Tuesday, February 1, 2011

വിപ്ലവം ഒരിക്കലും കള്ളം പറയില്ല



വിപ്ലവം ഒരിക്കലും കള്ളം പറയില്ല
അഭിമുഖം : വിവര്‍ത്തനം: ബാലരാമന്‍




(ഫിദെല്‍ കാസ്‌ട്രോയുമായുള്ള അപൂര്‍വ്വമായ അഭിമുഖത്തിന്റെ ആദ്യഭാഗം)ക്യൂബന്‍ ഇതിഹാസനായകന്‍ ഫിദെല്‍ കാസ്‌ട്രോ 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാശ്ചാത്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ മലയാളരൂപം. ചരിത്രത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരി, അമേരിക്കയുടെ മൂക്കിന് താഴെ ഇപ്പോഴും ആത്മാഭിമാനം ചോരാതെ ക്യൂബ നിലനില്‍ക്കുന്നുവെങ്കില്‍ അതിന് കാരണം കാസ്‌ട്രോ തന്നെ. ലോകമെങ്ങുമുള്ള വിപ്ലവകാരികളുടെ ആവേശവും ആത്മവിശ്വാസവും. ഷാവേസ് തൊട്ട് മറഡോണ വരെയുള്ള ആരാധകര്‍. പ്ലേബോയ് മാഗസിന് ഈ അഭിമുഖം ലഭിച്ചത് 1985ലായിരുന്നു.
പ്ലേബോയ്: ഫിദല്‍ കാസ്‌ട്രോ എന്ന പൊതുജീവിതത്തിലെ വ്യക്തിത്വത്തെ ആളുകള്‍ക്കറിയാം, പക്ഷെ ആ മനുഷ്യനെ കുറച്ചുപേര്‍ക്കേ അറിയൂ. ഇവിടെ നമ്മള്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യും, പക്ഷെ മിസ്റ്റര്‍ പ്രസിഡന്റ്, ചില വ്യക്തിപരമായ ചോദ്യങ്ങളുമായി തുടങ്ങാം. ചരിത്രത്തിന്റേയും വിവാദങ്ങളുടേയും മധ്യത്തില്‍ 26 വര്‍ഷം ചിലവഴിച്ച ശേഷവും ഫിദല്‍ കാസ്‌ട്രോയെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്താണ്?കാസ്‌ട്രോ : അതൊരു ബുദ്ധിമുട്ടിക്കുന്ന ചോദ്യമാണ്. എന്നെ പ്രചോദിപ്പിക്കാത്ത കാര്യങ്ങളെന്താണെന്ന് പറഞ്ഞുതുടങ്ങാം. പണം എന്നെ പ്രചോദിപ്പിക്കുന്നില്ല, ഭൗതിക സമ്പത്തും. അതുപോലെ, പ്രശസ്തിക്കും മഹത്വത്തിനും വേണ്ടിയുള്ള കാമവും എന്നെ പ്രചോദിപ്പിക്കുന്നില്ല. സത്യത്തില്‍ ആശയങ്ങളാണെന്നെ പ്രചോദിപ്പിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. ആശയങ്ങളും വിശ്വാസങ്ങളുമാണ് മനുഷ്യനെ പൊരുതാന്‍ പ്രേരിപ്പിക്കുന്നത് തന്നെ. ശരിക്കും ഒരു ആശയത്തോട് നിങ്ങള്‍ക്ക് അര്‍പ്പണമുണ്ടെങ്കില്‍ ഓരോ വര്‍ഷം കഴിയുമ്പോഴും നിങ്ങള്‍ക്കതില്‍ കൂടുതല്‍ വിശ്വാസവും പ്രതിബദ്ധതയും ഉണ്ടാകും. വ്യക്തിപരമായി അഹംബോധരാഹിത്യം വളരുമെന്നാണെനിക്ക് തോന്നുന്നത്; ത്യാഗത്തിന്റെ ഉത്സാഹം വളരും; വ്യക്തിപരമായ അഹന്തയും പൊങ്ങച്ചവും, ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ എല്ലാവരിലുമുള്ള ആ ഘടകങ്ങള്‍, ക്രമേണ നിങ്ങളുപേക്ഷിക്കും. ഈ പൊങ്ങച്ചങ്ങള്‍ക്കെതിരെ കരുതിയിരുന്നില്ലെങ്കില്‍, സ്വയം മിഥ്യാഭിമാനം വളരാന്‍ അനുവദിക്കുകയോ, പകരക്കാരനില്ലാത്തവനും അനിവാര്യനും ആണെന്ന് വിചാരിക്കുകയോ ആണെങ്കില്‍ നിങ്ങളാ സമ്പത്തിലും മഹത്വത്തിലും ആസക്തനാവും. ഞാനവക്കെതിരെ കരുതിയിരുന്നിട്ടുണ്ട്; ഒരു പക്ഷെ, ഞാന്‍ വ്യക്തികളുടെ ആപേക്ഷികപ്രാധാന്യത്തെപ്പറ്റി ഒരു ദര്‍ശനം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്, വ്യക്തികളല്ല ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന വിശ്വാസം. ഒരു ജനതയുടെ മുഴുവന്‍ യോഗ്യതകള്‍ക്കും മുകളില്‍ എനിക്ക് അവകാശം സ്ഥാപിക്കാനാവില്ല എന്ന ആശയം. ഹോസി മാര്‍ട്ടിയുടെ ഒരു പ്രയോഗം എന്നില്‍ ആഴത്തിലുള്ള മുദ്ര പതിപ്പിച്ചിട്ടുണ്ട്: ''ലോകത്തിലെ മഹത്വം മുഴുവന്‍ ഒരു ഉമിത്തുണ്ടില്‍ ഉള്‍ക്കൊള്ളിക്കാം.''പ്ലേബോയ്: അപ്പോള്‍, വ്യക്തിപരമായി മഹത്വം ആര്‍ജിക്കാന്‍ ചിലര്‍ക്ക് നിയോഗമുണ്ടെന്ന് താങ്കള്‍ കരുതുന്നില്ലേ, എല്ലാം സമയത്തിന്റേയും സാഹചര്യങ്ങളുടേയും മാത്രം കാര്യമാണോ?കാസ്‌ട്രോ: അതെ, അങ്ങിനെത്തന്നെ. ഞാനൊരുദാഹരണം പറയാം. ലിങ്കണ്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം വെറുമൊരു യു എസ് കര്‍ഷകന്‍ മാത്രമായിരിക്കും ആരുമദ്ദേഹത്തെപ്പറ്റി കേട്ടിട്ടുണ്ടാവുകയുമില്ല. അദ്ദേഹം ജീവിച്ചിരുന്ന കാലമാണ്, ആ ലോകമാണ് ഒരു ലിങ്കണെ സാദ്ധ്യമാക്കിയത്. സ്വാതന്ത്ര്യം കിട്ടി 50 വര്‍ഷം കഴിഞ്ഞാണ് ജോര്‍ജ് വാഷിങ്ടണ്‍ ജനിച്ചതെങ്കില്‍ അദ്ദേഹവും അജ്ഞാതനായിരുന്നേനെ. 50 വര്‍ഷം മുമ്പാണ് ജീവിച്ചിരുന്നതെങ്കിലും കഥ അതുതന്നെ. മറ്റൊരു കാലത്തായിരുന്നെങ്കില്‍ ലെനിനും തന്റെ എല്ലാ അസാധാരണമായ ശേഷികളോടെ അജ്ഞാതനായിരുന്നേക്കാമായിരുന്നു.ഉദാഹരണത്തിന് എന്റെ തന്നെ കാര്യമെടുക്കാം. ഞാന്‍ തന്നെ എഴുതാനും വായിക്കാനും പഠിച്ചില്ലായിരുന്നെങ്കില്‍ എന്റെ നാടിന്റെ ചരിത്രത്തില്‍, വിപ്ലവത്തില്‍ ഞാനെന്ത് പങ്കാണ് വഹിച്ചിട്ടുണ്ടാവുക? ഞാന്‍ പിറന്നിടത്തുള്ള നൂറ് കണക്കിന് കുട്ടികളില്‍ എന്റെ സഹോദരങ്ങള്‍ക്കും എനിക്കും മാത്രമേ ആദ്യത്തെ ഏതാനും ക്ലാസ്സുകള്‍ക്കപ്പുറത്തേക്ക് പഠിക്കാന്‍ അവസരം കിട്ടിയുള്ളു. ആ നൂറ് കണക്കിന് കുട്ടികളില്‍ പഠിക്കാനവസരം നല്‍കിയിരുന്നെങ്കില്‍ ഞാന്‍ ചെയ്തത് ചെയ്യാന്‍ ഇത്രയോ ഇതിലധികമോ യോഗ്യതയോ ഉള്ള എത്ര പേരുണ്ടാകുമായിരുന്നു?സ്​പാനിഷ് ഭാഷയിലെ ഏറ്റവും മികച്ച 100 കവിതകളിലൊന്ന് പ്രതിഭ പലപ്പോഴും, 'ഉണര്‍ന്നെഴുന്നേല്‍ക്കൂ, നടക്കൂ!' എന്ന് വിളിച്ചുപറയുന്ന ശബ്ദത്തിന് കാതോര്‍ത്ത് ആത്മാവിന്റെ ഉള്ളിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്നതെങ്ങിനെയാണെന്നതിനെപ്പറ്റിയാണ്. അത് സത്യമാണ്, ഞാനത് ആഴത്തില്‍ വിശ്വസിക്കുന്നു. നേതാവാകുന്നതിന് വേണ്ട യോഗ്യതകള്‍ അപൂര്‍വമല്ലെന്നും അത് ആളുകള്‍ക്കിടയില്‍ കണ്ടെത്താനാവുമെന്നും ഞാന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്.ഞാനെന്തിനാണിത് പറയുന്നത്? കാരണം, ചരിത്രസംഭവങ്ങളെ വ്യക്തികളുമായി ബന്ധപ്പെടുത്താനുള്ള പ്രവണത - പ്രത്യേകിച്ചും പാശ്ചാത്യര്‍ക്കിടയില്‍ - ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മനുഷ്യനാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന പഴയ സിദ്ധാന്തമാണത്. ഏത് മൂന്നാം ലോക രാജ്യത്തലവനേയും ഒരു ഗോത്രമുഖ്യനായി കാണാനുള്ള പ്രവണതയും പടിഞ്ഞാറുണ്ട്. അതൊരു തരം വാര്‍പ്പുമാതൃകയാണ്. നേതാവ് സമം മുഖ്യന്‍. അവിടെ നിന്നും വ്യക്തിയുടെ പങ്കിനെ വിപുലീകരിച്ചു കാണാനുള്ള പ്രവണതയായി. ഞങ്ങളെപ്പറ്റി നിങ്ങള്‍ പറയുന്നതില്‍ അതനിക്ക് തന്നെ കാണാനാവും. കാസ്‌ട്രോയുടെ ക്യൂബ, കാസ്‌ട്രോ അതു ചെയ്തു, കാസ്‌ട്രോ അതു ചെയ്തില്ല...ഈ നാട്ടിലെ എല്ലാം കാസ്‌ട്രോയില്‍ ആരോപിക്കപ്പെടുകയാണ്, കാസ്‌ട്രോയുടെ ചെയ്തികളില്‍, കാസ്‌ട്രോയുടെ വൈകൃതങ്ങളില്‍. പാശ്ചാത്യലോകത്ത് ഈ മനോഭാവം സുലഭമാണ്, നിര്‍ഭാഗ്യവശാല്‍ വളരെ വ്യാപകമാണ്. ചരിത്രപരവും രാഷ്ട്രീയവുമായ സംഭവങ്ങളോട് ഇത് തെറ്റായ സമീപനമാണെന്നാണെനിക്ക് തോന്നുന്നത്.പ്ലേബോയ്: പാശ്ചാത്യലോകം വ്യക്തിയുടെ പ്രാധാന്യം പൊലിപ്പിക്കുന്നെന്ന് താങ്കള്‍ക്ക് തോന്നാം, പക്ഷെ ക്യൂബയില്‍ താങ്കള്‍ തീവ്രമായ സൂക്ഷ്മനിരീക്ഷണത്തിന്‍ കീഴിലല്ലേ? ഒരു അക്വേറിയത്തില്‍ ജീവിക്കുന്നത് പോലെ തോന്നുന്നില്ലേ?കാസ്‌ട്രോ: സത്യത്തില്‍ ഞാനതിനെപ്പറ്റി ഒരിക്കലും ബോധവാന്‍ പോലുമല്ല. ചിലപ്പോളതിന് എന്തെങ്കിലും വിശദീകരണം കാണും. എന്റെ പ്രവൃത്തികള്‍ മിക്കവാറുമൊരിക്കലും പത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല. 15 ദിവസം ഞാനെന്തെങ്കിലുമായി വളരെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടാകും, എന്നാലുമതിലൊന്നും പത്രങ്ങളില്‍ വരില്ല. എല്ലാ രാജ്യങ്ങള്‍ക്കും പ്രസ്സ് ഓഫീസെന്ന് വിളിക്കുന്ന കാര്യമുണ്ടെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിരിക്കും. നേതാവ് ദിവസം മുഴുവന്‍ ചെയ്യുന്ന കാര്യങ്ങള്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ടീവിയിലും റേഡിയോവിലുമെല്ലാം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യും. ഒരര്‍ത്ഥത്തില്‍ ഇത്തരക്കാര്‍ക്ക് ചുറ്റുമാണ് ദന്തഗോപുരങ്ങളും മത്സ്യക്കൂടുകളും പണിയപ്പെടുന്നത്. ഞാനെനിക്കായി മത്സ്യക്കൂട് പണിഞ്ഞിട്ടില്ല. ഞാന്‍ പുറത്തിറങ്ങി ഫാക്റ്ററികളും പാഠശാലകളും പ്രവിശ്യകളും പട്ടണങ്ങളും സന്ദര്‍ശിക്കാറുണ്ട്. മുമ്പ് ഞാന്‍ കൂടുതല്‍ തവണ ഞാനവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്നത് നേര്, പക്ഷെ അന്നെനിക്ക് കൂടുതല്‍ സമയമുണ്ടായിരുന്നു. പക്ഷെ പല രാജ്യങ്ങളിലെയും തലവന്മാര്‍ക്കുള്ളത് പോലെ പ്രോട്ടോക്കോളും സ്വീകരണച്ചടങ്ങുകളും എനിക്കില്ല.എങ്കിലും ഞാന്‍ പോകുന്നിടത്തെല്ലാം ജനക്കൂട്ടമെത്തും. എത്ര കാലമായി ഞാന്‍ അവസാനമായി ഒരു റസ്‌റ്റോറന്റില്‍ പോയിട്ട്? പഴയ ഹവാനയില്‍ അടുത്ത കാലത്തായി ഒരു ചൈനീസ് റസ്‌റ്റോറന്റ് തുറന്നിട്ടുണ്ട്, അത് നവീകരിക്കുകയാണ്. പഴയ കെട്ടിടത്തില്‍ സുഖകരമായ ചെറുഹോട്ടലാണത്. കുറച്ചു കാലമായി ഞാനൊന്ന് പോകണമെന്ന് വിചാരിക്കുന്നു. പക്ഷെ ഞാനവിടെ പോയാല്‍ എന്നെക്കാണാന്‍ പുറത്ത് തെരുവില്‍ ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ ഭക്ഷണം കഴിക്കേണ്ടിവരും. ഇതൊക്കെ എന്റെ തൊഴിലിന്റെ ചെറു അസൗകര്യങ്ങളാണ്. ഇതൊക്കെ മറികടക്കാന്‍ എനിക്ക് വിദ്യകളുണ്ട്എനിക്കൊന്ന് വിശ്രമിക്കണമെന്ന് തോന്നുമ്പോള്‍ ഞാന്‍ കടലിലേക്ക് പോകും. ഞാന്‍ സ്‌കൂബ(Scuba) ഡൈവിങ്ങിനായി പവിഴപ്പുറ്റുകളുടെ ഒരു ചെറിയ ദ്വീപിലേക്ക് പോകും. പ്ലേബോയ്: ക്യൂബയിലൂടെ നടത്തിയ ഇത്രയും യാത്രകളുടെ അടിസ്ഥാനത്തില്‍ ഫിദല്‍ കാസ്‌ട്രോയും ജനങ്ങളും തമ്മിലുള്ള ബന്ധം എങ്ങിനെയാണ് വിവരിക്കുക?കാസ്‌ട്രോ: പരിചിതത്വത്തിന്റേയും വിശ്വാസത്തിന്റെയും ബഹുമാനത്തിന്റേയും ചേതോവികാരമാണ് ജനങ്ങളുടേതെന്നാണെനിക്ക് തോന്നുന്നത്. അത് വളരെ അടുത്ത ബന്ധമാണ്. ജനങ്ങളെന്നെ അയല്‍വാസിയായി, മറ്റൊരു വ്യക്തിയായി മാത്രമേ കാണുന്നുള്ളു. പൊതു രൂപങ്ങളെക്കണ്ട്, സ്ഥാനമാനങ്ങള്‍ കണ്ട് അവര്‍ വിവശരാകില്ല. ആരുമെന്നെ കാസ്‌ട്രോയെന്ന് വിളിക്കില്ല, ഫിദല്‍ എന്ന് മാത്രം. ആ പരിചിതത്വത്തിന് കാരണം, മറ്റു പലതിനുമൊപ്പം, ജനങ്ങളോട് ഞങ്ങളൊരിക്കലും കള്ളം പറഞ്ഞിട്ടില്ല എന്ന വസ്തുതയിലധിഷ്ടിതമാണെന്നാണ് എന്റെ വിശ്വാസം. ഞങ്ങളുടേത് സത്യസന്ധമായ വിപ്ലവമായിരുന്നു. ഞങ്ങള്‍ വാക്കുപാലിക്കുമെന്ന് ജനങ്ങള്‍ക്കറിയാം, ക്യൂബയിലുള്ള ക്യൂബക്കാര്‍ക്ക് മാത്രമല്ല മിയാമി(അമേരിക്കയിലേക്ക് കുടിയേറിയ കാസ്‌ട്രോ വിരുദ്ധര്‍)യില്‍ ഉള്ളവര്‍ക്കും - ഞങ്ങളോട് ഒരു സ്‌നേഹവുമില്ലാത്തവരും ഞങ്ങളുടെ വാക്ക് വിശ്വസിക്കും. വിപ്‌ളവം മുതല്‍ അവര്‍ക്കെല്ലാമറിയാമായിരുന്നു - തന്ത്രങ്ങളുണ്ടാവില്ല, ഒറ്റിക്കൊടുപ്പുണ്ടാവില്ല, കെണിയില്‍പ്പെടുത്തലുണ്ടാവില്ല എന്ന്. മാരിയെലില്‍ നിന്ന് വിട്ടുപോകാമെന്നവരോട് പറഞ്ഞപ്പോള്‍ , അവര്‍ക്കത് ചെയ്യാമായിരുന്നു - അവര്‍ ഞങ്ങളുടെ ഏറ്റവും വലിയ ശത്രുക്കളായിട്ടുപോലും, ഭീകരവാദികളായിട്ടുപോലും. സ്വന്തം ശത്രുവിനെ കൂടാരത്തിലേക്ക് സ്വാഗതം ചെയ്യുകയും അയാളിറങ്ങുമ്പോള്‍ ഏതുവഴിക്കാണ് പോകുന്നതെന്ന് തിരിഞ്ഞുനോക്കാതിരിക്കുകയും ചെയ്യുന്ന, മരുഭൂമിയിലെ അറബിയെപ്പോലെയാണ് ഞങ്ങള്‍.തീര്‍ച്ചയായും, വിപ്ലവം ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല എന്ന വസ്തുതയിലധിഷ്ടിതമാണത്. ഒരിക്കലുമില്ല! ഇത് യുദ്ധം വരെ നീണ്ടുപോകുന്ന പാരമ്പര്യമാണ്. യുദ്ധകാലത്ത് മുഴുവന്‍ യുദ്ധത്തെപ്പറ്റി ഞങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍, മരണസംഖ്യ, പിടിച്ചെടുത്ത ആയുധങ്ങളുടെ കണക്ക്് എല്ലാം തന്നെ കര്‍ശനമായും കൃത്യമായിരുന്നു. ഞങ്ങളൊരു റൈഫിളോ ബുള്ളറ്റോ അധികമാക്കിപ്പറഞ്ഞിട്ടില്ല. യുദ്ധം പോലും കളവിനേയും വിജയം പൊലിപ്പിക്കുന്നതിനേയും ന്യായീകരിക്കുന്നില്ല. ഞങ്ങളുടെ വിപഌവത്തിലെ സുപ്രധാനമായ ഘടകമായിരുന്നു അത്.പ്ലേബോയ്: താങ്കള്‍ക്ക് ഉറ്റമിത്രങ്ങളേറെയുണ്ടോ? താങ്കളുടെ സ്ഥിതിയിലുള്ളവര്‍ക്ക് സുഹൃത്തുക്കള്‍ ഉണ്ടാകുമോ?കാസ്‌ട്രോ: വെല്‍, എനിക്ക് ക്യൂബക്കാരല്ലാത്ത പല സുഹൃത്തുക്കളുമുണ്ട്. വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ പരിചയപ്പെട്ടവര്‍ അവരില്‍ പലരും വിശിഷ്ടവ്യക്തിത്വങ്ങളാണ്, ഡോക്റ്റര്‍മാര്‍, എഴുത്തുകാര്‍, ചലചിത്രകാരന്മാര്‍, ശാസ്ത്രജ്ഞര്‍, വിദേശസുഹൃത്തുക്കള്‍. പക്ഷെ വിപ്ലവത്തിലെ എന്റെ സുഹൃത്തുക്കളൊക്കെ എന്റെ വിപ്ലവസഖാക്കളാണ്, എന്റെ കൂടെ പ്രവര്‍ത്തിക്കുന്നവരെല്ലാം, രാജ്യത്ത് സുപ്രധാനസ്ഥാനങ്ങള്‍ വഹിക്കുന്നവരെല്ലാം. ഞങ്ങള്‍ തമ്മിലൊരു സുഹൃദ്ബന്ധമാണ്.സുഹൃദ്‌വൃന്ദം എന്ന് നിങ്ങള്‍ വിളിക്കുന്ന ഒന്ന് എനിക്കില്ല. കാരണം എന്നെ സംബന്ധിച്ചിടത്തോളം സുഹൃദ്‌വൃന്ദം എന്നാല്‍ വിശാലമായൊരു സങ്കല്‍പമാണ്. സ്ഥിരമായി എട്ടോ പത്തോ കൂട്ടുകാരുമായി ഒത്തുചേരുന്ന ശീലമെനിക്കില്ല. ഒരു ദിവസം ഞാന്‍ ഒരു സുഹൃത്തിനെ സന്ദര്‍ശിക്കും മറ്റൊരാളെ മറ്റൊരു ദിവസം. ജോലി ബന്ധങ്ങള്‍ മൂലം ചിലരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കും - അത് യുക്തിയാണ്. എങ്കിലും ഞാനത് ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട്, കാരണം ഉത്തരവാദിത്തത്തെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടനുസരിച്ച് അതൊരു നല്ല സ്വഭാവമല്ല - സ്ഥിരമായി ഒരു സംഘം സുഹൃത്തക്കളെത്തന്നെ ഞായറാഴ്ചകളില്‍ കാണുന്ന രീതി. പ്ലേബോയ്: ജനങ്ങള്‍ ഭയപ്പെടുന്നവരായി തോന്നുന്നുണ്ടോ, അവര്‍ക്ക് താങ്കളോട് തര്‍ക്കിക്കാന്‍ കഴിയുമോ എന്നാണ് ഞങ്ങള്‍ നസ്സിലാക്കാന്‍ ശ്രമിക്കുന്നത്കാസ്‌ട്രോ : ഒരു ചട്ടമെന്ന നിലയില്‍ രാജ്യഭരണത്തിലോ പാര്‍ട്ടിയിലോ ഉള്ള എന്റെ സഖാക്കള്‍ക്ക് പൂര്‍ണമായ പരിചിതത്വത്തോടെ എന്റെയടുത്ത് വന്ന് അയാള്‍ നേരിടുന്ന പ്രശ്‌നത്തെയോ ആശങ്കയേയോ പറ്റി സംസാരിക്കാം. പൊതുവേ സഖാക്കളുമായുള്ള എന്റെ ബന്ധം ഗംഭീരമാണ്. എങ്കിലും നിങ്ങള്‍ ചോദിച്ച സ്ഥിതിക്ക് പറയാം, എന്നോടടുത്ത് പെരുമാറുന്ന രണ്ടുമൂന്ന് പേര്‍ ഞാന്‍ വലിയ തലവേദനയാണെന്ന് പറയും. നമ്മുടെ ഒപ്പം ഇവിടെ ഇരിക്കുന്ന സഖാവ് ചോമി ഒരു മുഖ്യ ഉദാഹരണമാണ്. ഞാന്‍ കാണേണ്ട, കൂടിക്കാഴ്ച ആവശ്യപ്പെട്ട മനുഷ്യരുടെ പട്ടിക എന്നെ കാണിക്കുക എന്ന പ്രതിഫലമില്ലാത്ത കര്‍ത്തവ്യമാണദ്ദേഹത്തിന്. അയാളാണ് എനിക്ക് മുറുമുറുക്കാനും പരാതിപ്പെടാനുമുള്ള മനുഷ്യന്‍ (കാസ്‌ട്രോയും ചോമിയും പൊട്ടിച്ചിരിക്കുന്നു). പ്രശ്‌നങ്ങള്‍ ഒഴിയാച്ചിന്തകളായി മാറാനും അതുമൂലം ക്ഷുഭിതനാകാനും ഞാന്‍ പൊതുവേ സ്വയം അനുവദിക്കാറില്ല. എനിക്കൊരു നര്‍മബോധമില്ലെങ്കില്‍, മറ്റുള്ളവരോടും എന്നോടുതന്നെയും തമാശ പറയാന്‍ കഴിയില്ലെങ്കില്‍ എനിക്കീ ജോലി കൈകാര്യം ചെയ്യാനാവില്ല. മറ്റുള്ളവര്‍ ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ ഞാനും ചോദിക്കാറുണ്ട്: എന്റെ രക്തസമ്മര്‍ദം എങ്ങിനെ? എന്റെ ഹൃദയം എങ്ങിനെയുണ്ട്? ഇത്രയും കാലം ഞാനിതൊക്കെ എങ്ങിനെ താങ്ങി? പ്ലേബോയ്: വിവാഹം, കുടുംബം, സ്വസ്ഥമായ വിശ്രമ ജീവിതം എന്നിവയെപ്പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കാസ്‌ട്രോ: പൊതുജീവിതത്തിലെ വ്യക്തികളുടെ സ്വകാര്യജീവിതത്തെപ്പറ്റിയുള്ള പരദൂഷണ കോളം പബ്ലിസിറ്റിയോടെനിക്ക് എന്നും വെറുപ്പായിരുന്നു. അതൊരാളുടെ സ്വകാര്യതയുടെ ഭാഗമാണ്. അതുകൊണ്ടാണ് ഞാനതെപ്പറ്റി വിവേചനം പുലര്‍ത്തുന്നുത് - ഒരു നാള്‍ വരെ. ഒരു നാള്‍ നിങ്ങളന്വേഷിക്കുന്ന വിവരങ്ങളും അറിയപ്പെടും, പക്ഷെ എന്റെ സഹകരണത്തോടെയാവില്ലെന്നു മാത്രം. എന്റെ സ്വകാര്യജീവിതത്തിലെല്ലാം ശരിയാണെന്ന് ഞാന്‍ പറഞ്ഞുതരാം (ചിരിക്കുന്നു)..പ്ലേബോയ്: സ്വകാര്യമായ ഒരു ചോദ്യം കൂടി. അവസാനത്തെ മഹാപ്രഭാഷകന്‍മാരിലൊരാളാണ് താങ്കള്‍ . സ്റ്റേഡിയങ്ങള്‍ നിറയുന്ന ജനക്കൂട്ടവും താങ്കളുടെ മുഴങ്ങുന്ന ശബ്ദവുമെല്ലാം വെച്ച് ഫലശേഷിയുള്ള ആശയവിനിമയകാരനാണ് താങ്കളെന്നാണ് കണക്കാക്കപ്പടുന്നത്. ആ പൊതു രൂപവും സ്വകാര്യമനുഷ്യനും തമ്മില്‍ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടോ?കാസ്‌ട്രോ: (പൊട്ടിച്ചിരിക്കുന്നു) ആശയവിനിമയകാരന്‍ എന്ന നിലയില്‍ എനിക്കൊരു വലിയ എതിരാളിയുണ്ട് - അത് റേയ്ഗനാണ്. ആരും വിശ്വസിക്കാത്ത ഒരു കാര്യം കൂടി പറയാം എനിക്ക് സഭാകമ്പമുണ്ട്. പൊതുവേദിയില്‍ പ്രസംഗിക്കാനൊരുങ്ങുന്നതിന് മുമ്പ് പിരിമുറുക്കത്തിന്റെ ഒരു നിമിഷത്തിലൂടെ ഞാന്‍ കടന്നുപോകും. സത്യത്തിലെനിക്ക് പ്രസംഗങ്ങള്‍ നടത്തുന്നതേ ഇഷ്ടമല്ല. ഞാനതൊരു ചുമതലയായിട്ടാണ് ഏറ്റെടുക്കുന്നത്, ലോലമായ ഒരു ദൗത്യം, നേടാനുള്ള ലക്ഷ്യം. ഈ വമ്പന്‍ റാലികളൊക്കെ ദുഷ്‌കരമാണ്. എന്റെ പക്കല്‍ അടിസ്ഥാനമായ ഒരു ഐഡിയ ഉണ്ടാകും - മാനസികമായ ഒരു സ്‌ക്രിപ്റ്റ്. പക്ഷെ ഞാന്‍ അദ്ധ്വാനിച്ച് ആശയങ്ങള്‍ - വാക്കുകള്‍ , പ്രയോഗങ്ങള്‍ എല്ലാം പ്രസംഗത്തിനിടയില്‍ വികസപ്പിച്ചെടുക്കും. എഴുതിത്തയ്യാറാക്കിയ പ്രസംഗങ്ങളേക്കാള്‍ ജനങ്ങള്‍ക്കിഷ്ടം അതാണ്. ആശയങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഒരുവന്‍ അധ്വാനിക്കുന്നത് കാണാനവര്‍ക്കിഷ്ടമാണെന്നാണ് എനിക്ക് തോന്നുന്നത്.പ്ലേബോയ്: പ്രസിഡന്റ് റേയ്ഗന്‍ താങ്കളെ നിഷ്ഠൂരനായ സൈനിക സ്വേച്ഛാധിപതിയെന്നാണ് വിശേഷിപ്പിക്കുന്നത് - ഉരുക്കുമുഷ്ടിയുമയി ക്യൂബ ഭരിക്കുന്ന മനുഷ്യനെന്ന്. പല അമേരിക്കക്കാരും അത് അംഗീകരിക്കുന്നുമുണ്ട്. ഇതിനോട് എങ്ങിനെ പ്രതികരിക്കുന്നു?കാസ്‌ട്രോ: നിങ്ങളുടെ ചോദ്യത്തെപ്പറ്റി ചിന്തിക്കാം. ഏകാധിപതിയെന്നാല്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങളെടുക്കുന്നവനാണ്, എല്ലാ സ്ഥാപനങ്ങള്‍ക്കും അതീതനായവന്‍ , നിയമത്തിനതീതനായവന്‍ . സ്വന്തം ഇഷ്ടാനിഷ്ടങ്ങളല്ലാതെ മറ്റൊരധികാരത്തിനും വിധേയനല്ലാത്തവന്‍ . ഉത്തരവുകള്‍ കൊണ്ടു ഭരിക്കുന്നതാണ് ഏകാധിപതിയെങ്കില്‍ മാര്‍പാപ്പ ഏകാധിപതിയാണെന്ന് ആരോപിക്കാം. വത്തിക്കാനും കത്തോലിക്ക സഭയും ഭരിക്കാനുള്ള അദ്ദേഹത്തിന്റെ വിശാലമായ അധികാരങ്ങള്‍ പ്രസിദ്ധമാണ്. എനിക്കത്തരം അധികാരങ്ങളില്ല. എന്നലും ആരും മാര്‍പാപ്പ ഏകാധിപതിയാണെന്ന് പറയില്ല. ആരോടുമൊന്നു ചോദിക്കാതെ പ്രസിഡന്റ് റേയ്ഗന് ഭീകരമായ തീരുമാനങ്ങളെടുക്കാം. ഒരു അംബാസ്സഡറെ നിയമിക്കാന്‍ അദ്ദേഹത്തിന് സെനറ്റിന്റെ അനുമതി വേണമായിരിക്കാം, പക്ഷെ ഗ്രെനാഡക്കെതിരെ ചെയ്തതുപോലെ അധിനിവേശത്തിന് ഉത്തരവിടാം. അല്ലെങ്കില്‍ നികാരഗ്വക്കെതിരെ ചെയ്യുന്നതുപോലെ ഹീനയുദ്ധത്തിന് ഉത്തരവിടാം, എപ്പോഴും കയ്യില്‍ കൊണ്ടുനടക്കുന്ന ആ ബ്രീഫ്‌കേസിലെ കോഡുകളുപയോഗിച്ച് മനുഷ്യരാശിയുടെ തന്നെ അന്ത്യം കുറിക്കുന്ന ആണവയുദ്ധം അഴിച്ചുവിടാം. റോമന്‍ ചക്രവര്‍ത്തിമാര്‍ക്കുപോലും ഇത്രയും അധികാരമുണ്ടായിട്ടില്ല.പ്ലേബോയ്: പക്ഷെ മിസ്റ്റര്‍ പ്രസിഡന്റ്, സത്യത്തില്‍ താങ്കളും വ്യക്തിപരമായ ഉത്തരവുകളിലൂടെ ഭരിക്കുന്നില്ലേ?കാസ്‌ട്രോ: ഇല്ല, ഞാന്‍ പൂര്‍ണമായും എന്റേതായ തീരുമാനങ്ങളെടുക്കാറില്ല. സംഘത്തിനുള്ളിലെ നേതാവിന്റെ പങ്കാണ് ഞാന്‍ വഹിക്കാറുള്ളത്. യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്‍സിക്ക് തുല്യമായതൊന്നും ഞങ്ങളുടെ രാജ്യത്തില്ല.ഇവിടെ ഓരോ തീരുമാനങ്ങളും - പ്രധാന തീരുമാനങ്ങള്‍ - വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം കൂട്ടായെടുക്കുന്നതാണ്. ഞാന്‍ മന്ത്രിമാരേയും അംബാസ്സഡര്‍മരെയും താഴെക്കിടയിലുള്ള ഗവണ്മന്റ് ഉദ്യോഗസ്ഥന്മാരെപ്പോലും നിയമിക്കുന്നില്ല. കാരണം അവരെയൊക്കെ നാമനിര്‍ദേശം ചെയ്യാനും തിരഞ്ഞെടുക്കാനും നിയമിക്കാനും ഇവിടെ ഒരു വ്യവസ്ഥയുണ്ട്. സത്യത്തില്‍ എനിക്ക് ചില അധികാരങ്ങളുണ്ട്. എനിക്ക് സ്വാധീനമുണ്ട്. പക്ഷെ എന്റെ യഥാര്‍ത്ഥ അവകാശം സെന്‍ട്രല്‍ കമ്മിറ്റിക്ക് മുമ്പാകെ, നാഷണല്‍ അസംബ്ലിക്ക് മുമ്പാകെ പൊതുജനാഭിപ്രായത്തിന് മുമ്പാകെ സംസാരിക്കാമെന്നതാണ്. അതാണെന്റെ മുഖ്യശക്തി, അതിലുമേറെയൊന്നും ഞാന്‍ കാംഷിക്കുന്നുമില്ല എനിക്കാവശ്യവുമില്ല.ഇതൊന്നും ഏകാധിപതിയെന്ന വിശേഷണത്തിന് ചേരുമെന്നെനിക്ക് തോന്നുന്നില്ല. ഞാന്‍ ഉത്തരവുകള്‍ കൊണ്ട് ഭരിക്കുന്നവനല്ല. എനിക്കതിനാവില്ല. ഞാന്‍ ഉത്തരവുകള്‍ നല്‍കില്ല, ഞാന്‍ യുക്തി ഉപയോഗിക്കുകയേ ഉള്ളു. യുദ്ധത്തിനിടയില്‍ ഞാനൊരു സൈന്യത്തെ നയിച്ചിട്ടുണ്ട് - അതങ്ങിനെയേ പറ്റൂ, അത്തരമൊരു ഉത്തരവാദിത്വമുണ്ടായേ പറ്റൂ. രണ്ടാം ലോകമഹായുദ്ധകാലത്ത് ഐസന്നോവറിന് ചുമതലയുണ്ടായിരുന്നു, തീരുമാനങ്ങളെടുക്കാനുള്ള അധികാരവും. പക്ഷെ, ഞങ്ങളുടെ പ്രസ്ഥാനം ആരംഭിച്ചതു മുതല്‍, 1953 ജൂലായ് 26-ന് മൊങ്കാടാ ജയില്‍ ആക്രമിക്കുന്നതിനും വളരെ മുമ്പ് ഞങ്ങള്‍ക്ക് സംഘടിത നേതൃത്വമുണ്ടായിരുന്നു. യുദ്ധകാലത്ത് മുഴുവന്‍ ഞങ്ങള്‍ക്ക് സംഘടിത നേതൃത്വമുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞ ഉടന്‍ ഞങ്ങള്‍ രാജ്യത്തിനായി സമഷ്ടിയുള്ള നേതൃത്വം രൂപീകരിച്ചു. വര്‍ഷങ്ങളായി ഈ തത്വങ്ങളൊക്കെ മാറ്റമില്ലാതെ തുടരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റിന് പ്രത്യക്ഷമായ, ഏകപക്ഷീയമായ ഉത്തരവുകള്‍ കൊടുക്കാന്‍ ഇതിനേക്കാള്‍ അധികാരവും ശേഷിയുമുണ്ടെന്നാണ് ഞാന്‍ സത്യമായും വിശ്വസിക്കുന്നത്. ഒരു ആണവയുദ്ധത്തിന് ഉത്തരവിടുന്നത് പോലെ പൈശാചികമാം വിധം ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ഈ അധികാരത്തില്‍ ഉള്‍പ്പെടുമെങ്കില്‍ ഞാന്‍ ചോദിക്കട്ടെ, ആരാണ് കൂടുതല്‍ ഏകാധിപതി?പ്ലേബോയ്: എങ്കിലും, ക്യൂബയിലും പാശ്ചാത്യരാജ്യങ്ങലിലും അനുവദിക്കുന്ന വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളുടെ കാര്യത്തില്‍ ഗണ്യമായ വ്യത്യാസമുണ്ടെന്നാണ് അമേരിക്കക്കാര്‍ പൊതുവെ കണക്കാക്കുന്നത്. കാസ്‌ട്രോ:സ്വാതന്ത്ര്യത്തെപ്പറ്റി യു എസ്സിന്റേയും ക്യൂബയുടേയും സങ്കല്‍പങ്ങള്‍ തമ്മില്‍ വളരെ അന്തരമുണ്ട്. ഉദാഹരണത്തിന്, യു എസ്സില്‍ പത്തു ലക്ഷം കൂട്ടികള്‍ അപ്രത്യക്ഷരായിട്ടുണ്ട്, കോടീശ്വരന്മാര്‍ക്കൊപ്പം നിങ്ങള്‍ക്ക് ഭിക്ഷക്കാരുമുണ്ട്. ഞങ്ങള്‍ക്കത് രണ്ടുമില്ല - ഉപേക്ഷിക്കപ്പെട്ട കുട്ടികളും, ഭിക്ഷക്കാരും. നിങ്ങളെപ്പോഴും സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്നു. നിങ്ങളുടെ സ്വാതന്ത്ര്യപ്രഖ്യാപനം മുതല്‍ നിങ്ങള്‍ സ്വാതന്ത്ര്യങ്ങളെപ്പറ്റി സംസാരിക്കുന്നു, നിങ്ങള്‍ അടിമകളെ മോചിപ്പിച്ചില്ല, ഏറെ മുമ്പെയല്ല, നിങ്ങളുടെ കറുത്ത താരങ്ങള്‍ക്ക് മേജര്‍ ലീഗ് ബാസ്‌കറ്റ് ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ലായിരുന്നു. എന്നിട്ടും നിങ്ങള്‍ സ്വയം ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യമെന്ന് വിളിച്ചു. ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ രാജ്യം ഇന്ത്യക്കാരെ ഉന്മൂലനം ചെയ്യുകയും ചെയ്തു. ബഫാളോ ബില്‍ കൊന്നൊടുക്കിയ കാട്ടുപോത്തുകളേക്കാള്‍ ഇന്ത്യക്കാരെ നിങ്ങള്‍ കൊന്നൊടുക്കി. അതിന് ശേഷം നിങ്ങള്‍ അര്‍ജന്റീനയിലേയും ചിലിയിലേയും ഏറ്റവും ഭീകരരായ ഏകാധിപതികളുമായി സഖ്യമുണ്ടാക്കി, നിങ്ങള്‍ ദക്ഷിണാഫ്രിക്കയെ സംരക്ഷിച്ചു, കോണ്‍ട്രാ വിപ്‌ളവം സംഘടിപ്പിക്കാന്‍ ഏറ്റവും വലിയ കൊലയാളികളെ കൂട്ടുപിടിച്ചു - എന്നിട്ട് നിങ്ങളാണോ സ്വാതന്ത്ര്യത്തിന്റെ ലോകം? യു എസ് സംരക്ഷിക്കുന്ന സ്വാതന്ത്ര്യത്തിന്റെ കൊടിക്കൂറ എന്താണ്? എവിടെയാണ് നിങ്ങളുടെ സ്വാതന്ത്ര്യം? ഞങ്ങളുടെ വ്യവസ്ഥ നിങ്ങളേക്കാള്‍ ഭേദമാണ്. ഞങ്ങള്‍ ലോകത്തിലെ ഏറ്റവും നല്ല സ്വതന്ത്രരാണ്് എന്നവകാശപ്പെടുന്നില്ല. (തുടരും)

No comments: