- ""തലയാട്ടുന്ന കഴുതകള്‍""
- ""തലയാട്ടുന്ന കഴുതകള്‍"" എന്ന തലവാചകം എഴുതുമ്പോള്‍ ഉദ്ദേശിച്ചത്, അമേരിക്കന്‍ കോര്‍പറേറ്റുകളുടെ ഇംഗിതത്തിന് അനുസരിച്ച് തലകുലുക്കുന്ന മന്‍മോഹന്‍സിങ് - ചിദംബരം പ്രഭൃതികളെയല്ല. ക്രൂഡ് ഓയില്‍ കുഴിച്ചെടുക്കുന്നതിനുള്ള ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനത്തെക്കുറിച്ചാണ് - ലോകത്തില്‍ വെച്ചു തന്നെ ഏറ്റവും ചെലവ് കുറഞ്ഞ സംവിധാനം. ""തലയാട്ടുന്ന കഴുതകള്‍"" (നോഡിങ്ങ് ഡോങ്കീസ്) എന്നാണ് ആ സംവിധാനത്തിന് പറയുക. കഴുതയെപ്പറ്റി പറയുംമുമ്പ് ഒരു ചെറിയ കളിപ്പാട്ടത്തെപ്പറ്റി പറയാം. കടകളില്‍ ധാരാളമായി കാണാറുള്ള, വീട്ടില്‍ മേശപ്പുറത്തു വെയ്ക്കാറുള്ള ഒരു കളിപ്പാട്ടം. ഒരു വെള്ളപ്പാത്രത്തില്‍ വിലങ്ങനെ വെച്ചിട്ടുള്ള ഒരു കമ്പി. കമ്പിയില്‍ തല കീഴോട്ടും മേലോട്ടും ഉയര്‍ത്താന്‍ കഴിയുന്ന ഒരു ജിറാഫ്. ജിറാഫിെന്‍റ തല കീഴോട്ടു അമര്‍ത്തി വെള്ളത്തില്‍ തൊടുവിച്ച് വിട്ടാല്‍ മേലോട്ടു പൊങ്ങും. പിന്നെ തല അമര്‍ത്താതെത്തന്നെ അത് താഴോട്ടുവരും. വെള്ളത്തില്‍ തൊടും; ഉയരും. അങ്ങനെ നിരന്തരം ആവര്‍ത്തിക്കും. അതിനു പാകത്തില്‍ അതിെന്‍റ പിന്‍ഭാഗത്ത് ആവശ്യമായ ഭാരം ഒരുക്കിവെച്ചിരിക്കും. ജിറാഫിനു പകരം പക്ഷികളും ആവാം. ഇതുപോലൊരു സംവിധാനമാണ് ക്രൂഡ് ഓയില്‍ കുഴിച്ചെടുക്കാന്‍ ബ്രൂണെ എന്ന രാജ്യത്ത് കടലോരത്തുള്ള പരന്ന എണ്ണപ്പാടങ്ങളില്‍ ഉപയോഗിക്കുന്നത്.ജിറാഫിെന്‍റ സ്ഥാനത്ത് കഴുതയുടെ തലയാണെന്ന് മാത്രം. ""നോഡിങ്ങ് ഡോങ്കി"" തലതാഴ്ത്തും; ഉയര്‍ത്തും. നാം ഹാന്‍ഡ് പമ്പിെന്‍റ പിടി താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുമ്പോള്‍ വെള്ളം പമ്പ് ചെയ്യപ്പെടുന്നതുപോലെ ഭൂമിയ്ക്കടിയിലുള്ള ക്രൂഡ് ഓയില്‍ പമ്പ് ചെയ്യപ്പെടും. കഴുതത്തലയുടെ മറുവശത്ത് അഡ്ജസ്റ്റുചെയ്ത് വെച്ചിട്ടുള്ള ഭാരം കാരണം, ഹാന്‍ഡ് പമ്പിലെന്നവിധം, കഴുതത്തല നിരന്തരം താഴുകയും പൊങ്ങുകയും ചെയ്യും. അതിനുസരിച്ച് എണ്ണ പമ്പ് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. പമ്പ് പ്രവര്‍ത്തിപ്പിയ്ക്കാന്‍ ആളുവേണ്ട; കറന്‍റ് വേണ്ട. രാത്രിയും പകലും വ്യത്യാസമില്ലാതെ കഴുത തലയാട്ടും. ക്രൂഡ് ഓയില്‍ പുറത്തേക്ക് വന്നു കൊണ്ടിരിക്കും. പരന്ന പാടത്ത് അങ്ങനെ നിരവധി നോഡിങ്ങ് ഡോങ്കികള്‍. അവയില്‍ നിന്നെല്ലാം തുടര്‍ച്ചയായി എണ്ണ ഭൂമിക്കു മുകളില്‍ എത്തിക്കൊണ്ടിരിക്കുന്നു. എല്ലാ ഡോങ്കികളില്‍നിന്നുമുള്ള എണ്ണ ശേഖരിച്ച്, റിഫൈനറിയിലേക്ക് എത്തിയ്ക്കാനുള്ള കുഴലുകള്‍ ഒരുക്കിവെച്ചാല്‍ മതി. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ (30 കൊല്ലം മുമ്പുവരെ ബ്രൂണെ ബ്രിട്ടീഷ് കോളണിയായിരുന്നു) ഒരുക്കിവെച്ച നോഡിങ്ങ് ഡോങ്കികള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. കരയില്‍, പരന്ന പാടങ്ങളില്‍നിന്ന്, ഏറെ ആഴത്തില്‍നിന്നല്ലാതെ എണ്ണ കുഴിച്ചെടുക്കാനുള്ള ഏറ്റവും ലളിതമായ, ചെലവ് കുറഞ്ഞ (ചെലവില്ലാത്ത എന്നു തന്നെ പറയാം - കാരണം ഒരിയ്ക്കല്‍ കഴുത തലയാട്ടിത്തുടങ്ങി കഴിഞ്ഞാല്‍ പിന്നെ അത് നിര്‍ത്തുകയില്ല. പതിറ്റാണ്ടുകളായി തലയാട്ടിക്കൊണ്ടിരിക്കുന്ന കഴുതകള്‍ ബ്രൂണെയിലുണ്ട്) സംവിധാനമാണിത്. ആഴക്കടലില്‍നിന്ന് എണ്ണ കുഴിച്ചെടുക്കാനുള്ള ആധുനിക സംവിധാനങ്ങളും അവിടെ അതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ഇങ്ങനെ എണ്ണ കുഴിച്ചെടുത്ത് സ്വന്തം റിഫൈനറിയില്‍ ശുദ്ധീകരിച്ച്, വലിയ ലാഭമെടുക്കാതെ, വിതരണം ചെയ്യുമ്പോള്‍ പെട്രോളിന് ബ്രൂണെയിലെ വിലയെന്തെന്നറിയാമോ?എട്ടുകൊല്ലം മുമ്പ് ലിറ്ററിന് 53 സെന്‍റ്. ഇന്നും 53 സെന്‍റ്. (നൂറ് സെന്‍റ് = 1 ഡോളര്‍). ഇന്നത് 23.1 രൂപയാണ്. (അവിടത്തെ നാണയം ഡോളര്‍ ആണ്. സിങ്കപ്പൂര്‍ ഡോളറിന് സമം). ഇന്ത്യന്‍ രൂപയില്‍ എട്ടുകൊല്ലത്തിനുള്ളില്‍ കണക്കാക്കുമ്പോള്‍ അല്‍പം വില കൂടിയത്, രൂപയുടെ മൂല്യം കുറഞ്ഞതിനാലാണ്. അവിടത്തെ കൂലിച്ചെലവും മറ്റ് ചെലവുകളും എല്ലാം ഇന്ത്യയിലേതിനേക്കാള്‍ കൂടുതലാണ്. എന്നിട്ടും ഒരു ലിറ്റര്‍ പെട്രോളിന് വില ഇന്ത്യന്‍ നാണയത്തിലേക്ക് മാറ്റിയാല്‍ 23.1 രൂപ മാത്രം. ഇന്ത്യയിലും ക്രൂഡ് ഓയില്‍ കുഴിച്ചെടുത്ത്, ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നുണ്ട്. വില ലിറ്ററിന് 73 രൂപ! (പ്രാദേശികമായി അല്‍പസ്വല്‍പം വ്യത്യാസം കാണും). എട്ടുകൊല്ലം മുമ്പ് വില ഇതിെന്‍റ മൂന്നിലൊന്നായിരുന്നു. ഇവിടെ ശുദ്ധീകരണച്ചെലവ് വളരെ കുറവാണ്. (അതുകൊണ്ട് വിദേശത്തുനിന്ന് ക്രൂഡ് ഓയില്‍ കൊണ്ടുവന്ന് ശുദ്ധീകരിച്ച്, ഇന്ത്യന്‍ കമ്പനികള്‍ പെട്രോളും ഡീസലും കയറ്റിയയച്ച് ലാഭമുണ്ടാക്കുന്നു). കൂലിച്ചെലവും കുറയും - നോഡിങ്ങ് ഡോങ്കികളില്ലെങ്കിലും. രണ്ട് രാജ്യങ്ങളിലും മൊത്തം ചെലവ് തുല്യമാണെന്ന് കരുതിയാല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് എന്തിനാണ് ഇവിടെ കുഴിച്ചെടുക്കുന്ന എണ്ണയില്‍നിന്നുള്ള പെട്രോളിന് ലിറ്ററിന് 73 രൂപ ഈടാക്കുന്നത്? എല്ലാ ചെലവും ലാഭവും അടക്കം 23 രൂപയ്ക്ക് വില്‍ക്കാമെന്നിരിയ്ക്കെ? നാട്ടിലെ ക്രൂഡ് ഓയിലിന് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതിെന്‍റ അതേ വിലയിടണം എന്നാണ് സര്‍ക്കാരിെന്‍റ വാശി. വിദേശ വിപണിയിലെ ഇന്നത്തെ വിലയെന്താണ്? 159 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന ബാരലിന് 106 ഡോളര്‍. അതായത് ഡോളറിന് 54 രൂപ എന്ന നിരക്കില്‍ കണക്കാക്കിയാല്‍ ഇറക്കുമതി ചെയ്ത ബാരലിന് വില 5724 രൂപ. ഒരു ബാരല്‍ ക്രൂഡ് ഓയില്‍ സംസ്കരിക്കാന്‍ 80 രൂപ കണക്കാക്കിയാല്‍ ആകെ ചെലവ് 5804 രൂപ. കട്ടിയായ ക്രൂഡ് നേര്‍പ്പിച്ച് പെട്രോളാക്കുമ്പോള്‍ അതിെന്‍റ സാന്ദ്രത കുറയും; അതിനുസരിച്ച് വ്യാപ്തം കൂടും. 159 ലിറ്റര്‍ ക്രൂഡ് ശുദ്ധീകരിച്ച് നേര്‍പ്പിക്കുമ്പോള്‍ 166 ലിറ്റര്‍ കിട്ടും എന്ന് കരുതാം. (ക്രൂഡ് മുഴുവനും പെട്രോള്‍ ആക്കപ്പെടുകയാണെങ്കില്‍). അങ്ങിനെ വരുമ്പോള്‍ ശുദ്ധീകരിച്ച ഒരു ലിറ്റര്‍ പെട്രോളിന് 35 രൂപ വില വരും. അതായത് നാട്ടില്‍നിന്ന് കുഴിച്ചെടുക്കുന്ന ക്രൂഡില്‍നിന്നുള്ള പെട്രോളിന് 23 രൂപയും ഇറക്കുമതി ചെയ്യുന്ന ക്രൂഡില്‍നിന്നുള്ള പെട്രോളിന് 35 രൂപയും വില വരും. അതിെന്‍റ സ്ഥാനത്ത് സര്‍ക്കാര്‍ പെട്രോളിന് മൊത്തത്തില്‍ 73 രൂപ വില ഈടാക്കുന്നു. ക്രൂഡ് ശുദ്ധീകരിക്കുമ്പോള്‍, പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം, കരി, ലൂബ്രിക്കന്‍റ് ഓയില്‍ എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങള്‍ ലഭിക്കുന്നുണ്ട്. അവയുടെ അനുപാതം കൃത്യമായി സര്‍ക്കാരോ റിഫൈനറികളോ വ്യക്തമാക്കാറില്ല. എങ്കിലും കിട്ടിയ ചില കണക്കുകള്‍വെച്ച് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിക്കുമ്പോള്‍ കിട്ടുന്ന ഘടക പദാര്‍ഥങ്ങളും അവയുടെ ഇന്നത്തെ വിലയും താഴെ കൊടുക്കുന്നു. അതായത് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ഇന്നത്തെ വിലയ്ക്ക് ഇറക്കുമതിചെയ്ത് ശുദ്ധീകരിക്കുമ്പോഴത്തെ റിഫൈനറി വില 5804 രൂപ. അത് ഘടകങ്ങളാക്കി വില്‍ക്കുമ്പോള്‍ കിട്ടുന്ന വില 10,062 രൂപ. ലാഭം 4258 രൂപ. എന്നിട്ടും സര്‍ക്കാര്‍ പറയുന്നു, നഷ്ടം നഷ്ടം എന്ന്. ഒരു ലിറ്റര്‍ പെട്രോളിെന്‍റ വില ബ്രിട്ടനില്‍ 153 രൂപയാണ്; എന്നാല്‍ ഇവിടെ 73 രൂപയ്ക്ക് വില്‍ക്കേണ്ടിവരുന്നു. അതിനാല്‍ ലിറ്ററിന് 80 രൂപ നഷ്ടമാണ് എന്നാണ് സര്‍ക്കാരിെന്‍റ വാദം. ലണ്ടനില്‍ വില്‍ക്കുന്ന വിലയ്ക്ക് ഇവിടെയും വിറ്റിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന വിലയും ഇപ്പോള്‍ കിട്ടുന്ന വിലയും തമ്മിലുള്ള വ്യത്യാസത്തെയാണ് നഷ്ടം എന്ന നിലയില്‍ മന്‍മോഹന്‍ സിങ് അവതരിപ്പിക്കുന്നത്. അതിനെയാണ് ""അണ്ടര്‍ റിക്കവറി"" എന്ന, സാധാരണക്കാര്‍ക്ക് മനസ്സിലാവാത്ത ഭാഷയില്‍ വിശേഷിപ്പിക്കുന്നത്. സാധാരണ വ്യാപാരങ്ങളിലൊന്നും ഇങ്ങനെയൊരു പ്രയോഗമില്ല. ഒരു താരതമ്യവുമില്ല. ലണ്ടനിലെ വിലയുമായി പെട്രോളിെന്‍റ വില താരതമ്യപ്പെടുത്തുന്നതിനുപകരം ബ്രൂണെയിലെ വിലയുമായി താരതമ്യപ്പെടുത്തിയിട്ട് ലിറ്ററിന് 50 രൂപ ലാഭം എന്ന് എന്തേ മന്‍മോഹന്‍സിങ് പറയാത്തത്? ""അണ്ടര്‍ റീക്കവറി""യ്ക്കുപകരം ""ഓവര്‍ റീക്കവറി"" എന്നെന്തേ പറയാത്തത്? പാകിസ്താനിലും (41.81 രൂപ) ശ്രീലങ്കയിലും (50.30 രൂപ) ബംഗ്ലാദേശിലും (44.80 രൂപ) നേപ്പാളിലും (63.24 രൂപ) എല്ലാം പെട്രോളിന് ഇന്ത്യയിലേതിനേക്കാളും വില കുറവാണല്ലോ. അതെന്താ സര്‍ക്കാര്‍ ചൂണ്ടിക്കാണിയ്ക്കാത്തത്! എന്നിട്ടെന്താ ""ഓവര്‍ റീക്കവറി""യെപ്പറ്റി പറയാത്തത്?ഉത്തരം വളരെ വ്യക്തമാണ്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പൊന്‍മുട്ടയിടുന്ന താറാവാണ് പെട്രോളിയം മേഖല. ഏറ്റവും കൂടുതല്‍ നികുതി വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന മേഖല. സര്‍ക്കാരിെന്‍റ മൊത്തം നികുതി വരുമാനത്തില്‍ 20 ശതമാനത്തിലധികവും പെട്രോളിയം ഉല്‍പന്നങ്ങളില്‍ നിന്നത്രേ. 2009-10 വര്‍ഷത്തില്‍ കേന്ദ്ര ഗവണ്‍മെന്‍റും സംസ്ഥാന ഗവണ്‍മെന്‍റുകളും കൂടി ഈ ഒരൊറ്റ മേഖലയില്‍നിന്ന് നികുതിയായി പിരിച്ചെടുത്തത് 1,83,830 കോടി രൂപയാണ്. 2010-11 വര്‍ഷത്തില്‍ 2,25,449 കോടി രൂപ പിഴിഞ്ഞെടുത്തു. ജനങ്ങളെ വഞ്ചിയ്ക്കുന്ന ഈ നടപടി കൂടുതല്‍ ഊര്‍ജ്ജിതമായി തുടരാന്‍, മന്‍മോഹന്‍സിങ് - ചിദംബരം പ്രഭൃതികള്‍ക്ക്, കോണ്‍ഗ്രസ്സിെന്‍റ പ്രവര്‍ത്തക സമിതി സെപ്തംബര്‍ 24ന് യോഗം ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. സംശയമില്ല. കോണ്‍ഗ്രസ് പാര്‍ടി ആര്‍ക്കോവേണ്ടി തലയാട്ടുക തന്നെയാണ്.നാരായണന്‍ ചെമ്മലശ്ശേരി
Wednesday, October 3, 2012
Subscribe to:
Post Comments (Atom)
No comments:
Post a Comment