Tuesday, December 28, 2010

ലീഗിന്റെ എല്ലാ കുത്തിതിരിപ്പുകളെയും അതിജീവിച്ച് അലിഗഡ് സര്‍വകലാശാലാ സ്‌പെഷല്‍ സെന്റര്‍

ലീഗിന്റെ എല്ലാ കുത്തിതിരിപ്പുകളെയും അതിജീവിച്ച് അലിഗഡ് സര്‍വകലാശാലാ സ്‌പെഷല്‍ സെന്റര്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ യാഥാര്‍ത്ഥ്യമായി...

സര്‍വകലാശാലയുടെ മലപ്പുറം പെരിന്തല്‍മണ്ണയില്‍ സ്ഥാപിക്കുന്ന സ്‌പെഷല്‍ സെന്ററിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി സര്‍വകലാശാലക്ക് കൈമാറി. മാസ്‌ക്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഭൂമിയുടെ രേഖ അലിഗഡ് സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ പ്രഫ. പി.കെ. അബ്ദുല്‍ അസീസിന് കൈമാറി.അതിവേഗത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കാനായത് അഭിമാനകരമായ നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ജന പ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പെരിന്തല്‍മണ്ണയിലെ ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കാണിച്ച ശുഷ്‌കാന്തി അഭിനന്ദനാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി അധ്യക്ഷത വഹിച്ചു.പുതുവര്‍ഷ ആരംഭത്തില്‍തന്നെ സെന്ററില്‍ ക്ലാസ് തുടങ്ങുമെന്ന് വി.സി പറഞ്ഞു. ജനുവരി 15നകം പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരി മൂന്നാം വാരം എം.ബി.എ ക്ലാസുകള്‍ ആരംഭിക്കും. ലൈബ്രറിയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കെട്ടിടവും മറ്റ് സൗകര്യങ്ങളും പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനകം വിവിധ കോഴ്‌സുകള്‍ ആരംഭിക്കാനാണ് പദ്ധതി. ദ്രുതഗതിയില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കിയ സംസ്ഥാന സര്‍ക്കാറിനെയും ജനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.സച്ചാര്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ അഞ്ച് കേന്ദ്രങ്ങളില്‍ അനുവദിച്ച അലിഗഡ് സ്‌പെഷല്‍ സെന്ററുകളില്‍ ഒന്നാണിത്. പെരിന്തല്‍മണ്ണ താലൂക്കിലെ ചേലാമലയില്‍ ആദ്യ ഘട്ടമായി 121.76 ഏക്കര്‍ ഭൂമി നേരത്തെ ഏറ്റെടുത്തിരുന്നു. 103 കുടംബങ്ങളില്‍നിന്നാണ് ഭൂമി വിലയ്ക്കു വാങ്ങിയത്. 15.50 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി അനുവദിച്ചത്. ഈ ഭൂമി സര്‍ക്കാര്‍ നേരത്തെ കൈമാറിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 176 കൈവശക്കാരില്‍നിന്ന് 214.23 ഏക്കര്‍ ഏറ്റെടുത്തു. ഇതിനായി 26.37 കോടി അനുവദിച്ചു. ഇതിന്റെ കൈമാറ്റമാണ് ചൊവ്വാഴ്ച നടന്നത്. 16 മാസം കൊണ്ട് 335.99 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കി സംസ്ഥാനം മാതൃകയായി. അപ്രോച് റോഡിനുള്ള ആറ് ഏക്കര്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കേരളത്തിന് പുറമെ മുര്‍ശിദാബാദില്‍ ബംഗാള്‍ സര്‍ക്കാര്‍ മാത്രമാണ് സെന്ററിന് ഭൂമി ഏറ്റെടുത്ത് നല്‍കിയത്.മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ എം.എ. ബേബി, പാലോളി മുഹമ്മദ്കുട്ടി, കെ.പി. രാജേന്ദ്രന്‍, പെരിന്തല്‍മണ്ണ എം.എല്‍.എ വി. ശശികുമാര്‍, ഹയര്‍ എജുക്കേഷന്‍ പ്രിന്‍സിപല്‍ സെക്രട്ടറി കുരുവിള ജോണ്‍ എന്നിവര്‍ക്ക് അലിഗഡ് സര്‍വകലാശാലയുടെ ഉപഹാരങ്ങള്‍ വൈസ് ചാന്‍സലര്‍ സമ്മാനിച്ചു.ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ. അബ്ദുറബ്ബ്, കെ.ടി. ജലീല്‍, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, മലപ്പുറം ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ്, ബഷീറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

No comments: