Wednesday, October 3, 2012

എമര്‍ജിങ് കേരള-ഒരു ചരിത്രാന്വേഷണം


  • എമര്‍ജിങ് കേരള-ഒരു ചരിത്രാന്വേഷണം 
  • പുതിയ വിവരം കിട്ടിയാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പൂര്‍വകാലത്തെ വിശകലനം ചെയ്യുക എന്നത് പൊതുവെയുള്ള ശൈലിയാണ്. വ്യക്തിക്കും സമൂഹത്തിനും ഇത് ബാധകമാണ്. ഒരാള്‍ക്ക് ഞാന്‍ ചതിയനാണെന്ന് ബോധ്യപ്പെട്ടാല്‍ എന്റെ ഭൂതകാലം മുഴുവന്‍ ആ "ചതിരേഖ" മാര്‍ഗരേഖയാക്കി പരിശോധിക്കും. ചരിത്രവും അങ്ങനെതന്നെ. സമകാലിക ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ചരിത്രത്തെ വ്യാഖ്യാനിക്കുക. പാവം ചരിത്രം!. എല്ലാത്തിനും നിന്നുകൊടുക്കും!. "അന്നന്നത്തെ അന്നം" കണ്ടെത്താന്‍ ഓരോരുത്തരും കണ്ടെത്തുന്ന വഴി. "അന്നം" എന്നുള്ളത് ചീത്തവാക്കല്ലെങ്കില്‍ ഈ പഴഞ്ചൊല്ലും നിഷേധാത്മകമല്ല. ഊണുകഴിക്കുക, അതിനുള്ള വക തേടുക എന്നുള്ളതൊക്കെ മോശം കാര്യമല്ല.

    കേരള ചരിത്രം സമകാലിക സൈദ്ധാന്തിക- സാമൂഹിക പശ്ചാത്തലത്തില്‍ മാറ്റി എഴുതാനുള്ള എളിയ ശ്രമമാണ് ഇത്. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരുമാതിരി ആവശ്യങ്ങളൊക്കെ കാലഘട്ടത്തിന്റെ പിടലിക്ക് കെട്ടുകയാണല്ലോ സാധാരണ. പാവം കാലഘട്ടം!. എല്ലാ ഭാരവും താങ്ങി വിയര്‍ത്തൊലിച്ച് നില്‍ക്കുകയാണ്, ഋതുക്കള്‍ മാറുന്നതറിയാതെ!. കേരള ചരിത്രരചനയെ ഒരു പുനര്‍വായനക്ക് വിധേയമാക്കുകയാണ് ഇവിടെ. പുനഃസൃഷ്ടി, പുനര്‍രചന എന്നീ വാക്കുകള്‍ ഒഴിവാക്കി പുനര്‍വായന എന്നത് മനപ്പൂര്‍വം പ്രയോഗിച്ചതാണ്. ഗ്രന്ഥകാരന്‍ പണ്ഡിതനും, സമകാലിക ജ്ഞാനവ്യാപാരത്തിലെ മോശമല്ലാത്ത ഒരു കച്ചവടക്കാരനുമാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്താനുള്ള എളിയ ശ്രമം മാത്രമാണ് അത്. അല്ലാതെ മറ്റൊരു ദുരുദ്ദേശ്യവും അതിലില്ല.

    പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വായിക്കുമ്പോള്‍ പുതിയ ഉള്‍ക്കാഴ്ച കിട്ടുമെന്നതിനാല്‍ പുനര്‍വായന എന്ന് പ്രയോഗിക്കാമെന്നാണ് ഇതിന്റെ കച്ചവടക്കാര്‍ പറയുന്നത്. കഴിയുന്നത്ര പുതിയ വാക്കുകള്‍ ഉപയോഗിച്ചു തന്നെയാണ് ഇത് നിര്‍വഹിക്കുന്നത്. എവിടെയെങ്കിലും അതിന് കുഴപ്പം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഗ്രന്ഥകര്‍ത്താവിന്റെ പ്രാപ്തിക്കുറവായി മാത്രം കണ്ടാല്‍ മതി. " ഡെവലപ്മെന്റാ"ണ് ഇപ്പോഴത്തെ പ്രധാന ഭാഷ. ദൈനംദിന ജീവിത വ്യാപാരത്തിലെ പ്രധാന പ്രയോഗവും "ഡെവലപ്മെന്റ്" തന്നെ. ഡെയ്ലി ഡയലോഗടിയില്‍ ഡെവലപ്മെന്റ് എന്ന വാക്കാണ് കൂടുതലും കയറിവരുന്നതെന്നാണ് ഉദ്ദേശിച്ചത്. ഇത് മുന്‍ പറഞ്ഞ വാചകം വായിച്ചപ്പോള്‍ മനസ്സിലായിക്കാണും എന്ന് കരുതുന്നു.

    ദൈവം കഴിഞ്ഞാല്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രചാരമുള്ള വാക്ക് "ഡെവലപ്മെന്റാ"ണ്. ഒരു മാതിരി എല്ലാക്കാര്യത്തിനും ഇപ്പോള്‍ "ഡെവലപ്മെന്റാ"ണ് ഉപയോഗിക്കുന്നത്. വീട് പൊളിച്ചു പണിയുന്ന കാലം പോയി. ഇപ്പോള്‍ വീടൊന്ന് "ഡെവലപ്" ചെയ്യലാണ്. ചായക്കടയില്‍ സ്ഥിരം പരിപ്പുവടക്ക് പകരം മസാലദോശ വന്നാല്‍ കട ഒന്ന് "ഡെവലപ്" ചെയ്യലാവും. കല്യാണം കഴിഞ്ഞ പെണ്ണിനോട് "ഡെവലപ്മെന്റൊന്നും ആയില്ലേടീ" എന്നു ചോദിക്കുന്ന ബന്ധുക്കള്‍ ഉണ്ട്. ഗര്‍ഭിണിയായോ എന്നാണ് വിവക്ഷ. മരമൊക്കെ വെട്ടിക്കളഞ്ഞ് രണ്ട് ടിപ്പറിടിച്ചാല്‍ "അവിടെയൊക്കെ ഭയങ്കരമായി ഡെവലപ്മെന്റാവും." ഇപ്പോള്‍ പണിയുള്ളവന്‍, പണിയില്ലാത്തവന്‍ എന്നീ വാക്കുകള്‍ ഇല്ല. പണിയുള്ളവന്‍ ഡെവലപ്പന്‍, പണിയില്ലാത്തവന്‍ അണ്‍ഡെവലപ്പന്‍. പുതിയ വാക്കുകള്‍ ഉപയോഗിച്ച്, പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ള ചരിത്രരചനയുടെ ആദ്യസംരംഭമാണ് ഇത്. ഇത് പുതിയ സമീപനം കൂടിയാണ്. രചനയുടെ സാമ്പിള്‍ വെടിക്കെട്ട് താഴെ. അതിപ്രാചീന കാലത്ത് വെള്ളം മൂടി ഒരു ഡെവലപ്പ്മെന്റുമില്ലാതെ കിടക്കുകയായിരുന്നു കേരളം.

    വെള്ളം മൂടിയാണ് കിടന്നിരുന്നതെങ്കിലും കേരളത്തിന്റെ സാധ്യതകള്‍ ആദ്യമായി തിരിച്ചറിഞ്ഞത് പരശുരാമനായിരുന്നു. പരശുരാമന്‍ എവിടെനിന്നാണ് വന്നതെന്നറിയില്ല. എന്നാലും കേരളത്തിന്റെ ഭാവി കണ്ടറിഞ്ഞ് മൂലധനമിറക്കാന്‍ തയ്യാറായി വന്ന ആദ്യത്തെ നിക്ഷേപകനാണ് എന്ന് നിസ്സംശയം പറയാം. ഏതൊരു വ്യവസായത്തിനും അത്യന്താപേക്ഷിതമായത് ഭൂമിയാണ്. വെള്ളത്തിനടിയില്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഭൂമി കണ്ടെത്തി എന്നതിലാണ് പരശുരാമന്റെ ക്രാന്തദര്‍ശിത്വം. കേരളവികസന മാതൃകയുടെ "സോഴ്സ്" കണ്ടെത്തിയ ആദ്യത്തെ "റിസോഴ്സ് പേഴ്സണാണ്" പരശുരാമന്‍. അതുകൊണ്ട് കേരളത്തിന്റെ ഡെവലപ്മെന്റിന്റെ പിതാവ് എന്ന് പരശുരാമനെ അടയാളപ്പെടുത്തുന്നതില്‍ അപാകമില്ല. വെള്ളം വറ്റിച്ച് ഭൂമി വീണ്ടെടുക്കുന്നതിനുള്ള സാങ്കേതിക വിദ്യ അന്ന് പൂര്‍ണ വളര്‍ച്ച എത്തിയിട്ടില്ല. അതുകൊണ്ട് മറ്റു മാര്‍ഗങ്ങള്‍ പരശുരാമന് ആരായേണ്ടി വന്നു. ഒരു എന്റര്‍പ്രണര്‍ അഥവാ ഒരു സംരംഭകന്‍ നേരിടുന്ന വെല്ലുവിളിയാണ് ഇത്. പക്ഷേ പരാജയപ്പെട്ടില്ല പരശു. വിന്ധ്യാപര്‍വതത്തിനപ്പുറത്ത് അന്ന് വര്‍ക്ക്ഫോഴ്സ് ഉണ്ട്. കച്ചവടത്തിന് വന്ന ഇബ്നുബത്തൂത്ത ഇത്തരം ലേബര്‍ ഫോഴ്സിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അക്കാലം പണിമുടക്കുകളോ, ഹര്‍ത്താലോ ഇല്ല. തൊഴില്‍ ദിനങ്ങള്‍ അങ്ങനെ നഷ്ടപ്പെടുകയുമില്ല. നോക്കുകൂലിയുമില്ല. എങ്കിലും വിന്ധ്യനപ്പുറത്തുനിന്ന് വര്‍ക്ക്ഫോഴ്സിനെ കൊണ്ടു വരേണ്ടന്ന് തന്നെ പരശുരാമന്‍ തീരുമാനിച്ചു. പ്രാദേശിക വികസനരീതി വികസിപ്പിച്ചെടുക്കണമെന്ന് തന്നെ പരശുരാമന് തോന്നി. സ്വന്തം സാധ്യതകളെ ആരായുകയായിരുന്നു പരശുരാമന്‍. അതുകൊണ്ട് പുതിയ സംരംഭങ്ങളുടെ പിതാവ് എന്നും പരശുരാമനെ വിളിക്കാം. പുറത്തുനിന്ന് വര്‍ക്ക് ഫോഴ്സ് കൊണ്ടുവരുന്നതിനുള്ള എക്സ്പെന്റിച്ചര്‍, അതിന്റെ ട്രാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ് എല്ലാം കണക്കുകൂട്ടുമ്പോള്‍ അത് ഒരു ചെറിയ ബജറ്റായിരിക്കില്ല. കേരളത്തിന്റെ ജി ഡി പിയേക്കാള്‍ അധികം വരും. എങ്കിലും പദ്ധതി ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ലോകത്താകെ നടക്കുന്ന മാറ്റങ്ങളുമായി കേരളത്തെ "ഇന്റഗ്രേറ്റ്" ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നു തന്നെ പരശുരാമന് തോന്നി. സ്വയം ഒരു ഡിസ്ക്കഷന് വഴങ്ങുകയായിരുന്നു പരശു. ഒരു തീരുമാനമെടുക്കുന്നതിന് തന്നെത്തന്നെ രൂപപ്പെടുത്തുന്ന ഒരു പ്രകിയയിലേക്ക് പരിവര്‍ത്തനം ചെയ്യലായിരുന്നു അത്. ഇതിനെ അന്ന് തപസ്സ് എന്നാണ് പറഞ്ഞിരുന്നത്. ഇത് നിര്‍വികാരമോ, നിസ്സംഗതയോ, നിര്‍ഗുണമോ അല്ല. അങ്ങനെ ഇന്റര്‍പ്രട്ട് ചെയ്യാന്‍ അന്ന് ചില ആന്റിഡെവലപ്മെന്റ് ഫോഴ്സസ് തയ്യാറായിട്ടുണ്ട്. യഥാര്‍ഥത്തില്‍ ഇത് വളരെ പൊട്ടന്‍ഷ്യല്‍ ആവശ്യമുള്ള ഒരു പ്രക്രിയയാണ്. നിലവിലുള്ള സിസ്റ്റം ഓഫ് ബിലീവ്സിനെ അഥവാ വിശ്വാസരൂപത്തെ തകര്‍ക്കാനുള്ള മെന്റല്‍ സ്ട്രെങ്ത്ത് അഥവാ മാനസികധൈര്യം ആവാഹിക്കാനുള്ള വളരെ ജൈവികമായ പ്രക്രിയയാണ്. ഏത് സംരംഭത്തിനും നാല്‍പ്പതു ശതമാനത്തോളം റിസ്ക്ക് ഫാക്റ്ററുണ്ടാവും. ഒരു റിസ്ക്ക് ഫാക്റ്റര്‍ ഫേസ് ചെയ്യലാണ് ഡെവലപ്മെന്റിന്റെ ഫസ്റ്റ് സ്റ്റെപ്. ആ സ്റ്റെപ്പെടുക്കലാണ് സത്യത്തില്‍ ഈ തപസ്സ്. തപസ്സിനു തന്നെ പല സ്റ്റെപ്പുകളുണ്ടെന്ന് അറിയാമല്ലോ. തന്റെ കൈയ്യിലുള്ള വിഭവം എങ്ങനെയാണ് ഡെവലപ്മെന്റിനു വേണ്ടി വിനിയോഗിക്കാവുന്നത് എന്നാണ് പരശുരാമന്‍ ചിന്തിച്ചത്. പരിമിത വിഭവന്മാരായ കേരളീയര്‍ക്കുള്ള നവീന ചിന്താപദ്ധതിയുടെ വഴിവെട്ടല്‍ കൂടിയായിരുന്നു പരശുരാമന്റെ അപ്രോച്ച്.

    സ്വന്തം സാഹചര്യം ഫലപ്രദമായി കണ്ടെത്തുകയും അതിന്റെ വിപണിസാധ്യതകള്‍ ആരായുകയും തുറക്കുകയും ചെയ്തു. സത്യത്തില്‍ പരശുരാമന്‍ വരുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് ഒരു മഴു മാത്രമാണ്. മഴു എന്നതിന്റെ സംസ്കൃതരൂപമാണ് പരശു. പരശു ഏന്തിയവന്‍ പരശുരാമന്‍. തന്റെ വിഭവവുമായി ബന്ധപ്പെട്ടായിരുന്നു പരശുരാമന്റെ സ്വത്വവും. തന്റെ കൈയ്യിലുള്ള ഈ ഏകവിഭവം പരശുരാമന്‍ സമര്‍ഥമായി കന്യാകുമാരിയിലേക്ക് വിന്യസിപ്പിച്ചു. അങ്ങനെ ഗോകര്‍ണം മുതല്‍ കന്യാകുമാരിവരെ വന്‍ വ്യവസായ സാധ്യതകളുള്ള ഭൂമി പ്രത്യക്ഷമായി. എമര്‍ജിങ് കേരള. ഭൂമി വെറുതെ ഭൂമിയായി കിടക്കുന്നതുകൊണ്ട് എന്ത് കാര്യം? പറമ്പും തൊടികളുമൊക്കെയായി അത് ഒട്ടും വാണിജ്യപ്രാധാന്യമില്ലാതെ മാറ്റിയാല്‍ വരും തലമുറക്കെന്ത് പ്രയോജനം?

    ഇവിടെ വ്യവസായം വരണം, നിക്ഷേപം വരണം, തൊഴില്‍ സാധ്യതകള്‍ ഉണ്ടാവണം. നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള ശ്രമവും പരശുരാമന്‍ തന്നെ തുടങ്ങി. വീണ്ടും എമര്‍ജിങ് കേരള. ആദ്യത്തെ ആഗോളനിക്ഷേപ സംഗമവും തുടങ്ങിയത് പരശുരാമനാണ്. അതിനു വേണ്ടി അദ്ദേഹം നന്നായി ക്ലേശിച്ചു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടെങ്കിലും കമ്യൂണിക്കേഷന്‍ സാധ്യത കുറവായതിനാല്‍ ആരെ യും കണ്ടെത്താനായില്ല. മാത്രമല്ല, മാധ്യമശ്രദ്ധയും കുറവായിരുന്നു. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും അന്ന് നമ്പൂതിരിമാരില്ലാതിരുന്നതും പരശുരാമന്റെ പരിശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. എങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 64 നമ്പൂതിരിമാരെ കുടുംബസമേതം പ്രഥമ ആഗോളനിക്ഷേപ സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ പരശുരാമന് കഴിഞ്ഞു. ഇവരെ വെറും നമ്പൂതിരിമാരായി കാണാന്‍ മാത്രമാണ് പല ചരിത്രകാരന്മാരും തയ്യാറായത്. പക്ഷേ, ഇവരില്‍ പലരും ഒന്നാന്തരം നിക്ഷേപകരായിരുന്നു എന്നുള്ള സത്യം മറച്ചുവച്ചു.

    64 വ്യക്തികളെ കൊണ്ടുവരാതെ അവരുടെ കുടുംബത്തെ തന്നെ കൂട്ടത്തോടെ കൊണ്ടുവന്നതിലാണ് പരശുരാമന്റെ ദീര്‍ഘവീക്ഷണം കിടക്കുന്നത്. ഇതാണ് പ്ലാനിങ്. പിന്നീട് ഒരു പ്ലാനിങ് ബോര്‍ഡിലേക്കു വരെ എത്തിച്ചത് പരശുരാമന്റെ ഈ നവീന ആശയമായിരുന്നു. കേരളം വിട്ടുപോകാതെ അവരെ ഇവിടെത്തന്നെ പിടിച്ചുനിര്‍ത്താനാണ് പരശുരാമന്‍ കുടുംബസമേതം അവരെക്കൊണ്ടു വന്നത്. ഈ കുടുംബങ്ങള്‍ക്ക് എല്ലാ സൗകര്യങ്ങളും പരശുരാമന്‍ തരപ്പെടുത്തി. ബ്യൂറോക്രസിയുടെ നൂലാമാലകളൊന്നും ഉണ്ടായില്ല, ചുവപ്പുനാടകളില്‍ കുടുങ്ങിയില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസുകളില്‍ കയറി നരകിച്ചില്ല. കുടിക്കിട സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, പോക്കു വരവ് സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം ഒറ്റയടിക്ക് നടത്തിക്കൊടുത്തു. എല്ലാം സുതാര്യമായിരുന്നു. അതിവേഗം, ബഹുദൂരം. ഒരു ക്യാപിറ്റല്‍ ഫ്രണ്ട്ലി അഥവാ മൂലധന സൗഹാര്‍ദ രാജ്യമായി കേരളത്തെ മാറ്റാനുള്ള പരശുരാമന്റെ കാഴ്ചപ്പാട് തന്നെയാണ് ഇവിടെ എടുത്തു പറയേണ്ടത്.

    നമ്പൂതിരിമാരുടെ വരവോടെ കേരളത്തില്‍ ഒരു വ്യവസായ അന്തരീക്ഷം രൂപപ്പെട്ടു. വ്യവസായവും തുടങ്ങി. കേരളത്തിന്റെ തനതു സാധനങ്ങള്‍ തന്നെ ഉപയാഗിച്ചുള്ള വ്യവസായമാണ് തുടങ്ങിയത്. അത് ഉപയോഗിച്ച് എങ്ങനെ ലോകമാര്‍ക്കറ്റിലെത്താം എന്നായിരുന്നു നോക്കിയത്. വായ്പാ സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് പണത്തിനുള്ള സ്രോതസ്സ് കുറവായിരുന്നു. എങ്കിലും ഇതൊന്നും വ്യവസായത്തെ ബാധിച്ചില്ല. വിപണി കീഴടക്കിയ ഉല്‍പ്പന്നം തന്നെയായിരുന്നു ഇവര്‍ ഉണ്ടാക്കിയത്-ചൂട്ടുകറ്റ. വിദേശികളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചതും ഈ ചൂട്ടുകറ്റകള്‍ തന്നെയായിരുന്നു. സുഗന്ധദ്രവ്യങ്ങളാണ് ഇതിനു കാരണം എന്നൊരു തെറ്റിദ്ധാരണ ചരിത്രത്തിലുണ്ട്. പുതിയ തെളിവുകള്‍ ഇത് നിഷേധിക്കുകയാണ്. സമുദ്രസഞ്ചാരത്തിനിടെ അറബികളും, പാശ്ചാത്യരും ഈ ചൂട്ടുകറ്റയുടെ വെളിച്ചം കണ്ട് കപ്പല്‍ കിഴക്കോട്ട് തിരിച്ചുവിടുകയായിരുന്നു. ഒന്നാം അധ്യായം അവസാനിച്ചു. രണ്ടാം അധ്യായം ഈ രീതിയില്‍ ജ്ഞാനസമ്പത്തും ഉള്‍ക്കാഴ്ചയുമുള്ള ആര്‍ക്കു വേണമെങ്കിലും എഴുതാവുന്നതാണ്.എം എം പൗലോസ്

No comments: