ഇതല്ല, ഗാന്ധിജി സ്വപ്നംകണ്ട ഇന്ത്യ
പതിനേഴുകാരനായ രാഹുല്‍ ഈ ലോകത്തോട് വിടപറഞ്ഞെന്ന വാര്‍ത്ത ഛത്തീസ്റായിക്കും ഭാര്യ പ്രമീളദേവിക്കും എല്ലാ പ്രതീക്ഷകളും തകര്‍ക്കുന്ന ഇടിത്തീയായിരുന്നു. മൂത്ത മകന്‍ ജോലിചെയ്ത് നല്‍കുന്നതുകൊണ്ട് ശിഷ്ടകാലം കഴിക്കാമെന്ന പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. അവന്റെ മൃതദേഹം ഒരു നോക്ക് കാണണമെന്ന് ബിഹാറിലെ ബങ്ക ജില്ലയിലെ ലീലഗോഡ ഗ്രാമത്തിലെ ഈ കര്‍ഷകത്തൊഴിലാളി ദമ്പതികള്‍ക്കുണ്ടായിരുന്നു. എന്നാല്‍, മകന്‍ മരിച്ചത് രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുരിലെ ജുവൈനല്‍ ജയിലിലായിരുന്നു. ജോലിതേടി മുംബൈയിലേക്കുള്ള യാത്രയ്ക്കിടയില്‍ വഴിതെറ്റിയാണ് രാഹുല്‍ ജയ്പുരിലെത്തിയത്.
പുരമേയാന്‍ ഒരു വര്‍ഷമായി സ്വരൂപിച്ച 700 രൂപയുമായാണ് പുതിയ ചക്രവാളംതേടി രാഹുല്‍ ജൂലൈ 17ന് തീവണ്ടി കയറിയത്. പണം തീര്‍ന്നതോടെ കള്ളവണ്ടി കയറി. ജയ്പുരില്‍വച്ച് പിടിക്കപ്പെട്ട് ജുവനൈല്‍ ജയിലിലായി. അവിടെ രോഗാതുരനായി മരിക്കുകയും ചെയ്തു. മകനെ അവസാനമായി ഒരു നോക്ക് കാണാനും മൃതദേഹം തിരിച്ചുകൊണ്ടുവന്ന് സംസ്കരിക്കാനും ഈ മാതാപിതാക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, ജയ്പുരിലേക്ക്് പോകാനുള്ള പണം ആരു തരും? പലരെയും നിറകണ്ണുകളോടെ ഇവര്‍ സമീപിച്ചു. ജില്ലാഭരണകൂടം 500 രൂപ നല്‍കാമെന്ന് വാഗ്ദാനംചെയ്തു. 500 രൂപയ്ക്ക്് എങ്ങനെയാണ് ജയ്പുരിലെത്തി മൃതദേഹം തിരിച്ചുകൊണ്ടുവരിക? ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ആരുമുണ്ടായില്ല. അവസാനം അപരിചിതര്‍ രാഹുലിന്റെ മൃതദേഹം മറവുചെയ്തു. തുടര്‍ച്ചയായ പട്ടിണിയാണ് പൂര്‍ണിമ ഹല്‍ദര്‍ എന്ന അമ്മയെക്കൊണ്ട് ആ കടുംകൈ ചെയ്യിച്ചത്. മദ്യപാനിയായ ഉത്തം ഹല്‍ദര്‍ എന്ന ഭര്‍ത്താവിനാല്‍ കൂരയില്‍നിന്ന് അടിച്ചിറക്കപ്പെട്ട പൂര്‍ണിമ മൂന്ന് പെണ്‍കുട്ടികളെയുംകൊണ്ട് കൊല്‍ക്കത്ത മഹാനഗരത്തിലേക്ക് ഇറങ്ങി. ഭക്ഷണം കിട്ടാതെ കുട്ടികള്‍ വാവിട്ട് കരഞ്ഞു. പൂര്‍ണിമയും കടുത്ത പട്ടിണിയിലായിരുന്നു. അവസാനം ആ അമ്മ കുട്ടികളെ വിറ്റു. മൂന്നു കുട്ടികളെയും മൂന്നു പേര്‍ക്കായി 155 രൂപയ്ക്കാണ് വിറ്റത്. വാങ്ങുന്നവര്‍ കുട്ടികളെ ഊട്ടുമെന്ന പ്രതീക്ഷ ആ അമ്മയ്ക്കുണ്ടായിരുന്നു. മൂന്നരവയസ്സുള്ള ഇളയമകളെ 30 രൂപയ്ക്കും ഏഴുവയസ്സുള്ള സുപ്രിയയെ 25 രൂപയ്ക്കും ഒമ്പതുവയസ്സുള്ള പ്രിയയെ 100 രൂപയ്ക്കുമാണ് വിറ്റത്. പ്രിയയെ ഗൗരിഹല്‍ദര്‍ക്കാണ് വിറ്റത്. നിയമപരമായിത്തന്നെ കുട്ടിയെ ഏറ്റെടുക്കാന്‍ തയ്യാറായിരുന്നു ഗൗരിഹല്‍ദര്‍. മക്കളില്ലാത്ത പച്ചക്കറിക്കച്ചവടക്കാരനാണ് രണ്ടാമത്തെ മകളെ വാങ്ങിയത്. മൂന്നാമത്തെ കുട്ടിയെ വാങ്ങിയത് തെരുവു കച്ചവടക്കാരനും. അയാളുടെ ഉദ്ദേശ്യം എന്തെന്ന് വ്യക്തമല്ല. പട്ടിണികാരണമാണ് പൂര്‍ണിമ ഈ കടുംകൈ ചെയ്തതെന്ന് ഡയമണ്ട് ഹാര്‍ബര്‍ പൊലീസും സ്ഥിരീകരിച്ചു. ഭരത് തോമര്‍ എന്ന ഇരുപത്തൊന്നുകാരന്‍ ജോലിചെയ്യുന്ന പെയിന്റ് ഫാക്ടറിയിലെ ഫാനില്‍ തൂങ്ങി ജീവിതം അവസാനിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ലോണിയിലെ ഫാക്ടറിയിലാണ് ഭരത് തോമര്‍ ആത്മഹത്യചെയ്തത്. മുറിയില്‍ ആത്മഹത്യാകുറിപ്പും തോമര്‍ എഴുതിവച്ചു. അതിങ്ങനെയാണ്. "എന്റെ മരണത്തിന് ഒരു വ്യക്തിയും ഉത്തരവാദിയല്ല. എനിക്ക് ആരോടും വിരോധമില്ല. എന്റെ കുടുംബവുമായും എനിക്ക് പ്രശ്നങ്ങളൊന്നുമില്ല. എനിക്ക് ജീവിതം മടുത്തു. നല്ലൊരു ജോലിയില്ലാതെ എന്താണ് ഒരു മനുഷ്യന്‍ ചെയ്യുക? അതിനെല്ലാം പുറമെ രൂക്ഷമായ വിലക്കയറ്റം ജീവിതം തീര്‍ത്തും വിഷമകരമാക്കി. എന്റെ മരണത്തിനു പിന്നിലുള്ള ഏക കാരണം വിലക്കയറ്റമാണ്." കുടുംബത്തോടുള്ള കടപ്പാടും ഈ കത്തില്‍ നിറഞ്ഞുതുളുമ്പുന്നുണ്ട്. അവരെ ഒരു തരത്തിലും ദ്രോഹിക്കരുതെന്ന് ആവശ്യപ്പെടുന്ന ഭരത് തോമര്‍ തന്റെ അവസാനസമ്പാദ്യം അവര്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെടുന്നു. കുടുംബത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതിലുള്ള വിഷമവും തോമര്‍ കത്തില്‍ പ്രകടിപ്പിക്കുന്നുണ്ട്. ക്ഷേത്രനഗരമായ മഥുര ജില്ലക്കാരനാണ് തോമര്‍. 5000 രൂപ മാത്രമാണ് പെയിന്റ് ഫാക്ടറിയില്‍നിന്ന് ശമ്പളമായി ലഭിച്ചിരുന്നത്. പൊലീസും ഇത് സമ്മതിക്കുന്നു. ഭരത് തോമറിന് സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൂടുതല്‍ മെച്ചപ്പെട്ട ജോലിക്കായി അവന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലെ ദേവ്ഗാവ് രംഗോരിയില്‍ സ്വന്തം കൃഷിക്കളത്തിലെ അത്തിമരത്തില്‍ തൂങ്ങി മുരളീധര്‍ ഗഡ്ഡു അന്ത്യശ്വാസം വലിച്ചു.
യവത്മല്‍ ജില്ലയിലെ പൊഖാരി ഗ്രാമത്തില്‍ അച്ഛന്‍ ബലിറാം വാഗും മകന്‍ ശിവാജി വാഗും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ആത്മഹത്യചെയ്തു. കാലവര്‍ഷം ചതിച്ചതിനാലാണ് ഈ കര്‍ഷകര്‍ ആത്മഹത്യചെയ്തത്. ഒരാഴ്ചയ്ക്കകം ഏഴ് കര്‍ഷകരാണ് വിദര്‍ഭയില്‍ ആത്മഹത്യചെയ്തത്. ഇതോടെ ഈ വര്‍ഷംമാത്രം വിദര്‍ഭയില്‍ ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം 565 ആയി. ഗാന്ധിജിയുടെ കര്‍മഭൂമിയായ ഭാരതത്തില്‍ നടക്കുന്ന യാഥാര്‍ഥ്യങ്ങളില്‍ ചിലതുമാത്രമാണിത്. കഴിഞ്ഞ ഒരു മാസത്തിനകം ദേശീയപത്രങ്ങളില്‍ വന്ന ഏതാനും വാര്‍ത്തകള്‍ മാത്രമാണിത്. സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ആവര്‍ത്തിക്കുമ്പോഴാണ് സ്വന്തം കുഞ്ഞിനെ വില്‍ക്കാന്‍ പൂര്‍ണിമ ഹല്‍ദര്‍മാര്‍ ഇവിടെ നിര്‍ബന്ധിക്കപ്പെടുന്നത്. ഐസ്ക്രീം വാങ്ങാന്‍ 20 രൂപ നല്‍കുന്നവര്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു രൂപ വില വര്‍ധിപ്പിച്ചാല്‍ കൊടുക്കാനെന്താണ് മടിയെന്നാണ് പളനിയപ്പന്‍ ചിദംബരത്തിന്റെ ചോദ്യം. വാങ്ങല്‍ശേഷി വര്‍ധിച്ചതിനാല്‍ ജനങ്ങള്‍ കൂടുതല്‍ പാലും മുട്ടയും വാങ്ങുന്നതുകൊണ്ടാണ് വിലക്കയറ്റം ഉണ്ടാകുന്നതെന്നാണ് ഇന്ത്യന്‍ ആസൂത്രണ പ്രക്രിയക്ക് ചുക്കാന്‍പിടിക്കുന്ന മൊണ്ടേക് സിങ് അലുവാലിയയുടെ ഭാഷ്യം. ശരീരം തടിക്കുമെന്ന ഭയത്താല്‍ പെണ്‍കുട്ടികളും മറ്റും ഭക്ഷണം കുറച്ചു കഴിക്കുന്നതുകൊണ്ടാണ്, അല്ലാതെ ഭക്ഷണം കിട്ടാഞ്ഞിട്ടല്ല വിളര്‍ച്ചയുണ്ടാകുന്നതെന്ന് നരേന്ദ്രമോഡിയും പറയുന്നു. വിലക്കയറ്റം കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കാന്‍ കഴിയുമെന്നതിനാല്‍ അതിനെ സ്വാഗതംചെയ്യുന്നുവെന്ന് ബേനി പ്രസാദ് വര്‍മയെന്ന മന്ത്രിയും കൂട്ടിച്ചേര്‍ത്തു.
ഏതായാലും ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യ ഇതല്ല. റേഷന്‍ സബ്സിഡി വെട്ടിക്കുറച്ചും ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചും ഒബാമയുടെ ഉപദേശം സ്വീകരിച്ച് മന്‍മോഹന്‍സിങ് സാമ്പത്തിക ഉദാരവല്‍ക്കരണ പരിപാടികളുമായി മുന്നോട്ട് പോകുമ്പോള്‍ വിദര്‍ഭ വീണ്ടും ശവഭൂമിയായി തുടരും; പൂര്‍ണിമ ഹല്‍ദര്‍മാര്‍ കുട്ടികളെ വിറ്റുകൊണ്ടിരിക്കും; ഭരത് തോമര്‍മാര്‍ ഇനിയും മനസ്സാക്ഷിയെ പിടിച്ചുലയ്ക്കും. ഇന്ത്യക്ക് ഇവിടെ തിളക്കമില്ലെന്നു പറഞ്ഞുവയ്ക്കാം...വി ബി പരമേശ്വരന്‍
1 comment:
ഇതല്ല, ഗാന്ധിജി സ്വപ്നംകണ്ട ഇന്ത്യ
Post a Comment