം സെയ്താലിക്കുട്ടിക്കയാണ്.

1951ലാണ് ഞാന്‍ സെയ്താലിക്കുട്ടിയുമായി പരിചയപ്പെടുന്നത്. പാര്‍ടി നിരോധിച്ച കാലമായിരുന്നത്. നേതാക്കളെല്ലാം ഒളിവില്‍. അതിനിടെ പാര്‍ടിക്കനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ വിധി വന്നു. അതോടെ രഹസ്യ പ്രവര്‍ത്തനം നിര്‍ത്തി പാര്‍ടി പരസ്യപ്രവര്‍ത്തനം തുടങ്ങി. കമ്യൂണിസ്റ്റ് നേതാവായിരുന്ന പരപ്പനങ്ങാടിയിലെ കോയകുഞ്ഞിനഹയുടെ നേതൃത്വത്തില്‍ മഞ്ചേരിയിലെ താലൂക്ക് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒരു സമരം നടന്നു. ഏറനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പുറപ്പെട്ട ഒരു ജാഥക്ക് നേതൃത്വം നല്‍കിയത് സെയ്താലിക്കുട്ടിയായിരുന്നു. ജാഥയില്‍ മെഗഫോണില്‍ മുദ്രാവാക്യം വിളിച്ചുകൊടുത്ത സെയ്താലിക്കുട്ടിയെ ആരുമൊന്ന് ശ്രദ്ധിക്കും. അത്രയ്ക്കും ഊര്‍ജസ്വലനായ യുവാവ്. ഞാനന്ന് വള്ളുവനാട് താലൂക്കില്‍പ്പെട്ട കോഡൂരില്‍ പാര്‍ടി സെല്‍ സെക്രട്ടറിയായിരുന്നു. സെയ്താലിക്കുട്ടി ഏറനാട് താലൂക്കില്‍പ്പെട്ട കൊണ്ടോട്ടി പാര്‍ടി ഘടകത്തിലെ അംഗവും. അന്ന് വള്ളുവനാട് പാലക്കാട് ജില്ലയുടെ ഭാഗവും ഏറനാട് കോഴിക്കോട് ജില്ലയുടെ ഭാഗവുമായിരുന്നു. എങ്കിലും മഞ്ചേരി, മലപ്പുറം ഭാഗങ്ങളിലെ വിവിധ പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കിടെ ഞങ്ങള്‍ കണ്ടുമുട്ടും. പിന്നീട് 1969ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതോടെ ഞങ്ങളുടെ പ്രവര്‍ത്തനം ഒരേ ഘടകത്തിലായി. ഞാന്‍ പാര്‍ടി ജില്ലാ സെക്രട്ടറിയും അദ്ദേഹം സെക്രട്ടറിയറ്റ് അംഗവും. 1986ല്‍ ഞാന്‍ സംസ്ഥന സെക്രട്ടറിയറ്റ് അംഗമായപ്പോള്‍ സെയ്താലിക്കുട്ടി ജില്ലാ സെക്രട്ടറിയായി. രണ്ട് ഘടകങ്ങളിലായിരുന്നെങ്കിലും മലപ്പുറത്തെ പാര്‍ടിയെ നയിക്കുന്നതില്‍ ഞങ്ങള്‍ ഒരുമിച്ചുനീങ്ങി. ആ ബന്ധം മരണംവരെ തുടര്‍ന്നു. ഏത് കാര്യങ്ങളിലും തീരുമാനമെടുക്കും മുമ്പ് അദ്ദേഹം ഞാനുമായി സംസാരിക്കുമായിരുന്നു.

കമ്യൂണിസ്റ്റുകാരനായതിന് ഇത്രയേറെ ത്യാഗം സഹിച്ച നേതാക്കള്‍ വിരളമാണ്. ഒരു മുസ്ളിം കമ്യൂണിസ്റ്റുകാരനാകുന്നത് പിശാചായതിന് തുല്യമായാണ് അക്കാലത്ത് സമുദായ പ്രമാണിമാര്‍ കണ്ടിരുന്നത്. അതിനാല്‍ നാട്ടുപ്രമാണിമാരും മത-സാമുദായ നേതാക്കളും അദ്ദേഹത്തെ വേട്ടയാടുകയായിരുന്നു.കുട്ടിക്കാലത്ത് ബാലസംഘം രൂപീകരിച്ചതിന് അധ്യാപകനില്‍നിന്ന് അടിവാങ്ങി സ്കൂളില്‍നിന്ന് പുറത്താക്കപ്പെട്ട ആളാണ് അദ്ദേഹം. പിന്നീട് കൊണ്ടോട്ടിയിലെ പാര്‍ടി ഓഫീസില്‍ സ്ഥിരം സന്ദര്‍ശകനായി. അക്കാലത്തെ ഏറനാട്ടിലെ പാര്‍ടി നേതാവ് എടക്കോട്ട് മുഹമ്മദാണ് സെയ്താലിക്കുട്ടിയിലെ കമ്യൂണിസ്റ്റ്കാരനെ തിരിച്ചറിഞ്ഞത്. രക്തസാക്ഷി കുഞ്ഞാലി, സാധു പി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ സഹപ്രവര്‍ത്തകരായുമുണ്ടായിരുന്നു. ഏറനാട്ടിലെ കര്‍ഷകര്‍ അനുഭവിച്ച ദുരിതങ്ങളായിരുന്നു അദ്ദേഹത്തെ കമ്യൂണിസ്റ്റുകാരനാക്കിയത്. ആ മനസ്സില്‍ സാധാരണക്കാരോടുള്ള അനുകമ്പ പലപ്പോഴും എനിക്ക് നേരിട്ട് ബോധ്യമായിട്ടുണ്ട്. ഏറനാട്ടില്‍ അത്രവലിയ ചൂഷണമായിരുന്നു സാധാരണക്കാര്‍ നേരിട്ടത്. അതിനാല്‍ ജന്മിത്വത്തിനും ബ്രിട്ടീഷ് ഭരണത്തിന്റെ കൊടും ചൂഷണത്തിനുമെതിരെ അദ്ദേഹം പൊരുതി. ജാപ്പ് വിരുദ്ധ സമരം നയിച്ച് പ്രക്ഷോഭകാരിയായി മാറിയ സെയ്താലിക്കുട്ടി ഹരിജനങ്ങള്‍ക്കായും സമരം നയിച്ചു. മുസ്ളിം പ്രമാണിമാര്‍ക്കെതിരായ സമരം ഏറ്റെടുത്തതോടെ സാമുദായിക നേതാക്കള്‍ക്ക് അടങ്ങിയിരിക്കാനായില്ല. അവരുടെ പക ഇരട്ടിച്ചു. പക്ഷേ, എല്ലാ എതിര്‍പ്പുകളും നേരിടാന്‍ അദ്ദേഹത്തിന് കരുത്തുണ്ടായിരുന്നു. പൌരോഹിത്യത്തിന്റെ വിലക്കുകള്‍ക്കും ഫത്വകള്‍ക്കും മുമ്പില്‍ അദ്ദഹം കീഴടങ്ങിയില്ല. നാട്ടുപ്രമാണിമാരുടെ അക്രമങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ പതറിയതുമില്ല. സാമൂഹ്യ ജീവിതത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ കുടുംബജീവിതം ഇല്ലാതാക്കാനായി കമ്യുണിസ്റ്റ് തിമിരം ബാധിച്ച പുരോഹിതന്മാരുടെ നീക്കം. ഇതിനാല്‍ അദ്ദേഹത്തിന് ഏറെക്കാലം ഭാര്യയുമായുള്ള ബന്ധം തുടരാനായില്ല. പക്ഷേ അതിനൊന്നും മുമ്പില്‍ കീഴടങ്ങാതെ തന്റേടത്തോടെ പാര്‍ടികൊടി ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം മുന്നോട്ട് പോയി. ആ ധീരതയും തന്റേടവുമാണ് സെയ്താലിക്കുട്ടിയുടെ എക്കാലത്തേയും സവിശേഷത.

മലപ്പുറം ജില്ലയില്‍ പാര്‍ടിയെ നയിക്കുന്നതിനിടെ മുസ്ളിംലീഗ് ഉള്‍പ്പെടെയുള്ളവരില്‍നിന്ന് ഒട്ടേറെ കായികാക്രമണങ്ങള്‍ പാര്‍ടി പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ധീരമായ ഇടപെടലാണ് സെയ്താലിക്കുട്ടി നടത്തിയത്. ഏത് സംഘര്‍ഷ മേഖലയിലും ധീരനായി അദ്ദേഹം പാഞ്ഞെത്തും. അക്രമികള്‍ക്ക് ശക്തമായ താക്കീതു നല്‍കുന്നതിന് ഒരു മടിയും കാണിക്കാറില്ല. അതേസമയം സംഘര്‍ഷം വളര്‍ത്താതെ സമാധാനം സ്ഥാപിക്കുന്നതിനായിരിക്കും പ്രഥമ പരിഗണന. ഇതിലൂടെ രണ്ട് സന്ദേശമാണ് നല്‍കുക. അക്രമംകൊണ്ടും ഭീഷണികൊണ്ടും കമ്യൂണിസ്റ്റ്കാരെ നിശബ്ദരാക്കാമെന്ന് എതിരാളികള്‍ കരുതേണ്ടെന്നതാണ് ഒരു സന്ദേശം. സമാധാനം സംരക്ഷിക്കാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധമാണെന്നതാണ് മറ്റൊന്ന്. ആ തന്റേടം പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. സിപിഐഎമ്മിനെ ഇന്ന് മലപ്പുറം ജില്ലയിലെ ഏറ്റവും കരുത്തുള്ള പാര്‍ടിയാക്കിയത് അദ്ദേഹത്തിന്റെ ഈ നേതൃപാടവമാണ്.

സെയ്താലിക്കുട്ടിയെ പരുക്കനെന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ അദ്ദേഹവുമായി ഒരിക്കലെങ്കിലും ബന്ധപ്പെടുന്നവര്‍ക്ക് ആ മനസ്സിന്റെ സ്നേഹവും നൈര്‍മല്യവും നേരിട്ടറിയാം. നാട്യങ്ങള്‍ തെല്ലുമില്ലാത്ത തനി ഏറനാട്ടുകാരനാണദ്ദേഹം. ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. രാഷ്ട്രീയ വ്യത്യാസമില്ലാതെ ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാമായിരുന്നു. ന്യായമാണെങ്കില്‍ പാര്‍ടി നോക്കാതെ സഹായിക്കും. ദീര്‍ഘകാലം ആര്‍ ടിഎ അംഗമായിരുന്ന കാലത്ത് ഒരു പരാതിക്കും അദ്ദേഹം ഇടം നല്‍കിയില്ല. വിവിധ പാര്‍ടിക്കാര്‍ തമ്മിലുള്ള പ്രദേശിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലും ഒരു നാട്ടുകാരണവരെപ്പോലെ സെയ്താലിക്കുട്ടി ഓടി നടക്കും.

പാര്‍ലമെന്റ് രംഗത്തേക്കാള്‍ സംഘടനാ പ്രവര്‍ത്തന രംഗമായിരുന്നു സെയ്താലിക്കുട്ടിക്ക് പ്രിയം. ട്രേഡ്യൂണിയന്‍ രംഗത്തും നേതൃപാടവം തെളിയിച്ചിട്ടുണ്ട്. 1948ല്‍ കോഴിക്കോട്ട് പ്രമുഖ പ്രമുഖ തൊഴിലാളി നേതാവ് ശേഖരന്‍ പങ്കെടുത്ത ബീഡിത്തൊഴിലാളി യോഗത്തില്‍ യൂണിയന്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്താണ് സെയ്താലിക്കുട്ടി ട്രേഡ്യൂണിയന്‍ രംഗത്ത് സജീവമായത്. തുടര്‍ന്ന് ബീഡിത്തൊഴിലാളികള്‍ക്കായി ഒട്ടേറെ സമരത്തിന് നേതൃത്വം നല്‍കി. മലപ്പുറം ജില്ല രൂപീകരിച്ചതോടെ സിഐടിയുവിന്റെ ആദ്യ ജില്ലാ സെക്രട്ടറിയായി. പാര്‍ടി ജില്ലാ സെക്രട്ടറിയായതോടെ ദീര്‍ഘകാലം സിഐടിയു ജില്ലാ പ്രസിഡന്റായി തുടര്‍ന്നു. മദ്യവ്യവസായ തൊഴിലാളിയൂണിയന്‍ പ്രസിഡന്റുമായിരുന്നു. മത സാമുദായിക ശക്തികളുടെ കേന്ദ്രത്തിലാണിതെന്ന് ഓര്‍ക്കണം.

മലബാറില്‍ കമ്യൂണിസ്റ്റ് പാര്‍ടി ശക്തിപ്പെട്ടുവന്നിരുന്ന ആദ്യകാലങ്ങളില്‍ മലപ്പുറം ജില്ലയില്‍ പാര്‍ടി വളര്‍ച്ച അത്രയും വേഗതയിലായിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചക്ക് ഏറ്റവും പാകപ്പെട്ട മണ്ണാണ് മലപ്പുറത്തിന്റേത്. ജന്മിത്വവും സാമ്രാജ്യത്വവും പൌരോഹിത്യവും സൃഷ്ടിച്ച അന്ധകാരത്തില്‍ ദുരിത ജീവിതമായിരുന്നു ജനങ്ങള്‍ നയിച്ചത്. ഇതിനെതിരായ പ്രതിഷേധാഗ്നിയായിരുന്നു ഏറനാട്ടിലും വള്ളുവനാട്ടിലും കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍. എന്നാല്‍ 1921ലെ മലബാര്‍ കലാപശേഷം സാധാരണ ജനങ്ങളുടെ മത വിശ്വാസം ചൂഷണം ചെയ്ത മുസ്ളിംലീഗും ഇതര സമുദായ സംഘടനകളും ജനങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുമായി അടുക്കുന്നത് തടുത്തു. ഇതിനായി മതത്തെ ദുരുപയോഗിച്ചു. കേരളപ്പിറവിക്കുശേഷം ജനങ്ങളുടെ പരോഗമന ചിന്തകള്‍ക്ക് തടയിടാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ അത്തരം ശക്തികള്‍ തുടര്‍ന്നു. എന്നാല്‍ ഈ വിലക്കുകളും മറ്റും തൃണവല്‍ഗണിച്ച് ധാരാളം മുസ്ളിം യുവാക്കള്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കാകൃഷ്ടരായി. അങ്ങനെ കടന്നുവന്നരായിരുന്നു പില്‍ക്കാലത്ത് പാര്‍ടി നേതൃത്വത്തിലേക്ക് ഉയര്‍ന്ന ഈയുള്ളവന്‍ ഉള്‍പ്പെടെ. എടക്കോട്ട് മുഹമ്മദ്, കുഞ്ഞാലി, ഇമ്പിച്ചിബാവ, സാധു പി അഹമ്മദ്കുട്ടി, ഇസ്ഹാഖ് തുടങ്ങിയവരും അക്കാലത്ത് കൊടും പീഡനം സഹിച്ച് കടന്നുവന്നവരാണ്. അവരില്‍ മുന്‍നിരയില്‍ സെയ്താലിക്കുട്ടിയുമുണ്ടായിരുന്നു.

ഇന്ന് മലപ്പുറം ജില്ലയില്‍ ഏറ്റവും വളര്‍ച്ചയുള്ള പാര്‍ടി സിപിഐ എമ്മാണ്. എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ ആശ്രയമായി പാര്‍ടിയെ കാണുന്നു. ഈ മാറ്റത്തിന് പിന്നില്‍ ജില്ലയില്‍ പാര്‍ടിയെ ഏറെക്കാലം നയിച്ച സെയ്താലിക്കുട്ടിയുടെ പങ്ക് വലുതാണ്. അദ്ദേഹത്തിന്റെ വിയോഗം നമ്മെ നൊമ്പരപ്പെടുത്തുേമ്പോഴും ആ ജീവിതത്തിന്റെ പ്രകാശം വരുംകാലത്തും നമുക്ക് തുണയേകും.ി

തയാറാക്കിയത് : റഷീദ് ആനപ്പുറം

1 comment:

ജനശബ്ദം said...