Friday, December 31, 2010

കോണ്‍ഗ്രസ്സ് അഴിമതിയുടെ 2010


കോണ്‍ഗ്രസ്സ് അഴിമതിയുടെ 2010


ഇരുന്നൂറിലേറെ കോഗ്രസ് എംപിമാരുമായി 'കൂടുതല്‍ ഭദ്രതയോടെ' അധികാരത്തില്‍ വന്ന രണ്ടാം യുപിഎ സര്‍ക്കാര്‍ 2ജി അഴിമതിയില്‍ ഉലയുന്നതാണ് വര്‍ഷാന്ത്യ കാഴ്ച. അഴിമതിയില്‍ തട്ടിയും മുട്ടിയും മന്‍മോഹന്‍സര്‍ക്കാര്‍ അധികകാലം മുന്നോട്ടുനീങ്ങില്ലെന്ന് തീര്‍ച്ച. പബ്ളിക്ക് അക്കൌണ്ട്സ് കമ്മിറ്റിക്കുമുന്നില്‍ താനും ഹാജരുണ്ടെന്ന് പറയുന്ന ദയനീയസ്ഥിതിയിലേക്ക് രാജ്യത്തെ പ്രധാനമന്ത്രിക്ക് താഴേണ്ടി വന്നിരിക്കയാണ്. 2010 അഴിമതികളുടെ വര്‍ഷമാണ്. 2ജി, കോമവെല്‍ത്ത്, ഐപിഎല്‍, ആദര്‍ശ് ഫ്ളാറ്റ്, അരികയറ്റുമതി തുടങ്ങി കേന്ദ്ര-സംസ്ഥാന ഭരണാധികാരികളും കോര്‍പ്പറേറ്റുകളും ബ്യൂറോക്രാറ്റുകളുമൊക്കെ ഉള്‍പ്പെട്ട അഴിമതികള്‍ നിരവധി. മന്‍മോഹന്‍സിങ് തുടക്കമിട്ട സാമ്പത്തികപരിഷ്ക്കാരങ്ങളുടെ ഫലംനുകര്‍ന്ന കോര്‍പ്പറേറ്റുകളുടെ പിടിയിലാണ് കേന്ദ്രഭരണവും കോഗ്രസ്സും. സര്‍ക്കാര്‍ നയം നിശ്ചയിക്കുന്നത് കോര്‍പ്പറേറ്റുകള്‍. രാജ്യം ഭരിക്കുന്നത് അംബാനിമാരും ടാറ്റയും. 2ജി ഇടപാടില്‍ ടെലികോം മന്ത്രി എ രാജ രാജി വെച്ചു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംശയത്തിന്റെ കരിനിഴലിലായി. കോമവെല്‍ത്ത് അഴിമതിവീരന്‍ സുരേഷ്കല്‍മാഡിക്ക് കോഗ്രസ് പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി സ്ഥാനം പോയി. പക്ഷേ ഇന്ത്യന്‍ ഒളിംപിക്ക് അസോസിയേഷന്‍ അധ്യക്ഷന്റെ കസേരയില്‍ കല്‍മാഡിതന്നെ. കൊച്ചി ഐപിഎല്‍ ടീമില്‍ കാമുകിക്ക് വിയര്‍പ്പ്ഓഹരി വാങ്ങികൊടുത്ത ശശി തരൂരിന് നഷ്ടമായത് വിദേശസഹമന്ത്രി സ്ഥാനം. ഫ്ളാറ്റ് അഴിമതിയില്‍പ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കസേരപോയി. കര്‍ണാടകയിലെ ബിജെപി മുഖ്യമന്ത്രി അഴിമതി ആരോപണങ്ങളില്‍ വട്ടംകറങ്ങുകയാണ്. 2ജി ഇടപാടുകള്‍ക്ക് ചരടുവലിച്ച കോര്‍പ്പറേറ്റ് ഇടനിലക്കാരി നിരറാഡിയയുടെ ഫോസംഭാഷണങ്ങള്‍ കോഗ്രസ്-ബിജെപി നേതൃത്വങ്ങളെ വട്ടംകറക്കുകയാണ്. 2ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന സിഎജിയുടെ വെളിപ്പെടുത്തലോടെ ലോകത്തിലെ ഒന്നാംനമ്പര്‍ അഴിമതിയാണ് മറനീക്കിയത്. എല്ലാ ഉത്തരവാദിത്തവും രാജയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ കോഗ്രസ് ശ്രമിക്കുകയാണ്. എന്നാല്‍ അഴിമതിയെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യമാണ് പ്രധാനമന്ത്രി നേരിടുന്നത്. മന്‍മോഹന്റെ മൌനം ആര്‍ക്കുവേണ്ടിയായിരുന്നെന്ന് കണ്ടെത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണത്തിന് സാധിച്ചേക്കും. ഇതൊഴിവാക്കാനാണ് ജെപിസി പറ്റില്ലെന്നും പിഎസിക്ക് മുമ്പാകെ ഹാജരാകാമെന്നും മന്‍മോഹന്‍ ആവര്‍ത്തിക്കുന്നത്. തമിഴ്നാട് രാഷ്ട്രീയത്തില്‍ പിടിമുറുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഡിഎംകെയെ ദുര്‍ബലപ്പെടുത്താന്‍ ചിദംബരം ബോധപൂര്‍വ്വം ടേപ്പുകള്‍ ചോര്‍ത്തിയെന്ന ആക്ഷേപവും ശക്തം. റാഡിയക്ക് ചാരപ്പണിയും നികുതിവെട്ടിപ്പുമുണ്ടെന്ന് 2007 നവംബറില്‍ നികുതിവകുപ്പിന് പരാതി ലഭിക്കുമ്പോള്‍ ചിദംബരമായിരുന്നു ധനമന്ത്രി. 2008 ആഗസ്തില്‍ ഫോചോര്‍ത്തലിന് തീരുമാനമെടുക്കുമ്പോഴും ചിദംബരം തന്നെ ധനമന്ത്രി. 2008-09 കാലയളവില്‍ വീണ്ടും ചോര്‍ത്തുമ്പോള്‍ ആഭ്യന്തരമന്ത്രി പദത്തില്‍. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഡിഎംകെ ദുര്‍ബലപ്പെട്ടാല്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് ചിദംബരത്തിന്. തമിഴ്നാട്ടില്‍ ചിദംബരവും മകന്‍ കാര്‍ത്തി ചിദംബരവും കോഗ്രസില്‍ പിടിമുറുക്കി കഴിഞ്ഞു. തമിഴ്നാട്ടില്‍ മകന്റെ ഭാവി ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി നടത്തിയ എടുത്തുചാട്ടം ദേശീയതലത്തില്‍ കോഗ്രസിന് ക്ഷീണമുണ്ടാക്കിയെന്നാണ് ചിദംബരംവിരുദ്ധ ക്യാമ്പിന്റെ പ്രചാരണം. ഒന്നൊന്നായി പുറത്തുവരുന്ന അഴിമതികള്‍ രണ്ടാംയുപിഎ സര്‍ക്കാരിന്റെ അടിത്തറയിളക്കി കഴിഞ്ഞു. ഇനി കൌണ്ട്ഡൌ തുടങ്ങാം.എം പ്രശാന്ത്

No comments: