Saturday, July 2, 2011

മുഖ്യമന്ത്രിയുടെ ശ്രമം എല്‍ഡിഎഫിന്റെ കരാര്‍ മറച്ചുവയ്ക്കാന്‍ : വി എസ്

തിരു: മെഡിക്കല്‍ പിജി പ്രവേശനത്തില്‍ മെറിറ്റ് സീറ്റ് സംരക്ഷിക്കാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി രേഖാമൂലം കരാറുണ്ടാക്കിയതിനാലാണെന്നത് മറച്ചുവയ്ക്കാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശ്രമം അപഹാസ്യമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. അമ്പത് ശതമാനം മെറിറ്റ് സീറ്റും മെറിറ്റ് സീറ്റില്‍ പി എ മുഹമ്മദ്കമ്മിറ്റി നിശ്ചയിക്കുന്ന ഫീസും അംഗീകരിക്കുന്ന കോളേജുകള്‍ക്കു മാത്രമേ പിജി കോഴ്സ് അനുവദിക്കൂ എന്ന നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതുപ്രകാരം രേഖാമൂലം കരാറുണ്ടാക്കി. മെറിറ്റ് സീറ്റില്‍ പ്രവേശിപ്പിക്കേണ്ടവരുടെ ലിസ്റ്റ് നിശ്ചിത തീയതിക്കകം നല്‍കാതെ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ . ലിസ്റ്റ് ലഭിച്ചില്ലെന്ന് പറഞ്ഞ് സ്വന്തം നിലയില്‍ മാനേജ്മെന്റുകള്‍ പ്രവേശനം നടത്തിയപ്പോള്‍ രണ്ടു മന്ത്രിമാര്‍ അവരുടെ മക്കള്‍ക്കായി ഓരോ സീറ്റ് സംഘടിപ്പിച്ചെടുത്തു. ഈ ഒത്തുകളി പുറത്തറിയുകയും വിവാദമുയരുകയും ശക്തമായ പ്രക്ഷോഭമുയരുകയും ചെയ്തപ്പോഴാണ് മെറിറ്റ് സീറ്റ് സര്‍ക്കാര്‍ തിരിച്ചെടുക്കുന്നതായി ഉത്തരവിറക്കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കോഴ്സിന് എന്‍ഒസി നല്‍കിയത് മാനേജ്മെന്റുകളുമായി കരാറുണ്ടാക്കിയ ശേഷമാണെന്നതിനാലാണ് സര്‍ക്കാരിന് ഇങ്ങനെ ഉത്തരവിറക്കാന്‍ കഴിഞ്ഞതെന്ന് സമ്മതിക്കാന്‍ മുഖ്യമന്ത്രി ആര്‍ജവം കാണിക്കണം. മെറിറ്റ് സീറ്റ് തിരിച്ചെടുക്കുന്നതായി ജൂണ്‍ 7ന് ഉത്തരവിറക്കിയിട്ടും അത് നടപ്പാക്കാന്‍ ആഴ്ചകളോളം വൈകി. മെറിറ്റ് സീറ്റില്‍ പ്രവേശനത്തിനുള്ള തീയതി നീട്ടി കിട്ടുന്നതിന് സുപ്രീംകോടതിയെ സമീപിക്കാന്‍ മെയ് അവസാനം തീരുമാനിച്ച സര്‍ക്കാര്‍ അതിന് ഒരു മാസം സമയമെടുത്തു. സമാനമായ പ്രശ്നത്തില്‍ കര്‍ണാടകത്തില്‍ ജൂണ്‍ 30വരെ സമയം നീട്ടിക്കൊടുത്ത് ജൂണ്‍ 27ന് സുപ്രീംകോടതി വിധി വന്നതിനെയും വിദ്യാര്‍ഥി പ്രക്ഷോഭത്തെയും തുടര്‍ന്ന് നില്‍ക്കക്കള്ളിയില്ലാതെയാണ് ജൂണ്‍ 28ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കാത്ത വിധി സുപ്രീംകോടതിയില്‍നിന്നും ഹൈക്കോടതിയില്‍നിന്നും വന്നപ്പോള്‍ മുഖംരക്ഷിക്കാന്‍ ദുര്‍വ്യാഖ്യാനങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി. മെറിറ്റ് സീറ്റിലെ ഫീസ് നിശ്ചയിക്കാനുള്ള അവകാശം പി എ മുഹമ്മദ് കമ്മിറ്റിക്കാണെന്ന് കോടതിയില്‍ ഉറപ്പിച്ചുപറയാനും സര്‍ക്കാര്‍ തയ്യാറായില്ല. സ്വാശ്രയ മേഖലയിലെ പ്രധാന പ്രശ്നം മെഡിക്കല്‍ , എന്‍ജിനിയറിങ് ബിരുദ കോഴ്സുകളാണ്. ഈ മേഖലയില്‍ 15 മെഡിക്കല്‍ കോളേജില്‍ 11ലും എല്ലാ എന്‍ജിനിയറിങ് കോളേജുകളിലും 50 ശതമാനം മെറിറ്റ് സീറ്റും പി എ മുഹമ്മദ്കമ്മിറ്റി നിശ്ചയിച്ച ഫീസ് ഘടനയും നടപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ മാത്രമാണ് പുറംതിരിഞ്ഞു നിന്നത്. എന്നാല്‍ , മെഡിക്കല്‍ , എന്‍ജിനിയറിങ് കോഴ്സുകളില്‍ സാമൂഹ്യനീതിയും മെറിറ്റും പൂര്‍ണമായും അട്ടിമറിക്കുകയാണിപ്പോള്‍ . ഈ കോഴ്സുകളില്‍ ഈ വര്‍ഷം തന്നെ 50 ശതമാനം മെറിറ്റ് സീറ്റും മുഹമ്മദ്കമ്മിറ്റി ഫീസും ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും തയ്യാറാകേണ്ടതെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

1 comment:

ജനശബ്ദം said...