Tuesday, February 9, 2010

ആ ഭൂമി ആദിവാസികളുടേത്.

ആ ഭൂമി ആദിവാസികളുടേത്


വന്‍കിട ഭൂമികൈയേറ്റക്കാരുടെ പേര് പ്രസിദ്ധീകരിക്കാന്‍ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും വെല്ലുവിളിച്ചതായി കണ്ടു. യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍മുതല്‍ യുഡിഎഫില്‍ ചേക്കേറിയ എം പി വീരേന്ദ്രകുമാര്‍വരെ അക്കൂട്ടത്തില്‍പ്പെടും. മൂന്നാറില്‍ മാത്രമല്ല വന്‍കിടക്കാര്‍ കൈയേറിയ ഭൂമി ഏറ്റെടുക്കുകയും ഭൂരഹിതര്‍ക്ക് നല്‍കുകയും ചെയ്യുക എന്നതാണ് എല്‍ഡിഎഫ് നയം. കുടിയേറ്റക്കാരുടെ ഭൂപ്രശ്നം പരിഹരിക്കാന്‍ ശരിയായ നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷം ആദിവാസികള്‍ ഉള്‍പ്പെടെ 1,02,000 കുടുംബത്തിന് 30,000 ഏക്കര്‍ ഭൂമി വിതരണംചെയ്തു. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ 3000 കുടുംബത്തിനു മാത്രമാണ് വിതരണംചെയ്തത്. ഭൂമാഫിയകളുടെ കൈയില്‍നിന്ന് പിടിച്ചെടുത്ത 17,000 ഏക്കര്‍ ഭൂമി ഇപ്പോള്‍ ലാന്‍ഡ് ബാങ്കിന്റെ കൈവശമുണ്ട്. യുഡിഎഫ് ഒരിഞ്ചുഭൂമിപോലും കൈയേറ്റക്കാരില്‍നിന്ന് പിടിച്ചെടുത്തില്ല. മാത്രമല്ല, ഭൂമി കൈയേറാന്‍ യുഡിഎഫ് നേതാക്കളടക്കമുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുകയുംചെയ്തു. വലതുപക്ഷം വന്‍കിട കൈയേറ്റക്കാര്‍ക്കൊപ്പമാണ് നിന്നത്. ഇടതുപക്ഷം കുടിയേറ്റക്കാരോടും ഭൂരഹിതരോടും പ്രതിബദ്ധത കാട്ടി. എന്നാല്‍, ഭൂമികൈയേറ്റക്കാരുടെ പാര്‍ടിയായി സിപിഐ എമ്മിനെ ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ സ്വന്തം പത്രത്തെ ഉപയോഗിച്ചും അസംബന്ധ പ്രസംഗങ്ങളിലൂടെയും വലിയ സംഭാവന നല്‍കിയ ആളാണ് എം പി വീരേന്ദ്രകുമാര്‍. വയനാട്ടിലെ ആദിവാസികള്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവച്ചാണ് ഇക്കാലമത്രയും വീരേന്ദ്രകുമാര്‍ ഏത് പക്ഷത്തിരിക്കുമ്പോഴും ഈ പണി നടത്തിയത് എന്നത് പരമപുച്ഛത്തോടെയേ കാണാനാകൂ. മൂന്നാറിലും മറ്റും ഭൂമി കൈയേറിയതിനെതിരെ ഗവമെന്റ് നടപടി സ്വീകരിച്ച ഘട്ടത്തില്‍ത്തന്നെ ദേശാഭിമാനി വയനാട്ടിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് തുടര്‍ച്ചയായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യാവിഷനെപ്പോലുള്ള ചാനലുകള്‍ വയനാട്ടില്‍പ്പോയി ദൃശ്യങ്ങളെടുത്തെങ്കിലും വെളിച്ചം കണ്ടില്ല. ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 703/1ല്‍ എംഎല്‍എകൂടിയായ എം വി ശ്രേയാംസ്കുമാര്‍ കൈവശംവയ്ക്കുന്ന 16.75 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഒപ്പിട്ട 2009 സെപ്തംബര്‍ ഒമ്പതിന് ജി.ഒ.എം.എസ് 291/07-ാം നമ്പര്‍ റവന്യൂവകുപ്പിന്റെ ഉത്തരവ് ഭൂമി കൈയേറ്റക്കാരെ തുറന്നുകാട്ടുന്നതാണ്. എം വി ശ്രേയാംസ്കുമാറിന്റെ സ്വന്തം വകയോ കുടുംബവകയോ സ്വത്തല്ല കൃഷ്ണഗിരിയിലേതെന്ന് അദ്ദേഹംതന്നെ പ്രസ്താവനയില്‍ സമ്മതിച്ചിട്ടുണ്ട്. 1964ലെ കേരള ഭൂമി പതിവ് ചട്ടം 15 ഉപചട്ടം 1 ബി അനുസരിച്ചാണ് ഈ ഭൂമി പതിച്ചുകിട്ടാന്‍ ശ്രേയാംസ്കുമാര്‍ ഹര്‍ജി നല്‍കിയത്. മാതൃഭൂമിയിലെ ഫെബ്രുവരി ഏഴിന്റെ പ്രസ്താവനയില്‍ 'കൈയേറിയതല്ല തന്റെ കൈവശത്തിലുള്ളതാണ് ഭൂമി'യെന്ന് ശ്രേയാംസ്കുമാര്‍ പറയുന്നു. പിതൃസ്വത്താണെങ്കില്‍ എന്തിനാണ് പതിച്ചുകിട്ടാന്‍ അപേക്ഷ നല്‍കിയത്? ഈ ഹര്‍ജി നിരസിച്ചുകൊണ്ടാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്. തന്റെ പക്കലുണ്ടെന്ന് ശ്രേയാംസ് അവകാശപ്പെടുന്ന എല്ലാ തെളിവും തഹസില്‍ദാര്‍മുതല്‍ റവന്യൂ പ്രിന്‍സിപ്പല്‍സെക്രട്ടറിവരെയുള്ള അര്‍ധജുഡീഷ്യല്‍ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് ഭൂമി സര്‍ക്കാരിന്റേതാണെന്ന് തീര്‍പ്പുകല്‍പ്പിച്ചത്. ശ്രേയാംസ്കുമാറിന്റെ കൈവശം 62.23 ഏക്കര്‍ കരഭൂമി ഉണ്ടെന്നും ഈ ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകളൊന്നുമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ ഭൂമിയില്‍ നാലുമുറിയുള്ള കെട്ടിടമുണ്ടെന്നും സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ഇത് വാടകയ്ക്ക് കൊടുത്തിരിക്കുന്നതായും വയനാട് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 1964ലെ കേരളഭൂമി പതിവ് ചട്ടപ്രകാരം സമതലപ്രദേശങ്ങളില്‍ 50 സെന്റുവരെയും മലയോരങ്ങളില്‍ ഒരേക്കര്‍വരെയും ഭൂമി പതിച്ചു നല്‍കാന്‍ മാത്രമേ വ്യവസ്ഥയുള്ളൂ. അതില്‍ കൂടുതല്‍ വരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണെങ്കില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ വിവേചനാധികാരത്തിലൂടെ ഭൂമി പതിച്ച് നല്‍കാമെന്ന് ചട്ടം 24 അനുശാസിക്കുന്നു. ശ്രേയാംസ്കുമാറിന്റെ അപേക്ഷയില്‍ പൊതുതാല്‍പ്പര്യം ഇല്ലാത്തതിനാല്‍ പതിച്ച് നല്‍കേണ്ടതില്ലെന്നും തുടര്‍നടപടി സ്വീകരിക്കണമെന്നും കലക്ടറോട് ഉത്തരവില്‍ ആവശ്യപ്പെടുന്നു. എന്തുകൊണ്ട് കലക്ടര്‍ നടപടിയെടുത്തില്ല എന്നതിന് എംഎല്‍എകൂടിയായ ശ്രേയാംസ്കുമാര്‍തന്നെ മറുപടി പറയുന്നതായിരിക്കും നല്ലത്. വന്‍കിട ഭൂവുടമകള്‍ക്ക് സര്‍ക്കാര്‍ഭൂമി പതിച്ചുകിട്ടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്. എം പി വീരേന്ദ്രകുമാറിനും കുടുംബത്തിനുമാകെ 1000 ഏക്കര്‍ ഭൂമിയിലേറെ കൈവശമുണ്ടെന്ന് പലപ്പോഴും വീരേന്ദ്രകുമാര്‍തന്നെ തുറന്നുപറയുന്നു. 'ഭൂമി പതിച്ചു നല്‍കല്‍' നിയമം ഭൂരഹിതര്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും ഭൂമി നല്‍കാനാണ് കൊണ്ടുവന്നത്. ശ്രേയാംസ്കുമാറിന്റെ ഭൂമി സിപിഐ എമ്മുകാര്‍ കൈയേറിയെന്ന മാതൃഭൂമിയുടെ കണ്ടുപിടിത്തം അപാരമാണ്. 1966ല്‍ എം പി വീരേന്ദ്രകുമാര്‍ ഈ ഭൂമി പതിച്ചുകിട്ടാന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിരുന്നെന്ന് പ്രസ്തുത പത്രംതന്നെ വ്യക്തമാക്കുന്നു. അക്കാലത്ത് ഭൂമി പതിച്ച് കിട്ടിയിട്ടുമില്ല. പിന്നീട് പതിച്ചുകിട്ടാന്‍ അപേക്ഷ കൊടുക്കുന്നത് എം വി ശ്രേയാംസ്കുമാറാണ്. നിയമാനുസൃതം അത് നിരസിക്കുകയും സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ആ ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യംചെയ്തപ്പോഴാകട്ടെ 2008 ഫെബ്രുവരി 12ന് സര്‍ക്കാര്‍ ഉത്തരവ് ശരിവയ്ക്കുകയും ഭൂമി കൈയേറിയവരില്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. "ഭൂമിയുമായി ബന്ധപ്പെട്ട സിവില്‍ കേസ് ബത്തേരി കോടതിയില്‍ നടന്നുവരുന്നു. ഭൂമി സംബന്ധിച്ച് എന്തെങ്കിലും നടപടി സ്വീകരിക്കുന്നതിനെതിരെ താല്‍ക്കാലിക ഇഞ്ചങ്ഷനും നിലവിലുണ്ടെ''ന്നാണ് ശ്രേയാംസ്കുമാര്‍ പറയുന്നത്. ഇത് വാസ്തവവിരുദ്ധമാണ്. കീഴ്ക്കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ 2009 ഫെബ്രുവരി മൂന്നിന് ഹൈക്കോടതിയില്‍ റിവ്യൂ ഹര്‍ജി കൊടുത്തത് എന്തിന്? കോടതിവിധി സര്‍ക്കാരോ മറ്റാരെങ്കിലും ലംഘിച്ചെങ്കില്‍ കോടതി അലക്ഷ്യകേസെടുക്കുകയല്ലേ വേണ്ടത്. ബത്തേരി കോടതിയില്‍ ആദിവാസിയായ രവി ഛ.ട. 142/07 നമ്പര്‍ പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കേണ്ടുന്ന ഭൂമി അനധികൃതമായി ഒരു ജനപ്രതിനിധിതന്നെ കൈവശപ്പെടുത്തിയിട്ടുണ്ടെന്നും അത് പിടിച്ചെടുത്ത് ഭൂരഹിതരായ തങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൈയേറ്റ ഭൂമിയാണെങ്കില്‍ എന്തുകൊണ്ട് എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലുണ്ടായിരുന്ന സമയത്ത് ഏറ്റെടുത്തില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ ചോദിക്കുന്നത്. 2005ല്‍ നിയമസഭയില്‍ കോഗ്രസ് അംഗം പി ടി തോമസിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ യുഡിഎഫ് സര്‍ക്കാര്‍തന്നെ കൃഷ്ണഗിരി വില്ലേജിലെ സര്‍വെ നമ്പര്‍ 703/1ല്‍പ്പെടുന്ന 16.75 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നും എം പി വീരേന്ദ്രന്റെ കുടുംബം അനധികൃതമായി കൈയേറിയിരിക്കുകയാണെന്നും ടിയാന്‍ നികുതി അടയ്ക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ നടപടി സ്വീകരിച്ചില്ല. ഉത്തരം പറയേണ്ടത് ഉമ്മന്‍ചാണ്ടിയാണ്. ഭൂമി കൈയേറ്റത്തെക്കുറിച്ച് പ്രസ്താവനാ യുദ്ധം നടത്തിയ കെ കെ രാമചന്ദ്രന്‍ മാസ്ററാകട്ടെ മൌനത്തിലാണ്. എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലുണ്ടാകുമ്പോള്‍ ഭൂമി കൈയേറ്റം; യുഡിഎഫില്‍ ചേര്‍ന്നാല്‍ 'നല്ല ഭൂമി'യും 'സല്‍സ്വഭാവ'വും. കൈയേറിയത് സര്‍ക്കാര്‍ ഭൂമിയാണെന്ന് വസ്തുതകള്‍ സഹിതം വ്യക്തമാക്കപ്പെട്ടിട്ടും മുട്ടുന്യായവുംകൊണ്ടിറങ്ങുകയാണ്. വീരേന്ദ്രകുമാറും കുടുംബവും വയനാട്ടില്‍ കൈയേറിയ ഭൂമി കൃഷ്ണഗിരി വില്ലേജില്‍ മാത്രമല്ല. ശ്രീ പുറക്കാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ 2008 മെയ് എട്ടിന് 'ദി മദ്രാസ് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (അമെന്‍ഡ്മെന്റ്) ഓര്‍ഡിനന്‍സ് പ്രകാരം ബത്തേരിതാലൂക്കിലെ പുറക്കാടി വില്ലേജില്‍ 19/13, 19/41 സര്‍വേ നമ്പരുകളില്‍പ്പെട്ട 72.97 ഏക്കര്‍ സ്ഥലം മാതൃഭൂമി മാനേജിങ് എഡിറ്ററും ഭാര്യയും അനധികൃതമായി കൈവശംവയ്ക്കുന്നെന്നും ഈ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഹിന്ദുധര്‍മ സ്ഥാപന ഭരണവകുപ്പ് കോഴിക്കോട് ഡിവിഷന്‍ സ്പെഷ്യല്‍ ടീം നടത്തിയ അന്വേഷണത്തിലാണ് ദേവസ്വം ഭൂമി കൈയേറിയതായി കണ്ടെത്തിയത്. വീരേന്ദ്രകുമാറിന്റെ പിതാവ് പത്മപ്രഭഗൌഡരാകട്ടെ പാട്ടക്കരാര്‍ ഒഴിയാന്‍ കാശുവാങ്ങി ഭൂമിയില്‍ ഒരു അവകാശവുമില്ലെന്ന് 1956 ജൂ 18ന് വൈത്തിരി സബ്രജിസ്ട്രാര്‍ ഓഫീസില്‍ അന്നത്തെ ദേവസ്വം മാനേജരായിരുന്ന കുമ്പത്തൊടി ബാലകൃഷ്ണന്‍നായര്‍ക്ക് 10,008 രൂപ പ്രതിഫലം പറ്റി ആധാരം കൈമാറിയിരുന്നു. പിന്നെ എങ്ങനെ ദേവസ്വം ഭൂമി സ്വന്തമായി? കല്‍പ്പറ്റ പുളിയാര്‍മലയിലെ എം പി വീരേന്ദ്രകുമാറിന്റെ വീട് സ്ഥിതിചെയ്യുന്ന സ്ഥലംപോലും റവന്യൂ ഭൂമിയാണെന്ന ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്. ജില്ലാ ഭരണകൂടം വയനാട്ടിലെ വന്‍കിട ഭൂമികൈയേറ്റം സംബന്ധിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ലിസ്റില്‍ കല്‍പ്പറ്റ-മാനന്തവാടി ദേശീയപാതയിലെ കോടികള്‍ വിലമതിക്കുന്ന കല്‍പ്പറ്റ വില്ലേജിലെ ബ്ളോക്ക് നമ്പര്‍ 18ല്‍ 343 റീസര്‍വേ നമ്പരില്‍പ്പെട്ട 33.72 ഹെക്ടര്‍ ഭൂമികൂടിപ്പെടുന്നു. ഇത്തരം ഭൂമികൈയേറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടത്. ഭൂമിക്കുവേണ്ടിയുള്ള സമരത്തില്‍ ആദിവാസികള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി വിതരണം ചെയ്യാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ ഇടതുപക്ഷസര്‍ക്കാര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാം.
എം വി ജയരാജന്‍

3 comments:

ജനശബ്ദം said...

ആ ഭൂമി ആദിവാസികളുടേത്
എം വി ജയരാജന്‍
വന്‍കിട ഭൂമികൈയേറ്റക്കാരുടെ പേര് പ്രസിദ്ധീകരിക്കാന്‍ പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും വെല്ലുവിളിച്ചതായി കണ്ടു. യുഡിഎഫ് കവീനര്‍ പി പി തങ്കച്ചന്‍മുതല്‍ യുഡിഎഫില്‍ ചേക്കേറിയ എം പി വീരേന്ദ്രകുമാര്‍വരെ അക്കൂട്ടത്തില്‍പ്പെടും. മൂന്നാറില്‍ മാത്രമല്ല വന്‍കിടക്കാര്‍ കൈയേറിയ ഭൂമി ഏറ്റെടുക്കുകയും ഭൂരഹിതര്‍ക്ക് നല്‍കുകയും ചെയ്യുക എന്നതാണ് എല്‍ഡിഎഫ് നയം. കുടിയേറ്റക്കാരുടെ ഭൂപ്രശ്നം പരിഹരിക്കാന്‍ ശരിയായ നിലപാടാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷം ആദിവാസികള്‍ ഉള്‍പ്പെടെ 1,02,000 കുടുംബത്തിന് 30,000 ഏക്കര്‍ ഭൂമി വിതരണംചെയ്തു. യുഡിഎഫ് അഞ്ചുവര്‍ഷം ഭരിച്ചപ്പോള്‍ 3000 കുടുംബത്തിനു മാത്രമാണ് വിതരണംചെയ്തത്. ഭൂമാഫിയകളുടെ കൈയില്‍നിന്ന് പിടിച്ചെടുത്ത 17,000 ഏക്കര്‍ ഭൂമി ഇപ്പോള്‍ ലാന്‍ഡ് ബാങ്കിന്റെ കൈവശമുണ്ട്. യുഡിഎഫ് ഒരിഞ്ചുഭൂമിപോലും കൈയേറ്റക്കാരില്‍നിന്ന് പിടിച്ചെടുത്തില്ല. മാത്രമല്ല, ഭൂമി കൈയേറാന്‍ യുഡിഎഫ് നേതാക്കളടക്കമുള്ളവര്‍ക്ക് പ്രോത്സാഹനം നല്‍കുകയുംചെയ്തു. വലതുപക്ഷം വന്‍കിട കൈയേറ്റക്കാര്‍ക്കൊപ്പമാണ് നിന്നത്. ഇടതുപക്ഷം കുടിയേറ്റക്കാരോടും ഭൂരഹിതരോടും പ്രതിബദ്ധത കാട്ടി. എന്നാല്‍, ഭൂമികൈയേറ്റക്കാരുടെ പാര്‍ടിയായി സിപിഐ എമ്മിനെ ചിത്രീകരിക്കാനാണ് ചിലര്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ സ്വന്തം പത്രത്തെ ഉപയോഗിച്ചും അസംബന്ധ പ്രസംഗങ്ങളിലൂടെയും വലിയ സംഭാവന നല്‍കിയ ആളാണ് എം പി വീരേന്ദ്രകുമാര്‍. വയനാട്ടിലെ ആദിവാസികള്‍ക്ക് അവകാശപ്പെട്ട സര്‍ക്കാര്‍ ഭൂമി കൈയേറി കൈവശംവച്ചാണ് ഇക്കാലമത്രയും വീരേന്ദ്രകുമാര്‍ ഏത് പക്ഷത്തിരിക്കുമ്പോഴും ഈ പണി നടത്തിയത് എന്നത് പരമപുച്ഛത്തോടെയേ കാണാനാകൂ. മൂന്നാറിലും മറ്റും ഭൂമി കൈയേറിയതിനെതിരെ ഗവമെന്റ് നടപടി സ്വീകരിച്ച ഘട്ടത്തില്‍ത്തന്നെ ദേശാഭിമാനി വയനാട്ടിലെ ഭൂമി കൈയേറ്റത്തെക്കുറിച്ച് തുടര്‍ച്ചയായി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യാവിഷനെപ്പോലുള്ള ചാനലുകള്‍ വയനാട്ടില്‍പ്പോയി ദൃശ്യങ്ങളെടുത്തെങ്കിലും വെളിച്ചം കണ്ടില്ല. ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 703/1ല്‍ എംഎല്‍എകൂടിയായ എം വി ശ്രേയാംസ്കുമാര്‍ കൈവശംവയ്ക്കുന്ന 16.75 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍ ഒപ്പിട്ട 2009 സെപ്തംബര്‍ ഒമ്പതിന് ജി.ഒ.എം.എസ് 291/07-ാം നമ്പര്‍ റവന്യൂവകുപ്പിന്റെ ഉത്തരവ് ഭൂമി കൈയേറ്റക്കാരെ തുറന്നുകാട്ടുന്നതാണ്. എം വി ശ്രേയാംസ്കുമാറിന്റെ സ്വന്തം വകയോ കുടുംബവകയോ സ്വത്തല്ല കൃഷ്ണഗിരിയിലേതെന്ന് അദ്ദേഹംതന്നെ പ്രസ്താവനയില്‍ സമ്മതിച്ചിട്ടുണ്ട്. 1964ലെ കേരള ഭൂമി പതിവ് ചട്ടം 15 ഉപചട്ടം 1 ബി അനുസരിച്ചാണ് ഈ ഭൂമി പതിച്ചുകിട്ടാന്‍ ശ്രേയാംസ്കുമാര്‍ ഹര്‍ജി നല്‍കിയത്. മാതൃഭൂമിയിലെ ഫെബ്രുവരി ഏഴിന്റെ പ്രസ്താവനയില്‍ 'കൈയേറിയതല്ല തന്റെ കൈവശത്തിലുള്ളതാണ് ഭൂമി'യെന്ന് ശ്രേയാംസ്കുമാര്‍ പറയുന്നു. പിതൃസ്വത്താണെങ്കില്‍ എന്തിനാണ് പതിച്ചുകിട്ടാന്‍ അപേക്ഷ നല്‍കിയത്? ഈ ഹര്‍ജി നിരസിച്ചുകൊണ്ടാണ് റവന്യൂവകുപ്പിന്റെ ഉത്തരവ്. തന്റെ പക്കലുണ്ടെന്ന് ശ്രേയാംസ് അവകാശപ്പെടുന്ന എല്ലാ തെളിവും തഹസില്‍ദാര്‍മുതല്‍ റവന്യൂ പ്രിന്‍സിപ്പല്‍സെക്രട്ടറിവരെയുള്ള അര്‍ധജുഡീഷ്യല്‍ പദവിയിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധിച്ചാണ് ഭൂമി സര്‍ക്കാരിന്റേതാണെന്ന് തീര്‍പ്പുകല്‍പ്പിച്ചത്. ശ്രേയാംസ്കുമാറിന്റെ കൈവശം 62.23 ഏക്കര്‍ കരഭൂമി ഉണ്ടെന്നും ഈ ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകളൊന്നുമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഈ ഭൂമിയില്‍ നാലുമുറിയുള്ള കെട്ടിടമുണ്ടെന്നും സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ഇത് വാടകയ്ക്ക് കൊടുത്തിരിക്കുന്നതായും വയനാട് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Anonymous said...

ഇപ്പറഞ്ഞ ഉത്തരവൊക്കെ ഉണ്ടായിട്ട്‌ എന്തേ ഇതുവരെ നടപടിയെടുത്തില്ല? ഇപ്രകാരം ഒരു വലിയ കയ്യേറ്റക്കാരനെ അതും ആദിവാസികൾക്ക്‌ അവകാശപ്പെട്ട ഭൂമി കൈവശംവച്ചവനെ ആണോ സി.പി.എം ഉൾപ്പെടെയുള്ളവർ ഇതുവരെ സോഷ്യലിസ്റ്റായി കൊണ്ടാടിയത്‌? ആരാ അങ്ങേരെയും പുത്രനേയും സീറ്റുനൽകി പാർളിമെന്റിലും നിയമസഭയിലും എത്തിച്ചത്‌?

മൂന്നാർ ഒന്നു മുറുകിയപ്പോൾ മാതൃഭൂമിയിൽ വാർത്ത കാര്യമായി വന്നപ്പോൾ ഒരു പണി പുറത്തുപോയ വീരനും ഇട്ടുകൊടുത്തു. മാനന്ദവാടിയിലും ബത്തേരിയിലും എല്ലാം യദേഷ്ടം കയ്യേറ്റങ്ങൾ ഉണ്ട്‌. റിപ്പണിൽ ഹാരിസന്റെ ഭൂമിയും ഒന്ന് പോയി അളന്നുനോക്കുക.പള്ളിക്കാരും മറ്റും കൈവശം വച്ചനുഭവിക്കുന്ന ഭൂമിയിലേക്ക്‌ കാലെടുത്തുകുത്താൻ ധൈര്യം കാണുമോ?


മൂന്നാറിൽ എൽ.ഡി.എഫ്‌ ഭരണം ഏറ്റെടുത്തതിനു ശേഷം എത്രയോ കയ്യേറ്റങ്ങളും അവിടെ നിർമ്മാണങ്ങളും നടന്നു.അതു തടയുവാൻ ഇതുവരെ കഴിഞ്ഞൊ?
ആദ്യം മൂന്നാറിലെ അനധികൃതകയ്യേറ്റം ഒഴിപ്പിക്കുവാൻ നോക്ക്‌.ടാറ്റയുടെയും മറ്റു വങ്കിടകുടിയേറ്റക്കാരുടേയും രൊമത്തെ തൊടാൻ പറ്റില്ല മാഷേ.

ഈ കമന്റ്‌ അസ്വസ്ഥതയുണ്ടാക്കും എന്നതിനാൽ എപ്പോൾ വേണമെങ്കിലും ഡിലീറ്റ്‌ ചെയ്യപ്പെടാം എങ്കിലും മറ്റുള്ളവർ ഒക്കെപൊട്ടന്മാരാണെന്ന് വരുത്തുന്ന ഇമ്മാതിരി കാര്യങ്ങൾ കണ്ടാൽ എഴുതാതിരിക്കാൻ പറ്റില്ലല്ലോ.


dinumenons@gmail.com

നിസ്സഹായന്‍ said...

ജനശബ്ദമേ ഇതുകൂടി വായിക്കൂ http://manavikanilapadukal.blogspot.com/2010/02/blog-post.html